തിരുവായാംകുടി മഹാദേവക്ഷേത്രം

കോട്ടയം ജില്ലയിൽ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ ആയാംകുടി ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് തിരുവായാംകുടി മഹാദേവക്ഷേത്രം. ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശാന്തഭാവത്തിലുള്ള ശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തിൽ സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, മഹാവിഷ്ണു എന്നിവരും ഉപദേവതകളായി ഗണപതി, ശാസ്താവ്, വീരഭദ്രൻ, ഭദ്രകാളി, നന്ദികേശ്വരൻ, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു. വൈക്കം മഹാദേവക്ഷേത്രവുമായി ഐതിഹ്യപരമായ ബന്ധമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വൈക്കത്തപ്പൻ തന്നെയാണെന്ന് സങ്കല്പിച്ചുവരുന്നു. വൈക്കം ക്ഷേത്രത്തിന്റെ അതേ അക്ഷാംശരേഖയിലാണ് ഈ ക്ഷേത്രവും സ്ഥിതിചെയ്യുന്നതെന്ന പ്രത്യേകതയുണ്ട്. ഈ ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം വൈക്കത്തപ്പന്റെ പരമഭക്തനായിരുന്ന ഒരു നമ്പൂതിരിയുടെ ഇല്ലമായിരുന്നുവെന്നും ആ നമ്പൂതിരിയുടെ ഹോമകുണ്ഡത്തിലുണ്ടായതാണ് ഇവിടത്തെ ശിവലിംഗമെന്നും പറയപ്പെടുന്നു. കുംഭമാസത്തിൽ അമാവാസി ആറാട്ടായി നടത്തപ്പെടുന്ന ആറുദിവസത്തെ ഉത്സവവും ഇതിനിടയിൽ വരുന്ന ശിവരാത്രിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ ധനുമാസത്തിലെ തിരുവാതിര, വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി തുടങ്ങിയവയും അതിവിശേഷമാണ്. ഏഴ് ഇല്ലക്കാരുടെ ഊരായ്മയിലാണ് ഈ ക്ഷേത്രം ഇപ്പോഴുള്ളത്.

ഐതിഹ്യം

തിരുത്തുക

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം ഒരു നമ്പൂതിരിയുടെ ഇല്ലമായിരുന്നു. വൈക്കത്തപ്പന്റെ അടിയുറച്ച ഭക്തനായിരുന്ന ഈ നമ്പൂതിരി, മുടങ്ങാതെ വൈക്കം ക്ഷേത്രത്തിൽ പോയി ദർശനം നടത്തിവന്നു. എന്നാൽ, പ്രായാധിക്യം മൂലം അദ്ദേഹത്തിന് വൈക്കം വരെ നടന്നുപോയി ദർശനം നടത്തുക അസാധ്യമായി. ഇതിൽ ദുഃഖിതനായ അദ്ദേഹം വൈക്കത്തപ്പനെ ശരണം പ്രാപിച്ചു. കരുണാമയനായ ഭഗവാൻ, നമ്പൂതിരിയ്ക്ക് പോയിവരാൻ സൗകര്യമുള്ള സ്ഥലത്ത് താൻ കുടികൊള്ളുന്നതായിരിയ്ക്കുമെന്ന് അരുൾ ചെയ്തു. ഇതനുസരിച്ച് ഇല്ലത്ത് മടങ്ങിയെത്തിയ അദ്ദേഹം, തുടർന്ന് കുറച്ചുകാലം ഹോമരൂപത്തിൽ ശിവാരാധന നടത്തിവന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, ഹോമം കഴിഞ്ഞ് സാധനങ്ങൾ വൃത്തിയാക്കുകയായിരുന്ന ഇല്ലത്തെ അന്തർജനത്തിന്റെ (നമ്പൂതിരിയുടെ ഭാര്യ) ചൂൽ ഒരു വസ്തുവിൽ ഉടക്കുകയും തുടർന്ന് അതിൽ നിന്ന് നിർത്താത്ത രക്തപ്രവാഹമുണ്ടാകുകയും ചെയ്തു. പരിശോധിച്ചുനോക്കിയപ്പോൾ അത് സ്വയംഭൂവായ ഒരു ശിവലിംഗമാണെന്ന് മനസ്സിലായി. തുടർന്ന് അന്തർജനം ഭർത്താവായ നമ്പൂതിരിയെ വിവരമറിയിച്ചു. സന്തോഷാശ്രുക്കളോടെ ഓടിവന്ന നമ്പൂതിരി, ശിവലിംഗത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. താൻ നിത്യം ആരാധന നടത്തിയിരുന്ന വൈക്കത്തപ്പൻ തന്നെയാണ് തന്റെ ഹോമകുണ്ഡത്തിൽ സ്വയംഭൂവായി അവതരിച്ചതെന്ന് മനസ്സിലാക്കിയ നമ്പൂതിരി, രക്തപ്രവാഹം തടയുന്നതിനായി കൈവശമുണ്ടായിരുന്ന കുറച്ച് ചന്ദനം ശിവലിംഗത്തിൽ ചാർത്തുകയുണ്ടായി. തുടർന്ന് ഈ ബ്രാഹ്മണദമ്പതികൾ ഭക്തിപൂർവ്വം ശിവപൂജ നടത്തി ശിഷ്ടകാലം കഴിച്ചു. ഇവരുടെ കാലത്തോടുകൂടി ഇല്ലം അന്യം നിന്നുപോകുകയും ഈ സ്ഥലത്ത് ക്ഷേത്രം ഉയർന്നുവരികയും ചെയ്തു. ആ ക്ഷേത്രമാണ് ആയാംകുടി മഹാദേവക്ഷേത്രം.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ആയാംകുടി ഗ്രാമത്തിന്റെ ഒത്തനടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ആയാംകുടി പോസ്റ്റ് ഓഫീസ്, ഹൈസ്കൂൾ, പബ്ലിക് ലൈബ്രറി, എൻ.എസ്.എസ്. കരയോഗം ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന്റെ വലിയ ഗ്രൗണ്ട് നിൽക്കുന്ന ജങ്ഷനിൽ നിന്ന് തിരിഞ്ഞുവേണം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ മുന്നിലെത്താൻ. രണ്ടുനിലകളോടുകൂടിയ കിഴക്കേ ഗോപുരം ക്ഷേത്രത്തിന്റെ പ്രൗഢി മുഴുവൻ വിളിച്ചോതിക്കൊണ്ട് നിൽക്കുന്നു. ഇങ്ങോട്ട് വരുന്ന വഴിയുടെ തെക്കുഭാഗത്തായാണ് ക്ഷേത്രത്തിലെ വലിയ കുളം സ്ഥിതിചെയ്യുന്നത്. അഗ്നികോണിൽ കുളം വരുന്നത് ഒരു അപൂർവ്വതയാണ്. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ക്ഷേത്രത്തിലെത്തുന്നത്. തദ്ദേശീയരായ കുട്ടികൾ നീന്തൽ പഠിയ്ക്കാൻ ഈ കുളം ഉപയോഗിയ്ക്കാറുണ്ട്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഇവിടെയാണ്. ഈ കുളത്തിനപ്പുറം വളരെ ചെറിയൊരു ക്ഷേത്രമുണ്ട്. മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. കുളങ്ങര തേവർ എന്നാണ് ഇവിടെ മഹാവിഷ്ണു അറിയപ്പെടുന്നത്. ദീർഘചതുരാകൃതിയിൽ തീർത്ത ചെറിയൊരു ശ്രീകോവിലും മുന്നിൽ ചെറിയൊരു നമസ്കാരമണ്ഡപവും മാത്രമേ ഇവിടെയുള്ളൂ. ചതുർബാഹുവായി, നിൽക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണുവിഗ്രഹമാണ് ഇവിടെയുള്ളത്. കിഴക്കോട്ട് ദർശനം. ഇവിടെ നിന്ന് അല്പം മാറി കാട്ടിലെ തേവർ എന്ന പേരിൽ മറ്റൊരു ശിവസാന്നിദ്ധ്യവുമുണ്ട്. ഇവിടത്തെ ആദ്യപ്രതിഷ്ഠ ഇതാണെന്ന് പറയപ്പെടുന്നു. രണ്ടും സവിശേഷപ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. ദിവസവും ഇവർക്ക് വിളക്കുവയ്പും നിവേദ്യവുമുണ്ട്. ഇവരെ തൊഴുതശേഷം പടിക്കെട്ടുകൾ കയറിയാണ് കിഴക്കേ ഗോപുരത്തിലൂടെ അകത്തേയ്ക്ക് ചെല്ലുന്നത്.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലാണ്. ഏകദേശം വൈക്കം മഹാദേവക്ഷേത്രത്തിലെ പുതിയ ആനക്കൊട്ടിലിന്റെ അത്ര വലുപ്പം വരുന്ന ഈ ആനക്കൊട്ടിലിലാണ് ചോറൂൺ, വിവാഹം, തുലാഭാരം, അടിമ കിടത്തൽ, ഭജന തുടങ്ങിയ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾ പലതും നടത്താറുള്ളത്. ഉത്സവക്കാലത്ത് ഇവിടെ ആറ് ആനകളെ അണിനിരത്തി എഴുന്നള്ളിയ്ക്കാവുന്ന സൗകര്യമുണ്ട്. ആനക്കൊട്ടിലിനപ്പുറമാണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഏകദേശം നൂറടി ഉയരം വരുന്ന ഈ കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. തറനിരപ്പിൽ നിന്ന് കഷ്ടിച്ച് നാലടി മാത്രം ഉയരമുള്ള ബലിക്കല്ലാണ് ഇവിടെയുള്ളത്. തന്മൂലം പുറമേ നിന്നുനോക്കിയാൽത്തന്നെ പ്രതിഷ്ഠ കാണാവുന്നതാണ്. മഹാദേവന്റെ പ്രധാന സൈന്യാധിപനായ ഹരസേനനെയാണ് ഇവിടെ വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. ഇതിന്റെ ചുവട്ടിൽ എട്ടുഭാഗത്തുമായി ഓരോ ചെറിയ ബലിക്കല്ലും കാണാം. ഇവ ഭഗവാന്റെ ഉപസൈന്യാധിപന്മാരുടെ പ്രതിഷ്ഠകളാണ്. ഇവരെത്തന്നെ ക്ഷേത്രത്തിന്റെ പുറത്തെ ബലിവട്ടത്തിലും പ്രതിഷ്ഠിച്ചിട്ടുണ്ട്. ബലിക്കൽപ്പുരയുടെ മച്ചിൽ പതിവുപോലെ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കൂടാതെ ധാരാളം ദേവീ-ദേവരൂപങ്ങളും ഇവിടെ കാണാം.

ആനക്കൊട്ടിലിന് തെക്കുകിഴക്കുഭാഗത്ത് ദീർഘചതുരാകൃതിയിൽ തീർത്ത ഒരു ശ്രീകോവിലിൽ, ശിവഭൂതഗണങ്ങളിൽ പ്രധാനിയായ വീരഭദ്രനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന, ശിവലിംഗരൂപത്തിലുള്ള വിഗ്രഹമാണിവിടെ. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുഭാഗത്ത് സപ്തമാതൃക്കൾക്കൊപ്പം ബലിക്കല്ലിന്റെ രൂപത്തിൽ വീരഭദ്രസാന്നിദ്ധ്യമുണ്ടാകാറുണ്ടെങ്കിലും വീരഭദ്രന്ന് പ്രത്യേകപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ താരതമ്യേന കുറവാണ്. നാളികേരമുടയ്ക്കുന്നതാണ് ഇവിടെ പ്രധാന വഴിപാട്. ഇതിന് തെക്കുഭാഗത്ത്, മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് ശാസ്താവിന്റെ പ്രതിഷ്ഠ. പൂർണ്ണ, പുഷ്കല എന്നീ രണ്ടു പത്നിമാരോടുകൂടിയ ഗൃഹസ്ഥശാസ്താവാണ് ഇവിടെയുള്ളത്. ശിവലിംഗതുല്യമായ മൂന്ന് വിഗ്രഹങ്ങളാണ് ശാസ്താവിനെയും പത്നിമാരെയും പ്രതിനിധീകരിയ്ക്കുന്നത്. പ്രതിഷ്ഠ മേൽക്കൂരയില്ലാത്ത തറയിലായതിനാൽ വനശാസ്താവായും സങ്കല്പമുണ്ട്. എള്ളുതിരി കത്തിയ്ക്കുന്നതാണ് ഇവിടെ പ്രധാന വഴിപാട്. മണ്ഡലകാലത്തും മറ്റും ശബരിമലയ്ക്ക് പോകുന്നവർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെ വച്ചാണ്. ഇവർക്കിടയിൽ പണികഴിപ്പിച്ച ചെറിയൊരു ചതുരശ്രീകോവിലിൽ ഭദ്രകാളിയുടെ പ്രതിഷ്ഠയുമുണ്ട്. വാൽക്കണ്ണാടിയുടെ രൂപത്തിലുള്ള ഒരു വിഗ്രഹമാണ് ഇവിടെയുള്ളത്. ഗുരുതി, രക്തപുഷ്പാഞ്ജലി, കടുംപായസം തുടങ്ങിയവയാണ് ഇവിടെ പ്രധാന വഴിപാടുകൾ.

ശ്രീകോവിൽ

തിരുത്തുക

നാലമ്പലം

തിരുത്തുക