കാർബോഹൈഡ്രേറ്റ്

കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ മാത്രം ഉൾക്കൊള്ളുന്ന ഓർഗാനിക് സംയുക്തം

പ്രകൃതിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജൈവതന്മാത്രകളാണ്‌ ധാന്യകങ്ങൾ. സാക്കറൈഡുകൾ എന്നും ഇവ അറിയപ്പെടുന്നു. ജൈവവ്യവസ്ഥയിൽ സുപ്രധാനമായ അനേകം ധർമ്മങ്ങൾ കാർബോഹൈഡ്രേറ്റുകൾക്കുണ്ട്. ജീവികളിൽ ഊർജ്ജം സംഭരിച്ചു വയ്ക്കുന്നത് കാർബോഹൈഡ്രേറ്റുകളുടെ രൂപത്തിലാണ്‌ (അന്നജം, ഗ്ലൈക്കൊജൻ എന്നിവ ഉദാഹരണങ്ങൾ). സസ്യങ്ങളിൽ ഘടനയുടെ പ്രധാന ഭാഗമായ സെല്ലുലോസ്, ചില ജന്തുക്കളിൽ ഈ ധർമ്മം നിർവ്വഹിക്കുന്ന കൈറ്റിൻ എന്നിവയും കാർബോഹൈഡ്രേറ്റുകളാണ്‌. ഇവയ്ക്കു പുറമെ വളർച്ച, പ്രതിരോധസം‌വിധാനം, രക്തം കട്ട പിടിക്കൽ മുതലായവയിലും കാർബോഹൈഡ്രേറ്റുകളും ബന്ധപ്പെട്ട ജൈവതന്മാത്രകളും സഹായിക്കുന്നു.

ഡൈസാക്കറൈഡ് ആയ ലാക്റ്റോസിന്റെ ഘടന

രസതന്ത്രം

തിരുത്തുക

ആൽഡിഹൈഡുകൾ, കീറ്റോണുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ഓർഗാനിക് സം‌യുക്തങ്ങളാണ്‌ കാർബോഹൈഡ്രേറ്റുകൾ. ആൽഡിഹൈഡ്, കീറ്റോൺ എന്നിവയുടെ ഫങ്ഷണൽ ഗ്രൂപ്പായ കാർബോക്സിൽ ഗ്രൂപ്പിനു (-CO) പുറമെ ഹൈഡ്രോക്സിൽ ഗ്രൂപ്പുകളും (-OH) കാർബോഹൈഡ്രേറ്റുകളിലുണ്ടാകും. സാധാരണ ഗതിയിൽ കാർബോക്സിൽ ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത കാർബൺ ആറ്റങ്ങളിലെല്ലാം ഇങ്ങനെ ഹൈഡ്രോക്സിൽ ഗ്രൂപ്പുകളുണ്ടാകും.

കാർബോഹൈഡ്രേറ്റുകളുടെ അടിസ്ഥാന യൂണിറ്റുകൾ മോണോസാക്കറൈഡുകൾ എന്നറിയപ്പെടുന്നു. ഗ്ലൂക്കോസ്, ഫ്രക്റ്റോസ്, ഗാലാക്റ്റോസ് എന്നിവ ഉദാഹരണങ്ങളാണ്‌. സാധാരണ മോണോസാക്കറൈഡുകളുടെ ഫോർമുല (C·H2O)n എന്നതാണ്‌. എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളുടെയും ഘടന ഇവ്വിധം തന്നെ ആയിരിക്കണമെന്നില്ല. ഈ ഫോർമുല അനുസരിക്കുന്ന സം‌യുക്തങ്ങളെല്ലാം കാർബോഹൈഡ്രേറ്റുകൾ ആവണമെന്നുമില്ല. ഫോർമാൽഡിഹൈഡ് രണ്ടാമത്തേതിന്‌ ഉദാഹരണമാണ്‌.

മോണോസാക്കറൈഡുകൾ ചേർന്ന് പോളിസാക്കറൈഡുകൾ, ഒലിഗോസാക്കറൈഡുകൾ എന്നിവ ഉണ്ടാകുന്നു. മിക്ക കാർബോഹൈഡ്രേറ്റുകളും ചില ഫങ്ഷണൽ ഗ്രൂപ്പുകൾ നീക്കം ചെയ്യുകയോ മാറ്റുകയോ ചെയ്തിട്ടുള്ള ഒന്നോ അതിലധികമോ മോണോസാക്കറൈഡുകൾ ചേർന്നുണ്ടാകുന്നതാണ്‌. കാർബോഹൈഡ്രേറ്റുകളുടെ ശാസ്ത്രീയമായ നാമകരണം അത്യന്തം സങ്കീർണ്ണമാണ്‌. എങ്കിലും മിക്ക കാർബോഹൈഡ്രേറ്റുകളുടെയും പെരുകൾ -ose എന്നതിലാണ്‌ അവസാനിക്കുക.

ഭക്ഷണത്തിൽ

തിരുത്തുക
 
അന്നജം അടങ്ങിയ ചില ഭക്ഷ്യവസ്തുക്കൾ

അരി, ഗോതമ്പ് മുതലായ ധാന്യങ്ങൾ, കിഴങ്ങുകൾ (കപ്പ, ഉരുളക്കിഴങ്ങ) മുതലായ ഭക്ഷ്യവസ്തുക്കളിൽ അന്നജം ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഫലങ്ങളിൽ വിവിധ തരത്തിലുള്ള പഞ്ചസാരകളും അടങ്ങിയിരിക്കുന്നു. ദഹനത്തിന്‌ പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെക്കാൾ കുറവ് ജലം മാത്രം ആവശ്യമായ കാർബോഹൈഡ്രേറ്റുകളാണ്‌ ജീവികളിലെ ഏറ്റവും സാധാരണമായ ഊർജ്ജസ്രോതസ്സ്. എങ്കിലും കാർബോഹൈഡ്രേറ്റുകൾ മനുഷ്യർക്ക് അവശ്യപോഷകങ്ങളാണെന്ന് പറയുക വയ്യ - കാരണം ശരീരത്തിനാവശ്യമായ മുഴുവൻ ഊർജ്ജവും പ്രോട്ടീനുകളിൽ നിന്നും കൊഴുപ്പിൽ നിന്നും നേടാനാകും. പക്ഷേ തലച്ചോറിനും ന്യൂറോണുകൾക്കും കൊഴുപ്പിൽ നിന്ന് ഊർജ്ജം സ്വീകരിക്കാനാവില്ല എന്നതിനാൽ അവയ്ക്ക് ഗ്ലൂക്കോസ് അത്യാവശ്യമാണ്‌. എന്നാലും ശരീരത്തിന്‌ അമിനോ ആസിഡുകളിൽ നിന്നും ട്രൈഗ്ലിസറൈഡുകളിൽ നിന്നും ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാനാകും.

"https://ml.wikipedia.org/w/index.php?title=കാർബോഹൈഡ്രേറ്റ്&oldid=3410805" എന്ന താളിൽനിന്ന് ശേഖരിച്ചത്