ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം
ഭാരതത്തിന്റെ തലസ്ഥാനമായ ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ മയൂർ വിഹാറിൽ, യമുനാനദിയുടെ കരയിൽ നിന്ന് അല്പം കിഴക്കുമാറി, പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം. വിശ്വപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചിരിയ്ക്കുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, കേരളീയ ഹൈന്ദവരുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ശ്രീഗുരുവായൂരപ്പൻ തന്നെയാണ്. കൂടാതെ, ഉപദേവതകളായി ഗണപതി, ചോറ്റാനിക്കര ഭഗവതി, ശിവൻ, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്ക്) സ്ഥിതിചെയ്യുന്ന ക്ഷേത്രമായതുകൊണ്ടാണ് ഇതിന് ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം എന്ന പേരുവന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും അതേ പൂജാവിധികൾ പിന്തുടരുന്നതുമായ ഈ ക്ഷേത്രത്തിൽ, പക്ഷേ ഗുരുവായൂരിൽ നിന്ന് വ്യത്യസ്തമായി പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. ഡൽഹി മലയാളികളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം, 1989-ലാണ് നിലവിൽ വന്നത്. ഇടവം മൂന്നിന് ആറാട്ട് വരുന്ന വിധത്തിൽ നടക്കുന്ന എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ, വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, കുംഭമാസത്തിൽ ശിവരാത്രി, അതേ മാസത്തിൽ ചോറ്റാനിക്കര മകം തൊഴൽ, കന്നിമാസത്തിൽ നവരാത്രി, ചിങ്ങമാസത്തിൽ വിനായക ചതുർത്ഥി, മീനമാസത്തിൽ പങ്കുനി ഉത്രം തുടങ്ങിയ ദിവസങ്ങളും അതിവിശേഷമായി ആചരിച്ചുവരുന്നു. ആർഷ ധർമ്മ പരിഷദ് എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. നിരവധി ആദ്ധ്യാത്മിക-സാമൂഹിക പ്രവർത്തനങ്ങൾ ഈ സംഘടന നടത്തിവരുന്നുണ്ട്. ക്ഷേത്രത്തോടനുബന്ധിച്ച് ഒരു ഓഡിറ്റോറിയവും ആശുപത്രിയും മറ്റ് സൗകര്യങ്ങളുമെല്ലാമുണ്ട്.
ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | മയൂർ വിഹാർ ഫേസ്-1 |
നിർദ്ദേശാങ്കം | 28°36′13″N 77°17′52″E / 28.60361°N 77.29778°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ഗുരുവായൂരപ്പൻ (മഹാവിഷ്ണു/ശ്രീകൃഷ്ണൻ) |
ആഘോഷങ്ങൾ | കൊടിയേറ്റുത്സവം, അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, വിഷു |
ജില്ല | കിഴക്കൻ ഡൽഹി |
സംസ്ഥാനം | ഡൽഹി |
രാജ്യം | ഇന്ത്യ |
വെബ്സൈറ്റ് | www.uttaraguruvayurappan.org |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | കേരള ക്ഷേത്രനിർമ്മാണശൈലി |
സ്ഥാപകൻ | ആർഷ ധർമ്മ പരിഷദ് |
പൂർത്തിയാക്കിയ വർഷം | 17 മേയ് 1989 |
ചരിത്രം
തിരുത്തുകസ്വാതന്ത്ര്യപ്രാപ്തിയ്ക്കുശേഷം ഡൽഹി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളുടെ താമസകേന്ദ്രമായി. സർക്കാർ ജോലിക്കാരും അല്ലാത്തവരുമായി നിരവധി ആളുകളാണ് ഡൽഹിയിലേയ്ക്ക് കുടിയേറിപ്പാർത്തത്. ഓരോ ജനവിഭാഗവും തങ്ങളുടേതായ ആരാധനാമൂർത്തികൾക്ക് ക്ഷേത്രങ്ങൾ പണിയുകയും, അതാത് നാടുകളിൽ നിലവിലുള്ള രീതിയിൽ പൂജകൾ നടത്താൻ തുടങ്ങുകയും ചെയ്തു. അവരിൽ ധാരാളം മലയാളികളുമുണ്ടായിരുന്നു. അവരിൽ ഹിന്ദുമതവിശ്വാസികളുടെ ഒരു സ്വപ്നമായിരുന്നു തങ്ങളുടെ ഇഷ്ടദേവനായ ഗുരുവായൂരപ്പന്നായി ഒരു ക്ഷേത്രം പണിയുക എന്നത്. അതനുസരിച്ച് 1975-ൽ ഗുരുവായൂരപ്പക്ഷേത്രനിർമ്മാണത്തിനായി ഒരു കമ്മിറ്റി രൂപം കൊള്ളുകയുണ്ടായി. ആദ്യം ക്ഷേത്രത്തിനുള്ള ഒരു സ്ഥലം നോക്കിയപ്പോൾ അവർ കണ്ടെത്തിയത്, ഡൽഹിയുടെ പടിഞ്ഞാറുഭാഗത്തുള്ള ജനക്പുരി എന്ന സ്ഥലമാണ്. എന്നാൽ, നിരവധി നിയമതടസ്സങ്ങൾ ആ സ്ഥലവുമായി ബന്ധപ്പെട്ടുണ്ടാകുകയും അതേത്തുടർന്ന് ക്ഷേത്രം. തുടർന്ന് ദേവപ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടെത്തിയത് യമുനാനദിയുടെ തീരത്തുമാത്രമേ ഈ ക്ഷേത്രം പണിയാൻ സാധിയ്ക്കൂ എന്നാണ്. അതനുസരിച്ചാണ് നിലവിൽ ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം കണ്ടെത്തിയതും ക്ഷേത്രനിർമ്മാണം തുടങ്ങിയതും. 1986 ഒക്ടോബർ രണ്ടിന് കാഞ്ചി കാമകോടിപീഠം മഠാധിപതിയായിരുന്ന ജയേന്ദ്ര സരസ്വതി സ്വാമികൾ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി. രണ്ടര വർഷം നീണ്ടുനിന്ന അധ്വാനത്തിനൊടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയാകുകയും 1989 മേയ് 17-ന് ഇടവമാസത്തിലെ അത്തം നക്ഷത്രത്തിൽ പ്രതിഷ്ഠ നടക്കുകയും ചെയ്തു. കേരളത്തിലെ പ്രസിദ്ധ താന്ത്രികകുടുംബങ്ങളിലൊന്നായ തൃപ്പൂണിത്തുറ പുലിയന്നൂർ മനയിലെ അനുജൻ നമ്പൂതിരിപ്പാടാണ് പ്രതിഷ്ഠ നിർവഹിച്ചത്. പിന്നീട് പല കാലഘട്ടങ്ങളിലായി ഉപദേവതകൾക്കും പ്രതിഷ്ഠകൾ നടത്തുകയുണ്ടായി.
2014-ൽ ക്ഷേത്രത്തിന്റെ രജതജൂബിലി (ഇരുപത്തിയഞ്ചാം വാർഷികം) അതിഗംഭീരമായി ആഘോഷിയ്ക്കുകയുണ്ടായി. ജീവനകലയുടെ പരമാചാര്യനായ ശ്രീ ശ്രീ രവിശങ്കർ 2014 ഓഗസ്റ്റ് 31-ന് ഉദ്ഘാടനം ചെയ്തതോടെയാണ് രജതജൂബിലി ആഘോഷങ്ങൾ തുടങ്ങിയത്. ഇതിനോടനുബന്ധിച്ചുതന്നെ ഗുരുവായൂരപ്പന് ഒരു സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിയ്ക്കുക എന്ന ആവശ്യം ഭക്തജനങ്ങൾക്കിടയിലുണ്ടായി. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണപ്പറകൾ ഇറക്കിയാകണം കൊടിമരം പണിയേണ്ടതെന്ന ആവശ്യം ഭക്തർക്കിടയിൽ നിന്ന് ഉയർന്നുവന്നതോടെ അതിനുള്ള തേക്കുമരം അന്വേഷിയ്ക്കുകയായിരുന്നു. അങ്ങനെ നിലമ്പൂരിൽ നിന്ന് അനുയോജ്യമായ ഒരു തേക്കുമരം ലഭിയ്ക്കുകയും അത് ആഘോഷപൂർവം ക്ഷേത്രത്തിലെത്തിയ്ക്കുകയും ചെയ്തു. മുമ്പുണ്ടായിരുന്ന ചെമ്പുകൊടിമരം പിന്നാലെ ആചാരവിധിയനുസരിച്ച് ദഹിപ്പിയ്ക്കുകയുണ്ടായി. എണ്ണത്തോണിയിൽ കൊടിമരം കിടത്തിയശേഷം ഭക്തർക്ക് നിത്യവും ദർശിയ്ക്കാനുള്ള അനുമതിയുണ്ടായി. ഇതേ സമയം കൊടിമരത്തിൽ ഇറക്കാനുള്ള സ്വർണ്ണപ്പറകളുടെയും മുകളിൽ പ്രതിഷ്ഠിയ്ക്കാനുള്ള ഗരുഡന്റെയും പണികളും നടത്തുകയുണ്ടായി. എല്ലാറ്റിനുമൊടിൽ 2015 മേയ് 30-ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചു. ഇന്ന് ക്ഷേത്രം വളരെയധികം മികച്ച രീതിയിൽ പോകുന്നുണ്ട്. ക്ഷേത്രം വകയായിത്തന്നെ ഒരു ഓഡിറ്റോറിയവും ആശുപത്രിയുമടക്കം നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രനിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകമയൂർ വിഹാർ ദേശത്തിന്റെ ഒത്ത നടുക്ക്, സഹകൃത മാർഗ്ഗ് എന്ന റോഡിന്റെ വശത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. ഡൽഹി മെട്രോയിലെ മയൂർ വിഹാർ ഫേസ്-1 സ്റ്റേഷൻ, ബസ് സ്റ്റോപ്പ്, സർവോദയ വിദ്യാലയ, ശ്രീകൃഷ്ണ ആശുപത്രി തുടങ്ങി നിരവധി സൗകര്യങ്ങൾ ക്ഷേത്രപരിസരത്ത് നൂറുമീറ്റർ ചുറ്റളവിലായി നിലകൊള്ളുന്നു. ക്ഷേത്രത്തിൽ നിന്ന് അല്പം മാറി യമുനാനദിയൊഴുകുന്നു. ഇവിടെയാണ് ആദ്യകാലത്ത് ഭഗവാന്റെ ആറാട്ട് നടത്തിയിരുന്നത്. പിന്നീട് യമുനാനദിയിൽ മാലിന്യം കൂടിയപ്പോൾ പ്രത്യേകമായി ക്ഷേത്രക്കുളം നിർമ്മിച്ച് അവിടെയായി ആറാട്ട്. ക്ഷേത്രത്തിന് പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിൽ വലിയ ഗോപുരങ്ങൾ പണിതിട്ടുണ്ട്. അവയിൽ പടിഞ്ഞാറേ ഗോപുരത്തിനാണ് ഉയരം കൂടുതൽ. മൂന്നുനിലകളോടുകൂടിയ പടിഞ്ഞാറേ ഗോപുരം, ക്ഷേത്രത്തിന്റെ പ്രൗഢി വിളിച്ചറിയിച്ചുകൊണ്ട് നിലകൊള്ളുന്നു. കിഴക്കേ ഗോപുരത്തിന്റെ ഇരുവശവും അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ശ്രീകൃഷ്ണന്റെയും നടരാജമൂർത്തിയായ ശിവന്റെയും ചുവർച്ചിത്രങ്ങൾ വരച്ചുചേർത്തിട്ടുണ്ട്. ഇതിനടുത്താണ് ക്ഷേത്രക്കുളം പണിതിരിയ്ക്കുന്നത്. ഗുരുവായൂരിലെ രുദ്രതീർത്ഥക്കുളം പോലെ അതിവിശാലമായ ഒരു കുളമല്ല ഇവിടെയെങ്കിലും അവിടെയുള്ള പോലെ കാളിയമർദ്ദനം നടത്തുന്ന കൃഷ്ണന്റെ ഒരു രൂപം ഇവിടെ കൊത്തിവച്ചിരിയ്ക്കുന്നത് കാണാം. ഇവിടെയാണ് ഉത്സവക്കാലത്ത് ഭഗവാന്റെ ആറാട്ടും. ക്ഷേത്രത്തിന്റെ മുന്നിൽ തെക്കുഭാഗത്ത് ക്ഷേത്രം വക ഓഡിറ്റോറിയം പണിതിട്ടുണ്ട്. പാഞ്ചജന്യം എന്നു പേരിട്ട ഈ ഓഡിറ്റോറിയത്തിൽ നിരവധി പരിപാടികൾ നടക്കാറുണ്ട്. പടിഞ്ഞാറുഭാഗത്തെ വാതിലിൽ ദശാവതാരരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇവയെ വന്ദിച്ചാണ് ഭക്തർ അകത്തുകടക്കുക.
പടിഞ്ഞാറേ നടയിലൂടെ അകത്തുകടക്കുമ്പോൾ ആദ്യം കാണുന്നത് വലിയ ആനക്കൊട്ടിലിലാണ്. മൂന്ന് ആനകളെ വച്ചെഴുന്നള്ളിയ്ക്കാനുള്ള സൗകര്യമുള്ള ഈ ആനക്കൊട്ടിലിന്റെ തൂണുകളിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃഷ്ണഭക്തരുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. സുദാമാവ്, ആണ്ടാൾ, കുലശേഖര ആഴ്വാർ, ശങ്കരാചാര്യർ, ജയദേവൻ, മീരാബായ്, സൂർദാസ്, ചൈതന്യ മഹാപ്രഭു, മേൽപ്പത്തൂർ നാരായണ ഭട്ടതിരി, പൂന്താനം നമ്പൂതിരി, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ, മാനവേദൻ രാജ, നരസിംഹ മേത്ത തുടങ്ങിയവരുടെ രൂപങ്ങളാണ് ഇവിടെ കൊത്തിവച്ചിരിയ്ക്കുന്നത്. ഇവയെല്ലാം മാർബിൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിയ്ക്കുന്നത്. ആനക്കൊട്ടിലിനപ്പുറമാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. നാല്പതടി ഉയരം വരുന്ന ഈ കൊടിമരം 2014-ലാണ് ഇവിടെ പ്രതിഷ്ഠിച്ചത്. അതിനുമുമ്പ് ചെമ്പുകൊടിമരമായിരുന്നു. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര കാണാം. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. സാധാരണയിലും ഉയരം കുറഞ്ഞ ഒരു ബലിക്കല്ലാണ് ഇവിടെ. അതിനാൽ പുറത്തുനിന്ന് നോക്കിയാൽത്തന്നെ വിഗ്രഹം കാണാം. ആനക്കൊട്ടിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് വഴിപാട് കൗണ്ടർ കാണാം. ഗുരുവായൂരിലെപ്പോലെ ഉദയാസ്തമനപൂജയാണ് ഇവിടെയും ഭഗവാന്റെ പ്രധാന വഴിപാട്. ഇതിന് വൻ പണച്ചെലവുണ്ട്. കൂടാതെ പാൽപ്പായസം, അപ്പം, അട, വെണ്ണ, കദളിപ്പഴം, ത്രിമധുരം, തുളസിമാല, വിഷ്ണുസഹസ്രനാമാർച്ചന, കേളിക്കൈ തുടങ്ങിയവയും ഇവിടെ അതിവിശേഷമാണ്.
ക്ഷേത്രത്തിന്റെ വടക്കുവശത്ത് നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി സന്തുലിതാവസ്ഥ നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ ക്ഷേത്രം ഭാരവാഹികൾ നടത്തുന്ന ഈ പരിപാടി വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ മുഖപ്പോടുകൂടിയ ഒരു ശ്രീകോവിലിൽ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ കാണാം. ഏകദേശം ഒന്നരയടി ഉയരം വരുന്ന ഈ വിഗ്രഹം, ശബരിമലയിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പാണ്. നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം, നീരാജനം, എള്ളുപായസം തുടങ്ങിയവയാണ് അയ്യപ്പന്നുള്ള പ്രധാന വഴിപാടുകൾ. അയ്യപ്പന്റെ മുന്നിൽ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമൊക്കെ. മണ്ഡലകാലത്ത് 41 ദിവസവും ഈ നടയിൽ വിശേഷാൽ പൂജകളും അയ്യപ്പൻപാട്ടും പതിവുണ്ട്. അയ്യപ്പന്റെ ശ്രീകോവിലിന് സമീപം പ്രത്യേകം നിർമ്മിച്ച തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ചെറുതെങ്കിലും അതിമനോഹരമായി വൃക്ഷത്തലപ്പുകൊണ്ട് അലങ്കരിച്ച ഈ തറയിൽ, നാഗരാജാവായി അനന്തൻ കുടികൊള്ളുന്നു. സമീപം, നാഗയക്ഷി, നാഗചാമുണ്ഡി, ചിത്രകൂടം എന്നീ പ്രതിഷ്ഠകളുമുണ്ട്. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാമാസത്തിലെയും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും പതിവുണ്ട്. ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ചുവരുമ്പോൾ കിഴക്കുഭാഗത്തായി മറ്റൊരു ഓഡിറ്റോറിയം കാണാം. 'ഗോകുലം' എന്നാണ് ഇതിന്റെ പേര്. ഇവിടെയും ധാരാളം കലാപരിപാടികൾ നടക്കാറുണ്ട്. കിഴക്കേ നടയിൽ മതിൽക്കെട്ടിനുപുറത്ത് പരിഷദ് വക ആശുപത്രിയും ഗോശാലയും കാണാം.
ക്ഷേത്രത്തിന്റെ തെക്കേ നട മുഴുവനായും പാഞ്ചജന്യം ഓഡിറ്റോറിയം പിടിച്ചുവാങ്ങിയിരിയ്ക്കുകയാണ്. ഇതിനപ്പുറം കാർത്ത്യായനി ഓഡിറ്റോറിയം എന്ന പേരിൽ മറ്റൊരു ഓഡിറ്റോറിയവുമുണ്ട്. ഇതും ആർഷ ധർമ്മ പരിഷദ് വകയാണ്. ഇവിടെയും ധാരാളം കലാപരിപാടികളും വിവാഹങ്ങളും മറ്റും നടക്കാറുണ്ട്. മേൽപ്പറഞ്ഞ മൂന്ന് ഓഡിറ്റോറിയങ്ങളും സത്രമായും പ്രവർത്തിച്ചുവരുന്നുണ്ട്. സൗജന്യമായ ഭക്ഷണശാലകളും ഇതിനോടനുബന്ധിച്ച് കാണാം. നാലുനേരവും വിഭവസമൃദ്ധമായ ഭക്ഷണമാണ് ഇവിടങ്ങളിൽ നിന്ന് ലഭിയ്ക്കുന്നത്. കാർത്ത്യായനി ഓഡിറ്റോറിയത്തിനടുത്താണ് ഭാഗവത് ധാം എന്ന പേരിൽ ഒരു സ്ഥാപനം പ്രവർത്തിയ്ക്കുന്നത്. ശ്രീമദ് ഭാഗവതം, ഭഗവദ് ഗീത തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിപ്പിയ്ക്കുന്നതിനായി പ്രവർത്തിയ്ക്കുന്ന ഒരു സ്ഥാപനമാണിത്. നിരവധി കുട്ടികൾ ഇവിടെ പഠിയ്ക്കാൻ എത്താറുണ്ട്.