ചൊച്ചക്ക

സസ്യം; ആഹാരയോഗ്യമായ ഫലം വളരുന്ന ഒരു വള്ളിച്ചെടി

കുക്കുർബിറ്റേസീ കുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയുടേയും അതിന്റെ ആഹാരയോഗ്യമായ ഫലത്തിന്റേയും പേരാണ് ചൊച്ചക്ക അഥവാ ചൗചൗ (ശാസ്ത്രനാമം: Sechium edule). കേരളത്തിലെ ഹൈറേഞ്ച് പ്രദേശമായ ഇടുക്കി ജില്ലയിലെ മൂന്നാർ, കാന്തല്ലൂർ മേഖലകളിൽ ഈ ചെടി വളരുന്നുണ്ട്.[2] കട്ടപ്പന, വയനാട് തുടങ്ങിയയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. കേരളത്തിൽ ചച്ചിയ്ക്ക, ചച്ചയ്ക്ക, മൂടുമുളച്ചി തുടങ്ങിയ പേരുകളും കർണ്ണാടകയിൽ സീമെ ബദനകായി എന്ന പേരും ഉപയോഗിക്കപ്പെടാറുണ്ട്.

ചൊച്ചക്ക
(ചൗചൗ)
ചൊച്ചക്ക ഫലങ്ങൾ
ഫലത്തിന്റെ ഉൾഭാഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. edule
Binomial name
Sechium edule
Synonyms[1]

ദക്ഷിണ മെക്സിക്കോയിൽ ഉത്ഭവിച്ച ഈ സസ്യം ആസ്ടെക് ജനതയ്ക്ക് നിത്യാഹാരത്തിന്റെ ഭാഗമായിരുന്നു.[3] പിന്നീടു ബ്രസീലിലെത്തിയ ഇത് ഒരുകാലത്ത് ആ നാട്ടിൽ വാണിജ്യമൂല്യമൊന്നുമില്ലാതെ വ്യാപകമായി വളർന്നിരുന്നു. ബ്രസീലിയൻ പോർത്തുഗീസ് ഭാഷയിൽ ഇതിനു 'ചുച്ചു' എന്ന പേരാണ്. ആദ്യത്തെ യൂറോപ്യൻ പര്യവേഷകന്മാർ അവർ കണ്ടെത്തിയ 'നവലോക'ത്ത് നിന്ന് യൂറോപ്പിലെത്തിച്ച ഒട്ടേറെ സസ്യമാതൃകകളിൽ ഒന്നായിരുന്നു ചൗ-ചൗ. ബ്രസീലിലെ പോർത്തുഗീസ് കോളനിവൽക്കരണത്തെ തുടർന്ന് തെക്കേ അമേരിക്കയിലെ മറ്റു നാടുകളിലും ലോകം മുഴുവനും ഇതു പ്രചരിച്ചു. ഇപ്പോൾ, ബ്രസീൽ, കോസ്റ്റ റീക്ക, മെക്സിക്കോയിലെ വെരാക്രൂസ് പ്രവിശ്യ എന്നിവിടങ്ങളിൽ ഇതു കൃഷി ചെയ്യപ്പെടുന്നു. കോസ്റ്റ റിക്കയിലെ ഉല്പാദനം യൂറോപ്യൻ നാടുകളിലേക്കും മെക്സിക്കോയിലേത് അമേരിക്കൻ ഐക്യനാടുകളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നു. ഇവിടങ്ങളിൽ ക്രിസ്റ്റോഫീനേ, ക്രിസ്റ്റോഫൈൻ, മിർലിറ്റൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. എന്നാലും മദ്ധ്യമെക്സിക്കോയിലെ തദ്ദേശീയജനതയുടെ നവ്വാട്ടിൽ ഭാഷയിലെ 'ചയോട്ട്‌ളി' എന്ന വാക്കിന്റെ സ്പാനിഷ് രൂപമായ ചയോട്ടെ എന്ന പേരാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

പ്രത്യേകതകൾ

തിരുത്തുക

ഒരിക്കൽ വളർത്തിപ്പടർത്തിയാൽ ദീർഘനാൾ നിലനിൽക്കുന്ന ഒരു വള്ളിച്ചെടിയാണ് ചൗ-ചൗ.[2]പത്ത് മീറ്റർ വരെ ഉയർന്ന് വളരും. വള്ളിച്ചുരുളുകൾ എറിഞ്ഞ് താങ്ങുകളിൽ പിടിച്ചു കയറുന്ന ഈ ചെടി 1200 മുതൽ 1500 വരെ ഉയർന്ന പ്രദേശങ്ങളിൽ വളരും. ചൗ-ചൗവിന്റെ പ്രജനനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു പരിധിയിലേറെ വിളഞ്ഞ കായ്‌കൾ വള്ളിയിൽ നിന്ന് തന്നെ മുളയ്കാൻ തുടങ്ങും. ഇത്തരം കായ്‌കളെടുത്ത് നേരത്തെ തയ്യാറാക്കിയ കുഴികളിൽ രണ്ടോ മൂന്നോ വീതം നടുകയാണ് പതിവ്. ചെടി വളർന്ന് പടരാൻ തുടങ്ങുമ്പോൾ 2 മീറ്റർ ഉയരത്തിൽ പന്തലിട്ട് കൊടുക്കുകയോ മറ്റ് മരങ്ങളിൽ പടർത്തി വിടുകയോ ചെയ്യുന്നു.

ചുരക്ക കുടുംബത്തിൽ പെട്ട മറ്റു സസ്യങ്ങളെപ്പോലെ ഇതും പടർന്നു വളരുന്നതാണ്. അതിനാൽ, ആവശ്യത്തിന് ഇടമുള്ള ചുറ്റുപാടുകളിൽ മാത്രമേ ഇതു വളർത്താനാവൂ. പാത്രങ്ങളിൽ വളർത്തുമ്പോൾ വേര് ചീയാൻ സാധ്യതയുണ്ട്. വളർച്ചയുടെ ഘട്ടത്തിൽ പൊതുവേ ലോലസ്വഭാവമുള്ള സസ്യമാണിത്. എങ്കിലും ആസ്ട്രേലിയയിലും ന്യൂസിലൻഡിലും ഇത് ഉദ്യാനസസ്യമായും വേലിച്ചെടിയായും വളർത്തപ്പെടുന്നു.

പ്രാധാന്യം

തിരുത്തുക

ചൗ-ചൗവിന്റെ കായ് പാചകത്തിന് ഉപയോഗിക്കുന്നു. സ്വാദും ഗുണവും നഷ്ടപ്പെടാതിരിക്കാനായി, അധികം വേവിക്കാറില്ല.വിരളമായി ഇത് നാരങ്ങ നീരൊഴിച്ച് സാലഡുകളിൽ പച്ചയ്ക്കും ചേർക്കാറുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് തോരനായും കൂട്ടുകറികളിലെ ഒരു ചേരുവയായും ഉപയോഗിക്കാറുണ്ട്. ഏതു വിധത്തിലുള്ള ഉപയോഗത്തിലും ഇത് അമിനോ അമ്ലങ്ങളുടേയും വൈറ്റമിൻ സി-യുടേയും നല്ല സ്രോതസ്സാണ്.

ഈ ചെടിയുടെ ഫലം പോലെ തന്നെ, വേരും തണ്ടും വിത്തും ഇലകളും ഭക്ഷണയോഗ്യമാണ്. കിഴങ്ങുകൾ, ഉരുളക്കിഴങ്ങിനേയും ഭക്ഷണയോഗ്യമായ മറ്റു ഭൂകാണ്ഡങ്ങളേയും പോലെ ഉപയോഗിക്കാം. ഏഷ്യൻ രാജ്യങ്ങളിൽ ഇതിന്റെ കൂമ്പുകളും ഇലകളും സാലഡുകളായും മയത്തിൽ വേവിച്ചും ഉപയോഗിക്കാറുണ്ട്.

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഇത് മേരിക്കാ, മേരാകായ് എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതുപയോഗിച്ച് സ്വാദിഷ്ടമായ തോരൻ, കറി എന്നിവ ഉണ്ടാക്കാറുണ്ട്.



  1. "USDA GRIN Taxonomy". Archived from the original on 2015-09-24. Retrieved 2017-09-24.
  2. 2.0 2.1 സുരേഷ് മുതുകുളം (12 ഒക്ടോബർ 2012). "വെറും കായല്ല ചൗ-ചൗ". കാർഷികരംഗം പംക്തി, മലയാള മനോരമ.
  3. "Growing chayote: Bury one fruit, get an epic plant", 2012 ആഗസ്റ്റ് 7-ലെ ലോസ് ആഞ്ചെലസ് ടൈംസ് ദിനപത്രത്തിലെ ലേഖനം
"https://ml.wikipedia.org/w/index.php?title=ചൊച്ചക്ക&oldid=4086563" എന്ന താളിൽനിന്ന് ശേഖരിച്ചത്