ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം
എറണാകുളം ജില്ലയിൽ പറവൂരിൽ ചേന്ദമംഗലത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന അതിപുരാതന ഒരു ക്ഷേത്രമാണ് ചേന്ദമംഗലം കുന്നത്തളി മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമായ ക്ഷേത്ര നിർമ്മിതിയാൽ പ്രസിദ്ധമാണ്.[1] കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ അർദ്ധനാരീശ്വരസങ്കല്പത്തിലുള്ള പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ ഭദ്രകാളിയും ഉപദേവതകളായി ഗണപതി, ശാസ്താവ്, ദക്ഷിണാമൂർത്തി, അഘോരമൂർത്തി, മഹാവിഷ്ണു, പഞ്ചമുഖ ശിവൻ, വീരഭദ്രൻ, സപ്തമാതൃക്കൾ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.[2] പ്രസിദ്ധമായ പാലിയം സത്യാഗ്രഹം നടന്നത് അവർണ്ണഹിന്ദു സമുദായങ്ങൾക്ക് ഈ മഹാക്ഷേത്ര പ്രവേശനത്തിനു വേണ്ടിയായിരുന്നു.
ചേന്ദമംഗലം കുന്നത്തളി ശിവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°36′8″N 76°11′39″E / 10.60222°N 76.19417°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | എറണാകുളം |
പ്രദേശം: | പറവൂർ, ചേന്ദമംഗലം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം (തിരുവാതിര, ശിവരാത്രി |
ക്ഷേത്രങ്ങൾ: | 1 |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | പാലിയം ദേവസ്വം |
ചരിത്രം
തിരുത്തുകപാലിയം സത്യാഗ്രഹം
തിരുത്തുക1947ൽ ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തുകൂടി സഞ്ചരിയ്ക്കാൻ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് അവർണ്ണസമുദായക്കാർ നടത്തിയ ഒരു പരിപാടിയായിരുന്നു പാലിയം സത്യാഗ്രഹം. ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് തൊട്ടടുത്തായിരുന്നു കൊച്ചി രാജാക്കന്മാരുടെ പരമ്പരാഗത മന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വീട്. വീടിന് സമീപത്തുകൂടെ സഞ്ചരിയ്ക്കാൻ അവകാശം ചോദിച്ച് നടത്തിയ ഈ സമരം ഉദ്ഘാടനം ചെയ്തത് പ്രമുഖ സാമൂഹികപരിഷ്കർത്താവും തിരുവിതാംകൂർ പ്രധാനമന്ത്രിയുമായിരുന്ന സി. കേശവനാണ്. 100 ദിവസം നീണ്ടുനിന്ന സമരത്തിൽ ആയിരക്കണക്കിന് വ്യക്തികൾ രക്തസാക്ഷിത്വം വരിച്ചു.[അവലംബം ആവശ്യമാണ്] എന്നാൽ ഇതിനെത്തുടർന്ന് 1947 ഡിസംബർ 20ന് കൊച്ചി രാജാവ് ക്ഷേത്രദർശനത്തിനും മറ്റും അവർണ്ണർക്ക് സ്വാതന്ത്ര്യമനുവദിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു.
ഐതിഹ്യം
തിരുത്തുകപരശുരാമപ്രതിഷ്ഠ എന്ന് പറയുന്നുണ്ടെങ്കിലും ചേന്ദമംഗലത്തെ ശിവലിംഗം സ്വയംഭൂവാണെന്നാണ് പൊതുവിശ്വാസം. 2000 വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് വിശ്വസിയ്ക്കപ്പെടുന്നു. സ്വയംഭൂപ്രതിഷ്ഠയുള്ള പല ക്ഷേത്രങ്ങളിലേതും പോലെ ഒരിയ്ക്കൽ പുല്ലുചെത്താൻ വന്ന ഏതെങ്കിലും സ്ത്രീ ഒരിയ്ക്കൽ ഇവിടെ കണ്ട ഒരു കല്ലിന്മേൽ തന്റെ അരിവാൾ ഉരച്ചപ്പോൾ അതിൽ നിന്ന് രക്തപ്രവാഹം ഉണ്ടായതും ആ വിവരമറിഞ്ഞെത്തിയ നാട്ടുപ്രമാണിമാർ അവിടെ ശിവസാന്നിദ്ധ്യം തിരിച്ചറിഞ്ഞതുമായിരിയ്ക്കും ഇതിന്റെ ഐതിഹ്യകഥ.
എന്നാൽ 'ചേന്ദമംഗലം' എന്ന ഈ സ്ഥലത്തിന്റെ പേരിനെക്കുറിച്ച് ഒരുപാട് കഥകളുണ്ട്. 'ജയന്തൻ' എന്ന പദം ലോപിച്ചുണ്ടായതാണ് 'ചേന്ദൻ' എന്ന വാക്കെന്നും അതിനാൽ 'ജയന്തമംഗലം' ലോപിച്ച് ചേന്ദമംഗലമായതാണെന്നും പറയപ്പെടുന്നു. ജയന്തൻ മഹാവിഷ്ണുവിന്റെ പര്യായനാമമാണ്. പേരിനെ അന്വർത്ഥമാക്കും വിധത്തിൽ സ്ഥലത്ത് ഒരു മഹാവിഷ്ണുക്ഷേത്രമുണ്ട്. അതല്ല, ജയന്തൻ എന്ന മഹർഷി തപസ്സ് ചെയ്തതുകൊണ്ടാണ് സ്ഥലത്തിന് ആ പേരുകിട്ടിയതെന്നും പറയുന്നുണ്ട്. മറ്റൊരു കഥയിൽ 'ചൂർണ്ണമംഗലം' എന്ന പേരാണ് ചേന്ദമംഗലമായതെന്നും പറയുന്നു. ചൂർണ്ണി എന്നുമറിയപ്പെടുന്ന പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ടാണ് ആ പേരുകിട്ടിയതെന്നാണ് ആ വാദക്കാർ പറയുന്നു. പെരിയാറിന്റെ തീരമായതിനാൽ 'വില്ലാർവട്ടം' എന്നും അറിയപ്പെട്ടിരുന്നുവത്രേ ഈ സ്ഥലം. ഒരുകാലത്ത് വില്ലാർവട്ടം രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. അവർ ക്ഷത്രിയരായിരുന്നുവെന്നും ഒടുവിലത്തെ വില്ലാർവട്ടം രാജാവ് ക്രിസ്തുമതം സ്വീകരിച്ചതിനാൽ കൊച്ചീരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും ആ സ്ഥാനം പാലിയത്തച്ചന് നൽകുകയും ചെയ്തുവെന്നും വിശ്വസിയ്ക്കപ്പെടുന്നു. വില്ലാർവട്ടം സ്വരൂപം കാലാന്തരത്തിൽ അന്യം നിന്നുപോയി.
ക്ഷേത്ര നിർമ്മിതി
തിരുത്തുകചേന്ദമംഗലം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് പെരിയാറിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രം നിലനിൽക്കുന്നത്. ക്ഷേത്രത്തിന് മുൻവശത്തുകൂടി എൻ.എച്ച്. 66 കടന്നുപോകുന്നു. പ്രധാന വഴിയിൽ നിന്നുനോക്കിയാൽത്തന്നെ പച്ചപ്പുനിറഞ്ഞ ക്ഷേത്രമതിൽക്കകവും ഏതാനും ഉപദേവതാക്ഷേത്രങ്ങളും കാണാം. കവാടത്തിന് സമീപം ഒരു പടുകൂറ്റൻ അരയാൽമരമുണ്ട്. അതിന് ചുവട്ടിൽ മൂന്ന് ഗണപതിവിഗ്രഹങ്ങൾ കാണാം. ശിവപാർവ്വതീപുത്രനും പ്രഥമപൂജിതനുമായ ഗണപതിഭഗവാനെ തൊഴുത് അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയാണ് ഭക്തർ ക്ഷേത്രദർശനത്തിന് പോകുന്നത്.
ആറേക്കർ വരുന്ന അതിവിശാലമായ മതിൽക്കകമാണ് ഈ ക്ഷേത്രത്തിനുള്ളത്. മതിൽക്കകത്തുകടന്നാൽ ആദ്യം കാണുന്നത് പച്ചപ്പരവതാനി വിരിച്ച മതിൽക്കകവും അതിനുമുകളിൽ ഉയർന്നുനിൽക്കുന്ന ആറ് ഉപദേവതാക്ഷേത്രങ്ങളാണ്. ഇരുവശത്തും മൂന്നെണ്ണം വീതം കാണാം. തെക്കുഭാഗത്തെ ശ്രീകോവിലുകളിൽ ദുർഗ്ഗാഭഗവതിയും ശിവഭഗവാന്റെ വ്യത്യസ്ത ഭാവങ്ങളായ അഘോരമൂർത്തിയും ദക്ഷിണാമൂർത്തിയുമാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ളതെങ്കിൽ വടക്കുഭാഗത്തെ ശ്രീകോവിലുകളിൽ മഹാവിഷ്ണുവും ബ്രഹ്മാവും ശിവഭൂതഗണങ്ങളിൽ പ്രധാനിയായ ഭൃംഗീരടിയുമാണ് കുടികൊള്ളുന്നത്. അഘോരമൂർത്തിയും ദക്ഷിണാമൂർത്തിയുമൊഴികെ ബാക്കിയെല്ലാവരും പടിഞ്ഞാട്ട് ദർശനമായി വാഴുന്നു. തെക്കുഭാഗത്തുള്ള ശ്രീകോവിലുകൾക്ക് വെള്ളനിറവും വടക്കുഭാഗത്തുള്ള ശ്രീകോവിലുകൾക്ക് മഞ്ഞയും ചുവപ്പും നിറങ്ങളും പൂശിയിരിയ്ക്കുന്നു. തെക്കുപടിഞ്ഞാറേമൂലയിൽ യക്ഷി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. അത്യപൂർവ്വമായ വാൽക്കണ്ണാടി രൂപത്തിലുള്ള യക്ഷിപ്രതിഷ്ഠയാണ് ഇവിടെ. യക്ഷിപ്രതിഷ്ഠയ്ക്കടുത്ത് നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും സാന്നിദ്ധ്യമരുളുന്നു.
വില്ലാർവട്ടം സ്വരൂപത്തിന്റെയും പാലിയത്തച്ചന്മാരുടെയും കാലത്ത് പ്രതാപത്തിൽ ശോഭിച്ചിരുന്ന ഈ മഹാക്ഷേത്രം ഇന്ന് അത്യന്തം പരിതാപകരമായ അവസ്ഥയിലാണ്. ക്ഷേത്രത്തിൽ ഒരുപാട് പാഴ്ചെടികൾ വളർന്നിരിയ്ക്കുന്നു. മതിൽക്കെട്ടും നാലമ്പലവും അപൂർണ്ണമാണ്. പുറത്തെ പ്രദക്ഷിണവഴിയിൽ പലയിടത്തും അപകടം പതിയിരിയ്ക്കുന്നു, പ്രത്യേകിച്ച് തെക്കുഭാഗത്ത്. ശ്രീകോവിലും മണ്ഡപവും ആകെമൊത്തം ജീർണ്ണിച്ചിരിയ്ക്കുന്നു. ഇവയെത്തുടർന്ന് ക്ഷേത്രം ഇപ്പോൾ ജീർണ്ണോദ്ധാരണപ്രവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിയ്ക്കുകയാണ്.
ശ്രീകോവിൽ
തിരുത്തുകചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ. മൂന്ന് മുറികൾക്കുള്ളിലാണ് ഗർഭഗൃഹം പണിതിരിയ്ക്കുന്നത്. പ്രധാനമൂർത്തിയായ ശ്രീമഹാദേവൻ ഏകദേശം നാലടി പൊക്കം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി സാന്നിദ്ധ്യമരുളുന്നു. അർദ്ധനാരീശ്വരസങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. അതിനാൽത്തന്നെ കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ധാരാളം ഭക്തർ ഇവിടെ വരാറുണ്ട്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അഷ്ടദിക്പാലകരെ ഇവിടെ ചിത്രരൂപത്തിൽ അതത് ദിക്കുകളിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഇവിടെ സോപാനം വളരെ താഴ്ന്നതാണ്. വളരെ സൂക്ഷിച്ചുനോക്കിയാൽ മാത്രമേ അത് കാണാൻ കഴിയൂ. ഇരുവശത്തുനിന്നും കയറാവുന്ന വിധത്തിലാണ് സോപാനം പണിതീർത്തിരിയ്ക്കുന്നത്. ശ്രീകോവിൽ ഓടിട്ടിരിയ്ക്കുകയാണ്. ചെമ്പുതാഴികക്കുടമാണ് ഇവിടെയുള്ളത്. ഇവ ക്ഷേത്രത്തിന്റെ ജീർണ്ണാവസ്ഥയെ എടുത്തുകാണിയ്ക്കുന്നു. ഇപ്പോൾ സ്ഥലത്തെ ഭക്തജനങ്ങളുടെ അശ്രാന്തപരിശ്രമം മൂലം ശ്രീകോവിൽ പുതുക്കിപ്പണിയാൻ പദ്ധതി ഉണ്ടാക്കിവരികയാണ്.
നാലമ്പലം
തിരുത്തുകക്ഷേത്രത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥലമാണ് നാലമ്പലം. അതിവിശാലമാണെങ്കിലും ഇതിന്റെ തെക്കുഭാഗം വളരെ ഇടുങ്ങിയതാണ്. കൂടാതെ പടിഞ്ഞാറുഭാഗം അപൂർണ്ണവും. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി സ്ഥിതി ചെയ്യുന്നു. ഇതിന് സമീപമാണ് ഭദ്രകാളീപ്രതിഷ്ഠ. കൊടുങ്ങല്ലൂരമ്മയായാണ് ഇവിടെ ഭദ്രകാളി വാഴുന്നത്. അതീവരൗദ്രഭാവം കലർന്ന ഭഗവതിയ്ക്ക് സമീപം സപ്തമാതൃക്കളും]] വീരഭദ്രൻ|വീരഭദ്രനും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. ഭഗവതിയും സപ്തമാതൃക്കളും വടക്കോട്ടും വീരഭദ്രൻ പടിഞ്ഞാട്ടും ഗണപതി കിഴക്കോട്ടും ദർശനമായി വാഴുന്നു. ഈ ഭഗവതിക്ഷേത്രം പിൽക്കാലത്ത് പണിതതാണ്. ഭഗവതിക്ഷേത്രം വന്നശേഷമാണ് തെക്കുഭാഗം ഇടുങ്ങിപ്പിടിച്ചത്.
മതിയായ സംരക്ഷണത്തിന്റെ അഭാവത്തിൽ ക്ഷേത്രനാലമ്പലത്തിൽ പാഴ്ചെടികൾ പടർന്ന് പന്തലിയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവ എടുത്തുമാറ്റി നാലമ്പലം കരിങ്കല്ല് പാകാനുള്ള ശ്രമം നടന്നുവരുന്നു. നാലമ്പലത്തിനകത്തുതന്നെ തെക്കുപടിഞ്ഞാറുഭാഗത്ത് ദമ്പതീശാസ്താവ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പൂർണ, പുഷ്കല എന്നീ രണ്ട് പത്നിമാർക്കൊപ്പമുള്ള ശാസ്താവിനെയാണ് ദമ്പതീശാസ്താവ് എന്ന് പറയുന്നത്. വിഗ്രഹരൂപത്തിനുപകരം ശിവലിംഗതുല്യമായ മൂന്ന് രൂപങ്ങളാണ് ഹരിഹരപുത്രനായ ശാസ്താവിനെയും പൂർണയെയും പുഷ്കലയെയും പ്രതിനിധീകരിയ്ക്കുന്നത്. വനശാസ്താസങ്കല്പവും ഇവിടെ ഭഗവാനുണ്ട്. അതിനാൽ ശ്രീകോവിലിന് മേൽക്കൂരയിട്ടിട്ടില്ല.
വടക്കുഭാഗത്ത് അല്പം മാറി ഒരു ചെറിയ ശ്രീകോവിലുണ്ട്. ഇവിടെയും ശിവപ്രതിഷ്ഠ തന്നെയാണ്. വടക്കുംനാഥൻ എന്നാണ് ഈ പ്രതിഷ്ഠയ്ക്ക് പറയുന്ന പേര്. നാലമ്പലത്തിന്റെ വടക്കേ മതിലിനോട് ചേർന്നാണ് ഇവിടത്തെ ശ്രീകോവിൽ പണിതിരിയ്ക്കുന്നത്. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശിവപ്പേരൂർ വടക്കുംനാഥക്ഷേത്രത്തിലെ അതേ സങ്കല്പമാണ് ഇവിടെയും എന്ന് വിശ്വസിയ്ക്കപ്പെടുന്നു. പ്രധാന പ്രതിഷ്ഠയുടെയത്ര പഴക്കം ഇതിനില്ല.
ഗോപുരങ്ങൾ
തിരുത്തുകക്ഷേത്രത്തിൽ ഇതുവരെ ഒരുഭാഗത്തും ഗോപുരങ്ങൾ പണിതിട്ടില്ല. ഇപ്പോൽ പണിയാൻ പദ്ധതിയുണ്ട്.
നമസ്കാരമണ്ഡപം
തിരുത്തുകപ്രധാന ശ്രീകോവിലിന് തൊട്ടുമുമ്പിൽ ചതുരാകൃതിയിൽ നാലുകാലുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ നമസ്കാരമണ്ഡപം. ഇന്ന് ഇത് നാമമാത്രമായി നിലകൊള്ളുന്നു. കാരണം ഇതിൽ നമസ്കരിയ്ക്കാൻ സ്ഥലമില്ല. ശിവവാഹനമായ നന്ദിയുടെ ഒരു ഭീമൻ ശില്പം ഇവിടെ കാണാം. നന്ദിയെ തൊട്ടുതൊഴുന്നത് തെറ്റായി കണക്കാക്കപ്പെടുന്നു.
ക്ഷേത്രത്തിലെ പ്രത്യേകതകൾ
തിരുത്തുകഒരുപാട് പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണ് ചേന്ദമംഗലം കുന്നത്തളി മഹാദേവക്ഷേത്രം. അവയിൽ ചിലത് ഇവയാണ്: സാധാരണ ക്ഷേത്രങ്ങളിൽ പ്രധാന പ്രതിഷ്ഠയ്ക്ക് മുൻവശത്തുള്ള ഉപദേവതാപ്രതിഷ്ഠകളെല്ലാം പ്രധാന പ്രതിഷ്ഠയ്ക്ക് അഭിമുഖമായാണ് ഉണ്ടാകുക. എന്നാൽ ഇവിടെ, മുൻവശത്തുള്ള ശ്രീകോവിലുകളിൽ അഘോരമൂർത്തിയുടെയും ദക്ഷിണാമൂർത്തിയുടെയും ശ്രീകോവിലുകൾ മാത്രം കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ളത്. അവയിൽത്തന്നെ ദക്ഷിണാമൂർത്തിപ്രതിഷ്ഠയുടെ ദർശനം രസകരമാണ്. സാധാരണ ക്ഷേത്രങ്ങളിൽ പ്രധാന ശ്രീകോവിലിൽത്തന്നെ തെക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിട്ടുള്ള (അതിനാൽത്തന്നെ ദക്ഷിണാമൂർത്തി എന്ന പേരുവന്നു) ദക്ഷിണാമൂർത്തിയെ ഇവിടെ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. മറ്റൊന്ന് മഹാവിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും സാന്നിദ്ധ്യമാണ്. മഹാവിഷ്ണുപ്രതിഷ്ഠ പൊതുവേ സാധാരണമാണെങ്കിലും ബ്രഹ്മപ്രതിഷ്ഠ ഭാരതത്തിൽത്തന്നെ അപൂർവ്വമാണ്. ബ്രഹ്മാവിനെ പൂജിയ്ക്കാത്തതിന് പല കാരണങ്ങളും പുരാണങ്ങളിൽ പറഞ്ഞുവരുന്നുണ്ട്. രാജസ്ഥാനിലെ പുഷ്കറിൽ മാത്രമാണ് ബ്രഹ്മാവിന് പ്രധാനപ്പെട്ട ഒരു ക്ഷേത്രമുള്ളത്. എങ്കിലും ത്രിമൂർത്തിസാന്നിദ്ധ്യമുള്ള ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ബ്രഹ്മാവിന്റെ ശ്രീകോവിലിന് നാലുഭാഗത്തും വാതിലിട്ടിട്ടുണ്ട്. ചതുർമുഖനായ ബ്രഹ്മാവിന്റെ ഓരോ മുഖവും ദർശിയ്ക്കാനാണ് വാതിലിട്ടിരിയ്ക്കുന്നതെന്ന് സാരം. അതേസമയം ഈ പ്രതിഷ്ഠ ബ്രഹ്മാവല്ല, ശിവന്റെ പഞ്ചമുഖലിംഗമാണെന്നും പറയപ്പെടുന്നു. അതിന് തെളിവുകളുണ്ടുതാനും. വിഗ്രഹം ശിവലിംഗരൂപത്തിലാണ്. ഏകദേശം ഒന്നരയടി ഉയരം വരും. ശിവന് അഞ്ചുമുഖങ്ങളുണ്ടെന്ന് പുരാണം പറയുന്നു. അവ സദ്യോജാതം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നിങ്ങനെ അറിയപ്പെടുന്നു. ഇവയിൽ ഈശാനമുഖം മാത്രം ആകാശത്തേയ്ക്ക് ദർശനമായിരിയ്ക്കുന്നുവെന്നും മറ്റുള്ളവ യഥാക്രമം പടിഞ്ഞാറ്, വടക്ക്, തെക്ക്, കിഴക്ക് എന്നീ ദിശകളിലേയ്ക്ക് ദർശനമാണെന്നുമാണ് വിശ്വാസം. ഈ നാലുമുഖങ്ങൾ കാണാൻ വേണ്ടിയാകണം നാലുഭാഗത്തും വാതിലുകൾ. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ബ്രഹ്മാവിന്റെ/പഞ്ചമുഖശിവന്റെ ശ്രീകോവിലിന് വടക്കുഭാഗത്താണ്. പതിവുപോലെ ചതുർബാഹുബിംബമാണ് ഭഗവാന് ഇവിടെയും.
മറ്റൊന്ന്, ക്ഷേത്രത്തിലുള്ള യക്ഷിപ്രതിഷ്ഠയാണ്. അത്യപൂർവ്വമായി കാണപ്പെടുന്ന വാൽക്കണ്ണാടി രൂപത്തിലുള്ള പ്രതിഷ്ഠയാണ് യക്ഷിയുടേത്. യക്ഷിപ്രതിഷ്ഠയ്ക്കുനേരെ മാത്രമായി വള്ളിപ്പടർപ്പ് വന്നിരിയ്ക്കുന്നതും കാണാം. പിന്നൊന്ന്, നാലമ്പലത്തിനകത്തുതന്നെയുള്ള ഭദ്രകാളിപ്രതിഷ്ഠയാണ്. കൊടുങ്ങല്ലൂരമ്മയായി വാഴുന്ന ഭദ്രകാളി ഇവിടെ വടക്കോട്ട് ദർശനമായി പ്രത്യേകശ്രീകോവിലിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതിനോട് ചേർന്നുള്ള സപ്തമാതൃപ്രതിഷ്ഠയും രസകരമാണ്. സാധാരണയായി അത്യപൂർവ്വമായി മാത്രം കണ്ടുവരാറുള്ള വിഗ്രഹരൂപത്തിലുള്ള പ്രതിഷ്ഠകളാണ് ഇവിടെ സപ്തമാതൃക്കൾക്ക്. സപ്തമാതൃക്കൾക്ക് അംഗരക്ഷകരായി ഗണപതിയും വീരഭദ്രനുമുണ്ട്. ശ്രീകോവിൽച്ചുവരുകളിലെ അഷ്ടദിക്പാലകരൂപങ്ങളാണ് മറ്റൊരു പ്രത്യേകത. ഇവിടെ അഷ്ടദിക്പാലകരെ ശ്രീകോവിലിന്റെ അതത് ഭാഗത്ത് (ഇന്ദ്രൻ-കിഴക്ക്, അഗ്നി-തെക്കുകിഴക്ക്, യമൻ-തെക്ക്, നിര്യതി-തെക്കുപടിഞ്ഞാറ്, വരുണൻ-പടിഞ്ഞാറ്, വായു-വടക്കുപടിഞ്ഞാറ്, കുബേരൻ-വടക്ക്, ഈശാനൻ-വടക്കുകിഴക്ക്]] ചിത്രരൂപങ്ങളിൽ ആവിഷ്കരിച്ചിട്ടുണ്ട്. അവർക്ക് നിത്യവും വിളക്കുവയ്പുമുണ്ട്.
മറ്റൊരു പ്രത്യേകത ഗണപതിയ്ക്ക് സമീപത്തുള്ള നാഗരാജപ്രതിഷ്ഠയാണ്. മറ്റൊരു ക്ഷേത്രത്തിലും ഇത് കാണാൻ കഴിയില്ല. നാലമ്പലത്തിന് പുറത്തും നാഗരാജപ്രതിഷ്ഠയുണ്ട്. കൂടാതെ ശാസ്താപ്രതിഷ്ഠയും പ്രത്യേകതയാണ്. പൂർണ്ണാപുഷ്കലാസമേതനായ ശാസ്താവിനെ ശിവലിംഗരൂപത്തിലുള്ള മൂന്ന് വിഗ്രഹങ്ങളിലായി പൂജിച്ചുവരുന്നു. വനശാസ്താസങ്കല്പവുമുള്ളതിനാൽ മേൽക്കൂര തുറന്നിട്ടിരിയ്ക്കുകയാണ്. വടക്കുംനാഥപ്രതിഷ്ഠയാണ് മറ്റൊരു പ്രത്യേകത. നാലമ്പലത്തിനകത്ത് പ്രധാന ശ്രീകോവിലിൽനിന്ന് അല്പം മാറി മതിലിനോടുചേർന്നാണ് വടക്കുംനാഥപ്രതിഷ്ഠ. അതിനാൽ പ്രദക്ഷിണം വയ്ക്കാൻ കഴിയില്ല.
പ്രതിഷ്ഠകൾ
തിരുത്തുകക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ ശ്രീ പരമശിവൻ ഇവിടെ അർദ്ധനാരീശ്വരനായി കുടികൊള്ളുന്നു. നാലടിയോളം ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അർദ്ധനാരീശ്വരസങ്കല്പമായതിനാൽ പാർവ്വതീസാന്നിദ്ധ്യവും ശിവലിംഗത്തിലുണ്ട്. തന്മൂലം ശിവശക്തി ഐക്യരൂപമായി പ്രതിഷ്ഠ കുടികൊള്ളുന്നു.
ഉപദേവതകൾ
തിരുത്തുക- ദക്ഷിണാമൂർത്തി
- അഘോരമൂർത്തി
- മഹാവിഷ്ണു
- ബ്രഹ്മാവ്/പഞ്ചമുഖശിവൻ
- വടക്കുംനാഥൻ
- ഗണപതി
- ശാസ്താവ്
- വീരഭദ്രൻ
- ദുർഗ്ഗ
- ഭദ്രകാളി
- സപ്തമാതൃക്കൾ
- നാഗദൈവങ്ങൾ
- ബ്രഹ്മരക്ഷസ്സ്
- ഭൃംഗീരടി
- യക്ഷി
പൂജാവിധികളും വിശേഷങ്ങളും
തിരുത്തുകനിത്യപൂജകൾ
തിരുത്തുകനിത്യേന മൂന്ന് പൂജകൾ പടിത്തരമായുള്ള ഈ ക്ഷേത്രത്തിൽ രാവിലെ അഞ്ചുമണി മുതൽ പതിനൊന്നുമണി വരെയും വൈകീട്ട് അഞ്ചുമണി മുതൽ രാത്രി എട്ടുമണി വരെയും ദർശനം നടത്താം. വേഴപ്പറമ്പ് മനയ്ക്കാണ് തന്ത്രാധികാരം.
ശിവരാത്രി
തിരുത്തുകഎല്ലാ ശിവക്ഷേത്രങ്ങളിലും അതിഗംഭീരമായി ആചരിയ്ക്കപ്പെടുന്ന കുംഭമാസത്തിലെ മഹാശിവരാത്രി ഇവിടെയും അതിഗംഭീരമായി നടത്തപ്പെടുന്നു. അന്ന് വിശേഷാൽ നാമജപവും ലക്ഷാർച്ചനയും ക്ഷേത്രത്തിലുണ്ടാകും. അന്ന് രാത്രിയിൽ നടയടയ്ക്കില്ല. രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും കലശാഭിഷേകവുമുണ്ടാകും.
ഇതും കാണുക
തിരുത്തുകക്ഷേത്രത്തിൽ എത്തിചേരാൻ
തിരുത്തുകഎറണാകുളം-ഗുരുവായൂർ റൂട്ടിൽ പറവൂരിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ വടക്കുമാറിയാണ് ചേന്ദമംഗലം സ്ഥിതി ചെയ്യുന്നത്. അവിടെനിന്ന് അല്പം കൂടി പോയാൽ ക്ഷേത്രത്തിനു മുന്നിലെത്താം.