കേരളത്തിലെ വിളക്കുമാടങ്ങൾ
നീണ്ട തീരപ്രദേശമുള്ള കേരളത്തിൽ കപ്പലോട്ടത്തിനു സഹായമാകും വിധം ധാരാളം വിളക്കുമാടങ്ങൾ (ലൈറ്റ് ഹൗസുകൾ) നിർമ്മിക്കപ്പെട്ടിട്ടുണ്ട്.[1] യൂറോപ്യന്മാരുടെ വരവിനു മുൻപു തന്നെ ഇവയുടെ വെളിച്ചം രാത്രിസമയങ്ങളിൽ കടൽയാത്രയ്ക്ക് സഹായകരമാം വിധം ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും കേരളത്തിൽ വിളക്കുമാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തൊഴിലാളികളും മറ്റും ഇവ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ പില്ക്കാലത്ത് ഇവ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു.
ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തിനിൽക്കുന്നതായിരിക്കും. സാധാരണഗതിയിൽ കറങ്ങുന്ന പ്രകാശസ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശസ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മനസ്സിലാക്കാൻ സാധിക്കും. ആധുനിക വിളക്കുമാടങ്ങളിൽ റേഡിയോ ബീക്കണുകളും സ്ഥാപിക്കാറുണ്ട്. പാറക്കെട്ടുകളോ പവിഴപ്പുറ്റുകളോ പോലുള്ള അപകടങ്ങളെപ്പറ്റി സൂചനകൊടുക്കാനും ഇവ ഉപയോഗിക്കാറുണ്ട്.
കാസർകോട് വിളക്കുമാടം
തിരുത്തുക1984 സെപ്റ്റംബർ 15-നാണ് ഇത് ഉപയോഗത്തിൽ വന്നത്. 30 മീറ്ററാണ് ഉയരം. ഹാലജൻ ദീപമാണ് ഉപയോഗിക്കുന്നത്. കറുപ്പും വെളുപ്പും വർണ്ണങ്ങളാണ് വിളക്കുമാടത്തിൽ പൂശിയിരിക്കുന്നത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇങ്ങോട്ടുള്ള ദൂരം 3 കിലോമീറ്ററാണ്.[1].
ഭൂസ്ഥാനം:12°30′20.54″N 74°58′23.21″E / 12.5057056°N 74.9731139°E
നിലവിലുള്ള വിളക്കുമാടം സ്ഥാപിക്കുന്നതിനു മുൻപ് ഇവിടെ കടൽയാത്രക്കാരെ സഹായിക്കാൻ മാർഗ്ഗങ്ങളുണ്ടായിരുന്നില്ല[2].
ഏഴിമല വിളക്കുമാടം
തിരുത്തുക1979 ജൂൺ 23-നാണ് ഇത് ഉപയോഗത്തിൽ വന്നത്. ഇത് മൗണ്ട് ഡില്ലി ലൈറ്റ്ഹൗസ് എന്നും അറിയപ്പെടുന്നു. 18 മീറ്ററാണ് ഉയരം. ത്രികോണാകൃതിയിലുള്ള നിർമിതിയാണിതിന്. ചുവപ്പും വെളുപ്പും നിറങ്ങളാണ് പൂശിയിരിക്കുന്നത്. മെറ്റൽ ഹാലൈഡ് ദീപമാണ് വിളക്കുമാടത്തിൽ ഉപയോഗിക്കുന്നത്. ഇവിടേയ്ക്ക് പയ്യന്നൂർ റെയിൽ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട്. [1]
ഭൂസ്ഥാനം: 11°56′32.04″N 75°18′8.01″E / 11.9422333°N 75.3022250°E
അഴീക്കൽ വിളക്കുമാടം
തിരുത്തുകകണ്ണൂർ അഴീക്കൽ തുറമുഖത്തിന് സമീപത്തായി 24 മീറ്റർ ഉയരത്തിൽ പ്രകാശം പരത്തികൊണ്ട് നിൽക്കുന്ന ലൈറ്റ് ഹൗസ് ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ്. കടൽമാർഗ്ഗം വരുന്ന സഞ്ചാരികൾക്ക് വഴികാട്ടിയാവുന്നതിനാണ് ലൈറ്റ് ഹൗസ് സ്ഥാപിച്ചത്. 8 സെക്കണ്ടിൽ രണ്ടു ഫ്ലാഷ് എന്ന വിധത്തിൽ ആണ് ഇവിടുത്തെ ലൈറ്റ് ക്രമീകരിചിരികുന്നത്. ഇന്നും രാത്രികാലങ്ങളിൽ അഴീക്കോടിനെ വർണ പ്രഭയിലാക്കി ലൈറ്റ് ഹൗസ് തലയുയർത്തി നിൽക്കുന്നു. മനോഹരമായ കാഴ്ചയാണ് ലൈറ്റ് ഹൗസിന് മുകളിൽ നിന്ന് സഞ്ചാരികൾക്ക് ലഭിക്കുന്നത്. ലൈറ്റ് ഹൗസിനകത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുവാദം അഴീക്കൽ പോർട്ട് ഓഫീസിൽ നിന്നും ലഭിക്കും.
കണ്ണൂർ വിളക്കുമാടം
തിരുത്തുകകണ്ണൂർ റെയിൽ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 23 മീറ്ററാണ് ഇപ്പോഴുള്ള വിളക്കുമാടത്തിന്റെ ഉയരം. കോൺക്രീറ്റുപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. സാധാരണ ഇൻകാന്റസന്റ് ദീപമാണ് ആദ്യമുപയോഗിച്ചിരുന്നതെങ്കിലും 1998 സെപ്റ്റംബർ 21-ന് ഇത് മെറ്റൽ ഹാലൈഡ് ദീപമാക്കി മാറ്റി. ഇതോടൊപ്പം ഡയറക്ട് ഡ്രൈവ് എന്ന സംവിധാനവും നടപ്പിൽ വരുത്തപ്പെട്ടു. [1][3]
ചരിത്രം
തിരുത്തുകപോർച്ചുഗീസുകാരുടെ സെന്റ് ആഞ്ചലോ കോട്ടയായിരുന്നു ആദ്യകാലത്ത് ദിശ കണ്ടുപിടിക്കാൻ സഹായിച്ചിരുന്നത്. 1843-ൽ എണ്ണ ഉപയോഗിക്കുന്ന ലാന്റേൺ വിളക്ക് നിലവിൽ വന്നു. 1903-ൽ കോട്ടമതിലിൽ ഒരു തട്ട് നിർമ്മിക്കപ്പെടുകയും ലെൻസും എണ്ണ ഉപയോഗിച്ചു കത്തുന്ന വിളക്കും ഉപയോഗിച്ച് ദീപം പ്രകാശിപ്പിക്കുന്ന സംവിധാനം നിലവിൽ വരുകയും ചെയ്തു. സെപ്റ്റംബർ മുതൽ മേയ് മാസങ്ങൾ വരെയേ പ്രകാശം ലഭ്യമാകുമായിരുന്നുള്ളൂ. 1924-ൽ ഈ സംവിധാനം കുറച്ചു മെച്ചപ്പെടുത്തപ്പെട്ടു. 1939-ൽ 16 മീറ്റർ ഉയരമുള്ള ഉരുക്കുപയോഗിച്ചുള്ള സംവിധാനത്തിലേയ്ക്ക് വിളക്ക് മാറ്റപ്പെട്ടു. ഈ സംവിധാനങ്ങളെല്ലാം 1948-ൽ ഗാസുപയോഗിച്ചു പ്രവർത്തിക്കുന്ന പ്രകാശസ്രോതസ്സുപയോഗിക്കാൻ തുടങ്ങിയതോടെ ഉപേക്ഷിക്കപ്പെട്ടു. 1975-76-ൽ പുതിയ ലൈറ്റ് ഹൗസ് സ്തംഭം നിർമ്മിക്കാൻ തുടങ്ങുന്നതുവരെ ഈ സംവിധാനമായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്.
1976 ജൂലൈ 25-ന് പുതിയ വിളക്കുമാടം ഉപയോഗത്തിൽ വന്നു. 2003 മേയ് 31-ന് പ്രകാശസ്രോതസ്സിൽ മാറ്റം വരുത്തപ്പെടുകയുണ്ടായി.[1]. ഭൂസ്ഥാനം: 11°51′37″N 75°21′21″E / 11.860361°N 75.355919°E
തലശ്ശേരി വിളക്കുമാടം
തിരുത്തുകതലശ്ശേരിയിൽ ഇപ്പോൾ പ്രവർത്തനരഹിതമായ ഒരു വിളക്കുമാടമുണ്ട്. 1835-ലാണ് വിളക്കുമാടം പ്രവർത്തനമാരംഭിച്ചതത്രേ (തുടങ്ങിയ തീയതി എന്നാണെന്ന് വ്യക്തമായ ധാരണയില്ല). 2009-ൽ ഇത് പ്രവർത്തനരഹിതമായിരുന്നു. വെള്ളച്ചായമാണ് പൂശിയിരിക്കുന്നത്. സിലിണ്ടറിന്റെ ആകൃതിയാണ് സ്തംഭത്തിനുള്ളത്. 10 മീറ്ററാണ് ഉയരം. 1708-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പണിത കോട്ടയ്ക്കുള്ളിലാണ് വിളക്കുമാടം സ്ഥിതി ചെയ്യുന്നത്. [4]
മാഹി വിളക്കുമാടം
തിരുത്തുകമാഹിയുടെ തീരത്തിനിരുവശവും കേരളത്തിന്റെ തീരമായതിനാൽ മാഹിയെയും കേരളത്തിന്റെ വിളക്കുമാടങ്ങളുടെ കൂട്ടത്തിൽ ഈ താളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 1893-ലാണ് ഈ നിലയം സ്ഥാപിക്കപ്പെട്ടതെങ്കിലും തീയതി വ്യക്തമല്ല. സിലിണ്ടർ ആകൃതിയിലുള്ള കോൺക്രീറ്റ് സ്തംഭമാണ് ഇപ്പോൾ നിലവിലുള്ളത്. മയ്യഴിപ്പുഴ കടലിനോടു ചേരുന്ന അഴിമുഖത്തിന്റെ തെക്കുവശത്തുള്ള പുലിമുട്ടിന്റെ തുടക്കത്തിലാണ് ഈ വിളക്കുമാടം സ്ഥിതി ചെയ്യുന്നത്. ഈ വിളക്കുമാടം ഇപ്പോൾ പ്രവർത്തനരഹിതമാണ്.[4]
കടലൂർ പോയിന്റ് വിളക്കുമാടം
തിരുത്തുകതിക്കൊടി വിളക്കുമാടമെന്നും ഇത് അറിയപ്പെടുന്നു[4]. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് 9 കിലോമീറ്റർ അകലെയാണിത്. 34 മീറ്ററാണ് ഇപ്പോഴുള്ള വിളക്കുമാടത്തിന്റെ ഉയരം. വൃത്താകൃതിയാണ് സ്തംഭത്തിനുള്ളത്. ഇടവിട്ട കറുപ്പും വെളുപ്പും വരകളായാണ് നിറം കൊടുത്തിരിക്കുന്നത്. 1909 ഒക്ടോബർ 20-നായിരുന്നു ഈ വിളക്കുമാടം ഉപയോഗത്തിൽ വന്നത്. മെറ്റൽ ഹാലൈഡ് ദീപമാണ് പ്രകാശസ്രോതസ്സായി ഉപയോഗിക്കുന്നത്. കടൽത്തീരത്തുനിന്ന് 10 കിലോമീറ്റർ അകലെയായി സമുദ്രോപരിതലത്തിനു താഴെയുള്ള പാറക്കല്ലുകളെപ്പറ്റി നാവികരെ താക്കീതുചെയ്യാനായിരുന്നുവത്രേ ഈ ദീപസ്തംഭം നിർമ്മിക്കപ്പെട്ടത്.
1906-07 കാലഘട്ടത്തിലാണ് നിർമ്മാണം തുടങ്ങിയത്. 1909-ൽ പൂർത്തീകരിക്കപ്പെട്ടു. അന്ന് ഉപയോഗിക്കാൻ തുടങ്ങിയ പ്രകാശസംവിധാനം (ബിർമിംഗ്ഹാമിലെ ചാൻസ് ബ്രദേഴ്സ് നിർമിച്ചുനൽകിയത്) 1995 മാർച്ച് 16-ന് മാറ്റുന്നതുവരെ പ്രവർത്തിക്കുന്നുണ്ടായിരുന്നുവത്രേ. അതിനുശേഷം 1996 ആഗസ്റ്റ് 8-ന് മെറ്റൽ ഹാലൈഡ് ലാമ്പ് ഉപയോഗത്തിൽ വരുന്നതുവരെ ഇൻകാൻഡസെന്റ് ദീപങ്ങളായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. ഇതോടൊപ്പം ഡയറക്റ്റ് ഡ്രൈവ് സിസ്റ്റവും ഉപയോഗിച്ചുതുടങ്ങി. [1][5]
കോഴിക്കോട് വിളക്കുമാടം
തിരുത്തുകഇപ്പോൾ പ്രവർത്തനത്തിലില്ലാത്ത ഒരു വിളക്കുമാടം കോഴിക്കോട്ടുണ്ട്. 1907-ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഇപ്പോഴുള്ള വിളക്കുമാടത്തിന് 15മീറ്റർ ഉയരമുണ്ട്.
ഇവിടെ ആദ്യം വിളക്കുമാടം സ്ഥാപിക്കപ്പെട്ടത് 1847-ലായിരുന്നു. ആ വിളക്കുമാടത്തിന് 102.5 അടി (ഏകദേശം 33 മീറ്റർ) ഉയരമുണ്ടായിരുന്നു. 6 സെക്കന്റിൽ രണ്ടുപ്രാവശ്യം മിന്നുന്ന വെള്ള നിറത്തിലുള്ള പ്രകാശം തെളിഞ്ഞ കാലാവസ്ഥയിൽ 14 നാഴിക അകലെ വരെ കാണാമായിരുന്നു എന്നു് ലോഗൻ മലബാർ മാനുവലിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. വെള്ളനിറം പൂശിയ സിലിണ്ടർ ആകൃതിയിലുള്ള സ്തംഭമാണ് വിളക്കുമാടത്തിന്റേത്. [4]
ബേപ്പൂർ വിളക്കുമാടം
തിരുത്തുക30.48 മീറ്റർ നീളമുള്ള ആറുവശങ്ങളുള്ള സ്തംഭമാണ് ഈ വിളക്കുമാടത്തിനുള്ളത്. ചുവപ്പും വെളുപ്പും നിറങ്ങളിൽ ഇടവിട്ടുള്ള ബാൻഡുകളായാണ് നിറം കൊടുത്തിട്ടുള്ളത്. 1977 നവംബർ 21-നാണ് ഇത് ഉപയോഗത്തിൽ വന്നത്. മെറ്റൽ ഹാലൈഡ് ദീപമാണ് പ്രകാശസ്രോതസ്സായി ഉപയോഗിക്കുന്നത്. ഫറൂഖ് റെയിൽ സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ ദൂരെയാണിത് [1][6]
പൊന്നാനി വിളക്കുമാടം
തിരുത്തുക30 മീറ്റർ ഉയരമുള്ള വൃത്താകൃതിയിലുള്ള സ്തംഭമാണ് ഈ വിളക്കുമാടത്തിനുള്ളത്. 1983 ഏപ്രിൽ 17-നാണ് ഇത് ഉപയോഗത്തിൽ വന്നത്. മെറ്റൽ ഹാലൈഡ് ലാമ്പാണ് പ്രകാശസ്രോതസ്സ്. ഡയറക്റ്റ് ഡ്രൈവ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റിപ്പുറം റെയിൽ സ്റ്റേഷനിൽ നിന്ന് 20 കിലോമീറ്റർ ദൂരെയാണിത്. [1][7]
ചേറ്റുവ വിളക്കുമാടം
തിരുത്തുക30 മീറ്റർ ഉയരമുള്ള വൃത്താകൃതിയിലുള്ള കോൺക്രീറ്റ് സ്തംഭമാണ് വിളക്കുമാടത്തിനുള്ളത്. 1986 സെപ്റ്റംബർ 9-നാണ് ഇത് ഉപയോഗത്തിൽ വന്നത്. ഗുരുവായൂർ റെയിൽ സ്റ്റേഷനിൽ നിന്ന് 8 കിലോമീറ്റർ ദൂരത്താണീ വിളക്കുമാടം സ്ഥിതി ചെയ്യുന്നത്. [1][8]
അഴീക്കോട് വിളക്കുമാടം
തിരുത്തുക30 മീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള കോൺക്രീറ്റ് സ്തംഭമാണ് ഈ വിളക്കുമാടത്തിനുള്ളത്. കറുപ്പും വെളുപ്പും ഇടവിട്ടുള്ള ബാൻഡുകളായാണ് ചായം പൂശിയിരിക്കുന്നത്. 1982 ഏപ്രിൽ 30-നാണ് ഇത് ഉപയോഗത്തിൽ വന്നത്. ആദ്യം ഇൻകാന്റസെന്റ് ദീപങ്ങളായിരുന്നു സ്ഥാപിച്ചിരുന്നതെങ്കിലും 1997 സെപ്റ്റംബർ മുതൽ 230V 400W മെറ്റൽ ഹാലൈഡ് ദീപങ്ങളാണ് ഉപയോഗിക്കുന്നത്. ഡയറക്റ്റ് ഡ്രൈവ് സംവിധാനവും മെറ്റൽ ഹാലൈഡ് ദീപങ്ങൾക്കൊപ്പം സ്ഥാപിക്കപ്പെട്ടു. കൊടുങ്ങല്ലൂരിൽ നിന്ന് 8 കിലോമീറ്റർ ദൂരെയാണീ വിളക്കുമാടം.
ഈ സ്ഥാനത്ത് നിലവിലുള്ള വിളക്കുമാടം നിർമ്മിക്കുന്നതിനു മുൻപായി ദിശ മനസ്സിലാക്കാനുള്ള ദീപങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല. കൊച്ചിയിലെ വിളക്കുമാടത്തിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്ന റേഡിയോ ബീക്കൺ (നൗടൽ നിർമിതം) അഴീക്കോടിലേയ്ക്ക് മാറ്റുകയും 1982 ഏപ്രിൽ 30 മുതൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഉപകരണങ്ങൾ നൽകിയത് മെസേഴ്സ് ജെ. സ്റ്റോൺ (ഇന്ത്യ) എന്ന കമ്പനിയാണ്. [1][9]
വൈപ്പിൻ (കൊച്ചിൻ) വിളക്കുമാടം
തിരുത്തുകവൈപ്പിൻ ജെട്ടിയിൽ നിന്ന് 5 കിലോമീറ്റർ ദൂരെ പുതുവൈപ്പ് എന്ന സ്ഥലത്താണീ വിളക്കുമാടം സ്ഥിതിചെയ്യുന്നത്. 46 മീറ്റർ ഉയരമുള്ള വൃത്താകൃതിയിലുള്ളതും രണ്ട് പാളികളുള്ളതുമായ സിമറ്റ് സിമറ്റ് സ്തംഭമാണീ വിളക്കുമാടത്തിനുള്ളത്. 1979 നവംബർ 15നാണ് ഇത് പ്രവർത്തനസജ്ജമായത്. ദീപത്തിന് 28 നോട്ടിക്കൽ മൈൽ ദൂരത്തെത്താനാവുമത്രേ. മെറ്റൽ ഹാലൈഡ് ദീപവും ഡയറക്റ്റ് ഡ്രൈവ് സിസ്റ്റവുമാണിതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഭൂസ്ഥാനം: 9°59′54″N 76°13′17″E / 9.998386°N 76.221437°E
ഫോർട്ട് കൊച്ചിയിലെ പഴയ വിളക്കുമാടം
തിരുത്തുക1839 മുതൽ തന്നെ ഫോർട്ട് കൊച്ചിയിൽ ഒരു വിളക്കുമാടം പ്രവർത്തനത്തിലുണ്ടായിരുന്നു. എണ്ണകൊണ്ടു കത്തുന്ന ദീപമായിരുന്നു പ്രകാശസ്രോതസ്സ്. 1902-ൽ പുതിയ വിളക്കും പ്രകാശപ്രതിഫലന സംവിധാനവും നിലവിൽ വന്നു. 1914-ൽ വീണ്ടും പരിഷ്കരണങ്ങൾ നടത്തപ്പെട്ടു. 1920-ൽ 10 മീറ്റർ ഉയരമുള്ള പുതിയ സ്തംഭം നിലവിൽ വന്നു. രണ്ട് കറുപ്പ് വലയങ്ങളും ഒരു വെളുപ്പു നിറത്തിലുള്ള വലയവുമായിരുന്നു ഇതിൽ പൂശിയിരുന്ന നിറങ്ങൾ. പഴയ സ്തംഭത്തിലെ പ്രകാശവിസരണ സംവിധാനം പുതിയ സ്തംഭത്തിലേയ്ക്ക് മാറ്റപ്പെട്ടു. 1936-ൽ പ്രദേശം ആകമാനം വികസിക്കുകയുണ്ടായി. 25 മീറ്റർ ഉയരത്തിലുള്ള സ്റ്റീൽ സ്തംഭം സ്ഥാപിക്കപ്പെട്ടു. ചാരനിറമായിരുന്നു ഇതിന്. ഗാസുപയോഗിച്ചുള്ള ഒരു പ്രകാശസ്രോതസ്സ് ഇതിൽ സ്ഥാപിച്ചു. 1966-ൽ സൺ വാൾവ് എന്ന സംവിധാനം നിലവിൽ വന്നു. കൂടുതൽ ഉയരമുള്ളതും ശക്തിയുള്ള ഒരു വൈദ്യുതവിളക്കും റേഡിയോ ബീക്കൺ സംവിധാനവുമുള്ള സ്തംഭം സ്ഥാപിക്കാൻ പദ്ധതിയുണ്ടാക്കപ്പെട്ടു. പക്ഷേ ഫോർട്ട് കൊച്ചി മേഖലയിൽ ഇതിന് സ്ഥലം ലഭ്യമല്ലാതിരുന്നതിനാൽ പുതിയ വിളക്കുമാടം വൈപ്പിൻ ദ്വീപിലെ പുതുവൈപ്പിലേക്കും റേഡിയോ ബീക്കൺ അഴീക്കോടിലേയ്ക്കും മാറ്റാൻ തീരുമാനമെടുത്തു.[10]
മനക്കോടം വിളക്കുമാടം
തിരുത്തുകചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ ദൂരെ അന്ധകാരനഴിയിലാണു് മനക്കോടം വിളക്കുമാടം സ്ഥിതി ചെയ്യുന്നത്. എൻ.എച്ച്. 47-ൽ പട്ടണക്കാട് നിന്ന് 3 കിലോമീറ്റർ പടിഞ്ഞാറാണിതിന്റെ സ്ഥാനം. 33.8 മീരർ ഉയരമുള്ള ചതുരാകൃതിയിലുള്ള കോൺക്രീറ്റ് സ്തംഭമാണ് ഈ ഇതിനുള്ളത്. 1979 ആഗസ്റ്റ് 1-നാണ് ഇത് ഉപയോഗത്തിൽ വന്നത്.
ഈ വിളക്കുമാടം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ഇവിടെ കടൽ യാത്രക്കാരെ സഹായിക്കത്തക്ക ദീപങ്ങൾ നിലവിലുണ്ടായിരുന്നില്ല. 1972-ൽ 30 മീറ്റർ ഉയരമുള്ള സിലിണ്ടർ ആകൃതിയിലുള്ള സ്തംഭം കപ്പൽ യാത്രികരെ സഹായിക്കാനായി സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു. അടിത്തറയെ താങ്ങത്തക്ക ഉറപ്പ് മണ്ണിനില്ലാതിരുന്നതിനാൽ ഘടന നാലു തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്ന കോൺക്രീറ്റ് ചട്ടക്കൂടിലേയ്ക്ക് മാറ്റി. നാലു കാലുകൾ ഒരു സർവീസ് മുറിയെ താങ്ങി നിർത്തുന്നുമുണ്ട്. ഈ വിളക്കുമാടത്തിന്റെ പണി വളരെത്താമസിച്ചാണ് പൂർത്തിയായത്. 1979-ൽ സ്തംഭം പൂർത്തിയായതിനു ശേഷം മെസേഴ്സ് ജെ. സ്റ്റോൺ (ഇന്ത്യ) നൽകിയ ഉപകരണങ്ങൾ ഇതിൽ സ്ഥാപിച്ചു. 1998 സെപ്റ്റംബർ 21-ന് ഇൻകാൻഡസെന്റ് ദീപത്തിന് പകരം മെറ്റൽ ഹാലൈഡ് ദീപവും ഡയറക്റ്റ് ഡ്രൈവ് സംവിധാനവും ഇവിടെ സജ്ജമാക്കപ്പെട്ടു. [11][1]
ആലപ്പുഴ വിളക്കുമാടം
തിരുത്തുകആലപ്പുഴ തീവണ്ടി സ്റ്റേഷനിൽ നിന്ന് 1 കിലോമീറ്റർ ദൂരെയാണീ വിളക്കുമാടം. കേരളത്തിലെ ഏറ്റവും പഴയ വിളക്കുമാടം ആലപ്പുഴയിലേതായിരുന്നുവത്രേ. 1862-ലാണ് ആദ്യത്തെ തീകൂട്ടി വെളിച്ചമുണ്ടാക്കിയിരുന്ന ദീപസ്തംഭം നിർമ്മിക്കപ്പെട്ടത്. ഇപ്പോൾ നിലവിലുള്ള സ്തംഭം 1960 ആഗസ്റ്റ് 4-നാണ് ഉപയോഗത്തിൽ വന്നത്. 28 മീറ്ററാണ് ഉയരം. വൃത്താകൃതിയിലുള്ള സ്തംഭത്തിന് ചുവപ്പും വെളുപ്പും വലയങ്ങളായാണ് ചായം പൂശിയിരിക്കുന്നത്.
തിരുവിതാംകൂറിലെ പ്രധാന തുറമുഖമായിരുന്നുവത്രേ ആലപ്പുഴ. ആലപ്പുഴയിൽ തുറമുഖവും കായലും തുറമുഖവും തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ സംവിധാനവും നിർമിച്ചത് രാമ രാജ ബഹദൂറിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായിരുന്ന രാജാ കേശവദാസൻ ആയിരുന്നുവത്രേ. തുറമുഖം 1772-ൽ സ്ഥാപിക്കപ്പെടുകയും ഇതിനെത്തുടർന്ന് ഇന്ത്യയിലെയും യൂറോപ്പിലെയും സ്ഥലങ്ങളിൽ നിന്നുള്ള കപ്പലുകൾ ഇവിടെ വന്നുതുടങ്ങുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ ഇവിടെ സ്ഥിരമായ പ്രകാശസ്രോതസ്സ് ഇല്ലായിരുന്നു. കടല്പാലത്തിന്റെ അറ്റത്തുള്ള ഒരു ദീപമായിരുന്നുവത്രേ ഈ സമയത്ത് നാവികർക്ക് ദിശമനസ്സിലാക്കാനുള്ള ഏകമാർഗ്ഗം.
മാർത്താണ്ഡവർമ്മ രണ്ടാമൻ ഭരിച്ചിരുന്ന കാലത്തായിരുന്നു ഇപ്പോഴുള്ള വിളക്കുമാടം നിർമ്മിക്കാനുള്ള പ്രവൃത്തി തുടങ്ങിയത്. 1861-ൽ രാമവർമയുടെ കാലത്ത് നിർമ്മാണം പൂർത്തിയായി. വെളിച്ചെണ്ണയുപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ദീപം (മെസേഴ്സ് ചാൻസ് ബ്രദേഴ്സ് ഓഫ് ബിർമിംഘാം നിർമിച്ചത്) 1862 മാർച്ച് 28-ന് പ്രവർത്തിച്ചുതുടങ്ങി. 1952 വരെ ഈ സംവിധാനം പ്രവർത്തിച്ചിരുന്നുവത്രേ. പിന്നീട് ഗാസ് ഉപയോഗിച്ചുള്ള ഫ്ലാഷ് ചെയ്യുന്ന തരം ദീപം (എ.ജി.എ. നിർമിതം) നിലവിൽ വന്നു.
1960-ൽ വൈദ്യുതി ലഭ്യമായതിനെത്തുടർന്ന് മെസേഴ്സ് ബി.ബി.റ്റി. പാരീസ് നിർമിച്ച ഉപകരണം ഉപയോഗിച്ചുതുടങ്ങി. 1960 ആഗസ്റ്റ് 4-ന്. 1998 ഏപ്രിൽ 8-ന് ഡയറക്റ്റ് ഡ്രൈവ് സംവിധാനം ഉപയോഗിച്ചു തുടങ്ങി. 1998 ഡിസംബർ 30 മുതൽ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ഒരു സംവിധാനവും നിലവിൽ വന്നു. ഇൻകാൻഡസെന്റ് ദീപങ്ങൾ 1999 ഫെബ്രുവരി 28-ൽ മെറ്റൽ ഹാലൈഡ് ദീപങ്ങൾക്ക് വഴിമാറി.[12][1]
വലിയഴീക്കൽ വിളക്കുമാടം
തിരുത്തുക2021 ഒക്‌റ്റോബർ 30-ന് ഉദ്ഘാടനം ചെയ്ത വിളക്കുമാടമാണിത്. ആലപ്പുഴ ജില്ലയിൽ വലിയഴീക്കലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വലിയഴീക്കൽ ഹാർബറിലേയ്ക്കുള്ള വഴികാണിക്കാനാണ് ഇത് സ്ഥാപിച്ചത്.
കോവിൽത്തോട്ടം വിളക്കുമാടം
തിരുത്തുകകൊല്ലം ജില്ലയിൽ ചവറയ്ക്കടുത്താണിത്. 18 മീറ്റർ ഉയരമുള്ള സ്തംഭമാണ് ഈ വിളക്കുമാടത്തിനുള്ളത്. കറുപ്പും വെളുപ്പും വലയങ്ങളായാണ് ചായം പൂശിയിരിക്കുന്നത്. ഹാലജൻ ദീപമാണ് പ്രകാശസ്രോതസ്സ്. [1]
ഈ വിളക്കുമാടം പണികഴിപ്പിക്കുന്നതിനു മുൻപായി ഇവിടെയൊരു കൊടിമരം നിലവിലുണ്ടായിരുന്നു. മരം കൊണ്ടുള്ള ഒരു ഗോപുരം പിന്നീട് ഇവിടെ സ്ഥാപിക്കുകയുണ്ടായി. 1953 ഫെബ്രുവരി 14-ന് തെളിഞ്ഞണയുന്ന തരം ഒരു ഗാസ് ദീപം സ്ഥാപിച്ചു. 1960-1961-ൽ ഗോപുരം സ്ഥാപിക്കുമെന്നും അപ്പോൾ മാറ്റാമെന്നുമുള്ള ധാരണയിലായിരുന്നു ഈ സംവിധാനം സ്ഥാപിച്ചത്.
1962 ജനുവരി 1-നാണ് വിളക്കുമാടം പ്രവർത്തനമാരംഭിച്ചത്. ബി.ബി.റ്റി., പാരീസ് എന്ന നിർമാതാവാണ് ഉപകരണങ്ങൾ ലഭ്യമാക്കിയത് [13].
തങ്കശ്ശേരി വിളക്കുമാടം
തിരുത്തുകകൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ ദൂരെയാണിത്. 41 മീറ്റർ ഉയരമുള്ള വൃത്താകൃതിയുള്ള സ്തംഭമാണിതിനുള്ളത്. ചുവപ്പും വെളുപ്പും നിറത്തിൽ ചരിഞ്ഞ ബാൻഡുകളായാണ് ചായം പൂശിയിരിക്കുന്നത്. 1902 മുതൽ ഇത് ഉപയോഗത്തിലുണ്ട്.[1]
ഈ വിളക്കുമാടം സ്ഥാപിക്കുന്നതിനും മുൻപായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകളെ സഹായിക്കാനായി പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഒരു സ്തംഭത്തിന്റെ മുകളിൽ എണ്ണ കൊണ്ട് കത്തുന്ന ദീപം ഇവിടെ സ്ഥാപിച്ചിരുന്നു. 1902-ൽ സ്ഥാപിച്ച സ്തംഭത്തിൽ വിള്ളലുകൾ വീണതിനെത്തുടർന്ന് 1940-ൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. പ്രകാശസ്രോതസ്സ് 1962-ലും 1967-ലും 1994-ലും മാറ്റപ്പെടുകയുണ്ടായി [14]
അഞ്ചുതെങ്ങ് വിളക്കുമാടം
തിരുത്തുകകടക്കാവൂർ തീവണ്ടി സ്റ്റേഷനിൽ നിന്ന് ഇവിടേയ്ക്ക് 6 കിലോമീറ്റർ ദൂരമാണുള്ളത്. 38 മീറ്റർ ഉയരമുള്ള വൃത്താകൃതിയിലുള്ള കോൺക്രീറ്റ് സ്തംഭമാണിതിനുള്ളത്. കറുപ്പും വെളുപ്പും വലയങ്ങളായാണ് നിറം കൊടുത്തിരിക്കുന്നത്. 1988 ഏപ്രിൽ 30നാണ് ഇത് ഉപയോഗിക്കാൻ തുടങ്ങിയത്. [1]
പ്രകാശസ്രോതസ്സ് 2003 ഏപ്രിൽ മുപ്പതിന് പരിഷ്കരിക്കപ്പെടുകയുണ്ടായി[15].
വിഴിഞ്ഞം വിളക്കുമാടം
തിരുത്തുകകോവളം ബീച്ചിനടുത്താണിത്. 56.76 മീറ്റർ ഉയരമുള്ള വൃത്താകൃതിയുള്ള സ്തംഭമാണിതിനുള്ളത്. ചുവപ്പും വെളുപ്പും വലയങ്ങളാണ് സ്തംഭത്തിനുള്ളത്. 1972 മെയ് 20-നാണിത് കമ്മിഷൻ ചെയ്തത് . മെറ്റൽ ഹാലൈഡ് ദീപങ്ങളും ഡയറക്റ്റ് ഡ്രൈവ് സംവിധാനവും ഈ വിളക്കുമാടത്തിനുണ്ട്. [1] ഇതിന്റെ പ്രകാശസ്രോതസ്സ് 2003 ഏപ്രിൽ 30-ന് പരിഷ്കരിക്കപ്പെടുകയുണ്ടായി.
തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞത്തേയ്ക്ക് 16 കിലോമീറ്റർ ദൂരമുണ്ട്. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഇതൊരു വിപുലമായ തുറമുഖമായിരുന്നു. വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല. തുറമുഖത്തേയ്ക്ക് കടക്കുന്ന കപ്പലുകൾക്ക് പകൽസമയത്ത് സഹായത്തിനായി ഒരു ഫ്ലാഗ് മാസ്റ്റ് ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങളുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ തുറമുഖം ശ്രദ്ധിക്കപ്പെടാതെയായി.
ഭൂസ്ഥാനം: 8°22′58″N 76°58′47″E / 8.382844°N 76.979707°E
ഇതിനടുത്തുള്ള കൊളച്ചലിൽ 1925-ൽ ഒരു ദീപസ്തംഭം സ്ഥാപിക്കുകയുണ്ടായി. 1960-ൽ വിഴിഞ്ഞത്ത് ഫ്ലാഗ് മാസ്റ്റ് (day mark beacon) സ്ഥാപിക്കപ്പെട്ടു.
കേരളതീരത്തെ വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സംബന്ധിച്ച വിവരങ്ങൾ
തിരുത്തുകസ്ഥലം | ഫോക്കൽ
തലം മീറ്ററിൽ |
ഫ്ലാഷ് | ഉയരം
മീറ്ററിൽ |
നിറം |
---|---|---|---|---|
വിഴിഞ്ഞം | 56.76 | ഒരു ഫ്ലാഷ് 15 സെക്കന്റ് ഇടവിട്ട് | 36 | ചുവപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ |
അഞ്ചുതെങ്ങ് | 39.69 | 2 ഫ്ലാഷുകൾ 20 സെക്കന്റ് ഇടവിട്ട് | 38 | കറുപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ |
കൊല്ലം | 42 | 3 ഫ്ലാഷുകൾ 15 സെക്കന്റ് ഇടവിട്ട് | 44 | ചുവപ്പും വെളുപ്പും സർപ്പിളാകാര ബാൻഡുകൾ |
കോവിൽത്തോട്ടം | 20 | 1 ഫ്ലാഷുകൾ 5 സെക്കന്റ് ഇടവിട്ട് | 15 | കറുപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ |
ആലപ്പുഴ | 33 | 1 ഫ്ലാഷ് 15 സെക്കന്റ് ഇടവിട്ട് | 28 | ചുവപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ (ചുവപ്പ് ബാൻഡ് 2000-ൽ ചേർത്തത്) |
മനക്കോടം | 34 | 2 ഫ്ലാഷുകൾ 10 സെക്കന്റ് ഇടവിട്ട് | 34 | ചതുരാകൃതിയിലുള്ള സ്തംഭം. വെളുപ്പുനിറം. മേൽക്കൂര ചുവപ്പുനിറം. |
കൊച്ചി | 49 | 4 ഫ്ലാഷുകൾ 20 സെക്കന്റ് ഇടവിട്ട് | 46 | ചുവപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ |
അഴീക്കോട് | 34 | 3 ഫ്ലാഷുകൾ 20 സെക്കന്റ് ഇടവിട്ട് | 30 | ചതുരാകൃതിയിലുള്ള സ്തംഭം. കറുപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ. മേൽക്കൂരയ്ക്ക് ചുവപ്പുനിറം. |
ചേറ്റുവ | 33 | 2 ഫ്ലാഷുകൾ 20 സെക്കന്റ് ഇടവിട്ട് | 30 | ചുവപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ |
പൊന്നാനി | 33 | 1 ഫ്ലാഷ് 15 സെക്കന്റ് ഇടവിട്ട് | 30 | 12 വശങ്ങളുണ്ട്. കറുപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ |
ബേപ്പൂർ | 32 | 2 ഫ്ലാഷുകൾ 15 സെക്കന്റ് ഇടവിട്ട് | 30 | ഹെക്സഗണൽ, ചുവപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ |
കോഴിക്കോട് | 17 | 2 ഫ്ലാഷുകൾ 6 സെക്കന്റ് ഇടവിട്ട് | 15 | വെളുപ്പ് |
തിക്കൊടി (കടലൂർ പോയിന്റ്) | 57 | 1 ഫ്ലാഷ് 20 സെക്കന്റ് ഇടവിട്ട് | 10 | വെളുപ്പും കറുത്ത ഒരു തിരശ്ചീന ബാൻഡും |
മാഹി (മയ്യഴി) | 30 | 3 ഫ്ലാഷുകൾ 9 സെക്കന്റ് ഇടവിട്ട് | 35 | വെള്ളനിറത്തിലുള്ള സിലിണ്ടർ ആകൃതിയുള്ള സ്തംഭം |
തലശ്ശേരി | 27 | 3 ഫ്ലാഷുകൾ 9 സെക്കന്റ് ഇടവിട്ട് | 33 | വെളുപ്പ് (ഡോം മാത്രം ചുവപ്പ്) |
കണ്ണൂർ | 35 | 1 ഫ്ലാഷ് 10 സെക്കന്റ് ഇടവിട്ട് | 23 | ചുവപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ |
കോട്ടേക്കുന്ന് | 70 | 2 ഫ്ലാഷുകൾ 20 സെക്കന്റ് ഇടവിട്ട് | 17 | ത്രികോണാകൃതിയിലുള്ള സ്തംഭം ചുവപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ |
കാസർഗോട് | 36 | 3 ഫ്ലാഷുകൾ 20 സെക്കന്റ് ഇടവിട്ട് | 30 | ഒക്റ്റഗണൽ ആകൃതി, കറുപ്പും വെളുപ്പും തിരശ്ചീന ബാൻഡുകൾ |
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 കേരളത്തിലെ വിളക്കുമാടങ്ങൾ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-19. Retrieved 2012-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-19. Retrieved 2012-09-06.
- ↑ 4.0 4.1 4.2 4.3 "ലൈറ്റ്ഹൗസസ് ഓഫ് ഇന്ത്യ, കേരള ആൻഡ് കർണാടക". Archived from the original on 2014-04-02. Retrieved 2012-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2012-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2012-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-02. Retrieved 2012-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-19. Retrieved 2012-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-20. Retrieved 2012-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2012-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2012-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2012-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2012-10-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2012-10-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-05. Retrieved 2012-10-14.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദീപസ്തംഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |