കടലൂർ പോയിന്റ് വിളക്കുമാടം
കോഴിക്കോട് ജില്ലയിൽ ഇപ്പോൾ പ്രവർത്തനത്തിലുള്ള രണ്ട് വിളക്കുമാടങ്ങളിൽ ഒന്നാണ് കടലൂർ പോയിന്റ് ലൈറ്റ് ഹൗസ്. തിക്കോടി വിളക്കുമാടമെന്നും ഇത് അറിയപ്പെടുന്നു[1]. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് 9 കിലോമീറ്റർ അകലെയും കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ നന്തിബസാറിൽ നിന്ന് അര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് ഓടോക്കുന്നിലാണ് ലൈറ്റ് ഹൗസ്. 34 മീറ്ററാണ് ഇപ്പോഴുള്ള വിളക്കുമാടത്തിന്റെ ഉയരം. വൃത്താകൃതിയാണ് സ്തംഭത്തിനുള്ളത്. പൂർണമായും കരിങ്കല്ലിലാണ് നിർമാണം. ഇടവിട്ട കറുപ്പും വെളുപ്പും വരകളായാണ് നിറം കൊടുത്തിരിക്കുന്നത്. ലൈറ്റ് ഹൗസിൽനിന്നുള്ള പ്രകാശത്തിന്റെ ആവൃത്തി 20 ആണ്. ഒരു ഫ്‌ളാഷ് ലൈറ്റ് അഞ്ച് സെക്കൻഡ് നീണ്ടുനിൽക്കുന്നതുകൊണ്ട് തന്നെ കടലിലുള്ളവർക്ക് 40 നോട്ടിക്കൽമൈൽ അകലെനിന്ന് പോലും ഈ പ്രദേശത്തെ തിരിച്ചറിയാൻ കഴിയും. 1909 ഒക്ടോബർ 20-നായിരുന്നു ഈ വിളക്കുമാടം ഉപയോഗത്തിൽ വന്നത്. മെറ്റൽ ഹാലൈഡ് ദീപമാണ് പ്രകാശസ്രോതസ്സായി ഉപയോഗിക്കുന്നത്. കടൽത്തീരത്തുനിന്ന് 10 കിലോമീറ്റർ ഉള്ളിലായി സമുദ്രോപരിതലത്തിനു താഴെയുള്ള വെള്ളിയം കല്ല് എന്നറിയപ്പെടുന്ന പാറക്കല്ലുകളെപ്പറ്റി നാവികരെ താക്കീതുചെയ്യാനായിരുന്നുവത്രേ ഈ ദീപസ്തംഭം നിർമ്മിക്കപ്പെട്ടത്.
1906-07 കാലഘട്ടത്തിലാണ് നിർമ്മാണം തുടങ്ങിയത്. ബ്രിട്ടീഷ് സർക്കാർ കടലൂരിൽ ലൈറ്റ് ഹൗസിനായി ഒടോക്കുന്ന് എന്ന പ്രദേശത്തെ അഞ്ചുപേരിൽ നിന്ന് 27 ഏക്കർ സ്ഥലം ഏക്രയ്ക്ക് 50 രൂപ വില നിശ്ചയിച്ച് അക്വയർ ചെയ്യുകയായിരുന്നു. ശേഷം 1909-ൽ പൂർത്തീകരിക്കപ്പെട്ടു. അന്ന് ഉപയോഗിക്കാൻ തുടങ്ങിയ പ്രകാശസംവിധാനം (ബിർമിംഗ്ഹാമിലെ ചാൻസ് ബ്രദേഴ്സ് നിർമിച്ചുനൽകിയത്) 1995 മാർച്ച് 16-ന് മാറ്റുന്നതുവരെ പ്രവർത്തിക്കുന്നുണ്ടായിരുന്നുവത്രേ. അതിനുശേഷം 1996 ആഗസ്റ് 8-ന് മെറ്റൽ ഹാലൈഡ് ലാമ്പ് ഉപയോഗത്തിൽ വരുന്നതുവരെ ഇൻകാൻഡസെന്റ് ദീപങ്ങളായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. ഇതിലെ പ്രകാശം പുറപ്പെടുവിക്കുന്ന യന്ത്രം സുഗമമായി കറങ്ങാൻ 118 കിലോ മെർക്കുറി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതോടൊപ്പം ഡയറക്റ്റ് ഡ്രൈവ് സിസ്റ്റവും ഉപയോഗിച്ചുതുടങ്ങി. [2][3]
പ്രവേശനം
തിരുത്തുകകൊച്ചിയിലെ ഡയറക്ടർ ഓഫ് ലൈറ്റ് ഹൗസിനുകീഴിലാണ് പ്രവർത്തിക്കുന്നത്. എല്ലാദിവസവും മൂന്നുമണി മുതൽ അഞ്ച് മണിവരെ ഇവിടെ പ്രവേശനമുണ്ട്. കുട്ടികൾക്ക് അഞ്ചും മുതിർന്നവർക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിനോദസഞ്ചാരകേന്ദ്രമായ വെള്ളിയാങ്കല്ലിന്റെ ദൃശ്യം ലൈറ്റ് ഹൗസിൽനിന്നും ഏറ്റവും അടുത്ത് കാണാനാവും.[4]
അവലംബം
തിരുത്തുക- ↑ "ലൈറ്റ്ഹൗസസ് ഓഫ് ഇന്ത്യ, കേരള ആൻഡ് കർണാടക". Archived from the original on 2014-04-02. Retrieved 2015-06-21.
- ↑ കേരളത്തിലെ വിളക്കുമാടങ്ങൾ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2015-06-21.
- ↑ "ഉയരാൻ കാരണം ഒരു കപ്പൽ തകർച്ച, 111 വയസ് തികച്ച് കേരളത്തിലെ ഈ ലൈറ്റ് ഹൗസ്" (in ഇംഗ്ലീഷ്). Retrieved 2020-10-20.