കേരളത്തിന്റെ മൊത്തം വിസ്തീർണ്ണത്തിന്റെ 29.1 ശതമാനം, അതായത് 11,309.5 ചതുരശ്രകിലോമീറ്റർ വനമേഖലയാണ്. കേരള വനം വന്യജീവിവകുപ്പിന്റെ മേൽനോട്ടത്തിലുള്ള ഈ വനമേഖലയെ സംരക്ഷിതവനം (reserved), നിർദ്ദിഷ്ട-സംരക്ഷിതവനം (proposed reserve), നിക്ഷിപ്തവനം (vested), പരിസ്ഥിതിദുർബലപ്രദേശങ്ങൾ (Ecologically fragile land) എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.[1]

കേരളത്തിലെ ആദ്യത്തെ റിസർവ് വനമാണ് കോന്നി വനമേഖല.[2] 1887-ൽ തിരുവിതാംകൂർ മഹാരാജാവ് വന നിയമം നടപ്പാക്കിയ പ്രകാരം 1888 ഒക്ടോബർ 9-നാണ് മേഖല നിലവിൽ വന്നത്. 1894-ൽ വനനിയമം പരിഷ്കരിക്കുകയും വനത്തെ ഡിവിഷനുകളായും റേഞ്ചുകളായും തിരിച്ച് കൂടുതൽ വനപ്രദേശങ്ങൾ റിസർവ് വനങ്ങളായി മാറ്റുകയും ചെയ്തു.

വിവിധതരം വനങ്ങൾതിരുത്തുക

താഴെക്കാണുന്ന വിവിധ വിഭാഗങ്ങളിലുള്ള വനങ്ങൾ കേരളത്തിലുണ്ട്.

  • ഉഷ്ണമേഖല നിത്യഹരിതവനങ്ങൾ - സമുദ്രനിരപ്പിൽ നിന്നും 600 മീറ്ററിനും 1100 മീറ്ററിനും ഇടക്കുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന വനങ്ങൾ. എപ്പോഴും ഈർപ്പം നിറഞ്ഞ അന്തരീക്ഷം
  • ഉഷ്ണമേഖലാ ആർദ്ര ഇലകൊഴിയും വനങ്ങൾ - മഴയുടെ അളവ് കുറഞ്ഞ വനമേഖല.
  • ഉഷ്ണമേഖലാ അർധനിത്യഹരിത വനങ്ങൾ - വാർഷിക വർഷപാതം 200 സെ.മീ ലും കുറവായിരിക്കും
  • ഇലപൊഴിയും വരണ്ട വനങ്ങൾ - വാർഷിക വർഷപാതം 100 സെ.മീറ്ററിൽ കുറവായ വനമേഖലയാണിത്.
  • ചോലവനങ്ങൾ - പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ മലനിരകളുടെ മലയിടുക്കുകളിൽ കൂട്ടം കൂട്ടമായി കാണപ്പെടുന്ന വനമേഖലയാണിത്.
  • പുൽമേടുകൾ - പർ‌വ്വതനിരകളുടെ ചരിവുകളിൽ കാണപ്പെടുന്ന മരങ്ങൾ കുറഞ്ഞ വനമേഖല

വിസ്തീർണ്ണംതിരുത്തുക

കേരളത്തിലെ വനമേഖലയുടെ വിസ്തീർണ്ണം വനം-വന്യജീവിവകുപ്പിന്റെ വിഭജനമനുസരിച്ച്[1]
തരം വിസ്തീർണ്ണം (ചതുരശ്രകിലോമീറ്ററിൽ)
സംരക്ഷിതവനം (Reserved Rorest) 9107.2066
നിർദ്ദിഷ്ട-സംരക്ഷിതവനം (Proposed Reserve) 364.5009
നിക്ഷിപ്തവനങ്ങളും പരിസ്ഥിതിദുർബലപ്രദേശങ്ങളും
(Vested Forests & Ecologically Fragile Lands)
1837.7957
ആകെ വിസ്തീർണ്ണം 11309.5032

കേരളത്തിലെ നിത്യഹരിതവനങ്ങൾതിരുത്തുക

കേരളത്തിലെ വനങ്ങളുടെ ഏകദേശം നാലിൽ ഒന്ന് ഭാഗത്തോളവും നിത്യഹരിതവനങ്ങളാണ് (3.48 ലക്ഷം ഹെക്ടർ). പശ്ചിമഘട്ടത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ഇവ വ്യാപകമായിട്ടുള്ളത്. കേരളത്തിലെ ദേശീയോദ്യാനങ്ങൾ, പ്രത്യേകിച്ചും സൈലന്റ്വാലി, നിത്യഹരിതവനങ്ങളാൽ സമ്പന്നമാണ്. കേരളത്തിലെ നിത്യഹരിത വനങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

ദക്ഷിണ പർവതമുകൾ നിത്യഹരിതവനങ്ങൾതിരുത്തുക

ദക്ഷിണ പർവതമുകൾ നിത്യഹരിതവനങ്ങൾ (Southern Hilltop Tropical Evergreen Forests). ഒരു മാതൃകാ നിത്യഹരിതവനത്തിനെ അപേക്ഷിച്ച് ഉയരം കുറഞ്ഞ വൃക്ഷങ്ങളാണ് ഇവിടെയുള്ളത്. കുന്നുകളുടെ മുകളിലും ചരിവുകളിലുമാണ് ഇത്തരം വനങ്ങൾ കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങളിൽ കാണപ്പെടുന്ന പർവതമുകൾ വനങ്ങളിൽ ശരാശരി 4500 മില്ലിമീറ്ററിൽ അധികം വാർഷികവർഷപാതവും ഉയർന്ന ആർദ്രതയും അനുഭവപ്പെടുന്നു. നൂറുകണക്കിന് ഇനം മുളകളും വളളിച്ചെടികളും ഇവിടുത്തെ പ്രത്യേകതകളാണ്.

പടിഞ്ഞാറൻ തീര നിത്യഹരിതവനങ്ങൾതിരുത്തുക

കേരളത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ തീര നിത്യഹരിതവനങ്ങൾ (West Coast Evergreen forests) നിരവധി സ്പീഷീസ് സസ്യജന്തുജാലങ്ങളാൽ അനുഗൃഹീതമാണ്. 45 മീറ്ററിൽ അധികം ഉയരമുള്ള വൃക്ഷങ്ങളാൽ നിബിഡമാണ് ഈ വനങ്ങൾ. 250-1200 മീ. വരെ ഉന്നതിയിലാണ് ഈ വിഭാഗം വനങ്ങൾ കാണപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടുതലുള്ള പ്രദേശങ്ങളിൽ ഇത്തരം വനങ്ങളുടെ ഉയരം കുറയുന്നു. 1500-5000 മില്ലിമീറ്ററാണ് ശരാശരി വാർഷിക വർഷപാതം. നാങ്ക് (Mesua ferrea) പാലി (Palaquium ethipticum), വെടിപ്ലാവ് (Cullenia exarillata) എന്നിവ ഇവിടുത്തെ ചില വൃക്ഷങ്ങളാകുന്നു. മറ്റു നിത്യഹരിത വനങ്ങളിൽ സുലഭമായി കണ്ടുവരുന്ന കൽപ്പയൻ (Dipterocarpus indicus), കമ്പകം (Hopea parvifolia) എന്നീ വൃക്ഷങ്ങൾ കാണപ്പെടുന്നില്ല എന്നത് ഈ വിഭാഗത്തിന്റെ പ്രത്യേകതയാണ്. മൃദുലമായ കാണ്ഡത്തോടുകൂടിയ വള്ളിച്ചെടികളും ഇവിടെ ധാരാളമായുണ്ട്.

നനവാർന്ന നിത്യഹരിത-അർധനിത്യഹരിത ക്ലൈമാക്സ് വനങ്ങൾതിരുത്തുക

പശ്ചിമഘട്ടത്തിൽ 2000 മി.മീറ്ററിൽ അധികം മഴ ലഭിക്കുന്നതും സദാ കാറ്റ് വീശുന്നതുമായ പ്രദേശങ്ങളിലാണ് നനവാർന്ന നിത്യഹരിത - അർധനിത്യഹരിത ക്ലൈമാക്സ് വനങ്ങൾ (Wet evergreen and semievergreen climax forests) കാണപ്പെടുന്നത്. ഓരോ പ്രദേശത്തും അനുഭവപ്പെടുന്ന ആർദ്രത, മഴ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസൃതമായി സസ്യജന്തുജാലങ്ങളിലും സാരമായ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അനുസരിച്ച് ഈ വനങ്ങളെ വീണ്ടും മൂന്നായി തിരിച്ചിരിക്കുന്നു. 1. താഴ്ന്ന (0-800 മീ.) 2. ഇടത്തരം (800-1450) 3. ഉയർന്ന (1400-1800) നിത്യഹരിതവനങ്ങൾ എന്നിങ്ങനെ.

കേരളത്തിലെ നിത്യഹരിത വനങ്ങളിൽ വെള്ളപ്പൈൻ (Vateria indica), പാലി (Palaquim ellipticum), കൽപയിൻ (Dipterocarpus indicus), കമ്പകം (Hopea parviflora), വെടിപ്ലാവ് (Cullenia exarillata), നാങ്ക് (Mesua ferrea), കുളമാവ് (Machilus macrantha), ആഞ്ഞിലി (Artocarpus hirsuta) എന്നിവ ഒന്നാം തട്ടിലും സിന്ദൂരം (Mallotus philippensis), പൂവം (Schleichera oleosa), കാരമാവ് (Eleocarpus serratus), നെടുനാർ (Polyalthia fragrans), വഴന (Cinnamomum ceylanica), ചേര് (Holigarna arnottiana), ചോരപ്പാലി (Myristica beddomi), വട്ട (Macaranga peltata) എന്നിവ രണ്ടാം തട്ടിലും വളരുന്നു. മണിപ്പെരണ്ടി (Leea indica), ഏലം (Elettaria cardamomum), കരിങ്കുറിഞ്ഞി (Strobilanthus sps), കൂര (Curcuma sps) എന്നിവയാണ് മൂന്നാം തട്ടിലെ പ്രധാന സസ്യയിനങ്ങൾ. കൂടാതെ ചൂരൽ (Calamus sps), രാമദന്തി (Smylax ceylanica), കാട്ടുമുരുളക് (Pepper sps) തുടങ്ങിയ വള്ളിച്ചെടികളും നിത്യഹരിതവനങ്ങളിൽ വളരുന്നുണ്ട്.

ജന്തുവൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ് നിത്യഹരിതവനങ്ങൾ. കേരളത്തിലെ നിത്യഹരിതവനങ്ങളിൽ പ്രത്യേകിച്ചും സൈലന്റ്വാലിയിൽ കണ്ടുവരുന്ന ഒരു സസ്തനിയാണ് സിംഹവാലൻ കുരങ്ങ് (Lion tailed macaque). ആന, കുറുക്കൻ, കാട്ടുപോത്ത്, പുലി, പുള്ളിമാൻ തുടങ്ങിയവയാണ് ഇവിടെ സാധാരണയായി കണ്ടുവരുന്ന മറ്റു മൃഗങ്ങൾ. കൂടാതെ വിവിധയിനം ഷഡ്പദങ്ങളെയും കേരളത്തിലെ നിത്യഹരിതവനങ്ങളിൽ കാണാൻകഴിയും. നീലയക്ഷിപ്പക്ഷികൾ (fariy blue birds), വലിയ കരിംചുണ്ടൻ മരംകൊത്തി (great black beaked woodpecker), ഇന്ത്യൻ ഹോൺബിൽ, നീലഗിരി കാട്ടുപ്രാവ് (Nilgiri woodpigeon), വയനാടൻ ചിരിപ്പക്ഷി (Wynad laughing thrush) തുടങ്ങിയ പക്ഷികൾ കേരളത്തിലെ നിത്യഹരിതവനങ്ങളിൽ മാത്രം കണ്ടുവരുന്നവയാണ്.

ഇടതൂർന്ന നിത്യഹരിതവനങ്ങൾ, ഭൂമിക്കു മുകളിൽ ഒരു ആവരണംപോലെ നിലകൊള്ളുന്നതിനാൽ വേനൽക്കാലങ്ങളിൽ ബാഷ്പീകരണത്തിന്റെ തോത് നന്നെ കുറയ്ക്കുകയും മണ്ണിലെ ഈർപ്പത്തെ നിലനിർത്തുകയും ചെയ്യുന്നു. കൂടാതെ മണ്ണിന്റെ ജലാഗ്രഹണ (recharge) സാധ്യതയും ഇവിടെ കൂടുതലാണ്. തടികൾ, തടിയേതര വനവിഭവങ്ങൾ, ഈറ്റ, ചൂരൽ തുടങ്ങിയവയ്ക്കു പുറമേ ഔഷധസസ്യങ്ങളും നിത്യഹരിതവനങ്ങളിൽ നിന്നു ലഭ്യമാണ്.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 "കേരളസർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടൽ". കേരള വനം വന്യജീവി വകുപ്പ് (ഭാഷ: ഇംഗ്ലീഷ്). കേരള സർക്കാർ. ശേഖരിച്ചത് 2011 സെപ്റ്റംബർ 6. {{cite web}}: Check date values in: |accessdate= (help)
  2. "ഭൂമിയിലെ ആദ്യത്തെ വനം". മാധ്യമം. ശേഖരിച്ചത് 2013 ഓഗസ്റ്റ് 26. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_വനങ്ങൾ&oldid=3913803" എന്ന താളിൽനിന്ന് ശേഖരിച്ചത്