കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിനടുത്ത് കൂർക്കഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ മഹേശ്വരക്ഷേത്രം (മാഹേശ്വരക്ഷേത്രം എന്ന് തെറ്റായി പറയപ്പെടുന്നു). ശ്രീ നാരായണഗുരു പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനാണ്. ഉപദേവതകളായി പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ, മുത്തപ്പൻ, ചാമുണ്ഡി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയെങ്കിലും ഉപദേവനായ സുബ്രഹ്മണ്യന്റെ പേരിൽ നടത്തപ്പെടുന്ന തൈപ്പൂയമാണ് ഇവിടെ പ്രധാന ആഘോഷം. ജില്ലയിൽ ഏറ്റവും കൂടുതൽ കാവടികൾ എത്തിച്ചേരുന്ന ഉത്സവങ്ങളിലൊന്നാണിത്. ശിവരാത്രിയും അതിവിശേഷമായി ആചരിച്ചുവരുന്നു. ശ്രീനാരായണ ഭക്തജനസമാജം എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്.

ചരിത്രംതിരുത്തുക

പത്തൊൻപതാം നൂറ്റാണ്ടിലെ കേരളീയസമൂഹം വളരെയധികം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞതായിരുന്നു. സമൂഹത്തിലെ ഭൂരിപക്ഷമായിരുന്ന അവർണ്ണർ, ന്യൂനപക്ഷമായിരുന്ന സവർണ്ണരുടെ കീഴിൽ അടിച്ചമർത്തപ്പെട്ടു കഴിഞ്ഞു. അവർക്ക് സ്വന്തമായി പണം സമ്പാദിയ്ക്കാനോ, വലിയ വീടുകൾ പണിയാനോ, പൊതുവഴികളും പൊതുക്കിണറുകളും ഉപയോഗിയ്ക്കാനോ, ക്ഷേത്രദർശനം നടത്താനോ, എന്തിനേറെ, മുഖ്യധാരാ ഹൈന്ദവദേവതകളെ ആരാധിയ്ക്കാനോ പോലും അവകാശമുണ്ടായിരുന്നില്ല. ഈ സാഹചര്യങ്ങൾ കണ്ട് ദുഃഖിതനായാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഇന്ത്യയുടെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ഈയൊരു സാഹചര്യത്തിലാണ് ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും വാഗ്‌ഭടാനന്ദനും മന്നത്ത് പത്മനാഭനും വി.ടി. ഭട്ടതിരിപ്പാടും അടക്കമുള്ള കേരളീയ നവോത്ഥാനനായകർ ഉദയം ചെയ്തത്. ഇവരിൽ ഏറ്റവും ശ്രദ്ധേയനായത് ശ്രീനാരായണഗുരുവാണ്. 1888-ലെ ശിവരാത്രിനാളിൽ നെയ്യാറിന്റെ തീരത്തെ അരുവിപ്പുറത്ത് അദ്ദേഹം നടത്തിയ ശിവപ്രതിഷ്ഠ കേരളീയ ചരിത്രത്തിലെ സുപ്രധാനമായ ഏടാണ്. തുടർന്ന് അദ്ദേഹം 42 ക്ഷേത്രങ്ങളിൽ കൂടി പ്രതിഷ്ഠകൾ നടത്തിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നായ കൂർക്കഞ്ചേരി ശ്രീമഹേശ്വരക്ഷേത്രത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് വഴിതെളിച്ചത് ഇങ്ങനെയാണ്:

ഗുരുദേവന്റെ പ്രവർത്തനങ്ങൾ കേരളീയ സമൂഹത്തിൽ വലിയ ചലനമുണ്ടാക്കിയപ്പോൾ തൃശ്ശൂരും അതിന്റെ ഭാഗമായി. തൃശ്ശൂർ ഭാഗത്ത് അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ടായി. അവരെല്ലാവരും കൂടിച്ചേർന്ന് 1912-ൽ ശ്രീനാരായണ ഭക്തപരിപാലനയോഗം എന്ന സംഘടനയ്ക്ക് രൂപം നൽകി. ആദ്യകാലത്ത് വലിയ മൂലധനമൊന്നുമില്ലാതിരുന്ന ഇതിലെ അംഗങ്ങൾ, കുറിക്കമ്പനി നടത്തിയും ഓരോരുത്തരായി നാലണ വച്ചുനൽകിയും പുരോഗമനവാദികളായ ചില പ്രശസ്തരിൽ നിന്ന് പണം വാങ്ങിയുമൊക്കെയാണ് സംഘടന നിലനിർത്തിപ്പോന്നത്. അങ്ങനെയാണ് ഇപ്പോൾ ക്ഷേത്രമിരിയ്ക്കുന്ന അരയേക്കർ സ്ഥലം യോഗം വാങ്ങുന്നത്. മേൽപ്പറഞ്ഞ പണം മുഴുവൻ ഉപയോഗിച്ച് അവർ ശ്രീകോവിലും നാലമ്പലവുമെല്ലാം പണികഴിപ്പിച്ചു. അന്നത്തെ കൊച്ചി രാജാവ് ക്ഷേത്രനിർമ്മാണത്തിന് ആറുകണ്ടി തേക്കുമരം കൊടുത്തതും ശ്രദ്ധേയമാണ്. നാലുവർഷം നീണ്ടുനിന്ന ക്ഷേത്രനിർമ്മാണം 1916-ൽ അവസാനിച്ചു.

പുതിയ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമ്മം ഗുരുദേവൻ സ്വന്തം കൈകൾ കൊണ്ടു നിർവഹിയ്ക്കണമെന്നായിരുന്നു യോഗത്തിന്റെ ആവശ്യം. ഗുരുദേവൻ ആലുവയിലെ അദ്വൈതാശ്രമത്തിൽ എത്തിച്ചേർന്ന വിവരം അറിഞ്ഞ യോഗം ഭാരവാഹികൾ അദ്ദേഹത്തെ അവിടെച്ചെന്നുകാണുകയും പ്രതിഷ്ഠയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്തു. ഗുരുദേവൻ പൂർണസമ്മതം മൂളി.