കാവ്
ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധ വനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. പലപ്പോഴും കാവുകളോട് ചേർന്ന് കുളങ്ങളും കാണപ്പെടുന്നു. കാവും കുളവും ചേർന്ന് വംശ നാശ ഭീഷണി നേരിടുന്ന പല പക്ഷിമൃഗാദികൾക്കും സസ്യങ്ങൾക്കും ആവാസ വ്യവസ്ഥയൊരുക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ. ദൈവ സങ്കൽപ്പങ്ങളുള്ള മരകൂട്ടങ്ങളെ കാവുകൾ എന്നു വിളിക്കുന്നു. ക്ഷേത്രങ്ങളോട് ചേർന്നും അല്ലാതെയും കാവുകൾ കാണപ്പെടുന്നു. ഇവയോട് അനുബന്ധമായി കുളവും വയലുകളും കാണാം.[1]
പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. [2]. ദ്രാവിഡരീതിയിലുള്ള ഇത്തരം ക്ഷേത്രങ്ങളിൽ സ്ത്രീ ദൈവമായിരുന്നു പ്രധാന പ്രതിഷ്ഠ. ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും സാക്ഷാൽ ആദിപരാശക്തിയുമായ ഭഗവതിയെ പ്രകൃതി അഥവാ പ്രകൃതീശ്വരിയായി സങ്കല്പിക്കപ്പെടുന്നു. ഇതാണ് ഭഗവതിയെ കാവുകളിൽ ആരാധിക്കുവാൻ പ്രധാന കാരണം. ഇത്തരം പല കാവുകളും ഇന്ന് വലിയ ക്ഷേത്രങ്ങളായി മാറിയിട്ടുണ്ട്. പലപ്പോഴും ക്ഷേത്രങ്ങളോട് ചേർന്നും ചെറുതും വലുതുമായ കാവുകൾ കാണാം. [3]
പ്രാചീന ആരാധനാമൂർത്തികളായ ദുർഗ്ഗ പ്രത്യേകിച്ച് വനദുർഗ്ഗ, ഭദ്രകാളി, ചാമുണ്ഡി, വേട്ടയ്ക്കൊരുമകൻ, അന്തിമഹാകാളൻ , ശാസ്താവ് അല്ലെങ്കിൽ അയ്യപ്പൻ, നാഗം എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം വന ശൈലാദ്രിവാസിനിയാണ് വന ദുർഗ്ഗ എന്നാണ് വിശ്വാസം. ഇക്കാരണത്താൽ പൊതുവേ വനദുർഗ്ഗ ഭഗവതി ക്ഷേത്രങ്ങളിൽ എല്ലാം തന്നെ കാവുകൾ കാണപ്പെടാറുണ്ട്. ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്ക് സമീപമുള്ള അമരങ്കാവ് വനദുർഗ്ഗ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ കാവായി കണക്കാക്കപ്പെടുന്നു. ഒരു ചെറിയ കാടിന്റെ പ്രതീതി തന്നെ അമരങ്കാവിൽ അനുഭവപ്പെടുന്നു. എറണാകുളം ജില്ലയിലെ പ്രസിദ്ധമായ ഇരിങ്ങോൾ കാവ് (ഭഗവതി ക്ഷേത്രം), ഹരിപ്പാടിന് സമീപമുള്ള പ്രസിദ്ധമായ മണ്ണാറശ്ശാല ക്ഷേത്രം (നാഗരാജ ക്ഷേത്രം), ആദിമൂലം വെട്ടിക്കോട്ട് നാഗരാജക്ഷേത്രം തുടങ്ങിയവ വലിയ കാവിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രങ്ങളാണ്. കാവ് വലിയ രീതിയിൽ ഇവിടെ പരിപാലിക്കപ്പെടുന്നതായി കാണാം. മഹാവിഷ്ണു, പരമശിവൻ മുതലായ വൈഷ്ണവ, പ്രധാനപ്പെട്ട ശൈവ ദൈവങ്ങൾ കുടികൊള്ളൂന്ന സ്ഥലം അമ്പലം (അഥവാ ക്ഷേത്രം) എന്നാണ് അറിയപ്പെടുക[4].
കേരളത്തിൽ കൊടുങ്ങല്ലൂർക്കാവ്, മാടായിക്കാവ്, പനയന്നാർക്കാവ്, വള്ളിയാംകാവ്, വള്ളിയൂർക്കാവ് തുടങ്ങിയ കാവുകളിൽ ആയിരുന്നു കാളി ആരാധന വികസിച്ചു വന്നത് തന്നെ. ഇന്നിവ മിക്കതും പ്രസിദ്ധമായ ക്ഷേത്രങ്ങൾ ആയി മാറിയിട്ടുണ്ട്. ഉത്തരകേരളത്തിൽ കാവുകൾ മുച്ചിലോട്ട്, കണ്ണങ്കാട്, മുണ്ടിയ, കോട്ടം, പള്ളിയറ എന്നീ പേരുകളിൽ അറിയപ്പെടുന്നു[2].
മനുഷ്യൻറെ സ്വതന്ത്രമായ ഇടപെടലും ചൂഷണങ്ങളും അനുവദിക്കാതെ വിശ്വാസത്തിന്റെ പിൻബലത്തിൽ കാവുകൾ ഒരു വനം പോലെ സംരക്ഷിച്ചു വരുന്നു. വൻമരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. ബാഹ്യ ഇടപടൽ ഇല്ലാതെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ കാവുകളിൽ നിലനിൽക്കുന്നു. ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജിവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്ല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിയേയും ഭഗവതിയെയും മലദൈവങ്ങളേയും നാഗങ്ങളേയും ആരാധിച്ചിരുന്നു. ഇതിനായി പ്രത്യേക ഭൂപ്രദേശം സംരക്ഷിച്ചിരുന്നു. ഇവയുടെ ഭാഗമാണ് ഇന്നു നാം കാണുന്ന കാവുകൾ. സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകികൊണ്ട് പാരിസ്ഥിക സംതുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാവുകളിലെ കുളങ്ങളും മണിക്കിണറുകളും പ്രദേശത്തെ വറ്റാത്ത ജലസ്രോതസ്സാണ്. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന പഴമൊഴി , കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നതിനു തെളിവാണ്. പ്രകൃതി സംരക്ഷണ പൂജയോടെ കന്നിയിലെ വിശേഷാൽ ആയില്യം തിരുനാളിൽ സർപ്പക്കാവിൽ ആയില്യം പൂജയുള്ള കേരളത്തിലെ പ്രമുഖ കാവാണ് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്. ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജലസംരക്ഷണ പൂജ, മീനൂട്ട്, വാനര ഊട്ട്, നാഗ ഊട്ട്, ആന ഊട്ട് എന്നിവ കാവിലെ പ്രധാന ചടങ്ങുകൾ ആണ്.
മലബാറിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിച്ചു പോരുന്നുണ്ട്. ഇവിടങ്ങളിൽ അനേകം ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. തെക്കൻമലബാറിലെ കാവുകളിൽ വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ഇവിടെ കാവുകളോട് ചേർന്ന് ആരാധനാ സ്ഥാനങ്ങൾ (പള്ളിയറ, കുരിയാല, തിടപ്പള്ളി, ചെറു പീഠങ്ങൾ എന്നിവ) ഉണ്ടായിരിക്കും. ചില കാവുകളിൽ നിത്യപൂജ ഉണ്ടായിരിക്കും. ചിലയിടത്ത് മാസപൂജയോ വിശേഷാൽ പൂജകളോ ആയില്യപൂജയോ ഉണ്ടാകും. മറ്റു ചില കാവുകളിൽ വാർഷിക തിറയാട്ട മഹോത്സവത്തിനു മാത്രമേ ആരാധന അനുവദിക്കുകയുള്ളൂ. പ്രാദേശിക വിശ്വാസങ്ങളനുസരിച്ചാണ് കാവുകളിലെ ആരാധനാക്രമങ്ങൾ. മിക്ക കാവുകളിലും നാഗപ്രതിഷ്ഠ കാവുകൾക്കുള്ളിലായിരിക്കും. ആൽമരങ്ങൾ, കാഞ്ഞിരം, പാലമരം, തൊണ്ടി, ഇലഞ്ഞി, വെട്ടി, താന്നി മുതലായവ മരങ്ങൾ കാവുകളിൽ പൊതുവായി കണ്ടുവരുന്നു. തെക്കൻ കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടുള്ള മണ്ണാറശാല ശ്രീനാഗരാജാക്ഷേത്രം, വെട്ടിക്കോട് നാഗരാജാക്ഷേത്രം എന്നിവയോടു അനുബന്ധിച്ചു വലിയ കാവുകൾ കാണാം.
പേരിനു പിന്നിൽ
തിരുത്തുകബലിയിടുന്ന സ്ഥലം എന്നാണ് കാവിൻറെ അർത്ഥം.[3] ചിറുദൈവങ്ങൾക്കിടും പലി എന്നാണ് തമിഴ് ലെക്സിക്കനിൽ പറയുന്നത്. സാധാരണാർത്ഥത്തിൽ കാവ് എന്നാൽ മരക്കൂട്ടമാണ്. സാങ്കേതികാർത്ഥത്തിൽ അത് ആരാധനാസ്ഥാനമാകുന്നു. കേരളത്തിൽ ബുദ്ധമത സ്വാധീനം നിലനിന്ന ഘട്ടത്തിൽ അവർ സ്ഥാപിച്ച സംഘാരാമങ്ങളാണ് കാവുകൾ എന്ന് ചരിത്രകാരനായിരുന്ന ഡോ എം എസ് ജയപ്രകാശ് നിരീക്ഷിച്ചിട്ടുണ്ട് [4].
ചരിത്രം
തിരുത്തുകവനങ്ങളിൽ വസിച്ചു വന്ന ആദിമ മനുഷ്യരുടെ ജീവിത ശൈലിയും, ഉപജീവന മാർഗവും കാടുകളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു . കൃഷി തൊഴിലാക്കിയതോടെ അവർ സ്ഥിര താമസക്കാരായി. കൃഷി നാശത്തിനു കാരണമാകുന്ന മൃഗശല്യം ഒഴിവാക്കാൻ അവർ ചില പൂജകളും മറ്റും നടത്തിയിരുന്നു. വേട്ടക്കൊരുമകൻ, വയനാട്ട് കുലവൻ, കിരാതശിവൻ എന്നീ വേട്ടക്കാരായ ദൈവങ്ങൾക്ക് വേണ്ടിയായിരുന്നു പല പൂജകളും. തീയർ ജാതി വിഭാഗത്തിന്റെ കുലദൈവമായ മുത്തപ്പനും വേട്ടയാടലിൽ തല്പ്പര്യനായിരുന്നു. ചിലയിടങ്ങളിൽ ഭദ്രകാളി, ഭഗവതി, ചാമുണ്ഡി തുടങ്ങിയ ശാക്തേയ ദേവതകളെയും കാവുകളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ദൈവങ്ങളുടെ വാസസ്ഥലങ്ങളാണ് പല കാവുകളും എന്നാണ് വിശ്വാസം. ആയതിനാൽ ഇത്തരംകാവുകളുടെ സംരക്ഷണത്തിൽ വിശ്വാസികൾ പ്രത്യേക ശ്രദ്ധ നല്കുന്നു.
കേരളത്തിലെ കാവുകൾ
തിരുത്തുകകേരളത്തിലെ കാവുകളെ കാളിക്കാവ്, നാഗക്കാവ് എന്നിങ്ങനെ രണ്ടായി തിരിക്കാം. നാഗദേവിയും നാഗരാജനും എന്ന സങ്കല്പം വരുമ്പോൾ നാഗക്കാവ് കാളിക്കാവില്പെടുത്താം. കാളിക്കാവുകളെ അവയിലെ അനുഷ്ഠാനരൂപങ്ങളെ അടിസ്ഥാനമാക്കി പടയണിക്കാവ്, തിറയാട്ട കാവ്, മുടിയേറ്റ് കാവ്, മുടിപ്പേച്ച് കാവ്, കാളിയൂട്ട് കാവ്, തീയ്യാട്ട് കാവ്(അയ്യപ്പൻ തീയാട്ട് കാവും ഇതിൽ പെടുന്നു) പൂതൻ തിറ കാവ്, കളിയാട്ട കാവ് എന്നിങ്ങനെ വിഭജിക്കാം. കാളീദാരിക സംഘട്ടനമാണ് ഈ കാവുകളിലെ പൊതുവായ കഥാബീജം. കേരളത്തിൽ കുംഭ പാട്ട് ഉള്ള ഏക കാവ് പത്തനംതിട്ട കോന്നി കല്ലേലി ശ്രീ ഊരാളി അപ്പൂപ്പൻ കാവിൽ മാത്രമാണ്. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കാവാണ് ഇത്. തലയാട്ടംകളി, വാനരയൂട്ട്, മീനൂട്ട് തുടങ്ങിയവയും ഇവിടെ ഉണ്ട്.[അവലംബം ആവശ്യമാണ്]
കാവ് വിവിധ ഭാഷകളിൽ
തിരുത്തുക- തമിഴ് (തമിഴ്‌നാട്) - കോവിൽകാവ്,
- കന്നഡ (കർണ്ണാടക) - ദേവറക്കാട്
- മറാഠി (മഹാരാഷ്ട്ര) - ദേവറഹാട്ട്
- ഭോജ്പൂരി (ബീഹാർ) - സാമാസ്
- മാൽവി (മദ്ധ്യപ്രദേശ്) - സർന
- രാജസ്ഥാനി (രാജസ്ഥാൻ) - ഒറാൻസ്
- ബംഗാളി (പശ്ചിമ ബംഗാൾ - ഗരിമതാൽ
- ഹിമാചലി (ഹിമാചൽ പ്രദേശ്) - ദേവോവൻ
- ആസാമി (മേഘാലയ) - ലോക്കിൻ ഹാങ്സ്
- ഇംഗ്ലീഷ് - സേക്രഡ് ഗ്രൂവ്സ്[2].
കാവുകളെക്കുറിച്ചുള്ള പഠനങ്ങൾ
തിരുത്തുകഉത്തര കേരളത്തിലെ കാവുകളെക്കുറിച്ച് ഇ. ഉണ്ണികൃഷ്ണൻ ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്[5]. കാവുകളുടെ നാശം ഒരു സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച് ജിതേഷ് മാണിയാട്ട് ഒരു പഠനം നടത്തിയിട്ടുണ്ട് [അവലംബം ആവശ്യമാണ്]. കേരളത്തിലെ കാവുകളെക്കുറിച്ച് മുന്നാർ ഡി.ഫ.ഓ. ആയിരുന്ന ഡോ. എൻ. സി. ഇന്ദുചൂഡൻ പഠനം നടത്തിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്].കാവുകളെ കുറിച്ചുള്ള പഠനങൾക്ക് ജപ്പാനിൽ നിന്നുള്ള നരവംശ വിദഗ്ദ്ധർ എത്തുന്ന ഏക കാവ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവാണ് .കാവുകളെ കുറിച്ച് പഠിക്കുന്ന ത്തിന് നിരവധി അദ്ധ്യാപകരും വിദ്യാർഥി കളും മാധ്യമ പ്രവർത്തകരും കല്ലേലി കാവിൽ എത്തുന്നു .പ്രകൃതി സംരക്ഷണ പൂജയാണ് ഇവിടെ പ്രധാനമായും ഉള്ളത് .
കാവുകളുടെ പ്രാധാന്യം
തിരുത്തുകഏഷ്യയുടെയും ആഫ്രിക്കയുടെയും ഭാഗങ്ങളിലായാണ് കാവുകൾ കൂടുതലായി കാണപ്പെടുന്നത്.[1] ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് നിലനിർത്താനും ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്[2]. കാവുകൾ ജൈവവൈവിധ്യം ഏറെയുള്ള ജീൻകലവറയാണ്. മൂന്നിനം ഉഭയജീവികൾ, പത്തിനം ഉരഗങ്ങൾ, എഴുപത്തിഏഴിനം പക്ഷികൾ, ഇരുപത്തിഒന്നിനം സസ്തനങ്ങൾ, അറുപത്തിയാറിനം ചിത്രശലഭങ്ങൾ, നിരവധിയിനം സസ്യങ്ങൾ തുടങ്ങിയവയെല്ലാം കാവുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു[2]. നിത്യഹരിതവനങ്ങളിൽ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങൾ കാവുകളിൽ കാണാനാകും[2].
വിശ്വാസങ്ങൾ
തിരുത്തുകചില കാവുകൾ ദേവതമാരുടെ വാസസ്ഥലമാണെന്നാണ് വിശ്വാസം. ഇത്തരം കാവുകളിൽ ചിലതിൽ വർഷത്തിൽ തെയ്യം കെട്ടുൽസവങ്ങളും ക്ഷേത്രങ്ങളുടെ വശങ്ങളിലായി സ്ഥിതി ചെയ്യുന്നവ, ക്ഷേത്രങ്ങള്ക്ക് ചുറ്റുമായുള്ളവ എന്നിങ്ങനെ ഇത്തരം കാവുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമായുള്ള കാവുകൾക്ക് ഉദാഹരണമാണ് കാസർഗോട് ജില്ലയിലെ നീലേശ്വരത്ത് സ്ഥിതി ചെയ്യുന്ന മന്നൻ പുറത്ത് കാവ്. മറ്റ് ചില കാവുകൾ നാഗാരാദനയുള്ളവയാണ്. ഇത്തരം കാവുകളിൽ ആയില്യം നാളിൽ പ്രത്യേകം പൂജകളും മറ്റും നടക്കാറുണ്ട്. നാഗാരാധനയുമായി ബന്ധപ്പെട്ട കാവുകളിൽ ചിലതിൽ മനുഷ്യരുടെ പ്രവേശനം പോലും പരിമിതമാണ്. വടക്കൻ കേരളത്തിൽ അനേകം കാവുകൾ ഇപ്പോഴും തനിമയോടെ സംരെക്ഷിച്ചു പോരുന്നു. തെക്കൻ കേരളത്തിലും മണ്ണാറശാല, വെട്ടിക്കോട് നാഗരാജാക്ഷേത്രം തുടങ്ങിയവയോടു അനുബന്ധിച്ചു വലിയ കാവുകൾ സംരക്ഷിച്ചു വരുന്നുണ്ട്. മുത്തപ്പൻ കാവ്, അയ്യപ്പൻകാവ്, നാഗർകാവ്, ഭഗവതിക്കാവ്, ഭദ്രകാളിക്കാവ്, ശിവക്കാവ് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു. പ്രകൃതി സംരക്ഷണ പൂജയുള്ള ഏക കാവ് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവാണ്.
ചിത്രങ്ങൾ
തിരുത്തുക-
വെണ്മണീയിലെ ശാർങ്ങക്കാവ്
-
കാവും പരികർമ്മിയും
അവലംബം
തിരുത്തുക- ↑ 1.0 1.1 "കാക്കണം കാവിനെ". മനോരമ മെട്രോ, കൊച്ചി എഡിഷൻ, പേജ് 2. 2013 സെപ്റ്റംബർ 20. Archived from the original on 2013-09-20. Retrieved 2013 സെപ്റ്റംബർ 20.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 2.2 2.3 2.4 2.5 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2008-12-26.
- ↑ 3.0 3.1 വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 4.0 4.1 അഴീക്കോട്, സഞ്ജീവൻ. (2007). തെയ്യത്തിലെ ജാതിവഴക്കം. കോട്ടയം: കറന്റ് ബുക്സ്. ISBN 81-240-1758-1.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-29. Retrieved 2018-02-27.