മണ്ണാറശ്ശാല ക്ഷേത്രം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാവിനുള്ള (അനന്തൻ,വാസുകി) ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. ഒൻപതിലധികം ഏക്കർ പ്രദേശത്തായി നിറഞ്ഞുനിൽക്കുന്ന കാവുകൾക്കുള്ളിൽ കിഴക്കോട്ട് ദർശനമായി മണ്ണാറശ്ശാല ക്ഷേത്രം സ്ഥിതി ചെയ്യുന്നു.[1] ശിവസർപ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ "വാസുകിയും" നാഗാമാതാവായ "സർപ്പയക്ഷിയുമാണ്" മുഖ്യ പ്രതിഷ്ഠകൾ.[2] നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ "നാഗയക്ഷിയും" സഹോദരി "നാഗചാമുണ്ഡിയുമാണ്" മറ്റു പ്രതിഷ്ഠകൾ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ മഹാവിഷ്‌ണുനാഗവും മഹാവിഷ്ണുവിന്റെ ശയനവുമായ നാഗരാജാവായ "അനന്തൻ (ആദിശേഷൻ)" കുടികൊള്ളുന്നു. അനന്തന്റെ പുറത്ത് സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു ശയിക്കുന്നു എന്നാണ് വിശ്വാസം. "അപ്പൂപ്പൻ" എന്നാണ് ശേഷനാഗം അറിയപ്പെടുന്നത്.
മണ്ണാറശ്ശാല ക്ഷേത്രം | |
---|---|
![]() മണ്ണാറശ്ശാല ശ്രീ നാഗരാജക്ഷേത്രം | |
പേരുകൾ | |
ശരിയായ പേര്: | മണ്ണാറശ്ശാല ശ്രീ നാഗരാജക്ഷേത്രം |
സ്ഥാനം | |
സ്ഥാനം: | മണ്ണാറശ്ശാല, ഹരിപ്പാട് , ആലപ്പുഴ ജില്ല, കേരളം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | നാഗരാജാവ് (വാസുകി, അനന്തൻ), സർപ്പയക്ഷി |
വാസ്തുശൈലി: | തെക്കെ ഇന്ത്യൻ, കേരളീയ രീതി |
ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്. ഈ ക്ഷേത്രത്തിൽ മഹാഗണപതി, ദുർഗ്ഗ, ഭദ്രകാളി, പരമശിവൻ, ധർമ്മശാസ്താവ് എന്നീ ഉപദേവതകളുണ്ട്. നാഗദേവതകളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ തല മുതിർന്ന സ്ത്രീ ആണ്. "വലിയമ്മ" എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത്.[3] നാഗരാജാവിന്റെ "അമ്മയുടെ" സ്ഥാനമാണ് വലിയമ്മക്ക് സങ്കല്പിച്ചിരിക്കുന്നത്. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തിലെ തികഞ്ഞ ഭക്തയായ അമ്മക്ക് മകനായി നാഗരാജാവായ അനന്തൻ അവതരിച്ചു എന്നാണ് കഥ.
ഈ ക്ഷേത്രത്തിൽ "ഉരുളി കമഴ്ത്തൽ" വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ അനേകകാലം ചികിത്സ ചെയ്തിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് സന്താനഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തിന്റെ അഭിവൃദ്ധിക്കും, മക്കളുടെ അഭിവൃദ്ധിക്കും, സർപ്പദോഷം അകലുമെന്നുള്ള വിശ്വാസവും ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.
തുലാമാസത്തിലെ ആയില്യത്തിനാണ് ഇവിടെ പ്രാധാന്യം. ഒരിക്കൽ മഹാരാജാവ് തിരുമനസ്സുകൊണ്ട് എഴുന്നെള്ളാൻ തടസം ഉണ്ടായതിനാൽ അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് കന്നിമാസത്തിലെ ആയില്യം മാറ്റി ഇവിടെ തുലാമാസത്തിൽ ആയില്യം ആഘോഷിക്കുന്ന രീതി തുടങ്ങിയത് എന്നാണ് ഐതിഹ്യം. കന്നിമാസത്തിലും തുലാമാസത്തിലും നടത്തുന്ന ആയില്യപൂജകൾ 12 ദിവസങ്ങൾ നിറഞ്ഞുനിൽക്കുന്ന പൂജകളാണ് ഉള്ളത്.[4]
ഐതീഹ്യം തിരുത്തുക
സന്താനങ്ങളില്ലാത്തതിൻ്റെ ദുഖവുമായി കഴിഞ്ഞിരുന്ന ബ്രാഹ്മണ ദമ്പതികളായ വസുദേവനും ശ്രീദേവിയും സന്താനലബ്ധിക്കായി സർപ്പരാജാവിനെ പൂജിച്ചു വരികയായിരുന്നു. ഈ സമയത്ത് നാഗരാജവിന്റെ അധിവാസസ്ഥലത്ത് കാട്ടുതീയുണ്ടായി. തീയിലകപ്പെട്ട സർപ്പങ്ങളെ ദമ്പതികൾ പരിചരിച്ചു. ദമ്പതികളുടെ പരിചരണത്തിൽ സർപ്പദൈവങ്ങൾ സന്തുഷ്ടരായി.[5]
കാട്ടുതീ അണഞ്ഞ് മണ്ണാറിയശാല മണ്ണാറശ്ശാലയായി എന്ന് ഐതീഹ്യം.[5] മന്ദാരച്ചെടികൾ നിറഞ്ഞ ശാല മണ്ണാറശ്ശാലയായെന്ന് മറ്റൊരു വിശ്വാസവുമുണ്ട്.[5] ശ്രീദേവി അന്തർജനം അഞ്ചുതലയുളള സർപ്പശിശുവിനും മനുഷ്യശിശുവിനും ജൻമം നൽകിയെന്നും, മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നപ്പോൾ സർപ്പരൂപത്തിൽ ഇല്ലത്ത് സഞ്ചരിക്കുവാൻ കഴിയില്ലെന്ന് പറഞ്ഞ് നാഗരാജാവ് ശാന്തമായ ഏകാന്ത സങ്കേതത്തിലേയ്ക്ക് നീങ്ങിയെന്നും ഐതീഹ്യം.[5]
നാഗാരാധന തിരുത്തുക
സർപ്പദേവതകളോടുള്ള ഭക്തിയാണ് സർപ്പപൂജ. ഈ പാരമ്പര്യം പ്രത്യേകിച്ച് മതത്തിലും പുരാണങ്ങളിലും പുരാതന സംസ്കാരങ്ങളിലും ഉണ്ട്. പാമ്പുകളെ അറിവിന്റെയും ശക്തിയുടെയും നവീകരണത്തിന്റെയും ഉടമകളായി കണ്ടിരുന്നു.
ക്ഷേത്രം തിരുത്തുക
ഈ പ്രശസ്തമായ നാഗരാജ ക്ഷേത്രം മരങ്ങൾ ഇടതിങ്ങി വളർന്ന കാവിന്റെ നടുവിലാണ് സ്ഥിതിചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000-ത്തോളം നാഗ പ്രതിമകളുണ്ട്.[6] ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം.[5]
ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിർമ്മിച്ച മഞ്ഞൾ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.
ഉരുളി കമഴ്ത്തൽ തിരുത്തുക
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ഉരുളി കമഴ്ത്തൽ. സന്താന സൗഭാഗ്യത്തിനായി ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി "ഉരുളി കമഴ്ത്തൽ" വഴിപാടു കഴിക്കുന്നു.[2] ദമ്പതികൾ താളമേളങ്ങളോടെ ക്ഷേത്രത്തിനു ചുറ്റും മൂന്നു പ്രദക്ഷിണം വെച്ച് ഉരുളി നാഗരാജാവിന്റെ നടയ്ക്കു വെയ്ക്കും. മേൽശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാർത്ഥന ഇവർ ഏറ്റു ചൊല്ലി ദമ്പതികൾ ഇല്ലത്തു ചെന്ന് അമ്മയെ ദർശിച്ച് ഭസ്മം വാങ്ങും. ഇവർ നടയ്ക്കു വെച്ച ഉരുളി പിന്നീട് അമ്മ നിലവറയിൽ അനന്തന് മുൻപിൽ കമഴ്ത്തിവെയ്ക്കുന്നു.[5] കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ ദമ്പതിമാർ കുഞ്ഞുമായി എത്തുമ്പോഴാണ് ഉരുളി നിവർത്തി ഉപകാരസ്മരണയായി പായസം വച്ചു നാഗരാജാവായ വാസുകിക്കും, അനന്തനും സമർപ്പിക്കുന്നു. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തെ ഭക്തയായ അന്തർജ്ജനത്തിന് മകനായി നാഗരാജാവായ അനന്തൻ ജനിച്ചു എന്നാണ് ഐതിഹ്യം. ജാതി - മത ഭേദമെന്യേ നിരവധി കുട്ടികളില്ലാത്ത ഭക്തർ ഈ വഴിപാടു ഇവിടെ നടത്താറുണ്ട്. ഹൈന്ദവവിശ്വാസ പ്രകാരം സന്താനങ്ങളുടെ ശ്രേയസിന് വേണ്ടി ദമ്പതിമാർ നാഗപ്രീതിയാണ് ആദ്യം വരുത്തേണ്ടത്. കൂടാതെ സന്താനങ്ങളുടെ ഐശ്വര്യത്തിനു വേണ്ടിയും സർപ്പദോഷശാന്തിക്കായും ഭക്തർ ഇവിടെ ദർശനം നടത്താറുണ്ട്.
ക്ഷേത്രത്തിൽ എത്താനുള്ള വഴി തിരുത്തുക
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബസ് സ്റ്റാന്റിൽ നിന്ന് (ദേശീയപാത 66-ൽ ഉള്ള പ്രധാന ബസ് സ്റ്റാന്റ്) മൂന്നു കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ മൂന്നര കിലോമീറ്റർ മാത്രമേയുള്ളൂ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 115 കിലോമീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് വടക്കോട്ട് പോയാലും മണ്ണാറശാലയിൽ എത്തിച്ചേരാവുന്നതാണ്.
അവലംബം തിരുത്തുക
- ↑ "ദർശനപുണ്യമേകുന്ന മണ്ണാറശ്ശാല ആയില്യം".
- ↑ 2.0 2.1 "സന്താനസൗഭാഗ്യത്തിന് മണ്ണാറശാല ഉരുളി കമഴ്ത്തൽ". ശേഖരിച്ചത് 2021-07-22.
- ↑ ഷാജി.കെ. "മണ്ണാറശ്ശാല: മന്ദാരം പൂക്കുന്ന പർണശാല". മൂലതാളിൽ നിന്നും 2021-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-07-22.
- ↑ "ദർശനപുണ്യമേകുന്ന മണ്ണാറശ്ശാല ആയില്യം".
- ↑ 5.0 5.1 5.2 5.3 5.4 5.5 "നാഗങ്ങൾ വിഹരിക്കുന്ന 'മണ്ണാറിയശാല": മണ്ണാറശാല ആയില്യപൂജ നാളെ". ശേഖരിച്ചത് 2021-07-22.
- ↑ "മണ്ണാറശ്ശാല ആയില്യം, മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ പ്രധാന ഉത്സവം, കേരള വിനോദ സഞ്ചാരം". ശേഖരിച്ചത് 2021-07-22.