കൽദായ ആചാരക്രമം

എദേസ്സയിൽ രൂപപ്പെട്ട പുരാതന ക്രൈസ്തവ ആചാരക്രമം
(എദേസ്സൻ സഭാപാരമ്പര്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കിന്റെ സഭയിൽ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പൗരസ്ത്യ ക്രിസ്തീയ ആചാരക്രമമാണ് (റീത്ത്) പൗരസ്ത്യ സുറിയാനി ആചാരക്രമം, അഥവാ കൽദായ ആചാരക്രമം. അസ്സീറിയൻ ആചാരക്രമം, എദേസ്സൻ ആചാരക്രമം, പേർഷ്യൻ ആചാരക്രമം, സെലൂക്യൻ ആചാരക്രമം, അല്ലെങ്കിൽ നെസ്തോറിയൻ ആചാരക്രമം എന്നും ഇത് അറിയപ്പെടാറുണ്ട്. പൗരസ്ത്യ സുറിയാനി ഭാഷയാണ് ഈ ആചാരക്രമത്തിലെ ആരാധനാ ഭാഷ. സുറിയാനി ക്രിസ്തീയതയിലെ രണ്ട് പ്രധാന സഭാപാരമ്പര്യങ്ങളിൽ (റീത്തുകൾ) ഒന്നാണിത്. മറ്റൊന്ന് അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം (പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം) ആണ്.[1][2][3][4]

പേർഷ്യൻ സ്ലീവാ അഥവാ മാർത്തോമ്മാ സ്ലീവാ

അരമായ യഹൂദ പാരമ്പര്യത്തിലും തോമ്മാശ്ലീഹായുടെയും അദ്ദായി, മാറി എന്നിവരുടെയും ശ്ലൈഹിക പൈതൃകത്തിലും വേരൂന്നിയ ആചാരക്രമമാണ് എദേസ്സയിൽ വികസിച്ച കൽദായ ആരാധനാക്രമം.[5] കൽദായ ആചാരക്രമത്തിലെ ആരാധനാക്രമം കിഴക്കിന്റെ സഭയിൽ നിന്ന് രൂപപ്പെട്ട സഭകളിൽ ഇപ്പോഴും ഉപയോഗത്തിലുണ്ട്. ഇതിലെ പ്രധാന അനാഫൊറ അദ്ദായിയുടെയും മാറിയുടെയും അനാഫൊറ ആണ്. കിഴക്കിന്റെ അസ്സീറിയൻ സഭ (ഇന്ത്യയിലെ ഇവരുടെ അതിരൂപതയായ കൽദായ സുറിയാനി സഭ ഉൾപ്പെടെ), കിഴക്കിന്റെ പുരാതന സഭ എന്നിവ മാത്രമല്ല പൗരസ്ത്യ കത്തോലിക്കാ സഭകളായ ഇറാഖിലെ കൽദായ കത്തോലിക്കാസഭയും ഇന്ത്യയിലെ സീറോ-മലബാർ സഭയും ഈ ആചാരക്രമം തന്നെയാണ് ഉപയോഗിക്കുന്നത്.

പദോത്പത്തി

തിരുത്തുക

കിഴക്കിന്റെ സഭയെ സൂചിപ്പിക്കുന്ന പൗരസ്ത്യ സുറിയാനി എന്ന വാക്കും ആചാരരീതി അല്ലെങ്കിൽ ആചാരക്രമം എന്നു സൂചിപ്പിക്കുന്ന റീത്തൂസ് (ritus) എന്ന ലത്തീൻ പദത്തിന്റെ മലയാള രൂപമായ റീത്ത് എന്ന വാക്കും ചേർന്നതാണ് പൗരസ്ത്യ സുറിയാനി ആചാരക്രമം അല്ലെങ്കിൽ പൗരസ്ത്യ സുറിയാനി റീത്ത് പ്രയോഗം.[6] റീത്ത് എന്ന സംജ്ഞകൊണ്ട് വിവക്ഷിയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ആരാധനാരീതിയും അതിനോടു ബന്ധപ്പെട്ട മതാനുഷ്ഠാന വിധികളുമാണ്. റീത്തിന് ചിലർ ലിറ്റർജിയെന്നും (ആരാധനാ ക്രമം) പറയാറുണ്ട്. റീത്ത് എന്ന പദത്തിന് ബാഹ്യമായ ആചാരവിധികൾ എന്ന അർത്ഥമാണുള്ളത്. ഒരു ക്രൈസ്തവ സമൂഹത്തിന് പ്രത്യേകമായ ആരാധനാരീതി, ഭക്ത്യാഭ്യാസങ്ങൾ, ആദ്ധ്യാത്മിക വീക്ഷണം, സഭാ ഭരണസമ്പ്രദായങ്ങൾ, കർമാനുമാനുഷ്ഠാന വിധികൾ മുതലായവയെല്ലാം കുറിയ്ക്കാൻ 'റീത്ത് ' എന്ന പദം പില്ക്കാല കൈസ്തവർ ഉപയോഗിച്ചതുടങ്ങി.[7]

ഈ ആചാരക്രമത്തെ കുറിക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദങ്ങൾ കിഴക്കിന്റെ സഭയുടെ സങ്കീർണ്ണമായ ചരിത്രത്തെയും സഭയുടെ തുടർച്ചയായി നിലവിൽ വന്ന വിഭാഗങ്ങളുടെ വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നു. ഈ ആചാരക്രമത്തിന്റെ ആരാധനാക്രമങ്ങൾ സുറിയാനി ഭാഷയുടെ കിഴക്കൻ രൂപഭേദത്തിൽ ഉള്ളതായതുകൊണ്ട് "കിഴക്കൻ സുറിയാനി ആചാരക്രമം" എന്ന് പൊതുവായി അറിയപ്പെടുന്നു. സസ്സാനിദ് പേർഷ്യൻ സാമ്രാജ്യത്തിൽ വികാസം പ്രാപിച്ചതായതുകൊണ്ട് ആചാരക്രമത്തെ പേർഷ്യൻ ആചാരക്രമം എന്നും വിളിക്കുന്നു.

പശ്ചിമേഷ്യയിലെ കൽദായ കത്തോലിക്കരും ഇന്ത്യയിലെയും സീറോ-മലബാർ സുറിയാനി കത്തോലിക്കരും പൊതുവേ 'കൽദായ ആചാരക്രമം' അഥവാ 'കൽദായ റീത്ത്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. കൽദായ എന്ന പദത്തിന് സുറിയാനി ഭാഷയിൽ 'മാന്ത്രികൻ' അല്ലെങ്കിൽ 'ജ്യോത്സ്യൻ' എന്നാണ് അർത്ഥമാക്കുന്നത്. എങ്കിലും ലത്തീൻ, ഗ്രീക്ക് എന്നിവ ഉൾപ്പെടെ പല യൂറോപ്യൻ ഭാഷകളിലും ഈ പദം സുറിയാനിക്കാരെയും സുറിയാനി ഭാഷ അഥവാ അറമായ ഭാഷയെയും ആണ് സൂചിപ്പിക്കുന്നത്. അറമായ ഭാഷയിൽ ഇത് പ്രത്യേകിച്ച് ദാനിയേലിൻ്റെ പുസ്തകത്തിലെ ചില അധ്യായങ്ങളിൽ കാണപ്പെടുന്ന രൂപത്തെ സൂചിപ്പിക്കുന്നു. 17ാം നൂറ്റാണ്ടിൽ മൊസൂളിൽ പ്രവർത്തിച്ചിരുന്ന ലത്തീൻ മിഷണറിമാരാണ് ഈ പദം കിഴക്കിന്റെ സഭയുടെ പൈതൃകം പിന്തുടരുന്ന പൗരസ്ത്യ കത്തോലിക്കാ സഭാംഗങ്ങളെ മാത്രം ഉദ്ദേശിക്കുന്നതിന് ഉപയോഗിക്കാൻ തുടങ്ങിയത്. സ്വതന്ത്ര പൗരസ്ത്യ സുറിയാനി സഭയായ അസ്സീറിയൻ സഭയുടെ അംഗങ്ങളെ 'നെസ്തോറിയർ' എന്നും ഇവർ വിശേഷിപ്പിച്ചു. പാശ്ചാത്യ സുറിയാനി (അന്ത്യോഖ്യൻ) ആചാരപാരമ്പര്യം പിന്തുടരുന്ന സുറിയാനി ഓർത്തഡോക്സ് സഭയിലെ അംഗങ്ങളെയും ആ സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് വന്ന സുറിയാനി കത്തോലിക്കരെയും ആണ് ഇവർ 'സുറിയാനിക്കാർ' എന്ന് വിളിച്ചിരുന്നത്. ബ്രിട്ടീഷ് മ്യൂസിയം അതിന്റെ 'ആരാധനക്രമങ്ങളുടെ കാറ്റലോഗിൽ' ഈ സാധാരണ റോമൻ കത്തോലിക്കാ നാമകരണ രീതി തന്നെയാണ് സ്വീകരിച്ചതായി കാണുന്നത്.

അതേസമയം സ്വതന്ത്ര പൗരസ്ത്യ സുറിയാനി സഭക്കാർ 'നെസ്തോറിയർ' എന്ന വിശേഷണത്തെ പൂർണ്ണമായി എതിർത്തിർക്കാറില്ല. എങ്കിലും ലത്തീൻ കത്തോലിക്കാ, ഗ്രീക്ക് ഓർത്തഡോക്സ്, യാക്കോബായ, മാറോനായ എന്നീ വിഭാഗങ്ങളിൽപെട്ടവരിൽ നിന്നും തിരിച്ചറിയുന്നതിന് അവർ സ്വയം ഉപയോഗിച്ചിരുന്ന പദപ്രയോഗം പ്രധാനമായും 'കിഴക്കിന്റെ സഭക്കാർ' എന്നതോ 'പൗരസ്ത്യർ' എന്നോ മാത്രം ആയിരുന്നു.[8]

അസ്സീറിയൻ

തിരുത്തുക

19ാം നൂറ്റാണ്ടിൽ ആംഗ്ലിക്കൻ സഭയിൽ പെട്ട ബ്രിട്ടീഷ് മിഷനറിമാർ സ്വതന്ത്ര പൗരസ്ത്യ സുറിയാനിക്കാരെ വിശേഷിപ്പിക്കുന്നതിന് "അസീറിയൻ സഭ" എന്നും അസ്സീറിയൻ വിഭാഗക്കാർ എന്നും വിളിക്കാൻ ആരംഭിച്ചു. ഈ പദപ്രയോഗം പ്രധാനമായും ഈ ജനവിഭാഗത്തിന്റെ വംശീയതയെ സൂചിപ്പിക്കുന്നതാണ്. ഇന്ന് പ്രധാനമായും കിഴക്കിന്റെ അസ്സീറിയൻ സഭയാണ് ഈ പദപ്രയോഗം ഔദ്യോഗികമായി ഉപയോഗിക്കുന്നത്. എങ്കിലും കൽദായ കത്തോലിക്കരും പുരാതന പൗരസ്ത്യരും അതോടൊപ്പം ഇറാഖിലെ സുറിയാനി ഓർത്തഡോക്സ് (യാക്കോബായ), സുറിയാനി കത്തോലിക്ക വിഭാഗക്കാരും പോലും ഈ പദപ്രയോഗം തങ്ങളെ കൂടി ഉൾക്കൊള്ളുന്ന ഒരു വംശീയ സംജ്ഞയായി ഇപ്പോൾ ഉപയോഗിക്കുന്നത് പതിവാണ്.[8] ഗ്രീക്ക്, റഷ്യൻ കിഴക്കൻ ഓർത്തഡോക്സ് സഭകളിലേക്ക് പരിവർത്തനം ചെയ്ത ചില പൗരസ്ത്യ സുറിയാനിക്കാരും അസീറിയൻ എന്ന പദപ്രയോഗം തങ്ങളുടെ വംശീയതയെ കുറിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.

ചരിത്രം

തിരുത്തുക

കൽദായ സുറിയാനി ആചാരക്രമം ഉത്ഭവിച്ചത് വടക്കൻ മെസപ്പൊട്ടാമിയയ്ക്ക് സമീപമായി സ്ഥിതി ചെയ്തിരുന്ന എദേസ്സ എന്ന രാജ്യത്താണ്. സസ്സാനിയൻ സാമ്രാജ്യം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന കിഴക്കിന്റെ സഭയുടെ അഥവാ കൽദായ സുറിയാനി സഭയുടെ ഔദ്യോഗിക ആചാരക്രമം ആയി ഇത്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭ ആയിരുന്ന കിഴക്കിന്റെ സഭയ്ക്ക് റോമാ സാമ്രാജ്യത്തിന് കിഴക്കുള്ള സസ്സാനിയൻ അധീനപ്രദേശങ്ങൾക്ക് പുറമേ മദ്ധ്യേഷ്യയിലും ചൈനയിലും ദക്ഷിണേന്ത്യയിലും ഉൾപ്പെടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. സ്വാഭാവികമായും ഈ പ്രദേശങ്ങളിലേക്കും കൽദായ ആചാരക്രമം വ്യാപിച്ചു. യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാ ശ്ലീഹയുടെയും അദ്ദേഹത്തിൻറെ ശിഷ്യനും യേശുക്രിസ്തുവിന്റെ 60 ശിഷ്യന്മാരിൽ ഒരാളും ആയിരുന്ന അദ്ദായിയുടെയും അദ്ദായിയുടെ ശിഷ്യനായ മാറിയുടെയും പ്രവർത്തനഫലമായാണ് ഈ സഭ രൂപപ്പെട്ടത് എന്നതാണ് പാരമ്പര്യം.[9] പരമ്പരാഗത വിവരണങ്ങൾ അനുസരിച്ച്, തോമാശ്ലീഹാ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ മലബാർ തീരം വരെ സഞ്ചരിച്ചതായി വിശ്വസിക്കപ്പെടുന്നു.[10][11][12][13] ഇന്ത്യയിലെ ഒരു സംഘടിത ക്രിസ്ത്യൻ സാന്നിധ്യത്തിൻ്റെ കൃത്യമായ വിവരണം ഏറ്റവും ആദ്യമായി നടത്തിയത് ആറാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയൻ ഗ്രീക്ക് സഞ്ചാരി കോസ്മാസ് ഇൻഡിക്കോപ്ല്യൂസ്റ്റെസ് ആണ്.[14][15][16][17]

ഉപയോഗവും വിഭാഗങ്ങളും

തിരുത്തുക

കൽദായ ആചാരക്രമത്തിൻ്റെ അവാന്തര രൂപങ്ങൾ കിഴക്കിന്റെ സഭയുടെ പൈതൃകം പിന്തുടരുന്ന സഭകൾ നിലവിൽ ഉപയോഗിക്കുന്നു:

വിഭാഗങ്ങൾ

തിരുത്തുക

കൽദായ ആചാരക്രമം അന്തർദേശീയ അക്കാദമിക തലങ്ങളിൽ പൊതുവേ കിഴക്കൻ സുറിയാനി അഥവാ പൗരസ്ത്യ സുറിയാനി ആചാരക്രമം എന്നാണ് അറിയപ്പെടുന്നത്. പേർഷ്യൻ ആചാരക്രമം എന്നും വ്യാപകമായി അറിയപ്പെടുന്നുണ്ട്. ഇത് സാധാരണ രീതിയിൽ വർഗ്ഗീകരിക്കപ്പെടുന്നത് താഴെപ്പറയുന്ന വിഭാഗങ്ങളായാണ്.

  • കൽദായ അഥവാ അസ്സീറിയൻ ആചാരക്രമം - കൽദായ കത്തോലിക്കാ, അസ്സീറിയൻ, 'പുരാതന' പൗരസ്ത്യ സഭകളുടെ ആചാരക്രമം
    • കൽദായ ആചാരക്രമം - കൽദായ കത്തോലിക്കാ സഭയുടെ ഉപയോഗശൈലി
    • അസ്സീറിയൻ ആചാരക്രമം - കിഴക്കിന്റെ അസ്സീറിയൻ, പുരാതന സഭകളുടെ ഉപയോഗരീതി
  • സിറോ-മലബാർ അഥവാ മലബാർ ആചാരക്രമം - സിറോ-മലബാർ സഭയിലെ ഉപയോഗരീതി

കൽദായ-അസ്സീറിയൻ ആചാരക്രമം

തിരുത്തുക

കൽദായ-അസ്സീറിയൻ ആചാരക്രമ വിഭാഗം പൊതുവേ ഇറാഖ്, സിറിയ, ഇറാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ പ്രദേശത്താണ് ഉപയോഗിക്കപ്പെടുന്നത്. ഇവയിൽ കൽദായ കത്തോലിക്കാ സഭയുടെ ആരാധനക്രമം സാധാരണ നിലയിൽ അറബി ഭാഷയിലാണ്. അസ്സീറിയൻ, പുരാതന സഭകൾ പൊതുവേ പൊതുവേ ആധുനിക അറമായ സുറിയാനി ഭാഷകളാണ് ആരാധനക്രമത്തിന് ഉപയോഗിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകളിലും ഓസ്ട്രേലിയയിലും ഉള്ള പ്രവാസി സമൂഹങ്ങളിൽ ഇംഗ്ലീഷ് ഭാഷയും ഉപയോഗിക്കപ്പെടുന്നു.

സീറോ-മലബാർ ആചാരക്രമം

തിരുത്തുക

സീറോ-മലബാർ ആചാരക്രമ വിഭാഗം മലയാളികളായ സീറോ-മലബാർ സുറിയാനി കത്തോലിക്കരാണ് ഉപയോഗിക്കുന്നത്. ഏതാണ്ട് പൂർണ്ണമായും മലയാള ഭാഷയാണ് സീറോ മലബാർ ആരാധനാക്രമത്തിൽ ഉപയോഗിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും സീറോ മലബാർ ആരാധനാക്രമം ഉപയോഗിക്കപ്പെടുന്നുണ്ട്.

ആരാധനാക്രമം

തിരുത്തുക

കൽദായ, ബാബിലോണിയൻ, എദേസ്സൻ, അസ്സീറിയൻ, പേർഷ്യൻ, നെസ്തോറിയൻ എന്നിങ്ങനെ ഈ റീത്ത് അറിയപ്പെടാറുണ്ട്. ക്രിസ്തീയതയുടെ വിവിധ സഭാകുടുംബങ്ങളിൽ പൗരാണികവും പ്രധാനപ്പെട്ടതുമായ നെസ്തോറിയൻ സഭ എന്നറിയപ്പെട്ട കിഴക്കിന്റെ സഭയിൽ വികസിതമായ ആരാധനാക്രമമാണിത്. ഈ സഭ 1964-68 മുതൽ കിഴക്കിന്റെ അസ്സീറിയൻ സഭ (കേരളത്തിലെ കൽദായ സുറിയാനി സഭ ഉൾപ്പെടെ), കിഴക്കിന്റെ പുരാതന സഭ എന്നിങ്ങനെ രണ്ടായി നില്ക്കുന്നു. എദേസ്സൻ ദൈവശാസ്ത്രകേന്ദ്രമാണ് ഇതിന്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. പൗരസ്ത്യ സുറിയാനിയാണ് പ്രധാന ആരാധനാ ഭാഷയും ആരാധനാക്രമ ഗ്രന്ഥങ്ങളുടെ മൂലഭാഷയും. കൽദായ ആചാരക്രമത്തിൽ മൂന്ന് അനാഫൊറകൾ ഉണ്ട്. ഒന്ന് മാർ അദ്ദായിയുടെയും മാറിയുടെയും അനാഫൊറ. തെയോദോറിന്റെ അനാഫൊറ നെസ്തോറിയസിന്റെ അനാഫൊറ എന്നിവയാണവ. സിറോ-മലബാർ സഭ, കൽദായ കത്തോലിക്കാ സഭ എന്നിവ പൗരസ്ത്യ സുറിയാനി ആചാരക്രമം വിവിധങ്ങളായ രീതിയിൽ പിന്തുടരുന്നു.

അച്ചടിച്ച ആരാധനാക്രമ പുസ്തകങ്ങളിൽ ഭൂരിഭാഗവും പൗരസ്ത്യ കത്തോലിക്കാ സഭകളുടേതാണ്. ഇവയിൽ തക്സ (ക്രമം) എന്നറിയപ്പെടുന്ന പരിശുദ്ധ കുർബാന ക്രമവും ഇതര കൂദാശകളുടെയും മറ്റ് ആചാര അനുഷ്ഠാനങ്ങളുടെയും ക്രമങ്ങളും ഹുദ്ര (വൃത്തം) എന്നറിയപ്പെടുന്ന യാമ നമസ്കാരങ്ങളുടെയും ക്രമങ്ങളും ഉൾപ്പെടുന്നു.[8]

പരിശുദ്ധ കുർബാന

തിരുത്തുക
 
സീറോ-മലബാർ ബിഷപ്പ് മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിൽ നടന്ന ഒരു കർമ്മം (കബറിടപ്രാർത്ഥന)

കുർബാന ക്രമത്തിൽ മൂന്ന് കൂദാശ ക്രമങ്ങളാണ് (അനാഫൊറകൾ) ഉള്ളത്; അദ്ദായിയുടെയും മാറിയുടെയും കൂദാശക്രമം (അദ്ദായി, മാറി ശ്ലീഹന്മാരുടെ അനാഫൊറ), തിയദോറിന്റെ കൂദാശക്രമം (മോപ്സുവേസ്ത്യായിലെ തിയദോറിന്റെ പേരിലുള്ളത്), നെസ്തോറിയസ്സിന്റെ കൂദാശക്രമം എന്നിവയാണ് അവ. ഇതിൽ ഒന്നാമത്തേതാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. അനാഫൊറകളിൽ ഉള്ളടക്കം കൊണ്ട് ഏറ്റവും വലുതായ നെസ്തോറിയസ്സിന്റെ അനാഫൊറ ദനഹാപ്പെരുന്നാളിനും യോഹന്നാൻ മാംദാന (സ്നാപക യോഹന്നാൻ), ഗ്രീക്ക് മല്പാന്മാൻ (ദിയദോർ, തിയദോർ, നെസ്തോറിയസ്) എന്നിവരുടെ ഓർമ്മ പെരുന്നാളുകളിലും നിനവേക്കാരുടെ ഉപവാസത്തിന്റെ (മൂന്ന് നോമ്പ്) അവസാന ദിവസവും പെസഹാ വ്യാഴാഴ്ചയും എന്നിങ്ങനെ ആരാധനാവത്സരത്തിലെ ചില പ്രധാന തിരുനാളുകളിൽ മാത്രമാണ് അനുഷ്ഠിക്കപ്പെടുന്നത്. തിയദോറിന്റെ അനാഫൊറ മംഗളവാർത്തക്കാലം ആരംഭിക്കുന്നത് മുതൽ ഓശാന ഞായറാഴ്ച വരെയുള്ള മറ്റ് ദിവസങ്ങളിൽ ഉപയോഗിക്കുന്നു. അനാഫൊറയ്ക്ക് മുൻപും ശേഷവും ഉള്ള ഭാഗങ്ങൾ മൂന്ന് ക്രമങ്ങളിലും ഒരേപോലെയാണ്.[8]

വിശുദ്ധ മൽക്കയും അപ്പത്തിന്റെ ഒരുക്കവും

തിരുത്തുക

വിശുദ്ധ കുർബാന അർപ്പണത്തിന് മുൻപ് അർപ്പണത്തിനുള്ള അപ്പം ഉണ്ടാക്കുന്നതിനും പാകം ചെയ്യുന്നതിനും വേണ്ടിയുള്ള അനുബന്ധ ശുശ്രൂഷാക്രമം ഉണ്ട്. ആഘോഷപൂർവ്വമായി ഗോതമ്പുമാവ് കുഴയ്ക്കുന്നതും പ്രത്യേക ആകൃതിയിൽ അത് ചുട്ടെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. പരമ്പരാഗതമായി വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്നത് പുളിപ്പിച്ച അപ്പമാണ്. മാവ് അൽപം വിശുദ്ധ തൈലവും വിശുദ്ധ മൽക്കയും ചേർത്താണ് തയ്യാറാക്കുന്നത്. മുമ്പ് കുർബാനയ്ക്ക് ഉപയോഗിച്ച വിശുദ്ധ അപ്പത്തിന്റെ ഒരു ഭാഗം പൊടിച്ച് സൂക്ഷിക്കുന്നതാണ് വിശുദ്ധ മൽക്ക എന്നറിയപ്പെടുന്നത്. പാരമ്പര്യമനുസരിച്ച്, മാർ തോമാശ്ലീഹ, മാർ അദ്ദായി, മാർ മാറി എന്നിവരിൽ നിന്ന് കൈമാറി കിട്ടിയതാണ് വിശുദ്ധ തൈലവും വിശുദ്ധ മൽക്കയും എന്ന് വിശ്വസിക്കപ്പെടുന്നു. വിശുദ്ധ മൽക്ക വിശുദ്ധ പുളിപ്പ് എന്നുകൂടി അറിയപ്പെടുന്നുണ്ടെങ്കിലും മാവ് പുളിപ്പിക്കുന്നതിന് യഥാർത്ഥത്തിൽ പ്രയോജനപ്പെടുത്തുന്നത് ഹമീറ എന്നറിയപ്പെടുന്ന പുളിമാവ് ആണ്. മുൻപ് കുർബാന അർപ്പണത്തിനായി തയ്യാറാക്കിയ പുളിപ്പിച്ച മാവിൻറെ ഒരു ഭാഗമാണ് ഹമീറ. ഈ പരമ്പരാഗത രീതികൾ ഇന്ന് പ്രധാനമായും സ്വതന്ത്ര പൗരസ്ത്യ സുറിയാനി മാത്രമാണ് തുടർന്ന് പോരുന്നത്. കൽദായ കത്തോലിക്കാ സഭയിലും സീറോ-മലബാർ സഭയിലും ലത്തീൻ വൽക്കരണം മൂലം പുളിപ്പിക്കാത്ത അപ്പമാണ് നിലവിൽ പൊതുവേ ഉപയോഗിക്കുന്നത്.[8]

പ്രാരംഭം

തിരുത്തുക

കുർബാന ക്രമം ആരംഭിക്കുന്നത് അത്യുന്നതങ്ങളിൽ ദൈവത്തിന് പുകഴ്ച എന്ന് തുടങ്ങുന്ന മാലാഖമാരുടെ കീർത്തനത്തോടും സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന് തുടങ്ങുന്ന കർതൃ പ്രാർത്ഥനയോടും കൂടിയാണ്. കർതൃ പ്രാർത്ഥനയോട് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്നുള്ള ത്രൈശുദ്ധ കീർത്തനവും ചേർക്കുന്നു. പ്ശീത്താ ബൈബിളിലുള്ള കർതൃപ്രാർത്ഥനയുടെ രൂപമാണ് ആരാധനാക്രമത്തിൽ ഉപയോഗിക്കുന്നത്. കുർബാന ക്രമത്തിൽ മാത്രമല്ല മറ്റു പ്രാർത്ഥനാക്രമങ്ങളിലും ഇതേ രീതി തന്നെയാണ് അനുവർത്തിക്കപ്പെടുന്നത്. കൽദായ-അസ്സീറിയൻ ഉപയോഗശൈലിയിൽ കുർബാന ക്രമത്തിൽ ഈ പ്രാരംഭ പ്രാർത്ഥനകൾക്ക് മുമ്പായി ത്രിത്വ സ്തുതിയും ചേർക്കുന്നത് പതിവാണ്. സീറോ മലബാർ ശൈലിയിൽ ഔദ്യോഗികമായും സാധാരണയായും പുഖ്ദാൻകോൻ ('അന്നാപ്പെസഹാ') എന്ന് തുടങ്ങുന്ന കീർത്തനം ആണ് ആമുഖമായി ഉപയോഗിക്കുന്നത്. ത്രിത്വ സ്തുതി ഉപയോഗിക്കുന്ന രീതിയും ചിലയിടങ്ങളിൽ നിലവിൽ ഉണ്ട്. തുടർന്നുള്ള ഭാഗങ്ങൾ താഴെ പറയുന്നവയാണ്:[8]

  • മർമ്മീസ (സങ്കീർത്തനഗണം)- ഒരു ആമുഖ പ്രവർത്തനയോടെയാണ് മർമ്മീസ ആരംഭിക്കുന്നത്. പ്ശീത്തയിലെ സങ്കീർത്തന പുസ്തകത്തിൽ നിന്നുള്ള മൂന്ന് സങ്കീർത്തനങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്. കാനോനകൾ എന്ന കൂട്ടിച്ചേർക്കലുകൾ ഇവയുടെ ആദ്യാവസാനങ്ങളിൽ ഉണ്ട്. ആരാധനാവത്സരത്തിലെ വിവിധ കാലങ്ങൾക്ക് അനുസരിച്ചും തിരുനാളുകൾക്കും വ്യത്യസ്തങ്ങളായ മർമ്മീസകൾ ഉണ്ട്.
  • ഒനീസാ ദ്ഖൻകേ ("ഖൻകേയുടെ കീർത്തനം") അഥവാ മദ്ബഹാഗീതം - ആമുഖപ്രാർത്ഥനകളോട് കൂടിയതാണ് ഇത്. കാലങ്ങൾക്കും തിരുനാളുകൾക്കും അനുസരിച്ച് മാറിവരുന്നതാണ് ഇത്. ഈ സമയത്ത് മദ്ബഹാവിരി തുറക്കുകയും കുർബാനയിൽ പങ്കെടുക്കുന്ന പുരോഹിതരും വിശ്വാസികളും സ്ലീവാചുംബനം നടത്തുകയും ചെയ്യുന്നു.
  • ലാകു മാറാ ("കർത്താവേ, അങ്ങേക്ക്") അഥവാ ഉത്ഥാനഗീതം - ഈ പ്രാർത്ഥനാഗീതം വർഷം മുഴുവൻ മാറ്റമില്ലാതെ ഉപയോഗിക്കുന്നതാണ്. ഇതിന് ആമുഖമായി മാറ്റമില്ലാത്ത ഒരു പ്രാർത്ഥനയും ധൂപാർപ്പണവും ഉണ്ട്. സാധാരണയായി മൂന്ന് തവണ ആവർത്തിച്ച് ലാകു മാറാ പാടുന്നു. ഒരു സങ്കീർത്തനശകലവും ത്രിത്വസ്തുതിയും ആവർത്തനങ്ങളെ വേർതിരിക്കുന്നു. മദ്ബഹാഗീതം പാടാത്ത അവസരങ്ങളിൽ മദ്ബഹാവിരി തുറക്കുന്നത് ഈ സമയത്താണ്. ശുശ്രൂഷി ധൂപകലശവുമായി മദ്ബഹയും കൻക മുഴുവനും തുടർന്ന് പള്ളി മുഴുവനും നടന്ന് ധൂപിക്കുന്നു. ആദിമ കാലഘട്ടത്തിൽ കുർബാന ആരംഭിച്ചിരുന്നത് ഈ പ്രാർത്ഥനയോടെയാണ്. കിഴക്കിന്റെ കാതോലിക്കോസ് ശിമയോൻ ബർസബ്ബായുമായാണ് ഇത് കുർബാനയിൽ ഉൾക്കൊള്ളിച്ചത് എന്നതാണ് പാരമ്പര്യം.
  • കന്ദീശാ ആലാഹ (ത്രൈശുദ്ധ കീർത്തനം). ഏശയ്യായുടെ പുസ്തകത്തിലെ സ്രാപ്പേന്മാരുടെ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന സ്തുതിപ്പിനോട് ഞങ്ങളോട് കരുണ ചെയ്യണമേ എന്ന് ചേർക്കുന്നതാണ് ഈ കീർത്തനം. മാറ്റമില്ലാത്ത ഈ പ്രാർത്ഥനഗീതത്തോട് ചേർത്ത് ഒരു ആമുഖ പ്രാർത്ഥനയും ഉണ്ട്. മൂന്ന് തവണ ആവർത്തിക്കുന്ന ഈ കീർത്തനത്തിന്റെ ആവർത്തനങ്ങൾക്ക് ഇടയിൽ ത്രിത്വസ്തുതി ചൊല്ലുന്നു.

ആരംഭത്തിലെ ആമുഖ പ്രാർത്ഥനകളും മദ്ബഹാഗീതവും ഒഴികെ ഇതേ പ്രാർത്ഥനകൾ തന്നെയാണ് യാമനമസ്കാരങ്ങളിലും ഉപയോഗിക്കുന്നത്.

വചനശുശ്രൂഷ

തിരുത്തുക

വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുള്ള നാല് വായനകളാണ് കുർബാന ക്രമത്തിൽ ഉള്ളത്. നിയമഗ്രന്ഥം, പ്രവാചകഗ്രന്ഥം, ഏങ്കർത്താ, ഏവൻഗേലിയോൻ എന്നിവയാണവ. ഒരോ ദിവസവും വായിക്കേണ്ട ഭാഗങ്ങൾ ആരാധാക്രമവത്സരവും തിരുനാളുകളും അനുസരിച്ച് നിയതമായി നിശ്ചയിക്കപ്പെട്ടവയാണ്. വചനശുശ്രൂഷയുടെ ആമുഖമായി മാറ്റമില്ലാത്ത ഒരു പ്രാർത്ഥനയും ഉണ്ട്. ഈ സമയത്ത് മദ്ബഹാവിരി അടയ്ക്കുന്നു.

  • കൊറിയാന (വായന) അഥവാ പഴയനിയമം
    • നിയമഗ്രന്ഥം - ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളിൽ (പഞ്ചഗ്രന്ഥി) നിന്നുള്ളതാണ് ഈ വായന
    • പ്രവാചകന്മാർ - ചില ദിവസങ്ങളിൽ പ്രവാചകന്മാരുടെ പുസ്തകങ്ങൾക്ക് പകരം സങ്കീർത്തനങ്ങൾ ഒഴികെയുള്ള പഴയനിയമഗ്രന്ഥങ്ങളിൽ നിന്നോ ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിൽ നിന്നോ വായന തിരഞ്ഞെടുക്കുന്നു.
  • ശൂറായ (ആരംഭം) - സങ്കീത്തനശകലങ്ങളോടും ഹല്ലേലൂയ്യാ സ്തുതിപ്പുകളോടും കൂടിയ കീർത്തനമാണ് ഇത്. പഴയനിയമ- പുതിയനിയമ വായനകളെ വേർതിരിക്കുന്ന ഈ കീർത്തനം കാലങ്ങൾക്കും തിരുനാളുകൾക്കും അനുസരിച്ച് മാറിവരുന്നതാണ്.
  • ഏങ്കർത്തായുടെ തുർഗാമ (വ്യാഖ്യാനഗീതം) - വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളിൽ നിന്നുള്ള വായനയ്ക്ക് ഒരുക്കമായുള്ള പ്രബോധനഗീതമാണ് ഇത്. ഇത് മാറ്റമില്ലാത്തതാണ്. ഇതിനേത്തുടർന്ന് ഏങ്കർത്താ വായനയ്ക്ക് ആമുഖമായി മാറ്റമില്ലാത്ത ഒരു പ്രാർത്ഥനയും ഉണ്ട്.
  • ഏങ്കർത്താ (ലേഖനം) അഥവാ ശ്ലീഹാ വായന - പരമ്പരാഗതമായും സാധാരണയായും വിശുദ്ധ പൗലോസിന്റെ പേരിലുള്ള പതിനാല് ലേഖനങ്ങളിൽ ഒന്നിൽ നിന്നുള്ള വായനയാണ് നടത്താറുള്ളത്. എന്നാൽ ബൈബിളിലെ ഇതര ലേഖനങ്ങളിൽ (കാതോലിക ലേഖനങ്ങൾ) നിന്നും വെളിപാട് പുസ്തകത്തിൽ നിന്നും വായനകൾ ഉൾപ്പെടുത്തുന്ന രീതി പൗരസ്ത്യ കത്തോലിക്കാ സഭകൾ ആരംഭിച്ചിട്ടുണ്ട്.
  • സൂമാറ (ഗീതം) - സുവിശേഷവായനയ്ക്ക് ഒരുക്കമായുള്ള ഹല്ലേലൂയ്യാ കീർത്തനമാണ് ഇത്. സങ്കീത്തനശകലങ്ങളും ത്രിത്വസ്തുതിയും ഇതിനോട് ചേർക്കുന്നു. കാലങ്ങൾക്കും തിരുനാളുകൾക്കും അനുസരിച്ച് മാറിവരുന്നതാണ് ഇതിലെ സങ്കീർത്തനശകലങ്ങൾ. ഈ സമയത്ത് മദ്ബഹാവിരി തുറക്കുകയും ധൂപർപ്പണം നടത്തുകയും ചെയ്യുന്നു. വൈദികനോ ശെമ്മാശനോ മദ്ബഹയിൽ പ്രവേശിച്ച് ഏവൻഗേലിയോൻ ഗ്രന്ഥത്തെ ധൂപിക്കുന്നു. ഈ സമയം വിവിധ പ്രാർത്ഥനകളും ഉണ്ട്.
  • ഒനീസാ ദ്ഏവൻഗേലിയോൻ (സുവിശേഷഗീതം) - മാറ്റമില്ലാത്ത ഒരു കീർത്തനമാണ് ഇത്. ഈ സമയം വൈദികൻ അല്ലെങ്കിൽ ശെമ്മാശൻ ഏവൻഗേലിയോൻ എടുത്ത് ചുംബിച്ച് പ്രദക്ഷിണമായി ബേമയിലെ വായനാപീഠത്തിലേക്ക് ഇറങ്ങി വരുന്നു.
  • തുർഗാമ - ഏവൻഗേലിയോൻ വായനയ്ക്ക് ഒരുക്കമായുള്ള പ്രബോധനഗീതമാണ് ഇത്. കാലങ്ങൾക്കും തിരുനാളുകൾക്കും അനുസരിച്ച് മാറിവരുന്നതാണ് ഇത്.
  • ഏവൻഗേലിയോൻ (സുവിശേഷം) വായന.[8]
  • കാറോസൂസ (പ്രഘോഷണം) - ശെമ്മാശൻ നടത്തുന്ന യാചനാപ്രാർത്ഥനകളാണ് ഇത്. ഇതിന് ആവർത്തിച്ച് വരുന്ന പ്രത്യുത്തരങ്ങൾ ഉണ്ട്. രണ്ട് ഗണം കാറോസൂസകളാണ് സാധാരണ ക്രമത്തിൽ ഉള്ളത്. കാലങ്ങൾക്കും തിരുനാളുകൾക്കും അനുസരിച്ച് മാറിവരുന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് സ്ഥിരമായുള്ളതാണ്.[8]
  • കൈവയ്പ് പ്രാർത്ഥന - പുരോഹിതൻ ബേമയിൽ നിന്നുകൊണ്ട് വിശ്വാസികളെ ആശീർവദിക്കുന്നു.
  • പിരിച്ചുവിടൽ - വിശുദ്ധ കുർബാനയുടെ അർപ്പണ ഭാഗത്തിലേക്ക് കടക്കുന്നതിനു മുൻപായി ശെമ്മാശൻ മാമ്മോദിസാ സ്വീകരിച്ചിട്ടില്ലാത്തവരോടും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നില്ലാത്തവരോടും മടങ്ങാൻ ആവശ്യപ്പെടുന്നു. "ശ്രോദ്ധാക്കൾ" വാതിൽക്കൽ കാവൽ നിൽക്കാനും ആവശ്യപ്പെടുന്നു.

സമർപ്പണം

തിരുത്തുക
  • കാർമ്മികൻ അല്ലെങ്കിൽ അർക്കദിയാക്കോൻ മദ്ബഹയിൽ പ്രവേശിച്ച് വിശുദ്ധ വസ്തുക്കൾ, അപ്പവും വീഞ്ഞും, ബെസ് ഗസ്സകളിൽ വച്ച് ഒരുക്കുന്നു. സുവിശേഷവായന കഴിയുന്നതോടുകൂടി ഈ കർമ്മം ആരംഭിച്ചു കഴിഞ്ഞിരിക്കും.
  • ഒനീസാ ദ്റാസേ (ദിവ്യരഹസ്യഗീതം) -
    • ഒന്നാം ഭാഗം : സാഷ്ടാംഗപ്രണാമം - തിരുവസ്തുക്കൾ ഒരുക്കിയ ശേഷം കാർമ്മികനും അർക്കദിയാക്കോനും ബേമയിൽ എത്തുകയും ഗാഗുല്ത്തായുടെ നാലു വശങ്ങളിലും കുമ്പിട്ട് വണങ്ങുകയും ചെയ്യുന്നു. ഒനീസാ ദ്റാസേയുടെ മാറ്റമില്ലാത്ത ആദ്യഭാഗം കാർമ്മികനും ശുശ്രൂഷികളും സമൂഹവും വ്യത്യസ്ത ഗണങ്ങളായി നിന്ന് ആലപിക്കുന്നു.
    • രണ്ടാം ഭാഗം : സമർപ്പണം - കാർമ്മികനും അർക്കദിയാക്കോനും ബേസ് ഗസ്സകളിൽ ഒരുക്കിയ തിരുവസ്തുക്കൾ മദ്ബഹയിലേക്ക് സംവഹിച്ച് ആഘോഷമായി പ്രതിഷ്ഠിക്കുന്നു. ഒനീസാ ദ്റാസേയുടെ രണ്ടാം ഭാഗം ഈ സമയം സമൂഹം രണ്ടു ഗണങ്ങളായി പാടുന്നു. കാലങ്ങൾക്കും തിരുനാളുകൾക്കും അനുസരിച്ച് മാറിവരുന്നതാണ് ഇത്.
    • മുന്നാം ഭാഗം : അനുസ്മരണം - ഒനീസാ ദ്റാസേയുടെ മാറ്റമില്ലാത്ത അവസാന ഭാഗമാണ് ഇത്. ത്രിത്വസ്തുതിയോടെ ആരംഭിച്ച് ക്രിസ്തുവിന്റെ അമ്മയായ മറിയത്തെയും (പൗരസ്ത്യ കത്തോലിക്കാ സഭകൾ ലത്തീൻവൽക്കരണത്തിന്റെ ഭാഗമായി ഇതിനുപകരം "ദൈവമാതാവ്" എന്ന് ചേർക്കുന്നു) പള്ളിയുടെ മധ്യസ്ഥനെയും പ്രത്യേകം പേരെടുത്ത് അനുസ്മരിക്കുന്നു. രക്തസാക്ഷികളെയും മരിച്ചു പോയവരെയും പൊതുവായി അനുസ്മരിക്കുന്നു.
  • വിശ്വാസപ്രമാണം - കാർമ്മികൻ നിഖ്യാ-കോൺസ്റ്റാൻ്റിനോപ്പിൾ വിശ്വാസപ്രമാണം ചൊല്ലുവാൻ ആരംഭിച്ചിരിക്കുന്നു. വിശ്വാസികൾ തുടരുന്നു. പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ഇതിൽ "പുത്രനിൽ നിന്നും" എന്ന കൂട്ടിച്ചേർക്കൽ ചിലയിടങ്ങളിൽ ലത്തീൻവൽക്കരണത്തിന്റെ ഭാഗമായി തുടരുന്നു.[8]

കൂദാശക്രമം (അനാഫൊറ)

തിരുത്തുക

കൽദായ ആചാരക്രമത്തിൽ മൂന്ന് കൂദാശക്രമങ്ങൾ നിലവിലുണ്ട്. മൂന്നിന്റെയും പൊതു ഘടന ഒന്നുതന്നെയാണ്. എന്നാൽ പ്രാർത്ഥനകളിലും ഉള്ളടക്കത്തിന്റെ വലുപ്പത്തിലും വ്യത്യാസമുണ്ട്. അദ്ദായിയുടെയും മാറിയുടെയും അനാഫൊറ ആണ് താരതമ്യേന ചെറുത്. ഇതിൽ സ്ഥാപനവിവരണം ഇല്ല. അതേസമയം പൗരസ്ത്യ കത്തോലിക്കാ സഭകൾ ലത്തീൻവൽക്കരണത്തിന്റെ ഭാഗമായി ഇത് കൂട്ടിച്ചേർത്തിട്ടുണ്ട്. തിയദോറിന്റെയും നെസ്തോറിയസ്സിന്റെയും അനാഫൊറകളിൽ സ്ഥാപനവിവരണവും ചേർത്തിട്ടുണ്ട്. നെസ്തോറിയസ്സിന്റെ അനാഫൊറയാണ് ഏറ്റവും വലുത്. കൂശാപ്പാ (യാചന), ഗ്ഹാന്താ (പ്രണാമജപം), കാനോന (വാഴ്ത്തൽ), പ്രാർത്ഥനാഭ്യർത്ഥന എന്നിങ്ങനെ ക്രമീകരിക്കപ്പെട്ട നാലോ അഞ്ചോ വൃത്തങ്ങളാണ് ഒരോ കൂദാശക്രമത്തിലും ഉള്ളത്.

മൂന്ന് അനാഫൊറുകളുടെയും പൊതു ഘടന താഴെപ്പറയുന്ന വിധത്തിലാണ്:

  • മദ്ബഹാപ്രവേശനം - വിശ്വാസപ്രമാണത്തിന് ശേഷം ശെമ്മാശൻ പ്രാർത്ഥനനാഹ്വാനം നടത്തുന്നു. ഈ സമയം വൈദികൻ മദ്ബഹയിലേക്ക് പ്രവേശിക്കുന്നു. തുടർന്ന് കൂദാശക്രമം (അനാഫൊറ) ആരംഭിക്കുന്നു.
  • ഒന്നാം ഗ്ഹാന്ത - കാർമ്മികൻ മദ്ബഹയിൽ കുമ്പിട്ടു നിന്ന് ആദ്യ ഗ്ഹാന്ത ചൊല്ലുന്നു. തുടർന്ന് സമൂഹത്തിന് നേരെ തിരിഞ്ഞ് പ്രാർത്ഥനാഭ്യർത്ഥന നടത്തുന്നു. തുടർന്ന് മുട്ടുകുത്തി പതിഞ്ഞ ശബ്ദത്തിൽ കൂശാപ്പ ചൊല്ലുന്നു. (ഉയിർപ്പു കാലത്ത് മുട്ടുകുത്തുന്നത് ഒഴിവാക്കുന്നു)
  • സമാധാനചുംബനം - കാർമ്മികൻ സമൂഹത്തിന് സമാധാനം ആശംസിക്കുന്നു. പ്രധാന ശുശ്രൂഷികൾക്ക് സമാധാന ചുംബനം നൽകുന്നു. ശുശ്രൂഷികൾ അത് സമൂഹത്തിന് കൈമാറുന്നു.
  • ഡിപ്റ്റിക്സ് അഥവാ മദ്ധ്യസ്ഥ പ്രാർത്ഥന- ശെമ്മാശൻ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ദുഖ്‌റാനയും (അനുസ്മരണപ്രാർത്ഥന). കാതോലിക്കോസിന്റെയും മെത്രാപ്പോലീത്തയുടെയും ആപ്പിസ്കോപ്പയുടെയും പേരുകളും ആ ദിവസം പ്രത്യേകമായി ഓർമ്മിക്കപ്പെടേണ്ട ആളുകളുടെ പേരുകളും പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളത് വായിക്കുന്നു. ഇതിനുശേഷം അന്നേദിവസം അനുസ്മരിക്കപ്പെടേണ്ട മരിച്ചുപോയവരുടെ പേരുകളും ഇതേ ക്രമത്തിൽ വായിക്കുന്നു. "ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പുസ്തകം" എന്നറിയപ്പെടുന്ന രണ്ട് താളുകളിലാണ് ഇവ ക്രമമായി രേഖപ്പെടുത്തുന്നത്. ഈ കർമ്മം ആധുനിക കാലത്ത് സാധാരണമല്ല.[8]
  • ശെമ്മാശന്റെ അറിയിപ്പ് - കൂദാശക്രമത്തിന്റെ പ്രധാന ഭാഗത്തിലേക്ക് കടക്കുന്നത് ശെമ്മാശൻ സമൂഹത്തെ അറിയിക്കുന്നു.
 
ബെയ്ജിംഗിലെ ഫാങ്ഷാൻ ജില്ലയിലെ ഒരു പഴയ ആശ്രമത്തിൽ നിന്നുള്ള കല്ലിൽ കൊത്തിയ സ്ലീവ.
  • ഹൃദയങ്ങൾ ഉയർത്തുവിൻ - ഈ സമയം കാർമ്മികൻ മദ്ബഹയുടെ മേലും തിരുവസ്തുക്കളുടെ മേലും ധൂപിക്കുന്നു. ഇതിനുശേഷം തിത്വനാമത്തിൽ സമൂഹത്തെ ആശിർവദിക്കുന്നു. അതിനുശേഷം "നിങ്ങളുടെ ഹൃദയങ്ങൾ ഉന്നതങ്ങളിലേക്ക് ഉയർത്തുവിൻ" (Sursum corda) എന്ന് ആഹ്വാനം ചെയ്യുന്നു. ക്രൈസ്തവ അനാഫൊറകളിൽ എല്ലാം ആരംഭത്തിൽ കാണുന്ന ഒരു ഘടകമാണ് ഇത്. എന്നാൽ കല്ദായ ആചാരക്രമത്തിൽ ആണ് ഇത് ഏറ്റവും വികാസം പ്രാപിച്ചിരിക്കുന്നത്, പ്രത്യേകിച്ച് തിയദോറിന്റെ അനാഫൊറയിൽ.
  • പരിശുദ്ധൻ സ്തുതിപ്പിന്റെ പൂർവ്വികഭാഗം (Pre-Sanctus) - പരിശുദ്ധ ത്രിത്വത്തെ സ്തുതിച്ചു കൊണ്ടുള്ള ഒരു ഗ്ഹാന്താ പ്രാർത്ഥനയുടെ ഭാഗമാണ് ഇത്.
  • ഓശാന ഗീതം അഥവാ പരിശുദ്ധൻ സ്തുതിപ്പ് (Sanctus). ഹൃദയങ്ങളെ ഉയർത്തുവിൻ എന്ന പ്രാർത്ഥനയ്ക്ക് ശേഷം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ, അത്യുന്നതങ്ങളിൽ ഓശാന എന്ന കീർത്തനം ഉൾപ്പെടുന്നു. കൽദായ ആചാരക്രമത്തിലെ പരിശുദ്ധൻ സ്തുതിപ്പിൽ "ദാവീദിന്റെ പുത്രന് ഓശാന" എന്നുകൂടി കാണുന്നത് പ്രത്യേക സവിശേഷതയാണ്.[8]
  • പരിശുദ്ധൻ സ്തുതിപ്പിന്റെ അനന്തരഭാഗം (Post-Sanctus)- പരിശുദ്ധൻ സ്തുതിപ്പിന്റെയും ഓശാന ഗീതത്തിന്റെയും വിശദമായ ഒരു തുടർച്ചയാണ് ഇത്. ക്രിസ്തുവിൻറെ മനുഷ്യാവതാരം മനുഷ്യരക്ഷാകർമ്മം എന്നിവയാണ് ഇവിടെ പ്രധാന പ്രതിപാദ്യ വിഷയം. ഒരു ഗ്ഹാന്താ പ്രാർത്ഥനയുടെ ഭാഗമാണ് ഇത്. തിയദോറിന്റെയും നെസ്തോറിയസ്സിന്റെയും ക്രമങ്ങളിൽ ഇതിനെ തുടർന്ന് സ്ഥാപനവിവരണം കൂടി ചൊല്ലുന്നു. അദ്ദായിയുടെയും മാറിയുടെയും ക്രമത്തിൽ സ്ഥാപനവിവരണം ഉൾപ്പെടുന്നില്ല എന്നത് മറ്റെല്ലാ ആരാധനാക്രമ വിഭാഗങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു.[8]
  • പ്രധാന മദ്ധ്യസ്ഥ പ്രാർത്ഥനയും സമർപ്പണവും - കാർമ്മികൻ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സഭാ നേതാക്കൾ, വിശുദ്ധന്മാർ എന്നിവരെയും ആരാധനാ സമൂഹത്തെയും തന്നെത്തന്നെയും എടുത്തുപറയുകയും വിശുദ്ധ കുർബാന ഇവരുടെ എല്ലാം പേരിൽ സമർപ്പിക്കുകയും ചെയ്യുന്നു.
  • അനുസ്മരണം - യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം വഴി കൈവന്ന രക്ഷയും പീഡാനുഭവവും കുരിശു മരണവും ഉയർത്തെഴുന്നേൽപ്പും അനുസ്മരിക്കുന്നു. പ്രത്യേകമായി തിരുശരീരരക്തങ്ങളുടെ പരികർമ്മത്തിന്റെ ആഹ്വാനവും അനുസ്മരിക്കുന്നു. ഒരു ഗ്ഹാന്താ പ്രാർത്ഥനയുടെ ഭാഗമാണ് ഇത്.
  • റൂഹാക്ഷണം അഥവാ എപ്പിക്ലേസിസ് : "നേസേ മാർ" എന്ന് തുടങ്ങുന്ന ഈ പ്രാർത്ഥനയിൽ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി പ്രാർത്ഥിക്കുന്നു. വിശുദ്ധ കുർബാന അതുവഴി പാപങ്ങളുടെ പൊറുതിക്കും കടങ്ങളുടെ മോചനത്തിനും കാരണമാകട്ടെ എന്നും ആശംസിക്കുന്നു. തിയദോറിന്റെയും നെസ്തോറിയസ്സിന്റെയും ക്രമങ്ങളിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന അപ്പവും വീഞ്ഞും യേശുക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളായി പൂർത്തിയാക്കപ്പെടട്ടെ എന്ന് പ്രത്യേകമായി പറയുന്നു.[8]
  • അവസാന ഗ്ഹാന്തയുടെ കാനോന : അവസാന ഗ്ഹാന്തയുടെ കാനോനയോടെ അനാഫൊറ പൂർത്തിയാകുന്നു.

ഹൂസായാ ക്രമം

തിരുത്തുക

ആരാധനാ സമൂഹത്തിന്റെ പൊതുവായ പാപമോചനത്തിനായി പ്രാർത്ഥിക്കുന്ന ഭാഗമാണ് ഇത്.

  • ലോകസമാധാനത്തിനുള്ള പ്രാർത്ഥന - ലോകത്തിൽ സമാധാനം ഉണ്ടാകുന്നതിനും യുദ്ധങ്ങൾ ഒഴിവാക്കുന്നതിനും സഭയിലെ വിഭാഗീയതകൾ അവസാനിക്കുന്നതിനും വേണ്ടി കാർമ്മികൻ പ്രാർത്ഥിക്കുന്നു.
  • പാപമോചന പ്രാർത്ഥനകൾ - കാർമികൻ തനിക്കുവേണ്ടി തന്നെയും ശുശ്രൂഷികൾക്കും ആരാധനാ സമൂഹത്തിനുവേണ്ടിയും പാപമോചനത്തിനായി പ്രാർത്ഥിക്കുന്നു. ഈ സമയം ബലിപീഠത്തെയും അതിലെ തിരുവസ്തുക്കളെയും മദ്ബഹയിലെ ശുശ്രൂഷികളെയും ആരാധനാ സമൂഹത്തെയും ധൂപിക്കുന്നു.[8]
  • വിശുദ്ധ അപ്പത്തിന്റെ വിഭജനവും വാഴ്ത്തലും - കാർമ്മികൻ വിശുദ്ധ കുർബാനയുടെ പ്രധാന അപ്പം ഉയർത്തുകയും അതിനുശേഷം കുമ്പിട്ട് അത് മുറിക്കുകയും വീഞ്ഞിൽ മുക്കുകയും ചെയ്യുന്നു. ഈ സമയത്ത് "ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ആകുന്നു" എന്ന് തുടങ്ങുന്ന ഗീതം പാടുന്നു.
  • ഹൂസായയുടെ ആശിർവാദം - കാർമ്മികൻ തിത്വനാമത്തിൽ സമൂഹത്തെ ആശിർവദിക്കുന്നു. ഈ സമയത്ത് മദ്ബഹയുടെ വിരി അടയ്ക്കുന്നു.
  • ഹൂസായ കാറോസൂസ - ശുശ്രൂഷകൾ ആവർത്തിച്ചുവരുന്ന പ്രത്യുത്തരത്തോടുകൂടിയ പ്രഘോഷണ പ്രാർത്ഥന ചൊല്ലുന്നു.

കുർബാന സ്വീകരണം

തിരുത്തുക
  • കർതൃ പ്രാർത്ഥന - മദ്ബഹയുടെ വിരി തുറക്കുന്നു. ഈ സമയം കാർമികൻ കർതൃ പ്രാർത്ഥനയ്ക്ക് ആമുഖമായി ചില പ്രാർത്ഥനകൾ ചൊല്ലുന്നു. അതിനുശേഷം കാനോന ചേർക്കാത്ത കർതൃ പ്രാർത്ഥന കാർമ്മികനും സമൂഹവും ചേർന്ന് ചൊല്ലുന്നു. അനുബന്ധ പ്രാർത്ഥനകൾ തുടരുന്നു.
  • ദ്ഹീലത്ത് - പ്രധാന തിരുനാളുകളിൽ മാത്രം ആലപിക്കുന്ന ഒരു ഗാനം. ബന്ധപ്പെട്ട തിരുനാളിന്റെ പ്രത്യേകതകളാണ് ഇതിന്റെ ഇതിവൃത്തം.
  • കുർബ്ബാന സ്വീകരണത്തിനുള്ള ഒരുക്കം - കാർമ്മികനും തുടർന്ന് ശുശ്രൂഷികളും സമൂഹത്തിന് കുർബ്ബാന സ്വീകരണത്തിനുള്ള ആഹ്വാനം നൽകുന്നു. ഈ സമയം "വിശുദ്ധ കുർബാന വിശുദ്ധി ഉള്ളവർക്ക് ഉള്ളതാകുന്നു" എന്ന് തുടങ്ങുന്ന ഉദ്ബോധനവും കാർമികൻ നൽകുന്നു. തുടർന്ന് കുർബ്ബാന സ്വീകരണത്തിനുള്ള ആശിർവാദം കാർമികൻ നൽകുന്നു. തുടർന്ന് സമൂഹം ഒനീസാ ദ്‌വേമ്മ എന്ന ഗാനവും ശുശ്രൂഷികൾ ഒനീസാ ദ്‌വാത്തേ എന്ന ഗാനവും ഗണങ്ങളായി പാടുന്നു.
  • വിശുദ്ധ കുർബാന സ്വീകരണം - കാർമ്മികനും അർക്കദിയാക്കോനും കൂദാശ ചെയ്യപ്പെട്ട വിശുദ്ധ അപ്പവീഞ്ഞുകൾ വിശ്വാസികൾക്ക് വിതരണം ചെയ്യുന്നു. വിശുദ്ധ അപ്പം കൈകളിലും വിശുദ്ധ വീഞ്ഞ് കാസയിൽ നിന്നും നേരിട്ട് വേവ്വേറെയായി നൽകുന്നത്.

സമാപന ഭാഗം

തിരുത്തുക
  • നന്ദി പ്രകാശന പ്രാർത്ഥനകൾ - സമൂഹവും ശുശ്രൂഷികളും കാർമികനും വ്യത്യസ്ത നന്ദി പ്രകാശന പ്രാർത്ഥനകൾ ചൊല്ലുന്നു.
  • കർതൃ പ്രാർത്ഥന - വിശുദ്ധ കുർബാനയുടെ മൂന്നാമത്തെയും അവസാനത്തെയും കർതൃ പ്രാർത്ഥന ഇതാണ്. ആദ്യത്തേത് പോലെ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന കാനോനയോടും ത്രിത്വസ്തുതിയോടും ചേർന്നാതാണ് ഇത്.
  • ഹുത്താമ (മുദ്രണം) അഥവാ സമാപനാശിർവാദം - കാർമികൻ വിശ്വാസികൾക്ക് സമാപന ആശിർവാദം നൽകുന്നു. കാലങ്ങൾക്കും തിരുനാളുകൾക്കും അനുസരിച്ച് മാറിവരുന്നതാണ് ഹുത്താമ. ഇതിനുശേഷം മദ്ബഹ വിരി അടയ്ക്കുന്നു. ഈ സമയം കാർമികൻ ബലിപീഠം ചുംബിച്ച് പ്രാർത്ഥിച്ച ശേഷം ശുശ്രൂഷികളോടൊപ്പം പ്രദക്ഷിണമായി മടങ്ങുന്നു.[8]

യാമ നമസ്കാരങ്ങൾ

തിരുത്തുക

കൽദായ ആചാരക്രമത്തിലെ യാമ നമസ്കാരങ്ങളുടെ മർമ്മം സങ്കീർത്തനങ്ങൾ ആണ്. മൂന്നു മണിക്കൂറുകൾ ചേരുന്നതാണ് ഒരു യാമം. ഓരോ യാമത്തിലും ചൊല്ലേണ്ട പ്രാർത്ഥന യാമനമസ്കാരം എന്ന് അറിയപ്പെടുന്നു. യഹൂദ പാരമ്പര്യം പോലെ പൊതുവേ സുറിയാനി ക്രിസ്തീയതയിലും ഒരു സൂര്യാസ്തമയം മുതൽ തൊട്ടടുത്ത സൂര്യാസ്തമയം വരെയാണ് ദിവസം കണക്കാക്കുന്നത്. ഔദ്യോഗികമായി ഒരു ദിവസം 7 സാധാരണ യാമ നമസ്കാരങ്ങളും അവസാന യാമത്തിന് ഒരു അസാധാരണ നമസ്കാരവും ആണ് ഉള്ളത്. ഇവ താഴെപ്പറയുന്നവയാണ്:

  • റംശ (ܪܲܡܫܵܐ‎ സാംയകാല ജപം 6 pm),
  • സുബാഅ (ܣܘܼܒܵܥܵܐ‎ അത്താഴ ജപം 9 pm),
  • ലെലിയ (ܠܸܠܝܵܐ‎ രാത്രി ജപം 12 am),
  • ഖാലാ ദ്ശഹ്റ (ܩܵܠܵܐ ܕܫܲܗܪܵ‎ ജാഗരണ ജപം 3 am),
  • സപ്ര (ܨܲܦܪܵܐ‎ പ്രഭാത ജപം 6 am),
  • ഖുത്താഅ (ܩܘܼܛܵܥܵܐ‎ പ്രാതൽ ജപം 9 am),
  • എന്ദാന (ܥܸܕܵܢܵܐ‎ മദ്ധ്യാഹ്ന ജപം 12 pm),
  • ദ്ബസ്ശാ ശായീൻ (ܕܒܬܫܲܥ : ഒൻപതാം മണിക്കൂർ 3 pm)

എന്നാൽ ഇവ കൃത്യമായി അനുഷ്ഠിക്കുന്നത് ആശ്രമങ്ങളിലും മഠങ്ങളിലും മറ്റുമായിരിക്കും. പള്ളികളിൽ സാധാരണ മൂന്ന് യാമ നമസ്കാരങ്ങൾ മാത്രമേ നടത്താറുള്ളൂ (റംശ, ലെലിയ, സപ്ര). എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് വൈകുന്നേരത്തിലെ റംശയും രാവിലത്തെ സപ്രയും ആണ്. ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുന്നതും ഇവയ്ക്കാണ്. അതേസമയം ആചാരനിഷ്ഠ പാലിക്കുന്ന ആശ്രമങ്ങളിൽ 7 യാമ നമസ്കാരങ്ങളും നിറവേറ്റുന്നതിൽ വീഴ്ച വരുത്താറില്ല. ഓരോന്നിലും മൂന്ന് ഹൂലാലെകൾ (ഒരു ഹൂലാല: 9 സങ്കീർത്തനങ്ങൾ) ഉണ്ടാകും. അങ്ങനെ ഒരു ദിവസം കൊണ്ട് സങ്കീർത്തന പുസ്തകം മുഴുവനും പാടി തീർക്കുന്ന രീതിയാണ് ആശ്രമങ്ങളിൽ പിന്തുടരുന്നത്. സാധാരണ പള്ളികളിൽ മൂന്നു നോമ്പിന്റെ ദിവസങ്ങളിൽ ഈ രീതി പാലിക്കാറുണ്ട്.[8]

സങ്കീർത്തനങ്ങൾക്ക് പുറമേ കാലങ്ങൾക്കും തിരുനാളുകൾക്കും അനുസരിച്ച് മാറിവരുന്ന പ്രാർത്ഥനകളും ഗാനങ്ങളും യാമനമസ്കാരങ്ങളുടെ ഭാഗമാണ്. പ്രത്യുത്തരങ്ങളായി ചൊല്ലുന്ന ഭാഗങ്ങൾ ഖദം (മുമ്പ്), വാത്തർ (ശേഷം) എന്നിങ്ങനെ രണ്ട് ഗണങ്ങളായി തിരിച്ചിരിക്കുന്നു. ഇതിനായി രണ്ട് വ്യത്യസ്ത ഗണം ഗായകരും ഉണ്ടാകും. രണ്ടാഴ്ചകൾ ഒരേ പ്രാർഥന ക്രമം തുടരുന്നു. അതിൽ ആദ്യത്തേതിൽ രണ്ട് ഗായകസംഘങ്ങളിൽ ഖദം വിഭാഗക്കാരും രണ്ടാമത്തെ ആഴ്ചയിൽ വാത്തർ വിഭാഗക്കാരും പ്രാർത്ഥനകളുടെ ആദ്യഭാഗം ചൊല്ലുന്നു. ഇക്കാരണത്താൽ യാമ നമസ്കാരങ്ങളുടെ പുസ്തകം "ക്സാവാ ദ് ഖദം ഒ വാത്തർ" (ആദ്യത്തേതിൻറെയും ശേഷത്തിന്റെയും പുസ്തകം) എന്നാണ് അറിയപ്പെടുന്നത്.[8]

ആരാധനാക്രമ വത്സരം

തിരുത്തുക
 
ആമേൻ പൗരസ്ത്യ സുറിയാനി അറമായ ലിപിയിൽ

വർഷത്തെ എകദേശം ഏഴ് ആഴ്ചകൾ വീതമുള്ള ശാവൂഎ (കാലങ്ങൾ) ആയി തിരിച്ചിരിക്കുന്നു. ഇവ താഴെപ്പറയുന്നവയാണ്:

ഇവയിൽ മൂശെ, പള്ളിക്കൂദാശ എന്നീ കാലങ്ങളിൽ നാല് ആഴ്ചകളിൽ അധികം ഉണ്ടാകാറില്ല. അതേസമയം ഏലിയാ സ്ലീവാ കാലത്തിൽ 7 ആഴ്ചകളിൽ അധികം ഉണ്ടാകാറുണ്ട്. വർഷത്തിലെ ഓരോ ദിവസവും ഓരോ കാലത്തിൻറെ പേരിലാണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന് ദനഹാക്കാലത്തിലെ ആദ്യ ഞായർ ദനഹായുടെ ഒന്നാം ഞായർ എന്ന് അറിയപ്പെടുന്നു. ക്രിസ്തുമസ് (ഡിസംബർ 25) കഴിഞ്ഞ് വരുന്ന മംഗളവാർത്ത കാലത്തിലെ ദിവസങ്ങൾ പിറവിക്കാലം എന്ന് അറിയപ്പെടുന്നു. ഏലിയാ സ്ലീവാ കാലത്തിൽ വിശുദ്ധ സ്ലീവാ കണ്ടെത്തിയതിന്റെ തിരുനാളിന് (സെപ്റ്റംബർ 13) മുൻപുള്ള ദിവസങ്ങൾ ഏലിയായുടെ പേരിലും ശേഷമുള്ള ദിവസങ്ങൾ സ്ലീവായുടെ പേരിലും അറിയപ്പെടുന്നു. പ്രധാനമായും ഉയർപ്പ് തിരുന്നാൾ (ഈസ്റ്റർ) അനുസരിച്ചാണ് കൽദായ ആരാധനാക്രമൗവത്സരവും ക്രമീകരിക്കപ്പെടുന്നത്.

ഓരോ കാലത്തിലും ആരാധനാക്രമത്തിൽ ഉപയോഗിക്കുന്ന പ്രാർത്ഥനകളും ഗാനങ്ങളും വ്യത്യസ്തമാണ്. കൽദായ ആചാര ക്രമത്തിൽ മാത്രം കാണപ്പെടുന്ന തിരുനാളുകൾ ഈ കാലങ്ങൾക്ക് അനുസൃതമാണ്. ഇവ ഓരോ കാലത്തിലെയും ആഴ്ചയിലെ ഓരോ ദിവസങ്ങളിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഞായറാഴ്ചകൾ, വെള്ളിയാഴ്ചകൾ എന്നിവയാണ് ഇത്തരത്തിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്ന സാധാരണ ദിവസങ്ങൾ. എന്നാൽ ക്രൈസ്തവരുടെ ഇടയിൽ എല്ലായിടത്തും ഒരുപോലെ ആചരിക്കപ്പെടുന്ന ചില പ്രമുഖ തിരുനാളുകൾ പ്രത്യേക തീയതികൾ അനുസരിച്ച് വരുന്നവയാണ്.[8]

തിരുനാളുകൾ

തിരുത്തുക

തിരുനാളുകളെ പെരുന്നാളുകളും ഓർമ്മ ദിവസങ്ങളും ആയി തരംതിരിച്ചിരിക്കുന്നു. പെരുന്നാളുകൾ പ്രധാനമായും യേശുക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇവയെ മാറാനായ തിരുനാളുകൾ എന്നാണ് പൊതുവേ വിളിക്കുന്നത്. ഇവ താഴെപ്പറയുന്നവയാണ്:

നോമ്പുകൾ

തിരുത്തുക

നോമ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വലിയ നോമ്പ് ആണ്. യേശുക്രിസ്തുവിന്റെ ഉയർപ്പ് പെരുന്നാളിന് മുൻപായി ആചരിക്കപ്പെടുന്നതും അദ്ദേഹത്തിന്റെ 40 ദിവസം ഉപവാസത്തിന്റെ അനുസ്മരണവുമാണ് ഇത്. ഇതിന് പുറമേ പ്രാധാന്യമുള്ളതും അപ്രധാനവുമായ നിരവധി നോമ്പുകളും കൽദായ ആചാരക്രമത്തിൽ നിലവിലുണ്ട്. പാരമ്പര്യപരമായി നോമ്പിൽ എല്ലാവിധത്തിലുമുള്ള മാംസാഹാരവും, മുട്ട, മത്സ്യം, പാലും എല്ലാത്തരം ക്ഷീരോത്പന്നങ്ങളും ഉൾപ്പെടെ ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നു. ഇതിന് പുറമേ മദ്യപാനം, ലഹരി ഉപയോഗം, കള്ളം എന്നിവ കർശനമായി വിലക്കുന്നു. ലൈംഗിക ബന്ധവും നോമ്പ് കാലഘട്ടത്തിൽ അനുവദനീയല്ല.

വലിയ നോമ്പ് 50 ദിവസം നീണ്ടുനിൽക്കുന്ന കാലഘട്ടമാണ്. ഇതാണ് കൽദായ ആചാരക്രമത്തിലെ പ്രധാന നോമ്പ് കാലഘട്ടം. നോമ്പുകാലത്തിലെ ആദ്യത്തെ ഞായറാഴ്ച പേത്തുർത്താ എന്ന് അറിയപ്പെടുന്നു. അന്നേദിവസം വൈകുന്നേരം (അഥവാ ആചാരക്രമപരമായി തിങ്കളാഴ്ച) ആണ് നോമ്പ് ആരംഭിക്കുന്നത്. 40 ദിവസങ്ങൾക്ക് ശേഷം നോമ്പ് ഔദ്യോഗികമായി അവസാനിക്കുന്നെങ്കിലും ഭക്ഷണ-ജീവിതരീതികളിൽ മാറ്റം വരുത്താതെ തുടരുന്നു. അന്നേദിവസം ലാസറിന്റെ വെള്ളി എന്നാണ് അറിയപ്പെടുന്നത്. യേശുക്രിസ്തു മരിച്ച ലാസറിനെ സന്ദർശിക്കുന്നതിന് ബേസ് അനിയായിൽ പോയതിന്റെ ഓർമ്മയാചരണമാണ് അന്ന്. പിറ്റേദിവസം കൊഴുക്കട്ട ശനി എന്ന പേരിൽ ആണ് ആചരിക്കപ്പെടുന്നത്. ലാസർ ഉയർപ്പിക്കപ്പെട്ടതിന്റെ അനുസ്മരണമായി മധുരപലഹാരങ്ങൾ (പ്രത്യേകിച്ച് കേരളത്തിൽ അരി കൊണ്ടുള്ള കൊഴുക്കട്ട) അന്നേദിവസം പാകം ചെയ്തു കഴിക്കുന്ന പാരമ്പര്യം ഉണ്ട്. എന്നാൽ നോമ്പ് ഈ ദിവസങ്ങളിലും തുടർന്ന് ഉയർപ്പുതിരുനാളിന്റെ തലേദിവസം വരെ ആചരിക്കുന്ന രീതിയാണ് നിലവിലുള്ളത്.

കൽദായ ആചാരക്രമത്തിൽ വലിയ നോമ്പിന് പുറമേയുള്ള പ്രധാന നോമ്പുകൾ താഴെപ്പറയുന്നവയാണ്:

  • പിറവിയുടെ നോമ്പ് - ക്രിസ്തുമസിന് ഒരുക്കം; ഡിസംബർ 1 മുതൽ 24 വരെ, ആകെ 24 ദിവസം.
  • നിനവേക്കാരുടെ യാചന - ഉയർപ്പുതിരുനാളിന് 70 ദിവസം മുമ്പ് തുടങ്ങുന്നു; ആകെ 3 ദിവസം.
  • മർത്ത് മറിയത്തിന്റെ നോമ്പ് - മറിയത്തിന്റെ ശൂനായ പെരുന്നാളിന് (ഓഗസ്റ്റ് 15) ഒരുക്കം; ഓഗസ്റ്റ് 1 മുതൽ 14 വരെ, ആകെ 14 ദിവസം.[8]

കൂദാശകൾ മറ്റ് ആചാരാനുഷ്ഠാനങ്ങൾ

തിരുത്തുക
 
കിരീടധാരണം കൽദായ സുറിയാനി സഭയിലെ ഒരു വിവാഹത്തിൽ
 
സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മാമോദീസ കഴിഞ്ഞ് ഒരു കുഞ്ഞിനെ കിരീടമണിയിക്കുന്നു
 
സീറോ മലബാർ സഭയിൽ വിശുദ്ധ മൽക്ക (പുളിപ്പ്) പുതുക്കുന്ന ചടങ്ങ്

കൈയെഴുത്തുപ്രതികളും പതിപ്പുകളും

തിരുത്തുക

കൽദായ ആചാരക്രമത്തിലെ നിലവിലിരിക്കുന്ന ഭൂരിഭാഗം കയ്യെഴുത്തുപ്രതികളും 17, 18 നൂറ്റാണ്ടുകളിൽ നിന്നുള്ളവയാണ്. അതേസമയം 15ാം നൂറ്റാണ്ടിനു മുൻപുള്ള ചില കയ്യെഴുത്ത് പ്രതികൾ ബ്രിട്ടീഷ് മ്യൂസിയത്തിലും വത്തിക്കാൻ മ്യൂസിയത്തിലും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ആരാധനാക്രമ പുസ്തകങ്ങൾ പ്രധാനമായും താഴെപ്പറയുന്നവയാണ്:[8]

  • തക്സ - വിശുദ്ധ കുർബാനയുടെയും മറ്റ് പ്രധാന കൂദാശകളുടെയും ക്രമമാണ് ഇത്. കാർമികന് വേണ്ടിയുള്ളതാണ് ഈ പുസ്തകം (ഗ്രീക്ക് ആചാരക്രമത്തിലെ എക്കോലോഗിയോണിന് സമമാണ് ഇത്).
  • ക്സാവാ ദ് ഖദം ഒ വാത്തർ - "ആദ്യത്തേതിനും ശേഷത്തിനുമുള്ള പുസ്തകം", യാമനമസ്കാരങ്ങളുടെ പൊതു ക്രമമാണ് ഇത്. സങ്കീർത്തനങ്ങളും ഗാനങ്ങളും ഇതിൽ ഉൾപ്പെടുന്നില്ല.
  • മസ്സ്മോറേ ദ് ദാവിദ് (ദാവീദിന്റെ സങ്കീർത്തനങ്ങൾ) - പ്ശീത്താ ബൈബിളിലെ സങ്കീർത്തന പുസ്തകം. ഇത് ഹൂലാലെകളായും മർമ്മീസകളായും ക്രമീകരിക്കപ്പെട്ടതാണ്. ഗ്രീക്ക് ആചാരക്രമത്തിലെ കഥിസ്മാത്തയ്ക്ക് എകദേശം സമമാണ് ഇത്.
  • കെറിയാനാ, സ്ലീഹാ വ് ഏവൻഗേലിയോൻ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, സുവിശേഷങ്ങൾ, എന്നിവ ചിലപ്പോൾ ഒരുമിച്ച്, ചിലപ്പോൾ പ്രത്യേക പുസ്തകങ്ങളിൽ.
  • തുർഗാമ - ലേഖനത്തിനും സുവിശേഷത്തിനും മുമ്പ് ആലപിക്കപ്പെടുന്ന വ്യാഖ്യാന ഗീതങ്ങൾ.
  • ഹുദ്ര - ആരാധനാക്രമ വത്സരത്തിലെ ദിവസങ്ങളിലെ (പ്രത്യേകിച്ച് ഞായറാഴ്‌ചകളിലെ) മാറിവരുന്ന ഗാനങ്ങളും, നോമ്പുകാലം, നിനെവെക്കാരുടെ യാചന, മറ്റ് വിശുദ്ധ ദിനങ്ങൾ എന്നിവയ്ക്ക് വേണ്ടിയുള്ള പ്രത്യേക ഗാനങ്ങളും ഉൾക്കൊള്ളുന്നു.
  • കശ്കോൽ, ഹുദ്രയിൽ നിന്ന് വേർതിരിച്ചിരിക്കുന്ന സാധാരണ ദിവസങ്ങൾക്ക് വേണ്ടിയുള്ള ഗാനങ്ങൾ മാത്രം ഉൾക്കൊള്ളുന്ന പുസ്തകം.
  • ഗസ്സാ, ഞായറാഴ്ച ഒഴികെയുള്ള തിരുനാളുകൾക്കുള്ള മാറിവരുന്ന ഗാനങ്ങൾ മാത്രം ഉൾകൊള്ളുന്നു.
  • അബുഖലിമ, നിസിബിസിലെ മെത്രാപ്പോലീത്ത ആയിരുന്ന അബു ഖലിം ഇബ്ന് അൽഖദീഥ തയ്യാറാക്കിയ ഒരു പുസ്തകം.
  • ബാവൂസാ ദ് നിനവായേ, വിശുദ്ധ അപ്രേമിന്റെ പേരിൽ അറിയപ്പെടുന്ന നിനവേക്കാരുടെ നോമ്പിൻ്റെ സമയത്ത് ഉപയോഗിക്കുന്ന താളാത്മക പ്രാർത്ഥനകൾ.

സ്വതന്ത്ര കൽദായ സഭകൾ

തിരുത്തുക

സ്വതന്ത്ര കിഴക്കിന്റെ സഭയിൽ 1964-68 കാലത്ത് ആരാധനാക്രമവർഷം ഗ്രിഗോറിയൻ പഞ്ചാംഗം പ്രകാരം ആചരിക്കാനുള്ള മാർ ഈശായി ശിമോൻ ഇരുപത്തിരണ്ടാമൻ പാത്രിയർക്കീസിന്റെ തീരുമാനത്തെ തുടർന്ന് പുതിയ പഞ്ചാംഗ കക്ഷിയും പഴയ പഞ്ചാംഗ കക്ഷിയും എന്നിങ്ങനെ സഭ വീണ്ടും പിളർന്നു. പുതിയ (ഗ്രിഗോറിയൻ) പഞ്ചാഗ കക്ഷി അസ്സീറിയൻ പൗരസ്ത്യ സഭയെന്നും പഴയ (ജൂലിയൻ) പഞ്ചാംഗ കക്ഷി പുരാതന പൗരസ്ത്യ സഭയെന്നും അറിയപ്പെടുന്നു. നിലവിൽ രണ്ട് വിഭാഗങ്ങൾക്കും പഞ്ചാംഗത്തിലോ ആരാധനാക്രമത്തിലോ യാതൊരു വ്യത്യാസവും ഇല്ല.

കത്തോലിക്കാ കൽദായ സഭകൾ

തിരുത്തുക

കിഴക്കിന്റെ സഭയിൽ നിന്ന് 1552ൽ ഒരു വിഭാഗം കത്തോലിക്കാ സഭയിൽ ചേർന്നു. ഇറാക്കിൽ 1830 മുതൽ ഈ വിഭാഗം കൽദായ കത്തോലിക്കാ സഭ എന്ന പേരിലും 1923 മുതൽ കേരളത്തിലെ വിഭാഗം സിറോ-മലബാർ സഭ എന്ന പേരിലും വ്യത്യസ്ത പൗരസ്ത്യ കത്തോലിക്കാ സഭകളായി നിലകൊള്ളുന്നു. ഈ രണ്ട് പൗരസ്ത്യ കത്തോലിക്കാ സഭകളും പൗരസ്ത്യ സുറിയാനി അഥവാ കൽദായ ആചാരക്രമത്തിൽ കത്തോലിക്കാ സഭയുടെ പലകാലങ്ങളിലുള്ള പൊതുനിലാപാടിന് അനുസരിച്ചുള്ള ഭേദഗതികളോടെ അനുഷ്ഠിച്ചുവരുന്നു.

കൽദായ ആചാരക്രമത്തിലെ പ്രധാന അനാഫൊറ അദ്ദായിയുടെയും മാറിയുടെയും അനാഫറയിൽ സ്ഥാപനവിവരണം ഉൾച്ചേർക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് ഉപയോഗിച്ചുവരുന്ന രണ്ട് പൗരസ്ത്യ കത്തോലിക്കാ സഭകളും സ്ഥാപനവിവരണം കൂടി കൂട്ടി ചേർത്താണ് ഉപയോഗിച്ച് വരുന്നത്.

1994ൽ വത്തിക്കാനിൽ വച്ച് അസ്സീറിയൻ പാത്രിയാർക്കീസ് മാർ ദെൻഹ 4ാമനും ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇതു സഭകളുടെയും ക്രിസ്തുവിജ്ഞാനീയം പരസ്പരം ഔദ്യോഗികമായി ശരിവെച്ചുകൊണ്ട് ഒരു പൊതു പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ക്രി. വ. 431-ൽ എഫേസൂസ് സൂനഹദോസ് മൂലം ഉണ്ടായ സഭാ പിളർപ്പ് "വളരെയധികം തെറ്റിദ്ധാരണകൾ മൂലമാണ്" എന്ന് ഈ പ്രമാണത്തിൽ ഇരു വിഭാഗവും അംഗീകരിച്ചു. "ക്രിസ്തു സത്യദൈവവും യഥാർത്ഥ മനുഷ്യനുമാണ്" എന്ന് ഇരു സഭകളും ഒരേ പോലെ ഏറ്റു പറയുന്നു എന്നും, "പരസ്പരം സഹോദരി സഭകളായി" അംഗീകരിക്കുകയും വിവിധ വിഷയങ്ങളിൽ ആവശേഷിക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ കൂടി പരിഹരിക്കാൻ പ്രതിജ്ഞയെടുക്കുകയും അതിനുവേണ്ട പഠനങ്ങളും സംഭാഷണങ്ങളും നടത്തുന്നതിന് ഒരു സമിതി സ്ഥാപിക്കുകയും ചെയ്തു. 2001ൽ ഈ സമിതി, കൽദായ കത്തോലിക്കാ സഭയും കിഴക്കിന്റെ അസീറിയൻ സഭയും തമ്മിൽ വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പരസ്പരം പങ്കെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി.[18][19]

അവലംബങ്ങൾ

തിരുത്തുക
  1. https://catholicmalayalam.org/church-history/eastern-churches
  2. Encyclopædia Britannica: "Antiochene Rite"
  3. The Rites of Christian Initiation: Their Evolution and Interpretation
  4. Johnson, Maxwell E. (26 September 2018). "The Rites of Christian Initiation: Their Evolution and Interpretation". Liturgical Press – via Google Books.
  5. എദേസ്സ സഭ മാർത്തോമ്മാ ശ്ലീഹായെയാണ് പിതാവായി വണങ്ങുന്നത്. എദേസ്സയെ അനുഗ്രഹീത നഗരമെന്നും മാർത്തോമ്മാ ശ്ലീഹായുടെ പട്ടണമെന്നും വിളിയ്ക്കാറുണ്ട്.- പാരമ്പര്യം : ദൈവശാസ്ത്ര വിശകലനം ഡോ.ജോസഫ് കല്ലറങ്ങാട്ട് ;2000 ജൂലൈ 3; ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ്, പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ, കോട്ടയം; പുറം:34
  6. റീത്ത് എന്ന സംജ്ഞകൊണ്ട് വിവക്ഷിയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ആരാധനാരീതിയും അതിനോടു ബന്ധപ്പെട്ട മതാനുഷ്ഠാന വിധികളുമാണ്. റീത്തൂസ് എന്ന ലത്തീൻ വാക്കിന്റെ രൂപാന്തരമാണ് മലയാളത്തിലെ റീത്ത്. ആർച്ച് ബിഷപ്പ് സിറിൾ മാർ ബസേലിയോസ്:അന്ത്യോക്യൻ റീത്ത് /സമ്പാദകർ : ഡോ.ജേക്കബ് കട്ടയ്ക്കൽ, ഡോ.ജേക്കബ് പുഞ്ചക്കുന്നേൽ:ക്രിസ്തു ദർശനം; കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം പതിപ്പ് 1996 പുറം 740
  7. ഡോ. ജോൺ മാതേയ്ക്കൽ : സീറോ മലബാർ ലിറ്റർജി/ സമ്പാദകർ : ഡോ.ജേക്കബ് കട്ടയ്ക്കൽ, ഡോ.ജേക്കബ് പുഞ്ചക്കുന്നേൽ:ക്രിസ്തു ദർശനം; കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം പതിപ്പ് 1996 ; പുറം 715
  8. 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 8.11 8.12 8.13 8.14 8.15 8.16 8.17 8.18 8.19 Jenner, Henry (1913). "East Syrian Rite". Catholic Encyclopedia. New York: Robert Appleton Company.
  9. "Ancient History in depth: Mesopotamia". BBC History. Retrieved 2017-07-21.
  10. Fahlbusch et al. 2008, പുറം. 285.
  11. Slapak 1995, പുറം. 27.
  12. Medlycott 1905.
  13. Puthiakunnel 1973.
  14. Frykenberg, pp. 102–107; 115.
  15. Mihindukulasuriya, Prabo. "Persian Christians in the Anuradhapura Period". Academia.edu. Retrieved 19 December 2018.
  16. "St. Gregorios Malankara (Indian) Orthodox Church of Washington, DC : Indian Orthodox Calendar". Stgregorioschurchdc.org. Archived from the original on 21 January 2020. Retrieved 19 December 2018.
  17. "Mar Aprem Metropolitan Visits Ancient Anuradhapura Cross in Official Trip to Sri Lanka". Assyrian Church News. 6 August 2013. Archived from the original on 26 February 2015. Retrieved 1 March 2015.
  18. "Guidelines for admission to the Eucharist between the Chaldean Church and the Assyrian Church of the East". Vatican.va. Archived from the original on 2015-11-03. Retrieved 2010-07-26.
  19. "ASSYRIAN CHURCH FINDS HOME IN THE CITY". Chicagotribune.com. 8 September 1995. Retrieved 2019-10-01.
"https://ml.wikipedia.org/w/index.php?title=കൽദായ_ആചാരക്രമം&oldid=4136676" എന്ന താളിൽനിന്ന് ശേഖരിച്ചത്