അദ്ദായിയുടെയും മാറിയുടെയും അനാഫൊറ

പ്രധാന പൗരസ്ത്യ സുറിയാനി അനാഫൊറ

കിഴക്കിന്റെ സഭയിൽ വിശുദ്ധ കുർബ്ബാന അർപ്പണത്തിന് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന അനാഫൊറ ആണ് അദ്ദായിയുടെയും മാറിയുടെയും അനാഫൊറ അഥവാ അദ്ദായിയുടെയും മാറിയുടെയും കൂദാശാക്രമം. കൽദായ ആചാരക്രമം പിന്തുടരുന്ന ആധുനിക സഭകളുടെ മുഖ്യ അനാഫൊറ ഇതാണ്.[1][2][3]

അദ്ദായി, മാറി ശ്ലീഹന്മാരുടെ അനാഫൊറ തക്സയുടെ ഒരു മുഖതാൾ

ഈ ആരാധനാക്രമം പരമ്പരാഗതമായി മാർ അദ്ദായി (തോമാശ്ലീഹായുടെ ശിഷ്യൻ), മാർ മാറി (മാർ അദ്ദായിയുടെ ശിഷ്യൻ) എന്നിവരുടെ പേരിലാണ് അറിയപ്പെടുന്നത്. കിഴക്കിന്റെ സഭയുടെ ശാഖകളായ കിഴക്കിന്റെ അസ്സീറിയൻ സഭ (കേരളത്തിലെ കൽദായ സുറിയാനി സഭ ഉൾപ്പെടെ), കിഴക്കിന്റെ പുരാതന സഭ എന്നീ സഭകളിലും കൽദായ കത്തോലിക്കാ സഭ, സീറോ-മലബാർ സഭ എന്നീ പൗരസ്ത്യ കത്തോലിക്കാ സഭകളിലും ഈ അനാഫൊറ നിലവിൽ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.

സവിശേഷത

തിരുത്തുക

കൽദായ ആചാരക്രമ പാരമ്പര്യത്തിൽ നിലവിൽ ഉള്ള 3 കൂദാശക്രമങ്ങളിൽ അദ്ദായിയുടെയും മാറിയുടെയും ക്രമമാണ് കൂടുതൽ പ്രചാരമുള്ളതും കൂടുതൽ ഉപയോഗിക്കപ്പെടുന്നതും. ശ്ലീഹന്മാരുടെ കൂദാശക്രമം എന്നും ഇത് അറിയപ്പെടുന്നു. 'കിഴക്കിന്റെ ശ്ലീഹന്മാരായ അദ്ദായിയുടെയും മാറിയുടെയും കൂദാശക്രമം' എന്ന ദീർഘമായ ശീർഷകത്തിൻറെ ചുരുക്കപ്പേരാണ് ഇത്.

എദേസ്സ, മെസൊപ്പൊത്താമിയ എന്നിവിടങ്ങളിൽ ക്രിസ്തുമത വിശ്വാസം പ്രചരിപ്പിച്ചവർ എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നവരാണ് അദ്ദായി, മാറി എന്നിവർ. ഇവരിൽ അദ്ദായി യേശുക്രിസ്തുവിന്റെ 60 ശിഷ്യന്മാരിൽ ഒരാളും തോമാശ്ലീഹായുടെ സഹായിയും ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പാരമ്പര്യം അനുസരിച്ച് അദ്ദായിയുടെ ശിഷ്യത്വം സ്വീകരിച്ച പേർഷ്യൻ വംശജനാണ് മാറി.

ഇന്ന് നിലവിൽ ഉപയോഗിക്കപ്പെടുന്ന ക്രൈസ്തവ ആരാധനാക്രമങ്ങളിൽ ഏറ്റവും പഴയതായി അദ്ദായി-മാറി ക്രമം അറിയപ്പെടുന്നു. ക്രിസ്തുമതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലെ ദിദാക്കെ തുടങ്ങിയ രചനകളിൽ കാണുന്ന ആരാധനാക്രമങ്ങളും ആയാണ് ഗവേഷകർ ഇതിനെ താരതമ്യം ചെയ്യുന്നത്. യഹൂദ സാഹിത്യത്തിൻറെ ശക്തമായ സ്വാധീനവും ദൈവശാസ്ത്രപരമായ ലാളിത്യവും അദ്ദായി-മാറി ക്രമത്തിന്റെ പ്രത്യേകതകളാണ്.

അദ്ദായി-മാറി ക്രമത്തിന്റെ മറ്റൊരു പ്രധാന സവിശേഷത അതിൽ യേശുക്രിസ്തുവിന്റെ അന്ത്യ പെസഹാ അത്താഴത്തിന്റെയും വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെയും വിവരണം നിലവിലില്ല എന്നതാണ്. ദിദാക്കെയിലെ ക്രമത്തിലും സ്ഥാപനവിവരണം നിലവിലില്ല. യോഹന്നാന്റെ സുവിശേഷത്തിലെ അവതരണത്തോട് ചേർന്നു പോകുന്ന അദ്ദായി-മാറി ക്രമം യേശുക്രിസ്തുവിന്റെ "ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു" എന്ന വാചകത്തെ കേന്ദ്രമാക്കി ഉള്ളതാണ്.

ഇതര ക്രൈസ്തവ ആചാരക്രമങ്ങളിലെ പതിവായ അനാഫൊറകളിൽ നിന്നും റോമൻ കാനോനുകളിൽ നിന്നും വ്യത്യസ്തമായി അദ്ദായി-മാറി ക്രമത്തിലെ സ്ഥാപനവാക്യങ്ങളുടെ അഭാവം അതിൻറെ കൗദാശിക സാധുതയെ കുറിച്ച് വിവിധ കോണുകളിൽ നിന്ന് സംശയങ്ങൾ ഉയർത്തി. 1552ൽ രൂപപ്പെട്ട കൽദായ കത്തോലിക്കാ സഭ തങ്ങളുടെ ആരാധനാക്രമം കത്തോലിക്ക സഭയുടെ ചിട്ടകൾക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി സ്ഥാപനവാക്യങ്ങൾ അക്കാലം മുതലേ കൂട്ടിച്ചേർത്ത് ഉപയോഗിച്ച് തുടങ്ങി. കത്തോലിക്കാ സഭയും കിഴക്കിന്റെ അസ്സീറിയൻ സഭയും തമ്മിൽ നടത്തിയ ദീർഘകാലത്തെ സഭൈക്യ സംവാദങ്ങളുടെ ഫലമായി 2001 ജൂലൈ 20ന് അദ്ദായി-മാറി ക്രമം സ്ഥാപനവിവരണം ഇല്ലാതെയും കൗദാശിക സാധുത ഉള്ളതാണെന്ന് കത്തോലിക്കാ സഭ പ്രഖ്യാപിച്ചു. പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനും പിന്നീട് മാർപ്പാപ്പയും ആയിരുന്ന ജോസഫ് റാറ്റ്സിങ്ഗറിന്റെ നേതൃത്വത്തിലുള്ള സമിതി അദ്ദായി-മാറി ക്രമത്തിന്റെ സാധുതയെക്കുറിച്ച് നടത്തിയ പഠനത്തെ തുടർന്നാണ് ഈ പ്രഖ്യാപനം നടന്നത്.[4]

  • Hofrichter, Peter (2004). "The Anaphora of Addai and Mari An Early Witness to Apostolic Tradition". Orientalium Ecclesiarum: Its Recepetion in the Syro-Malabar Church. Manganam, Kottayam 686018, Kerala: Missionary Orientation Center (MOC).{{cite web}}: CS1 maint: location (link)
  • Royel, Awa (2014). The Pearl of Great Price: The Anaphora of the Apostles Mar Addai & Mar Mari as an Ecclesial and Cultural Identifier of the Assyrian Church of the East. Orientalia Christiana Periodica. Rome: Pontificium Institutum Orientalium Studiorum. pp. 5–22.
  • Potoczny, Mateusz Rafał (2019). The Anaphora of the Apostles Addai and Mari and Its Christological Character. Parole de l’Orient. Vol. 45. Rome. pp. 309–324.{{cite book}}: CS1 maint: location missing publisher (link)
  1. Hofrichter (2004).
  2. "മാർ അദ്ദായിയുടെ ശിഷ്യനായ മാർ മാറി" (PDF). syromalabarliturgy.org.
  3. Melvettam, Thomas (2021-02-05). "വി. കുർബ്ബാനയിലെ അടയാളങ്ങളും പ്രതീകങ്ങളും". Retrieved 2024-10-19.
  4. "ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ". 2001. Archived from the original on 2024-11-05. Retrieved 2025-05-10.