ഈസ്ട്രജൻ
മനുഷ്യരടക്കമുള്ള സസ്തനികളിൽ സ്ത്രൈണ സവിശേഷതകൾ പ്രകടിതമാക്കുകയും, പല സ്ത്രൈണ ശരീരധർമ്മങ്ങൾ നിർവ്വഹിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും, സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെയും ദ്വിതീയ ലൈംഗിക സ്വഭാവങ്ങളുടെയും വികാസത്തിനും നിയന്ത്രണത്തിനും ഉത്തരവാദികളായ ലൈംഗിക ഹോർമോണുകളുടെ ഒരു വിഭാഗമാണ് ഈസ്ട്രജൻ. [1] [2]ഇംഗ്ലീഷ്: (estrogen, Oestrogen). ഇതിനെ 'സ്ത്രീ ലൈംഗിക ഹോർമോൺ' എന്ന് വിശേഷിപ്പിക്കാറുണ്ട്. പ്രോലാക്ടിൻ, പ്രൊജസ്റ്റിറോൺ എന്നിവയും സ്ത്രൈണ്ണ അന്ത:സ്രവങ്ങളാണ്.
ഈസ്ട്രജൻ | |
---|---|
Drug class | |
Class identifiers | |
Use | Contraception, menopause, hypogonadism, transgender women, prostate cancer, breast cancer, others |
ATC code | G03C |
Biological target | Estrogen receptors (ERα, ERβ, mERs (e.g., GPER, others)) |
External links | |
MeSH | D004967 |
കൗമാരം മുതൽ ആർത്തവവിരാമം (മേനോപോസ്) വരെ ഈസ്ട്രജൻ സ്ത്രീകളിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നു. അതായത് ഏകദേശം പത്തു പതിനൊന്ന് വയസ് മുതൽ ഏതാണ്ട് നാൽപത്തിയഞ്ച്, അൻപത് അല്ലെങ്കിൽ അന്പത്തിയഞ്ച് വയസുവരെയുള്ള കാലയളവിലാണ് ഈ ഹോർമോണിന്റെ ഉത്പാദനം സ്ത്രീകളിൽ ഉയർന്ന് കാണുന്നത്. ആർത്തവ വിരാമത്തിന് ശേഷം ചില ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുന്നത് ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം പൊടുന്നനെ കുറയുന്നത് കൊണ്ടാണ്.
എല്ലാ കശേരുക്കൾ ഉള്ള ജീവികളിലും [3] ചില പ്രാണികളിലും ഈസ്ട്രജൻ ഉണ്ടാവുന്നുണ്ട്. [4] കശേരുക്കളിലും പ്രാണികളിലും അവയുടെ സാന്നിധ്യം ഈസ്ട്രജനിക് ലൈംഗിക ഹോർമോണുകൾക്ക് പുരാതന പരിണാമ ചരിത്രമുണ്ടെന്ന് സൂചിപ്പിക്കുന്നു. അളവനുസരിച്ച്, ഈസ്ട്രജൻ പുരുഷന്മാരിലും സ്ത്രീകളിലും ആൻഡ്രോജനുകളേക്കാൾ താഴ്ന്ന നിലയിലാണ് ഉണ്ടാവുന്നത്. [5] സ്ത്രീകളേക്കാൾ പുരുഷന്മാരിൽ ഈസ്ട്രജന്റെ അളവ് വളരെ കുറവാണെങ്കിലും, പുരുഷന്മാരിൽ ഈസ്ട്രജൻ പ്രധാന ശരീര ശാസ്‌ത്രപരമായ ജോലികൾ നിർവഹിക്കുന്നു. [6]
കൃതൃമമായി നിർമ്മിക്കാവുന്ന ഈ ഹോർമോണിനു ചികിൽസാമൂല്യവും, സൗന്ദര്യവർദ്ധക (cosmetic) പ്രാധാന്യവുമുണ്ട്. ഈസ്ട്രജൻ ഉല്പന്നങ്ങളുടെ ദുരുപയോഗ സാധ്യതയും ആരോഗ്യഹാനി സാധ്യതകളും പഠിക്കപ്പെട്ടിട്ടുണ്ട്. സോയാബീൻ, ശതാവരി, ചണവിത്ത്, മാതളപ്പഴം, ചേമ്പ്, കാച്ചിൽ, ബദാം, എള്ളു, ക്യാരറ്റ്, ബീൻസ് തുങ്ങിയവ സസ്യജന്യ ഈസ്ട്രജൻ (Phyto estrogen) ഹോർമോണിന്റെ ഉറവിടങ്ങളാണ്. [7] [8]
ഈസ്ട്രജന്റെ ധർമ്മം
തിരുത്തുകഅണ്ഡാശയത്തിലാണ് ഈസ്ട്രജൻ പ്രധാനമായും ഉല്പാദിപ്പിക്കപ്പെടുന്നത്. കൊഴുപ്പ് കോശങ്ങളും, അഡ്രിനൽ ഗ്രന്ഥിയും ഈസ്ട്രജൻ ഉൽപ്പാദിപ്പിക്കുന്നു.
പെൺശരീരങ്ങളിൽ കാണുന്ന സ്ത്രൈണ ലക്ഷണങ്ങൾ (secondary sexual characterstics) രൂപപ്പെടുത്തുന്നതാണ് ഈസ്ട്രജന്റെ അടിസ്ഥാന ധർമ്മം. ഇവയിൽ പ്രധാനം താഴെ പറയുന്നവയാണ്.
- ആർത്തവം, അണ്ഡോൽപ്പാദനം എന്നിവ ഉണ്ടാകുന്നു.
- സ്തനങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നു.
- ശരീരത്തിലെ രോമവളർച്ച. പ്രത്യേകിച്ച് കക്ഷത്തും, ജനനേന്ദ്രിയ ഭാഗത്തും.
- തുടകളിലെ പേശിവളർച്ച
- ഇടുപ്പ് ഭാഗത്ത് വീതികൂടൽ, ഭാവിയിൽ പ്രസവത്തിനു വഴിയൊരുക്കലാണ് ഈ വികാസം.
- ആണുങ്ങളെക്കാൽ കനം കുറഞ്ഞ കൈകാലുകൾ
- കൂടുതൽ വൃത്താകൃതമാകുന്ന മുഖലക്ഷണം
- അരഭാഗം ഇടുങ്ങുന്നു
- ശരീര കൊഴുപ്പ് വിതരണം മാറ്റിമറയ്ക്കപ്പെടുന്നു. കൂടുതൽ കൊഴുപ്പ് പൃഷ്ഠ ഭാഗത്തും, തുടകളിലും, ഇടുപ്പിലും വിന്യസിക്കപ്പെടുന്നു.
- ഗർഭപാത്രത്തിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു.
- ചർമത്തിനും തലമുടിയ്ക്കും മിനുസവും തിളക്കവും നൽകുന്നു. ചർമത്തിന്റെ വരൾച്ച തടയുന്നു.
- നല്ല മാനസികാവസ്ഥയ്ക്കും ഓർമ ശക്തിക്കും അസ്ഥികളുടെ ബലത്തിനും സഹായിക്കുന്നു.
- ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
- യോനിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. യോനിഭാഗത്തെ ഇലാസ്തികത, യോനി ചർമത്തിന്റെ കട്ടി, പിഎച്ച് എന്നിവ നിലനിർത്തുന്നു. അതുവഴി യോനിയിലെ അണുബാധ ഒരു പരിധിവരെ തടയുന്നു.
- യോനിയിൽ ഈർപ്പവും വഴുവഴുപ്പും (ലൂബ്രിക്കേഷൻ) നൽകുന്നു. ബർത്തോളിൻ നീർ ഗ്രന്ഥികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നു. യോനീ വരൾച്ച കുറയ്ക്കുന്നു. അതുവഴി ലൈംഗികബന്ധം വേദനരഹിതവും സുഖകരവുമാക്കുന്നു.
- സ്ത്രീ ലൈംഗികത, രതിമൂർച്ഛ എന്നിവയിലും പ്രധാന പങ്കുവഹിക്കുന്നു.
ആർത്തവവിരാമവും ഈസ്ട്രജനും
തിരുത്തുകആർത്തവവിരാമം അഥവാ ഋതുവിരാമം എന്നത് ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ: മെനോപോസ് (menopause). മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. ഈ കാലയളവിൽ സ്ത്രൈണ ഹോർമോണായ ഈസ്ട്രജന്റെ ഉത്പാദനം കുറയുന്നു. അതോടെ ഒരു സ്ത്രീ ഗർഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു. ഈ ഘട്ടത്തിൽ സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികൾ ഉണ്ടാകുന്നു. ശരീരത്തിൽ പെട്ടന്ന് ചൂടും വിയർപ്പും, അസ്ഥികൾക്ക് ബലക്ഷയം, ഹൃദ്രോഗ സാധ്യത, വിഷാദരോഗം, വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ, മൂത്രാശയ അണുബാധ, ബർത്തോളിൻ ഗ്രന്ഥികളുടെ പ്രവർത്തന മാന്ദ്യം, യോനീ വരൾച്ച, യോനിയുടെ ഉൾതൊലിയുടെ കട്ടി കുറയുക, ലൈംഗികബന്ധത്തിൽ വേദനയും ബുദ്ധിമുട്ടും, ലൈംഗിക താല്പര്യക്കുറവ് തുടങ്ങിയവ ഉണ്ടാകുന്നത് ഈസ്ട്രജൻ ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന കുറവ് മൂലമാണ്.
ആർത്തവവിരാമത്തിൻ്റെ സമയത്ത് അമിതവണ്ണം, പ്രത്യേകിച്ച് അടിവയറിന് ചുറ്റും, സ്ത്രീകളിൽ സാധാരണമാണ്. വയറിലെ കൊഴുപ്പിൻ്റെ വർദ്ധനവ് അപകടകരമാണ്. കാരണം, ഇത് ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഭക്ഷിക്കുന്ന കലോറി കുറയ്ക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും മത്സ്യവും മുട്ടയും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം, പ്രത്യേകിച്ച് കാൽസ്യം, ജീവകം ഡി, സിങ്ക്, പ്രോടീൻ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിമാണ്. കൊഴുപ്പ് നീക്കം ചെയ്ത പാൽ കുടിക്കുന്നത്, തൈര് അല്ലെങ്കിൽ യോഗർട്ട്, മുട്ട എന്നിവ കഴിക്കുന്നത് കാൽസ്യം ലഭ്യമാക്കാൻ സഹായിക്കും. അമിതമായി ഉപ്പ്, മധുരം, കൊഴുപ്പ്, എണ്ണ എന്നിവയടങ്ങിയ ഭക്ഷണം പുകയില തുടങ്ങിയവ ഒഴിവാക്കുകയും വേണം. മാത്രമല്ല, ഇത് മൊത്തത്തിലുള്ള ജീവിത നിലവാരവും മെച്ചപ്പെടുത്തും. ആർത്തവ വിരാമത്തിൻ്റെ സങ്കീർണതകൾ തടയുന്നതിന് ആരോഗ്യകരമായ ജീവിതശൈലി അനിവാര്യമാണ്.
സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ശതാവരി, സോയാബീൻ ഉത്പന്നങ്ങൾ, കാച്ചിൽ, ചേമ്പ്, ചണവിത്ത് (ഫ്‌ളാക്‌സ് സീഡ്‌സ്), മാതളം, ബീൻസ്, ക്യാരറ്റ്, എള്ള്, ബദാം തുടങ്ങിയവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഈ ഘട്ടത്തിൽ ഏറെ ഗുണകരമാണ്.
ആർത്തവവിരാമ സമയത്തു ഡോക്ടറെ സന്ദർശിക്കുന്നതും പ്രധാനമാണ്. സ്തനാർബുദം, ഗർഭാശയമുഖ അർബുദം എന്നിവയ്ക്ക് സാധ്യതയുള്ള പ്രായമായതിനാൽ പരിശോധനയ്ക്ക് പ്രാധാന്യമുണ്ട്. മെനോപോസിന് ശേഷം യോനിയിൽ നിന്ന് വീണ്ടും അമിത രക്തസ്രാവം ഉണ്ടായാൽ ഉടനെ വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടതാണ്. ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്ന നിരവധി ബദൽ ചികിത്സകൾ ലഭ്യമാണ്. എന്നിരുന്നാലും, ഇത്തരം ബദൽ രീതികൾ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. മിക്ക സ്ത്രീകളിലും, സ്വാഭാവിക പ്രക്രിയ മൂലമാണ് ആർത്തവവിരാമം ഉണ്ടാകുന്നത്. കാലക്രമേണ, അണ്ഡാശയങ്ങൾ കുറഞ്ഞ അളവിൽ ഈസ്ട്രജനും പ്രോജസ്റ്ററോണും ഉത്പാദിപ്പിക്കുന്നു. ഗർഭപാത്രവും ഓവറിയും നീക്കൽ നീക്കം ചെയ്തവരിലും, അണ്ഡാശയത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ പോലുള്ള ചില മെഡിക്കൽ നടപടിക്രമങ്ങളും ഇതിന് കാരണമാകും.
ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിൽ പ്രത്യേകിച്ച്, അജിതേന്ദ്രിയത്വം (ഇടയ്ക്കിടെയും അറിയാതെയും മൂത്രം പുറപ്പെടുവിക്കുന്നത്) സാധാരണമാണ്. ഈസ്ട്രജൻ്റെ കുറവ് മൂലം യോനിയിലെ ടിഷ്യുകളും മൂത്രനാളിയും (മൂത്രസഞ്ചി ശരീരത്തിന് പുറത്തേക്ക് ബന്ധിപ്പിക്കുന്ന ട്യൂബ്) നേർത്തതാകുകയും, വരളുകയും, ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു. തൽഫലമായി, അനിയന്ത്രിതമായ മൂത്ര ചോർച്ച അനുഭവപ്പെടാം. പുകയില ഉപേക്ഷിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും മൂത്രാശയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കും.
അജിതേന്ദ്രിയത്വത്തിന് നിരവധി ചികിത്സാ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. പെൽവിക് ഫ്ലോർ പേശികളെ ബലപ്പെടുത്തുന്ന കെഗൽ വ്യായാമം അതിലൊന്നാണ്. ആർക്കും എപ്പോഴും എവിടെവച്ചും ചെയ്യാവുന്ന അതീവ ലളിതമായ ഒരു വ്യായാമമാണ് ഇത്. അതുപോലെ ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാകുവാനും സാധ്യതയുണ്ട്. അതിനുള്ള ചികിത്സയും ഇന്ന് ലഭ്യമാണ്. ഈസ്ട്രജൻ അടങ്ങിയ ക്രീം അല്പം യോനിഭാഗത്ത് പുരട്ടുന്നത് ഇത്തരം അണുബാധകൾ തടയുവാനും, യോനിയുടെ ഉൾതൊലിയുടെ കട്ടി വർധിക്കാനും, യോനീ വരൾച്ച പരിഹരിക്കാനും, ലൈംഗിക ബന്ധത്തിൽ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും പരിഹരിക്കാനും ഫലപ്രദമാണ്. യോനി വരൾച്ച പരിഹരിക്കാൻ യോനിയിൽ വജൈനൽ മൊയിസ്ച്ചറൈസറുകളും ഫാർമസിയിൽ ലഭ്യമായ കേവൈ ജെല്ലി, ഡ്യുറക്സ്, മൂഡ്സ് തുടങ്ങിയ മികച്ച ലൂബ്രിക്കന്റുകൾ ഉപയോഗിക്കാവുന്നതാണ്. ഇത് ലൈംഗിക ബന്ധം സുഖകരമായ ഒരനുഭവമാക്കി മറ്റും. ധാരാളം ശുദ്ധജലം, പഴച്ചാർ എന്നിവ കുടിക്കുന്നത് ഇത്തരം അണുബാധ ചെറുക്കുവാൻ അത്യാവശ്യമാണ്.
അവലംബം
തിരുത്തുക- ↑ Huether SE, McCance KL (2019). Understanding Pathophysiology. Elsevier Health Sciences. p. 767. ISBN 978-0-32-367281-8.
Estrogen is a generic term for any of three similar hormones derived from cholesterol: estradiol, estrone, and estriol.
- ↑ Satoskar RS, Rege N, Bhandarkar SD (2017). Pharmacology and Pharmacotherapeutics. Elsevier Health Sciences. p. 943. ISBN 978-8-13-124941-3.
The natural estrogens are steroids. However, typical estrogenic activity is also shown by chemicals which are not steroids. Hence, the term 'estrogen' is used as a generic term to describe all the compounds having estrogenic activity.
- ↑ "Biochemistry of aromatase: significance to female reproductive physiology". Cancer Research. 42 (8 Suppl): 3342s–3344s. August 1982. PMID 7083198.
- ↑ "Estrogens in insects". Cellular and Molecular Life Sciences. 40 (9): 942–944. September 2005. doi:10.1007/BF01946450.
- ↑ "Androgen production in women". Fertility and Sterility. 77 (Suppl 4): S3–S5. April 2002. doi:10.1016/S0015-0282(02)02985-0. PMID 12007895.
- ↑ "Estrogens and health in males". Molecular and Cellular Endocrinology. 178 (1–2): 51–55. June 2001. doi:10.1016/S0303-7207(01)00420-8. PMID 11403894.
- ↑ Ryan KJ (August 1982). "Biochemistry of aromatase: significance to female reproductive physiology". Cancer Research. 42 (8 Suppl): 3342s–3344s. PMID 7083198.
- ↑ Mechoulam R, Brueggemeier RW, Denlinger DL (September 2005). "Estrogens in insects". Cellular and Molecular Life Sciences. 40 (9): 942–944. doi:10.1007/BF01946450. S2CID 31950471.
- ↑ Häggström, Mikael (2014). "Reference ranges for estradiol, progesterone, luteinizing hormone and follicle-stimulating hormone during the menstrual cycle". WikiJournal of Medicine. 1 (1). doi:10.15347/wjm/2014.001. ISSN 2002-4436.