ആർത്തവചക്രം.

ഗർഭപാത്രത്തിന്റെ ഉൾപാളി അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം അല്ലെങ്കിൽ മാസമുറ. ഗർഭധാരണമോ ബീജസംയോഗമോ നടക്കാത്തതിന്റെ ഒരു ലക്ഷണം കൂടിയാണ് ആർത്തവം. ആർത്തവം ഉണ്ടായി എന്നത് കൊണ്ട് ഒരു പെൺകുട്ടി പ്രസവത്തിനോ, ലൈംഗികബന്ധത്തിനോ പക്വതനേടി എന്ന് പറയാനാവില്ല.

പദപരിചയംതിരുത്തുക

 • ആർത്തവം (Menstruation)
 • ആർത്തവചക്രം (Menstrual Cycle)
 • ശരിയായ ആർത്തവം (Eumenorrhoea)
 • വേദനയോടു കൂടിയ ആർത്തവം (Dysmenorrhoea)
 • അടുത്തടുത്തുണ്ടാകുന്ന ആർത്തവം (Polymenorrhoea)
 • അണ്ഡവിസർ‌ജനം (Ovulation)
 • ആർത്തവ വിരാമം (Menopause)

ആർത്തവചക്രംതിരുത്തുക

പ്രധാന ലേഖനം: ആർത്തവചക്രം

ആർത്തവചക്രത്തിന്റെ ഏറ്റവും അനുഭവവേദ്യമാകുന്ന ഭാഗമാണ് ആർത്തവം. ആർത്തവചക്രം കണക്കാക്കുന്നത് ആർത്തവരക്തം പോക്കിന്റെ ആദ്യ ദിനം മുതലാണ്. ഒരു ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന് തൊട്ടു മുമ്പു വരെയുള്ള കാലയളവിൽ ഗർഭപാത്രത്തിലും ശരീരത്തിൽ പൊതുവെയും ഉണ്ടാകുന്ന ക്രമമായ മാറ്റങ്ങളെ ഒരു ആർത്തവചക്രം എന്നു കണക്കാക്കുന്നു. ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം സാധാരണ ഗതിയിൽ 28±7 ദിവസങ്ങൾ ആണ്. ആർത്തവത്തിന്റെ ആരംഭം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഗർഭകാലത്തും മുലയൂട്ടുന്ന കാലയളവിലും ആർത്തവം താൽക്കാലികമായി നിലയ്ക്കുന്നു. ആർത്തവം പുനരാരംഭിച്ചിട്ടില്ലെങ്കിൽ മുലയൂട്ടുന്ന കാലയളവിൽ ഗർഭിണിയാവനുള്ള സാധ്യത കുറവാണ്.

ആർത്തവവും ലൈംഗികബന്ധവുംതിരുത്തുക

ശരിയായ ശുചിത്വം പാലിച്ചാൽ ആർത്തവ സമയത്ത് ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുകയില്ല. എന്നാൽ ഈ സമയത്ത് അണുബാധ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. സാധാരണ ഗതിയിൽ അമ്ലഗുണമുള്ള യോനിയിലെ പിഎച്ച് ആർത്തവ സമയത്ത് ഉയർന്നിരിക്കും. ഗർഭാശയമുഖം (സർവിക്സ്) പതിവിലും താഴ്ന്ന സ്ഥാനത്തായിരിക്കും കാണപ്പെടുന്നത്, എന്ടോമെട്രിയം എന്ന ഗർഭാശയത്തിന്റെ ഉൾപ്പാളി ഇളകിയ നിലയിലായിരിക്കും, ഗർഭാശയത്തിലേയ്ക്ക് തുറക്കുന്ന ഭാഗം രക്തത്തെ പുറന്തള്ളാൻ കുറച്ചൊന്നു വികസിച്ചായിരിക്കും കാണപ്പെടുന്നത്. ഇക്കാരണങ്ങളാൽ പുറമേ നിന്നുള്ള രോഗാണുക്കൾ നേരിട്ട് ശരീരത്തിനുള്ളിലേക്ക് കടക്കാനുള്ള സാദ്ധ്യത കൂടുതലായിരിക്കും, പ്രത്യേകിച്ച് പങ്കാളിക്ക് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ ഉണ്ടെങ്കിൽ സ്ത്രീയിലേക്ക് ഇവ വേഗം പടരാം. അതിനാൽ ഗർഭനിരോധന ഉറ (Condom) ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷിതമായ ലൈംഗിക ബന്ധമാണ് ഈ സമയത്ത് അഭികാമ്യം. സ്ത്രീകൾക്കുള്ള ഉറയും അണുബാധ തടയാൻ ഏറെ ഫലപ്രദമാണ്. ഈ സമയത്ത് ലൈംഗിക ശുചിത്വം പാലിക്കുകയും പങ്കാളികൾ ഇരുവരും ശാരീരിക ബന്ധത്തിന് മുൻപും ശേഷവും ലൈംഗികാവയവങ്ങൾ ശുദ്ധജലത്താൽ കഴുകി വൃത്തി ആക്കുകയും ചെയ്യേണ്ടത് ആവശ്യമാണ് [1]. ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആർത്തവരക്തസ്രാവം പെട്ടെന്ന് നിലയ്ക്കാനോ വേഗത്തിലാക്കാനോ കാരണമായേക്കാം. രതിമൂർച്ഛയിലെത്തുന്നത് ഗർഭാശയം സങ്കോചിച്ച് എൻഡോമെട്രിയൽ ആവരണത്തെ പുറന്തള്ളുന്നത് എളുപ്പത്തിലാക്കുമെന്നും, വേദന കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. [2]

ആർത്തവത്തോടനുബന്ധിച്ച് ഉപയോഗിക്കാവുന്ന സംവിധാനങ്ങൾതിരുത്തുക

ആർത്തവരക്തം വസ്ത്രങ്ങളിലും മറ്റും പറ്റി അഴുക്കാകാതിരിക്കാൻ പല സംവിധാനങ്ങളുമുണ്ട്.

വീണ്ടും ഉപയോഗിക്കാവുന്നവതിരുത്തുക

 • വീണ്ടും ഉപയോഗിക്കാവുന്ന തുണി — കോട്ടൻ കൊണ്ടുണ്ടാക്കിയ പാഡുകൾ വീണ്ടും കഴുകി ഉപയോഗിക്കാറൂണ്ട്.
 • മെൻസ്ട്രുവൽ കപ്പുകൾ — മണിയുടെ ആകൃതിയിലുള്ള ഒരുപകരണം യോനിക്കുള്ളിൽ ധരിച്ച് ആർത്തവരക്തം പുറത്തേയ്ക്കൊഴുകാതെ ശേഖരിക്കാൻ ഉപയോഗിക്കാറുണ്ട്. മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. പ്രസവിച്ചവർക്കും കൗമാര പ്രായക്കാർക്കും ഇവ ഒരുപോലെ ഉപയോഗിക്കാം. പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ഒരു കപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇവ ചെറുതും വലുതുമായ പല വലിപ്പത്തിൽ ലഭ്യമാണ്. ഓരോരുത്തർക്കും സൗകര്യപ്രദമായവ തിരഞ്ഞെടുക്കാം. ഒരു കപ്പ് പത്ത് വർഷം വരെ ഉപയോഗിക്കാം. അതിനാൽ ഇത് ലാഭകരമാണ്. എല്ലാത്തവണയും ഉപയോഗത്തിനുമുൻപ് ഇവ അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി സോപ്പിട്ടോ അല്ലെങ്കിൽ ചൂടുവെള്ളത്തിലോ കഴുകി കപ്പ് വീണ്ടും ഉപയോഗിക്കാം. ശരിയായി ഉപയോഗിച്ചാൽ ആർത്തവ കാലത്ത് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ആണ്‌ മെൻസ്ട്രൽ കപ്പ്. പാഡും മറ്റും ഉപയോഗിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ മറികടക്കാം. 'സി'(C) ആകൃതിയിൽ മടക്കിയ കപ്പ് യോനിക്കുള്ളിൽ വയ്ക്കാവുന്നതാണ്. ഇവ ഉപയോഗിക്കുന്നത് കൊണ്ട് യോനിയുടെ വ്യാസം വർധിക്കുന്നില്ല. അതിനാൽ ഇത് ലൈംഗികജീവിതത്തിനെ ബാധിക്കുന്നില്ല. സാധാരണ ഗതിയിൽ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു അസ്വസ്ഥതയും ഉണ്ടാകാറില്ല. മാത്രമല്ല ആർത്തവ രക്തം ശരീരത്തിന് പുറത്തേക്ക് വരാത്തതിനാൽ കൂടുതൽ മെച്ചപ്പെട്ടതാണ് ഈ സംവിധാനം. എന്നാൽ 12 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇവ ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം അങ്ങനെ ചെയ്യുന്നത് അണുബാധയ്ക്ക് കാരണമാകാം. കോപ്പർ ടി ഉപയോഗിക്കുന്നവർ വൈദ്യ നിർദ്ദേശ പ്രകാരം ഇവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
 • സ്പോഞ്ച് — കടലിൽ നിന്ന് ശേഖരിക്കുന്ന സ്വാഭാവിക സ്പോഞ്ചുകൾ ടാമ്പോൺ മാതിരി യോനിക്കുള്ളിൽ ആർത്തവരക്തം വലിച്ചെടുക്കാനായി ധരിക്കാറുണ്ട്.
 • പാഡുള്ള പാന്റികൾ — അടിവസ്ത്രത്തിൽ ആർത്തവരക്തം വലിച്ചെടുക്കാനുദ്ദേശിച്ച് അധികപാളികൾ ചേർത്ത സംവിധാനം ഉപയോഗിക്കപ്പെടുന്നുണ്ട്.
 • തുണികൾ — രാത്രിയിൽ ഒരു വലിയ കഷണം തുണി ആർത്തവരക്തം ഒലിക്കാതിരിക്കാൻ തുടകൾക്കിടയിൽ ധരിക്കാറുണ്ട്.

ഡിസ്പോസബിൾ സംവിധാനങ്ങൾതിരുത്തുക

 • സാനിട്ടറി നാപ്കിനുകൾ — ചതുരാകൃതിയിലുള്ള ഈ സംവിധാനം ആർത്തവരക്തസ്രാവം വലിച്ചെടുക്കാനായി അടിവസ്ത്രത്തോട് ചേർത്ത് ധരിക്കുകയാണ് ചെയ്യുന്നത്. ഇവയ്ക്ക് ചിറകുകളും "വിങ്സ്" ഉണ്ടാകാറുണ്ട്. ഈ ചിറകുകൾ അടിവസ്ത്രത്തിനു ചുറ്റും പൊതിഞ്ഞ് നാപ്കിൻ സ്ഥാനം മാറിപ്പോകാതെ സംരക്ഷിക്കുന്നു.
 • ടാമ്പോൺ — ഇവ യോനിക്കുള്ളിലേയ്ക്ക് കടത്തിവയ്ക്കുന്ന സിലിണ്ടർ ആകൃതിയുള്ള സംവിധാനങ്ങളാണ്. ആർത്തവരക്തം വലിച്ചെടുക്കുകയാണ് ഇവയും ചെയ്യുന്നത്.
 • പാഡെറ്റുകൾ — യോനിക്കുള്ളിലായി ആർത്തവരക്തം വലിച്ചെടുക്കാനായി ധരിക്കുന്ന ചെറിയ പാഡുകൾ
 • ഉപേക്ഷിക്കാവുന്ന മെൻസ്ട്രുവൽ കപ്പുകൾ

ആർത്തവവും അണ്ഡവിസർ‌ജനവുംതിരുത്തുക

ഓരോ ആർത്തവചക്രത്തിലും അണ്ഡവിസർ‌ജനം (Ovulation) നടക്കാറുണ്ട്. 28, 30 ദിവസമുള്ള ഒരു ആർത്തവചക്രത്തിൻറെ ഏതാണ്ട് പകുതിയോടെ അതായത് ഏകദേശം 14-ലാം ദിവസത്തോടടുത്താകും അണ്ഡവിസർ‌ജനം (Ovulation) നടക്കുക. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. ശരീര താപനിലയിൽ നേരിയ വർധന, യോനീമുഖത്തു നിന്നും മുട്ടവെള്ളക്ക് സമാനമായ സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. നിരോധന മാർഗങ്ങൾ ഒന്നുമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭധാരണം നടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ കൂടിയാണ് ഇത്. അതിനാൽ കുട്ടികളെ ആഗ്രഹിക്കുന്നവർക്ക് ഗർഭധാരണത്തിന് പറ്റിയ സമയം കൂടിയാണ് ഇത്. ഗർഭധാരണം നടക്കുന്നതോടെ ആർത്തവം താത്കാലികമായി നിലയ്ക്കുന്നു. മറ്റ് ദിവസങ്ങളിൽ ഗർഭധാരണം നടക്കാൻ ഉള്ള സാധ്യത കുറവായിരിക്കും. എന്നാൽ കൃത്യമായ ആർത്തവചക്രം ഉള്ള സ്ത്രീകൾക്ക് മാത്രമേ അണ്ഡവിസർ‌ജനകാലം നിർണ്ണയിക്കാൻ സാധിക്കുകയുള്ളൂ. അതും ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം മാറാറുണ്ട്.[3]

ആർത്തവവിരാമംതിരുത്തുക

ഏകദേശം 35 വയസ്സാവുമ്പോൾ സ്ത്രൈണ ഹോർമോൺ ഉത്പാദനം കുറയുകയും, അണ്ഡാശയത്തിലെ ഫോളിക്കിളുകൾ ക്ഷയിക്കാൻ തുടങ്ങുകയും അവ വളരെ കുറച്ചാവുമ്പോൾ അണ്ഡോൽപ്പാദനവും ആർത്തവവും നിലയ്ക്കുകയും ചെയ്യുന്നു. ഏകദേശം ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരുന്നാലേ ആർത്തവവിരാമം സംഭവിച്ചതായി കണക്കാക്കാറുള്ളു. ഏകദേശം 45നും 55 വയസ്സിനും ഇടയ്ക്ക് ഇത് സംഭവിക്കുന്നു. ഇത് സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്. ആർത്തവ വിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. ഹോർമോണുകളുടെ സംരക്ഷണം കുറയുന്നതോട് കൂടി ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. അമിതമായ ചൂടും വിയർപ്പും, അസ്ഥികൾക്ക് ബലക്കുറവ്, വിഷാദം, പെട്ടെന്നുള്ള കോപം, പ്രായമായി എന്ന തോന്നൽ എന്നിവ ഉണ്ടാകാം. ചിലരിൽ ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനക്കുറവ് മൂലം യോനിയുടെ ഉൾതൊലിയിൽ വരൾച്ച, അണുബാധ, തുടർന്ന് ലൈംഗികബന്ധത്തിൽ വേദന, മുറുക്കം, ഇത് കാരണം ലൈംഗികവിരക്തി എന്നിവ അനുഭവപ്പെടാം. രതിപൂർവലാളനകൾക്ക് ധാരാളം സമയം ചെലവഴിക്കുകയും, ആവശ്യമെങ്കിൽ ഗുണമേന്മയുള്ള ലൂബ്രിക്കന്റുകൾ (ഉദാ:കേവൈ ജെല്ലി), ഹോർമോൺ ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നത് വഴിയും യോനീവരൾച്ച പരിഹരിക്കുകയും, സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. പതിവായ സംഭോഗം യോനിയുടെ സ്വാഭാവികമായ ആകൃതി, ഈർപ്പം, പൊതുവായ ആരോഗ്യം, പങ്കാളികൾ തമ്മിലുള്ള അടുപ്പം എന്നിവ നിലനിർത്താൻ സഹായിക്കുന്നു. അണുബാധ ഉള്ളവർ ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ വ്യായാമം, ശരിയായ ലൈംഗികജീവിതം, മതിയായ ഉറക്കം തുടങ്ങിയവ പാലിച്ചു പോരുന്നവരിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറവാണ്. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ചേമ്പ്, കാച്ചിൽ, സോയാബീൻ, ശതാവരി, ഫ്‌ളാക്‌സ് സീഡ്‌സ് തുടങ്ങിയവ ഈ ഘട്ടത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഹോർമോൺ ചികിത്സയും കൗൺസിലിംഗും ഏറെ ഫലപ്രദമാണ്. [4]

ആർത്തവവുമായി ബന്ധപെട്ട തെറ്റിദ്ധാരണകൾതിരുത്തുക

ആർത്തവവുമായി ബന്ധപ്പെട്ടു ധാരണം തെറ്റിദ്ധാരണകൾ പല നാടുകളിലുമുണ്ട്. ഇത് പലപ്പോഴും സ്ത്രീകളുടെ ജീവിതം ദുഷ്ക്കരമാക്കാനും അനാരോഗ്യകരമായ ശീലങ്ങളിലേക്കും വഴി വെക്കാറുണ്ട്. നേപ്പാളിൽ ആർത്തവക്കാരായ യുവതികളെ വീടുകളിൽ നിന്നും അകലെ 'ചൌപഡി' എന്ന ചെറിയ മൺകുടിലിലേക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ഇവിടെ വച്ച് പാമ്പുകടിയേറ്റും അപകടങ്ങളിൽപ്പെട്ടും ധാരാളം യുവതികൾ മരണപ്പെടാറുണ്ട്.[5] ആർത്തവക്കാരായ സ്ത്രീകൾ ചില ഭക്ഷണപദാർഥങ്ങൾ കഴിക്കാൻ പാടില്ല, വ്യായാമം ചെയ്യാൻ പാടുള്ളതല്ല, ആർത്തവക്കാർ സ്പർശിച്ചാൽ തുളസി, വേപ്പ്, വെറ്റില മുതലായവ കരിഞ്ഞു പോകും, ആർത്തവക്കാരുടെ ശരീരത്ത് നെഗറ്റീവ് ഊർജ്ജം ഉണ്ട്, ആർത്തവ സമയത്ത് ശരീര താപനില കൂടുതലാണ്, ആർത്തവരക്തം അപകടകരമാണ് തുടങ്ങി പല തെറ്റിദ്ധാരണകളും ആർത്തവവുമായി ബന്ധപെട്ടു കാണാം. എന്നാൽ ഇവയ്ക്കൊനും ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.[6]

പരിണാമംതിരുത്തുക

ഇതും കാണുകതിരുത്തുക

പി എം ഡി ഡി

അവലംബംതിരുത്തുക

 1. മാനസികാവസ്ഥയെക്കുറിച്ചുള്ള വസ്തുതകളും മിഥ്യയും
 2. "WAYS TO SHORTEN A MENSTRUAL CYCLE".
 3. "Understanding Ovulation".
 4. page 104, All about human body, Addone Publishing Group
 5. "ആർത്തവ അശുദ്ധി; വീടിന് പുറത്ത് നിർത്തിയ യുവതി തണുത്ത് മരവിച്ച് മരിച്ചു".
 6. "Menstruation related myths in India: strategies for combating it".
"https://ml.wikipedia.org/w/index.php?title=ആർത്തവം&oldid=3334267" എന്ന താളിൽനിന്ന് ശേഖരിച്ചത്