ആർത്തവചക്രവും സുരക്ഷിതകാലവും
സ്ത്രീകളിൽ ആർത്തവ രക്തസ്രാവം കണ്ടുതുടങ്ങുന്ന ദിവസം മുതൽ അടുത്ത തവണ വീണ്ടും രക്തസ്രാവം കണ്ടുതുടങ്ങുന്നതു വരെയുള്ള സമയമാണ് ഒരു ആർത്തവചക്രം എന്നു പറയുന്നത്. 28, 30 ദിവസമുള്ള ആർത്തവചക്രമാണ് മിക്ക സ്ത്രീകൾക്കുമുള്ളത്. 28 ദിവസങ്ങളുള്ള ആർത്തവചക്രത്തിൽ 14-മതു ദിവസമാണ് അണ്ഡവിസർജനം (ഓവുലേഷൻ) നടക്കുന്നത്. ചെറിയ വ്യത്യാസങ്ങൾ വന്നാലും 12 - 16 ദിവസങ്ങൾക്കിടയിൽ അണ്ഡവിസർജനം നടന്നിരിക്കും. ആർത്തവം തുടങ്ങിയ ദിവസം ഒന്ന് എന്ന് കണക്കാക്കിയാൽ ഒന്പതാം ദിവസത്തിനും പതിനെട്ടാം ദിവസത്തിനും ഇടയിലാകും ഓവുലേഷൻ സാധ്യത കൂടുതൽ. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ സുരക്ഷാ മാർഗങ്ങളൊന്നുമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഗര്ഭമുണ്ടാകാൻ സാധ്യത കൂടുതലാണ്. അണ്ഡവിസർജനം നടക്കാൻ സാധ്യതയുള്ള ഈ ദിനങ്ങളെ ഒഴിവാക്കിയാൽ മറ്റു ദിവസങ്ങളെ താരതമ്യേന സുരക്ഷിത കാലം അഥവാ സേഫ് പിരീഡ് (Safe period) എന്ന് പറയാം. ഒരു ആർത്തവചക്രത്തിൽ സുരക്ഷിതകാലമാണു കൂടുതലുള്ളത്.
സാധാരണ പുരുഷ ബീജം മൂന്നു ദിവസം (72 മണിക്കൂർ) വരെ ഉത്പാദനക്ഷമമായി നിലനിൽക്കുന്നു. അഥവാ ബീജങ്ങളുടെ ഉൽപാദന ക്ഷമത നിലനിൽക്കുന്ന ദിവസങ്ങൾ ആർത്തവ ചക്രത്തിലെ 11 മുതൽ 19 വരെ ദിവസങ്ങളിലായിരിക്കും. ഈ ദിവസങ്ങൾ ഉൽപാദനകാലവും അവശേഷിക്കുന്ന ദിവസങ്ങൾ താരതമ്യേന ഗർഭധാരണ സാധ്യതയില്ലാത്ത സുരക്ഷിത കാലവുമാകും.
പല കാരണങ്ങളാൽ സുരക്ഷിത കാല ലൈംഗികബന്ധം എന്ന ഗർഭ നിരോധന ഉപാധി പരാജയപ്പെടാറുണ്ട്. ഇത് ആഗ്രഹിക്കാത്ത ഗർഭധാരണത്തിന് കാരണമാകാം. സുരക്ഷിത കാലം വെറുമൊരു മിത്താണെന്നും, ഈ സമയത്തും ഗർഭ ധാരണ സാധ്യത ഉണ്ടെന്നും, ഈ രീതി ഒട്ടും ഫലപ്രദമല്ലെന്നും പലരും വാദിക്കുന്നു. അതിനാൽ ഉറ (കോണ്ടം), കോപ്പർ ടി തുടങ്ങിയ മറ്റ് നിരോധന മാർഗങ്ങൾ കൂടി ഉപയോഗിക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കാറുണ്ട്. എന്നാൽ അത്തരം സാധ്യതകൾ ഒന്നും ലഭ്യമല്ലാത്തവർക്ക് ഈ രീതിയോ പിൻവലിക്കൽ രീതിയോ ഉപയുക്തമാണ്.
അണ്ഡവിസർജനം എങ്ങനെ തിരിച്ചറിയാം
തിരുത്തുകഗർഭാശയമുഖം തൊട്ടുനോക്കിയാൽ മൃദുവായി തോന്നുന്നതാണ് അണ്ഡവിസർജനം നടന്നതിന്റെ ഒരു സൂചന. ഇവിടെ കിനിയുന്ന മുട്ടവെള്ള പോലെയുള്ള സ്രവം (മ്യൂക്കസ്) നേർത്തു കാണപ്പെടുകയും ചെയ്യും. യോനിയിലെ സ്നേഹദ്രവം അഥവാ ലൂബ്രിക്കേഷൻ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. അതിനാൽ ലൈംഗികബന്ധം താരതമ്യേനെ സുഗമമായിരിക്കും. അണ്ഡവിസർജന സമയത്ത് ശരീരതാപനിലയിൽ നേരിയ ഉയർച്ചയും കാണാം. ഗർഭധാരണം നടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സമയമാണ് അണ്ഡവിസർജന കാലം.
സുരക്ഷിതകാല ലൈംഗികബന്ധം
തിരുത്തുകസ്വാഭാവിക ഗർഭനിരോധനമാർഗങ്ങളിൽ വളരെ വ്യാപകമായി സ്വീകരിച്ചു വരുന്നൊരു മാർഗമാണിത്. ഒരു ആർത്തവ ചക്രത്തിൽ ഒരു അണ്ഡം മാത്രമേ പക്വതയെത്തി പുറത്തു വരികയുള്ളൂ. ഈ അണ്ഡവും പുംബീജവും തമ്മിൽ സംയോജിച്ചാൽ മാത്രമേ ഗർഭധാരണം നടക്കുകയുള്ളൂ. അപ്പോൾ ആ ദിവസങ്ങളിലെ സംയോഗമാണ് ഗർഭധാരണത്തിനുള്ള ഏറ്റവും ഉയർന്ന സാധ്യത നൽകുന്നത്. അണ്ഡവിസർജനത്തിനു തൊട്ടുമുമ്പുള്ള രണ്ടുദിവസവും ശേഷമുള്ള ഒരു ദിവസവും നടക്കുന്ന സംയോഗത്തിലും ഗർഭധാരണത്തിൻ ഉയർന്ന സാധ്യതയുണ്ട്. അണ്ഡാഗമന കാലങ്ങൾ ഒഴികെയുള്ള ദിവസങ്ങളിലെല്ലാം സുരക്ഷിതമായി ബന്ധപ്പെടാവുന്നതാണ്. മാസമുറ തുടങ്ങുന്നതിനു മുമ്പുള്ള ഏതാണ്ട് പത്തു ദിവസവും ആർത്തദിനങ്ങളും തുടർന്നുവരുന്ന മൂന്നുനാലു ദിവസങ്ങളും ഗർഭസാധ്യത കുറഞ്ഞ ദിവസങ്ങളാണ്. ഈ കാലം സുരക്ഷിതകാലം' എന്നറിയപ്പെടുന്നു. എന്നാൽ സുരക്ഷിത കാല രതി അത്ര ശാസ്ത്രീയമല്ല എന്ന് വിദഗ്ദ്ധർക്കിടയിൽ അഭിപ്രായമുണ്ട്.
മിക്കവരിലും 28 ദിവസമെന്ന ആർത്തവ ചക്രം വളരെ കൃത്യമായി സംഭവിക്കാറില്ല. രണ്ടോ മൂന്നോ ദിവസം മുന്നോട്ടോ പിന്നോട്ടോ ആർത്തവം മാറിപ്പോയെന്നു വരാം. ഇത് സുരക്ഷിത കാല രതി പരാജയപ്പെടാനും ഗർഭധാരണത്തിനും കാരണമായേക്കാം. അണ്ഡവിസർജനം നടന്ന് 14-ആം നാൾ ആയിരിക്കും സാധാരണ നിലയിൽ ആർത്തവാരംഭം. ആർത്തവചക്ര ദൈർഘ്യത്തിൽ മാറ്റം വരുന്നവർ ഏതാനും മാസത്തെ കലണ്ടറിൽ ആർത്തവദിനാരംഭം കുറിച്ചുവെക്കുന്നത് അണ്ഡവിസർജനത്തിനു സാധ്യതയുള്ള ദിവസങ്ങൾ ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്.
ആർത്തവചക്രത്തിന്റെ ചാർട്ട്
തിരുത്തുകഇവിടെ കൊടുത്തിരിക്കുന്ന ചിത്രം നോക്കി ആർത്തവ ചക്രത്തെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. ഒന്നാം തീയതിയാണ് ആർത്തവം തുടങ്ങുന്നത് എന്ന് സങ്കൽപിച്ചാൽ താഴെ കൊടുത്തിരിക്കുന്ന വിധത്തിൽ സുരക്ഷിതകാലം കണക്കാക്കാം. 29, 30, 31 ദിവസങ്ങളിൽ ആർത്തവചക്രമുള്ളവർക്കും അണ്ഡാഗമനം നടക്കുന്നത് 14 - ആം ദിവസം തന്നെ ആയിരിക്കാം. എങ്കിലും അണ്ഡാഗമനദിനമായി 14, 15 തീയതികളെ കണക്കാക്കി ഒന്നോ രണ്ടോ ദിവസം കൂടി കഴിഞ്ഞ് സുരക്ഷിതകാലം തുടങ്ങുന്ന ക്രമം സ്വീകരിച്ചാൽ മതി. എന്നാൽ ഓവുലേഷൻ തീയതി രണ്ടു ദിവസത്തിലധികം മാറുന്നവർക്ക് ഇതത്ര സുരക്ഷിതമല്ല.
തയ്യാറെടുപ്പ്
തിരുത്തുകഒരു കലണ്ടറിലോ ഡയറിയിലോ കുറച്ചുമാസത്തെ ആർത്തവദിനങ്ങൾ കുറിച്ചുവെച്ചിട്ട് സുരക്ഷിതകാലം കൃത്യമായി കണ്ടുപിടിക്കാവുന്നതാണ്. അണ്ഡാഗമനം ഏതുദിവസമാണ് എന്നു കണ്ടുപിടിക്കാൻ ചില സൂചനകൾ നിർദേശിക്കാറുണ്ട്. ശരീരത്തിന്റെ ചൂടുനോക്കിയും യോനീനാളത്തിനുള്ളിൽ ഗർഭാശയഗളത്തിലെ വഴുവഴുപ്പു നോക്കിയുമൊക്കെ അണ്ഡവിസർജനം മനസ്സിലാക്കാനാവും. എന്നാൽ പ്രായോഗിക തലത്തിൽ ഇത്തരം നിഗമനങ്ങൾ അത്രയെളുപ്പമാവാറില്ല. കൃത്യമായി ആർത്തവചക്രമുള്ളവർ മാത്രം കലണ്ടറിൽ നോക്കി സുരക്ഷിതകാലം കണ്ടെത്തുന്നതാണ് എളുപ്പം.
ബീജാണുവിൻറെ ജീവിതകാലം
തിരുത്തുകജനനേന്ദ്രിയത്തിലെത്തുന്ന പുംബീജം മൂന്നുദിവസം വരെ അവിടെ സജീവമായി കഴിയാൻ ഇടയുണ്ട്. അതുകഴിഞ്ഞു മാത്രമേ അവ നശിച്ചുപോവുകയുള്ളു. അങ്ങനെ നോക്കുമ്പോൾ അണ്ഡവിസർജനത്തിനു മൂന്നുദിവസം മുമ്പുമുതലുള്ള ലൈംഗികബന്ധം ഗർഭകാരണമായേക്കാം. അണ്ഡം പുറത്തേക്കുവന്നാൽ (ഓവുലേഷൻ നടന്നു കഴിഞ്ഞാൽ) 24 മണിക്കൂറിനുള്ളിൽ ബീജവുമായി ചേർന്നിരിക്കണം. അണ്ഡത്തിന്റെ പരമാവധി ജീവിതപരിധി ഒരു ദിവസം മാത്രമാണ്. ഒരു ദിവസത്തിലധികം അണ്ഡത്തിനു സജീവമായി നിൽക്കാനാവില്ല. അതുകൊണ്ട് അണ്ഡവിസർജനം കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസത്തിനു ശേഷം അടുത്ത ആർത്തവം വരെ ഗർഭഭീതിയില്ലാതെ ലൈംഗികബന്ധത്തിലേർപ്പെടാവുന്നതാണ്. എന്നാൽ ഓവുലേഷൻറെ തീയതി കൃത്യമായി നിർണ്ണയിച്ചില്ലെങ്കിൽ ഈ രീതി പരാജയപ്പെടാൻ സാധ്യതയുണ്ട്.
മതവീക്ഷണം
തിരുത്തുകകൃത്രിമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനനനിയന്ത്രണോപാധികളെ തള്ളിക്കളയുന്ന റോമൻ കത്തോലിക്കാ സഭ സുരക്ഷിതകാലത്തെ ആശ്രയിച്ചുള്ള രീതിയെ പിന്തുണയ്ക്കുന്നു. 1968-ൽ പോൾ ആറാമാൻ മാർപ്പാപ്പ പുറപ്പെടുവിച്ച മനുഷ്യജീവൻ (Humanae Vitae) എന്ന ചാക്രികലേഖനം, ഇതര ഗർഭനിരോധന മാർഗ്ഗങ്ങളെ തള്ളിക്കളയുന്നെങ്കിലും ഈ രീതിയെ അനുകൂലിക്കുന്നു. "വൈദ്യശാസ്ത്രം സ്വാഭാവിക ഋതങ്ങളുടെ പഠനത്തിലൂടെ സന്താനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള വിശ്വസനീയവും വൃതനിഷ്ഠവുമായ വഴി കണ്ടെത്തുകയെന്നത് അങ്ങേയറ്റം അഭികാമ്യമായിരിക്കും" എന്ന് ആ രേഖ പറയുന്നു.[1] എന്നാൽ ക്രിസ്തീയ ദൈവശാസ്ത്രത്തിലെ അതികായനായിരുന്ന അഗസ്റ്റിൻ ഈ മാർഗ്ഗത്തെ അനുകൂലിച്ചിരുന്നില്ല. "നിഷ്‌ഫലകാലരീതിയെ" ആശ്രയിച്ച് സന്താനങ്ങളുടെ ജനനത്തെ ഒഴിവാക്കുന്നതിന്, അദ്ദേഹം ആശയലോകത്തിലെ തന്റെ എതിരാളികളായിരുന്ന മനിക്കേയന്മാരെ കുറ്റപ്പെടുത്തുന്നുണ്ട്.[2]
പരാജയ സാധ്യത
തിരുത്തുകആർത്തവം കൃത്യമായി നടക്കുന്നവർക്ക് മാത്രമുള്ള ഒരു ഗർഭ നിരോധന മാർഗമാണിത്. ക്രമം തെറ്റി ആർത്തവം ഉണ്ടാവുന്നവർക്ക് ആർത്തവചക്രം നോക്കൽ എളുപ്പമാവില്ല. അതിനാൽ പലപ്പോഴും ഈ ഗർഭനിരോധന മാർഗ്ഗം പരാജയപ്പെടാറുണ്ട്. യോനിയിലെത്തുന്ന പുരുഷബീജം മൂന്നുദിവസം വരെ അവിടെ കഴിയാൻ ഇടയുണ്ട്, ഇത് അണ്ഡവുമായി കൂടിച്ചേർന്നു ഗർഭധാരണം നടക്കാം. ക്രമം തെറ്റിയുള്ള അണ്ഡവിസർജനമാവാം ഇതിനു കാരണം. അതിനാൽ ആർത്തവം ക്രമം അല്ലാത്തവർ മറ്റ് ഗർഭ നിരോധന മാർഗങ്ങൾ ഉദാ: ഗർഭനിരോധന ഉറ അഥവാ കോണ്ടം, കോപ്പർ ടി, പിൻവലിക്കൽ രീതി, ഗുളിക തുടങ്ങിയ ഏതെങ്കിലും മാർഗം സ്വീകരിക്കേണ്ടതാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണു സാധ്യത കൂടി കണക്കിലെടുക്കുമ്പോഴും ഈ രീതി അത്ര സുരക്ഷിതമല്ല. അതിനാൽ ഗർഭനിരോധന ഉറ ഉപയോഗിക്കുന്നതാവും കൂടുതൽ ഫലപ്രദം.
അവലംബം
തിരുത്തുക- ↑ പോൾ ആറാമൻ മാർപ്പാപ്പ 1968-ൽ പുറപ്പെടുവിച്ച "മനുഷ്യജീവൻ" എന്ന ചാക്രികലേഖനം
- ↑ Saint, Bishop of Hippo Augustine (1887). A Select Library of the Nicene and Post-Nicene Fathers of the Christian Church, Volume IV. Grand Rapids, MI: WM. B. Eerdmans Publishing Co. pp. On the Morals of the Manichæans, Chapter 18.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)
- മാതൃഭൂമി ആരോഗ്യമാസിക ആഗസ്‌ത് 2009
- Wellness is a connection of paths: knowledge and action. - Health and wellness quote Archived 2020-09-27 at the Wayback Machine.
- മനോരമ ആരോഗ്യം ജൂൺ 2009