പഞ്ചാരിമേളം

(Panchari melam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മേളവഴികളിൽ

മേളങ്ങളിൽ പ്രസിദ്ധമായവ പഞ്ചാരിമേളവും പാണ്ടിമേളവുമാണ്‌. ചെമ്പടവട്ടങ്ങളെ (1 ചെമ്പടവട്ടം = 8 അക്ഷരകാലം) അടിസ്ഥാനമാക്കി 5 കാലങ്ങളിൽ കൊട്ടുന്ന വളരെ വ്യക്തമായ കണക്കുകൾ ഉള്ള മേളമാണ്‌ പഞ്ചാരി. ഗീതത്തെ താളവുമായി ഇണക്കിനിർത്തുന്ന സമയത്തിന്റെ അളവിനെയാണ്‌ കാലം എന്ന് പറയുന്നത്‌. അമരസിംഹനെ അനുസരിച്ച്‌ സംഗീത ചന്ദ്രികയിൽ നൽകുന്ന നിർവ്വചനം 'കാലത്തെ കണക്കാക്കാനുള്ള ഉപാധികളായ ക്രിയകളെക്കൊണ്ടു വ്യവസ്ഥപ്പെടുത്തുന്ന കാലപരിമാണത്തിന്നാണ്‌ താളമെന്ന് പറയുന്നത്‌ '. താളം പിടിക്കുന്ന രീതിയെ ക്രിയ എന്ന് പറയുന്നു. ഒരക്ഷരം കൊട്ടാൻ വേണ്ട സമയത്തെ അക്ഷരകാലം എന്ന് പറയുന്നു. 96 അക്ഷരകാലത്തിൽ (12 ചെമ്പടവട്ടം) കൊട്ടുന്ന ഒന്നാംകാലം അഥവാ പതികാലത്തിൽ തുടങ്ങി 48 അക്ഷരകാലങ്ങളുള്ള (6 ചെമ്പടവട്ടം) രണ്ടാം കാലവും 24 അക്ഷരകാലങ്ങളുള്ള (3 ചെമ്പടവട്ടം) മൂന്നാം കാലവും 12 അക്ഷരകാലങ്ങളുള്ള (1+ 1/2 ചെമ്പടവട്ടം) നാലാം കാലവും പിന്നിട്ട്‌ 6 അക്ഷരകാലങ്ങളുള്ള (3/4 ചെമ്പടവട്ടം) അഞ്ചാം കാലത്തിൽ പഞ്ചാരി അവസാനിക്കുന്നു. 6 (5 അടി 1 വീച്ച്‌ അഥവാ നിശ്ശബ്ദ സ്ഥാനം) അക്ഷരകാലമാണ്‌ പഞ്ചാരിതാളം എന്നും അതിൽ ശബ്ദങ്ങളെ (അക്ഷരങ്ങളെ) കുറിക്കുന്ന വായ്ത്താരി 'ത, ത്തി, ന്ത, യ്ക്കാം, തോം, ഓം' എന്നാണെന്നും മനോജ്‌ കുറൂരിന്റെ 'കേരളത്തിലെ താളങ്ങളും കലകളും' എന്ന പഠന ഗ്രന്ഥത്തിൽ പറയുന്നുണ്ട്‌. പഞ്ചാരിതാളം കർണ്ണാടക സംഗീതത്തിലെ രൂപകതാളം തന്നെയാണ്‌. പഞ്ചാരി എന്ന പേര്‌ എങ്ങനെയുണ്ടായി എന്നതിനെ പറ്റി വ്യക്തമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. അഞ്ചുകാലങ്ങളിലുള്ള മേളമായതിനാൽ പഞ്ചഹാരി ആയതാവാം. പഞ്ചഹാരി ലോഭിച്ച്‌ പഞ്ചാരിയും ആയിത്തീർന്നിരിക്കാം. പഞ്ചാരി മേളത്തിന്റെ ഉത്ഭവം പെരുവനം നടവഴിയിൽ ഊരകത്തിന്റെ എഴുന്നള്ളിപ്പിലാണ്‌ എന്നും അതല്ല ചേർപ്പിന്റെ എഴുന്നള്ളിപ്പിലാണ്‌ തുടങ്ങിയത്‌ എന്നും പാഠഭേദങ്ങൾ പറഞ്ഞുകേൾക്കുന്നു. മഴമംഗലം നമ്പൂതിരിയും പണ്ടാരത്തിൽ രാമൻ മാരാരും ചേർന്നാണ്‌ ഇത്‌ ആവിഷ്‌കരിച്ചത്‌ എന്ന് കൂടി പറയുന്നുണ്ട്‌. അങ്ങനെയാകുമ്പോൾ ഊരകത്തിന്റെ എഴുന്നള്ളിപ്പിൽ ആവാനാണ്‌ സാധ്യത.

പെരുവനം പൂരരാവിനെ അഭിരാമമാക്കി തീർക്കുന്നത്‌ സന്ധ്യക്കാരംഭിക്കുന്ന ചാത്തക്കുടത്തിന്റേയും അർദ്ധരാത്രിയിൽ ആവിഷ്‌കൃതമാകുന്ന ഊരകത്തിന്റേയും ബ്രാഹ്മമുഹൂർത്തത്തിൽ അവതരിപ്പിക്കപ്പെടുന്ന ചേർപ്പിന്റേയും പഞ്ചാരികളാണ്‌. 'പഞ്ചാരി തുടങ്ങിയാൽ പത്ത്‌ നാഴിക' എന്നാണ്‌ ചൊല്ല്. പൂർണ്ണമായൊരു പഞ്ചാരിമേളം അവതരിപ്പിക്കാൻ നാല്‌ മണിക്കൂർ സമയം വേണം. മൂന്ന് മൂന്നര മണിക്കൂർ കൊണ്ട്‌ കൂറടക്കമുള്ള ഒരു പഞ്ചാരിമേളം കൊട്ടാം. പെരുവനത്ത്‌ ആ സമയദൈർഖ്യമാണ്‌ പാലിക്കുന്നത്‌. ഇടക്കുന്നി ഉത്രം വിളക്കിന്‌ അവതരിപ്പിക്കുന്ന പഞ്ചാരി മേളം നാലേകാലോ നാലരയോ മണിക്കൂർ നീണ്ടുനിൽക്കുന്നതാണ്‌. ഇവിടെയാണ്‌ പഞ്ചാരിയുടെ എല്ലാകാലങ്ങളും വിശദമായി അവതരിപ്പിക്കപ്പെടുന്നതും. കുട്ടനെല്ലൂരിലേയും ഇരിങ്ങാലക്കുടയിലേയും തൃപ്പൂണിത്തുറയിലേയും പഞ്ചാരി മേളങ്ങളും കെങ്കേമമായാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌.

തൃപ്പൂണിത്തറ ക്ഷേത്രത്തിലെ മേളം
ക്ഷേത്രത്തിലെ മേളം

കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കാറുള്ള., പല വാ‍ദ്യോപകരണങ്ങൾ ഒന്നുചേരുന്ന ഒരു ചെണ്ടമേളമാണ് പഞ്ചാരിമേളം. ഭാഷാ നൈഷധ കർത്താവായ മഴമംഗലം നാരായണൻ നമ്പൂതിരിയാണ് പഞ്ചാരി മേളം രൂപകല്പന ചെയ്തത്. പിന്നീട് ഇതിന്റെ വാദ്യഭാഷ്യം ചമച്ചത് പണ്ടാരത്തിൽ രാമമാരാർ ആയിരുന്നു.[1] പത്തു നാഴിക (നാല് മണിക്കൂർ) ആണ് പഞ്ചാരിമേളം അവതരിപ്പിക്കുവാൻ വേണ്ട സമയം. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ ആണ്. പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ചെണ്ട, കുഴൽ, ഇലത്താളം, കൊമ്പ് എന്നിവയാണ്. മധ്യകേരളത്തിലെ എല്ലാ ക്ഷേത്രോത്സവങ്ങൾക്കും സാധാരണയായി പഞ്ചാരിമേളം അവതരിപ്പിക്കാറുണ്ട്. പഞ്ചാരിമേളം രണ്ടു രീതിയിൽ അവതരിപ്പിച്ചു കാണുന്നുണ്ട്. വലതു കൈയിൽ കോലും ഇടതു കൈയ്യും ഉപയോഗിച്ചാണ് കൂടുതലായും മേളം അവതരിപ്പിക്കുന്നതെങ്കിലും രണ്ടു കൈയിലും കോൽ ഉപയോഗിച്ചുമുള്ള മേള അവതരണരീതിയുമുണ്ട്. കർണ്ണാടകസംഗീതത്തിലെ രൂപകതാളത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിലെ ' ഏക്‌ താൾ 'നും സമാനമാണ്‌ ആറക്ഷരകാലമുള്ള പഞ്ചാരി താളം.

പഞ്ചാരി മേളത്തിന് അഞ്ചു കാലങ്ങൾ ആണ് ഉള്ളത്. ഒന്ന് മുതൽ അഞ്ചു വരെ ഉള്ള കാലങ്ങൾ 96, 48, 24, 12, 6 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.

മേള രാജാവ് എന്നറിയപ്പെടുന്ന പഞ്ചാരിയുടെ തുടക്കം അല്ലെങ്കിൽ ആമുഖം തുടങ്ങുന്നത് 96 അക്ഷര കാലങ്ങൾ ചേർന്ന ( 12 ചെമ്പട വട്ടങ്ങൾ ) എടുപ്പ് എന്നറിയപ്പെടുന്ന ആമുഖത്തോട് കൂടിയാണ്. മുൻനിരയിലുള്ള ഉരുട്ട് ചെണ്ടകളിൽ ആണ് കലാകാരന്മാർ ഇത് തുടങ്ങുന്നത്. ആദ്യത്തെ 12 ചെമ്പട വട്ടങ്ങളിൽ 4,6,8,10,11,12  എന്നീ  വട്ടങ്ങളിൽ എല്ലാ കലാകാരന്മാരും കൂടി ചേർന്നുള്ള കൂട്ടികൊട്ട്  എന്നറിയപ്പെടുന്ന ഭാഗങ്ങൾ വരുന്നു.  എടുപ്പിന്റെ അവസാന ഘട്ടം എത്തുന്നത്‌ വിളംബകാലം എന്ന വേഗത കുറഞ്ഞ കാലത്തിലേക്ക് ആണ്. ഇവിടെ വെച്ചു മറ്റു കലാകാരന്മാർ ചേരുന്നു. ഈ ഭാഗത്ത്‌ പതിനൊന്ന് പന്ത്രണ്ട് ചെമ്പട വട്ടങ്ങൾ അതുവരെ നിരത്തിയ പത്തു ചെമ്പട വട്ടങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തം ആയിരിക്കും ഈ വ്യത്യസ്തത ശ്രോതാവിനു എടുപ്പ് എന്നറിയപ്പെടുന്ന ഒന്നാം ഭാഗത്തിന്റെ അവസാനം ആയി എന്ന സൂചന കൊടുക്കുന്നു. എടുപ്പിന്റെ അവസാനഭാഗം അഥവാ കാലമിടൽ മുന്നേറുന്നു

 ഈ ഭാഗത്ത്‌ മേളം അതിന്റെ മുഴുവൻ ഭാവങ്ങളും നിറച്ചു പതികാലത്തിൽ നിറയുന്നു.ഈ ഘട്ടത്തിൽ വരുന്ന കലാശങ്ങളുടെ എണ്ണം  ഈ മേളത്തിന്റെ മൊത്തം സമയത്തിനനുസരിച്ച് വ്യത്യസപെടുന്നു. ഒരു മുഴുനീള പാഞ്ചാരിയുടെ സമയം നാലു മണിക്കൂർ ആണെങ്കിൽ അതിന്റെ പതികാലം ആ സമയത്തിന്റെ ഏകദേശം പകുതിയോളം ആയിരിക്കും. ഓരോ കലാശങ്ങളിലും മേളത്തിന്റെ വേഗം കൂടുകയും വേഗത മധ്യവർത്തിയായ വേഗതയിൽ എത്തുകയും ചെയ്യുമ്പോൾ മേളത്തിന്റെ അടുത്ത ഘട്ടം അഥവാ ഇടകാലം എന്ന് പറയുന്ന ഭാഗം തുടങ്ങുന്നു

 ഇടകാലം എന്നു വിശേഷിപിക്കുന്ന ഈ ഘട്ടത്തിന്റെ ഭാവം മുൻ നിരയിലുള്ള കലാകാരന്മാരുടെ ഇടം കൈ പ്രയോഗത്തിൽ ആണ്. ഇടം കൈ എത്ര ശക്തിയിൽ കൊട്ടുന്നുവോ അതിനനുസരിച്ച് മേളത്തിന്റെ ഗാംഭീര്യം വ്യതസപെടുന്നത് കാണാം. ഇടകാലത്തിൽ ആവശ്യത്തിനുള്ള കലാശങ്ങൾക്ക് ശേഷം മേളം പതികാലതിന്റെ അവസാന ഘട്ടത്തിലേക്ക് അഥവാ കുഴമറിച്ചിൽ എന്ന് പറയുന്ന ഘട്ടത്തിലേക്ക് കടക്കുന്നു.

 കുഴമറിച്ചിൽ എന്ന ഈ ഭാഗം അതിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ തുടർച്ചയായ വലംകൈ കുഴ കറക്കിയുള്ള കോൽ പ്രയോഗത്തെ സൂചിപ്പിക്കുന്നു. ഈ ഘട്ടത്തിലെ കലാശങ്ങളുടെ അവസാന കലാശത്തിൽ മുൻനിര വാദ്യക്കാർ മുന്നോട്ടാഞ്ഞു കുനിഞ്ഞു നിവർന്നു അവസാന പതിനാറു അക്ഷരകാലങ്ങൾ കൊട്ടി തീർക്കുന്നു. ഈ ഘട്ടത്തിലെ അവസാന കലാശവേഗത മേളത്തിന്റെ രണ്ടാം കാലത്തിന്റെ ആമുഖവുമായി സമന്വയിപ്പിക്കുന്നു. ഇതോടെ പതികാലം അവസാനിക്കുന്നു. മേള പ്രമാണി വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഒരു സ്ഥലം ആണ് പതികാലത്തിലെ അവസാന കലാശത്തിലെ അവസാന അക്ഷരം. കാരണം ഈ വേഗതയാണ് അടുത്ത രണ്ടാം കാലത്തിന്റെ വേഗത നിശ്ചയിക്കുന്നത്.

 രണ്ടാം കാലം എന്ന ഈ ഘട്ടം നാല്പതിഎട്ടു അക്ഷരകാലം അടങ്ങിയതാണ്.

 രണ്ടാം കാലത്തിന്റെ ഒന്നാം ഘട്ടം ഉരുളുകൈ എന്നറിയപ്പെടുന്നു .  ഈ ഘട്ടത്തിൽ ആദ്യ താളവട്ടങ്ങൾക്ക് ശേഷം, അവസാന താളവട്ടത്തിലെ പതിനാറു അക്ഷരങ്ങൾ കൊട്ടിക്കഴിഞ്ഞു ഇരുപത്തിനാല് അക്ഷരങ്ങൾ ഉള്ള ത-കി-ട ഉരുളുകൈ പ്രയോഗം തുടങ്ങുന്നു. ഇരുപത്തിനാല് അക്ഷരങ്ങൾ ഉള്ള ഈ ഘട്ടത്തിൽ മുൻനിര വാദ്യക്കാർ മുന്നോട്ട് ആഞ്ഞു കുനിഞ്ഞു ഇരുപത്തിനാല് അക്ഷരം കൊട്ടി നിവർന്നു ബാക്കിയുള്ള എട്ടു അക്ഷരങ്ങൾ കൂടി കൊട്ടി കഴിയുന്നതോടെ രണ്ടാം കാലത്തിലെ ഒരു കലാശം അവസാനിക്കുന്നു. ഒരു കലാശം കൂടി കൊട്ടി കഴിയുന്നതോടെ മേളം രണ്ടാം കാലത്തിന്റെ ഇടകാലതിലേക്ക് കടക്കുന്നു.

 ഈ ഇടകാലത്തിലും മേളത്തിന്റെ അക്ഷരകാലവും വേഗതയും മാറ്റി നിർത്തിയാൽ ബാക്കി ചിട്ടകൾ എല്ലാം ഒന്നാം കാലം അഥവാ പതികാലതിലെതിനു സമമാണ്

 ഈ കാലത്തിലെ കലാശങ്ങൾക്ക് ശേഷം മേളം രണ്ടാം കാലത്തിലെ കുഴമറിച്ചിൽ ഘട്ടത്തിലേക്ക് നീങ്ങുന്നു. ഇവിടെ കലാശങ്ങൾക്ക് ശേഷം അവസാന കലാശത്തിൽ മുൻനിര വാദ്യക്കാർ മുന്നോട്ട് ആഞ്ഞു കുനിഞ്ഞു പതിനാറു അക്ഷര കാലങ്ങൾ കൊട്ടി നിവരുന്നു. തുടർന്ന് മേളം മൂനാം കാലത്തിലേക്ക് കടക്കുന്നു.

മൂന്നാം കാലം ഇരുന്നൂറ്റി ഇരുപത്തിനാല് അക്ഷരങ്ങൾ അടങ്ങിയതാണ്. ഇതിലെ താള വട്ടങ്ങൾ രണ്ടാം കാലത്തിലെ ഉരുളുകൈ, ഇടകാലം, കുഴമറിച്ചിൽ എന്നിവ തന്നെയാണ്. ഈ കാലത്തിൽ ശ്രേദ്ധേയമായ വ്യത്യാസം വലംതല വാദ്യക്കാരുടെ ഒഴിവാക്കാനാകാത്ത പങ്കാളിത്തമാണ്. ആവശ്യമായ താലവട്ടങ്ങൾക്ക് ശേഷം പതിനാറു അക്ഷരങ്ങൾ ഉള്ള ഉരുളുകൈ പ്രയോഗം ചെയ്യുന്നു ഈ പതിനാറു അക്ഷരകാലങ്ങളിൽ മുൻനിര വാദ്യക്കാർ മുന്നോട്ടാഞ്ഞു പതിനാറു അക്ഷരം കൊട്ടി നിവർന്നു ബാക്കി എട്ടു അക്ഷരകാലം കൊട്ടുന്നു. ഈ കലാശത്തിനു ശേഷം വീണ്ടും രണ്ടു ഉരുളുകൈ കലാശം കൊട്ടി മേളം ഇടകാലതിലേക്ക് കയറുന്നു

ഈ ഇടകാലത്തിലും മേളത്തിന്റെ അക്ഷരകാലവും വേഗതയും മാറ്റി നിർത്തിയാൽ ബാക്കി ചിട്ടകൾ എല്ലാം ഒന്നാം കാലം അഥവാ പതികാലതിലെതിനു സമമാണ് .

 ഈ കാലത്തിലെ കലാശങ്ങൾക്ക് ശേഷം മേളം മൂന്നാം  കാലത്തിലെ കുഴമറിച്ചിൽ ഘട്ടത്തിലേക്ക് നീങ്ങുന്നു. ഇവിടെ കലാശങ്ങൾക്ക് ശേഷം അവസാന കലാശത്തിൽ മുൻനിര വാദ്യക്കാർ മുന്നോട്ട് ആഞ്ഞു കുനിഞ്ഞു പതിനാറു അക്ഷര കാലങ്ങൾ കൊട്ടി നിവരുന്നു. തുടർന്ന് മേളം നാലാം  കാലത്തിലേക്ക് കടക്കുന്നു.

 ഈ കാലം പന്ത്രണ്ടുഅക്ഷര കാലം ദൈര്ഘ്യം ഉള്ളതാണ്. ഇതിലെ ചിട്ടകൾ എല്ലാം തന്നെ മുൻപറഞ്ഞ കാലങ്ങളിലെതിനു സമമാണ്.

ഈ കാലത്തിൽ ശ്രേദ്ധേയമായ വ്യത്യാസം വലംതല വാദ്യക്കാരുടെ ഒഴിവാക്കാനാകാത്ത പങ്കാളിത്തമാണ്. ആവശ്യമായ താളവട്ടങ്ങൾക്ക് ശേഷം പതിനാറു അക്ഷരങ്ങൾ ഉള്ള ഉരുളുകൈ പ്രയോഗം ചെയ്യുന്നു ഈ പതിനാറു അക്ഷരകാലങ്ങളിൽ മുൻനിര വാദ്യക്കാർ മുന്നോട്ടാഞ്ഞു പതിനാറു അക്ഷരം കൊട്ടി നിവർന്നു ബാക്കി എട്ടു അക്ഷരകാലം കൊട്ടുന്നു. ഈ കലാഷത്തിനു ശേഷം വീണ്ടും രണ്ടു ഉരുളുകൈ കലശം കൊട്ടി മേളം ഇടകാലതിലേക്ക് കയറുന്നു

 ഇടകാല- കുഴിമറിച്ചിൽ പ്രയോഗങ്ങളിലൂടെ പുരോഗമിക്കുന്ന മേളം അതിന്റെ അഞ്ചാം കാലത്തിലേക്ക് കടക്കുന്നു.  

 ആറു അക്ഷരകാലം ഉള്ള താളവട്ടങ്ങൾ അടങ്ങിയതാണ് അഞ്ചാം കാലം. ഈ കാലത്തിലും ഉരുളുകൈ ഇടകാലം കുഴമറിച്ചിൽ എന്നിവയെല്ലാം മുകളിൽ പറഞ്ഞതിന് സമംമാണ്. അവസാന കലാശത്തിലെ കുഴമറിച്ചിലിന്റെ വേഗം മേളപ്രമാണി അവസാന ഘട്ടത്തിന്റെ വേഗതയിൽ സസൂക്ഷ്മം ക്രമീകരിക്കുന്നു.

 അവശ്യ താളവട്ടങ്ങൾക്ക് ശേഷം മേളപ്രമാണി മുന്നോട്ടാഞ്ഞു ഒരു താളവട്ടം കൊട്ടി നിവർന്നു താള വട്ടങ്ങൾ അഞ്ച്, നാല്, മൂന്ന്, രണ്ട് എന്നിങ്ങനെ മുന്നോട്ടാഞ്ഞു നിവരുമ്പോൾ മറ്റു മുൻനിര വാദ്യക്കാരും മുന്നോട്ടാഞ്ഞു അഞ്ചു താളവട്ടം മുഴുവൻ ആവേശത്തോട്‌  കൂടി  കൊട്ടി മേളം അതിന്റെ പരിസമാപ്തിയിലേക്ക് എത്തുന്നു

  

ക്ഷേത്രമതിൽക്കെട്ടിന് അകത്തു നടക്കുന്ന ശീവേലികൾക്ക് സാധാരണയായി പഞ്ചാരിമേളമാണ് അവതരിപ്പിക്കുക. പഞ്ചാരി പോലെ തന്നെ പ്രസിദ്ധമായ പാണ്ടിമേളം ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിക്കുക, ക്ഷേത്രമതിൽക്കെട്ടിന് അകത്ത് കൊട്ടുന്ന ഏക പാണ്ടിമേളം തൃശൂർപൂരത്തിന്റെ ഇലഞ്ഞിത്തറമേളം മാത്രമാണ്.

പ്രധാന വേദികൾ

തിരുത്തുക

പ്രധാനാമായും തൃശൂർ ജില്ലയിലെ വിവിധ ഉത്സവങ്ങളിൽ പഞ്ചാരിമേളം അതിന്റെ തനതായ രീതിയിൽ അവതരിപ്പിച്ചു വരുന്നു. ആറാട്ടുപുഴ പൂരം, പെരുവനം പൂരം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവം,തൊട്ടിപ്പാൾ പൂരം,ചാത്തക്കുടം പൂരം,പാറമേക്കാവ് ഉൽസവം,

കുട്ടനെല്ലൂർ പൂരം, ഒല്ലൂർ ഗ്രാമത്തിലുള്ള ശ്രീ എടക്കുന്നി ഭഗവതീക്ഷേത്തിലെ ഉത്രംവിളക്ക് ദിനത്തിലെ പഞ്ചാരിമേളം എന്നിവ ചില പ്രധാനപ്പെട്ട പഞ്ചാരിമേളം അവതരിപ്പിക്കുന്ന വേദികൾ ആണ്. വൃശ്ചിക മാസത്തിൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയിലെ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലും ശിവരാത്രിയോട് അനുബന്ധിച്ച് ചേന്ദമംഗലം പാലിയം ശിവ ക്ഷേത്രത്തിലും, നവരാത്രിയോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ കൊടുന്തരപ്പുള്ളി ആഗ്രഹരത്തിലും, നടക്കുന്ന പഞ്ചാരി മേളങ്ങളും പ്രശസ്തമാണ്.

പ്രശസ്ത കലാകാരന്മാർ

തിരുത്തുക

പെരുവനം കുട്ടൻ മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ,ചേന്ദമംഗലം ഉണ്ണികൃഷ്ണ മാരാർ, കരിമ്പുഴ ഗോപി പോതുവാൾ, തിരുവല്ല രാധാകൃഷ്ണൻ , ചൊവ്വല്ലൂർ മോഹനൻ , ഗുരുവായൂർ സന്തോഷ്‌, പയ്യന്നൂർ നാരായണ മാരാർ, ഗുരുവായൂർ ഹരിദാസ്‌, ഇരിങ്ങപ്പുറം ബാബു, എന്നിവർ പഞ്ചാരി മേളം അവതരിപ്പിക്കുന്ന ചില പ്രസിദ്ധരായ കലാകാരന്മാർ ആണ്.

മണ്മറഞ്ഞ ചെണ്ട/പഞ്ചാരിമേളം കലാകാരന്മാർ: പെരുവനം അപ്പു മാരാർ, ചക്കംകുളം അപ്പു മാരാർ, കരിമ്പുഴ രാമ പൊതുവാൾ, മുളങ്കുന്നന്നതുകാവ് അപ്പുക്കുട്ട കുറുപ്പ്, കാച്ചാംകുറിച്ചി കണ്ണൻ, കുറുപ്പത്ത് ഈച്ചര മാരാർ, കാരേക്കാട്ട് ഈച്ചര മാരാർ, തൃപ്പേക്കുളം അച്ചുത മാരാർ.

ഇവയും കാണുക

തിരുത്തുക


  1. "പഞ്ചാരി മധുരം, അമ്മന്നൂർ ഭദ്ര, മാതൃഭൂമി വാരാന്തപ്പതിപ്പ്, ആഗസ്ത് 17, 2014". Archived from the original on 2014-08-21. Retrieved 2014-08-20.
"https://ml.wikipedia.org/w/index.php?title=പഞ്ചാരിമേളം&oldid=4080555" എന്ന താളിൽനിന്ന് ശേഖരിച്ചത്