മന്മഥ് നാഥ് ഗുപ്ത
ഒരു ഇന്ത്യൻ വിപ്ലവകാരിയും സാഹിത്യകാരനുമാണ് മന്മഥ് നാഥ് ഗുപ്ത (1908 ഫെബ്രുവരി 7 - 2000 ഒക്ടോബർ 26). പതിമൂന്നാം വയസ്സിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്കു കടന്നുവന്ന അദ്ദേഹം ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ പോലുള്ള വിപ്ലവസംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1925-ലെ കകൊരി തീവണ്ടി കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പതിനാലു വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 1937-ൽ ജയിൽ മോചിതനായ ശേഷം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ലേഖനങ്ങളും പുസ്തകങ്ങളും എഴുതി. 1939-ൽ വീണ്ടും അറസ്റ്റിലായ മന്മഥ് നാഥിനെ 1946-ലാണ് ജയിൽ മേചിതനാക്കിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ദേ ലിവ്ഡ് ഡെയ്ഞ്ചറസ്ലി - റെംനിസൻസ് ഓഫ് എ റെവല്യൂഷണറി ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. ആജ്കൽ എന്ന ഹിന്ദി സാഹിത്യ മാസികയിൽ എഡിറ്ററായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യകാല ജീവിതം
തിരുത്തുക1908 ഫെബ്രുവരി 7-ന് ബ്രിട്ടീഷ് ഇന്ത്യയിലെ യുണൈറ്റഡ് പ്രൊവിൻസ് സംസ്ഥാനത്തിലുള്ള ബനാറസിലാണ് മൻമഥ് നാഥ് ഗുപ്ത ജനിച്ചത്. വീരേശ്വർ ഗുപ്തയാണ് പിതാവ്. മൻമഥിന്റെ മുത്തച്ഛൻ ആദ്യപ്രസാദ് ഗുപ്തയും കുടുംബവും 1880-ൽ ബംഗാളിൽ നിന്ന് ഉത്തർ പ്രദേശിലേക്കു കുടിയേറിവരാണ്. നേപ്പാളിലെ വിരാട് നഗറിലുള്ള ഒരു വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മന്മഥ് നാഥ് തുടർപഠനത്തിനായി കാശി വിദ്യാപീഠത്തിൽ ചേർന്നു
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക്
തിരുത്തുകപതിമൂന്നാം വയസ്സിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന മൻമഥ് നാഥ് പ്രധാനമായും വിപ്ലവസംഘടനകളിലാണ് പ്രവർത്തിച്ചിരുന്നത്. 1921-ൽ ബനാറസിലേക്കു പുറപ്പെട്ട ബ്രിട്ടീഷ് രാജാവ് എഡ്വേർഡ് എട്ടാമനെ സ്വീകരിക്കുന്നതിനുള്ള ചടങ്ങ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ലഘുലേഖകൾ വിതരണം ചെയ്തതിന്റെ പേരിൽ മൻമഥ് നാഥ് അറസ്റ്റിലായി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തോടു സഹകരിക്കില്ലെന്നു കോടതിയിൽ വ്യക്തമാക്കിയ അദ്ദേഹത്തിനു മൂന്നു മാസം ജയിൽ ശിക്ഷ ലഭിച്ചു.
കോൺഗ്രസിലെ പ്രവർത്തനങ്ങൾ
തിരുത്തുകഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന മൻമഥ് നാഥിന് സംഘടനയുടെ പ്രവർത്തനങ്ങളിൽ ആദ്യം മുതൽ തന്നെ അസംതൃപ്തി തോന്നിത്തുടങ്ങിയിരുന്നു. 1922-ൽ ചൗരീ ചൗര സംഭവത്തെ തുടർന്ന് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് മൻമഥ് നാഥ് കോൺഗ്രസിൽ നിന്നു രാജിവച്ചു.
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ
തിരുത്തുകസായുധകലാപത്തിലൂടെ മാത്രമേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുവാൻ കഴിയൂ എന്ന ആശയത്തിൽ പ്രവർത്തിച്ചിരുന്ന വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് അദ്ദേഹം ആകൃഷ്ടനായി. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവ സംഘടനയിൽ ചേർന്ന അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവപ്രവർത്തനങ്ങൾ ആരംഭിച്ചു. ചന്ദ്ര ശേഖർ ആസാദിനെ ഈ സംഘടനയിലേക്കു കൊണ്ടു വന്നത് മൻമഥ് നാഥായിരുന്നു.
കകോരി ട്രെയിൻ കൊള്ള
തിരുത്തുക1925 ഓഗസ്റ്റ് 9-ന് കകൊരിയ്ക്കു സമീപം മൻമദ് നാഥ് ഉൾപ്പെടെയുള്ള 10 വിപ്ലവകാരികൾ ഒരു തീവണ്ടി തടഞ്ഞുനിർത്തി ബ്രിട്ടീഷ് സർക്കാരിന്റെ പണപ്പെട്ടികൾ കൊള്ളയടിച്ച സംഭവമാണ് കകൊരി ട്രെയിൻ കൊള്ള. മൻമദിന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് അഹമ്മദ് അലി എന്ന യാത്രക്കാരൻ കൊല്ലപ്പെട്ടിരുന്നു. മൻമഥ് ഉൾപ്പെടെ എല്ലാ വിപ്ലവകാരികളും അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു കൗമാരപ്രായക്കാരനായതിനാൽ മൻമഥിനു വധശിക്ഷ ലഭിച്ചില്ല. 14 വർഷം കഠിനതടവിനു വിധിക്കപ്പെട്ട അദ്ദേഹം 1937-ലാണ് ജയിൽമോചിതനായത്. അതിനുശേഷം ബ്രിട്ടീഷ് ഭരണത്തിനെതിരെ പുസ്തകങ്ങളും മറ്റും രചിച്ചതിന്റെ പേരിൽ 1939-ൽ വീണ്ടും അറസ്റ്റിലായി. ജീവപര്യന്തം ശിക്ഷ ലഭിച്ചുവെങ്കിലും 1946-ൽ മോചിതനായി. ആൻഡമാനിലെ കുപ്രസിദ്ധമായ സെല്ലുലാർ ജയിലിലും അദ്ദേഹം തടവിൽ കഴിഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനു ശേഷം
തിരുത്തുകഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുന്നതിന് ഒരു വർഷം മുമ്പ് 1946-ൽ ജയിൽ മോചിതനായ[1] അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും ബംഗാളിയിലും 120-ഓളം പുസ്തകങ്ങൾ മൻമഥ് രചിച്ചിരുന്നു. അദ്ദേഹത്തിന്റെ ദേ ലിവ്ഡ് ഡെയ്ഞ്ചറസ്ലി എന്ന പുസ്തകത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വിപ്ലവകാരികൾ നൽകിയ സംഭാവനകളെക്കുറിച്ച് വിശദമാക്കുന്നു. 1922-ൽ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചിരുന്നില്ലെങ്കിൽ അതേ വർഷം തന്നെ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു എന്ന് ഈ പുസ്തത്തിൽ മൻമഥ് നാഥ് അഭിപ്രായപ്പെട്ടിട്ടുണ്ട്. 1947-ൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അദ്ദേഹം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. കുട്ടികൾക്കു വേണ്ടിയുള്ള ബാൽ ഭാരതി, ഹിന്ദി മാസികയായ ആജ് കൽ, ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രസിദ്ധീകരണമായ യോജന എന്നിവയിൽ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1985 ഫെബ്രുവരി 27-ന് ഡെൽഹി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഡെൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ഇന്റർനാഷണൽ സിമ്പോസിയം ഓൺ ഇന്ത്യ ആൻഡ് വേൾഡ് ലിറ്ററേച്ചറിൽ അദ്ദേഹം പങ്കെടുക്കുകയും പണ്ഡിറ്റ് രാം പ്രസാദ് ബിസ്മിൽ : എ വോറിയർ ഓഫ് പെൻ ആൻഡ് പിസ്റ്റൾ എന്ന തലക്കെട്ടിൽ ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.
ദീപാവലി ദിനത്തിലെ മരണം
തിരുത്തുക1997 ഡിസംബർ 19-ന് ഡി.ഡി. നാഷണൽ ചാനലിൽ സംപ്രേഷണം ചെയ്ത സർഫറോഷ് കീ തമന്ന എന്ന 20 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ മൻമഥ് നാഥ് ഗുപ്തയുടെ അഭിമുഖം ഉൾപ്പെടുത്തിയിരുന്നു. കകൊരി ട്രെയിൻ കൊള്ളയിൽ ഒരു യാത്രക്കാരനെ അബദ്ധത്തിൽ വെടിവച്ചു കൊന്നതിൽ ഖേദിക്കുന്നുവെന്ന് അദ്ദേഹം അഭമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ അബദ്ധം കൊണ്ടാണ് രാം പ്രസാദ് ബിസ്മിൽ ഉൾപ്പെടെയുള്ള 4 വിപ്ലവകാരികൾക്കു വധശിക്ഷ ലഭിച്ചതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കകൊരി കേസിൽ തനിക്കു വധശിക്ഷ ലഭിക്കാതിരുന്നതിൽ നിരാശയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 2000 ഒക്ടോബർ 26-ന് രാജ്യം ദീപാവലി ആഘോഷിക്കുന്ന വേളയിൽ നിസാമുദ്ദീനിലുള്ള വസതിയിൽ വച്ച് മൻമഥ് നാഥ് അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു 92 വയസ്സായിരുന്നു.
അവലംബമാക്കിയ പുസ്തകങ്ങൾ
തിരുത്തുക- ചന്ദ്രശേഖർ ആസാദ്
- ദേ ലിവ്ഡ് ഡേഞ്ചറസ്‍ലി - റിനൈസൻസ് ഓഫ് ഓ റവലൂഷണറി (1969)
- ഭാരതീയ ക്രാന്തികാരി ആന്തോളൻ കാ ഇതിഹാസ് (Revised:1993)
- ഹിസ്റ്ററി ഓഫ് ദ ഇന്ത്യൻ റവലൂഷണറി മൂവ്മെന്റ് (English version of above:1972)
- ഗാന്ധി ആന്റ് ഹിസ് ടൈസ് (1982)
- ഭഗത് സിംഗ് ആൻറ് ഹിസ് ടൈംസ്
- ആധി രാത് കെ അതിഥി (en. Guests at Midnight)
- കോൺഗ്രസ് കെ സൌ വർഷ് (en. Hundred Years of the Congress)
- ദിൻ ദഹാരെ (en. In Broad Daylight)
- സർ പാർ കഫാൻ ബന്ധ് കർ (en. With My Funeral Shroud as My Turban)
- തൊറാൻ ഫൊറാം
- ആപ്കേ സമയ കാ സൂര്യ ദിൻകർ (The sun of his times:Ramdhari Singh 'Dinkar')
- ഷഹാദത്നാമ (en.Declaration of Martyrdom)
അവലംബം
തിരുത്തുക- ↑ Asharani Vohra Swadhinta Senani Patrakar Pratibha Pratishthan' New Delhi page-239