ആന്തമാൻ നിക്കോബാർ ദ്വീപുകൾ

(ആൻഡമാൻ നിക്കോബാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്തമാൻ നിക്കോബാർ ദ്വീപുകൾ
അപരനാമം: കാലാപാനി
തലസ്ഥാനം പോർട്ട് ബ്ലയർ
രാജ്യം ഇന്ത്യ
ലഫ്റ്റനന്റ് ഗവർണ്ണർ ഡി കെ ജോഷി[1]
വിസ്തീർണ്ണം 8,249ച.കി.മീ
ജനസംഖ്യ 356,152
ജനസാന്ദ്രത 43/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ മലയാളം,ഹിന്ദി,തമിഴ്,ഇംഗ്ലീഷ്
നിക്കോബാറീസ്,പഞ്ചാബി,തെലുങ്ക്
ഔദ്യോഗിക മുദ്ര
കേന്ദ്രഭരണപ്രദേശമാണ്.

ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ (ഇംഗ്ലീഷ്:The Andaman & Nicobar Islands, തമിഴ്: அந்தமான் நிகோபார் தீவுகள், ഹിന്ദി: अंडमान और निकोबार द्वीप) എന്നറിയപ്പെടുന്നത്‌. കേന്ദ്ര ഭരണ പ്രദേശമാണിത്. ഇന്ത്യയുടെ പ്രധാന കരയേക്കാൾ മ്യാന്മറിനോടാണ് ഈ ദ്വീപുകൾക്ക് കൂടുതൽ സാമീപ്യമുള്ളത്. വെറും 8249 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപസമൂഹം ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം മായാതെ കിടക്കുന്ന ഇവിടം ചരിത്രാന്വേഷികൾക്കും, ശിലായുഗവാസികൾ ഇന്നും വസിക്കുന്നതുകൊണ്ട്‌ നരവംശ ശാസ്ത്രജ്ഞർക്കും ഒരു പോലെ പ്രിയപ്പെട്ടതാകുന്നു. വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്‌ ഈ സ്ഥലം. ആദിവാസികളൊഴിച്ച് ഇവിടെ താമസിക്കുന്നവരെല്ലാം തന്നെ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്‌. ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ്‌ ദ്വീപുകൾ. മലയാളിയും തമിഴനും ബംഗാളിയും ഹിന്ദുസ്ഥാനിയും ഇവിടെ ഒന്നിച്ചു കഴിയുന്നു. സിക്കും മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും എല്ലാം കൈ കോർത്ത്‌ താമസിക്കുന്നു.

പേരിനു പിന്നിൽ

തിരുത്തുക

മലയ ഭാഷയിലെ ''HANDUMAN" എന്ന പദത്തിൽ നിന്നാണ് ആന്തമാൻ എന്ന പേരു ലഭിച്ചതെന്നു കരുതപ്പെടുന്നു. പുരാണങ്ങളിലെ ഹനുമാനാണ് മലയ ഭാഷയിലെ HANDUMAN[2][3]. പുരാതന കാലം മുതൽ ഇവിടെ താമസിച്ചിരുന്ന ആദിവാസികളിൽ നിന്നാണ്‌ നിക്കോബാർ എന്ന പേർ ലഭിച്ചതെന്നു കരുതുന്നു. നിക്കോബാർ എന്നതും മലയ ഭാഷ തന്നെ; അർത്ഥം നഗ്നരുടെ നാട്. ക്രി. പി. 672-ൽ ഇവിടെയെത്തിയ ഇത്സങ്ങ്‌ എന്ന ചൈനീസ്‌ യാത്രികനും തഞ്ചാവൂരിലെ പുരാതനരേഖകളും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്‌ നക്കാവരം എന്നാണ്‌, അർത്ഥം നഗ്നരുടെ നാട്‌ എന്നു തന്നെ[2][4].

കാലാപാനി എന്നാണ് ഒരിക്കൽ ഈ ദ്വീപു സമൂഹം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യക്കാരെ തടവിൽ പാർപ്പിക്കുവാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച സ്ഥലമാണ്‌ ദ്വീപുകൾ. തടവുകാരുടെ ചോര വീണു കറുത്തതിനാലാണത്രെ കാലാപാനി എന്ന പേര്‌ ലഭിച്ചത്.

ഭൂമിശാസ്ത്രം

തിരുത്തുക
 
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭൂപടം
 
ആന്തമാൻ ദ്വീപുകളുടെ ഉപഗ്രഹ ചിത്രം.

ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്. യഥാക്രമം വടക്കും തെക്കുമായുള്ള ഈ ദ്വീപുസമൂഹങ്ങളെ 10 ഡിഗ്രി ചാനൽ പരസ്പരം വേർതിരിക്കുന്നു.

വടക്കുഭാഗത്തുള്ള ആൻഡമാൻ ദ്വീപുസമൂഹത്തിൽ 204 വ്യത്യസ്തദ്വീപുകളാണുള്ളത്. ആൻഡമാനിലെ മിക്ക ദ്വീപുകളും കൊടുംകാടുകളാണ്. ഈ ദ്വീപുകളിൽ വടക്കേ ആൻഡമാൻ, മദ്ധ്യ ആൻഡമാൻ, തെക്കൻ ആൻഡമാൻ എന്നിങ്ങനെയുള്ള മൂന്നു ദ്വീപുകളാണ് പ്രധാനം. ഈ ദ്വീപുകളെ വേർതിരിച്ചിരിക്കുന്ന ആഴവും, വീതിയും കുറഞ്ഞ ചാലുകളും കണ്ടൽക്കാടുകളും, ഈ ദ്വീപുകളെല്ലാം പണ്ട് ഒരൊറ്റ ദ്വീപായിരുന്നു എന്ന് കാണിക്കുന്നു.

തെക്കുഭാഗത്തെ ദ്വീപുസമൂഹമായ നിക്കോബാർ ദ്വീപുകൾ പത്തൊമ്പത് ദ്വീപുകളുടെ സമൂഹമാണ്. ഈ ദ്വീപുകളിൽ ഏഴ് എണ്ണത്തിൽ മനുഷ്യവാസമില്ല. ഏറ്റവും തെക്കുഭാഗത്തുള്ള ഗ്രേറ്റ് നിക്കോബാർ ആണ് ഏറ്റവും വലിയ ദ്വീപ്. 133 ചതുരശ്രമൈൽ ആണ് ഇതിന്റെ വിസ്തീർണ്ണം. ഇന്തോനേഷ്യയിലെ സുമാത്രയിൽ നിന്ന് 90 മൈൽ ദൂരം മാത്രമാണ് ഈ ദ്വീപിലേക്കുള്ളത്[5]‌.

ചരിത്രം

തിരുത്തുക

പ്രാക്തന കാലം

തിരുത്തുക

അനേകായിരം വർഷങ്ങൾക്കു മുമ്പുതന്നെ ആന്തമാൻ ദ്വീപു സമൂഹങ്ങളിൽ മനുഷ്യ വാസമുണ്ടായിരുന്നുവെന്നാണ് ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. ദ്വീപുകളിൽ നടത്തിയ ഏറ്റവും പുതിയ പുരാവസ്തു ഗവേഷണങ്ങൾ പ്രകാരം 2200 വർഷങ്ങൾക്കു മുമ്പുവരെയുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ദ്വീപിലെ ആദിവാസികളുടെ ജനിതക, സാംസ്കാരിക, ഭാഷാ പശ്ചാത്തലങ്ങളനുസരിച്ച് മുപ്പതിനായിരം മുതൽ അറുപതിനായിരം വർഷങ്ങൾക്കു മുൻപേ ആന്തമാനിൽ മനുഷ്യ വാസമുണ്ടെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.[6][7][8]

കോളനിവത്ക്കരണം

തിരുത്തുക

ബംഗാൾ ഉൾക്കടലിലെ ഒരു സുപ്രധാന കേന്ദ്രം എന്ന നിലയിലാണത്രെ ദ്വീപുകളെ പ്രയോജനപ്പെടുത്തുവാൻ വെള്ളക്കാർ ആദ്യം തീരുമാനിച്ചത്‌. 1777-ൽ ദ്വീപുകൾ സർവ്വെ ചെയ്യാൻ ജോൺ റിച്ചി നിയോഗിതനായി[9][10]. 1788-ൽ ക്യാപ്റ്റൻ ആർച്ചിബാൾഡ്‌ ബ്ലയർ ആണ്‌ സർവ്വേ പൂർത്തിയാക്കിയത്‌[9] അക്കൊല്ലം തന്നെ ബ്രിട്ടീഷുകാർ അവിടെ കോളനിയും സ്ഥാപിച്ചു. 270 തടവുകാരേയും 500 നു മുകളിൽ ജനങ്ങളേയും ആണ്‌ ആദ്യമായി ദ്വീപിൽ പാർപ്പിച്ചത്‌. പക്ഷേ വൻകരയിൽ നിന്ന് ഒറ്റപെട്ടനിലയിൽ ആദിവാസികളുടെ ആക്രമണത്തേയും പകർച്ചവ്യാധികളെയും അവർക്ക്‌ പ്രതിരോധിക്കാനായില്ല. 1795-ൽ കോളനി ഉപേക്ഷിക്കപ്പെട്ടു. അതിനു ശേഷമുള്ള കുറെ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ നിക്കോബാർ ദ്വീപുകൾ ഒരു മലയൻ കൊള്ളസംഘത്തിന്റെ ആസ്ഥാനമായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഒരു വിമതനായിരുന്നു ഇവരുടെ നേതാവ്. ബംഗാൾ ഉൾക്കടലിലെ കടൽക്ഷോഭം മൂലം കപ്പലുകൾ പലപ്പോഴും നിക്കോബാർ തീരത്ത് അടുക്കാറുണ്ടായിരുന്നു. കൊള്ളക്കാർ ഇത്തരം കപ്പലുകൾ പിടിച്ചെടുക്കുകയും അതിലെ ചരക്കുകൾ സ്വന്തമാക്കി കപ്പലിലുള്ളവരെ വധിക്കുകയും ചെയ്തിരുന്നു. 1869-ൽ ഈ വാണിജ്യപാതയുടെ സംരക്ഷണത്തിനായി ബ്രിട്ടീഷുകാർ ഈ ദ്വീപുകൾ പിടിച്ചെടുത്തു[5].

പിന്നീട്‌ 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ചാണ്‌ ആന്തമാൻ ദ്വീപിനെ ബ്രിട്ടീഷുകാർ ഓർത്തെടുത്തത്‌. ശിപായിലഹള എന്നവർ പേരിട്ട സമരത്തിൽ പങ്കാളികളായ 1000-ൽ അധികം പേരെ നാടുകടത്താൻ ദ്വീപ്‌ തിരഞ്ഞെടുത്തു. 1858 മാർച്ച്‌ നാലാം തിയതി ഇരുനൂറ്‌ തടവുകാരുമായി ആദ്യ കപ്പൽ ആന്തമാൻ ദ്വീപിലെത്തി. കൊൽക്കത്തയിൽ നിന്നു തിരിച്ച സംഘത്തിൽ രണ്ട്‌ ഡോക്ടർമാരും 50 നാവികരും ഉണ്ടായിരുന്നു. ഡോ. ജെ.പി. വാൾക്കർ ആയിരുന്നു നേതാവ്‌. പ്രതികൂലാവസ്ഥയിലും തടവുകാരെ ഉപയോഗിച്ച്‌ പോർട്ട്‌ ബ്ലയറും, റോസ്സ്‌ ദ്വീപും മനുഷ്യവാസയോഗ്യമാക്കപ്പെട്ടു. തടവുകാർ സഹനത്തിന്റെ അതിർവരമ്പുകൾ കണ്ടുതുടങ്ങി. ബീഹാറിൽ നിന്ന് ജീവപര്യന്തം തടവുകാരനായെത്തിയ നാരായൺ ഒരു ചെറുബോട്ടിൽ രക്ഷപെടാൻ ശ്രമിച്ചു. പക്ഷേ ഗാർഡുകൾ അയാളെ പിടികൂടി വെടിവെച്ചു കൊന്നു. ദ്വീപുകളിൽ സ്വാതന്ത്ര്യത്തിനു വേണ്ടി വീണ ആദ്യത്തെ രക്തത്തുള്ളി നാരായണെന്റേതായിരിക്കണം . തടവുകാർ പിന്നീടും വന്നുകൊണ്ടിരുന്നു. നിരവധിപേർ മരണമടഞ്ഞു, പലരും രക്ഷപെടാൻ ശ്രമിച്ചു. അവരെയെല്ലാം പിടികൂടി പരസ്യമായി തൂക്കിക്കൊല്ലുകയായിരുന്നു. ഇക്കാലയളവിൽ 87 പേരാണ്‌ ഇങ്ങനെ കൊല്ലപെട്ടത്‌.

1921ലെ മലബാർ കലാപത്തിൽ പങ്കാളികളായയവരെ അന്തമാൻ സ്കീം പ്രകാരം നാടുകടത്തിയതും ഈ ദ്വീപിലേക്കായിരുന്നു. ഇന്ന് ദ്വീപിലുള്ള മലയാളികളിൽ പലരും അവരുടെ പിന്തുടർച്ചക്കാരാണ്.

സെല്ലുലാർ ജയിൽ

തിരുത്തുക
 
സെല്ലുലാർ ജയിൽ.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും തടവുകാരുടെ എണ്ണം പതിനയ്യായിരത്തോളമായി. അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. അങ്ങനെ 1896-ൽ സെല്ലുലാർ ജയിലിന്റെ പണി തുടങ്ങി. മ്യാന്മാറിൽ(ബർമ്മ) നിന്നു സാധനങ്ങളെത്തി. തടവുകാർ തന്നെ തങ്ങളെ പാർപ്പിക്കാനുള്ള ജയിൽ പണിഞ്ഞു. 1906-ൽ ആണത്‌ പൂർത്തിയായത്‌ [11]. തടവുകാർക്കിവിടെ യാതനകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്‌.

"ലോകത്ത്‌ ഒരു ദൈവമേയുള്ളു, അദ്ദേഹം സ്വർഗ്ഗത്തിൽ ആണു താമസിക്കുന്നത്‌ എന്നാൽ പോർട്ട്‌ ബ്ലയറിൽ രണ്ട്‌ ദൈവങ്ങളുണ്ട്‌, ഒന്ന് സ്വർഗ്ഗത്തിലെ ദൈവം പിന്നെ ഞാനും" പുതിയ തടവുകാരെ ചീഫ്‌ വാർഡൻ ബാരി സ്വീകരിക്കുന്നത്‌ ഇങ്ങനെയായിരുന്നത്രെ. ആന്തമാനിലെ ക്രൂരതകൾ ബ്രിട്ടീഷ്‌ മേലധികാരികളുടെ ഉറക്കം കെടുത്തി, ഒടുവിൽ 1937 സെപ്റ്റംബറിൽ ദ്വീപിലെ തടങ്കൽ പാളയങ്ങൾ നിർത്തലാക്കപ്പെട്ടു. തടവുകാരെ വൻകരയിലെ ജയിലുകളിലേക്ക്‌ മാറ്റിപാർപ്പിച്ചു. ഇന്ന് ജയിലൊരു ദേശീയ സ്മാരകമാണ്‌[12][13][14] ഒരു തീർത്‌ഥാടനം പോലെ അനേകായിരങ്ങൾ ഇന്നിവിടെ എത്തുന്നു.

ജപ്പാന്റെ അധിനിവേശവും പിന്മാറ്റവും

തിരുത്തുക
 
ആന്തമാനിലെ റോസ് ദ്വീപിന്റെ പ്രവേശന കവാടം 2004ലെ സുനാമിക്കു മുൻ‌പ്.

രണ്ടാം ലോകമഹായുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേയും ബംഗാൾ ഉൾക്കടലിലേയും തന്ത്രപ്രധാന പ്രദേശമായ ആന്തമാൻ നിക്കോബാർ ദ്വീപുകളേയും ബാധിച്ചിരുന്നു. ജപ്പാൻ ടോർപ്പിഡോകളുടെ ശക്തമായ ആക്രമണം ദ്വീപുകൾക്ക്‌ സംരക്ഷണം നൽകിയിരുന്ന പല ബ്രിട്ടീഷ്‌ യുദ്ധക്കപ്പലുകളേയും കടലിൽ താഴ്ത്തി. ബ്രിട്ടീഷ്‌ ശക്തികേന്ദ്രങ്ങളായിരുന്ന റങ്കൂണും സിങ്കപ്പൂരും വീണുകഴിഞ്ഞപ്പോൾ ജപ്പാൻ പട ആന്തമാൻ നിക്കോബാർ ദ്വീപുകളിലേക്കു നീങ്ങി. അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു. പക്ഷേ അതിനുമുൻപെ- 1942 മാർച്ച്‌ 3-ാ‍ം തീയതി തന്നെ ആന്തമാൻ നിക്കോബാർ ദ്വീപുകൾ ജപ്പാന്റെ അധീനതയിലായി. ചീഫ്‌ കമ്മീഷണർ ആയിരുന്ന വാട്ടർ ഫാളിനെ ജപ്പാൻ സെല്ലുലാർ ജയിലിൽ തന്നെ തടവിലാക്കി. ബ്രിട്ടീഷ്‌ സൈനികരേയും അവരുടെ ആളുകളേയും ജപ്പാൻ തടവുകാരായി പിടിച്ചു. ആ തടവുകാരെ കൊണ്ടു തന്നെ ജപ്പാൻ ദ്വീപിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജോലി ചെയ്യാത്തവരെയും രക്ഷപെടാൻ ശ്രമിക്കുന്നവരെയും കണ്ടു പിടിച്ച്‌ കടുത്ത ശിക്ഷ നൽകി, ദ്വീപുകളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു. അതിനിടയിൽ ബ്രിട്ടീഷുകാർ ദ്വീപുകൾക്ക്‌ കടുത്ത ഉപരോധം സൃഷ്ടിച്ചിരുന്നു. ഗതാഗതം നിലച്ചതോടെ ക്ഷാമവും രോഗങ്ങളും പെരുകി. ജപ്പാൻ പിന്മാറിയില്ല പകരം ദ്വീപുകൾ സുഭാഷ്‌ ചന്ദ്രബോസിന്റെ പ്രൊവിൻഷ്യൽ ഭരണകൂടത്തിനു കൈമാറിയതായി 1943 നവംബറിൽ ജപ്പാൻ പ്രധാനമന്ത്രി ഹിഡാക്കോ തേജോ ടോക്കിയോയിൽ പ്രഖ്യാപിച്ചു. ഡിസംബർ 19-നു സുഭാഷ്‌ ചന്ദ്രബോസ്‌ റോസ്സ്‌ ദ്വീപിലെത്തിഇന്ത്യൻ പതാക ഉയർത്തി.

ബ്രിട്ടീഷുകാർ ദ്വീപുകൾ തിരിച്ചുപിടിക്കാൻ തയാറെടുത്തു. 1945 ഒക്ടോബർ 7-ാ‍ം തീയതി ബ്രിഗേഡിയർ സോളമന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ്‌ സൈന്യം എത്തി. 9-ാ‍ം തീയതിയോടുകൂടി ജപ്പാൻകാർ പൂർണ്ണമായും പിന്മാറി. പിന്നീട്‌ ഇന്ത്യ സ്വതന്ത്രമായപ്പോളാണു ദ്വീപുകളും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചത്‌.

 
ആന്തമാനിലെ റോസ് ദ്വീപിന്റെ കാഴ്ച. സെല്ലുലാർ ജയിലിന്റെ മുകളിൽ നിന്ന്

ആൻഡമാൻ ദ്വീപുകളിലെ ജനങ്ങളിൽ പലരും ഇന്ത്യയുടേ ഒന്നാം സ്വാതന്ത്ര്യസമരകാലത്തും അതിനു ശേഷവുമായി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നാടുകടത്തപ്പെട്ട് തടവുകാരായി പോർട്ട് ബ്ലെയറിലെ തടവറയിലെത്തിയവരാണ്. ഇങ്ങനെ ജീവപരന്ത്യം ശിക്ഷ കഴിഞ്ഞ് പലരും അവിടെത്തന്നെ വീട് പണിത് താമസമാക്കിയിട്ടുണ്ട്.

ഇതിനു പുറമേ 1948 കാലത്ത് നിരവധി കുടുംബങ്ങൾ കിഴക്കൻ ബംഗാളിൽ നിന്ന് ആൻഡമാനിലേക്ക് കുടിയേറിയിട്ടുണ്ട്.

ആൻഡമാനിലെ ആദിവാസികളിൽ ഇന്ന് വളരെക്കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവർ ഭീകരരും കൊലയാളികളുമാണെന്നാണ് പ്രശസ്തി. ആൻഡമാൻ തീരത്തെത്തുന്ന കപ്പൽ യാത്രക്കാരെ കൊലപ്പെടുത്തുന്നതു കൊണ്ടോ, അപരിചിതരോട് സംശയപൂർവം പെരുമാറുന്നതുകൊണ്ടോ ആവാം ഇങ്ങനെ കരുതപ്പെടുന്നത്. ആദ്യകാലത്തെ മലയ് അടിമക്കച്ചവടക്കാരോട് പുലർത്തിയിരുന്ന അസഹിഷ്ണുത മൂലമായിരിക്കണം ഇവരുടെ പെരുമാറ്റം ഇത്തരത്തിൽ രൂപവത്കരിക്കപ്പെട്ടത്[5].

ആദിവാസികൾ

തിരുത്തുക

ഇവിടുത്തെ ആദിവാസികളെ പ്രധാനമായും രണ്ടു വംശത്തിൽ പെടുത്താം,(1)നിഗ്രിറ്റോ വംശജരും (2) മംഗളോയിഡ്‌ വംശജരും,നീഗ്രോ വംശജരെ പോലെയുള്ളവരാണ്‌ നിഗ്രിറ്റോ, മംഗളോയിഡ്‌ പാരമ്പര്യമുള്ളവരാണ്‌ മറ്റുള്ളവർ. അദിവാസികളിൽ ആൻഡമാനീസുകൾ, ഓംഗികൾ, ജാരവകൾ, സെന്റിലിനീസുകൾ എന്നിവർ നിഗ്രിറ്റോ വംശത്തിൽ പെടുന്നു. നിക്കോബാർ ദ്വീപുകളിൽ വസിക്കുന്ന നിക്കോബാറികളും ഷോംബനുകളും മംഗളോയിഡ്‌ വംശജരാണ്‌.

ആൻഡമാനീസുകൾ

തിരുത്തുക

ആൻഡമാനീസുകൾ ആയിരുന്നു ദ്വീപുകളുടെ യഥാർത്ഥ അധിപർ, മറ്റു ജനവിഭാഗങ്ങളുമായി യാതൊരു സമ്പർക്കവുമില്ലാത്ത ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്‌. വേട്ടയാടലായിരുന്നു മുഖ്യതൊഴിൽ, ഓരോ ചെറുസംഘങ്ങൾക്കും വേട്ടയാടാൻ അവരുടെ പ്രദേശങ്ങളുണ്ടായിരുന്നു. ദ്വീപിൽ കുടിയേറി പാർത്ത നാഗരികരുമായി ഇവർ അടുത്തു. മദ്യവും, പുകയിലയും, കറുപ്പും, ഇരുമ്പും ആയിരുന്നത്രെ ഇവരെ അതിനു പ്രേരിപ്പിച്ചത്‌. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 625 ആയിരുന്നു ഇവരുടെ എണ്ണം. എന്നാൽ ഇന്നത്‌ കേവലം 24 ആയി കുറഞ്ഞിരിക്കുന്നു. തടവുകാരുടെ കൂടെ പണി ചെയ്യാൻ വിട്ട ആൻഡമാനീസുകളെ തടവുകാർ ചൂഷണം ചെയ്തു. തടവുകാർ നോക്കി നിൽക്കും ആൻഡമാനീസുകൾ പണി ചെയ്യും. എങ്കിലും പകർച്ചവ്യാധികളാണത്രെ ആൻഡമാനീസുകളെ കൊന്നൊടുക്കിയത്‌. ഇന്ന് അവശേഷിക്കുന്നവരെ സ്ട്രൈറ്റ്‌ ദ്വീപിൽ ഒരു കോളനി ഉണ്ടാക്കി പാർപ്പിച്ചിരിക്കുന്നു. എല്ലാരും തന്നെ ലോകത്തിന്റെ മുഖ്യധാരയിലേക്കെത്തിയിരിക്കുന്നു.

ജാരവകളും സെന്റിലിനീസുകളും

തിരുത്തുക

ദക്ഷിണ മധ്യ ആന്തമാൻ ദ്വീപുകളുൽ വസിക്കുന്ന ജാരവകളും സെന്റിനൽ ദ്വീപിൽ വസിക്കുന്ന സെന്റിലിനീസുകളും ഇന്നും ശിലായുഗ വാസികളാണ്‌ ഇവരെ മുഖ്യധാരയും ആയി ബന്ധപ്പെടുത്തുവാനുള്ള ശ്രമങ്ങൾ തുടരുന്നു. മധ്യ ആന്തമാനിൽ വസിക്കുന്ന ജാരവകളുടെ അടുത്ത്‌ എല്ലാ മാസവും വെളുത്തവാവിനു പിറ്റേ ദിവസം സർക്കാരിന്റെ ഒരു പ്രതിനിധി സംഘം ഇവരുടെ അടുത്ത്‌ ചെല്ലുന്നു. അവരുടെ ഭാഷ, ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത്‌. ഒരു കാലത്ത്‌ ജാരവകൾ ധാരാളമായി പോർട്ട്‌ ബ്ലയറിൽ ഉണ്ടായിരുന്നു, എന്നാൽ കുടിയേറ്റം വർദ്ധിക്കുംതോറും ഇവർ കൂടുതൽ വനത്തിനുള്ളിലേക്ക്‌ പിന്മാറിക്കൊണ്ടിരുന്നു. വനം വകുപ്പിന്റെ ആനകളും ഇവരുടെ സ്വൈരവിഹാരത്തിന്‌ ഭംഗം വരുത്തി, അതുകൊണ്ട്‌ തന്നെ മറ്റുള്ളവരോട്‌ ഒടുങ്ങാത്ത പക ഇവർ പുലർത്തുന്നു. തരം കിട്ടിയാൽ ആക്രമിക്കുകയും ചെയ്യും.
അരോഗദൃഢഗാത്രരാണ്‌ ജാരവകൾ, ആഫ്രിക്കയിലെ തനി നീഗ്രൊവംശജരെ പോലെ തന്നെ തനി കറുപ്പു തൊലിക്കാർ, ചുരുണ്ടമുടി, ബലിഷ്ഠമായ കൈകാൽ, ശക്തിയേറിയ വലിയ പല്ലുകൾ, നാലുമുതൽ അഞ്ചടി വരെ ഉയരം, വയറിനു മുകളിൽ മരച്ചീളുകൾ കൊണ്ടുണ്ടാക്കിയ ഒരുകവചം ഉണ്ട്‌. ഇതിലാണ്‌ ആയുധങ്ങൾ സൂക്ഷിക്കുന്നത്‌. വാഴയിലകൊണ്ടും കവുങ്ങിൻ നാരു കൊണ്ടും ഉണ്ടാക്കുന്ന ആഭരണങ്ങളും ധരിക്കാറുണ്ട്‌. ഭക്ഷണം പക്ഷിമൃഗാദികളും കടലിൽ നിന്നു പിടിക്കുന്ന മത്സ്യവും കാട്ടുകനികളും ആണ്‌. എവിടെ ഇരുമ്പ്‌ കണ്ടാലും കൈക്കലാക്കും, അതു കൊണ്ട്‌ അമ്പുകളുണ്ടാക്കും. ജാരവകളെ കുറിച്ച്‌ 1873 ഓഗസ്റ്റ്‌ 9-ാ‍ം തിയതി അന്നത്തെ ചീഫ്‌ കമ്മിഷണർ സ്റ്റീവാർഡ്‌ ഇങ്ങനെ എഴുതി "അവരെ ഞങ്ങൾ കടൽക്കരയിൽ ഒരിക്കലും കണ്ടിട്ടില്ല, അവർ ഞങ്ങൾ അറിയുന്ന വർഗ്ഗക്കാരുമായി ഒരിക്കലും സൗഹൃദത്തിലായിരുന്നില്ല" ഇതിന്‌ ഇന്നും മാറ്റമൊന്നും വലിയ തോതിൽ വന്നിട്ടില്ല.

സെന്റിലിനീസുകൾ ഇന്നും ആർക്കും പിടി കൊടുത്തിട്ടില്ല. തികഞ്ഞ ഏകാന്ത വാസത്തിലാണിവർ, പുറമേയുള്ളവർക്ക്‌ ഇവരെക്കുറിച്ച്‌ ഒന്നും തന്നെ അറിയില്ല. ഇരുനൂറോളം ജാരവകളുണ്ടെന്നാണ്‌ കരുതുന്നത്‌[15], സെന്റിലിനീസുകൾ നൂറിൽ താഴയേ വരൂ.

ലിറ്റിൽ ആൻഡമാനിലെ ആദിവാസികളാണ്‌ ഓംഗികൾ. വേട്ടയാടലും അമ്പും വില്ലും ഉപയോഗിച്ചുള്ള മീൻപിടുത്തവും ആണ്‌ ഇവരുടെ തൊഴിൽ. ഇന്ന് നാഗരിക മനുഷ്യരുമായി ഇവരും ഇടചേർന്ന് ജീവിക്കുന്നു. ദ്വീപുകളുടെ ഭരണസംവിധാനമായ പ്രദേശ്‌ കൌൺസിലിൽ ഓംഗികളുടെ പതിനിധിയും ഉണ്ട്‌. ഡ്യുഗോംഗ്‌ ക്രീക്കിൽ ഒരു ഡോക്ടറേയും ഇവർക്കായി നിയമിച്ചിരിക്കുന്നു.

നിക്കോബാറികൾ

തിരുത്തുക

ഭാരതത്തിലെ ഏതൊരു പൗരനേയും പോലെ ദേശസ്നേഹികളും തങ്ങളുടെ കടമകളും അവകാശങ്ങളും ചുമതലകളും മനസ്സിലാക്കിയിട്ടുള്ള ലോകത്തിന്റെ മുഖ്യധാരയിലേക്കെത്തിയിട്ടുള്ള നിക്കോബാർ ദ്വീപസമൂഹങ്ങളിൽ വസിക്കുന്ന ആദിവാസികളാണ്‌ 25000-ത്തോളം ഉള്ള നിക്കോബാറികൾ. വിദ്യാഭ്യാസവും ക്രിസ്റ്റ്യൻ മിഷനറി മാരുടെ പ്രവർത്തനവും ആണ്‌ അവരെ ഇന്നത്തെ നിലയിലേക്ക്‌ ഉയർത്തിയത്‌. കൂട്ടുകുടുംബസമ്പ്രദായം ഇന്നും നിലനിൽക്കുന്ന ഇവർക്കിടയിൽ കുടുംബത്തിലെ തലമൂത്ത ആളുടെ നേതൃത്വത്തിലാണ്‌ എന്തും ചെയ്യുന്നത്‌. ഓരോ ഗ്രാമത്തിനും ഒരു തലവൻ ഉണ്ട്‌. പ്രായപൂർത്തിയായ ആർക്കുംതലവനെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്‌. ഓരോ ഗ്രാമങ്ങളിലും ജന്മഗൃഹങ്ങളും മരണഗൃഹങ്ങളും ഉണ്ട്‌. ഇവിടങ്ങളിൽ വെച്ചാണ്‌ പ്രസവവും മരണാനന്തരകർമ്മങ്ങളും ചെയ്യപ്പെടുന്നത്‌. കുൺസേറോ, കനാച്ചോ എന്നിവയാണ്‌ നിക്കോബാറികളുടെ പ്രധാന ഉത്സവങ്ങൾ. ഇതിൽ പിതാമഹന്മാരെ ആദരിക്കാനുള്ള കനാച്ചോ ഉത്സവമാണ്‌ ഏറെ പ്രധാനം.

നിക്കോബാറികൾ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നു. അവരുടെ ഭാഗമായ നൻക്രുറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത്‌ റാണി ലക്ഷ്മിയാണ്‌. അവരുടെ അമ്മ ഇസ്‌ലോൺ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ പട്ടാളം തീരത്തെത്തിയപ്പോൾ ദ്വീപിൽ ബ്രിട്ടീഷ്‌ പതാക ഉയർത്തി ജർമ്മനിയെ തുരത്തി. അന്ന് ബ്രിട്ടീഷ്‌കാർ ആദരസൂചകമായി നൽകിയതാണ്‌ റാണി പട്ടം.

ഷോംബനുകൾ

തിരുത്തുക

നിക്കോബാർ ദ്വീപുകളുടെ തെക്കെ അറ്റത്ത്‌ ഗ്രേറ്റ്‌ നിക്കോബാരിൽ വസിക്കുന്ന ഷോംബനുകളും മുഖ്യധാരയിലേക്കെത്താൻ വിമുഖത കാണിക്കുന്നവരാണ്‌. 200-ൽ അധികമാണ്‌ ഇവരുടെ എണ്ണം. നാണം കുണുങ്ങികളായ ഇവരുടെ എണ്ണം ത്വക്ക് രോഗങ്ങൾ ബാധിച്ചാണ്‌ കുറയുന്നതെന്നു കരുതുന്നു. വേട്ടയാടി കിട്ടുന്നത്‌ കഴിച്ച്‌ ഇവർ ഇന്നും വനാന്തരങ്ങളിൽ കഴിയുന്നു. സർക്കാർ ഇവർക്കായി ഡോക്ടർമാരെയും സാമൂഹ്യപ്രവർത്തകരേയും നിയോഗിച്ചിട്ടുണ്ട്‌. മറ്റ്‌ ആദിവാസികളെ പോലെ തന്നെ നാളെയെ കുറിച്ചുള്ള ചിന്ത ഇവർക്കുമില്ല.

ദ്വീപുകൾ ഇന്ന്

തിരുത്തുക
 
ആന്തമാൻ ദ്വീപുകൾ
 
ആന്തമാൻ ദ്വീപുകളിലെ അഗ്നിപർവ്വത ലാവ

ആധുനിക നിക്കോബാറിന്റെ പിതാവായി പരേതനായ ബിഷപ്പ്‌ ജോൺ റിച്ചാർഡ്സൺ ആദരിക്കപ്പെടുന്നു. പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുള്ള ഇദ്ദേഹമായിരുന്നു ദ്വീപുകളുടെ ആദ്യത്തെ നോമിനേറ്റഡ്‌ പാർലമെന്റ്‌ അംഗവും. ഏറെ മലയാളികൾ ഇവിടെ താമസിക്കുന്നു. കപ്പൽ ആണ്‌ ദ്വീപുകളിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗം. ദ്വീപുകൾ തമ്മിലും ബോട്ടുകൾ ആണ്‌ പ്രധാന യാത്രാ ഉപാധി. ദ്വീപുകൾക്കുള്ളിൽ ബസ്സുകൾ ഉണ്ട്‌. ദ്വീപുകളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്നു. 43 പഞ്ചായത്തുകൾ ഉള്ള ദ്വീപുകൾക്ക്‌ പാർലമെന്റിലേക്ക്‌ ഒരാളെ അയക്കാം. കര,നാവിക,വ്യോമസേനകളുടെ സംയുക്ത കമ്മാൻഡ്‌ ദ്വീപുകളുടെ മാത്രം പ്രത്യേകതയാണ്‌. ഭാരതത്തിന്റെ ഏറ്റവും തെക്കെയറ്റമായ ഇന്ദിരാ മുനമ്പ്‌ ഇന്നൊരു വിനോദ സഞ്ചാര‍ കേന്ദ്രമാണ്‌.

ഈ ദ്വീപുകളിൽ സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞവരേറെയാണ്‌. ഒറ്റപ്പെട്ട ദ്വീപുകളുടെ ആവേശവും പ്രചോദനവും പ്രാധാന്യവും അതിലാണടങ്ങിയിരിക്കുന്നത്‌

നിക്കോബാർ ദ്വീപുകളിൽ നാളികേരം സമൃദ്ധമായി വിളയുന്നു. ഇവിടെ നിന്നുള്ള പ്രധാന കയറ്റുമതിയും നാളികേരമാണ്. ഒരളവുവരെ നാളികേരം ഒരു നാണയം എന്ന നിലയിലും ഇവിടെ ഉപയോഗിച്ചിരുന്നു. പണത്തിനു പകരം നാളികേരം കൊടുത്ത് ആളുകൾ സാധനങ്ങൾ വാങ്ങിയിരുന്നു.1915-ലെ ഒരു കണക്കനുസരിച്ച് നിക്കോബാർ ദ്വീപിലെ ജനങ്ങളുടെ കൈവശം മൂന്നു കോടിയോളം നാളികേരം ഉണ്ടായിരുന്നു. ഒരു സമ്പന്നമായ കുടുംബം, 300 നാളീകേരം ദിവസം ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതിൽ മൂന്നിൽ രണ്ടു ഭാഗവും പന്നിക്ക് ഭക്ഷണമായായിരുന്നു ഉപയോഗിച്ചിരുന്നത്[5].

 
ഒരു ആൻഡമാൻ ഗ്രാമം
  1. "Najeeb Jung to be new Delhi LG; K K Paul is Meghalaya governor - Times Of India". indiatimes.com. 2013. Archived from the original on 2013-07-05. Retrieved 2013 നവംബർ 19. Lt Gen (retired) A K Singh replaced Lt Gen (retired) Bhopinder Singh as LG of Andaman & Nicobar Islands, a {{cite web}}: Check date values in: |accessdate= (help)
  2. 2.0 2.1 http://indiannavy.nic.in/Milan%202008_files/Page2565.htm
  3. http://www.and.nic.in/Announcements/visit/Introduction.pdf
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-28. Retrieved 2008-03-25.
  5. 5.0 5.1 5.2 5.3 HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 136–137. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. KEYNOTE ADDRESS BY CNS & CHAIRMAN COSC – AUG 05
  7. "പുരാതന ആദിവാസികളെ സുനാമിയില് നഷ്ടപ്പെട്ടോ". 24-01-2005 ]. Retrieved 09-01-2008. {{cite web}}: Check date values in: |accessdate= and |date= (help)
  8. "സുനാമിയെക്കുറിച്ചുള്ള നാട്ടറിവ് ആദിവാസികളെ രക്ഷിച്ചു". 20-01-2005 ]. Archived from the original on 2012-09-14. Retrieved 09-01-2008. {{cite web}}: Check date values in: |accessdate= and |date= (help)
  9. 9.0 9.1 >http://www.andaman.org/NICOBAR/book/history/Britain/Hist-Britain.htm Archived 2008-04-18 at the Wayback Machine.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-18. Retrieved 2008-03-24.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-01-18. Retrieved 2008-03-25.
  12. http://pib.nic.in/feature/feyr2002/fnov2002/f181120021.html
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-15. Retrieved 2008-03-25.
  14. "A memorial to the freedom fighters". The Hindu. 15-07-2004. Archived from the original on 2007-10-23. Retrieved 25-03-2008. {{cite web}}: Check date values in: |accessdate= and |date= (help)
  15. "അന്തമാൻ നൃത്തവും നമ്മളും" (PDF). മലയാളം വാരിക. 2012 ജനുവരി 27. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 21. {{cite news}}: Check date values in: |accessdate= and |date= (help)

കൂടുതൽ അറിവിന്‌

തിരുത്തുക
  1. പുറം ഏടുകൾ
    1. http://www.and.nic.in/
  2. ചിത്രങ്ങള്
    1. http://www.funonthenet.in/index.php?set_albumName=Andaman-and-Nicobar-Islands&option=com_gallery&Itemid=&include=view_album.php&page=1 Archived 2007-09-26 at the Wayback Machine.