കാൻഡീഡ്

(Candide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജ്ഞാനോദയ യുഗത്തിലെ ഫ്രഞ്ച് ചിന്തകൻ വോൾട്ടയർ എഴുതിയ ലഘുനോവലാണ് കാൻഡീഡ് (Candide). കാൻഡീഡ് എന്നു പേരുള്ള ചെറുപ്പക്കാരന്റേയും അയാൾക്കു ഗുരുവും മാർഗ്ഗദർശിയും ആയിരുന്ന ദാർശനികൻ ഡോക്ടർ പാൻഗ്ലോസിന്റേയും ദുരിതങ്ങളും സാഹസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. "സാദ്ധ്യമായതിൽ ഏറ്റവും മെച്ചമായ ഈ ലോകത്തിൽ എല്ലാം നന്മയ്ക്കായി സംഭവിക്കുന്നു" എന്നും സംഭവിക്കുന്നതെല്ലാം മനുഷ്യരാശിക്കുവേണ്ടിയുള്ള ദൈവികപദ്ധതിയുടെ ഭാഗമാകയാൽ അന്തിമ വിശകലനത്തിൽ എല്ലാം നല്ലതിനു വേണ്ടിയാണെന്നും മറ്റും ലീബ്നീസിനെപ്പോലുള്ള ചിന്തകന്മാർ പഠിപ്പിച്ചിരുന്നു. 1755-ൽ പോർത്തുഗലിലെ ലിസ്ബണിലുണ്ടായ ഭൂകമ്പത്തിന്റേയും 1756-ൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ആരംഭിച്ച സപ്തവത്സരയുദ്ധത്തിന്റേയും പശ്ചാത്തലത്തിലാണ് ഈ നോവലിന്റെ രചന നടന്നത്. ഈ സംഭവങ്ങൾ വരുത്തിവച്ച ദുരിതങ്ങളുടെ ഭീകരത, പലരുടേയും ദൈവവിശ്വാസത്തെ ദുർബ്ബലമാക്കിയിരുന്നു. സന്ദേഹത്തിന്റെ ആ വഴി പിന്തുടർന്ന്, ലീബ്നീസിന്റേയും മറ്റും ശുഭാപ്തിവിശ്വാസത്തിന്റെ സാമ്പ്രദായികതയെ ഈ കൃതിയിൽ വോൾട്ടയറും ആക്രമിച്ചു.

കാൻഡീഡ്
1759-ലെ ആദ്യപതിപ്പിന്റെ ടൈറ്റിൽ പുറം
പാരിസിൽ പ്രസിദ്ധീകരിച്ച ആദ്യപതിപ്പിന്റെ പുറംചട്ടയിൽ, "കാൻഡീഡ് അല്ലെങ്കിൽ ശുഭാപ്തിവിശ്വാസം: ജർമ്മൻ ഭാഷയിൽ നിന്നു ഡോക്ടർ റാൽഫിന്റെ പരിഭാഷ" എന്ന വിവരണമാണ് കൊടുത്തിരുന്നത്.
കർത്താവ്വോൾട്ടയർ
യഥാർത്ഥ പേര്കാൻഡീഡ് അല്ലെങ്കിൽ ശുഭാപ്തിവിശ്വാസം
ചിത്രരചയിതാവ്ജീൻ മിഷേൽ
രാജ്യംഫ്രാൻസ്
ഭാഷഫ്രഞ്ച്
സാഹിത്യവിഭാഗംആക്ഷേപഹാസ്യം; പിക്കാറെസ്ക് നോവൽ
പ്രസാധകർ1759: ക്രാമർ, മാർക്ക് മിഷൽ റേ, ജീൻ നോഴ്സ്, ലാംബർട്ട്, തുടങ്ങിയവർ
പ്രസിദ്ധീകരിച്ച തിയതി
ജനുവരി 1759
മാധ്യമംഅച്ചടി
ISBNഅപ്രസക്തം

മതമേഖലയിലെ അസഹിഷ്ണുതയേയും, രാജാക്കന്മാരുടേയും രാഷ്ട്രീയക്കാരുടേയും പൊങ്ങച്ചത്തേയും, അധമസാഹിത്യത്തേയും, യുദ്ധത്തേയും എല്ലാം വിമർശിക്കുന്ന ഈ രചന 1759-ൽ വോൾട്ടയർ പ്രസിദ്ധീകരിച്ചത് പേരു വയ്ക്കാതെയാണ്. എന്നിട്ടും, ശൈലിയുടേയും ഉള്ളടക്കത്തിന്റേയും സവിശേഷതകൾ, അദ്ദേഹമാണ് ഇതിന്റെ കർത്താവെന്ന വ്യാപകമായ ശ്രുതിക്കു കാരണമായപ്പോൾ വോൾട്ടയർ അതു ശക്തിയായി നിഷേധിച്ചു. "അസംബന്ധങ്ങളുടെ ആ വിഴുപ്പ് എന്റെ തലയിൽ കെട്ടിവക്കണമെങ്കിൽ മനുഷ്യർക്കു ഭ്രാന്തു പിടിച്ചിട്ടുണ്ടാകണം. ദൈവം അനുഗ്രഹിച്ചിട്ട് എനിക്ക് അതിലും നല്ല എത്രയോ കാര്യങ്ങൾ ചെയ്യാനുണ്ട്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.[1] ഫ്രെഞ്ച് സാഹിത്യത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായി നിലനിൽക്കുന്ന കാൻഡീഡ്[2]വോൾട്ടയറുടെ നായകശില്പമായി ഇന്നു പരിഗണിക്കപ്പെടുന്നു.[3] "വോൾട്ടയറുടെ സമസ്തരചനകളുടേയും സംഗ്രഹം" എന്ന് ഫ്രഞ്ചു സാഹിത്യകാരൻ ഗുസ്താഫ് ഫ്ലോബേർ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.[1]

'ഉത്തമലോകം'

തിരുത്തുക
 
"ദാർശനികനിഘണ്ടു"-വിന്റെ 1843-ലെ പതിപ്പിൽ ചേർത്തിരുന്ന വോൾട്ടയറുടെ ചിത്രം

വെസ്റ്റ്ഫാലിയ നാട്ടിലെ ഒരു മാടമ്പിപ്രഭുവിന്റെ ആശ്രിതനായിരുന്നു കാൻഡീഡ് എന്ന പയ്യൻ. നാട്ടിലെ കൊള്ളാവുന്ന മനുഷ്യരിൽ ഒരുവന് പ്രഭുവിന്റെ സഹോദരിയിൽ പിറന്ന സന്തതിയാണ് അവനെന്ന ശ്രുതി ഉണ്ടായിരുന്നു. മധുരസ്വഭാവിയായ കാൻഡീഡ് സാമാന്യം ബുദ്ധിമാനായിരുന്നെങ്കിലും ശുദ്ധഗതിക്കാരനായിരുന്നു. "അയാളുടെ മനസ്സ് മുഖത്തു വായിക്കാമായിരുന്നു". അതിനാലാവാം നിഷ്കളങ്കൻ എന്നർത്ഥമുള്ള 'കാൻഡീഡ്' എന്ന പേര് അയാൾക്കു കൊടുത്തത്. ധനികനും പ്രതാപിയുമായിരുന്നു പ്രഭു. 350 റാത്തലോളം തൂക്കമുണ്ടായിരുന്ന അയാളുടെ പ്രഭ്വിയും അവഗണിക്കാനാകാത്ത മഹതി ആയിരുന്നു. പ്രഭുവിന്റെ പുത്രി ക്യുനഗോണ്ട്, പുഷ്ടിയും അഴകുമുള്ള കുട്ടിയായിരുന്നു. പ്രഭുവിന് സ്വന്തം അച്ചിൽ വാർത്തെടുത്ത ഒരു മകനും ഉണ്ടായിരുന്നു.

പ്രഭുഹർമ്മ്യത്തിലെ ആസ്ഥാനദാർശനികനായിരുന്നു 'പാൻഗ്ലോസ്' എന്ന ജ്ഞാനി. പാൻഗ്ലോസിന്റെ പ്രബോധനങ്ങൾ സ്വാംശീകരിച്ചാണ് കാൻഡീഡ് വളർന്നത്. വെള്ളം തീണ്ടാത്ത ശുഭാപ്തിവിശ്വാസമായിരുന്നു ആ പ്രബോധനങ്ങളുടെ കാതൽ. എല്ലാം നന്മയ്ക്കു വേണ്ടിയാണെന്നും നാം ജീവിക്കുന്ന ലോകം സാദ്ധ്യമായതിൽ ഏറ്റവും നല്ല ലോകമാണെന്നും പ്രഭുദമ്പദിമാർ സാദ്ധ്യമായതിൽ എറ്റവും നല്ല പ്രഭുവും പ്രഭ്വിയും ആണെന്നും പ്രഭുഹർമ്മ്യം സാദ്ധ്യമായതിൽ ഏറ്റവും നല്ല ഹർമ്മ്യമാണെന്നും അയാൾ പഠിപ്പിച്ചു. അയാളുടെ അഭിപ്രായത്തിൽ, സംഗതികൾ ആയിരിക്കുന്നതു പോലെയല്ലാതെ അസാദ്ധ്യമാണ്. എല്ലാം ഒരു ലക്ഷ്യത്തിനായി ഉണ്ടായതാണ്. മൂക്കുകൾ കണ്ണാടി വയ്ക്കാൻ വേണ്ടിയും, കാലുകൾ കാലുറ ധരിക്കാൻ വേണ്ടിയും, പന്നികൾ നമ്മുടെ തീറ്റക്കു വേണ്ടിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നാം കണ്ണാടി വയ്ക്കുകയും, കാലുറ ധരിക്കുകയും എന്നും പന്നിയിറച്ചി തിന്നുകയും ചെയ്യുന്നു.

ഗുരുവിന്റെ ഈ പ്രബോധനങ്ങൾ വിശ്വസിച്ച കാൻഡീഡ്, പ്രഭുപുത്രി ക്യുനഗോണ്ട് പ്രകൃതിയുടെ അനുപമസൃഷ്ടിയാണെന്നു കൂടി വിശ്വസിച്ചു. എങ്കിലും അവളോട് അതു പറയാൻ അയാൾക്കു ധൈര്യം ഇല്ലായിരുന്നു. ഒരുദിവസം പാൻഗ്ലോസ് തന്റെ 'സവിശേഷജ്ഞാനം' പ്രഭ്വിയുടെ വേലക്കാരിക്കു പകർന്നുകൊടുക്കുന്നത് ക്യൂനഗോണ്ട് കാണാൻ ഇടവന്നു. അതോടെ അവൾ കാൻഡീഡിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങി. എന്നാൽ ക്യുനഗോണ്ട് നൽകിയ ഒരേയൊരു ചുംബനം കാൻഡീഡിനു വിനയായി. അവരെ കയ്യോടെ പിടിച്ച പ്രഭു, അയാളെ വീട്ടിൽ നിന്നു ചവുട്ടിപ്പുറത്താക്കി.

അലച്ചിൽ

തിരുത്തുക

തുടർന്ന് പലയിടങ്ങളിലും അലഞ്ഞുനടന്ന കാൻഡീഡ് ബൾഗേറിയൻ സൈന്യത്തിൽ ആളെ ചേർക്കുന്നവരുടെ പിടിയിൽ പെട്ടു. സൈന്യത്തിൽ അടിമപ്പണി ചെയ്തും മർദ്ദനമേറ്റും മടുത്ത അയാൾ ഒടുവിൽ രക്ഷപെട്ടോടി ഹോളണ്ടിലെത്തി. അവിടെ അയാളെ 'ആനബാപ്റ്റിസ്റ്റ്' എന്ന ക്രിസ്തീയവിമതന്മാരിൽ പെട്ട ഒരാൾ സഹായിച്ചു. അതിനിടെ കാൻഡീഡ് തന്റെ ഗുരു പാൻഗ്ലോസിനെ കണ്ടുമുട്ടി. രതിജന്യരോഗം ബാധിച്ച് ആകെ വിരൂപാവസ്ഥയിലായിരുന്നു അപ്പോൾ ഗുരു. പ്രഭ്വിയുടെ വേലക്കാരി പകർന്നതായിരുന്നു അയാളുടെ രോഗം. അവൾക്കത്, ക്രിസ്റ്റഫർ കൊളംബസിന്റെ ഒരു സഹയാത്രികനിൽ നിന്ന് ഒരു ഈശോസഭക്കാരൻ, ഒരു രാജകിങ്കരൻ, പ്രഭുകന്യക, കുതിരപ്പടത്തലവൻ, വൃദ്ധപ്രഭ്വി എന്നിവർ വഴി ഒരു ഫ്രാൻസികൻ സന്യാസിയിലൂടെ കിട്ടിയതായിരുന്നു.[4] കാൻഡീഡിന്റെ സുഹൃത്ത് ആനബാപ്റ്റിസ്റ്റിന്റെ ചെലവിൽ നടന്ന ചികിത്സയിൽ പാൻഗ്ലോസിന്റെ അസുഖം മാറി. ഒരു കണ്ണും, കാതും, മൂക്കിന്റെ അഗ്രവും മാത്രം അയാൾക്കു നഷ്ടപ്പെട്ടു.

പ്രഭുഹർമ്മ്യം ആക്രമിച്ചു നിലംപരിശാക്കിയ ബൾഗേറിയൻ സൈന്യം, കാൻഡീഡിന്റെ പ്രേമഭാജനമായ ക്യൂനഗോണ്ടിനെ മാനഭംഗപ്പെടുത്തി കൊന്നെന്ന വാർത്തയും പാൻഗ്ലോസ് കൊണ്ടുവന്നിരുന്നു.

 
പോർച്ചുഗലിലെ ലിസ്ബണിൽ 1755 നവംബർ 1-നുണ്ടായ ഭൂകമ്പവും സുനാമിയും വരുത്തിയ നാശനഷ്ടങ്ങളുടെ ഒരു സമകാലികചിത്രം

അതിനിടെ കച്ചവട സംബന്ധമായി പോർച്ചുഗലിലെ ലിസ്ബണിലേക്കു പോകേണ്ടിവന്ന ആനബാപ്റ്റിസ്റ്റ്, 'ദാർശനികന്മാരായ' പാൻഗ്ലോസിനേയും കാൻഡീഡിനേയും കൂടെ കൊണ്ടു പോയി. യാത്രയ്ക്കിടെ കപ്പൽ കൊടുങ്കാറ്റിൽ പെട്ടപ്പോൾ, കടലിൽ വീഴുമെന്നായ ഒരു നാവികനെ രക്ഷിക്കുന്നതിനിടയിൽ ആനബാപ്റ്റിസ്റ്റ് കടലിൽ വീണു മരിച്ചു. തുടർന്ന് ലിസ്ബണടുത്തു വച്ചുണ്ടായ കപ്പൽച്ചേതത്തിൽ കാൻഡീഡും പാൻഗ്ലോസും എങ്ങനെയോ രക്ഷപെട്ടു കരപറ്റി നഗരത്തിലെത്തി. അവർ എത്തിയ ഉടനേ തന്നെ ലിസ്ബണിൽ വലിയ ഭൂകമ്പമുണ്ടായി. അതിൽ പരിക്കുകളോടെ രക്ഷപെട്ട അവർ രക്ഷാപ്രവർത്തനങ്ങളിൽ സഹകരിച്ചു. അതിനിടെ ഭൂകമ്പത്തിൽ പ്രകടമായ ദൈവകോപം ശമിപ്പിക്കാനായി നഗരത്തിൽ ഒരു 'വിശ്വാസപ്രകടനം' (Auto-da-fe) സംഘടിപ്പിക്കാൻ മതദ്രോഹവിചാരകർ (ഇൻക്വിസിഷൻ) തീരുമാനിച്ചിരുന്നു. വേദവിപരീതരുടെ അനുഷ്ഠാനപരമായ പരസ്യശിക്ഷ, വിശ്വാസപ്രകടനത്തിന്റെ മുഖ്യഭാഗമാണ്. പാൻഗ്ലോസുമായി ചർച്ചയിലേർപ്പെട്ട മതവിചാരകരുടെ ചാരന്മാർ വേദവിരോധം കണ്ടെത്തി അയാളേയും കാൻഡീഡിനേയും പിടികൂടി. പാൻഗ്ലോസിനെ തൂക്കിക്കൊന്നു. എന്നാൽ, രംഗത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഒരു വൃദ്ധ കാൻഡീഡിനെ രക്ഷപെടുത്തി കൂട്ടിക്കൊണ്ടുപോയി.

വൃദ്ധ അയാളെ കൊണ്ടുപോയത് ക്യൂനിഗോണ്ടിന്റെ അടുത്തേക്കായിരുന്നു. അവൾ ജീവിച്ചിരിക്കുന്നുവെന്ന അറിവ് അയാൾക്ക് അത്ഭുതമായി. അയാളെ തിരിച്ചറിഞ്ഞ്, രക്ഷപെടുത്താൽ വൃദ്ധയെ അയച്ചത് അവളായിരുന്നു. ബൾഗേറിയാക്കാർ അവളെ മാനഭംഗപ്പെടുത്തിയ ശേഷം ഒരു യഹൂദനു വിൽക്കുകയാണ് ചെയ്തിരുന്നത്. യഹൂദൻ അവളുമായി ലിസ്ബണിലെത്തി. അവിടെ അവളെ കണ്ടു ഭ്രമിച്ച മുഖ്യമതദ്രോഹവിചാരകനുമായി അവളെ പങ്കുവയ്ക്കാൻ അയാൾക്കു സമ്മതിക്കെണ്ടി വന്നു. അതിനാൽ യഹൂദന്റേയും വിചാരകന്റേയും സംയുക്ത ഉടമസ്ഥതയിൽ ആയിരുന്നു ക്യൂനഗോണ്ട് അപ്പോൾ. സാബത്തു ദിവസം ഉൾപ്പെടെ ആഴ്ചയിൽ മൂന്നു ദിവസം അവൾ യഹൂദന്റേയും മറ്റുദിവസങ്ങളിൽ വിചാരകന്റേതും ആയി. യുദ്ധത്തിനിടെ അക്രമവും അടിമത്തവും മാനഭംഗവും അനുഭവിച്ചവളായിരുന്നു വൃദ്ധയും. അസോർ നഗരത്തിന്റെ ഉപരോധത്തിൽ തുർക്കികൾക്കിടയിൽ പെട്ട അവൾ അവരുടെ ഭക്ഷണമാകാതെ കഷ്ടിച്ചു രക്ഷപെട്ടതാണ്. ഭക്ഷണം ഇല്ലാതായപ്പോൾ തുർക്കികൾ, പിടിയിലായ സ്ത്രീകളുടെ ഓരോ പൃഷ്ഠം വീതം മുറിച്ച് തിന്നു. താമസിയാതെ ഉപരോധം അവസാനിച്ചതു കൊണ്ടു മാത്രം ജീവനോടെയിരിക്കുന്ന അവൾ, ഒന്നിനെക്കുറിച്ചും പരാതിപ്പെടാതെ, ഇരുപൃഷ്ഠങ്ങളിൽ ഇരിക്കാനാകുന്നതിൽ സന്തോഷിക്കാൻ കാൻഡീഡിനേയും ക്യൂനിഗോണ്ടിനേയും ഉപദേശിച്ചു.

തെക്കേ അമേരിക്കയിൽ

തിരുത്തുക
 
കാൻഡീഡ്, 1762-ലെ ഒരു ഇംഗ്ലീഷ് പരിഭാഷ ഒന്നാം അദ്ധ്യായത്തിന്റെ തുടക്കം

ക്യൂനഗോണ്ടിനെ അടിമത്തത്തിൽ നിന്നു രക്ഷിക്കാൻ കാൻഡീഡ് അവളുടെ ചൂഷകന്മാർ ഇരുവരേയും കൊന്നശേഷം അവളേയും വൃദ്ധയേയും കൂട്ടി തെക്കേ അമേരിക്കയിലേക്കു പലായനം ചെയ്യുന്നു. അവർ ബ്യൂണസ് അയേഴ്സിൽ എത്തിയപ്പോൾ അവിടത്തെ പ്രവിശ്യാധികാരി ക്യൂനഗോണ്ടിനെ പിടിച്ചെടുത്തശേഷം കാൻഡീഡിനെ പുറത്താക്കുന്നു. തുടർന്ന് അയാൾ, കക്കാമ്പോ എന്ന വിശ്വസ്തനോടോപ്പം പരാഗ്വേയിലെ ഒരു ഈശോസഭാ കോളനിയിൽ എത്തുന്നു. അവിടത്തെ അധികാരി ക്യൂനഗോണ്ടിന്റെ സഹോദരനായിരുന്നു. ബൾഗേറിയാക്കാർ അയാലെ കൊന്നു എന്നാണ് നേരത്തെ എല്ലാവരും കരുതിയിരുന്നത്. സഹോദരി ജീവിച്ചിരിക്കുന്നു എന്നറിഞ്ഞ അധികാരി, അവളോടുള്ള കാൻഡീഡിന്റ് പ്രേമത്തെ എതിർക്കുന്നു. അയാൾക്ക് കുടുംബമഹിമ പോരെന്നായിരുന്നു അയാളുടെ കാരണം. കാൻഡീഡ് അയാളെ കുത്തിക്കൊല്ലുന്നു.

തുടർന്നുള്ള അലച്ചിലിൽ കാൻഡീഡും സേവകൻ കക്കാമ്പോയും പെറു സമതലത്തിൽ "എൽ-ദൊരാദോ" എന്ന സന്തുഷ്ടലോകത്ത് എത്തിച്ചേരുന്നു. ഒന്നിനും കുറവില്ലാത്ത ഒരു നാടായിരുന്നു അത്. പൊന്നും രത്നങ്ങളും ഭക്ഷണവും എല്ലാം അവിടെ സമൃദ്ധമായുണ്ടായിരുന്നു. അവയ്ക്ക് ആരും വിലകല്പിച്ചിരുന്നില്ല. അക്രമമോ അനീതിയോ അവിടെ ഉണ്ടായിരുന്നില്ല. ദൈവത്തോട് ഒന്നും ആവശ്യപ്പെടതെ നന്ദി പറയുക മാത്രം ചെയ്യുന്നതായിരുന്നു അവിടത്തെ മതം. കാൻഡീഡിന് ആ സ്ഥലം ഇഷ്ടപ്പെട്ടെങ്കിലും, ക്യൂനഗോണ്ടിനെ കണ്ടെത്തേണ്ടിയിരുന്നതിനാൽ അയാൾ അവിടം വിട്ടുപോകുന്നു. എങ്കിലും ആ സമ്പദ്ഭൂമിയിൽ നിന്ന് ഒരു രത്നശേഖരം അയാൾ കൂടെ കൊണ്ടുപോന്നു. ക്യൂനഗോണ്ട് ഇറ്റലിയിലെ വെനീസിലുണ്ടെന്നറിഞ്ഞ കാൻഡീഡ് ഇറ്റലിയിലെക്കു കപ്പൽ കയറി.

സമാപ്തി, സന്ദേശം

തിരുത്തുക

ഇടയ്ക്കു കിട്ടിയ കണ്ടെത്തിയ മാർട്ടിൻ എന്ന സുഹൃത്തിനൊപ്പം കാൻഡീഡ് ഇറ്റലിയിലെത്തി. പിന്നീട് അവർക്കൊപ്പം എത്തിയ കരക്കാമ്പോ, ക്യൂനഗോണ്ടും വൃദ്ധയും കോൺസ്റ്റാന്റിനോപ്പിളിൽ അടിമത്തത്തിൽ ആണെന്നറിയിച്ചു. അതോടെ കോൺസ്റ്റാന്റിനോപ്പിളിൽ എത്തിയ കാൻഡീഡ് അവരുടെ മോചനം സമ്പാദിക്കുന്നു. മതദ്രോഹവിചാരകർ കൊന്നുവെന്നു കരുതിയിരുന്ന തന്റെ ഗുരു ഡോക്ടർ പാംഗ്ലോസും, തന്റെ കുത്തേറ്റു മരിച്ചുവെന്നു കരുതിയിരുന്ന ക്യൂനഗോണ്ടിന്റെ സഹോദരനും അപ്പോഴും ജീവിച്ചിരിക്കുന്നെന്നും അവർ കപ്പലിൽ 'അടിമത്തുഴക്കാർ' (Galley slaves) ആയിരിക്കുന്നെന്നും അപ്പോൾ കാൻഡീഡ് അറിഞ്ഞു. തൂക്കിക്കൊലക്കു വിധിക്കപ്പെട്ടെങ്കിലും, ചുട്ടുകൊന്നു മാത്രം ശീലിച്ചിരുന്ന മതദ്രോഹക്കോടതിയിലെ ആരാച്ചാർക്ക് തൂക്കിക്കൊലയിലുണ്ടായിരുന്ന പരിചയക്കുറവുമൂലം കൊലക്കുരുക്കു ശരിയാകാതെ വന്നതിനാലാണത്രെ പാൻഗ്ലോസ് രക്ഷപെട്ടത്. തുടർന്ന് പാൻഗ്ലോസിന്റേയും ക്യൂനഗോണ്ടിന്റെ സഹോദരന്തേയും മോചനവും കാൻഡീഡ് സമ്പാദിച്ചു. ക്യൂനഗോണ്ട് ആപ്പോൾ അതിവിരൂപ ആയിരുന്നു. എങ്കിലും കാൻഡീഡ് അവളെ വിവാഹം ചെയ്തു.

എൽ-ഡൊരാദോയിൽ നിന്നു കൊണ്ടുപോന്ന ധനത്തിൽ വലിയൊരു പങ്ക് കാൻഡീഡിനു നഷ്ടപ്പെട്ടിരുന്നു. മിച്ചമുണ്ടായിരുന്ന അല്പം ധനം കൊണ്ട് ഒരു കൃഷിയിടം വാങ്ങി അദ്ധ്വാനത്തിൽ മുഴുകി കാൻഡീഡും, ക്യൂനഗോണ്ടും, പാൻഗ്ലോസും, വൃദ്ധയും, മാർട്ടിനും, കരക്കാമ്പോയും എല്ലാം അവിടെ കഴിയുമ്പോൾ കഥ സമാപിക്കുന്നു. പൊള്ളയായ തത്ത്വചിന്ത വെടിഞ്ഞ്, അവനവന്റെ കൃഷിയിടം ശ്രദ്ധിക്കുകയാണ് എല്ലാവർക്കും ചെയ്യാവുന്നതെന്നാണ് അന്തിമസന്ദേശം.

  1. 1.0 1.1 വിൽ, ഏരിയൽ ഡുറാന്റുമാർ, "വോൾട്ടയറുടെ യുഗം, സംസ്കാരത്തിന്റെ കഥ (ഒൻപതാം ഭാഗം - പുറങ്ങൾ 724-26)
  2. In our time, BBC Radio 4, Voltaire's Candide
  3. പെൻഗ്വിൻ പോപ്പുലർ ക്ലാസ്സിക്സ് പരമ്പരയുടെ ഭാഗമായി പ്രസിദ്ധീകരിച്ച വോൾട്ടയറുടെ കാൻഡീഡ് ഇംഗ്ലീഷ് പരിഭാഷയുടെ ആമുഖക്കുറിപ്പ് "Candide is undoubtedly Voltaire's masterpiece"
  4. കാൻഡീഡ്, അദ്ധ്യായം 4

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാൻഡീഡ്&oldid=2281697" എന്ന താളിൽനിന്ന് ശേഖരിച്ചത്