ഏകദേശം പതിനേഴാം നൂറ്റാണ്ടിൻറെ അവസാനത്തോടെ പാരമ്പര്യവിശ്വാസങ്ങളെ അവഗണിച്ച് യുക്തിക്കും വ്യക്തിസ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു സാംസ്കാരിക മുന്നേറ്റം യൂറോപ്പിൽ രൂപപ്പെട്ട കാലമാണ് ജ്ഞാനോദയകാലം (Age of Enlightenment).[1] സമൂഹത്തെ യുക്തി പ്രയോഗിച്ച് പരിഷ്കരിക്കുക, മതവിശ്വാസത്തിലും പാരമ്പര്യത്തിലും മാത്രം അധിഷ്ടിതമായ ആശയങ്ങളെ ചോദ്യം ചെയ്യുക, ശാസ്ത്രരീതിയിലൂടെ വൈജ്ഞാനിക മുന്നേറ്റം നടത്തുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. ഈ കാലത്തെ യുക്തിചിന്തയുടെ കാലം (Age of Reason) എന്നും വിളിക്കുന്നു.[2] അത് വരെ ചോദ്യം ചെയ്യപ്പെടാത്ത അന്ധവിശ്വാസങ്ങളും അസഹിഷ്ണുതയും ഇക്കാലത്ത് എതിർക്കപ്പെട്ടു. കത്തോലിക്കാസഭയായിരുന്നു ഒരു പ്രമുഖഇര. ചില ജ്ഞാനോദയ ചിന്തകർ തങ്ങളുടെ ആശയങ്ങൾ നടപ്പിൽ വരുത്താൻ തയാറുള്ള രാജാധികാരത്തെ കൂട്ടുപിടിച്ചു. പാശ്ചാത്യ സംസ്കാരത്തിൻറെയും രാഷ്ട്രീയത്തിൻറെയും ഭരണസംവിധാനങ്ങളുടെയും മേൽ ശക്തവും സ്ഥായിയുമായ സ്വാധീനമാണ് ജ്ഞാനോദയകാല ആശയങ്ങൾക്ക് ഉണ്ടായിട്ടുള്ളത്.

1650-1700 കാലത്ത് ജ്ഞാനോദയ കാലം ആരംഭിച്ചതായി കണക്കാക്കുന്നു. ബറൂക്ക് സ്പിനോസ, ജോൺ ലോക്ക്, പിയേർ ബേൽ (Pierre Bayle), വോൾട്ടെയർ, ഐസക് ന്യൂട്ടൺ തുടങ്ങിയവരായിരുന്നു ജ്ഞാനോദയകാലത്തിന് തുടക്കം നൽകിയത്.[3] ശാസ്ത്രവിപ്ലവം (the Scientific Revolution) ജ്ഞാനോദയ കാലവുമായി ശക്തമായി ബന്ധപ്പെട്ടതാണ്, കാരണം അത് പല പാരമ്പര്യ വീക്ഷണങ്ങളും അട്ടിമറിക്കപ്പെടാനും പ്രകൃതിയെപ്പറ്റിയും അതിലെ മനുഷ്യൻറെ സ്ഥാനത്തെപ്പറ്റിയും പുതിയ വീക്ഷണങ്ങൾ ഉണ്ടാകാനും ഇടയാക്കി. 19-ാം നൂറ്റാണ്ടോടെ കാല്പനികതയ്ക്ക് പ്രാമുഖ്യം ലഭിക്കുകയും ഹേതുവാദത്തിന് (യുക്തിവാദം) ബൌദ്ധികമണ്ഡലത്തിൽ സ്വാധീനം കുറയുകയും ചെയ്തതോടെ ജ്ഞാനോദയകാലത്തിന് തിരിച്ചടി നേരിട്ടു. [4]

അവലംബംതിരുത്തുക

  1. "enlightenment". Oxford Dictionaries. Oxford University Press, n.d. Web. 19 September 2013.
  2. http://history-world.org/age_of_enlightenment.htm
  3. Sootin, Harry. "Isaac Newton." New York, Messner(1955).
  4. http://score.rims.k12.ca.us/score_lessons/growth_of_democratic/


"https://ml.wikipedia.org/w/index.php?title=ജ്ഞാനോദയകാലം&oldid=1930536" എന്ന താളിൽനിന്ന് ശേഖരിച്ചത്