സൗദി അറേബ്യയുടെ ഭരണാധികാരികൾ

രാജവംശം

1932-ൽ സൗദി അറേബ്യ രൂപം കൊണ്ടതുമുതൽ ഇന്നുവരെ ആറ് രാജാക്കന്മാർ ഭരണത്തിലിരുന്നിട്ടുണ്ട്. ഇബ്ൻ സൗദ് എന്നും അറിയപ്പെടുന്ന അബ്ദുൽ അസീസ് ആണ് ആദ്യത്തെ രാജാവ്. 2005-ൽ അധികാരത്തിൽവന്ന അബ്ദുള്ള രാജാവാണ് നിലവിലെ ഭരണാധികാരി. ഇബ്നു സൗദിന് ശേഷമുള്ള അഞ്ചു ഭരണാധികാരികളും അദ്ദേഹത്തിന്റെ മക്കളാണ്. ഉപപ്രധാനമന്ത്രിയും കിരീടാവകാശിയും സൽമാൻ ബിൻ അബ്ദുൽ അസീസ്‌ രാജകുമാരനാണ്.

അബ്ദുൽ അസീസ് അൽ സൗദ് (1926-1953)തിരുത്തുക

പ്രധാന ലേഖനം: ഇബ്ൻ സൗദ്
അബ്ദുൽ അസീസ് രാജാവ്‌

സൗദി അറേബ്യയുടെ സ്ഥാപകൻ ആയി അറിയപ്പെടുന്ന അബ്‌ദുൽ അസീസ്‌ രാജാവ്‌ ആണ് അറേബ്യൻ ഉപദ്വീപിലെ നജ്ദും ഹിജാസും അടക്കമുള്ള വിവിധ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത്‌ 1932 സെപ്റ്റംബർ 23ന്‌ ആധുനിക സൗദി അറേബ്യ രൂപീകരിച്ചത്. ഈജിപ്തിലെ ഓട്ടോമൻ സാമ്രാജ്യത്തിനും അവിടത്തെ തന്നെ ബദവീ ഗോത്രനേതാക്കൾക്കും എതിരെ പൊരുതി നേടിയ വിജയങ്ങളാണ് അബ്ദുൽ അസീസ് അൽ സൗദിനെ ഈ രാജ്യത്തിന്റെ ഭരണാധികാരിയും രാജാവുമാക്കിയത്. അൽ റഷീദ് കുടുംബത്തിൽനിന്ന് 1902ൽ റിയാദ് മേഖല പിടിച്ചെടുത്തുകൊണ്ടായിരുന്നു ഇതിനുള്ള തുടക്കം. അൽഅഷ, അൽഖ്വതീഫ്, നജദ്, ഹിജാസ് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് 1913നും 1923നും ഇടക്ക് പുതിയ സാമ്രാജ്യം പടുത്തുയർത്തി.

1926ൽ നജദിലെ രാജാവായി അബ്ദുൽ അസീസ് അൽ സൗദ് പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ ഹിജാസിലെ ഭരണാധികാരം കൂടി സൗദിന്റെ കൈകളിലെത്തി. 1927 മെയ് 20നു ജിദ്ദയിൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932ൽ ഇന്നത്തെ സൗദി അറേബ്യ പിറന്നു. 1953 ൽ മരണം വരെ അദ്ദേഹം രാജാവായി തുടർന്നു. സൗദി അറേബ്യയുടെ രാഷ്ട്ര പിതാവ് കൂടി ആണ് അബ്ദുൽ അസീസ് രാജാവ്[1].

സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌ (1953-1964)തിരുത്തുക

സൗദ്‌ രാജാവ്‌

അബ്ദുൽ അസീസ്‌ രാജാവിന്റെ മരണ ശേഷം രാജാവായി അധികാരത്തിൽ വന്നത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ്‌ ബിൻ അബ്ദുൽ അസീസ്‌ (ജനനം-1902, മരണം-1969) ആണ്.1953 മുതൽ 1964 വരെ പതിനൊന്നു വർഷം സൗദ്‌ രാജാവ് സൗദി അറേബ്യയിൽ അധികാരത്തിലിരുന്നു. തന്റെ അർദ്ധസഹോദരനായിരുന്ന ഫൈസൽ രാജകുമാരനുമായി രാജാധികാരത്തെ ചൊല്ലി നിരന്തരം ശത്രുത നിലനിന്നിരുന്നു. സൗദ് തന്റെ ഭരണകാലത്ത് ഭരണ തലത്തിൽ ധാരാളം പുരോഗതികൾ വരുത്തിയിട്ടുണ്ട്. റിയാദിലുള്ള കിംഗ്‌ സൗദ്‌ സർവകാലശാല അദ്ദേഹത്തിന്റെ കാലത്ത് 1957-ൽ തുടങ്ങിയതാണ്‌ [2].


അന്താരാഷ്ട്ര തലത്തിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് 1957-ൽ അമേരിക്കയിലേക്ക് ആദ്യമായി സന്ദർശനം നടത്തിയ സൗദി അറേബ്യയിലെ രാജാവാണ് സൗദ്‌ . 1962-ൽ സൗദ്‌ രാജാവ്‌ ആദ്യമായി അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളനം നടത്തി. 1962ൽ നടന്ന അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളനത്തിൽ വെച്ചാണ് മക്ക ആസ്ഥാനമായി മുസ്ലിം വേൾഡ് ലീഗ് എന്ന സംഘടനക്ക് രൂപം നൽകിയത്. ഇപ്പോൾ ലോകത്തെങ്ങുമുള്ള മുസ്ലിംകളെ പ്രതിനിധാനം ചെയ്യുന്ന ഒരു സ്വതന്ത്ര അന്തർദേശീയ പ്രസ്ഥാനമാണ് റാബിത്വത്തുൽ ആലമിൽ ഇസ്ലാമി (മുസ്ലിം വേൾഡ് ലീഗ്). 1969-ൽ സൗദ്‌ രാജാവ്‌ മരണപ്പെട്ടു. തുടർന്ന് മക്കയിലെ മസ്ജിദുൽ ഹറമിൽ വെച്ച് നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം മൃതദേഹം റിയാദിലെ ഊദ് ഖബർസ്ഥാനിൽ മറവുചെയ്തു. രാഷ്ട്ര പിതാവ് അബ്ദുൽ അസീസ് രാജാവ്, സൗദ്‌ രാജാവിന്റെ സഹോദരങ്ങളായ ഫൈസൽ രാജാവ്, ഖാലിദ് രാജാവ് എന്നിവരെയും ഇവിടെതന്നെയാണ് മറവ് ചെയ്തിട്ടുള്ളത്. അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള ഈ ഖബറിസ്ഥാനിൽ തന്നെയാണ് സൗദി രാജ കുടുംബാംഗങ്ങളെ മറവു ചെയ്യാറുള്ളത്[3].

ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ (1964-1975)തിരുത്തുക

ഫൈസൽ രാജാവ്‌ അമേരിക്കൻ പ്രസിഡണ്ട്‌ ആയിരുന്ന റിച്ചാർഡ് നിക്സൺ, ഭാര്യ എന്നിവരോടൊപ്പം

1964 മുതൽ 1975 വരെ ആധുനിക സൗദി അറേബ്യയുടെ ഭരണം ഫൈസൽ രാജാവിന്റെ കീഴിലായിരുന്നു. സൗദ് രാജാവിന് ശേഷം രാജാവായി വന്ന ഇദ്ദേഹത്തിന്റെ പൂർണ നാമം ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ-സൗദ് എന്നാണ്. ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ് സൗദി അറേബ്യയിൽ ആദ്യമായി സാമ്പത്തിക രംഗത്തും വിദേശ നയങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയത്. ഇസ്ലാമുകൾക്കുവേണ്ടിയുള്ള പ്രവർത്തനം, കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഭരണ അജണ്ടകൾ [4] [5]

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ് (ഒ.ഐ.സി)[6] രൂപവത്കരണത്തിന് മുൻകൈയെടുത്തത് ഫൈസൽ രാജാവാണ്. 1971-ൽ നിലവിൽവന്ന ഈ സംഘടനയിൽ 40 രാഷ്ട്രങ്ങൾ അംഗങ്ങളാണ് [7]. ഫൈസൽ രാജാവിന്റെ കാലത്ത് 1960-1970 വർഷങ്ങളിൽ മധ്യ പൗരസ്ഥ ദേശത്തെ മുഴുവൻ കലാപ കലുഷിതമാക്കിക്കൊണ്ട് അറബ്-ഇസ്രയേൽ യുദ്ധം നടന്നു. ഫൈസൽ രാജാവിന്റെ തന്ത്രപരമായ ഇടപെടൽ മൂലം യുദ്ധാനന്തരം എണ്ണ മേഖലയിൽ ഉണ്ടായ വലിയ പ്രതിസന്ധി തരണം ചെയ്യാൻ സാധിച്ചു. അദ്ദേഹത്തിന്റെ ഭരണകാലഘട്ടം സൗദികൾക്ക് പൊതുവേ മതിപ്പുളവാക്കിയ ഒരു സമയം തന്നെയായിരുന്നു [8]. 1975-ലെ ഒരു മാർച്ച്‌ 25-നു് അദ്ദേഹം മരുമകനായ ഫൈസൽ ബിൻ മുസഇദിനാൽ കൊലചെയ്യപ്പെട്ടു.

ഖാലിദ്‌ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ് (1975-1982)തിരുത്തുക

ഖാലിദ്‌ രാജാവ്‌

1975 മുതൽ 1982 വരെ സൗദി അറേബ്യയുടെ ഭരണം ഖാലിദ്‌ ഇബ്ൻ അബ്ദുൽ അസീസ്‌ രാജാവ് ആണ് നിർവഹിച്ചത്. തന്റെ ഭരണ കാലത്ത് രാജ്യത്ത് കായിക, അടിസ്ഥാന സൗകര്യ മേഖലകളിൽ നിരവധി വികസന പ്രവർത്തനങ്ങൾ ഖാലിദ്‌ രാജാവ്‌ നടത്തിയിട്ടുണ്ട്. രാജ്യത്ത് ഏതാണ്ട് എല്ലാ മേഖലകളിലും അഭിവൃദ്ധി നേടിയ കാലമാണ് ഖാലിദ്‌ രാജാവിന്റെ ഭരണ കാലം. പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള ആറ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തര സഹകരണ പ്രസ്ഥാനമായ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) യുടെ സ്ഥാപകനാണ് ഖാലിദ്‌ രാജാവ്‌ [9]. റിയാദ് ആസ്ഥാനമായി 1981 മേയ് 25 നു രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ അംഗരാജ്യങ്ങൾ സൗദി അറേബ്യ, യു.എ.ഇ., ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നിവയാണ്. ലോകത്തിൽ സമാധാനവും സഹകരണവും നടപ്പാക്കാൻ ശ്രമിക്കുന്നവർക്കായി ഐക്യരാഷ്ട്രസഭ നൽകുന്ന സ്വർണ്ണ മെഡലിന് ഖാലിദ് രാജാവ് അർഹനായിട്ടുണ്ട് [10]. 1913-ൽ സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ആണ് ഖാലിദ് രാജാവ് ജനിച്ചത്. 13 ജൂൺ 1982-ന് ഹൃദായാഘാതം മൂലം അദ്ദേഹം അന്തരിച്ചു [11].

ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌ (1982-2005)തിരുത്തുക

ഫഹദ്‌ രാജാവ്‌

ഖാലിദ് രാജാവിന് ശേഷം സൗദി അറേബ്യയുടെ ഭരണാധികാരിയായി 1982 ജൂൺ മാസത്തിലാണ് ഫഹദ് രാജാവ് സിംഹാസനത്തിലെത്തുന്നത്. അതു വരെ കിരീടാവകാശി എന്ന നിലയിൽ സൗദി അറേബ്യയുടെ സാമൂഹിക നവീകരണത്തിന്റെ പ്രതിനിധി ആയിരുന്ന ഫഹ്‌ദ്‌ ഔദ്യോഗികമായി രാജാവായി. തുടർന്നു 1956-ൽ ഖാദിമുൽ ഹറമൈനി ശരീഫൈനി (ഇരു വിശുദ്ധ ഹറമുകളുടെയും സേവകൻ) എന്ന സ്ഥാനപ്പേര് ഫഹദ് രാജാവ് തന്റെ പേരിനോട് ചേർത്തു. ഇരു വിശുദ്ധ ഹറമുകളുടെയും സേവകൻ എന്ന പേര് സൗദി അറേബ്യയിൽ ഭരണത്തിലിരിക്കുന്ന രാജാക്കാന്മാർ തങ്ങളുടെ പേരിനോട് ചേർത്ത് ഇപ്പോഴും ഉപയോഗിക്കുന്നു. അമേരിക്കൻ ഐക്യനാടുകളുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചത് ഫഹദ് രാജാവിന്റെ കാലത്തായിരുന്നു. ധാരാളം സൈനിക കരാറുകളും മറ്റും ഇക്കാലത്ത് ഒപ്പു വെക്കുകയുണ്ടായി കുവൈത്തിന്റെ മോചനത്തിനായി അമേരിക്കയെയും സഖ്യസേനയെയും വിളിച്ചു വരുത്തിയതും സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനിക ക്യാമ്പ് അനുവദിച്ചതും ഇക്കാലത്താണ്. 90 ദശലക്ഷം അമേരിക്കൻ ഡോളർ മുതൽ വരുന്ന അൽ-യമാമ ആയുധക്കരാർ ഒപ്പു വെച്ചത് ഫഹദ് രാജാവിന്റെ കാലഘട്ടത്തിലാണ് [12]. സ്ക്കൂളുകളും, ആശുപത്രികളും നിർമ്മിക്കാൻ വകവെച്ചിരുന്ന തുക ആയുധങ്ങൾക്കു വേണ്ടി ചിലവഴിച്ചത് ധാരാളം വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

1995-ൽ കടുത്ത ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഫഹദ് രാജാവിന്റെ ആരോഗ്യ നില ഏറെ വഷളായി. അതിനുശേഷം രാജ്യ കാര്യങ്ങളിൽ ഫഹദ് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ന്യുമോണിയ ബാധയെ തുടർന്ന് 2005-ൽ രാജാവിനെ റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്തു[13].

അബ്ദുള്ള ബിൻ അബ്ദുൽ അസീസ്‌ (2005-2015 )തിരുത്തുക

അബ്ദുള്ള രാജാവ്‌

മുൻ ഭരണാധികാരി ഫഹദ് ബിൻ അബ്ദുൽ അസീസിന്റെ നിര്യാണത്തെ തുടർന്ന് 2005-ലാണ് അബ്ദുള്ള രാജാവ് സ്ഥാനമേറ്റത്. അതിനു മുമ്പ് 1995-ൽ ശാരീരികമായി ക്ഷീണിച്ച ഫഹദ് രാജാവിനുവേണ്ടി അന്ന് കിരീടാവകാശിയായിരുന്ന അബ്ദുള്ള രാജകുമാരനാണ് രാജ്യം ഭരിച്ചത്. സൗഹൃദത്തിനും സഹവർത്തിത്വത്തിനും പ്രാധാന്യം നൽകിയ അബ്ദുള്ള രാജാവ് നിരവധി സന്ധിസംഭാഷണങ്ങൾക്കും സൗഹൃദ സന്ദർശനങ്ങൾക്കും സൗദിക്കകത്തും പുറത്തും വേദി ഒരുക്കുകയുണ്ടായി. ആഗോള സാമ്പത്തിക രംഗം ലോകത്തെല്ലായിടത്തും ആടിയുലയുമ്പോഴും രാജ്യത്തിന്റെ വിവിധ മേഖലകളിൽ തുടക്കംകുറിച്ച ഭീമൻ പദ്ധതികളുടെയും സാമ്പത്തിക നഗരങ്ങളുടേയും നടത്തിപ്പ് തുടരുമെന്ന് പ്രഖ്യാപിച്ച രാജാവ് വിദേശികൾ ഉൾപ്പെടെയുള്ള രാജ്യത്തെ ജോലിക്കാരുടെ തൊഴിൽ ഭദ്രതയും ഉറപ്പവരുത്തുകയും ചെയ്തു. സൗദി കൂടിയാലോചന സമിതിയായ ശൂറാ കൗൺസിലിൽ സ്ത്രീകൾക്ക് അംഗത്വം നൽകാനും മുസ്ലിം കൗൺസിലിൽ അവർക്ക് വോട്ട് ചെയ്യാനും സ്വയം നാമനിർദ്ദേശം ചെയ്യാനുമുള്ള സുപ്രധാന തീരുമാനങ്ങൾ അബ്ദുള്ള രാജാവ് അടുത്ത കാലത്ത് അനുമതി നൽകിയവയാണ് .


അബ്ദുള്ള രാജാവിന്റെ ഭരണം തുടരുമ്പോൾ സമ്പദ്‌സമൃദ്ധമായ പുരോഗതി രാജ്യത്ത് നടക്കുന്നുണ്ട്. പുതിയ കണക്കുകൾ പ്രകാരം അബ്ദുള്ള രാജാവ് അറബ് രാഷ്ട്ര നേതാക്കളിൽ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയാണ്. അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിലെ പ്രിൻസ് അൽ വലീദ് ബിൻ തലാൽ സെൻറർ ഫോർ മുസ്ലിം -ക്രിസ്റ്റ്യൻ അണ്ടർസ്റ്റാൻറിങ്ങുമായി ചേർന്ന് ജോർദാനിലെ റോയൽ സെൻറർ ഫോർ ഇസ്ലാമിക് റിസർച്ച് ആൻറ് സ്റ്റഡീസ് 2011-ലും 2012-ലും നടത്തിയ പഠനത്തിലും അബ്ദുല്ല രാജാവിനെ ജനസ്വാധീനമുള്ള 500 മുസ്ലിം നേതാക്കളിൽ നിന്നും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്തു[14][15]. ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളുടെ പട്ടികയിൽ അബ്ദുള്ള രാജാവിന്റെ പേര് ഏഴാം സ്ഥാനത്താണ് [16].

2015 ജനുവരി 15 ന് അബ്ദുള്ള രാജാവ് അന്തരിച്ചു.

സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദ്തിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. "ദ കിങ്സ് ഓഫ് ദ കിങ്ഡം". വാണിജ്യ വ്യവസായ മന്ത്രാലയം.
 2. കിങ് സൗദ് സർവ്വകലാശാല കിങ് സൗദ് യൂണിവേഴ്സിറ്റി വെബ് വിലാസം
 3. "ഊദ് ഖബർസ്ഥാൻ". beta.mci.gov.sa.
 4. ഫൈസൽ രാജാവിന്റെ ജീവചരിത്രം. എൻസൈക്ലോപീഡിയ ഓഫ് വേൾഡ് ബയോഗ്രഫി. ശേഖരിച്ചത് 16 മാർച്ച് 2007.
 5. "കിങ് ഫൈസൽ ഓയിൽ, വെൽത്ത് ആന്റ് പവർ",ടൈം മാസിക, 7 ഏപ്രിൽ 1975.
 6. ഒ.ഐ.സി ഒ.ഐ.സി ഔദ്യോഗിക വെബ് വിലാസം
 7. ഒ.ഐ.സി അംഗരാജ്യങ്ങൾ ഒ.ഐ.സി ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും
 8. ഹെർതോഗ് സ്റ്റെഫാൻ: പ്രിൻസ്, ബ്രോക്കേഴ്സ് ആന്റ് ബ്യൂറോക്രാറ്റ്സ്: ഓയിൽ ആന്റ് ദ സ്റ്റേറ്റ് ഇൻ സൗദി അറേബ്യ. ഇതാക്കാ: കോണൽ, 2010. പ്രിന്റ്.
 9. ഗൾഫ് സഹകരണ കൗൺസിൽ ജി.സി.സി ഔദ്യോഗിക വെബ് വിലാസം]
 10. അലി ഖാൻ, മുഹമ്മദ് അസ്ഹർ (28 ജനുവരി 1981). "കിങ് ഖാലിദ് സ്റ്റാർട്ട്സ് അറ്റ് സമ്മിറ്റ്". ഒട്ടാവാ സിറ്റിസൺ. ശേഖരിച്ചത് 3 ഓഗസ്റ്റ് 2012.
 11. "ഖാലിദ് രാജാവ് അന്തരിച്ചു". ഹെറാൾഡ് ജേണൽ. 14 ജൂൺ 1982. ശേഖരിച്ചത് 28 ജൂലൈ 2012.
 12. ടെയ്ലർ, മൈക്കിൾ (2001). ഫ്ലൈറ്റ് ഇന്റർനാഷണൽ (3 ed.). യുണൈറ്റഡ് കിങ്ഡം: റീഡ് ബിസിനസ്സ് ഇൻഫോർമേഷൻ. pp. 189–190. ISBN 0-617-01289-X. |access-date= requires |url= (help)
 13. "ഫഹദ്‌ രാജാവിന്റെ മരണം". ടൈം.കോം. ശേഖരിച്ചത് 2005-08-01.
 14. ചൗധരി, സൊഹൈൽ (9 ജൂൺ 2012). "ദ ഫിലാന്ത്രോപ്പിസ്റ്റ്, സൗദി കിങ്". ബ്ലിറ്റ്സ്. ശേഖരിച്ചത് 9 ജൂൺ 2012.
 15. "ദ മുസ്ലീംസ് 500: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീംവംശജർ". ശേഖരിച്ചത് 9 ഫെബ്രുവരി 2012.
 16. "സൗദി കിങ് അബ്ദുള്ള മോസ്റ്റ് സക്സസ്സഫുൾ ഫിഗർ". അൽ അറബിയ. 7 ഡിസംബർ 2012. ശേഖരിച്ചത് 8 ഡിസംബർ 2012.