ഇസ്രയേലും മധ്യപൂർവ ദേശത്തെ അറബ് രാജ്യങ്ങളും തമ്മിലുള്ള വിവിധ സംഘർഷങ്ങളെ പൊതുവായി പരാമർശിക്കുന്ന ലേഖനമാണിത്. മധ്യപൂർവ ദേശത്തെ യഹൂദ രാഷ്ടമായ ഇസ്രയേലും അതിനു ചുറ്റുമുള്ള അറബ് രാജ്യങ്ങളുമാണ് ഈ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുക്കൾ. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്കങ്ങൾ യഹൂദർക്കുമാത്രമായി ഇസ്രയേൽ എന്ന രാജ്യം രൂപവത്കരിച്ചതോടെ ശക്തിപ്പെടുകയായിരുന്നു. ഇതിനുശേഷം ഒന്നിലേറെ അറബ് രാജ്യങ്ങളും ഇസ്രയേലുമായി ചെറുതും വലുതുമായ ഏറ്റുമുട്ടലുകൾ അരങ്ങേറി.

അറബി-ഇസ്രയേൽ യുദ്ധങ്ങൾ

  Arab League
  Have been at war with Israel
  Israel
  Gaza Strip and West Bank
തിയതി1948–present
സ്ഥലംMiddle East/North Africa
ഫലംOngoing
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 ഇസ്രയേൽ Arab League
പടനായകരും മറ്റു നേതാക്കളും
ഇസ്രയേൽ ഡേവിഡ് ബെൻ-ഗുരിയൻ
ഇസ്രയേൽ Chaim Weizmann
ഇസ്രയേൽ Yigael Yadin
ഇസ്രയേൽ Yaakov Dori
ഇസ്രയേൽ David Shaltiel
ഇസ്രയേൽ Isser Be'eri
ഇസ്രയേൽ മോഷെ ദയാൻ
ഇസ്രയേൽ Yisrael Galili
ഇസ്രയേൽ Yigal Allon
ഇസ്രയേൽ Shimon Avidan
ഇസ്രയേൽ Yitzhak Pundak
ഇസ്രയേൽ Yisrael Amir
Jordan John Bagot Glubb
Jordan Norman Lash
Jordan Habis al-Majali
Abd al-Qadir al-Husayni 
Hasan Salama 
Arab League Fawzi Al-Qawuqji
ഈജിപ്റ്റ് Ahmed Ali al-Mwawi
Haj Amin Al-Husseini
ഈജിപ്റ്റ് King Farouk I
ഈജിപ്റ്റ് Ahmad Ali al-Mwawi
ഈജിപ്റ്റ് Muhammad Naguib
Arab League Abdul Rahman Hassan Azzam
നാശനഷ്ടങ്ങൾ
74,000 military deaths, 18,000 civilian deaths (1945–1995)

1948 മേയ് 14-ന് ഇസ്രയേൽ എന്ന ആധുനിക യഹൂദരാഷ്ട്രം ഉടലെടുത്തതിനെത്തുടർന്ന് അത് ഒരുവശത്തും പ്രാന്തവർത്തികളായ അറബിരാഷ്ട്രങ്ങൾ മറുവശത്തുമായി നടത്തിയിട്ടുള്ള യുദ്ധങ്ങളാണ് അറബി-ഇസ്രയേൽ യുദ്ധങ്ങൾ.

ഇസ്ലാമിക സംസ്ക്കാരവും പാശ്ചാത്യ സംസ്ക്കാരവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് അറബ് - ഇസ്രയേൽ സംഘർഷങ്ങളുടെ കാതൽ എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ സംസ്ക്കാരങ്ങളുടെ പൊരുത്തമില്ലായ്മകളേക്കാൾ മതാടിസ്ഥാനത്തിലുള്ള ഭൂമിശാസ്ത്ര വിഭജനങ്ങളാണ് യഥാർത്ഥ കാരണമെന്നു വിശ്വസിക്കുന്നവരാണധികവും.

പശ്ചാത്തലം തിരുത്തുക

ഇസ്രയേല്യർ ഈജിപ്തിൽനിന്നു പുറപ്പെട്ട് കനാൻ പ്രദേശത്തെ കൈയടക്കിയത് ബി.സി. 12-ആം നൂറ്റാണ്ടിലാണ് തദ്ദേശവാസികളായ കനാന്യരെയും ഗിബിയോന്യരെയും ഫെലിസ്ത്യരെയും അവർ കീഴടക്കിയെങ്കിലും ഫെലിസ്ത്യർ മെഡിറ്ററേനിയൻ തീരഭൂമികളിൽ തുടർന്നു ജീവിച്ചുവന്നു. പലസ്തീനിലെ ബാക്കി പ്രദേശങ്ങൾ മുഴുവനും യഹൂദന്മാർ കൈയടക്കുകയും ഇസ്രയേൽ ജനപദം സ്ഥാപിക്കുകയും ചെയ്തു. ബി.സി. 721-ൽ അസീറിയരുടെ ആക്രമണംമൂലം ഇസ്രയേൽ നാമാവശേഷമായി. അവരെ ത്തുടർന്നു ബാബിലോണിയരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും ഈ പ്രദേശം കാലാകാലങ്ങളിൽ കൈവശപ്പെടുത്തി. ബി.സി. 538-ൽ ഒരു പേർഷ്യൻ രാജാവ് യഹൂദന്മാരെ ഇസ്രയേലിലേക്കു തിരിച്ചുവരുവാൻ അനുവദിച്ചു. എ.ഡി. 70-ൽ റോമാക്കാർക്കെതിരായി യഹൂദന്മാർ കലാപം തുടങ്ങിയതുമൂലം ടൈറ്റസ് ചക്രവർത്തി (എ.ഡി. 40-81) ജറുസലേം നശിപ്പിച്ചു.

ക്രൈസ്തവ മുസ്ലീം ആധിപത്യം തിരുത്തുക

എ.ഡി. 4-ഉം, 7-ഉം നൂറ്റാണ്ടുകൾക്കിടയ്ക്ക് പലസ്തീൻ ക്രൈസ്തവ സ്വാധീനത്തിലായി. പിന്നീട് (637) അറബി ആക്രമണത്തെത്തുടർന്ന് അവിടെ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ജനപദം ഉടലെടുത്തു. 1518-ൽ പലസ്തീനെ ആക്രമിച്ച തുർക്കികൾ 1917 വരെ അവിടെ ആധിപത്യം നിലനിർത്തി. ഇവരുടെ ഭരണകാലത്തും ഭാഷയും ആചാരങ്ങളും സംസ്കാരവും എല്ലാം അറബികളുടേതായി തുടർന്നു.

അറബികളുടേയും തുർക്കികളുടേയും ആധിപത്യം തിരുത്തുക

ഇസ്രയേല്യരുടെ ആധിപത്യകാലം ബി.സി. 1050-586 വരെയും മാക്കബിയൻ രാജവംശത്തിന്റേത് ബി.സി. 332-166 വരെയുമായിരുന്നു. അറബികളും തുർക്കികളുംകൂടി 1947-നു മുമ്പ് ഏതാണ്ട് 12 നൂറ്റാണ്ടുകൾ (637-1947) പലസ്തീനിൽ ആധിപത്യം നിലനിർത്തി.[1]

പാലസ്തീനിലെ ന്യൂനപക്ഷങ്ങൾ തിരുത്തുക

മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കുംപുറമേ യഹൂദന്മാരും അർമീനിയരും അസീറിയരും കുർദുകളും പലസ്തീനിലെ ന്യൂനപക്ഷങ്ങളായി തുടർന്നുപോന്നു. യഹൂദന്മാർ സാമുദായികമായി ഒറ്റപ്പെട്ടുനിന്നിരുന്നു. എ.ഡി. 1-ആം നൂറ്റാണ്ടു മുതൽ 20-ആം നൂറ്റാണ്ടുവരെ അവിടെ ഒരു യഹൂദസമുദായം തുടർച്ചയായി നിലനിന്നു എന്നതിനു തെളിവുകൾ കുറവാണ്. 19-ആം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് അവിടെയുള്ള യഹൂദജനസംഖ്യ 8,000-ൽ അധികമായിരുന്നില്ല. 1918-ൽ 56,000 യഹൂദന്മാരാണ് പലസ്തീനിലുണ്ടായിരുന്നത്; അതായത് മൊത്തം ജനസംഖ്യയുടെ 10 ശതമാനം മാത്രം.[2]

അറബികളുടെ സ്വതന്ത്രരാഷ്ട്രം എന്ന ആഗ്രഹം തിരുത്തുക

തുർക്കി ഭരണത്തിൻകീഴിൽ പലസ്തീനിലെ അറബികൾക്ക് പൗരാവകാശങ്ങൾ അനുവദിച്ചിരുന്നു. എങ്കിലും അവർക്കു സ്വതന്ത്രരാഷ്ട്രമായി നിൽക്കാനുള്ള ആഗ്രഹമാണുണ്ടായിരുന്നത്.[3] ഒന്നാം ലോകയുദ്ധകാലത്ത് സഖ്യശക്തികൾ അറബികളുടെ ഈ അഭിലാഷം അറിഞ്ഞു പരിപോഷിപ്പിക്കാൻ ശ്രമിച്ചു. തുർക്കിയെ ക്ഷീണിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായിരുന്നു ഇത്. പലസ്തീൻ അറബികളുടെ സ്വാതന്ത്ര്യത്തെ അംഗീകാരക്കാമെന്ന് ബ്രിട്ടൻ ഉറപ്പു നൽകി. 1915-16 ൽ ജോർദാനിലെ ഹുസൈൻരാജാവും ഹെന്റി മക്മഹോനും തമ്മിലുണ്ടായ കത്തിടപാടുകളിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 1918 ജനുവരിയിൽ ബ്രിട്ടീഷ്‌ ഗവൺമെന്റ് നൽകിയ ഹോഗാർത്ത് സന്ദേശത്തിലും ഈ ഉറപ്പ് ആവർത്തികയുണ്ടായി. 1918 നവംബറിൽ ഉണ്ടായ ആംഗ്ളോ-ഫ്രഞ്ച് പ്രഖ്യാപനത്തിലും പലസ്തീനിലെ അറബികൾക്ക് സ്വാതന്ത്ര്യ നൽകുമെന്ന സൂചനയുണ്ടായിരുന്നു. മേല്പറഞ്ഞവയുടെ അടിസ്ഥാനത്തിൽ അറബികൾ തുർക്കികൾക്കെതിരായി ശിഥിലീകരണപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി സഖ്യശക്തികളുടെ കൈകളെ ശക്തിപ്പെടുത്തുകയുണ്ടായി.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് അറബ് - ഇസ്രയേൽ സംഘർഷങ്ങൾക്കു തുടക്കം കുറിക്കുന്നത്. 1917-ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയോടെ ഈ തർക്കങ്ങൾ രാജ്യാന്തര ശ്രദ്ധയാകർഷിച്ചു തുടങ്ങി. 1880കൾക്കു ശേഷം യുറോപ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള യഹൂദരിൽ ഒരു ഭാഗം അവരുടെ പൂർവിക ദേശമായി കണക്കാക്കപ്പെടുന്ന മധ്യപൂർവ്വ ദേശത്തേക്കു തിരികെ വന്നുകൊണ്ടിരുന്നു. ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നും അറബി ഭൂവുടമകളിൽ നിന്നും ഭൂമി വാങ്ങിയാണ് യഹൂദർ തിരിച്ചുവരവ് തുടങ്ങിയത്. കൈവശമാക്കിയ ഭൂമിയിൽ കൃഷിയിറക്കിയും മറ്റും യഹൂദർ മേഖലയിൽ വാസമുറപ്പിച്ചു. ചുരുങ്ങിയ കാലംകൊണ്ട് പ്രത്യേക യഹൂദ രാഷ്ടമെന്ന വാദവും ഉടലെടുത്തു. 1919ലെ ഫൈസൽ - വീസ്മാൻ ഉടമ്പടിയോടെ ഈ വാദം കൂടുതൽ ബലപ്പെട്ടു. പലസ്തീൻ ഭൂപരിധിക്കുള്ളിൽ യഹൂദജനതയ്ക്കായി ഒരു പ്രത്യേക മേഖല രൂപവത്കരിക്കുക, ഇക്കാര്യത്തിൽ അറബ് - യഹൂദ പരസ്പരണ ധാരണ വളർത്തുക എന്നിവയായിരുന്നു ഫൈസൽ - വീസ്മാൻ ഉടമ്പടിയുടെ കാതൽ.

1919-ൽ പലസ്തീൻ ബ്രീട്ടീഷ് നിയന്ത്രണത്തിലായതോടെ ജൂത അഭയാർത്ഥികൾ അങ്ങോട്ട് ഒഴുകി. ആയിരത്തിലേറെ വർഷങ്ങളായി പലസ്തീൻ മണ്ണിൽ വാസമുറപ്പിച്ചിരുന്ന അറബ് ജനത ഇതിനെ ശക്തമായി എതിർത്തു. 1937 ആയപ്പോഴേക്കും പലസ്തീനിലെ പകുതിയിലധികം ജനസംഖ്യ ജൂതന്മാരുടേതായി. പലസ്തീനെ വിഭജിച്ച് ജൂതന്മാർക്കും അറബികൾക്കുമായി നൽകാനുള്ള ശ്രമം അറബികൾ അംഗീകരിച്ചില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ പീഡനങ്ങളിൽ നിന്നു രക്ഷപ്പെട്ട ജൂതന്മാർകൂടി ഇവിടെയെത്തി. അതോടെ മേഖലയിൽ ജൂതന്മാരുടെയും പാലെസ്റ്റീനികളുടെയും സമാധാന വാസവും ശക്തമായി നിലകൊണ്ടു.

സ്വതന്ത്ര യഹൂദരാജ്യം തിരുത്തുക

ഒന്നാം ലോകയുദ്ധകാലത്തുതന്നെ ഒരു സ്വതന്ത്ര യഹൂദരാജ്യം പലസ്തീനിൽ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സയോണിസ്റ്റുകൾ ബ്രിട്ടന്റെമേൽ സമ്മർദം ചെലുത്തിയിരുന്നു.[4] തിയഡോർ ഹെർസൽ (1860-1904) ആയിരുന്നു ഈ പുതിയ പ്രസ്ഥാനത്തിന്റെ നേതാവ്. ഒരു യഹൂദരാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ യൂറോപ്പിലും റഷ്യയിലും മറ്റു രാജ്യങ്ങളിലുമുള്ള യഹൂദജനത അനുഭവിച്ചിരുന്ന മർദനങ്ങൾക്ക് അറുതിവരുത്തുക എന്നതായിരുന്നു ഹെർസലിന്റെ ഉന്നം. ബ്രിട്ടന് യഹൂദന്മാരുടെ സഹായം ആവശ്യമായിരുന്നതിനാൽ അറബികളുടെ അറിവുകൂടാതെ അവർ പലസ്തീനിൽ യഹൂദന്മാർക്ക് ഒരു മാതൃരാജ്യം വാഗ്ദാനം ചെയ്തു. പലസ്തീൻ ഒരു പ്രശ്നമായി ഉയർന്നത് അന്നു മുതൽക്കാണ്. ബാൽഫൂർ പ്രഖ്യാപനത്തോടെ (1917) പലസ്തീനിൽ സ്വതന്ത്രമായ ഒരു യഹൂദരാജ്യം ലഭിക്കുമെന്ന് ഉറപ്പായി.

ഒന്നാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടീഷധീനതയിലുള്ള മാൻഡേറ്ററി ഗവൺമെന്റ് (mandatory government) ആണ് പലസ്തീനിൽ ഭരണം നടത്തിയത്.[5] അറബികൾക്കും യഹൂദന്മാർക്കും നൽകിയിരുന്ന ഉറപ്പുകൾ വിരുദ്ധ സ്വഭാവത്തോടുകൂടിയതായിരുന്നതുകൊണ്ട് ഇരുവിഭാഗങ്ങളും ഈ ഭരണത്തിനെതിരായിരുന്നു. രാജ്യത്ത് അസമാധാനവും അക്രമപ്രവർത്തനങ്ങളും വർധിച്ചു.

അറബികളെ സമാധാനിപ്പിക്കുവാനായി ബ്രിട്ടൻ 1922-ൽ ഒരു ധവളപത്രം (white paper) പുറപ്പെടുവിച്ചു.[6] പലസ്തീനിൽ ഒരു പൂർണ യഹൂദരാഷ്ട്രം സ്ഥാപിക്കുകയല്ല ഉദ്ദേശ്യമെന്നും അറബികളെ ബഹിഷ്കരിക്കാനോ, അറബിഭാഷയും സംസ്കാരവും നശിപ്പിക്കപ്പെടുവാനോ ഇടവരുത്തുകയില്ലെന്നും അതിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അറബികൾ ഇതുമൂലം തൃപ്തരായില്ല; മറിച്ച് അവരുടെ വിദ്വേഷപ്രവൃത്തികൾ യഹൂദന്മാരെ കൂടുതൽ അസംതൃപ്തരാക്കി.

രണ്ടാം ലോകയുദ്ധത്തോടടുത്ത് പലസ്തീനിൽ സംഘർഷം വർധിച്ചു; സൈന്യബലം ഉപയോഗിച്ച് അറബികളെ അമർച്ച ചെയ്യേണ്ടിവന്നു. സ്ഥിതിഗതികൾ വഷളാവുന്നതു തടയാൻ ലണ്ടനിൽവച്ച് ഒരു ആംഗ്ളോ-അറബി-യഹൂദ സമ്മേളനം വിളിച്ചുകൂട്ടി. അറബികളും യഹൂദന്മാരും ഇതിൽ നിസ്സഹകരിച്ചു. തന്മൂലം 1939-ൽ മറ്റൊരു ധവളപത്രത്തിലൂടെ ബ്രിട്ടൻ ഏകപക്ഷീയമായ ഒരു തീരുമാനം പ്രഖ്യാപനം ചെയ്തു. പലസ്തീൻ ഒരു യഹൂദരാഷ്ട്രമാക്കുക എന്നത് തങ്ങളുടെ നയമല്ലെന്ന് അസന്ദിഗ്ധമായി വിളംബരം ചെയ്യുന്ന ഒന്നായിരുന്നു ഇത്.

സംഘട്ടനങ്ങൾ തിരുത്തുക

ഒന്നാം സംഘട്ടനം തിരുത്തുക

1939-49 കാലയളവിൽ യഹൂദന്മാർക്ക് പലസ്തീനിൽ അവകാശം സ്ഥാപിക്കാൻ ഇടകൊടുക്കാതിരിക്കാൻ അറബികളും, അറബികൾക്ക് അവിടെ നിലനില്പില്ലാതാക്കാൻ സയോണിസ്റ്റുകളും ശ്രമിച്ചു.

1945-ൽ ബ്രിട്ടനിലെ ആറ്റ്ലി ഗവൺമെന്റ് ഒരു ആംഗ്ലോ-അമേരിക്കൻ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് പലസ്തീൻ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. ഈ കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനങ്ങളടങ്ങിയ റിപ്പോർട്ട് 1946 ഏപ്രിൽ 20-നു പ്രസിദ്ധീകൃതമായി.[7] 1,00,000 യഹൂദന്മാർക്ക് പലസ്തീനിൽ കുടിയേറിപ്പാർക്കാനുള്ള അനുവാദപത്രം നൽകാനും സ്വത്തു വാങ്ങുന്നതിനുള്ള നിരോധനം നീക്കുവാനും ഉള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു. കമ്മിഷൻ പലസ്തീനിൽ ഒരു യഹൂദരാഷ്ട്രം നിർമ്മിക്കുന്നതിനെ എതിർക്കുകയും ബ്രിട്ടന്റെ കീഴിൽ ഒരു മാൻഡേറ്ററി ഗവൺമെന്റായി തുടരുന്നതിനെ അനുകൂലിക്കുകയും ചെയ്തു. ഈ ശിപാർശകൾ നടപ്പിലാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് വിസമ്മതിച്ചു.

1947-ൽ അറബികൾക്കും ജൂതന്മാർക്കും പ്രത്യേക മേഖലകൾ സൃഷ്ടിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി. അറബികൾ ഒന്നടങ്കം ഈ നീക്കത്തെ എതിർത്തു. പ്രമേയത്തെ തുടർന്ന് 1948 മെയ് 14നു ബ്രിട്ടീഷുകാർ തങ്ങളുടെ സൈന്യത്തെ പലസ്തീനിൽനിന്നും പിൻ‌വലിച്ചു. അറബികൾക്കോ യഹൂദർക്കോ അധികാരം കൈമാറാതെ മേഖലയിൽ സംഘർഷത്തിനു വഴിമരുന്നിട്ടാണ് ബ്രിട്ടൺ പിന്മാറ്റം നടത്തിയത്. പലസ്തീനിൽ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടങ്ങൾക്ക് ഇതോടെ തുടക്കമായി.

1946 ജൂൺ മുതൽ പലസ്തീനിൽ ഭീകരമായ ആഭ്യന്തരസമരം പൊട്ടിപ്പുറപ്പെട്ടു. യഹൂദ-ബ്രിട്ടീഷ് സംഘട്ടനത്തിന്റെ ഫലമായി നിയമസമാധാനം തകർന്നു. വിദേശകാര്യസെക്രട്ടറി ഏണസ്റ്റ് ബെവിൻ 1947 ഫെബ്രുവരിയിൽ പലസ്തീൻ പ്രശ്നം യു.എൻ-ന്റെ പരിഗണനയ്ക്കു സമർപ്പിച്ചു. യു.എൻ. കമ്മീഷൻ ബ്രിട്ടീഷ് മാൻഡേറ്റ് ഫലപ്രദമല്ലെന്നും പലസ്തീൻ വിഭജനം മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളുവെന്നും വിധിച്ചു. ബ്രിട്ടൻ ഇത് അംഗീകരിച്ചില്ല. യു.എൻ. പൊതുസഭയിലെ 56 അംഗരാഷ്ട്രങ്ങളിൽ 33-ഉം വിഭജനത്തെ പിന്താങ്ങി. യഹൂദന്മാർ ആ തീരുമാനം നടപ്പിലാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു. അറബികൾ അതിനെ എതിർത്തു. ബ്രിട്ടീഷുകാർ പിൻവാങ്ങിയാൽ അറബി-യഹൂദസംഘട്ടനം അനിവാര്യമാണെന്നു തീർച്ചയായി. അറബിലീഗിലെ ഏഴു രാഷ്ട്രങ്ങളും 1947 ഡിസംബറിൽ കെയ്റോവിൽ സമ്മേളിച്ച് പലസ്തീനിലെ അറബികൾക്ക് ആയുധസഹായം നൽകാൻ തീരുമാനിച്ചു. ബ്രിട്ടന്റെ പിൻമാറ്റത്തോടെ (1948 ഏപ്രിൽ) 1948-ലെ അറബ് ഇസ്രയേൽ യുദ്ധം തുടങ്ങി.[8]

സംഘാടനത്തിലും അഭ്യാസത്തിലും വീര്യത്തിലും ആയുധശക്തിയിലും യഹൂദസേനയുടെ മേന്മ അറബികളെ നിർവീര്യരാക്കി. അറബിസൈന്യവ്യൂഹം (Arab legion)[9] മാത്രമേ ഇതിനൊരു അപവാദമായി യഹൂദന്മാരെ പിൻതള്ളാൻ ശക്തമായുണ്ടായിരുന്നുള്ളു. ജറുസലേമിനടുത്ത ദിർയാസിമിൽ യഹൂദന്മാർ നടത്തിയ കുരുതിയെത്തുടർന്ന് ഹൈഫ, ജാഫ എന്നിവിടങ്ങളിലെ 95 ശതമാനം അറബികളും പ്രാണരക്ഷാർഥം നാടുവിട്ടു. യഹൂദന്മാർ കൈയടക്കിയ പലസ്തീൻ ഭാഗങ്ങളിൽനിന്നും 3,00,000 അറബികൾ പലായനം ചെയ്തു. വിഭജനത്തിനു വിലങ്ങുതടിയായിനിന്ന അറബി ഭൂരിപക്ഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഴിഞ്ഞുപോയി.

1948 മേയ് 14-ന് ബ്രിട്ടീഷുകാർ പലസ്തീൻ വിട്ട അന്നുതന്നെ സിയോണിസ്റ്റ് പ്രസ്ഥാനക്കാർ ടെൽ അവീവിൽ സമ്മേളിച്ച് സ്വതന്ത്ര ഇസ്രയേൽ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. അന്നേദിവസംതന്നെ യു.എസ്. ആ താത്കാലിക ഗവൺമെന്റിനെ അംഗീകരിച്ചു. ജോർദാൻ, ഈജിപ്ത്, സിറിയ, ലെബനാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങളുടെ സൈന്യം പലസ്തീനിൽ കടന്നു. അമേരിക്ക, സോവ്യറ്റ് യൂണിയൻ എന്നീ രാജ്യങ്ങളും അന്നത്തെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ട്രിഗ്വെ ലീയും അറബ് രാജ്യങ്ങളുടെ നീക്കത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാൽ ചൈന അറബ് അവകാശവാദത്തെയാണു പിന്തുണച്ചത്. ഏതായാലും യുദ്ധത്തിൽ അറബികളുടെ സംയുക്ത സേനയെ ഇസ്രയേൽ പരാജയപ്പെടുത്തി. ലക്ഷക്കണക്കിനു പലസ്തീൻ അറബികൾ യുദ്ധപരാജയത്തെത്തുടർന്ന് അഭയാർത്ഥികളായി. പത്സ്തീനിലെ അറബ് ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം ഇസ്രയേൽ അധീന പ്രദേശങ്ങളിൽനിന്ന് ഓടിപ്പോവുകയോ തുരത്തെപ്പെടുകയോ ചെയ്തു. ശേഷിച്ചവർ ഇസ്രയേലിലെ പൗരന്മാരായി തുടർന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഏഴുലക്ഷത്തിലധികം അറബികൾ യുദ്ധത്തിനു ശേഷം അഭയാർത്ഥികളായി. അറബികൾക്ക് ആധിപത്യം സ്ഥാപിക്കാനായ നാമമാത്ര പ്രദേശങ്ങളിൽ യഹൂദരും അഭയാർത്ഥികളാക്കപ്പെട്ടു.

ട്രാൻസ് ജോർദാനും ഈജിപ്തും ഇറാക്കുമായി ഉണ്ടായിരുന്ന സഖ്യംമൂലം അറബികളോടുള്ള ചുമതല നിറവേറ്റാൻ ബ്രിട്ടൻ ബാധ്യസ്ഥമായിരുന്നു. എന്നാൽ യഹൂദരാഷ്ട്രത്തെ യു.എസ്. അംഗീകരിച്ചത് പുതിയൊരു പ്രശ്നം സൃഷ്ടിച്ചു. അംഗോളാ-യു.എസ്. താത്പര്യങ്ങളുടെ ഉരസൽ യു.എൻ. ഇടപെടലിനു കാരണമായി. സ്വീഡിഷ് രാജ്യതന്ത്രജ്ഞനായ കൌണ്ട് ഫോൽക്ക് ബർനാദോത്ത് (1895-1948) അറബി-യഹൂദ സംഘട്ടനത്തിന് അറുതിവരുത്താൻ നിയോഗിക്കപ്പെട്ടു. താത്കാലികമായ വെടിനിർത്തലിന് ഈ ദൗത്യം സഹായകമായി. ഒരു യഹൂദ ഭീകരപ്രവർത്തകന്റെ വെടിയേറ്റ് ബർനാദോത്ത് മരണമടഞ്ഞതോടെ വീണ്ടും യുദ്ധം തുടങ്ങി. ഡോ. റാൾഫ് ബഞ്ച് യു.എൻ. മധ്യസ്ഥനായി വന്ന് ഇസ്രയേലും അറബി രാഷ്ട്രങ്ങളുമായി സംഭാഷണങ്ങൾ നടത്തി. രണ്ടു കക്ഷികൾക്കും യുദ്ധം തുടരുന്നത് ആപത്കരമാണെന്ന വിശ്വാസം വളർന്നു. അറബികൾക്കിടയ്ക്കുതന്നെ അഭിപ്രായവ്യത്യാസം വലിയ തോതിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. 1949 മാർച്ചിൽ യു.എൻ. രക്ഷാസമിതി ഇസ്രയേലിനെ യു.എൻ. അംഗമാക്കാൻ തീരുമാനിച്ചതോടെ സന്ധിസംഭാഷണങ്ങൾക്കു മുൻകൈയെടുക്കാൻ അതിനു കഴിഞ്ഞു. അങ്ങനെ തിയൊഡോർ ഹെർസലിന്റെയും ആദ്യകാലത്തെ സയോണിസ്റ്റുകളുടെയും ചിരകാലസ്വപ്നം സഫലീകൃതമായി.

നിയന്ത്രണരേഖകൾ സ്ഥാപിക്കാനുള്ള സമ്മതത്തോടെ 1949ലാണ് അറബ്-ഇസ്രയേൽ യുദ്ധം അവസാനിച്ചത്. ഇതനുസരിച്ച് ഐക്യരാഷ്ട്ര സഭാ നിർദ്ദേശമനുസരിച്ചുള്ള പ്രദേശങ്ങളും ഈ നിർദ്ദേശത്തിൽതന്നെ അറബികൾക്കായി നീക്കിവച്ച പ്രദേശങ്ങളുടെ പകുതിയോളവും ഇസ്രയേലിന്റെ നിയന്ത്രണത്തിലായി. ഗാസാ മുനമ്പ് ഈജിപ്തും വെസ്റ്റ് ബാങ്ക് ജോർദാനും കൈക്കലാക്കി.

ഒന്നാം അറബ്-ഇസ്രയേൽ യുദ്ധത്തെ തങ്ങളുടെ സ്വാതന്ത്ര്യ പോരാട്ടമായാണ് ഇസ്രയേൽ വിശേഷിപ്പിക്കുന്നത്. രൂപവത്കരിച്ചു നാളുകളാകും മുൻപേ അറബ് രാജ്യങ്ങൾക്കെതിരെ ഇസ്രയേൽ ഒറ്റയ്ക്കു നേടിയ വിജയം ലോകത്തെ അമ്പരിപ്പിച്ചു. യഹൂദരോടു കീഴടങ്ങേണ്ടിവന്നത് അറബ് ലോകത്തെയാകെ അസ്വസ്ഥമാക്കുകയും ചെയ്തു.

രണ്ടാം സംഘട്ടനം തിരുത്തുക

 
ഇസ്രയേൽ ഭടൻ ഈജിപ്റ്റൻ ഗണ്ണിനുസമീപം

രണ്ടാമത്തെ പ്രധാന അറബി യഹൂദസംഘട്ടനം 1956 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് നടന്നത്. സൂയസ് പ്രതിസന്ധി എന്ന പേരിൽ അറിയപ്പെട്ട ഈ യുദ്ധത്തിൽ ബ്രിട്ടനും ഫ്രാൻസും ഇസ്രയേലും ചേർന്ന് ഈജിപ്തിനെതിരായി ഒരു ത്രിശക്തി പ്രകടനം നടത്തുകയാണുണ്ടായത്. സൂയസ്തോടിനെ സാമ്രാജ്യശക്തികളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനും ഈജിപ്തിലെ ഗമാൽ അബ്ദുൽ നാസറുടെ ഭരണത്തെ തകിടം മറിക്കാനും ഉദ്ദേശിച്ചുള്ള ഒരു ആക്രമണമായിരുന്നു അത്.[10] ഇതിനു തുടക്കമിട്ടുകൊണ്ട് 1956 ഒക്ടോബർ 29-നു ഇസ്രയേലി സൈന്യം സിനായ് പ്രദേശത്തെ ഈജിപ്ഷ്യൻ സൈനികനിരകളെ ആക്രമിച്ചു. അടുത്ത ദിവസം ആംഗ്ളോ-ഫ്രഞ്ചു ഗവൺമെന്റുകൾ 12 മണിക്കൂറിനുള്ളിൽ അറബി-ഇസ്രയേലി സൈന്യങ്ങൾ യുദ്ധശ്രമങ്ങൾ ഉപേക്ഷിച്ചു സൂയസ്സിന്റെ തീരം വിട്ടുമാറണമെന്ന അന്ത്യശാസനം നൽകി. സൂയസ്തോടിന്റെ തീരത്ത് അതിലൂടെയുള്ള ഗതാഗതസുരക്ഷിതത്വം ഉദ്ദേശിച്ച് താത്കാലികമായി ആംഗ്ളോ-ഫ്രഞ്ചുസൈന്യങ്ങളെ നിർത്താൻ സമ്മതിക്കണമെന്നും അവർ ഈജിപ്തിനോടാവശ്യപ്പെട്ടു.

ഈജിപ്ത് അന്ത്യശാസനം നിരസിച്ചതുമൂലം അവരുടെ വിമാനത്താവളങ്ങൾക്കും സൈനികശേഖരങ്ങൾക്കും നേരെ ബ്രിട്ടീഷ് വ്യോമസേന ആക്രമണം നടത്തി (ഒക്ടോബർ 31 മുതൽ നവംബർ 4 വരെ). ഇതേത്തുടർന്ന് ബ്രിട്ടീഷ് വിമാനങ്ങൾ സൂയസ് കനാൽ മേഖലയിൽ ഇറങ്ങി. പോർട്ട് സയ്യിദിലും മറ്റു ദിക്കുകളിലും ഈജിപ്റ്റുകാർ അവരെ എതിർത്തു. ലോകജനത ഒന്നടങ്കം ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തി. യു.എസ്സും യു.എസ്.എസ്.ആറും യോജിച്ച് ഇസ്രയേലിന്റെയും സഖ്യരാഷ്ട്രങ്ങളുടെയും മേൽ സമ്മർദം ചെലുത്തി അവരെ ആക്രമണത്തിൽനിന്നു പിന്തിരിപ്പിച്ചു. ഇന്ത്യയും മറ്റ് ആഫ്രോ-ഏഷ്യൻ രാഷ്ട്രങ്ങളും അറബികളെ അനുകൂലിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്.

നവംബർ 6-7-ന് വെടിനിർത്തൽ നിലവിൽവന്നപ്പോഴേക്കും സിനായ് ഉപദ്വീപും ഗാസാപ്രദേശവും പൂർണമായും ഇസ്രയേലിനധീനമായിരുന്നു. ഷറം അൽഷെയിക്കും അക്വാബാ ഉൾക്കടലിന്റെ പ്രവേശനദ്വാരത്തിലുള്ള ടിറാൻ ദ്വീപും അവർ കൈയടക്കി. സംഘട്ടനങ്ങളവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമായി ഒരു അടിയന്തരസേനയെ (emergency force) അങ്ങോട്ടയയ്ക്കാൻ യു.എൻ. പൊതുസഭ (നവംബർ 5-ന്) തീരുമാനിച്ചു. നവംബർ 15-ന് അവരുടെ മേൽനോട്ടത്തിൽ ബ്രിട്ടീഷ്-ഫ്രഞ്ച് സൈന്യങ്ങൾ പിൻവാങ്ങാൻ തുടങ്ങി. 1957 മാർച്ചിൽ മാത്രമേ ഇസ്രയേൽ 1949-ലെ യുദ്ധവിരാമരേഖയ്ക്കു പിന്നിലേക്കു പോയുള്ളു.

മൂന്നാം സംഘട്ടനം തിരുത്തുക

 
ഇസ്രയേലി നാവികസേന ഭടന്മാർ വിജയാഹ്ലാദത്തിൽ

1967 ജൂൺ 5-ന് ഈജിപ്തിലെയും സിറിയയിലെയും വിമാനത്താവളങ്ങളെ ഇസ്രയേൽ പെട്ടെന്ന് ആക്രമിച്ചു.[11] പഴയ ജറുസലേം പട്ടണവും ഗാസായും സിനായ് മരുഭൂമിയും ജോർദാന്റെ പടിഞ്ഞാറെ കരയും സിറിയയിലെ ഗോലാൻ കുന്നുകളും അവർ കൈവശപ്പെടുത്തി. യു.എൻ. രക്ഷാസമിതി വെടിനിർത്തലിന് നാലു പ്രമേയങ്ങൾ പാസാക്കി. തങ്ങൾക്കുവേണ്ട ഭൂപ്രദേശങ്ങൾ കൈയിലായതോടെ ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചു. ഈ ആറുദിനയുദ്ധം അറബിലോകത്തെ അപ്പാടെ നടുക്കിക്കളഞ്ഞു. ഈജിപ്താണ് ജൂൺ 5-ന് യുദ്ധം തുടങ്ങിയതെന്നാണ് ഇസ്രയേൽ ആരോപിച്ചതെങ്കിലും സത്യം നേരെ മറിച്ചായിരുന്നു; ആത്മരക്ഷാർഥവുമായിരുന്നില്ല ഇസ്രയേലിന്റെ നടപടി. ടിറാൻ കടലിടുക്ക് തങ്ങളുടെ കപ്പലുകൾക്ക് പോകാൻ പറ്റാത്തവിധം ഈജിപ്ത് അടച്ചപ്പോഴാണ് യുദ്ധം തുടങ്ങിയതെന്ന് ഇസ്രയേൽ വാദിച്ചു. എന്നാൽ അത് യുദ്ധം തുടങ്ങാനുള്ള കാരണമാക്കി ഇസ്രയേൽ സ്വീകരിച്ച നടപടിയായിരുന്നു. ഇസ്രയേലിന്റെ പ്രകോപനപരമായ നടപടികൾമൂലം ഈജിപ്ത് ടിറാൻ മാർഗ്ഗം അടയ്ക്കുകയാണുണ്ടായത്.

സിറിയൻ-ഇസ്രയേൽ അതിർത്തിയിലെ യുദ്ധവിരാമമേഖലയായിരുന്നു യുദ്ധകാരണങ്ങൾ സൃഷ്ടിച്ച സംഭവങ്ങൾക്കു കളമൊരുക്കിയത്. വെടിനിർത്തൽ കരാറുപ്രകാരം 1948-ലെ യുദ്ധകാലത്ത് ഓടിപ്പോയ അറബികൾ മടങ്ങിവന്ന് സ്വന്തം സ്വത്തും വീടുകളും വീണ്ടെടുത്തപ്പോൾ ഇസ്രയേൽ അതു തടഞ്ഞു. കൂടാതെ യുദ്ധവിരാമമേഖലയിൽ തങ്ങിയിരുന്ന അറബികളെ അവർ ഒഴിപ്പിക്കാനും ശ്രമിച്ചു. അറബികളുടെ കൃഷിഭൂമികൾ യഹൂദന്മാർ കൈയേറി കൃഷിചെയ്യാൻ ആരംഭിച്ചു. സിറിയക്കാർക്കെതിരെ പല സന്ദർഭങ്ങളിലും പട്ടാളനടപടികൾ സ്വീകരിക്കപ്പെടുകയുണ്ടായി. രക്ഷാസമിതി ഈ സംരംഭങ്ങൾ അറിയുകയും ഇസ്രയേലികളെ അക്രമപ്രവർത്തനങ്ങളിൽ നിന്നു പിൻതിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇസ്രയേലിന്റെ അക്രമപ്രവർത്തനങ്ങൾക്കെതിരെ സിറിയ 1966-ലെ ഉടമ്പടി (Mutual Defence Pact)[12] അനുസരിച്ച് ഈജിപ്തിന്റെ സഹായം തേടി. അതുപ്രകാരം ഈജിപ്റ്റ് അലക്സാൺഡ്രിയയിലേക്കും ഇസ്മാലിയയിലേക്കും സൈന്യങ്ങളെ അയച്ചു. യു.എൻ. സേനയെ ഈജിപ്തിന്റെ ഭാഗത്തുനിന്നു പിൻവലിക്കാൻ പ്രസിഡണ്ട് നാസർ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു. യു.എൻ.സൈന്യങ്ങൾ യുദ്ധവിരാമമേഖലയിലെ ഷറം അൽഷെയിക്കിൽ നിന്നും പിൻവലിക്കപ്പെട്ടപ്പോൾ ഈജിപ്ത് അവിടെ സൈന്യങ്ങളെ അണിനിരത്തി. ടിറാൻ കടലിടുക്കിനു സമീപമായിരുന്നതുകൊണ്ട് അത് ഈജിപ്തിന്റെ അധികാരപരിധിക്കുള്ളിൽ (Territorial Waters)പ്പെട്ടതായിരുന്നു. 1967 മേയ് 22-ന് ഈ ജലമാർഗ്ഗത്തിലൂടെ ഇസ്രയേലിന് പ്രവേശനം നിഷേധിക്കപ്പെട്ടു.

ഇതേത്തുടർന്ന് സംഘർഷം വർധിക്കുകയും ഇരുഭാഗവും യുദ്ധത്തിനു തയ്യാറാവുകയും ചെയ്തു. ബ്രിട്ടനും യു.എസ്സും ഇസ്രയേലിനു ടിറാന്റെമേലുള്ള അവകാശമുറപ്പിക്കാൻ ശ്രമിച്ചു. വൈസ് പ്രസിഡണ്ട് സക്കറിയാ മൊഹിയുദ്ദീനെ ജൂൺ ആദ്യത്തിൽ വാഷിങ്ടനിലേക്കയച്ച് പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ഈജിപ്ത് ശ്രമിച്ചു. 1966 മുതൽ ഇസ്രയേലിൽനിന്നു ധാരാളം യഹൂദന്മാർ ഒഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. തൊഴിലില്ലായ്മയും മറ്റു സാമ്പത്തികപരാധീനതകളും ഏറുകയും വലിയൊരു പ്രതിസന്ധിയെ രാഷ്ട്രം നേരിടുകയും ചെയ്തിരുന്ന കാലമായിരുന്നു അത്. അറബികളെ ഒരു പാഠം പഠിപ്പിക്കുന്നതിനും ആഭ്യന്തരമായ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും സയോണിസത്തെ രക്ഷിക്കുന്നതിനും യുദ്ധം തന്നെയാണ് പോംവഴിയെന്ന് ഇസ്രയേൽ കരുതി. 1967 ജൂൺ 5-ന് പ്രഭാതത്തിൽ ഈജിപ്തിനും സിറിയയ്ക്കും ജോർദാനും എതിരായി ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു. ഇത് പശ്ചിമേഷ്യയിൽ നടന്ന മൂന്നാമത്തെ യുദ്ധമായിരുന്നു.

1967 ജൂണിലെ യുദ്ധത്തിനു മുൻപ് അറബി-യഹൂദ സംഘർഷം പലസ്തീൻ പ്രശ്നത്തെച്ചൊല്ലിയായിരുന്നു. എന്നാൽ ഈ യുദ്ധത്തിനുശേഷം പ്രശ്നം കൂടുതൽ സങ്കീർണമായിത്തീർന്നു. അറബികളുടെ ഭൂപ്രദേശങ്ങൾ കൈയടക്കിയതും അഭയാർഥി പ്രശ്നം ഗുരുതരമാക്കിയതും പഴയ ജറുസലേം നഗരം കീഴടക്കിയതും മറ്റും കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

നാലാം സംഘട്ടനം തിരുത്തുക

 
ഈജിപ്റ്റ് പട്ടാളം സൂയസ്കനാൽ കടക്കുന്നു

അറബിരാഷ്ട്രങ്ങളും ഇസ്രയേലും തമ്മിലുള്ള 4-ആമത്തെ സംഘട്ടനം 1973 ഒക്ടോബർ 6-ന് ആരംഭിച്ചു.[13] ഈ യുദ്ധം ആരംഭിച്ചത് യഹൂദരുടെ യോംകിപ്പൂർ വ്രതധ്യാനനാളിലായതിനാൽ ഈ യുദ്ധത്തെ യോംകിപ്പൂർ യുദ്ധം എന്നും പരാമർശിച്ചുവരുന്നു. ഈജിപ്തിന്റെ സേനകളും ഇസ്രയേൽ സേനകളും തമ്മിൽ സൂയസ്തോടിന്റെ തീരത്തും സിനായ് മരുഭൂമിയിലും, സിറിയൻ സേനകളും ഇസ്രയേൽ സേനകളും തമ്മിൽ ഗോലാൻ കുന്നിൻപ്രദേശങ്ങളിലും നടന്ന രൂക്ഷമായ യുദ്ധം 17 ദിവസം നീണ്ടുനിന്നു. ആദ്യവിജയങ്ങൾ നേടിയ ഈജിപ്തിന്റെ സേന, സൂയസ്തോട് തരണം ചെയ്തു സിനായ് മരുഭൂമിയിലെ പ്രതിരോധ നിരയായ ബാർലെവ് ലൈൻ കടന്നു. ഗോലാൻ കുന്നുകളിൽ ആധിപത്യം സ്ഥാപിച്ച ഇസ്രയേൽസേന സിറിയൻ തലസ്ഥാനമായ ദമാസ്കസിലേക്കു മുന്നേറിയെങ്കിലും അതു തടയപ്പെട്ടു. വമ്പിച്ച യു.എസ്. ആയുധസഹായം ലഭിച്ച ഇസ്രയേൽസേന സൂയസ്തോടിന്റെ മറ്റൊരു ഭാഗത്തുകൂടെ കടന്ന് സൂയസ്-കെയ്റോ റോഡിൽ എത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള യു.എൻ. രക്ഷാസമിതിയുടെ ശ്രമങ്ങൾ ആദ്യം ഫലവത്തായില്ലെങ്കിലും യു.എസ്സും യു.എസ്.എസ്.ആറും ചേർന്നവതരിപ്പിച്ച പ്രമേയം പിന്നീട് യു.എൻ. രക്ഷാസമിതി അംഗീകരിക്കുകയും ആ പ്രമേയത്തിലെ നിർദ്ദേശാനുസരണം അറബി-ഇസ്രയേൽ സംഘട്ടനം അവസാനിപ്പിക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിൽ യു.എസ്സും യു.എസ്.എസ്.ആറും നിർണായകമായ പങ്കു വഹിച്ചിരുന്നു. ഈ സംഘട്ടനത്തിൽ മറ്റ് അറബിരാഷ്ട്രങ്ങൾ ഈജിപ്തിനും സിറിയയ്ക്കും സഹായസഹകരണങ്ങൾ നൽകി. എണ്ണ ഉത്പാദിപ്പിക്കുന്ന അറബിരാഷ്ട്രങ്ങൾ, എണ്ണയെ ഒരായുധമാക്കി മാറ്റാനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. 1967-ലെ 3-ആം അറബി-ഇസ്രയേൽ യുദ്ധത്തിൽ പിടിച്ചെടുത്ത അറബിപ്രദേശങ്ങൾ ഇസ്രയേൽ പൂർണമായി വിട്ടൊഴിയുന്നതുവരെ, തങ്ങളുടെ എണ്ണ ഉത്പാദനവും കയറ്റുമതിയും ഗണ്യമായി കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. തന്മൂലം ആഗോളവ്യാപകമായി പെട്രോളിയത്തിനും പെട്രോളിയം ഉത്പന്നങ്ങൾക്കും ക്ഷാമവും വിലക്കയറ്റവും ഉണ്ടായി. യു.എസ്സിന്റെയും യു.എസ്.എസ്.ആറിന്റെയും ശ്രമഫലമായി യു.എൻ. മേൽനോട്ടത്തിൽ ഇസ്രയേലിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ആദ്യമായി ജനീവയിൽ സമ്മേളിച്ച് പശ്ചിമേഷ്യയിൽ ശാശ്വതസമാധാനം കൈവരുത്താനുള്ള കൂടിയാലോചനകൾ ആരംഭിച്ചു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഡോ. ഹെന്റി കിസിഞ്ജറുടെ ദൌത്യഫലമായി ഇസ്രയേൽ തങ്ങളുടെ സേനകളെ സൂയസ്തോടിന്റെ ഇരുകരകളിൽനിന്നും പിൻവലിക്കാൻ സമ്മതിച്ചു (1974).

അഞ്ചാം സംഘട്ടനം തിരുത്തുക

ഈ ഘട്ടത്തിൽ നടന്ന അറബി-ഇസ്രയേലി സംഘട്ടനങ്ങൾ നേർക്കുനേരെയുള്ള യുദ്ധങ്ങൾ ആയിരുന്നില്ല. സാർവദേശീയരംഗത്തു പൊതുവിലും പശ്ചിമേഷ്യയിൽ പ്രത്യേകിച്ചും ഉണ്ടായിക്കൊണ്ടിരുന്ന പുതിയ സംഭവവികാസങ്ങൾ ഇസ്രയേലി-പലസ്തീൻ സംഘട്ടനങ്ങളെ നിശ്ചിതകാലയളവിൽ നടക്കുന്ന യുദ്ധങ്ങൾ എന്ന രീതിയിൽനിന്നു വ്യത്യസ്തമാക്കി. യോംകിപ്പൂർ പരാജയത്തിനുശേഷം അറബിരാഷ്ട്രങ്ങൾ പലസ്തീനിനെ തുണയ്ക്കാൻ നേരിട്ടുള്ള യുദ്ധംവഴി പിന്നീടൊരിക്കലും ശ്രമിച്ചിട്ടില്ല. അക്കാലംവരെ അറബിരാഷ്ട്രങ്ങളുടെ മുഴുവനും നേതൃത്വം വഹിച്ചിരുന്ന ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൾ നാസർ 1970-ൽ നിര്യാതനായതോടെ അറബിലോകത്തിന് ഒരു അനാഥാവസ്ഥ അനുഭവപ്പെടുകയും ഈജിപ്തിലെ നാസറിന്റെ പിൻഗാമികൾ ഇസ്രയേലിനോടും അമേരിക്കൻ ഐക്യനാടിനോടും ചായ്‌വ് പ്രദർശിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. ഉദാഹരണത്തിന് നാസറിന്റെ നിര്യാണശേഷം പ്രസിഡന്റ്പദം ഏറ്റെടുത്ത അൻവർ സാദത്ത് പലസ്തീൻകാരോടോ മറ്റ് അറബിരാഷ്ട്രങ്ങളോടോ ആശയവിനിമയം പോലും ചെയ്യാതെ 1979 മാർച്ച് 26-ന് ഇസ്രയേലിനെ അംഗീകരിക്കുന്ന ആദ്യത്തെ രാഷ്ട്രമായി മാറി കരാറിൽ ഒപ്പുവച്ചത് അറബികൾക്കിടയിൽ കടുത്തരോഷപ്രകടനത്തിനിടയാക്കി. ഇതിന്റെ ഫലമായിട്ടായിരിക്കണം 1981 ഒക്ടോബർ 6-ന് അൻവർ സാദത്ത് ഒരു ഈജിപ്തുകാരനാൽ വധിക്കപ്പെട്ടത് തുടർന്ന് പ്രസിഡന്റായ ഹോസ്നി മുബാറക്ക് സാദത്തിന്റെ നയംതന്നെ അല്പം മയപ്പെടുത്തി ആണെങ്കിലും തുടർന്നു.[14]

ഈ ഒത്തുതീർപ്പ് ഇസ്രയേലിന്റെ യുദ്ധപ്രവണതയെ ശക്തിപ്പെടുത്തുകയല്ലാതെ കുറച്ചില്ല എന്നതിന്റെ തെളിവാണ് 1981 ജൂൺ 7-ന് ഇസ്രയേൽ സമാധാനപരമായ വൈദ്യുതി ഉത്പാദനത്തിനും മറ്റുമായി പ്രവർത്തിച്ചുവന്ന ഇറാഖിലെ ആണവപരീക്ഷണ കേന്ദ്രത്തിനെതിരെ വ്യോമാക്രമണം നടത്തിയത്. ഇതിനെക്കാൾ കുറേക്കൂടി രൂക്ഷമായ നടപടി ആയിരുന്നു പലസ്തീൻ വിമോചന സംഘടനയുടെ താവളങ്ങൾ തകർക്കാൻ എന്നുപറഞ്ഞ് 1982 ജൂൺ 6-ന് ലെബനന്റെ മേൽ വളരെയേറെ ആൾനാശം ഉണ്ടാക്കിയ വൻആക്രമണം ഇസ്രയേൽ നടത്തിയത്. പിൽക്കാലത്ത് ഇസ്രയേലി പ്രധാനമന്ത്രിയായ അന്നത്തെ രാജ്യരക്ഷാമന്ത്രി ഏരിയൽ ശാരോൺ ആണ് ഈ കടന്നാക്രമണത്തിനു മുൻകൈ എടുത്തത്. ഈ ആക്രമണം ഇസ്രയേലിനെതിരെയുള്ള അറബികളുടെ രോഷം വർധിപ്പിക്കുകയും ഭീകരസംഘടനയെന്ന് പറയപ്പെടുന്ന ഹിസ്ബുള്ള എന്നൊരു ഇസ്ലാമിക് പോരാട്ടസംഘടനയ്ക്ക് ജന്മം നൽകുകയും ചെയ്തു.

ആറാം സംഘട്ടനം തിരുത്തുക

ഇറാഖിനും ലെബനനും എതിരെ ഇസ്രയേൽ നടത്തിയ കടന്നാക്രമണങ്ങളും അതേത്തുടർന്ന് പലസ്തീൻ മേഖലയിലാകെ ഇസ്രയേലിനെതിരെ വ്യാപകമായി വളർന്ന രോഷവും ചെറുത്തുനില്പും 1987-ൽ ഇൻതിഫാദ എന്ന സംഘടിത ചെറുത്തുനില്പു പ്രസ്ഥാനത്തിൽ ചെന്നെത്തി. ഇൻതിഫാദ എന്നാൽ ഉയർത്തെഴുന്നേല്പ്, ചെറുത്തുനില്പ് എന്നെല്ലാമാണ് അർഥം. ഇൻതിഫാദയുടെ വ്യാപ്തിയും ശക്തിയും ലോകരാഷ്ട്രസമൂഹത്തെ ഉണർത്തുകയും ഐക്യരാഷ്ട്രസഭയും ചില സമാധാനവാദികളായ രാഷ്ട്രങ്ങളും മധ്യസ്ഥതയ്ക്കു തയ്യാറാവുകയും ചെയ്തു. ഈ മധ്യസ്ഥശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ച നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിൽ വച്ച് 1993 സെപ്റ്റംബർ 13-ന് പലസ്തീൻ സമരത്തിനു പൊതുവേയും ഇൻതിഫാദയ്ക്കും നേതൃത്വം നൽകിയിരുന്ന പാലസ്തീൻ വിമോചനസംഘടനയും (പി.എൽ.ഒ.) ഇസ്രയേലും ചേർന്ന് ഒത്തുതീർപ്പുകൾക്ക് അടിസ്ഥാനമാകേണ്ട തത്ത്വങ്ങളെക്കുറിച്ചുള്ള ഒരു രേഖയിൽ ഒപ്പുവച്ചു. ഈ തത്ത്വങ്ങൾ പ്രകാരം പി.എൽ.ഒ. ഇസ്രയേലിനെ അംഗീകരിക്കുകയും പലസ്തീൻ പ്രദേശങ്ങളിൽ അറബികളുടെ സ്വതന്ത്രപരമാധികാര റിപ്പബ്ലിക് രൂപീകരിക്കുക എന്ന ലക്ഷ്യം ഇസ്രയേൽ അംഗീകരിക്കുകയും ചെയ്തു. ഭാവിയിൽ രൂപംകൊള്ളാൻ പോകുന്ന സ്വതന്ത്രപരമാധികാര പലസ്തീൻ റിപ്പബ്ലിക്കൻ സർക്കാരിന്റെ പ്രാഥമിക രൂപമായി പലസ്തീൻ അതോറിറ്റി എന്നൊരു സ്ഥാപനം നിലവിൽ വരും. ഈ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഒസ്ലോ താത്കാലിക ഉടമ്പടിയിൽ 1995 സെപ്റ്റംബർ 8-ന് ഇരുകക്ഷികളും ഒപ്പുവച്ചു. ഇതിൽ രോഷാകുലരായ ഇസ്രയേലി തീവ്രവാദികൾ 1995 നവംബർ 4-ന് ഇസ്രയേൽ പ്രധാനമന്ത്രി ഇത്സാഖ് റാബിനെ വെടിവെച്ചുകൊന്നു. തൽസ്ഥാനം ഏറ്റെടുത്ത ലേബർ നേതാവ് ശിമോൺ പെരസ് ഒസ്ലോ കരാറുകൾ അനുസരിച്ചുതന്നെ മുന്നോട്ടുപോയി. തുടർന്നു പ്രധാനമന്ത്രിപദം ഏറ്റെടുത്ത ലേബർ നേതാവ് യഹൂദ് ബരാക്കും ഒസ്ലോ കരാറുപ്രകാരം സമാധാനമാർഗ്ഗത്തിൽ തുടർന്നപ്പോൾ മുൻപ് ലെബനോൺ ആക്രമണത്തിനു നേതൃത്വം നൽകിയ ലിക്കുഡ് പാർട്ടി നേതാവ് ഏരിയൽ ശാരോൺ യറൂശലേം സന്ദർശിച്ച് യഹൂദരെ ഇളക്കി സമാധാനശ്രമങ്ങൾക്കു ഭീഷണി ഉയർത്തുകയും വീണ്ടും ഇൻതിഫാദാ മാതൃകയിൽ അറബികൾ സമരമാരംഭിക്കാൻ ഇടവരികയും ചെയ്തു. 2001-ൽ നടന്ന തെരഞ്ഞെടുപ്പിൽ ശാരോൺ പ്രധാനമന്ത്രിയായി വന്നതോടുകൂടി സമാധാനശ്രമങ്ങൾ മന്ദഗതിയിലായി. 2004 നവംബർ 11-ന് പി.എൽ.ഒ. നേതാവും പലസ്തീൻ അതോറിറ്റി പ്രസിഡന്റുമായ യാസർ അറാഫത്ത് നിര്യാതനായതോടെ അമേരിക്കൻ ഐക്യനാടും ഇസ്രയേലും പി.എൽ.ഒ.യും അതോറിറ്റിയും ആയി കൂടിയാലോചനകൾ ആരംഭിച്ചു. അറബി-ഇസ്രയേൽ ബന്ധങ്ങൾ സൗഹാർദപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇനിയും വിജയം കണ്ടിട്ടില്ല.[15]

ഇതുംകൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. http://www.middleeastmonitor.com/resources/briefing-papers/1208-christian-muslim-relations-in-palestine Archived 2012-11-08 at the Wayback Machine. An overview of the Christian presence in Palestine
  2. http://www.minorityrights.org/?lid=4919 Although all Israel and the Occupied Territories form geographical Palestine, the definition here refers to all those areas of Palestine occupied by Israel in 1967, namely the West Bank (including East Jerusalem) and the Gaza Strip.
  3. http://www.un.org/News/Press/docs/2012/gapal1240.doc.htm With Two-State Solution 'Increasingly at Risk', Common Objective of
  4. http://encyclopedia2.thefreedictionary.com/Sionist Sionist definition of Sionist in the Free Online Encyclopedia.
  5. http://www.amazon.com/The-British-Palestine-Government-Arab-Jewish/dp/0631175741 The period between the British occupation of Palestine in 1917 and the bloody riots of 1929 could be said to have set the mould for both the institutional and psychological climate for the Arab-Jewish conflict, even up to the present day.
  6. http://avalon.law.yale.edu/20th_century/brwh1939.asp British White Paper of 1939
  7. http://avalon.law.yale.edu/subject_menus/angtoc.asp Anglo-American Committee of Inquiry
  8. http://article.wn.com/view/2012/07/11/Mutiny_fear_in_Israeli_army_as_Zionists_gain_influence/ Mutiny fear in Israeli army as Zionists gain influence
  9. http://www.britannica.com/EBchecked/topic/31492/Arab-Legion Arab Legion
  10. http://www.historyguy.com/suez_war_1956.html This page deals with the Suez War of 1956.
  11. https://www.awm.gov.au/collection/records/awm95/subclass.asp?levelID=1295 Archived 2012-04-23 at the Wayback Machine. South East Asian Conflicts Diaries - AWM95, Sub-class 6/3
  12. http://www.ynetnews.com/Ext/App/TalkBack/CdaViewOpenTalkBack/0,11382,L-4215414-5,00.html Talkbacks Hollywood against Israel | page 5 | Giulio Meotti Ynet
  13. http://www.arcaneknowledge.org/histpoli/palestine.htm A Brief History of the Arab-Israeli Conflict
  14. http://www.danielpipes.org/34/the-other-arab-israeli-conflict-making-americas-middle-east The Other Arab-Israeli Conflict
  15. http://www.historyguy.com/arab_israeli_wars.html Arab-Israeli Wars (1948-Present)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറബി-ഇസ്രയേൽ യുദ്ധങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അറബ്_-_ഇസ്രയേൽ_സംഘർഷം&oldid=4018479" എന്ന താളിൽനിന്ന് ശേഖരിച്ചത്