സൂചിത്തുമ്പി
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം തുമ്പികളാണ് സൂചിത്തുമ്പികൾ (Damselfly) - സൈഗോപ്‌റ്റെറ (Zygoptera). ഒഡോനേറ്റ എന്ന ഓർഡറിനു കീഴിൽ സൈഗോപ്റ്റെറ എന്ന സബ് ഓർഡറിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. തുമ്പികളുടേതിന് സമാനമായ ശരീരപ്രകൃതിയാണെങ്കിലും ഇവയുടെ ശരീരം വളെരെ നേർത്തതാണ്. ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: കനൽവാലൻ ചതുപ്പൻ - Orange-tailed Marsh Dart). മറ്റു തുമ്പികളിൽനിന്നും വ്യത്യസ്തമായി സൂചിത്തുമ്പികൾ ഇരിക്കുമ്പോൾ ചിറകുകൾ ഉടലിനോട് ചേർത്തുവെക്കുന്നതായി കാണാം. എന്നാൽ സൂചിത്തുമ്പികളിൽ ചേരാചിറകൻ (Lestidae) എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന മിക്ക ഇനങ്ങളും ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആണ്.
Damselfly സൂചിത്തുമ്പി | |
---|---|
A male bluetail damselfly (Ischnura heterosticta) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | Zygoptera |
Families | |
|
മരതകത്തുമ്പികൾ (Calopterygidae), നീർരത്നങ്ങൾ (Chlorocyphidae), നിലത്തന്മാർ (Coenagrionidae), അരുവിയന്മാർ (Euphaeidae), പാൽത്തുമ്പികൾ (Platycnemididae), നിഴൽത്തുമ്പികൾ (Platystictidae) എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്ന മറ്റു സൂചിത്തുമ്പി കുടുംബങ്ങൾ. പരിണാമപരമായി വളരെ പുരാതനമായ ഈ ജീവിവർഗ്ഗം അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ടങ്ങളിലും കാണപ്പെടുന്നു.
പദോൽപത്തി
തിരുത്തുക1854-ൽ സെലിസ് തുമ്പികളെ കല്ലൻ തുമ്പികൾ (Anisoptera), സൂചിത്തുമ്പികൾ (Zygoptera) എന്നിങ്ങനെ രണ്ടായി തരം തിരിച്ചു.[1] ζυγός എന്ന ഗ്രീക്ക് പദത്തിന് "തുല്യമായ" എന്നും πτερόν എന്ന ഗ്രീക്ക് പദത്തിന് "ചിറക്" എന്നുമാണ് അർത്ഥം. സൂചിത്തുമ്പികളുടെ പിൻചിറകുകൾക്കും മുൻചിറകുകൾക്കും കല്ലൻ തുമ്പികളെ അപേക്ഷിച്ചു ഒരേ രൂപമാണ് എന്ന് സൂചിപ്പിക്കാനാകണം സൂചിത്തുമ്പികൾക്ക് Zygoptera എന്ന പേര് നൽകിയത്.[1]
നീണ്ടുമെലിഞ്ഞ ഉദരത്തോടു കൂടിയവയായതിനാൽ മലയാളത്തിൽ ഇവയെ സൂചിത്തുമ്പികൾ എന്നു വിളിക്കുന്നു.[2]
തുമ്പികളും സൂചിത്തുമ്പികളും: പ്രധാന വ്യത്യാസങ്ങൾ[3]
തുമ്പികൾ | സൂചിത്തുമ്പികൾ |
മുൻചിറകുകളും പിൻചിറകുകളും വലിപ്പവ്യത്യാസമുള്ളതായിരിക്കും; പിൻചിറകുകളുടെ തുടക്കഭാഗം മുൻചിറകുകളേക്കാൾ വീതികൂടിയവയായിരിക്കും. | മുൻചിറകുകളും പിൻചിറകുകളും വലിപ്പത്തിലും ആകൃതിയിലും ഏകദേശം ഒരുപോലെ കാണപ്പെടുന്നു |
പിൻചിറകുകളുടെ തുടക്കഭാഗം വീതി കൂടുതൽ | ചിറകുകളുടെ തുടക്കഭാഗം വീതി കുറവ് |
വിശ്രമാവസ്ഥയിൽ ചിറകു വിടർത്തിയിരിക്കുന്നു | വിശ്രമാവസ്ഥയിൽ ചിറകുകൾ ഉടലിനോട് ചേർത്ത് വെക്കുന്നു |
നന്നായി പറക്കാൻ കഴിവുള്ളവയാണ് | താരതമ്യേന ദുർബ്ബലമായ പറക്കൽ |
ലാർവ്വ | ലാർവ്വ |
വലിപ്പം കുറഞ്ഞ, എന്നാൽ ശക്തമായ ശരീരം | മെലിഞ്ഞ് ദുർബ്ബലമായ ശരീരം |
ശരീരത്തിന് പുറത്തേക്ക് കാണാത്ത ചെകിളപ്പൂക്കൾ | ഉദരാഗ്രഭാഗത്തായി 3 ചെകിളപ്പൂക്കൾ കാണാം |
സൂചിത്തുമ്പികളുടെ ശരീരഘടന, ജീവിതചക്രം എന്നിവയെല്ലാം തുമ്പികളുടേതിന് സമാനമാണ്. തുമ്പികളെപ്പോലെ ഇവയും ശുദ്ധജലത്തിലാണ് മുട്ടയിടുന്നത് (തുമ്പികളുടെ നിലനിൽപ് ശുദ്ധജലത്തെ ആശ്രയിച്ചായതിനാൽ തുമ്പികളെ ആവാസവ്യവസ്ഥയുടെ ആരോഗ്യസൂചകങ്ങളായാണ് കണക്കാക്കുന്നത്). Caenagrionidae എന്ന കുടുംബത്തിലെ സൂചിത്തുമ്പികൾ ഉപ്പിൻറെ അംശം കൂടുതലുള്ള ജലാശയങ്ങളിൽ മുട്ടയിടുന്നവയാണ്[4].
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Selys-Longchamps, E. (1854). Monographie des caloptérygines (in ഫ്രഞ്ച്). Brussels and Leipzig: C. Muquardt. pp. 1–291 [2]. doi:10.5962/bhl.title.60461.
- ↑ David V Raju, Kiran CG (2013). കേരളത്തിലെ തുമ്പികൾ. Kottayam: TIES. p. 12. ISBN 978-81-920269-1-6.
- ↑ Subramanian, K.A (2009). Dragonflies of India - A Field Guide. Noida: Vigyan Prasar. p. 3. ISBN 978-81-7480-192-0.
- ↑ Osburn, Raymond C. "Observations and Experiments on Dragon-Flies in Brackish Water". The American Naturalist. doi:10.1086/278632.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Zygoptera എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Zygoptera എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- dragonflies and damselflies on the UF / IFAS Featured Creatures Web site