ഡെവോണിയൻ കാലഘട്ടം

(Devonian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Devonian
419.2–358.9 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്
Mean atmospheric O
2
content over period duration
c. 15 vol %[1][2]
(75 % of modern level)
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO
2
അളവ്
c. 2200 ppm[3]
(8 times pre-industrial level)
Mean surface temperature over period duration c. 20 °C[4]
(6 °C above modern level)
Events of the Devonian Period
-420 —
-415 —
-410 —
-405 —
-400 —
-395 —
-390 —
-385 —
-380 —
-375 —
-370 —
-365 —
-360 —
-355 —
Widespread[6]
shrubs & trees
S. America
glaciation begins
Key events of the Devonian Period.
Axis scale: millions of years ago.

പാലിയോസോയിക് മഹാകല്പത്തിലെ നാലാം കല്പമാണ് ഡെവോണിയൻ കാലഘട്ടം. പാലിയോസോയിക് മഹാകല്പത്തിന്റെ ആദ്യകല്പമായി കണക്കാക്കപ്പെടുന്ന ഡെവോണിയൻ ഘട്ടം ഇന്നേക്ക് 408 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച് 360 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് അവസാനിച്ചതായി കരുതപ്പെടുന്നു. മത്സ്യങ്ങളുടെ പരിണാമവും വികാസവും സംബന്ധിച്ച ജീവാശ്മരേഖകൾ വ്യാപകമായി ഉൾക്കൊള്ളുന്ന ഈ കല്പത്തെ പൊതുവേ 'മത്സ്യങ്ങളുടെ കാലം' എന്നു വിശേഷിപ്പിക്കാറുണ്ട്. ഡെവോണിയന്റെ മധ്യത്തോടെ മത്സ്യങ്ങൾ പരിണാമത്തിന്റെ അത്യുന്നതി പ്രാപിച്ചു. ശ്വസനാവയവങ്ങളോടു കൂടിയ മത്സ്യങ്ങളിൽ നിന്ന് ഉഭയജീവികൾ ആവിർഭവിച്ചതും, നാളീവ്യൂഹ സസ്യങ്ങൾ വ്യാപകമായതും, ഭൂമുഖത്ത് ആദ്യമായി വനങ്ങൾ രൂപംകൊണ്ടതും ഉൾപ്പെടെ ജീവജാലങ്ങളുടെ നിരവധി വികാസ പരിണാമങ്ങൾക്ക് ഡെവോണിയൻ വേദിയായി. ആദ്യകാല ഷഡ്പദങ്ങൾ ആവിർഭവിച്ചതും ഡെവോണിയനിയൻ കാലഘട്ടത്തിലായിരുന്നു. ഡെവോണിയന്റെ അവസാനത്തോടെ ചതുഷ്പാദജീവി വർഗങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

പേര് വന്നത്

തിരുത്തുക

1839-ൽ ബ്രിട്ടിഷ് ഭൂവിജ്ഞാനികളായ ആദം ഷെഡ്ജ്വിക്കും (Adam Sedgwick) ആർ.ഐ. മർച്ചിസണും (R.I.Murchison) തെക്കുപടിഞ്ഞാറൻ ഇംഗ്ളണ്ടിലെ ഡെവൺഷെയറിൽ നടത്തിയ പഠനങ്ങളെ അവലംബിച്ചാണ് ഡെവോണിയൻ ശിലാസമൂഹം ആദ്യമായി നിർണയിക്കപ്പെട്ടത്. ഡെവൺഷെയറിൽ നിന്നാണ് ഡെവോണിയൻ എന്ന നാമം നിഷ്പന്നമായിട്ടുള്ളത്. ഡെവൺഷെയർ, കോൺവാൾ എന്നിവിടങ്ങളിൽ കണ്ടെത്തിയ ഡെവോണിയൻ ശിലാനിക്ഷേപങ്ങൾക്ക് 3000 മുതൽ 3200 മീറ്റർ വരെ കനമുണ്ട്. പ്രധാനമായും മണൽക്കല്ല്, സ്ളേറ്റ്, ചുണ്ണാമ്പുകല്ല്, കോൺഗ്ളോമെറേറ്റ്, അഗ്നിപർവതക്ഷാരം, ലാവാസ് തരം എന്നിവയാൽ നിബിഡമാണ് ഈ ശിലാസഞ്ചയം.

ഡെവോണിയൻ ശിലാസഞ്ചയങ്ങൾ

തിരുത്തുക

ഇംഗ്ളണ്ടിനു പുറമേ, വടക്കുകിഴക്കൻ ഫ്രാൻസ്, പശ്ചിമ ജർമനി, ഉത്തര ബൽജിയം എന്നിവിടങ്ങളിലും ഏഷ്യയിൽ വ്യാപകമായും ഡെവോണിയൻ ശിലാസമൂഹങ്ങൾ ഉപസ്ഥിതമായിട്ടുണ്ട്. റഷ്യയിൽ റഷ്യൻ പ്ളാറ്റ്ഫോമിനടിയിൽ നിക്ഷിപ്തമായിട്ടുള്ള ഡെവോണിയൻ ശിലാ സമൂഹങ്ങൾ ലെനിൻഗ്രാഡ്, യൂറാൾ മേഖലകളിൽ അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും നല്ല ഡെവോണിയൻ ശ്രേണി 1842-ൽ ജയിംസ് ഹാൾ (James Hall) ന്യൂയോർക്കിൽ നിർണയിച്ചു. ന്യൂയോർക്കിനു പുറമേ, റോക്കി പർവതനിരകളുടെ വിവിധ ഭാഗങ്ങളിൽ പശ്ചിമ കോർഡില്ലെറൻ (cordilleran) വലയത്തിലും ഡെവോണിയൻ ശിലാസഞ്ചയങ്ങൾ വ്യാപകമായി കാണപ്പെടുന്നുണ്ട്. തെക്കേ അമേരിക്ക, അന്റാർട്ടിക്ക, ഓസ്ട്രേലിയ, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലും ഡെവോണിയൻ ശിലകൾ കാണാം.

വൻകരകളിൽ രൂപംകൊണ്ട ഡെവോണിയൻ നിക്ഷേപങ്ങളിൽ പൊതുവേ മരുഭൂമണൽക്കല്ല്, തടാകനിക്ഷേപങ്ങൾ, നദീജന്യ അവ സാദങ്ങൾ എന്നിവ ഉൾപ്പെടുന്നു. സവിശേഷമായ ചുവപ്പു നിറം ഇവയുടെ പ്രത്യേകതയാണ്. 1841-ൽ ഹ്യൂ മില്ലർ (Hugh Miller) ഡെവോണിയൻ വൻകരാനിക്ഷേപങ്ങളെ ആദ്യമായി വിശദമായ ഗവേഷണപഠനങ്ങൾക്കു വിധേയമാക്കി. സ്കോട്ട്ലൻഡ്, ഗ്രീൻ ലൻഡ്, കനേഡിയൻ ആർക്ടിക്ദ്വീപുകളുടെ ഭാഗങ്ങൾ, അമേരിക്കയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കണ്ടെത്തിയ ഡെവോണിയൻ വൻകരാ നിക്ഷേപങ്ങളെ മില്ലർ 'ഓൾഡ് റെഡ് സാൻഡ് സ്റ്റോൺ' എന്നു വിശേഷിപ്പിച്ചു. ഇംഗ്ളണ്ടിലാണ് ഇത്തരം നിക്ഷേപങ്ങൾ ഏറ്റവും പ്രകടമായി കാണപ്പെടുന്നത്.

ഡെവോണിയൻ ശിലാസമൂഹങ്ങളിൽ നിബദ്ധമായിരിക്കുന്ന ഫോസിലുകളുടെ അടിസ്ഥാനത്തിൽ ഡെവോണിയൻ കല്പത്തെ അധോ, മധ്യ, ഉത്തര ശ്രേണികളായും സമതുലിത യുഗങ്ങളായും (epoch) വിഭജിച്ചിരിക്കുന്നു. ഡെവോണിയൻ ശിലാസമൂഹങ്ങളുടെ കാലനിർണയനത്തിലും താരതമ്യപഠനത്തിലും ബയോസ്ട്രാറ്റിഗ്രഫി (Biostratigraphy) സുപ്രധാന പങ്കു വഹിക്കുന്നു. ഫോസിൽ വർഗങ്ങളുടെ പരിണാമവും വ്യാപ്തിയുമാണ് ബയോസ്ട്രാറ്റിഗ്രഫിയുടെ അടിസ്ഥാനം. ഗ്രാപ്റ്റൊലൈറ്റുകൾ അധോ-ഡെവോണി യന്റേയും അമണോയിഡുകൾ ഉത്തര-ഡെവോണിയന്റേയും കാലനിർണയത്തിന് ഭൂവിജ്ഞാനികളെ സഹായിക്കുമ്പോൾ പ്രാദേശിക ഡെവോണിയൻ ശിലാവിധാനങ്ങളുടെ പഠനങ്ങൾക്ക് ബ്രാക്കിയോപോഡ്, വിവിധയിനം പവിഴങ്ങൾ, ഒസ്ട്രകോഡ്, ട്രൈലൊബൈറ്റ എന്നീ ഫോസിലുകളാണ് ഏറെ സഹായകമാകുന്നത്.

പുരാകാന്തിക പഠനങ്ങളുടേയും ആധുനിക ഭൂവിജ്ഞാനീയം നൽകുന്ന തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വൻകരകളുടെ ഡെവോണിയൻ കല്പത്തിലെ സ്ഥാന നിർണയവും ചലനങ്ങളും നിർണയിക്കപ്പെട്ടിട്ടുള്ളത്. ഈ പഠനങ്ങളുടെ അടിസ്ഥാന ത്തിൽ ഇന്നത്തെ യൂറോപ്പ്, ഗ്രീൻലൻഡ്, വടക്കേ അമേരിക്ക എന്നിവ ഒന്നുചേർന്ന് ലാറേഷ്യ എന്ന ബൃഹദ് വൻകരയായും ഇന്ത്യ, ഓസ്ട്രേലിയ, അന്റാർട്ടിക്ക, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവ കൂടിച്ചേർന്ന് ഗോണ്ട്വാന എന്ന മഹാഖണ്ഡമായും ഭൂമുഖത്ത് നിലനിന്നിരുന്നു. ഈ വൻകരകളുടെ നല്ലൊരുഭാഗം ആഴം കുറഞ്ഞ സമുദ്രങ്ങളാൽ ആവൃതമായിരുന്നു.

ഡെവോണിയൻ കല്പത്തിന്റെ ആരംഭത്തിനു മുമ്പ് സമുദ്രങ്ങളുടെ അടിത്തട്ടിൽ നിക്ഷേപിക്കപ്പെട്ട കനം കൂടിയ അവസാദപാളികളുടെ അട്ടികൾ ജിയോസിൻക്ളൈനുകളുടെ രൂപവത്കരണത്തിന് നിദാനമായിത്തീർന്നിരുന്നു. ഡെവോണിയനിലും ഇവയിൽ അവസാദ നിക്ഷേപണം തുടർന്നു. അയർലണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച്; ഫ്രാൻസ്, ബെൽജിയം, ജർമനി എന്നിവടങ്ങളിലൂടെ വ്യാപിച്ച്; ദക്ഷിണപോളണ്ടുവരെ എത്തുന്ന യൂറോപ്പിലെ ഹെർസീനിയൻ ജിയോസിൻക്ളൈൻ ആണ് ഇവയിൽ പ്രധാനം. കാർബോണിഫെറസ് കല്പത്തിന്റെ അവസാന ഘട്ടത്തോടെ ഈ അവസാദ വലയം ശക്തമായ വലന പ്രക്രിയയ്ക്ക് വിധേയമായിത്തീർന്നു. നൊവായ സെംല്യയിൽ (Novaya Zemlya) നിന്ന് ആരംഭിച്ച് തെക്കോട്ട് ഇറാൻ മുതൽ കസാഖിസ്താൻ വരെ വ്യാപിച്ചിരുന്ന യൂറാൾ ജിയോസിൻക്ളൈൻ ആയിരുന്നു രണ്ടാമത്തേത്. സൈബീരിയൻ പ്ളാറ്റ്ഫോമിന് തെക്ക് മധ്യേഷ്യൻ ഭാഗത്ത് വിസ്തൃതമായി വ്യാപിച്ചിരുന്ന ജിയോസിൻക്ളൈൻ ആണ് അൻഗാര (Angara). ഇത് ടിയൻഷാൻ പർവതത്തിൽ നിന്ന് ആരംഭിച്ച് മംഗോളിയയിലൂടെ പസിഫിക് തീരം വരെ വ്യാപിച്ചിരുന്നു. യൂറോപ്പിൽ സ്പെയിനിലും ആൽപൈൻ വലയത്തിൽപ്പെട്ട ഗിരിപിണ്ഡ(massif)ങ്ങളിലും ഡെവോണിയൻ ശിലാസമൂഹം അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിമാലയം മുതൽ മലേഷ്യവരെ വ്യാപിച്ചിട്ടുള്ള ടെർഷ്യറി വലന വലയത്തിനുള്ളിലും ഡെവോണിയൻ ശിലകൾ ഉൾപ്പെട്ടുകാണുന്നു.

വടക്കെ അമേരിക്കയിലെ അപ്പലേച്ചിയൻ ജിയോസിൻക്ളൈനിൽ 7500 മീ. വരെ കനത്തിൽ ഡെവോണിയൻ അവസാദ നിക്ഷേപം സംജാതമായി. എന്നാൽ വടക്കേ അമേരിക്കൻ ക്രാട്ടൺ (craton) ഭാഗങ്ങളിലെ അവസാദ നിക്ഷേപങ്ങൾക്ക് കനം തീരെ കുറവായിരുന്നു. ഈ ജിയോസിൻക്ളൈനിന്റെ കിഴക്കൻ ഭാഗത്ത് രൂപീകൃതമായ ഡെവോണിയൻ ശിലകൾ പാലിയോസോയിക്കിന്റെ അന്ത്യത്തോടെ വലനം, കായാന്തരീകരണം തുടങ്ങിയ ഭൂപ്രക്രിയകൾക്കു വിധേയമായി. എന്നാൽ പടിഞ്ഞാറൻ ഭാഗമായ ഇപ്പോഴത്തെ അപ്പലേച്ചിയൻ പീഠഭൂമി പ്രദേശം വലന പ്രക്രിയയ്ക്കു വിധേയമാവാതെ സ്വതന്ത്രമായി അവശേഷിച്ചു.

മധ്യ ഡെവോണിയനിലെ സുപ്രധാന പർവതന പ്രക്രിയയായി കണക്കാക്കപ്പെടുന്ന അകാഡിൻ പർവതന(acadin orogemy)മാണ് വടക്കൻ അപ്പലേച്ചിയൻ പർവതന രൂപവത്കരണത്തിന് വഴിതെളിച്ചത്. ഈ പ്രക്രിയയുടെ ഫലമായി കാറ്റ്സ്കിൽ (Catskill) പർവത മേഖലകളിൽ വൻകരകളിൽ രൂപംകൊണ്ട അവസാദങ്ങളായ ചുവന്ന മണൽക്കല്ല്, കോൺഗ്ളോമെറേറ്റ് എന്നിവ നിക്ഷിപ്തമായി. ഈ നിക്ഷേപങ്ങൾക്ക് നേർവിപരീതമാണ് വടക്കേ അമേരിക്കയി ലെ മധ്യമേഖലാ ഡെവോണിയൻ നിക്ഷേപങ്ങൾ; കാർബണേറ്റ് ശിലകൾക്കാണ് ഇവിടെ പ്രാമുഖ്യം. ഡെവോണിയന്റെ അവസാന ത്തോടെ യു.എസ്സിലെ നെവാദ മുതൽ കാനഡയിലെ തെക്കേ ആൽബെർട്ട വരെ വ്യാപിച്ച പശ്ചിമ ശിലാവലയങ്ങൾ, അന്റ്ലെർ പർവതനത്തിന്റെ ഫലമായി ശക്തമായ രൂപവൈകൃതത്തിന് വിധേയമായി. പരിസ്ഥിതിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച ഈ മാറ്റങ്ങൾ ജീവിവർഗങ്ങളുടെ വ്യാപകമായ തിരോധാനത്തിന് വഴിതെളിക്കുകയും, ഫലത്തിൽ ഡെവോണിയൻ കല്പത്തിനു തന്നെ വിരാമം കുറിക്കുകയും ചെയ്തു.

ഡെവോണിയൻ ശിലാസഞ്ചയങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ജൈവ റീഫുകൾ, കാർബണേറ്റ് നിക്ഷേപം, ഇളംചൂടുള്ള വെള്ളത്തിൽ വളർന്നു പെരുകുന്ന ജലജീവികളുടെ ഫോസിലുകൾ തുടങ്ങിയവയെ സംബന്ധിച്ച പഠനങ്ങൾ ഡെവോണിയനിൽ പൊതുവേ ഉഷ്ണ-കാലാവസ്ഥയായിരുന്നുവെന്നു സൂചിപ്പിക്കുന്നു. എന്നാൽ ഓൾഡ് റെഡ് സാൻഡ് സ്റ്റോൺ, അവശോഷിത നിക്ഷേപം എന്നിവ നല്കുന്ന സൂചന ഭൂമുഖത്തെ ചില ഭാഗങ്ങളിൽ താരതമ്യേന വരണ്ട കാലാവസ്ഥയും ദക്ഷിണധ്രുവമേഖലയിൽ നിലനിന്ന ഗോണ്ട്വാനയിൽ ഭാഗികമായി തണുത്ത കാലാവസ്ഥയും അനുഭവപ്പെട്ടിരുന്നു എന്നാണ്.

ജീവജാലങ്ങൾക്ക്, പ്രത്യേകിച്ചും സമുദ്രജീവിവർഗങ്ങൾക്ക് ഏറ്റവുമധികം വികാസപരിണാമങ്ങൾ സംഭവിച്ച പാലിയോസോയിക് കല്പമായിരുന്നു ഡെവോണിയൻ. ഈ കല്പത്തിൽ വൈവിധ്യമാർന്ന നിരവധി ജീവിവർഗങ്ങൾ പരിണമിക്കുകയും ഒട്ടനവധി വർഗങ്ങൾ തിരോഭവിക്കുകയും ചെയ്തു. വൻകരകളിൽ പ്രധാനമായും സസ്യങ്ങൾ, കശേരുകികൾ, അകശേരുകികൾ എന്നിവ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. നാളീവ്യൂഹസസ്യങ്ങൾക്കു പുറമേ, ഇടതൂർന്ന വനങ്ങളും ഭൂമുഖത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടു. മത്സ്യങ്ങൾക്കുണ്ടായ അഭൂതപൂർവമായ വികാസപരിണാമമായിരുന്നു ഈ കല്പത്തിന്റെ മറ്റൊരു സവിശേഷത. ചതുഷ്പാദ ജീവികൾക്കു പുറമേ ഉഭയജീവികൾ ആവിർഭവിച്ചതും ഡെവോണിയനിലായിരുന്നു. എന്നാൽ ഡെവോണിയന്റെ അവസാനത്തോടെ സമുദ്രനിരപ്പിലുണ്ടായ ഉയർച്ച നിരവധി ജീവിവർഗങ്ങളുടെ വംശനാശത്തിനു വഴിതെളിച്ചു.

ആൽഗകൾക്കായിരുന്നു ഡെവോണിയൻ സസ്യജാലത്തിൽ നിർണായക സ്ഥാനം. എന്നാൽ ഡെവോണിയൻ ആൽഗാ-ഫോസിലുകളുടെ പരിമിതി ഇവയെക്കുറിച്ചുള്ള പഠനം ദുഷ്കരമാക്കുന്നു. സ്ടോമറ്റോലൈറ്റ് ആൽഗകൾ ഡെവോണിയൻ പവിഴപ്പുറ്റുകളുടെ അടിസ്ഥാന ഘടകമായി മാറി. ഡെവോണിയന്റെ ആരംഭത്തിനു മുമ്പുതന്നെ ജലസംവഹന കലകളാൽ സമ്പുഷ്ടമായ സംവഹന സസ്യങ്ങൾ ആവിർഭവിച്ചിരുന്നു. ആദ്യകാല സംവഹന സസ്യങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് സിലിഫൈറ്റോപ്സിഡ (psiliphytopsida). അന്ത്യ സൈലൂറിയൻ കല്പത്തിലെ നിക്ഷേപങ്ങളിൽ നിബദ്ധമായിരിക്കുന്ന സസ്യഫോസിലുകളിൽ ഭൂരിഭാഗവും സംവഹന സസ്യങ്ങളുടേതാണ്. സസ്യാവശിഷ്ടങ്ങളുടെ വൻ നിക്ഷേപങ്ങളും സുപ്താണുക്കളുംകൊണ്ട് സമ്പന്നമാണ് ഡെവോണിയൻ അവസാദങ്ങൾ.

സമുദ്രജീവിവർഗങ്ങൾക്കാണ് ഡെവോണിയനിൽ ഏറ്റവും കൂടുതൽ വികാസപരിണാമം സംഭവിച്ചത്. ബ്രാക്കിയോപോഡ്, പവിഴം, എക്കിനോഡേം, സ്പോഞ്ച്, മൊളസ്ക് തുടങ്ങിയ അകശേരുകികളുടെ ആധിക്യം ഡെവോണിയൻ സമുദ്രങ്ങളുടെ പ്രത്യേ കതയായിരുന്നു. ഒസ്ട്രാകോഡ്, പ്ളാക്കോഡേം, അകാൻതോഡിയൻ എന്നിവ ഈ കല്പത്തിൽ പരിണാമത്തിന്റെ ഉന്നതിയിൽ എത്തി. ബ്രയോസോവ, ട്രൈലൊബൈറ്റ, ഗാസ്ട്രപോഡ്, സെഫലാപോഡ്, എക്കിനോയ്ഡ്, ക്രിനോയ്ഡ് എന്നിവ ഡെവോണിയൻ അക ശേരുകികളിൽ പ്രാധാന്യം അർഹിക്കുന്നു. അധോഡെവോണിയൻ നിക്ഷേപങ്ങളിലാണ് ഗ്രാപ്റ്റൊലൈറ്റ് ഫോസിലുകൾ നിബദ്ധമായിട്ടുള്ളത്. ഡെവോണിയൻ നിക്ഷേപങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന കോണോഡോണ്ട്സ് (conodonts), ഗോണിയാറ്റൈറ്റീസ് (goniaatities) ഫോസിലുകൾ ഡെവോണിയൻ നിക്ഷേപങ്ങളുടെ താരതമ്യപഠനത്തിന് ഏറെ സഹായകമാണ്.

പൊതുവേ മത്സ്യങ്ങളുടെ വികാസപരിണാമത്തിന്റെ കാലഘട്ടം എന്നാണ് ഡെവോണിയനെ വിശേഷിപ്പിക്കുന്നത്. സൈലൂറിയൻ കല്പത്തിന്റെ അവസാനത്തിലും മധ്യഡെവോണിയനിലുമാണ് മത്സ്യങ്ങൾ നിർണായകമായ തോതിൽ പരിണാമത്തിനു വിധേയ മായത്. നിരവധിയിനം പുതിയ മത്സ്യങ്ങൾ ഈ കല്പത്തിൽ ആവിർഭവിച്ചു. യഥാർഥ താടിയെല്ലോടുകൂടിയ ഗന്തോസ്റ്റോമാ (Ganthostoma) മത്സ്യം ആവിർഭവിച്ചതും ഡെവോണിയനിൽ ആയിരുന്നു.

സാമ്പത്തിക പ്രാധാന്യമുള്ള നിരവധി ഖനിജങ്ങളുടെ സ്രോതസ്സാണ് ഡെവോണിയൻ ശിലാസഞ്ചയം. ഡെവോണിയൻ വൻകരാ നിക്ഷേപങ്ങളിൽ പ്രധാനമായും കെട്ടിട നിർമ്മാണത്തിനും സിമന്റ് നിർമ്മാണത്തിനും ഉപയുക്തമായ ശിലകൾ, കളിമണ്ണ്, സ്ളേറ്റ്, ഉപ്പുപാറ, സ്ഫടിക മണൽ, അൻഹൈഡ്രൈറ്റ്സ് എന്നിവ ഉൾപ്പെടുന്നു. ജർമനിയിലെ ഡെവോണിയൻ ശിലാസഞ്ചയം ഇരുമ്പയിരിന്റെ കനത്ത സ്രോതസ്സാണ്. ലോകത്തിലെ ഏറ്റവും വലിയ ചുണ്ണാമ്പുകല്ല് നിക്ഷേപമായ മിഷിഗണിലെ ചുണ്ണാമ്പുഖനി ഡെവോണിയൻ സഞ്ചയത്തിലാണ് സ്ഥിതി ചെയ്യുന്നത്. പെൻസിൽവേനിയയിലേയും ന്യൂയോർക്കിലേയും ഡെവോണിയൻ ശിലകൾ എണ്ണയും പ്രകൃതി വാതകവും പ്രദാനം ചെയ്യുന്നു. 1944-ൽ യൂറാൾ-വോൾഗാ തടത്തിലെ ഡെവോണിയൻ മണൽക്കൽ നിക്ഷേപത്തിൽ ഹൈഡ്രോ കാർബണും 1947-ൽ ആൽബർട്ടയിലെ കാർബണേറ്റ് നിക്ഷേപത്തിൽ എണ്ണയും കണ്ടെത്തി. ഉപ്പുപാറയും അൻഹൈഡ്രൈറ്റുമാണ് ഡെവോണിയൻ ശോഷണ നിക്ഷേപങ്ങളിൽ പ്രധാനപ്പെട്ടവ.

  1. Image:Sauerstoffgehalt-1000mj.svg
  2. File:OxygenLevel-1000ma.svg
  3. Image:Phanerozoic Carbon Dioxide.png
  4. Image:All palaeotemps.png
  5. Kaufmann, B. (2004). "The numerical age of the Upper Frasnian(Upper Devonian) Kellwasser horizons: A new U-Pb zircon date from Steinbruch Schmidt(Kellerwald, Germany)". The Journal of geology. 112 (4): 495–501. doi:10.1086/421077. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. Algeo, T.J. (1998). "Terrestrial-marine teleconnections in the Devonian: links between the evolution of land plants, weathering processes, and marine anoxic events". Philosophical Transactions of the Royal Society B: Biological Sciences. 353 (1365): 113–130.
"https://ml.wikipedia.org/w/index.php?title=ഡെവോണിയൻ_കാലഘട്ടം&oldid=2269243" എന്ന താളിൽനിന്ന് ശേഖരിച്ചത്