ദമാസ്കസിലെ യോഹന്നാൻ

(യോഹന്നാൻ ദമസേന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ ഒരു സിറിയൻ ക്രിസ്തീയതാപസനും പുരോഹിതനും വേദശാസ്ത്രിയും ആയിരുന്നു ദമാസ്കസ്സിലെ യോഹന്നാൻ(Arabic: يوحنا الدمشقي, romanized: Yūḥnā ad-Dimashqī) അഥവാ "യോഹന്നാൻ ദമസേന". 'സുവർണ്ണഭാഷി' എന്നർത്ഥമുള്ള 'ക്രിസോറോയസ്' എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. അറബിവംശജനായിരുന്ന യോഹന്നാന്റെ പശ്ചാത്തലം ഉമയ്യാദ് ഖലീഫമാരുടെ കാലത്തെ സിറിയയിലെ ഉപരിവർഗ്ഗത്തിൽ ആയിരുന്നു. തലസ്ഥാനനഗരിയായ ദമാസ്കസിൽ ജനിച്ചു വളർന്ന അദ്ദേഹം യെരുശലേമിനടുത്തുള്ള മാർ സാബാ ആശ്രമത്തിൽ ജീവിതാവസാനം ചെലവഴിച്ച് അവിടെ മരിച്ചു.(ജനനം: എഡി 645 അഥവാ 676; മരണം 749 ഡിസംബർ 4)[1]

ദമാസ്കസിലെ വിശുദ്ധ യോഹന്നാൻ
വിശുദ്ധ യോഹന്നാൻ ദമസേന
വേദപാരംഗതൻ
ജനനംഏഡി 645 അഥവാ 676
ദമാസ്കസ്
മരണം749 ഡിസംബർ 4
മാർ സാബാ, യെരുശലേം
വണങ്ങുന്നത്പൗരസ്ത്യ ഓർത്തഡോക്സ് സഭ
റോമൻ കത്തോലിക്കാ സഭ
പൗരസ്ത്യ കത്തോലിക്കാ സഭകൾ
ലൂഥറൻ സഭ
ആംഗ്ലിക്കൻ കൂട്ടായ്മ
നാമകരണംപ്രി-കോൺഗ്രഗേഷൻ
ഓർമ്മത്തിരുന്നാൾഡിസംബർ 4
മാർച്ച് 27 (റോമൻ പഞ്ചാംഗം 1890-1969)

ക്രിസ്തീയതയെ നിർവചിക്കാനും വിശ്വാസത്തിലെ വിമതധാരകളും ഇസ്ലാം മതവും ഉയർത്തിയ വെല്ലുവിളികളെ നേരിടാനും ശ്രമിച്ച യോഹന്നാൻ പ്രഗല്ഭനായ ഒരു എഴുത്തുകാരനായിരുന്നു. ബൈസാന്തിയൻ ഭരണകൂടത്തിന്റെ പിന്തുണയോടെ പൗരസ്ത്യക്രിസ്തീയതയിൽ അക്കാലത്തു ശക്തിപ്പെട്ടിരുന്ന പ്രതിമാഭഞ്ജനവാദത്തിന്റെ (Iconoclasm) നിശിതവിമർശകനെന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. ഉമയ്യാദ് ഇസ്ലാമിക ഭരണത്തിൽ കീഴിൽ ജീവിച്ചിരുന്നെങ്കിലും ഇസ്ലാം മതത്തിന്റേയും തീവ്രവിമർശകനായിരുന്നു യോഹന്നാൻ. "അറിവിന്റെ ജലധാര" (Fountain of Wisdom) എന്ന അദ്ദേഹത്തിന്റെ കൃതി, തോമസ് അക്വീനാസ് ഉൾപ്പെടെയുള്ള ക്രിസ്തീയചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്. പൗരസ്ത്യ, പാശ്ചാത്യക്രിസ്തീയതകളിൽ ഒരുപോലെ മാനിക്കപ്പെടുന്ന ആ രചന ക്രൈസ്തവിശ്വാസത്തിന്റെ സാരസംഗ്രഹത്തിനുള്ള ആദ്യശ്രമമായിരുന്നു.[2]

പൗരസ്ത്യക്രിസ്തീയതയുടെ ആരാധനകളിൽ ഇക്കാലം വരെ ഉപയോഗത്തിലിരിക്കുന്ന ഒട്ടെറെ പ്രാർത്ഥനാഗീതങ്ങളുടെ കർത്താവെന്ന പ്രാധാന്യവും അദ്ദേഹത്തിനുണ്ട്. പൗരസ്ത്യപാരമ്പര്യത്തിലെ അവസാനത്തെ സഭാപിതാവായി യോഹന്നാൻ കണക്കാക്കപ്പെടുന്നു. കത്തോലിക്കാ സഭയും അദ്ദേഹത്തെ വേദപാരംഗതനായി മാനിക്കുന്നു. മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെക്കുറിച്ച് എഴുതിയിട്ടുള്ള യോഹന്നാന്[2] കത്തോലിക്കാസഭയിൽ "സ്വർഗ്ഗാരോഹണത്തിന്റെ വേദശാസ്ത്രി" (Doctor of the Assumption) എന്ന അപരനാമവുമുണ്ട്.

പശ്ചാത്തലം

തിരുത്തുക
 
ദമാസ്കസിലെ യോഹന്നാൻ, മറ്റൊരു ചിത്രം

യോഹന്നാന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് ആശ്രയിക്കാനുള്ളത് അദ്ദേഹം മരിച്ച് 200 വർഷങ്ങൾക്കു ശേഷം യെരുശലേമിലെ പാത്രിയർക്കീസ് ജോൺ എഴുതിയ ജീവചരിത്രമാണ്. ഐതിഹ്യങ്ങളും യാഥാർത്ഥ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന രചനയാണത്.[3][4] വിശദാംശങ്ങളുടെ അഭാവവും ഭാഷാപരമായ ആർഭാടങ്ങളും അതിന്റെ മറ്റു ബലഹീനതകളാണ്. ഇക്കാരണങ്ങളാൽ ചരിത്രദൃഷ്ട്യാ വിശ്വസനീയത കുറഞ്ഞ ആ കൃതിയിൽ നിന്നു വേർതിരിച്ചെടുക്കാവുന്ന വിവരങ്ങൾ അനുസരിച്ച്, മൻസൂർ എന്ന അറബിപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു ക്രിസ്തീയകുടുംബത്തിലാണ് യോഹന്നാൻ ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ മൻസൂർ ഇബിൻ സാർഗൻ, ബൈസാന്തിയൻ ഭരണത്തിൻ കീഴിൽ നഗരത്തിലെ അവസാനത്തെ രാജപ്രതിനിധിയായിരുന്നു. പിതാവ് സെർജിയസ്, പുതുതായി സ്ഥാപിക്കപ്പെട്ട ഉമയ്യാദ് ഭരണത്തിലും ഉന്നതസ്ഥാനം വഹിച്ചു.

വിദ്യാഭ്യാസം

തിരുത്തുക

പിതാവിന്റെ ദത്തുപുത്രനായി കോസ്മാസ് എന്ന ഒരു സഹോദരനും അദ്ദേഹത്തിനുണ്ടായിരുന്നു. അവരിരുവരുടേയും ഉപരിപഠനം ഇറ്റലിക്കാരനായ ഒരു സന്യാസിയുടെ കീഴിലായിരുന്നു. ഇറ്റലിയിൽ സിസിലിയുടെ തീരത്തു നടന്ന ഒരു അടിമവേട്ടയിൽ പിടിക്കപ്പെട്ട് ദമാസ്കസിലെത്തിയ ആ സന്യാസിയുടെ പേരും കോസ്മാസ് എന്നായിരുന്നു. യോഹന്നാന്റെ പിതാവ് സന്യാസിയെ അടിമത്തത്തിൽ നിന്നു മോചിപ്പിച്ച് മക്കളുടെ അദ്ധ്യാപനം ഭരമേല്പിക്കുകയായിരുന്നു. കോസ്മാസിന്റെ ശിക്ഷണത്തിൽ യോഹന്നാൻ താമസിയാതെ എല്ലാ വിജ്ഞാനശാഖകളിലും നൈപുണ്യം സമ്പാദിച്ചെന്നും ബീജഗണിതത്തിൽ ഡയഫാന്റസിനും ക്ഷേത്രഗണിതത്തിൽ യൂക്ലിഡിനും ഒപ്പമെത്തിയെന്നും സംഗീതത്തിലും ജ്യോതിശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും സമാനമായ പ്രാവീണ്യം നേടിയെന്നുമാണ് ജീവചരിത്രകാരന്റെ സാക്ഷ്യം.[2]

ഉദ്യോഗം, സന്യാസം

തിരുത്തുക

യുവപ്രായത്തിൽ പിതാവിന്റെ ഉദ്യോഗം ഏറ്റെടുത്ത യോഹന്നാൻ ദമാസ്കസ് നഗരസമിതിയുടെ അദ്ധ്യക്ഷനായി (chief Councillor).[5] എന്നാൽ പിന്നീട് ആ പദവിയിൽ നിന്നു പുറത്തായ അദ്ദേഹം യെരുശലേമിനടുത്തുള്ള മാർ സാബാസ് ആശ്രമത്തിൽ ചേർന്നു സന്യാസിയായി. ദത്തുസഹോദരൻ കോസ്മസും സന്യാസത്തിൽ അദ്ദേഹത്തിന്റെ വഴി പിന്തുടർന്നു. ഗ്രീക്കു ക്രിസ്തീയതയിൽ ബൈസാന്തിയൻ ചക്രവർത്തി ലിയോയുടെ പിന്തുണയോടെ പ്രചരിച്ചിരുന്ന പ്രതിമാഭഞ്ജനവാദത്തിനെതിരെ യോഹന്നാൻ തൂലിക ചലിപ്പിച്ചതാണ് അദ്ദേഹത്തിന്റെ അധികാരനഷ്ടത്തിൽ കലാശിച്ചതെന്ന് ജീവചരിത്രകാരൻ പറയുന്നു. പ്രതിമാവണക്കത്തിന്റെ വക്തായി നിലകൊണ്ട യോഹന്നാൻ ചക്രവർത്തിയുടെ ശത്രുത സമ്പാദിച്ചെന്നും, ഉമയ്യാദ് ഭരണകൂടത്തെ അദ്ദേഹത്തിനെതിരെ തിരിക്കാനായി രാജദ്രോഹം സൂചിപ്പിക്കുന്ന ഒരു കത്ത് അദ്ദേഹത്തിന്റേതായി ചക്രവർത്തി ചമച്ചുണ്ടാക്കിയെന്നും അങ്ങനെ അദ്ദേഹം അധികാരഭ്രഷ്ടനായെന്നുമാണ് കഥ.[൧] കോലാഹലങ്ങൾക്കൊടുവിൽ വസ്തുസ്ഥിതി മനസ്സിലാക്കിയ ഖലീഫ യോഹന്നാനെ പദവിയിൽ തിരികെ പ്രവേശിക്കാൻ സന്നദ്ധനായെങ്കിലും സന്യാസിയാകാനാണത്രെ അദ്ദേഹം തീരുമാനിച്ചത്. എന്നാൽ പ്രതിമാഭഞ്ജനവിവാദത്തിന്റെ തുടക്കത്തിനു മുൻപേ യോഹന്നാൻ സന്യാസത്തിൽ പ്രവേശിച്ചിരുന്നെന്നും അതിനാൽ ഈ കഥ വാസ്തവമാകാൻ വഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[3]

മാർ സാബാസിൽ

തിരുത്തുക

യെരുശലേമിനടുത്തുള്ള മാർ സാബാ ആശ്രമത്തിൽ സന്യാസിയായി ചേർന്ന യോഹന്നാൻ ശരീരത്തെ കഠിനമായി ക്ലേശിപ്പിക്കുന്ന തപശ്ചര്യകളിലൂടെ പുണ്യപൂർണ്ണത അന്വേഷിച്ചു. ഇക്കാലത്ത് അദ്ദേഹം പൗരോഹിത്യവും സ്വീകരിച്ചു. തപസചര്യകൾക്കിടെ അദ്ദേഹം തന്റെ പണ്ഡിതോചിതമായ കൃതികളുടേയും കീർത്തനങ്ങളുടേയും രചനക്കും അവസരം കണ്ടെത്തി.[6] അക്കാലത്ത് മതത്തിന്റെ മേഖലയിൽ സജീവമായിരുന്ന മുഖ്യസംവാദങ്ങളിൽ യോഹന്നാന്റെ പങ്കാളിത്തം ശ്രദ്ധേയമായി. ചിന്തയിലും എഴുത്തിലും തപസ്സിലും മുഴുകി എല്ലാവർക്കും ഇഷ്ടപ്പെട്ടവനായി ജീവിച്ച അദ്ദേഹത്തിന്റെ മരണം 104 വയസ്സിന്റെ അതിവാർദ്ധക്യത്തിൽ ആയിരുന്നെന്ന് ഒരു പാരമ്പര്യമുണ്ട്. മാർ സാബാസ് ആശ്രമത്തിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.[7]

എഴുത്തും ചിന്തയും

തിരുത്തുക
 
ദമാസ്കസിലെ യോഹന്നാൻ - ഒരു ഗ്രീക്ക് രൂപം

യോഹാന്നാന്റെ മുഖ്യകൃതിയായ "അറിവിന്റെ ജലധാര" (Fountain of Wisdom) മൂന്നു വിഭാഗങ്ങൾ ചേർന്നതാണ്. ഒന്നാം ഭാഗം അരിസ്റ്റോട്ടിലിയൻ യുക്തിയുടെ വിശകലനവും ക്രിസ്തീയചിന്തയിലെ അതിന്റെ പ്രസക്തിയുടെ അന്വേഷണവുമാണ്. രണ്ടാം ഭാഗം വേദവ്യതിചലനങ്ങളിൽ മുഖ്യമായവയുടെ വിവരണവും വിമർശനവുമാണ്. യോഹന്നാന്റെ പ്രസിദ്ധമായ ഇസ്ലാം മതവിമർശനം ഈ ഖണ്ഡത്തിലെ ഒരദ്ധ്യായമാണ്. ഇസ്ലാമിനെ ഒരു വ്യതിരിക്തധർമ്മം എന്നതിനു പകരം ക്രിസ്തീയതയിലെ വിമതധാരകളിലൊന്നായി കണക്കാക്കിയ അദ്ദേഹം അതിനെ "ഇസ്മായേലികളുടെ പാഷണ്ഡത" എന്നു വിളിക്കുന്നു. 'ജലധാര'-യുടെ കാതലായ മൂന്നാം ഭാഗം ക്രിസ്തീയമുഖ്യധാരയിലെ വിശ്വാസങ്ങളുടെ പൗരസ്ത്യവീക്ഷണത്തിൽ നിന്നുള്ള വിശദീകരണമാണ്. സഭാപിതാക്കന്മാരുടേയും സൂനഹദോസുകളുടേയും പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ ഒരു ദൈവശാസ്ത്രവ്യവസ്ഥയുടെ തന്നെ അവതരണമാണ് ഈ ഭാഗം. കപ്പദോച്ചിയൻ പിതാക്കന്മാർ ഉൾപ്പെടെയുള്ള മുൻകാലചിന്തകന്മാരെ പിന്തുടരുകയാണ് ഇവിടെ ഗ്രന്ഥകാരൻ ചെയ്യുന്നത്.

യോഹാന്നന്റെ ഈ നായകശില്പം അതിന്റെ മികവുമൂലം താമസിയാതെ പൗരസ്ത്യക്രിസ്തീയതയിൽ, മാനകഗ്രന്ഥമായി പ്രതിഷ്ഠ നേടി. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ ലത്തീൻ പരിഭാഷ വഴി അത് പാശ്ചാത്യലോകത്തും പ്രചരിച്ചു. പീറ്റർ ലോംബാർഡിനേയും തോമസ് അക്വീനാസിനേയും പോലുള്ള പാശ്ചാത്യചിന്തകരും അതിന്റെ സ്വാധീനത്തിൽ വന്നു.[8] യോഹന്നാന്റെ കൃതിയുടെ ഏതാനും പുറങ്ങൾ താൻ എന്നും വായിച്ചിരുന്നു എന്ന് അക്വീനാസ് പറഞ്ഞിട്ടുണ്ട്.[5]

പ്രതിമാവിവാദം

തിരുത്തുക

യേശുവിന്റേയും വിശുദ്ധാത്മാക്കളുടേയും രൂപങ്ങളോടുള്ള ഭക്തിവണക്കങ്ങൾ ക്രൈസ്തവധാർമ്മികതയിൽ അക്കാലമായപ്പോൾ പരക്കെ നടപ്പിൽ വന്നിരുന്നു. അതേസമയം, ഇത് ബൈബിളിലെ അനുശാസനങ്ങൾക്കു നിരക്കാത്ത അനാചാരവും ദൈവനിന്ദ തന്നെയും ആണെന്ന ചിന്തയും നിലവിലുണ്ടായിരുന്നു. വിഗ്രഹാരധനയോടു തീവ്രവിരോധം പുലർത്തിയ ഇസ്ലാമികസമൂഹങ്ങളുമായി സമ്പർക്കത്തിലിരുന്ന പൗരസ്ത്യക്രിസ്തീയതയിലാണ് പ്രതിമകളോടുള്ള വിരോധം കൂടുതൽ ബലപ്പെട്ടത്. ബൈസാന്തിയൻ ചക്രവർത്തിമാരിൽ പലരും ഈ നിലപാടു പിന്തുടർന്നതോടെ പ്രതിമകളുടെ വണക്കത്തിനു നിരോധമുണ്ടാവുകയും 'പ്രതിമാഭഞ്ജനം' പ്രോത്സാഹിക്കപ്പെടുകയും ചെയ്തു. ക്രിസ്തുമതത്തിനെതിരായ ഇസ്ലാമികവിമർശനങ്ങൾ വിശകലനം ചെയ്തിരുന്ന യോഹന്നാന് പ്രതിമാവണക്കത്തെ സംബന്ധിച്ച തർക്കം പരിചിതമേഖല ആയിരുന്നു. അതിൽ ക്രിസ്തീയമുഖ്യധാരയുടെ ഏറ്റവും സമർത്ഥനായ പ്രചാരകനായി അദ്ദേഹം നിലകൊണ്ടു. പ്രതിമാവണക്കത്തെ നിരോധിച്ചു കൊണ്ട് ബൈസാന്തിയൻ ചക്രവർത്തി ലിയോ മൂന്നാമൻ ഇറക്കിയ ഉത്തരവിനെ വിമർശിച്ച് യോഹന്നാൻ എഴുതിയ മൂന്നുപന്യാസങ്ങൾ പ്രസിദ്ധമാണ്.

പ്രതിമകളുടെ വണക്കത്തെ യോഹന്നാൻ പിന്തുണച്ചത് ദൈവശാസ്ത്രജ്ഞനും മതപ്രബോധകനും എന്ന നിലയിൽ മാത്രമായിരുന്നില്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പൗരസ്ത്യക്രിസ്തീയതയിൽ ഇന്നോളം പ്രചാരത്തിലിരിക്കുന്ന ഒട്ടേറെ പ്രാർത്ഥഗീതങ്ങളുടെ കർത്താവായ അദ്ദേഹത്തിന്റെ കവിമനസ്സ്, വാചികബിംബങ്ങളെ എന്ന പോലെ ദൃശ്യബിംബങ്ങളേയും വിലമതിച്ചു. മനുഷ്യരുടെ ദൈവദർശനത്തെ ദീപ്തവും തീവ്രവും ആക്കുന്നതിൽ ബിംബങ്ങൾ പ്രധാനമാണെന്നും ദൈവികോർജ്ജത്തിന്റെ പ്രകടനങ്ങളായ സൃഷ്ടവസ്തുക്കൾ മനുഷ്യജ്ഞാനത്തിന് അന്യഥാ അപ്രാപ്യമായ ദൈവികസത്തയുടെ പാർശ്വവീക്ഷണത്തിന് ഉപകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പുണ്യാത്മാക്കളോടുള്ള ഭക്തി ദൈവനിന്ദയാണെന്ന വാദത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ദൈവത്തോടുള്ള ഭക്തി പരമമായ 'ആരാധനയും' (Latreia) പുണ്യവാന്മാർക്കും പുണ്യവതികൾക്കും നൽകുന്ന ബഹുമാനം ആപേക്ഷികമായ 'വണക്കവും' (Proskynesis), ആണെന്ന വിശദീകരണമാണ് അദ്ദേഹം നൽകിയത്.[9]

കീർത്തങ്ങൾ

തിരുത്തുക

ഗ്രീക്കു സഭാപാരമ്പര്യത്തിലെ പ്രാർത്ഥനാഗാനരചയിതാക്കളിൽ ഏറ്റവും പ്രധാനിയാണ് ദമാസ്കസിലെ യോഹന്നാൻ. തിരുപ്പിറവിയേയും, എപ്പിഫനിയേയും, പെന്തക്കൊസ്തായേയും സംബന്ധിച്ച അദ്ദേഹത്തിന്റെ ഗാനങ്ങൾ അയാമ്പിക് ത്രിവൃത്തത്തിലാണ് (iambic trimeter) ഉയിർപ്പുതിരുനാളിനെക്കുറിച്ചുള്ള ഗീതം അതിപ്രശസ്തമാണ്. വിജയവും കൃതജ്ഞതയും സ്ഫുരിക്കുന്ന അത് പാശ്ചാത്യസഭയിലെ പ്രസിദ്ധമായ 'തെ-ദേവും' (Te-Deum) എന്ന സ്തോത്രഗീതത്തിനു സമാനമാണ്. ഇതുൾപ്പെടെ യോഹന്നാന്റെ ഗീതങ്ങളിൽ ചിലതൊക്കെ ഇംഗ്ലീഷ് പരിഭാഷകളിലും പ്രസിദ്ധമാണ്. ഗ്രീക്കു സഭയിൽ ഞായറാഴ്ചകളിൽ ഉപയോഗിക്കുന്ന കീർത്തങ്ങൾ അടങ്ങിയ 'ഒക്ടോക്കോസ്' (Octoëchos) എന്ന സമാഹാരത്തിന്റെ കർത്താവായും യോഹന്നാൻ കരുതപ്പെടുന്നെങ്കിലും ഈ പാരമ്പര്യം ആധുനികകാലത്ത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പാശ്ചാത്യസഭയിലെ പ്രാർത്ഥനാമുറയുടെ സംഗീതക്രമീകരണത്തിൽ ഗ്രിഗോരിയോസ് മാർപ്പാപ്പയെ സംബന്ധിച്ചെന്ന പോലെ പൗരസ്ത്യാരാധനയുടെ സംഗീതസംവിധാനവുമായി യോഹന്നാനെ ബന്ധിപ്പിക്കുന്ന പാരമ്പര്യവും പ്രബലമാണ്.[2]

വിലയിരുത്തൽ

തിരുത്തുക
 
Ioannis Damasceni Opera, 1603

എട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പൗരസ്ത്യക്രിസ്തീയതയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനായിരുന്ന യോഹന്നാന്റെ ബലം ചിന്തയുടെ മൗലികതയോ പുതിയ കണ്ടെത്തലുകളോ ആയിരുന്നില്ല. ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങൾ മുന്നേ നിർവചിക്കപ്പെട്ടതായി കരുതിയ അദ്ദേഹം, പൂർവഗാമികൾ നിശ്ചയിച്ചുറപ്പിച്ച തത്ത്വങ്ങളെ ചിട്ടയോടെ സംഗ്രഹിച്ച് അവതരിപ്പിക്കാനാണ് ശ്രമിച്ചത്.

ക്രിസ്തീയതയുടെ പൗരസ്ത്യപാരമ്പര്യത്തിലെ അവസാനത്തെ സഭാപിതാവായി യോഹന്നാൻ പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ "അറിവിന്റെ ജലധാര" എന്ന മുഖ്യകൃതി, പൗരസ്ത്യക്രിസ്തീയതയിൽ ഏറെക്കാലമായി പ്രചാരത്തിലിരുന്ന ക്രൈസ്തവ നവപ്ലേറ്റോണികതയുടെ ആധികാരികമായ അവതരണമായിരുന്നു. ദമാസ്കസിലെ യോഹന്നാനു ശേഷം പൗരസ്ത്യസഭയിൽ ദൈവാശാസ്ത്രചിന്തയുടേയും സംവാദങ്ങളുടേയും പിന്തുടർച്ച മിക്കവാറും ഇല്ലാതായി, ബുദ്ധിപരമായ മുരടിപ്പിന്റെ കാലം തുടങ്ങി. പൗരസ്ത്യക്രിസ്ത്രീയതയുടെ ഊർജ്ജം പിന്നീടു പ്രവഹിച്ചത് ആരാധനാമുറയുടെ (liturgy) വഴിക്കാണ്.[10]

കുറിപ്പുകൾ

തിരുത്തുക

^ കത്തിന്റെ വ്യാജ്യസ്വഭാവം തിരിച്ചറിയാതിരുന്ന ഖലീഫ അതെഴുതിയ കുറ്റത്തിന് യോഹന്നാന്റെ കൈപ്പത്തി വെട്ടിമാറ്റാൻ ഉത്തരവിട്ടെന്നും, മാതാവിന്റെ മദ്ധ്യസ്ഥതയാൽ അത് അത്ഭുതകരമായി കൂടിച്ചേർന്നെന്നും അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ പറയുന്നു.

  1. M. Walsh, ed. Butler's Lives of the Saints(HarperCollins Publishers: New York, 1991), pp. 403.
  2. 2.0 2.1 2.2 2.3 വിശുദ്ധ യോഹന്നാൻ ദമസേന, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  3. 3.0 3.1 St.John of Damascus, Catholic online
  4. ദമാസ്കസിലെ യോഹന്നാൻ,NNDB.com
  5. 5.0 5.1 Dairmaid Maccullock, ക്രിസ്റ്റ്യാനിറ്റി: "ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" (പുറങ്ങൾ 263-64)
  6. ദമാസ്കസിലെ യോഹന്നാൻ, ബ്രോക്കാംപ്ടൻ ഡിക്ഷ്ണറി ഓഫ് സെയിന്റ്സ് (പുറം 116)
  7. St.John Damascene, Catholic.net
  8. കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, "ഏ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറങ്ങൾ 291-92)
  9. Dairmaid Maccullock, "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" (പുറങ്ങൾ 447-48)
  10. ജോൺ എ ഹച്ചിസൻ, "Paths of Faith" (പുറം 449)
"https://ml.wikipedia.org/w/index.php?title=ദമാസ്കസിലെ_യോഹന്നാൻ&oldid=3764661" എന്ന താളിൽനിന്ന് ശേഖരിച്ചത്