കപ്പദോച്ചിയൻ പിതാക്കന്മാർ

ക്രൈസ്തവസഭയുടെ ഭാഗധേയങ്ങളേയും നിലപാടുകളേയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച മൂന്ന് ആദ്യകാല സഭാപിതാക്കന്മാർ. സഹോദരങ്ങളായിരുന്ന കേസറിയായിലെ ബാസിലും നിസ്സായിലെ ഗ്രിഗറിയും പിന്നെ നസിയാൻസസിലെ ഗ്രിഗറിയും ചേർന്ന ഈ മൂവർ സംഘം നാലാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. അവരുടെ സംരംഭങ്ങൾക്കു താങ്ങായി ബാസിലിന്റേയും ഗ്രിഗറിയുടെയും മൂത്ത സഹോദരിയായ മക്രീനായും ഉണ്ടായിരുന്നു.

ത്രിത്വത്തെ നിർവചിച്ച ത്രിമൂർത്തികൾതിരുത്തുക

ക്രി.പി. 325-ൽ നടന്ന നിഖ്യാ സൂനഹദോസിനെ തുടർന്നു വന്ന പതിറ്റാണ്ടുകളിൽ, വിശ്വാസപ്രമാണത്തെ സംബന്ധിച്ച് നടന്ന വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന ത്രിത്വത്തെക്കുറിച്ചുള്ള തർക്കങ്ങളിൽ കപ്പദോച്ചിയന്മാർ എടുത്ത ‍നിലപാടുകൾ വളരെ നിർണ്ണായകമായിരുന്നു. ഏകത്വത്തേയും ത്രിത്വത്തെയും സമന്വയിപ്പിച്ച് ദൈവസ്വഭാവത്തെ വിശദീകരിക്കുക എളുപ്പമല്ലായിരുന്നു. ഇക്കാര്യത്തിൽ ഇവർ പൂർവഗാമികളായ ഒരിജൻ, അത്തനാസിയൂസ് തുടങ്ങിയവരുടെ സംഭാവനകളെ ശക്തിപ്പെടുത്തി. അതേസമയം യവനചിന്തയിലും ശാസ്ത്രങ്ങളിലും പന്ധിതന്മാരായിരുന്ന അവർ‍, ത്രിയേക ദൈവം എന്ന ആശയത്തെ നിർവചിക്കുന്നതിന് ഗ്രീക്ക് തത്ത്വചിന്തയിലെ സിദ്ധാന്തങ്ങളുടേയും പദസംഹിതകളുടേയും സഹായം തേടി. അത്തനാസിയൂസിനെപ്പോലുള്ളവരുടെ പരുക്കൻ തീക്ഷ്ണതയ്ക്കു ശേഷം വന്ന ഈ സമീപനം പുതുമയുള്ളതും ഫലപ്രദവുമായിരുന്നു. നിഖ്യാ സൂനഹദോസിനു ശേഷവും നിലനിന്ന ആരിയനിസം എന്ന വിരുദ്ധ വിശ്വാസത്തിന്റെ അന്തിമ പരാജയത്തിനു വഴി തെളിഞ്ഞതങ്ങനെയാണ്.

മറ്റു സംഭാവനകൾതിരുത്തുക

സന്ന്യാസിയും കേസറിയായിലെ മെത്രാനുമായിരുന്ന ബാസിലാണ് പൗരസ്ത്യ സന്യാസം ഇന്നും പിന്തുടരുന്ന നിയമസംഹിതക്കു രൂപം കൊടുത്തത്. നിസ്സായിലെ ഗ്രിഗറി അവിടത്തെ മെത്രാനായിരുന്നു. അദ്ദേഹം അതിശയകരമായ രചനാവൈഭവം പ്രകടിപ്പിച്ചു. നസിയാൻസസിലെ ഗ്രിഗറി ആദ്യം സാസിമയിലെയും പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലേയും മെത്രാനായിരുന്നു. മൂവരിൽ ബാസിൽ കർമ്മകുശലനും, സഹോദരൻ ഗ്രിഗറി ചിന്തകനും നസിയാൻസസിലെ ഗ്രിഗറി പ്രഭാഷണചതുരനും ആയിരുന്നു എന്നു പറയാറുണ്ട്. ബാസിലിന്റെ മരണത്തിൽ നസിയാൻസസിലെ ഗ്രിഗറി നടത്തിയ ചരമപ്രസംഗം പൗരാണിക കാലത്തെ ഒന്നാംകിട പ്രഭാഷണങ്ങളിൽ ഒന്നായി ഗണിക്കപ്പെടുന്നു.[1]


മരണം : ബാസിൽ - ക്രി.പി.379; നിസ്സായിലെ ഗ്രിഗറി -395; നസിയാൻസസിലെ ഗ്രിഗറി - 389.

നുറുങ്ങുകൾതിരുത്തുക

ബാസിൽ കേസറിയായിലെ മെത്രാനായിരിക്കെയാണ് "പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി" എന്ന, ത്രിയേകദൈവത്തിലെ മൂന്നാളുകൾക്കും തുല്യപ്രാധാന്യം നൽകുന്ന ത്രീത്വസ്തുതി, ആദ്യമായി ഉപയോഗിക്കപ്പെട്ടത്. [2]

സൂചികതിരുത്തുക

  1. http://www.ccel.org/ccel/schaff/npnf207.iii.xxvi.html
  2. http://www.christianitytoday.com/history/special/131christians/basil.html


ചിത്രം : http://www.lasvegasorthodox.com/images/Cappadocian_Fathers.jpg