മൂലം തിരുനാൾ രാമവർമ്മ
1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ശ്രീമൂലം തിരുനാൾ മഹാരാജാവ്. GCSI, GCIE, MRAS. വിശാഖം തിരുനാൾ (1880-1885) മഹാരാജാവിനു ശേഷമാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്. ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ രാജ രാജവർമ്മ കോയി തമ്പുരാന്റെയും, ആറ്റിങ്ങൽ റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടേയും രണ്ടാമത്തെ പുത്രനായി സെപ്റ്റംബർ 25, 1857 നു കന്നിമാസത്തിൽ മൂലം നാളിൽ ജനിച്ചു. അദ്ദേഹത്തിനു കേവലം 11 ദിവസം പ്രായമുള്ളപ്പോൾ അമ്മ റാണി ലക്ഷ്മി ബായി അന്തരിച്ചു.[3].1888-ൽ പ്രജാസഭ സ്ഥാപിച്ചു[4]
ശ്രീമൂലം തിരുനാൾ രാമവർമ്മ | |
---|---|
തിരുവിതാംകൂർ മഹാരാജാവ് | |
പൂർണ്ണനാമം | ശ്രീപദ്മനാഭദാസ ശ്രീമൂലം വഞ്ചിബാലരാമ വർമ കുലശേഖര പെരുമാൾ |
ജനനം | സെപ്റ്റംബർ 25, 1857 |
ജന്മസ്ഥലം | തിരുവനന്തപുരം |
മരണം | ഓഗസ്റ്റ് 7, 1924 | (പ്രായം 66)
മരണസ്ഥലം | തിരുവനന്തപുരം |
മുൻഗാമി | വിശാഖം തിരുനാൾ |
പിൻഗാമി | സേതുലക്ഷ്മി ഭായി |
ജീവിതപങ്കാളി | വടശ്ശേരി അമ്മച്ചി പനംപള്ളി അമ്മ ശ്രീമതി ലക്ഷ്മി പിള്ള കാർത്യായനി പിള്ള കൊച്ചമ്മ |
രാജകൊട്ടാരം | വേണാട് സ്വരൂപം |
രാജവംശം | കുലശേഖര |
രാജകീർത്തനം | വഞ്ചിശമംഗളം |
ആപ്തവാക്യം | ധർമ്മോസ്മത് കുലദൈവതം |
പിതാവ് | ചങ്ങനാശ്ശേരി ലക്ഷമീപുരം കൊട്ടാരം രാജരാജകോയിത്തമ്പുരാൻ |
മാതാവ് | റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായി |
മക്കൾ | പാൽകുളങ്ങര വടശ്ശേരിൽ പുത്തൻ അമ്മവീട് ശ്രീനാരായണൻ തമ്പി |
മതവിശ്വാസം | ഹിന്ദു |
കൂടുതൽ
തിരുത്തുക“ | 1885-ൽ വിശാഖം തിരുനാളിന്റെ മരണത്തെത്തുടർന്ന് ഭാഗിനേയനായ ശ്രീമൂലം തിരുനാൾ ഭരണമേറ്റു. സേവകന്മാരായ ശരവണ, ശങ്കരൻ തമ്പി എന്നിവർ അദ്ദേഹത്തിൽ ഏറെ സ്വാധീനം ചെലുത്തി. ഒമ്പത് പേരാണ് അദ്ദേഹത്തിന്റെ 39 വർഷത്തെ ഭരണ കാലത്ത് ദിവാന്മാരായി സേവനം അനുഷ്ഠിച്ചത്. മാധവറാവുവിന്റെ കാലത്ത് ഏർപ്പെടുത്തിയ വിപുലമായ ആധുനിക വിദ്യാഭ്യാസം നാട്ടുകാർക്കിടയിൽ പൗരാവകാശബോധം വളർത്തിയിരുന്നു. ഉയർന്ന ഉദ്യോഗങ്ങളിൽ പരദേശികളായ ബ്രാഹ്മണരെക്കൊണ്ടുനിറച്ചത് തിരുവനന്തപുരത്തു സ്ഥാപിതമായിരുന്ന മലയാളിസഭയുടെ എതിർപ്പിനു കാരണമായി. രാജ്യവ്യാപകമായി അതിന്റെ പ്രവർത്തകന്മാർ നടത്തിയ പ്രചരണത്തിന്റെ ഫലമായി പതിനായിരത്തിലധികംപേർ ഒപ്പിട്ട ഒരു ഭീമഹർജി 1891-ൽ സർക്കാരിന് സമർപ്പിച്ചു. ഇത് മലയാളി മെമ്മോറിയൽ അഥവാ ട്രാവൻകൂർ മെമ്മോറിയൽ എന്നറിയപ്പെട്ടു. മുഖ്യമായും നായന്മാർ ഉൾപ്പെട്ട ഹർജിക്കാരിൽ ഈഴവരും മുസ്ളിങ്ങളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. നാട്ടുകാരനായ ശങ്കരസുബ്ബയ്യർ ദിവാനായി നിയമിക്കപ്പെട്ടു എന്നതൊഴിച്ചാൽ മെമ്മോറിയൽ കാര്യമായ ഫലം ചെയ്തില്ല. 1896-ൽ രാഷ്ട്രീയ-സാമൂഹിക നീതിക്കുവേണ്ടി ഈഴവർ രണ്ട് മെമ്മോറിയലുകൾ അധികൃതർക്കു നൽകി. ഇത് 'ഈഴവ മെമ്മോറിയൽ' എന്നറിയപ്പെട്ടു. ഡോ.പല്പു ആയിരുന്നു ഇതിന്റെ മുന്നണിപ്പോരാളി. 1888-ൽ തിരുവിതാംകൂർ ലജിസ്ളേറ്റിവ് കൌൺസിൽ സ്ഥാപിച്ചത്
പുരോഗമനപരമായ ഒരു കാൽവയ്പായിരുന്നു. മൈസൂർ കഴിഞ്ഞാൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ഇത് ആദ്യത്തേതായിരുന്നു. അഞ്ച് ഔദ്യോഗികാംഗങ്ങളും മൂന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട അനൗദ്യോഗികാംഗങ്ങളും ഉള്ള കൗൺസിലിന്റെ അധ്യക്ഷൻ ദിവാനായിരുന്നു. സഭ പാസ്സാക്കിയാലും മഹാരാജാവിന്റെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ നിയമമുണ്ടാക്കാനാകുമായിരുന്നുള്ളൂ. സഭയുടെ അംഗീകാരമില്ലാതെ രാജാവിന് വിളംബരം മൂലം നിയമ നിർമ്മാണം നടത്താമായിരുന്നു. കൗൺസിലിന് കാര്യമായ അധികാരങ്ങൾ ഉണ്ടായിരുന്നില്ല. 1898-ൽ കൌൺസിലിന്റെ പരിമിതമായ അധികാരം പോലും വെട്ടിക്കുറയ്ക്കപ്പെട്ടു. 1904-ൽ സഭയുടെ അംഗസംഖ്യ പത്താക്കി ഉയർത്തി; ആറ് ഉദ്യോഗസ്ഥന്മാരും നാല് അനുദ്യോഗസ്ഥന്മാരും. 1914-ൽ വീണ്ടും അംഗസംഖ്യ വർദ്ധിപ്പിച്ചു; എട്ട് ഉദ്യോഗസ്ഥന്മാരും ഏഴ് അനുദ്യോഗസ്ഥന്മാരും. ജനങ്ങൾക്ക് പ്രാതിനിധ്യമുള്ള ശ്രീമൂലം പ്രജാസഭ 1904-ൽ സ്ഥാപിതമായി. ആണ്ടിലൊരിക്കൽ യോഗം കൂടി ജനാഭിലാഷം സർക്കാരിനെ അറിയിക്കാനും നിയമനിർമ്മാണം ശുപാർശ ചെയ്യാനും മാത്രം അധികാരമുള്ള പ്രജാസഭയിൽ 85 അംഗങ്ങൾ ഉണ്ടായിരുന്നു. 1919-ൽ ലജിസ്ലേറ്റീവ് കൗൺസിലിനെ 24 അംഗങ്ങളുള്ള നിയമനിർമ്മാണ സഭയാക്കി; 13 ഉദ്യോഗസ്ഥന്മാരും 11 അനുദ്യോഗസ്ഥന്മാരും. അനുദ്യോഗസ്ഥന്മാരിൽ എട്ടുപേരെ പ്രജാസഭ തെരഞ്ഞെടുക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. മലയാളി മെമ്മോറിയലിന് കാര്യമായ ഫലമുണ്ടായില്ലെങ്കിലും അതിന്റെ പ്രധാന സൂത്രധാരകനായ ജി.പി.പിള്ള തിരുവനന്തപുരം കോളജിൽ നിന്ന് നാടുകടത്തപ്പെട്ടശേഷം മദ്രാസിലെ മെയിൽ, മദ്രാസ് സ്റ്റാൻഡേർഡ് എന്നീ പത്രങ്ങളിലൂടെ സർക്കാരിന്റേയും സർക്കാരുദ്യോഗസ്ഥന്മാരുടേയും ദുർനടപടികളെ കഠിനമായി വിമർശിച്ചുകൊണ്ടിരുന്നു. 1903-ൽ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഈ പാത പിന്തുടർന്നത് കെ.രാമകൃഷ്ണപിള്ളയായിരുന്നു. കേരളപഞ്ചിക, കേരളദർപ്പണം, മലയാളി എന്നീ പത്രങ്ങളിലൂടെയും ഒടുവിൽ സ്വദേശാഭിമാനി എന്ന ജനപ്രീതി നേടിയ പത്രത്തിലൂടെയും സർക്കാരിന്റെ ചെയ്തികളെ നിശിതമായി വിമർശിച്ചു. പാറപ്പുറം എന്ന നോവലിലൂടെ മഹാരാജാവിന്റെ ദുർനടപടികളും പരസ്യപ്പെടുത്തി. ഒടുവിൽ ദിവാൻ രാജഗോപാലാചാരിക്ക് അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് പത്രം നിരോധിക്കപ്പെടുകയും 'സ്വദേശാഭിമാനി രാമകൃഷ്ണപിള്ള' 1911-ൽ നാടുകടത്തപ്പെടുകയും ചെയ്തു. പൗരസമത്വവാദമായിരുന്നു മറ്റൊരു പ്രക്ഷോഭത്തിനു കാരണം. സവർണേതരരായ ഹിന്ദുക്കളും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളുമായിരുന്നു അതിനുപിന്നിൽ. ഈഴവർക്കും മറ്റു പിന്നോക്ക ജാതിക്കാർക്കും സർക്കാർ സർവീസിൽ ജോലി നൽകിയിരുന്നില്ല. ദേവസ്വം, റവന്യൂ ഡിപ്പാർട്ടുമെന്റിന്റെ കീഴിലായിരുന്ന ക്ഷേത്രങ്ങളിൽ ഈ സമുദായക്കാർക്കു പ്രവേശനമില്ലായിരുന്നു. ഇതിനെതിരായി ടി.കെ.മാധവൻ, ഈ.ജെ. ജോൺ മുതലായവരുടെ നേതൃത്വത്തിലുള്ള പൌരാവകാശലീഗ് സർക്കാരിനു നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി 1922-ൽ റവന്യൂവകുപ്പിൽ നിന്ന് ദേവസ്വം വേർപ്പെടുത്തി പ്രത്യേകം ഡിപ്പാർട്ടുമെന്റുണ്ടാക്കി. അങ്ങനെ റവന്യൂ ഡിപ്പാർട്ടുമെന്റിൽ ഈ സമുദായങ്ങൾക്കു സേവനമനുഷ്ഠിക്കാമെന്നായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചുവടുപിടിച്ച് 1919-ൽ തിരുവിതാംകൂറിലും ഒരു കോൺഗ്രസ്സ് കമ്മിറ്റി രൂപംകൊണ്ടു. 1922-ൽ ദിവാൻ രാഘവയ്യ സ്കൂളുകളിൽ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ വിദ്യാർഥികൾ പ്രക്ഷോഭത്തിലേക്കു നീങ്ങി. എന്നാൽ പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക പരിഷ്ക്കരണ പ്രവർത്തനങ്ങൾ കേരള നവോത്ഥാനത്തിനുതന്നെ കാരണമായി. 1888-ൽ ഗുരു നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠയും അതേത്തുടർന്നുണ്ടായ ശ്രീനാരായണ ധർമ പരിപാലന (എസ്.എൻ.ഡി.പി.) യോഗത്തിന്റെ സ്ഥാപനവും (1903) തിരുവിതാംകൂറിൽ മാത്രമല്ല കൊച്ചിയിലും മലബാറിലും സാമൂഹികരംഗത്ത് ചലനങ്ങളുണ്ടാക്കി. എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രവർത്തനങ്ങൾ നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപനത്തിനും പ്രചോദനമായി (1914). അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘവും (1905) വക്കം മൗലവിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളും ജനജീവിതത്തിൽ പുത്തൻ ഉണർവും പുതുജീവനും പരിവർത്തനങ്ങളുമുണ്ടാക്കി. അയ്യങ്കാളി 1924-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് അന്തരിച്ചു. കിരീടാവകാശിയായ ശ്രീ ചിത്തിരതിരുനാളിന് (ഭ.കാ. 1931-49) പ്രായപൂർത്തിയാവാതിരുന്നതിനാൽ റാണി സേതുലക്ഷ്മീ ബായി റീജന്റായി ഭരണമേറ്റു. |
” |
ചിത്രശാല
തിരുത്തുക-
രാജാ രവിവർമ്മ വരച്ച ശ്രീമൂലം തിരുനാൾ ചിത്രം
-
ശ്രീ മൂലം തിരുനാൾ
അവലംബം
തിരുത്തുക- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html
- ↑ കേരള സംസ്കാരം കലാശാലപ്പതിപ്പ്
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിരുവിതാംകൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |