മഹിഷാസുരൻ
മൂന്നു ലോകവും അടക്കിവാണു എന്ന് ഹൈന്ദവ പുരാണങ്ങളിൽ പരാമർശി ക്കപ്പെടുന്ന ഒരു അസുരചക്രവർത്തിയായിരുന്നു മഹിഷാസുരൻ. അസുരരാജാവായ രംഭന്, മഹിഷത്തിൽ (എരുമ) ഉണ്ടായ മകനാണു മഹിഷാസുരൻ.

കഠിനമായ തപസ്സിനാൽ ബ്രഹ്മാവിനെ പ്രസാദിപ്പിച്ച മഹിഷനു നരനാലോ ദേവനാലോ വധിക്കപ്പെടുകയില്ല എന്ന വരം ലഭിച്ചു. സ്ത്രീയാൽ മാത്രമേ വധിക്കപ്പെടൂ എന്ന വരബലത്തിൽ ഉന്മത്തനായ മഹിഷാസുരൻ മൂന്നു ലോകവും ആക്രമിച്ചു കീഴ്പ്പെടുത്തി. സ്വർഗലോകം കീഴ്പ്പെടുത്തിയ മഹിഷൻ ദേവേന്ദ്രനെയും മറ്റ് ദേവന്മാരെയും ആട്ടിയോടിച്ചു. പരിഭ്രാന്തരായ ദേവകൾ മഹാവിഷ്ണുവിനെ സമീപിച്ചു. നരനാലോ ദേവനാലോ വധിക്കപ്പെടില്ലാത്തതിനാൽ, മഹിഷനെ വധിക്കാൻ ശിവനും, വിഷ്ണുവും, ബ്രഹ്മാവും ദേവതകളും ചേർന്ന് ഒരു ദേവിക്ക് രൂപം കൊടുത്തു. ആ ശക്തി സ്വരൂപിണിക്ക് ദുർഗ്ഗ എന്ന നാമകരണം ചെയ്തു. ഭഗവതി യുദ്ധത്തിന്റെ പത്താം നാൾ മഹിഷാസുരനെ വധിച്ചു. ദുർഗ്ഗ വിജയം കൈവരിച്ച ഈ ദിവസമാണു വിജയദശമി. സ്കന്ദപുരാണം, ശിവപുരാണം ഇതര പുരാണങ്ങൾ പ്രകാരം പാർവതിയുടെ രാജസ ഭാവമായ മഹാദുർഗ്ഗയാണ് മഹിഷനെ വധിച്ചത്.
