1950-കളിൽ രൂപപ്പെട്ട ഇടതുപക്ഷ ഐക്യമുന്നണിയുടെ സ്രഷ്ടാക്കളിൽ ഒരാളും കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനുമായിരുന്നു മത്തായി മാഞ്ഞൂരാൻ(13 ഒക്ടോബർ 1912 - 15 ജനുവരി 1970). മൂന്നാം കേരള നിയമ സഭയിലെ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. രാജ്യസഭാംഗമായും പ്രവർത്തിച്ചു.[1]

മത്തായി മാഞ്ഞൂരാൻ

ജീവിതരേഖ

തിരുത്തുക

1912 ഒക്‌ടോബർ 13-ന് ചെറായിയിൽ ജനിച്ച മത്തായി വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിലിറങ്ങി. സൈമൺ കമ്മീഷൻ ബഹിഷ്‌കരണത്തിലും ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കാളിയായി. 1947-ലാണ് കേരള സോഷ്യലിസ്റ്റ് പാർട്ടിക്ക് (കെ.എസ്.പി) രൂപം നൽകുന്നത്. കീഴാരിയൂർ ബോംബ് കേസിൽ പ്രതി ചേർക്കപ്പെട്ടു. കൊച്ചി രാജ്യ പ്രജാമണ്ഡലം പ്രവർത്തകനായിരുന്നു. 13 തവണ ജയിൽ വാസം അനുഭവിച്ചു. ഐക്യ കേരള സമരവുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു. ലൈറ്റ് ഓഫ് കേരള എന്ന ഇംഗ്ലീഷ് പത്രത്തിന്റെയും സോഷ്യലിസ്റ്റ് വാരികയുടെയും കേരള പ്രകാശം പത്രത്തിന്റെയും പത്രാധിപരായിരുന്നു. 'രക്തലേഖനം' എന്ന പേരിൽ കാർഷിക പരിഷ്‌കരണത്തിനായി കൊച്ചി രാജാവിന് നൽകിയ മെമ്മോറാണ്ടത്തിൽ രക്തത്തിൽ ഒപ്പിട്ടയാളാണ് മത്തായി മാഞ്ഞൂരാൻ. ബറോഡയിൽ ഒളിവിൽ താമസിക്കെ രാജാവിന്റെ പേഴ്‌സണൽ സ്റ്റാഫിൽ പ്രവർത്തിച്ചു. ടാറ്റാ ഓയിൽ മിൽ തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുകയും ദീർഘകാലം നേതൃത്വം കൈയാളുകയും ചെയ്തു. ഒട്ടേറെ യുവാക്കളെ പത്രപ്രവർത്തനത്തിലേക്കും ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും കൈപിടിച്ച് നടത്തിയതിൽ പ്രമുഖ സ്ഥാനമാണ് മത്തായി മാഞ്ഞൂരാനുള്ളത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഗുരുനാഥൻ കൂടിയായ കെ.സി. അബ്രഹാം മാസ്റ്ററോട് മത്തായി മാഞ്ഞൂരാൻ ഏറ്റുമുട്ടിയപ്പോഴാണ് പണ്ഡിറ്റ് നെഹ്‌റു ആദ്യമായും അവസാനമായും വൈപ്പിനിലെത്തിയത്.[2]

1967-69 കാലയളവിൽ സംസ്ഥാന തൊഴിൽ മന്ത്രിയായും 1952-54 കാലയളവിൽ രാജ്യസഭാംഗമായും മാഞ്ഞൂരാൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1970 ജനവരി 15-ന് അന്തരിച്ചു.

രാജ്യസഭാംഗത്വം

തിരുത്തുക
  • 1952-1954 : കെ.എസ്.സി. തിരു-കൊച്ചി
  • പ്രകാശത്തിലേക്ക് (മൂന്നു വാല്യം)
  1. http://www.niyamasabha.org/codes/members/m405.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-13. Retrieved 2012-10-13.
"https://ml.wikipedia.org/w/index.php?title=മത്തായി_മാഞ്ഞൂരാൻ&oldid=3640081" എന്ന താളിൽനിന്ന് ശേഖരിച്ചത്