16-17 നൂറ്റാണ്ടുകളിൽ ഫ്രാൻസിൽ നിലനിന്നിരുന്ന നവീകൃത പ്രൊട്ടസ്റ്റന്റ് ക്രിസ്തീയ സഭയിലെ വിശ്വാസികളായിരുന്നു ഹ്യൂഗെനോട്ടുകൾ. 1530-കളിൽ ജോൺ കാൽവിന്റെ സിദ്ധാന്തങ്ങളിൽ ആകൃഷ്ടരായവരുടെ സമൂഹമായി ഉത്ഭവിച്ച ഇവർക്ക് 1560-കളോടെയാണ് ഹ്യൂഗെനോട്ടുകൾ എന്ന പേരു കിട്ടിയത്. ഫ്രാൻസിലെ പ്രൊട്ടസ്റ്റന്റുകൾക്ക് ലഭിച്ച ഈ പേരിന്റെ പശ്ചാത്തലം വ്യക്തമല്ല.[1] മുൻനൂറ്റാണ്ടുകളിൽ വ്യവസ്ഥാപിത ധാർമ്മികതയെ ധിക്കരിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് അടിച്ചമർത്തപ്പെട്ട 'വാൾഡെൻഷന്മാർ'[൧] മുതലായ വിഭാഗങ്ങളുടെ പിന്തുടർച്ചക്കാരെ ഈ നവീകൃതസഭ പ്രത്യേകം ആകർഷിച്ചു.[2]

അമേരിക്കൻ ഐക്യനാടുകളിൽ തെക്കൻ കരോളീന സംസ്ഥാനത്തെ ഒരു ഹ്യൂഗെനോട്ട് പള്ളി

പീഡനങ്ങൾ

തിരുത്തുക
 
1572-ലെ "ബർത്തലോമ്യോ പെരുന്നാൾക്കുരുതി" - ദൃക്സാക്ഷി വിവരണത്തെ ആശ്രയിച്ചുള്ള ചിത്രം

16-ആം നൂറ്റാണ്ടിൽ പാശ്ചാത്യക്രിസ്തീയതയിലുണ്ടായ ഛിദ്രത്തെ തുടർന്ന് കത്തോലിക്കാ വിശ്വാസത്തിന് ഔദ്യോഗികാംഗീകാരം കിട്ടിയ ഫ്രാൻസിൽ, കത്തോലിക്കാ ധാർമ്മികതയുടെ നിശിതവിമർശകരായ ഈ വിഭാഗം കഠിനമായ പീഡനത്തിനു വിധേയമായി. 1572-ലെ കുപ്രസിദ്ധമായ "ബർത്തലോമ്യോ പെരുന്നാൾ കൂട്ടക്കൊല" (St. Bartholomew's Day Massacre) ഉൾപ്പെടെയുള്ള പീഡനപരമ്പരക്കിടെ സഹിഷ്ണുതയുടെ ഇടവേളകളും ഇവർക്കു ലഭിച്ചു. 1578-ൽ ഫ്രാൻസിലെ ഹെൻട്രി നാലാമൻ രാജാവ് പുറപ്പെടുവിച്ച "നാന്റിലെ ശാസനം" (Edict of Nantes) ഈ വിഭാഗത്തിന് ആരാധനാസ്വാതന്ത്ര്യവും പൗരാവകാശങ്ങളും അനുവദിച്ചു കൊടുത്തു. എന്നാൽ ആ ശാസനത്തിലെ വ്യവസ്ഥകൾ മിക്കവാറും പാലിക്കപ്പെട്ടില്ല.

പ്രവാസം

തിരുത്തുക

ഒരു നൂറ്റാണ്ടിനകം, 1685-ൽ ലൂയി പതിനാലാമൻ രാജാവ്, ഫൊണ്ടെനെബ്ലൂവിൽ പുറപ്പെടുവിച്ച പുതിയ ശാസനം (Edict of Fontainebleau) നാന്റിലെ ശാസനത്തിൽ അനുവദിച്ചിരുന്ന ആനുകൂല്യങ്ങൾ റദ്ദക്കിയതോടെ, പ്രൊട്ടസ്റ്റന്റ് ധാർമ്മികത ഫ്രാൻസിൽ നിയമവിരുദ്ധമായി. അതോടെ വിശ്വാസത്യാഗമോ പ്രവാസമോ അല്ലാതെ ഹ്യൂഗെനോട്ടുകൾക്കു മറ്റു വഴിയില്ലെന്നായി. 17-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ, പീഡനങ്ങൾ മൂലം ഇവരിൽ ബഹുഭൂരിപക്ഷവും കത്തോലിക്കാ വിശ്വാസത്തിലേക്കു മടങ്ങുകയോ, ഇംഗ്ലണ്ട്, വേൽസ്, അയർലണ്ട്, ഡെന്മാർക്ക്, സ്വിറ്റ്സർലണ്ട് പ്രഷ്യ, തെക്കൻ ആഫ്രിക്ക, അമേരിക്കൻ ഐക്യനാടുകൾ തുടങ്ങിയ ഇതരദേശങ്ങളിൽ പ്രവാസജീവിതം തെരഞ്ഞെടുക്കുകയോ ചെയ്തു. ഒരു ചെറുന്യൂനപക്ഷം അവരുടെ വിശ്വാസാനുഷ്ടാനങ്ങൾ രഹസ്യത്തിൽ പാലിച്ചുകൊണ്ട് കൊണ്ട് ഫ്രാൻസിൽ തുടർന്നു.[3][4]

കുറിപ്പുകൾ

തിരുത്തുക

^ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന നവീകർത്താവായ പീറ്റർ വാൽഡോയുടെ (1140-1218) അനുയായികളാണ് വാൾഡെൻഷന്മാർ എന്നറിയപ്പെട്ടത്.

  1. ഹൂഗെനോട്ടുകൾ, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  2. ReformationSA.org: The Huguenots - their faith, history, and impact, ഡൊറോത്തിയ സ്കാർബറോയുടെ ലേഖനം Archived 2012-04-19 at the Wayback Machine.
  3. "The National Hugenot Society: "Who were the Hugenots"". Archived from the original on 2012-03-04. Retrieved 2012-03-10.
  4. The Hugenot Society of Great Britain and Ireland, Hugenot History
"https://ml.wikipedia.org/w/index.php?title=ഹ്യൂഗെനോട്ടുകൾ&oldid=3649770" എന്ന താളിൽനിന്ന് ശേഖരിച്ചത്