മാർ തോമാ യാക്കോബായ സുറിയാനി പള്ളി, വടക്കൻ പറവൂർ

എറണാകുളം ജില്ലയിലെ ഒരു യാക്കോബായ സുറിയാനി പള്ളി
(പറവൂർ മാർത്തോമാ പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാർത്തോമാ യാക്കോബായ സുറിയാനി പള്ളി എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്രൈസ്തവ ആരാധനാലയമാണ്. പറവൂർ ചെറിയപള്ളി എന്നും ഇത് അറിയപ്പെട്ടു വരുന്നു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലാണ് ഈ പള്ളി നിലനിൽക്കുന്നത്.[1]

മാർ തോമാ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി, വടക്കൻ പറവൂർ
മാർ തോമാ യാക്കോബായ സുറിയാനി പള്ളി, വടക്കൻ പറവൂർ is located in Kerala
മാർ തോമാ യാക്കോബായ സുറിയാനി പള്ളി, വടക്കൻ പറവൂർ
സ്ഥാനം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഇന്ത്യ വടക്കൻ പറവൂർ, എറണാകുളം, കേരളം
നിർദ്ദേശാങ്കം10°09′03″N 76°13′22″E / 10.1508082°N 76.2228599°E / 10.1508082; 76.2228599
മതവിഭാഗംമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
ആഘോഷങ്ങൾഗ്രിഗോറിയോസ് അബ്ദുൽ ജലീലിന്റെ ഓർമ്മപ്പെരുന്നാൾ[1]
ജില്ലഎറണാകുളം
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
പ്രതിഷ്ഠയുടെ വർഷം1566
പ്രതിഷ്ഠ നടത്തിയത്1566ൽ മാർ യൗസേപ്പ് സൂലാഖ[2][1][3]
സംഘടനാ സ്ഥിതികത്തീഡ്രൽ
വാസ്തുവിദ്യാ വിവരങ്ങൾ
സ്ഥാപിത തീയതി1566 നവംബർ 29[3]
പൂർത്തിയാക്കിയ വർഷം1566
മുഖവാരത്തിന്റെ ദിശപടിഞ്ഞാറ്

പറവൂരിലെ പുരാതനമായ സാപോർ അപ്രോത്ത് വലിയപള്ളിയിലെ ഇടവകാംഗങ്ങളുടെ ചേർന്ന് പറവൂർ പട്ടണത്തിലെ ഏഴ് അങ്ങാടികളുടെ മധ്യത്തിലായി സ്ഥാപിച്ചതാണ് ഈ പള്ളി. ക്രി. വ. 1566 നവംബർ 29ന് മലബാറിലെ കൽദായ മെത്രാപ്പോലീത്ത മാർ യൗസേപ്പ് സുലാഖ ഈ പള്ളി വെഞ്ചരിച്ചു എന്ന് പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന ശിലാലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1665 മലബാറിൽ എത്തിയ പ്രസിദ്ധനായ സുറിയാനി ഓർത്തഡോക്സ് സഭ നേതാവ് ഗ്രിഗോറിയോസ് അബുൽ ജലീലിന്റെ കബറിടം സ്ഥിതി ചെയ്യുന്നത് ഈ പള്ളിയിലാണ്. അതിനുശേഷം യാക്കോബായ സഭയുടെ നിരവധി മെത്രാഭിഷേകങ്ങൾക്കും ചരിത്ര സംഭവങ്ങൾക്കും ഈ പള്ളി വേദിയായി.[1][2]

ചരിത്രം

തിരുത്തുക

മാർ തോമാ പാരമ്പര്യം

തിരുത്തുക

കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ പാരമ്പര്യം അനുസരിച്ച് ക്രി. വ. 52ൽ ക്രിസ്തു ശിഷ്യനായ മാർ തോമാ ശ്ലീഹ കൊടുങ്ങല്ലൂർ പട്ടണത്തിൽ കപ്പലിറങ്ങുകയും മലബാറിലെ തന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മലബാർ തീരത്ത് അദ്ദേഹം സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഏഴര പള്ളികളിൽ ഒന്നാണ് വടക്കൻ പറവൂരിലെ കോട്ടക്കാവ് പള്ളി. പുരാതനമായ മുസിരിസ് തുറമുഖം പറവൂരിന്റെ വടക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്തിരുന്നത്.[1]

പറവൂരിലെ രേഖപ്പെടുത്തപ്പെട്ട ക്രൈസ്തവ ചരിത്രം

തിരുത്തുക

ഒരു കടൽത്തീര പ്രദേശം എന്ന നിലയിലും കൊടുങ്ങല്ലൂർ, കൊച്ചി എന്നീ തുറമുഖ നഗരങ്ങളുടെ ഇടയിലുള്ള പട്ടണം എന്ന നിലയിലും വളർന്നുവന്നതാണ് വടക്കൻ പറവൂർ. പുരാതന കാലം മുതൽക്കേ യഹൂദരുടെയും സുറിയാനി ക്രിസ്ത്യാനികളുടെയും പ്രമുഖ ആവാസകേന്ദ്രം ആയിരുന്നു വടക്കൻ പറവൂർ. വടക്കൻ പറവൂരിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ ക്രൈസ്തവ ആരാധനാ കേന്ദ്രം സാപോർ, അപ്രോത്ത് എന്നിവരുടെ പേരിൽ നിലനിന്ന വലിയപള്ളിയാണ്. കൊടുങ്ങല്ലൂർ ആസ്ഥാനമാക്കിയ പൗരസ്ത്യ സുറിയാനി മെത്രാൻ മാർ യാക്കോബ് ആവൂനയുടെ നേതൃത്വത്തിന് കീഴിൽ ഈ പള്ളി നിലനിന്ന കാലത്തെ സുറിയാനി കയ്യെഴുത്ത് പ്രതികൾ ലഭ്യമാണ്. ഉദയംപേരൂർ സൂനഹദോസിനു ശേഷം സാപോർ, അപ്രോത്ത് നാമധേയത്തിൽ നിലനിൽക്കുന്ന മറ്റ് പള്ളികളെ പോലെ പറവൂരിലെ വലിയപള്ളിയും ഗെർവാസീസ്, പ്രോത്താസീസ് എന്നിവരുടെ പേരിലേക്ക് മാറ്റപ്പെട്ടു. സൂനഹദോസിന് മുൻപ് തന്നെ പ്രദേശത്ത് മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ ചെറിയപള്ളിയും നിലവിൽ വന്നിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ മലബാറിൽ സഭാഭരണം നടത്തിയിരുന്ന കൽദായ മെത്രാപ്പോലീത്ത മാർ യൗസേപ്പ് സുലാഖയാണ് ഈ പള്ളിയുടെ തറക്കല്ലിട്ടതും വെഞ്ചിരിപ്പ് നടത്തിയതും എന്ന പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ശിലാലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പോർട്ടുഗീസ് ചരിത്രരേഖയായ ജോർനാദയിൽ വടക്കൻ പറവൂരിലെ രണ്ടു പള്ളികളേയും കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.[4]

ഈ അധിവാസമേഖലയിൽ (പറൂർ) രണ്ട് പള്ളികളുണ്ട്, ഒന്ന് മഹിമയേറിയ വിശുദ്ധ തോമായ്ക്ക് സമർപ്പിക്കപ്പെട്ടതാണ്, മറ്റൊന്ന് അവർ (മാർ തോമാ ക്രിസ്ത്യാനികൾ) രണ്ട് വിശുദ്ധന്മാർ എന്ന് വിളിച്ചിരുന്ന ആ രണ്ട് നെസ്തോറിയൻമാർക്കായി (മാർക്സാബ്രോ, മാർപ്രോദ്) സമർപ്പിക്കപ്പെട്ടതായിരുന്നു, ആർച്ചുബിഷപ്പ് (അലക്സിസ് മെനസിസ്) സർവ്വ വിശുദ്ധന്മാരുടെയും എന്ന പേര് നൽകി. രണ്ടും ഇടവകകളാണ്. ഓരോന്നിനും മതിയായ എണ്ണം ആളുകളുണ്ട്.

പള്ളിയുടെ സ്ഥാപനം

തിരുത്തുക

പറവൂർ മാർ തോമാ സുറിയാനി പള്ളി (ചെറിയപ്പള്ളി) വടക്കൻ പറവൂരിലെ പുതിയ അങ്ങാടിയിൽ 1566 ൽ സമീപത്ത് സ്ഥിതി ചെയ്യുന്ന പഴയ പള്ളിയിലെ ഇടവകക്കാർ നിർമ്മിച്ചതാണ്. പറവൂരിലെ സമ്പന്നരായ പ്രാദേശിക വ്യാപാരികളായിരുന്ന വലിയങ്ങാടി തരകൻമാരാണ് പുതിയ പള്ളിയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. പറവൂരിലെ പ്രാദേശിക ഭരണാധികാരി പള്ളിയെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും പറവൂർ പട്ടണത്തിലെ പുതിയ ഏഴ് അങ്ങാടികൾക്കിടയിൽ ഒരു സ്ഥലം ദാനം ചെയ്യുകയും ചെയ്തു. കൽദായ മെത്രാപ്പോലീത്ത മാർ യൗസേപ്പിന്റെ നേതൃത്വത്തിൽ പള്ളി വെഞ്ചരിച്ച് കുരിശും സ്ഥാപിച്ച് ആരാധനയ്ക്കായി തുറന്നു കൊടുത്തു. പള്ളിയുടെ സ്ഥാപനം ഒരു പഴയ കരിങ്കൽ ഫലകത്തിൽ ആലേഖനം ചെയ്യുകയും പള്ളിയുടെ മുൻവാതിലിനടുത്തുള്ള ഭിത്തിയിൽ പതിക്കുകയും ചെയ്തിട്ടുണ്ട്.[1]

 
മദ്ബഹ

കരിങ്കൽ ഫലകത്തിലെ ലിഖിതം

തിരുത്തുക
 

മാറാനീശോമിശിഹാ പിറന്നിട്ട്‌ 1566-ാ‍ം കാലം വൃശ്ചിക ഞായർ 16-ാ‍ം തീയതി പട്ടമന പറവൂർ മാർത്തോമാ പള്ളി വെപ്പാൻ മാർ യൗസേപ്പ് മെത്രാനും മറ്റു പല ദേശത്തുപട്ടക്കാരും ഇണങ്ങരും കൂടി കുരിശും നാട്ടി സമ്മതിച്ച്‌ കുർബാനയും ചെയ്തു അന്നുതന്നെ.[5]

ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ

തിരുത്തുക

ഒട്ടോമൻ തുർക്കിയിലെ മൊസൂളിലാണ് അബ്ദൽ ജലീൽ ജനിച്ചത്. 1653ൽ തുർക്കിയിലെ അമീദ് (ദിയാർബക്കിർ) രൂപതയുടെ മെത്രാപ്പോലീത്തയായി അദ്ദേഹത്തെ പാത്രിയാർക്കീസ് ​​ഇഗ്നാത്തിയോസ് ശെമവൂൻ നിയമിച്ചു. 1664ൽ ഗ്രിഗോറിയോസ് എന്ന സ്ഥാനപ്പേരിൽ ജറുസലേമിലെ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. മലങ്കര നസ്രാണി സമൂഹത്തിന്റെ അർക്കദിയാക്കോൻ തോമാ ഒന്നാമന്റെ അപേക്ഷ പ്രകാരം 1665ൽ അദ്ദേഹം ഇന്ത്യയിലേക്ക് വന്നു. സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് ​​ഇഗ്നാത്തിയോസ് അബ്ദുൽ മസിഹ് ഒന്നാമന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. മലബാറിൽ എത്തിച്ചേർന്ന ഇദ്ദേഹം അർക്കദിയാക്കോനെ മെത്രാനായി വാഴിച്ചു.[6] 1681ൽ അദ്ദേഹം ഇന്ത്യയിൽ വച്ച് മരണപ്പെട്ട ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ വടക്കൻ പറവൂരിലെ മാർ തോമാ ചെറിയപള്ളിയിൽ സംസ്‌കരിച്ചിരിക്കുന്നു. 2000 ഏപ്രിൽ 4ന് ​​ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് മാർ ഗ്രിഗോറിയോസ് അബ്ദൽ ജലീലിനെ സഭയുടെ വിശുദ്ധനായി പ്രഖ്യാപിച്ചു.[1]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Paravur Church". syriacchristianity.info. Archived from the original on 2023-09-01. Retrieved 2023-06-07.
  2. 2.0 2.1 "Photo Gallery of Churches in Kerala". keralatourism (in ഇംഗ്ലീഷ്). Retrieved 2021-12-25.
  3. 3.0 3.1 "North Paravur Jacobite Church". Archived from the original on 30 September 2013. {{cite web}}: |archive-date= / |archive-url= timestamp mismatch; 30 സെപ്റ്റംബർ 2011 suggested (help)
  4. ഗുവേയ, ആന്റോണിയോ (1601). മേലേക്കണ്ടത്തിൽ, പയസ് (ed.). Jornada of Alexis Menesis (2003 ed.). Coimbra - Kochi. p. 449.
  5. Ayyar, A. S. Ramanatha (1932). Travancore Archaeological Series. Vol. VII: part 2. p. 144-145.
  6. Brock, Sebastian P. (2011a). "Thomas Christians". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press