ഗ്രിഗോറിയോസ് അബ്ദൽ ജലീൽ

ജെറുസലേം സുറിയാനി ഓർത്തഡോക്സ് മെത്രാപ്പോലീത്ത
(ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനേഴാം നൂറ്റാണ്ടിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ജെറുസലേം മെത്രാപ്പോലീത്ത ആയിരുന്നു ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ അഥവാ ഗ്രിഗോറിയോസ് അബ്ദൽ ഗലീൽ. 1665ൽ മലബാറിലേക്ക് ഇദ്ദേഹം നടത്തിയ യാത്രയും മാർത്തോമാ നസ്രാണികളുടെ ഇടയിലെ പുത്തങ്കൂർ വിഭാഗത്തിൽ ഇദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയും ഇന്ത്യയിൽ സുറിയാനി ഓർത്തഡോക്സ് ദൈവശാസ്ത്രവും ആരാധനാക്രമവും വേര് പാകുന്നതിന് നാന്ദി കുറിച്ചു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ രൂപീകരണത്തിന് ഇത് കാരണമായി.[1][2]

ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ
ജെറുസലേം മെത്രാപ്പോലീത്ത
സഭസുറിയാനി ഓർത്തഡോക്സ് സഭ
ഭദ്രാസനംജെറുസലേം
സ്ഥാനാരോഹണം1664
പിൻഗാമിഗ്രിഗോറിയോസ് പത്രോസ് ഷാഹ്ബാദ്ദീൻ
പദവിമെത്രാപ്പോലീത്ത
വ്യക്തി വിവരങ്ങൾ
ജനനംമൊസൂൾ, ഇറാഖ്
മരണം1681 ഏപ്രിൽ 27
വടക്കൻ പറവൂർ
കബറിടംമാർത്തോമാ യാക്കോബായ പള്ളി, വടക്കൻ പറവൂർ[3]
വിശുദ്ധപദവി
തിരുനാൾ ദിനംഏപ്രിൽ 27
വണങ്ങുന്നത്മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
വിശുദ്ധപദവി പ്രഖ്യാപനം2000 ഏപ്രിൽ 4
വിശുദ്ധപദവി പ്രഖ്യാപിച്ചത്ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ്

ജീവചരിത്രം

തിരുത്തുക
 
ഗ്രിഗോറിയോസ് അബ്ദുൽ ജലീലിന്റെ കബറിടം

ഒട്ടോമൻ തുർക്കിയിലെ മൊസൂളിലാണ് അബ്ദൽ ജലീൽ ജനിച്ചത്. 1653ൽ തുർക്കിയിലെ അമീദ് (ദിയാർബക്കിർ) രൂപതയുടെ മെത്രാപ്പോലീത്തയായി അദ്ദേഹത്തെ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് ശെമവൂൻ നിയമിച്ചു. 1664ൽ ഗ്രിഗോറിയോസ് എന്ന സ്ഥാനപ്പേരിൽ ജറുസലേമിലെ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. മലങ്കര നസ്രാണി സമൂഹത്തിന്റെ അർക്കദിയാക്കോൻ തോമാ ഒന്നാമന്റെ അപേക്ഷ പ്രകാരം 1665ൽ അദ്ദേഹം ഇന്ത്യയിലേക്ക് വന്നു. സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അബ്ദുൽ മസിഹ് ഒന്നാമന്റെ പ്രതിനിധിയായി മലബാറിൽ എത്തിച്ചേർന്ന ഇദ്ദേഹം അർക്കദിയാക്കോനെ മെത്രാനായി വാഴിക്കുകയും തോമാ ഒന്നാമന്റെ നേതൃത്വം അംഗീകരിച്ചിരുന്ന മാർത്തോമാ നസ്രാണികളെ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്തു.[4] ഈ സംഭവത്തിനുശേഷം കാലക്രമേണ ഈ വിഭാഗം സുറിയാനി ഓർത്തഡോക്സ് അഥവാ യാക്കോബായ ദൈവശാസ്ത്രവും ആരാധനാക്രമവും സ്വീകരിക്കുകയും പുത്തങ്കൂറ്റുകാർ എന്നറിയപ്പെടുകയും ചെയ്തു. 1681ൽ മരണപ്പെട്ട ഇദ്ദേഹത്തിന്റെ ഭൗതികദേഹം വടക്കൻ പറവൂരിലെ മാർ തോമാ ചെറിയപള്ളിയിൽ സംസ്‌കരിച്ചിരിക്കുന്നു.[5][6]

വിശുദ്ധപദവി

തിരുത്തുക

2000 ഏപ്രിൽ 4ന് സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് മാർ ഗ്രിഗോറിയോസ് അബ്ദൽ ജലീലിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.[5]

  1. Brock, Sebastian P. (2011). "Thomas Christians". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage https://gedsh.bethmardutho.org/Thomas-Christians
  2. Oriens christianus : Hefte für die Kunde des christlichen Orients : Gesamtregister für die Bände 1(1901) bis 70(1986) (in German). O. Harrassowitz. 2005. ISBN 9783447029643.
  3. "അബ്ദുൽ ജലീൽ മാർ ഗ്രിഗോറിയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറി" (in ഇംഗ്ലീഷ്). 2022-04-24. Retrieved 2023-05-11.
  4. Brock, Sebastian P (2011). "Thomas Christians". Thomas Christians. Gorgias Press. 
  5. 5.0 5.1 "Paravur Church". syriacchristianity.info. Archived from the original on 2023-09-01. Retrieved 2023-09-16.
  6. "St. Gregorios Abdul'Galeel, Syrian Orthodox Metropolitan". syriacchristianity.org. Retrieved 2023-10-25.[പ്രവർത്തിക്കാത്ത കണ്ണി]