താലിബാൻ

അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ-സൈനികപ്രസ്ഥാനമാണ് താലിബാൻ


1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ-സൈനിക തീവ്രവാദ പ്രസ്ഥാനമാണ് താലിബാൻ (പഷ്തു: طالبان ṭālibān.[4]). അധികാരത്തിൽ നിന്നും പുറത്തായതിനു ശേഷം 2004-ഓടെ പുനരേകീകരിക്കപ്പെട്ട താലിബാൻ, അഫ്ഗാൻ പാകിസ്താൻ അതിർത്തിയിലെ വിവിധ പഷ്തൂൺ ഗോത്രമേഖലകളിൽ ഭരണം നടത്തുകയും, ഇരുസർക്കാരുകൾക്കെതിരെയും അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന നാറ്റോ സഖ്യസേനക്കെതിരെയും ഗറില്ല മുറയിൽ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നു.

താലിബാൻ
طالبان
അഫ്ഗാൻ ആഭ്യന്തരയുദ്ധം, വസീറിസ്താൻ യുദ്ധം പങ്കാളികൾ
സജീവം 1994 സെപ്റ്റംബർ - 2001 ഡിസംബർ (സർക്കാർ)
2004-തുടരുന്നു
ആശയം ഇസ്ലാം
നേതാക്കൾ മുല്ല മുഹമ്മദ് ഒമർ
മുല്ല അബ്ദുൾ‌ ഗാനി ബരാദാർ
മുല്ല ഉബൈദുള്ള അഖുന്ദ്
പ്രവർത്തനമേഖല അഫ്ഗാനിസ്താൻ, പാകിസ്താൻ[1]
അംഗസംഖ്യ 45,000 (2001-ലെ കണക്ക്)[2]
11,000 (2008 est.)[3]
25,000 (2009 est.)[അവലംബം ആവശ്യമാണ്]
തുടക്കം ജാമിയത് ഉലമയി ഇസ്ലാമിന്റെ വിദ്യാർത്ഥികൾ
സഖ്യകക്ഷികൾ അൽ ഖ്വയ്ദ
തെഹ്രിക് ഇ താലിബാൻ, പാകിസ്താൻ
ഹിസ്ബ് ഇ ഇസ്ലാമി ഗുൾബുദ്ദീൻ
ഹഖാനി ശൃംഖല
ഇസ്ലാമിക് എമിറേറ്റ് ഓഫ് വസീറിസ്താൻ
ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബെകിസ്താൻ
ഏതിരാളികൾ അമേരിക്കൻ സേന
ബ്രിട്ടീഷ് സേന
അഫ്ഗാനിസ്താൻ സേന
പാകിസ്താൻ സേന
ഐ.എസ്.എ.എഫ്. (നാറ്റോയുടെ നേതൃത്വത്തിൽ)
പി.ഒ.ഇ.എഫ്.

താലിബാൻ അംഗങ്ങളിൽ ഭൂരിഭാഗവും പഷ്തൂൺ ഗോത്രത്തിൽപ്പെട്ടവരാണ്[5][6]. ഇതിനു പുറമേ തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഉസ്ബെക്കുകൾ, താജിക്കുകൾ, ചെച്ചെനുകൾ, അറബികൾ, പഞ്ചാബികൾ തൂടങ്ങിയവരും താലിബാനിലുണ്ട്.[7][8][9]

പാകിസ്താനിലും അഫ്ഗാനിസ്താനിലും പ്രവർത്തിക്കുന്ന താലിബാൻ, പ്രധാനമായും ഡ്യൂറന്റ് രേഖ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. താലിബാന്റെ ആസ്ഥാനം പാകിസ്റ്റാനിലെ ക്വെത്ത പ്രദേശത്താണെന്നാണ് അമേരിക്ക കരുതുന്നത്. പാകിസ്താനും ഇറാനും താലിബാന് സഹായം നൽകുന്നുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും [10][11][12][13]ഇരുരാജ്യങ്ങളും ഇത് നിഷേധിക്കുന്നു.[14][15]

ഒളിവിൽ കഴിയുന്ന മുല്ല മുഹമ്മദ് ഒമർ ആണ് താലിബാന് നേതൃത്വം നൽകുന്നത്.[16] ഒമറിന്റെ ആദ്യകാല സൈന്യാധിപർ, ചെറുകിട സൈന്യത്തലവന്മാരും മദ്രസ അദ്ധ്യാപകരും അടങ്ങിയതായിരുന്നു.[17] പ്രവര്ത്തകർ പാകിസ്താനിലെ മതപാഠശാലകളിലെ വിദ്യാർത്ഥികളായ അഫ്ഗാൻ അഭയാർത്ഥികളായിരുന്നു. പാകിസ്താൻ സർക്കാറിൽ നിന്നും പ്രത്യേകിച്ച് പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയിൽ നിന്നും താലിബാന് പരീശീലനവും പണവും മറ്റു സഹായങ്ങളും ലഭിച്ചിരുന്നു.[18] പാകിസ്താനിലെ പ്രമുഖ ഇസ്ലാമികസംഘടനയായ ജാമിയത്ത് ഉലമയി ഇസ്ലാം (ജെ.യു.ഐ.) ആണ് താലിബാൻ അംഗങ്ങൾക്കായുള്ള മതപാഠശാലകൾ‌ നടത്തിയിരുന്നത്.[19]

ഏതാണ്ട് അഞ്ചുവർഷത്തോളം അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളും രാജ്യത്തിന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കിയിരുന്ന താലിബാൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് അവരുടെ രാജ്യത്തെ വിളിച്ചിരുന്നത്.


അഫ്ഗാനിസ്താനിൽ അധികാരം നഷ്ടപ്പെട്ടെങ്കിലും 20 വർഷത്തിന് ശേഷം താലിബാൻ വീണ്ടും അഫ്ഗാൻ ഭരണം തിരിച്ചു പിടിച്ചു. ഇക്കാലത്ത് ചൈന മാത്രമേ താലിബാന്റെ സർക്കാരിനെ അംഗീകരിച്ചിരുന്നുള്ളൂ. ലോകത്തെ ഞെട്ടിച്ച് കൊണ്ടുള്ള അമേരിക്കയുടെ സൈനിക പിൻമാറ്റം ആണ് താലിബാനെ എളുപ്പത്തിൽ അധികാരത്തിൽ എത്തിച്ചത്

ഏവരും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് താലിബാൻ അഫ്ഗാൻ പിടിച്ചത്. താലിബാൻ അഫ്ഗാൻ പിടിച്ചതിന് ശേഷം അഫ്ഗാനിൽ വലിയരീതിയിൽ പാലായനം നടക്കുകയാണ്. തങ്ങൾ കൂട്ടു സർക്കാർ ഉണ്ടാക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ച് കഴിഞ്ഞു.

ഇസ്ലാമികലോകത്ത് ഇതുവരെ കാണാത്ത രീതിയിൽ, മുസ്ലീം ശരിയത്ത് നിയമത്തിന്റെ ഏറ്റവും കണിശമായ പ്രായോക്താക്കളായി താലിബാനെ കണക്കാക്കുന്നു. [20]

പേരും പശ്ചാത്തലവും

തിരുത്തുക

വിദ്യാർത്ഥി എന്നർത്ഥമുള്ള താലിബ് എന്ന അറബി വാക്കിൽ നിന്നാണ് താലിബാൻ എന്ന പദമുരുത്തിരിഞ്ഞത്. താലിബാൻ അംഗങ്ങളിൽപ്പലരും, പാക്-അഫ്ഗാൻ അതിർത്തിയിലെ സ്വകാര്യമതപഠനകേന്ദ്രങ്ങളിൽ വിദ്യാഭ്യാസം ചെയ്തവരായിരുന്നു. 1979-ലെ സോവിയറ്റ് അധിനിവേശത്തിനു ശേഷം, അഫ്ഗാനിസ്താനിൽ നിന്നും പാകിസ്താനിലേക്ക് കടന്ന അഭയാർത്ഥികൾക്കായി, ഇത്തരം നിരവധി മതപഠനശാലകൾ തുറന്നിരുന്നു. ഈ വിദ്യാലയങ്ങളിൽ പാഠ്യപദ്ധതി തികച്ചും പരമ്പരാഗതവും ഇസ്ലാമികമൗലികവാദത്തിൽ അടിസ്ഥിതവുമായിരുന്നു. 1979-ൽ യുദ്ധം തുടങ്ങിയതൊടെ, അഫ്ഗാനിസ്താനിൽ നിന്നുള്ള പഷ്തൂണുകൾക്കു പുറമേ, പാകിസ്താനിൽ നിന്നുള്ള പഷ്തൂണുകളും ആയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ പാഠശാലകളിൽ പഠിക്കാനാരംഭിച്ചു.

പാകിസ്താനിൽ, മൗലാന ഫസലൂർ റഹ്മാൻ നയിച്ചിരുന്ന പ്രസ്ഥാനമായിരുന്ന ജാമിയ്യത്ത്-ഇ ഉലമാ-ഇ ഇസ്ലാം, ഈ പാഠശാലകളെ സ്വാധീനിച്ചിരുന്നു. ഇസ്ലാമിലെ പ്രത്യേകിച്ച് ഹനഫി സുന്നി വിശ്വാസപ്രകാരമുള്ള നിയമങ്ങൾ നിർബന്ധമായി പാലിക്കണമെന്ന് വാദിച്ചിരുന്ന സംഘടനയായിരുന്നു ഇത്. തീവ്രമായ ഷിയാവിരുദ്ധനിലപാടുകൾ വച്ചുപുലർത്തിയിരുന്ന ഇവർ സാമൂഹികമായി തുല്യതക്കും വാദിച്ചിരുന്നു.

മൗലികഇസ്ലാമികവാദികളായിരുന്ന താലിബാന്റെ ജീവിതവീക്ഷണം തന്നെ മതനിയമങ്ങളെ ആസ്പദമാക്കിയായിരുന്നു. ശരി അത്ത് മാത്രമാണ്, താലിബാൻ, നിയമമായി അംഗീകരിച്ചിരുന്നത്.[21]

അഫ്ഗാനിസ്താനിലെ പടയോട്ടങ്ങൾ‌

തിരുത്തുക

അഫ്ഗാനിസ്താനിൽ മുജാഹിദീൻ സർക്കാരിന്റെ ഭരണകാലത്ത്, 1994 മദ്ധ്യത്തോടെ മുല്ല മുഹമ്മദ് ഒമറിന്റെ കീഴിലുള്ള ഒരു ചെറിയ സംഘമായാണ് താലിബാന്റെ ആരംഭം. ഒരു ഘൽജി പഷ്തൂൺ ആയിരുന്ന ഒമർ സോവിയറ്റ് യുദ്ധകാലത്ത് വിവിധ പ്രതിരോധകക്ഷികൾക്കൊപ്പം സൈന്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

1994 സെപ്റ്റംബർ/ഒക്ടോബർ സമയത്ത്, ഗുൾബുദ്ദീൻ ഹെക്മത്യാറിന്റെ ഹിസ്ബ്-ഇ ഇസ്ലാമിയുടെ നിയന്ത്രണത്തിലായിരുന്ന സ്പിൻ ബാൾഡാക്കിലെ (Spin Baldak) ഒരു അതിർത്തികേന്ദ്രം (ബോർഡർ പോസ്റ്റ്) കൈയടക്കുന്നതോടെയാണ് താലിബാൻ ആദ്യമായി ജനശ്രദ്ധയിൽ വരുന്നത്. ഏതാണ്ട് ഇതേ സമയത്തുതന്നെ, തോബ അച്ചാക്സായ്-ലുള്ള ഹെക്മത്യാറീന്റെ ഒരു ആയുധകേന്ദ്രവും താലിബാൻ പിടിച്ചെടുത്തു.[ക] 1994 നവംബറിൽ ഒരു പാകിസ്താൻ പ്രതിനിധിസംഘത്തെ താലിബാൻ ബന്ധിയാക്കി കൂടുതൽ ശ്രദ്ധയാകർഷിച്ചു.[21]

കന്ദഹാർ നിയന്ത്രണത്തിലാക്കുന്നു

തിരുത്തുക

1994 നവംബർ 5-ന്, താലിബാൻ, കന്ദഹാറിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അക്കാലത്ത് കാബൂളിൽ ഭരണത്തിലിരുന്ന പ്രൊഫസർ റബ്ബാനിയുടെ നേരിയ നിയന്ത്രണം മാത്രമുണ്ടായിരുന്ന കന്ദഹാറിലെ മുല്ല നഖ്വിബ് അഖുന്ദ്സാദേയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈന്യം, യുദ്ധം ചെയ്യാതെ തന്നെ താലിബാനു മുൻപിൽ ആയുധം വച്ച് കീഴടങ്ങി. കന്ദഹാറിന് ചുറ്റുപാടുമുള്ള മറ്റു നേതാക്കളും ഇതേ രീതിയിൽ താലിബാനു മുൻപാകെ കീഴടങ്ങി. ഇതിനെത്തുടർന്ന് പാകിസ്താന്റെയും അമേരിക്കയുടേയും ഉദ്യോഗസ്ഥർ, കന്ദഹാർ സന്ദർശിച്ച് താലിബാനുമായി ബന്ധം പുലർത്താനാരംഭിച്ചു. പാകിസ്താനിലെ അമേരിക്കൻ സ്ഥാനപതിയായിരുന്ന ജോൺ മോൺജോയും കന്ദഹാർ സന്ദർശിച്ചിരുന്നു.[21]

കൂടുതൽ മേഖലയിലേക്ക് അധികാരം വ്യാപിപ്പിക്കുന്നു

തിരുത്തുക

1994 നവംബറിൽത്തന്നെ, കന്ദഹാറിനു വടക്കും, വടക്കുകിഴക്കുമായുള്ള ഉറൂസ്ഗാൻ, സാബൂൾ പ്രവിശ്യകൾ, താലിബാന്റെ നിയന്ത്രണത്തിലായി. പ്രതിരോധകക്ഷികളുടെ സൈനികനേതാക്കൾക്കെതിരെ പൊതുവേ ജനങ്ങൾക്കുണ്ടായിരുന്ന വികാരം, താലിബാന് മുതലെടുക്കാൻ സാധിച്ചു എന്നതിന് പുറമേ, തങ്ങളുടെ എതിരാളികളെ, പണം കൊടുത്തും താലിബാൻ തങ്ങളുടെ പക്ഷത്തേക്ക് വരുത്തിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

പടിഞ്ഞാറ്‌ ദുറാനി അലിസായ് വംശത്തിലെ, ഗഫ്ഫാർ അഖുന്ദ്സാദേയുടെ[ഖ] നേതൃത്വത്തിലുള്ള എതിർപ്പുകൾ 1995 ജനുവരി മദ്ധ്യത്തോടെ താലിബാൻ അടിച്ചമർത്തി. ഇതിനു ശേഷം താലിബാൻ ഗസ്നിയിലേക്ക് നീങ്ങി. ഹെക്മത്യാറുടെ സേനയിൽ നിന്ന് ആക്രമണം നേരിട്ടതോടെ, ഗസ്നിയിലെ തദ്ദേശീയസൈനികനേതാവായിരുന്ന താജ് മുഹമ്മ്ദ്, താലിബാനോടൊപ്പം ചേർന്നു. ഹിസ്ബ് ഇ ഇസ്ലാമിയുടെ വീണ്ടുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് റബ്ബാനിയുടേയും നബി മുഹമ്മദിയുടേയും സൈന്യങ്ങളും താലിബാനോടൊപ്പം ചേർന്നിരുന്നു.[21]

ഹെക്മത്യാറിന്റെ പരാജയപ്പെടുത്തുന്നു

തിരുത്തുക

ഗസ്നിയിൽ നിന്നും പിൻവാങ്ങിയ ഹെക്മത്യാറിന്റെ സേനയെ 1995 ഫെബ്രുവരിയിൽ കാബൂളിൽ നിന്നും, തുടർന്ന് കാബൂളിന് 25 കിലോമീറ്റർ തെക്കുള്ള അവരുടെ ആസ്ഥാനമായിരുന്ന ചാരാസ്യാബിൽ നിന്നും താലിബാൻ തുരത്തി. കാബൂളിന് കിഴക്കുള്ള സരോബി-യിലേക്ക് ഹെക്മത്യാർ പലായനം ചെയ്തു. ഇതുമൂലം, കാബൂളിലെ റബ്ബാനിയുടെയും മുജാഹിദീൻ സർക്കാരിന്റേയും സ്ഥാനം താൽക്കാലികമായി ശക്തിപ്പെട്ടു.

ഹെക്മത്യാറിനെ പരാജയപ്പെടുത്തിയതിനെത്തുടർന്ന് തുടർന്ന് ഹസാരകളും, ഇസ്മാഈലികളും ഉസ്ബെക്കുകളും താലിബാനുമായി ചേർന്ന് റബ്ബാനിയുടെ സൈന്യത്തിനെതിരെ പൊരുതാനും കാബൂൾ നിയന്ത്രണത്തിലാക്കാനുമാരംഭിച്ചു.[21]

ആദ്യ പരാജയം

തിരുത്തുക

1995 മാർച്ച് 19-ന് താലിബാൻ ആദ്യത്തെ പരാജയം രുചിച്ചു. ഈ ദിവസം, റബ്ബാനിയുടെ സൈനികനേതാവായിരുന്ന അഹ്മദ് ഷാ മസൂദ്, ചാരസ്യാബ് പിടിക്കുകയും, കാബൂളിന്റേയും പരിസരപ്രദേശങ്ങളുടേയും നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു. പരാജയപ്പെട്ടതോടെ താലിബാന്റെ സഖ്യം പിളർന്നു.[21]

പടിഞ്ഞാറൻ അഫ്ഗാനിസ്താനിലേക്ക്

തിരുത്തുക

തെക്കൻ കാബൂളിൽ നിന്നു പിൻ‌വാങ്ങേണ്ടിവന്നതോടെ ഹെറാത്ത് ലക്ഷ്യമാക്കി വടക്കുപടിഞ്ഞാറുദിശയിലേക്ക് താലിബാൻ നീങ്ങാൻ തുടങ്ങി. ഇതേ സമയം, ഹെറാത്തിലെ ഇസ്മാഈൽ ഖാൻ, കന്ദഹാറിലേക്ക് അധികാരം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. 1995 ഓഗസ്റ്റ് പകുതിയോടെ, ഇദ്ദേഹം കന്ദഹാറിന് സമീപത്തെത്തുകയും ചെയ്തു. തിരിച്ചടിച്ച താലിബാൻ, ഷിൻഡൻഡീലെ (Shindand) വ്യോമകേന്ദ്രം, സെപ്റ്റംബർ 3-നും, ഹെറാത്ത് സെപ്റ്റംബർ 5-നും പിടീച്ചടക്കി. ഇസ്മാഈൽ ഖാൻ ഇറാനിലേക്ക് പലായനം ചെയ്തു. ഇതോടെ താലിബാന് പാകിസ്താൻ സഹായം നൽകുന്നുണ്ടെന്ന് റബ്ബാനി പരസ്യമായി ആരോപിച്ചു.

1996-ലും താലിബാൻ അവരുടെ മുന്നേറ്റം തുടർന്നു. 1996 ഏപ്രിൽ മുതൽ താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഒമർ, അമീർ അൽ മുമിനിൻ (വിശ്വാസികളുടെ പടനായകൻ) എന്ന് അറിയപ്പെടാൻ തുടങ്ങി. 1996 ജൂണിൽ റബ്ബാനിയുടെ ഗവർണറെ പരാജയപ്പെടുത്തി, മദ്ധ്യ അഫ്ഗാനിസ്താനിലെ ഗോർ പ്രവിശ്യയുടെ തലസ്ഥാനമായ ചാഗരാൻ താലിബാൻ അധീനതയിലാക്കി. ഈ നടപടിയിൽ ജനറൽ ദോസ്തമിന്റെ നേതൃത്വത്തിലുള്ള ഉസ്ബെക്കുകളുടേയും, ഹിസ്ബ് ഇ വാഹ്ദത്തിന്റേയ്യും പിന്തുണ താലിബാന് ലഭിച്ചിരുന്നു.[21]

കാബൂളിലേക്ക്

തിരുത്തുക

അഫ്ഗാനിസ്താന്റെ പടിഞ്ഞാറും മദ്ധ്യഭാഗവും നിയന്ത്രണത്തിലാക്കിയതിനു ശേഷം, താലിബാൻ സാവധാനം കാബൂളിലേക്ക് നീങ്ങാൻ തുടങ്ങി. 1996 സെപ്റ്റംബർ 11-ന് തലിബാൻ, ജലാലാബാദ് പിടിച്ചെടുത്തു. സെപ്റ്റംബർ 26-ന് മസൂദിന്റെ സൈന്യം കാബൂളിൽ നിന്നും പിൻവാങ്ങി. അങ്ങനെ താലിബാൻ, കാബൂളിൽ പ്രവേശിച്ചു.

താലിബാൻ കാബൂളിലെത്തിയതിനെത്തുടർന്ന് റബ്ബാനിയും താലിബാൻ സഖ്യത്തിൽ ചേർന്നു. എങ്കിലും വടക്കുനിന്ന് മസൂദ് പോരാട്ടം തുടർന്നുകൊണ്ടിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ കാബൂളിന്റെ വടക്കുള്ള പ്രദേശങ്ങളിൽ താലിബാനും മസൂദും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു.[21]

ഭരണാധികാരത്തിലേക്ക്

തിരുത്തുക
 
താലിബാൻ സൈനികർ ഹെറാത്തിൽ - 2001 ജൂലൈയിലെ ചിത്രം

കാബൂൾ കൈയടക്കിയതിനു ശേഷം നിരവധി ഉത്തരവുകൾ പ്രഖാപിച്ചു. പെൺകുട്ടികൾക്കായുള്ള വിദ്യാലയങ്ങൾ അടച്ചുപൂട്ടി, സ്ത്രീകളെ ഒറ്റക്ക് വീട്ടിനു പുറത്തിറങ്ങുന്നതും, പുറത്ത് പണി ചെയ്യുന്നതിൽ നിന്നും വിലക്കി. സംഗീതത്തിനും സംഗീതകാസറ്റുകൾക്കും വിലക്കേർപ്പെടുത്തി. പട്ടം പറത്തലും പ്രാവുവളർത്തലും നിരോധിച്ചു. പുരുഷന്മാർ താടിവളർത്തുന്നത് നിർബന്ധമാക്കി. മുൻപ് കന്ദഹാറിലും ഹെറാത്തിലും താലിബാൻ ഈ നിയമങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിലും, കൂടുതൽ പരിഷ്കൃതരായിരുന്ന ജനങ്ങൾ വസിച്ചിരുന്ന കാബൂളിൽ ഈ നടപടികൾ അസ്വാരസ്യങ്ങളുണ്ടാക്കി. കാബൂൾവാസികൾ താലിബാനെ രാജ്യത്തെ മദ്ധ്യകാലത്തേക്ക് നയിക്കുന്ന പിന്തിരിപ്പന്മാരായി കണക്കാക്കി. ഇതിനു പുറമേ, മുൻ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായിരുന്ന നജീബുള്ളയേയും സഹോദരൻ ഷാപൂർ അഹ്മദ്സായേയും താലിബാൻ കൊലപ്പെടുത്തി.

1997-ന്റെ തുടക്കമായപ്പോഴേക്കും തെക്കും പടിഞ്ഞാറൂം അഫ്ഗാനിസ്താൻ മുഴുവനും താലിബാന്റെ നിയന്ത്രണത്തിലായി. ഇക്കാലത്ത് റബ്ബാനിയും മസൂദും വടക്കുകിഴക്കൻ ഭാഗങ്ങളും, ജനറൽ ദോസ്തം, വടക്കൻ അഫ്ഗാനിസ്താന്റേയും നിയന്ത്രണം കൈയാളിയിരുന്നു.[21]

സമ്പൂർണ്ണനിയന്ത്രണം

തിരുത്തുക

വടക്കൻ അഫ്ഗാനിസ്താനിലെ ജനറൽ അബ്ദുൾ റഷീദ് ദോസ്തം, ഇടക്കാലത്ത് താലിബാനോടൊപ്പം ചേർന്ന് റബ്ബാനിയുടെ സർക്കാരിനെതിരെ പോരാടിയെങ്കിലും പിന്നീട് താലിബാന്റെ ശത്രുപക്ഷത്തായി. മസാർ ഇ-ശരീഫ് കേന്ദ്രമായി ഒരു ഭരണകൂടം തന്നെ കെട്ടിപ്പടുത്ത അബ്ദുൾ റഷീദ് ദോസ്തമിന് മികച്ച ഒരു സൈന്യത്തിന്റേയും വിദേശരാജ്യങ്ങളുടേയും പിന്തുണയുണ്ടായിരുന്നു.

1997 മേയ് 19-ന് ദോസ്തമിന്റെ വിദേശകാര്യവക്താവും വിമതനുമായിരുന്ന ജനറൽ അബ്ദ് അൽ മാലിക് പഹ്ലാവാൻ, പാകിസ്താൻ സർക്കാരിന്റെ പിന്തുണയോടെ താലിബാനുമായി ധാരണയിലെത്തി. ഇതിനെത്തുടർന്ന് അബ്ദ് അൽ മാലിക് പഹ്ലവാന്റേയും താലിബാന്റേയും സംയുക്തസൈന്യം, മേയ് 24-ന് മസാർ-ഇ ശരീഫ് പിടിച്ചെടുത്തു. ദോസ്തം, തുർക്കിയിലേക്ക് പലായനം ചെയ്തു.

ഇതിനെത്തുടർന്ന് പാകിസ്താൻ, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങൾ, താലിബാനെ അഫ്ഗാനിസ്താനിലെ ഭരണാധികാരികളായി അംഗീകരിച്ചു. മസാർ-ഇ ശരീഫിനു ശേഷം, ബദാഖ്ശാന്റെ അതിർത്തിയിലുൾല ഖുണ്ടുസും താലിബാൻ പിടിച്ചെടുത്തു. ഇതോടെ റബ്ബാനിയും രാജ്യം വിട്ടു. അങ്ങനെ അഫ്ഗാനിസ്താൻ ഏതാണ്ട് പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി.[21]

മസാർ ഇ ശരീഫിലെ തിരിച്ചടി

തിരുത്തുക

മസാർ-ഇ ശരീഫ് പിടിച്ചടക്കിയതിനു ശേഷം ഇവിടേയും തെക്കൻ അഫ്ഗാനിസ്താനിലെന്ന പോലെ തീവ്ര-ഇസ്ലാമികനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ താലിബാൻ ശ്രമിച്ചു. മേഖലയിലെ ഉസ്ബെക്കുകളും ഹസാരകളും ഇതിനെ എതിർക്കുകയും മേയ് 28-ന് ഇവിടെ വൻ കലാപം പൊട്ടിപ്പുറപ്പെടുകയും ആയിരക്കണക്കിന് താലിബാൻ അംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. ഇതേ സമയം അഹ്മദ് ഷാ മസൂദ്, സലാങ് തുരങ്കത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതു മൂലം, താലിബാൻ പടയാളികൾക്ക് കാബൂളിലേക്ക് പിന്മാറാനുള്ള വഴിയടഞ്ഞതോടെ വെട്ടിലാകുകയും ചെയ്തു.

1997-ലെ മഞ്ഞുകാലമായപ്പോഴേക്കും താലിബാന് വടക്കൻ അഫ്ഗാനിസ്താന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഈ സമയത്ത് ജനറൽ ദോസ്തം, മസാർ-ഇ ശരീഫിൽ തിരിച്ചെത്തി. മസൂദും അയാളുടെ പഞ്ച്ശീരി സേനയും കാബൂളിന് വടക്കുള്ള സമതലപ്രദേശങ്ങളും, തന്ത്രപ്രധാനമായ സലാങ്ങ് ചുരവും നിയന്ത്രണത്തിലാക്കി. അത് താലിബാന് ഒരു വൻ തിരിച്ചടിയായി.

പിന്നീട് 1998 ഓഗസ്റ്റിൽ നടന്ന ഒരു പോരാട്ടത്തിൽ താലിബാൻ വീണ്ടും മസാർ-ഇ ശരീഫ് പിടിച്ചു. ബദാഖ്ശാനിലെ അഹ്മദ് ഷാ മസൂദ് മാത്രമായിരുന്നു പിന്നീട് താലിബാന് എതിരാളിയായുണ്ടായത്. 2001 വരെ ഈ സ്ഥിതി തുടർന്നു.[21]

വിദേശബന്ധങ്ങളും സ്ഥിതിഗതികളും

തിരുത്തുക
 
ബാമിയാനിലെ ബുദ്ധപ്രതിമ

നജീബുള്ളയുടെ പതനത്തിനു ശേഷം, യു.എസ്സിന് അഫ്ഗാനിസ്താനിലെ കാര്യങ്ങളിൽ അത്ര താല്പര്യമുണ്ടായിരുന്നില്ല എങ്കിലും അമേരിക്ക, പാകിസ്താന്റെ നയത്തെ പിന്തുണച്ചുപോന്നു. 1994 മദ്ധ്യം മുതൽക്കേ പാകിസ്താൻ, താലിബാനെ പരോക്ഷമായി പിന്തുണ നൽകിപ്പോന്നിരുന്നു.

എന്നാൽ 1997 നവംബറോടെ, താലിബാനോടുള്ള യു.എസ്. നയങ്ങൾക്ക് മാറ്റം സംഭവിച്ചു. മനുഷ്യാവകാശലംഘനം, രാജ്യത്തെ കറുപ്പിന്റേയും ഹെറോയിന്റേയും വൻ ഉൽപ്പാദനം എന്നിവയാണ് ഇതിനുള്ള കാരണമായത്. സി.ഐ.എ. ഫാക്റ്റ് ബുക്ക് അനുസരിച്ച് ബർമ്മ കഴിഞ്ഞാൽ ലോകത്തെ കറുപ്പിന്റേയും അനുബന്ധ ഉൽപ്പന്നങ്ങളുടേയ്യും ഏറ്റവും വലിയ കയറ്റുമതി അഫ്ഗാനിസ്താൻ നിന്നായിരുന്നു. ഒസാമ ബിൻ ലാദന് താലിബാൻ അഭയം കൊടുത്തത്, അമേരിക്കൻ നയവ്യതിയാനത്തിന് പ്രധാനകാരണമായി.

1998-ൽ വടക്കുകിഴക്കൻ അഫ്ഗാനിസ്താനിലുണ്ടായ വൻ ഭൂകമ്പങ്ങളും ഇക്കാലയളവിലെ വൻ വരൾച്ചകളും, ആയിരക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കി. താലിബാൻ, ഒസാമ ബിൻ ലാദനെ സഹായിക്കുന്നു എന്ന പേരിൽ, ബാഹ്യലോകത്തുനിന്നുള്ള ഒറ്റപ്പെടലും, രാജ്യത്തെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. 1999-ൽ വ്യോമ ഉപരോധം അടക്കം, ശക്തമായ ഉപരോധങ്ങൾ ഐക്യരാഷ്ട്രസഭ, അഫ്ഗാനിസ്താനെതിരെ ഏർപ്പെടുത്തി. 2000 ഡിസംബറിൽ, ആയുധ ഉപരോധം അടക്കം ചേർത്ത് ഈ ഉപരോധങ്ങൾ ശക്തിപ്പെടുത്തുകയും രാജ്യത്തിന് പുറത്തുള്ള താലിബാന്റെ എല്ലാ സ്വത്തുവകകളും മരവിപ്പിക്കുകയും ചെയ്തു.

2001 ആയപ്പോഴേക്കും രാജ്യത്തെ ജനങ്ങൾക്കിടയിൽ തങ്ങളുടെ സ്വാധീനം നിലനിർത്താനും പുറം ലോകത്തെ തങ്ങളുടെ ശക്തി അറിയിക്കാനുമായി, ഇസ്ലാമികകാലത്തിനു മുൻപുള്ള എല്ലാ ചരിത്രസ്മാരകങ്ങളും തകർക്കുന്ന നടപടിയിൽ താലിബാൻ ഏർപ്പെട്ടു. 2001 മാർച്ച് ആദ്യത്തോടെ രാജ്യത്തെ മിക്കവാറും ചരിത്രാവശിഷ്ടങ്ങളും നശിപ്പിക്കപ്പെട്ടു. ബാമിയാനിലെ പ്രശസ്തമായ ബുദ്ധപ്രതിമകൾ ഇക്കൂട്ടത്തിൽപ്പെടുന്നു.[21]

അധികാരത്തിൽ നിന്നും പുറത്താകുന്നു

തിരുത്തുക

സൗദി-അമേരിക്കൻ സമ്മർദ്ദഫലമായി സുഡാനിൽ നിന്നും പലായനം ചെയ്ത ഒസാമ ബിൻ ലാദൻ, 1996-ൽ അഫ്ഗാനിസ്താനിൽ അഭയം പ്രാപിച്ചു. 2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിൽ സൂത്രധാരനെന്നാരോപിച്ച്, ഒസാമ ബിൻ ലാദനെ വിട്ടുതരാൻ അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. ഇതിനു തയ്യാറാവാതിരുന്ന താലിബാനു നേരെ അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ സൈന്യം ആക്രമണമാരംഭിച്ചു. മാത്രമല്ല താലിബാന്റെ എതിരാളികളായിരുന്ന വടക്കൻ സഖ്യത്തിന് അമേരിക്ക സഹായങ്ങൾ നൽകാനും ആരംഭിച്ചു.

താലിബാൻ ചേരിയിൽ ചില പഷ്തൂൺ നേതാക്കളെ അടർത്തി മാറ്റി പഷ്തൂണുകളെ താലിബാനെതിരെ സംഘടിപ്പിക്കുന്നതിന് നിയോഗിക്കുകയും ചെയ്തു. ഹമീദ് കർസായി, അബ്ദുൾ‌ ഹഖ് തുടങ്ങിയവർ ഇത്തരത്തിൽ അമേരിക്ക നിയോഗിച്ച പഷ്തൂൺ നേതാക്കളായിരുന്നു. ഇതിൽ, മുൻ മുജാഹിദീൻ നേതാവായ അബ്ദുൾ ഹഖിനെ, താലിബാൻ ഒക്ടോബർ അവസാനം പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്തു.

പാശ്ചാത്യരുടേയും പാകിസ്താന്റേയും സ്വാധീനം മൂലം അതുവരെ താലിബാനെ പിന്തുണച്ചുകൊണ്ടിരുന്ന പല തദ്ദേശീയ ഗോത്രനേതാക്കളും താലിബാന്റെ പക്ഷത്തുനിന്ന് മാറി, ഹമീദ് കർസായിയെപ്പോലുള്ള പരമ്പരാഗത പഷ്തൂൺ നേതാക്കളുടെ പിന്നിൽ അണിനിരക്കാൻ തുടങ്ങി. അങ്ങനെ താലിബാനുമായി ബന്ധമില്ലാത്ത പരമ്പരാഗത പഷ്തൂൺ നേതാക്കൾക്ക് രാഷ്ട്രീയപ്രാധാന്യം കൈവന്നു.

2001 ഒക്ടോബർ മാസം തുടക്കം, അമേരിക്കൻ-ബ്രിട്ടീഷ് സംയുക്തസേന, താലിബാൻ കേന്ദ്രങ്ങൾക്കുനേരെ ശക്തമായ ബോബാക്രമണം ആരംഭിച്ചിരുന്നു. 2001 നവംബർ മാസത്തിൽ താലിബാന്റെ നിയന്ത്രണത്തിലായിരുന്ന മിക്കവാറൂം എല്ലാ പട്ടണങ്ങളും വടക്കൻ സഖ്യത്തിന്റെ കൈയിലായി. അവസാനം താലിബാന്റെ കൈയിലുണ്ടായിരുന്ന കന്ദഹാർ, ഡിസംബർ 7-ന് വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിലായതോടെ താലിബാന്റെ പതനം പൂർത്തിയായി. ഇതിനു മുൻപുതന്നെ മുല്ല ഒമറൂം, ഒസാമ ബിൻ ലാദനുമുടക്കമുള്ള താലിബാൻ, അൽ ഖ്വയ്ദ നേതാക്കൾ‌ രാജ്യം വിട്ട് പാകിസ്താനിൽ ഒളിവിൽ പോകുകയും ചെയ്തു.

താലിബാന്റെ പതനം, 2001-ൽ ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യാനുകൂലസർക്കാരിന്റെ സ്ഥാപനത്തിന് കാരണമായി. എങ്കിലും ഇന്നും അമേരിക്കൻ/നാറ്റോ നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ താവളമുറപ്പിച്ചിട്ടുള്ള അന്താരാഷ്ട്രസേനക്കെതിരെ താലിബാൻ പൊരുതിക്കൊണ്ടിരിക്കുന്നു.[22] അധിനിവേശ സേനകളുടെ കണ്ണില്ലാത്ത ആക്രമണത്തിൽ സിവിലിയന്മാർ നിരന്തരം കൊല്ലപ്പെടുന്നതിനാൽ അവർക്കെതിരെയുള്ള ജനരോഷം നിലവിൽ താലിബാന്റെ ജനപിന്തുണ കാര്യമായി വർധിപ്പിച്ചിട്ടുണ്ട് .നിലവിൽ അഫഗാന്റെ 80%പ്രദേശങ്ങളുടെ നിയന്ത്രണം താലിബാൻ തിരിച്ചു പിടിച്ചു കഴിഞ്ഞു.[അവലംബം ആവശ്യമാണ്]

പാകിസ്താനുമായുള്ള ബന്ധം

തിരുത്തുക

1994-ൽ താലിബാന്റെ ഉയർച്ചക്ക് പ്രധാന പങ്കുവഹിച്ച രാജ്യമാണ് പാകിസ്താൻ എന്നുമാത്രമല്ല, 1996-ൽ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച മൂന്നു രാജ്യങ്ങളിലൊന്നുമാണ് പാകിസ്താൻ (സൗദി അറേബ്യ, യു.എ.ഇ. എന്നിവയാണ് മറ്റു രാജ്യങ്ങൾ). ഇതിനും പുറമേ, പാകിസ്താൻ സൈന്യവും, രഹസ്യാന്വേഷണവിഭാഗമായ ഇന്റർ സർവീസസ് ഇന്റലിജൻസും 1980-കളുടെ തുടക്കം മുതൽ അഫ്ഗാനിസ്താനിലെ മൗലിക ഇസ്ലാമികവാദികളെ ശക്തമായി പിന്തുണക്കുകയും, ഈ കണ്ണികൾ ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.

2001 സെപ്റ്റംബർ 11 സംഭവങ്ങൾക്കു ശേഷം, പാകിസ്താനിലെ ഭരണാധികാരിയും സൈനികനേതാവുമായിരുന്ന ജനറൽ പർവേസ് മുഷറഫ്, അമേരിക്കൻ സഹായത്തോടെ താലിബാനെതിരെയുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ കാലങ്ങളായി, താലിബാന് നൽകിവന്നിരുന്ന സഹായങ്ങൾ പാകിസ്താൻ നിർത്തലാക്കി. എങ്കിലും ഔദ്യോഗികമാർഗ്ഗങ്ങളിലൂടെയല്ലാത്ത പല സഹായങ്ങളും താലിബാന് പാകിസ്താനിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നു. ഇതേത്തുടർന്ന് പല പാകിസ്താനി സൈനിക-ഭരണതലത്തിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം സംഭവിക്കുകയും താലിബാനെ സഹായിക്കുന്നതിന്റെ പേരിൽ പലരും തടവിലാകുകയും ചെയ്തു.

താലിബാനടക്കമുള്ള ഇസ്ലാമികകക്ഷികൾക്ക്, പാകിസ്താൻ നൽകിപ്പോന്നിരുന്ന സഹായം മൂലം, പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലും ബലൂചിസ്താനിലും ഏതാണ്ട് സ്വയംഭരണമുള്ള താലിബാനിസ്താൻ ഉടലെടുത്തു. അഫ്ഗാനിസ്താനിലെ ഹമീദ് കർസായിയുടെ സർക്കാരിന്റെ പ്രതിയോഗികൾക്ക് വളരാനായി ഇവിടം വളക്കൂറൂള്ള പ്രദേശമാണ്.[22]

കുറിപ്പുകൾ

തിരുത്തുക
  • ക.^ ഹെക്മത്യാറിന്റെ ഈ കേന്ദ്രത്തിൽ, ഏതാണ്ട് 80,000-ത്തോളം കലാഷ്നിക്കോവ് അസാൾട്ട് റൈഫിളുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നെങ്കിലും ഈ കണക്ക് വിശ്വസനീയമല്ല.
  • ഖ.^ ഗഫ്ഫാർ അഖുന്ദ്സാദേ 1998 മാർച്ച് ക്വെത്തയിൽ വച്ച് കൊല്ലപ്പെട്ടു.
  1. Pajhwok Afghan News, Taliban have opened office in Waziristan (Pakistan).
  2. "Taliban and the Northern Alliance". Usgovinfo.about.com. Retrieved 2009-11-26.
  3. 9/11 seven years later: U.S. 'safe,' South Asia in turmoil "There are now some 62,000 foreign soldiers in Afghanistan , including 34,000 U.S. troops, and some 150,000 Afghan security forces. They face an estimated 7,000 to 11,000 insurgents, according to U.S. commanders."
  4. http://news.bbc.co.uk/2/hi/south_asia/144382.stm
  5. "മതഭ്രാന്തിന്റെ ചങ്ങലക്കണ്ണികൾ" (PDF). മലയാളം വാരിക. 2012 ജനുവരി 13. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)
  6. "Pakistan and the Taliban: It's Complicated". ShaveMagazine.com. {{cite web}}: External link in |publisher= (help)
  7. Wiping out Uzbek, Tajik & Foreign terrorists in FATA
  8. Terrorist camp may hold clues to Taliban operations
  9. "Suicide car bomb kills 24 in northwest Pakistan". Archived from the original on 2009-11-11. Retrieved 2009-11-11.
  10. "U.S. says Pakistan Iran helping Taliban". Archived from the original on 2010-05-11. Retrieved 2010-06-30.
  11. "Iran helping the Taliban, US ambassador claims". Archived from the original on 2010-02-26. Retrieved 2010-06-30.
  12. "Iran accused of assisting Afghan Taliban". Archived from the original on 2010-05-10. Retrieved 2010-06-30.
  13. Iran helping the Taliban, US ambassador claims
  14. Schmitt, Eric (2009-02-09). "Taliban Haven in Pakistani City Raises Fears". New York Times.
  15. Schmitt, Eric (2009-09-24). "Taliban Widen Afghan Attacks From Base in Pakistan". New York Times.
  16. From the article on the Taliban in Oxford Islamic Studies Online
  17. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
  18. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
  19. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
  20. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
  21. 21.00 21.01 21.02 21.03 21.04 21.05 21.06 21.07 21.08 21.09 21.10 21.11 Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 326–334. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  22. 22.0 22.1 Vogelsang, Willem (2002). "Epilogue: Six years on". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 335–336. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
Taliban എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=താലിബാൻ&oldid=3980457" എന്ന താളിൽനിന്ന് ശേഖരിച്ചത്