ബുർഹാനുദ്ദീൻ റബ്ബാനി

(റബ്ബാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഫ്ഗാനിസ്താന്റെ ഒരു മുൻ പ്രസിഡണ്ടും, രാജ്യത്തെ ഒരു പ്രമുഖ ഇസ്ലാമികസംഘടനയായ ജാമിയത്ത്-ഇ ഇസ്ലാമിയുടെ നേതാവുമായിരുന്നു ബുർഹാനുദ്ദീൻ റബ്ബാനി ( പേർഷ്യൻ: برهان الدين رباني) (ജനനം:1940 - മരണം: 2011, സെപ്റ്റംബർ 20).[1] 1980-കളിൽ സോവിയറ്റ് യൂനിയന്റെ സൈനികസാന്നിധ്യത്തിനെതിരെ പോരാടിയ അഫ്ഗാനിസ്താനിലെ പ്രമുഖ മൗലിക-ഇസ്ലാമികവാദത്തിലധിഷ്ടിതമായ പ്രതിരോധകക്ഷിയായിരുന്നു ബുർഹാനുദ്ദീൻ നേതൃത്വം നൽകിയ ജാമിയത്ത്-ഇ ഇസ്ലാമി. സോവിയറ്റ് സേനാപിന്മാറ്റത്തിനു ശേഷം 1992 മുതൽ 1996-ൽ കാബൂളിൽ താലിബാൻ ആധിപത്യം സ്ഥാപിക്കുന്നതുവരെ റബ്ബാനി രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു. താലിബാൻ ഭരണകാലത്ത് അവർക്കെതിരെ പോരാടിയ വടക്കൻ സഖ്യം എന്നറിയപ്പെടുന്ന യുണൈറ്റഡ് ഇസ്ലാമിക് ഫ്രണ്ട് ഫോർ ദ് സാൽ‌വേഷൻ ഓഫ് അഫ്ഗാനിസ്താൻ (UIFSA) എന്ന സൈനികസഖ്യത്തിന്റെ രാഷ്ട്രീയനേതാവുമായിരുന്നു റബ്ബാനി.

ബുർഹാനുദ്ദീൻ റബ്ബാനി
برهان الدين رباني
ബുർഹാനുദ്ദീൻ റബ്ബാനി

2001-ലെ ചിത്രം


അഫ്ഗാനിസ്താന്റെ മുൻ പ്രസിഡണ്ട്
പദവിയിൽ
2001 നവംബർ 13 – 2001 ഡിസംബർ 22
പ്രധാനമന്ത്രി രാവൻ എ.ജി. ഫർഹാദി
മുൻഗാമി മുഹമ്മദ് ഒമർ (പരമോന്നതസമിതിയുടെ തലവൻ)
പിൻഗാമി ഹമീദ് കർസായ്
പദവിയിൽ
1992 ജൂൺ 28 – 1996 സെപ്റ്റംബർ 27
പ്രധാനമന്ത്രി അബ്ദുൾ സാബുർ ഫരീദ്
ഗുൾബുദ്ദീൻ ഹെക്മത്യാർ
അർസല റഹ്മാനി
അഹ്മദ് ഷാ അഹ്മദ്സായ്
മുൻഗാമി സിബ്ഗത്തുള്ള മുജദ്ദിദി
പിൻഗാമി മുഹമ്മദ് ഒമർ (പരമോന്നതസമിതിയുടെ തലവൻ)

പദവിയിൽ
1996 സെപ്റ്റംബർ 27 – 2001 നവംബർ 13
പ്രധാനമന്ത്രി ഗുൾബുദ്ദീൻ ഹെക്മത്യാർ
അബ്ദുൾ റഹീം ഗഫൂർസായ്
രാവൻ എ.ജി. ഫർഹാദി
മുൻഗാമി പുതിയ തസ്തിക
പിൻഗാമി തസ്തിക നിർത്തലാക്കി

ജനനം 1940
ബദാഖ്‌ശാൻ, അഫ്ഗാനിസ്താൻ
മരണം 2011 സെപ്റ്റംബർ 20
കാബൂൾ, അഫ്ഗാനിസ്താൻ
രാഷ്ട്രീയകക്ഷി ജാമിയത്തി ഇസ്ലാമി
യുണൈറ്റഡ് നാഷണൽ ഫ്രണ്ട്
മതം സുന്നി ഇസ്ലാം

അഫ്ഗാനിസ്താനിൽ ഹമീദ് കർസായ് സർക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിർകക്ഷിയായ യുണൈറ്റഡ് നാഷണൽ ഫ്രണ്ടിന്റെ തലവനും രാജ്യത്തെ ഉന്നതസമാധാനസമിതിയുടെ തലവനുമായിരുന്നു അദ്ദേഹം[2].

ജീവിതരേഖ

തിരുത്തുക

ഒരു താജിക് വംശജനായിരുന്ന റബ്ബാനി, 1940-ൽ ഫൈസാബാദിലാണ് ജനിച്ചത്. മൗദൂദിയുടേയ്യും ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിന്റേയും ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന റബ്ബാനി, തുടക്കത്തിൽ ഒരു മൗലിക ഇസ്ലാമികവാദിയായിരുന്നെങ്കിലും പിൽക്കാലത്ത് കൂടുതൽ മിതവാദസ്വഭാവത്തിലേക്ക് മാറി.[3]

രാജ്യത്തിന്റെ വടക്കും പടീഞ്ഞാറും ഭാഗങ്ങളിലുള്ള ഒരു കൂട്ടം സൂഫികളും മതനേതാക്കളുമായിരുന്നു റബ്ബാനിയുടെ പ്രധാന ശക്തികേന്ദ്രം. തന്റെ താജിക് പാരമ്പര്യം, വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്ന് അണികളെ സംഘടിപ്പിക്കുന്നതിൽ റബ്ബാനിയെ സഹായിച്ചു. സോവിയറ്റ് സേനക്കെതിരെയുള്ള യുദ്ധത്തിൽ രണ്ട് പ്രാദേശികസൈന്യാധിപർ, റബ്ബാനിയെ ശക്തമായി പിന്തുണച്ചിരുന്നു. പഞ്ച്ശീർ താഴ്വരയിൽ നിന്നുള്ള അഹ്മദ് ഷാ മസൂദും, ഹെറാത്ത് കേന്ദ്രമാക്കി പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ പോരാടിയിരുന്ന മുഹമ്മദ് ഇസ്മഈലുമായിരുന്നു ഇവർ.[3]

അഫ്ഗാനിസ്താന്റെ പ്രസിഡണ്ട് സ്ഥാനത്ത്

തിരുത്തുക

കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിനു ശേഷം പെഷവാർ ധാരണയനുസരിച്ച് 1992-ൽ നിലവിൽ വന്ന മുജാഹിദീനുകളുടെ സർക്കാരിൽ രണ്ടാം ഇടക്കാല പ്രസിഡണ്ടായി നാലുമാസക്കാലത്തേക്ക് 1992 ജൂൺ 28-ന് റബ്ബാനി സ്ഥാനമേറ്റു. എന്നാൽ വിവിധ പ്രതിരോധകക്ഷിനേതാക്കളുടെ പരസ്പരപോരാട്ടങ്ങൾ‌നിമിത്തം റബ്ബാനിയുടെ ഭരണം സുഗമമായിരുന്നില്ല. റബ്ബാനിയുടെ കക്ഷിയിലെ തന്നെ സൈനികനേതാവായിരുന്ന ഇസ്മാഈൽ ഖാൻ പടിഞ്ഞാറൻ അഫ്ഗാനിസ്താനിലും, മസാർ-ഇ ശരീഫ് കേന്ദ്രമാക്കി ജനറൽ അബ്ദുൾ റഷീദ് ദോസ്തവും ഏതാണ്ട് സ്വതന്ത്രഭരണം ഇക്കാലത്ത് നടത്തി.

പെഷവാർ ധാരണയനുസരിച്ച് 1992 ഒക്ടോബർ വരെയായിരുന്നു റബ്ബാനിയുടെ ഭരണകാലാവധി. ഈ സമയത്ത് റബ്ബാനി ഭരണം കൈവിടാതിരുന്നതും, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.[4]

അധികാരം നഷ്ടപ്പെടുന്നു

തിരുത്തുക

1994-മുതലുള്ള കാലത്ത്, താലിബാൻ, അഫ്ഗാനിസ്താന്റെ പലഭാഗങ്ങളും റബ്ബാനിയുടെ ഗവർണർമാരിൽ നിന്നും പിടിച്ചെടുത്തു. ഇടക്ക് ചെറിയ വിജയങ്ങൾ‌ താലിബാനെതിരെ നേടാൻ റബ്ബാനിയുടെ സൈന്യാധിപനായ അഹ്മദ് ഷാ മസൂദിന് കഴിഞ്ഞെങ്കിലും 1996-ൽ താലിബാൻ കാബൂളും പിടിച്ചെടുത്തതോടെ റബ്ബാനിയുടെ പ്രസിഡണ്ട് സ്ഥാനവും, മുജാഹിദീൻ സർക്കാരിന്റെ ഭരണവും അവസാനിച്ചു.[4]

2011 സെപ്റ്റംബർ 20-ന് കാബൂളിലെ സ്വഭവനത്തിൽ വച്ച് ബോംബ് സ്ഫോടനമുണ്ടായി ബുർഹാനുദ്ദീൻ റബ്ബാനി മരണമടഞ്ഞു[5]. രണ്ട് താലിബാൻകാരുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.

  1. "Rabbani's Afghan comeback". BBC News. 2001-11-14. Retrieved 2009-09-10.
  2. "Afghan wish list: Kabul pushes for end to interference". ദ് എക്സ്പ്രസ് ട്രൈബ്യൂൺ. Retrieved 7 ഡിസംബർ 2010.
  3. 3.0 3.1 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 314–315. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. 4.0 4.1 Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 324–325. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. "Burhanuddin Rabbani Killed: Ex-Afghan President Burhanuddin Rabbani Killed In Suicide Attack". Archived from the original on 2011-09-24. Retrieved 2011-09-20.
"https://ml.wikipedia.org/w/index.php?title=ബുർഹാനുദ്ദീൻ_റബ്ബാനി&oldid=3798781" എന്ന താളിൽനിന്ന് ശേഖരിച്ചത്