അഫ്ഗാനിസ്താനിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട ജനവിഭാഗമായ പഷ്തൂണുകളിലെ ഒരു ഉപവിഭാഗമാണ് ഘൽജികൾ. ഗിൽസായ് (പഷ്തു: غرزی), ഘിൽജി, ഗർസായ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ ദുറാനികൾക്കു പിന്നിൽ പഷ്തൂണുകളിലെ രണ്ടാമത്തെ വിഭാഗമാണിവർ.

Ghilji
غلجي
Ghilji chieftains in Kabul (c. 1880)
Regions with significant populations
Afghanistan, Pakistan
Languages
Pashto
Religion
  Islam

കന്ദഹാറിനും കാബൂളിനും ഇടയിലുള്ള തെക്കുകിഴക്കൻ അഫ്ഗാനിസ്താൻ പ്രദേശത്താണ് ഇവർ പ്രധാനമായും അധിവസിക്കുന്നത്. ഇതിനു പുറമേ, സുലൈമാൻ മലകളിലൂടെ, പാകിസ്താനിലേക്കും ഇവരുടെ ആവാസമേഖല നീണ്ടൂകിടക്കുന്നു.[1]

ഇവർ യഥാർത്ഥത്തിൽ അഫ്ഗാനികൾ അല്ലെന്നും തുർക്കിക് പാരമ്പര്യമുള്ളവരാണെന്നും കരുതുന്നു എങ്കിലും പഷ്തൂണുകളുടെ ഭാഷയായ പഷ്തുവും മറ്റു സ്വഭാവസവിശേഷതകളും സ്വീകരിച്ച് പഷ്തൂണുകളിലലിഞ്ഞു ചേർന്നവരാണ് എന്നു കരുതപ്പെടുന്നു.[2]

ചരിത്രം

തിരുത്തുക
പ്രധാന ലേഖനം: ഹോതകി സാമ്രാജ്യം
പ്രമാണം:Mirwais-Hotak.jpeg
ആദ്യത്തെ പഷ്തൂൺ സാമ്രാജ്യമായ ഹോതകി സാമ്രാജ്യത്തിന്റെ സ്ഥാപകനായ മിർ വായ്സ് ഹോതക്

പൊതുവേ നാടോടികളായിരുന്ന അഫ്ഗാനിസ്താനിലെ പഷ്തൂണുകൾക്കിടയിൽ ശക്തമായ ഒരു സാമ്രാജ്യം ആദ്യമായി കെട്ടിപ്പടുക്കാനായത് ഘൽജികൾക്കാണ്.

1627-ൽ സഫവി സാമ്രാജ്യത്തിലെ ഷാ അബ്ബാസ് കന്ദഹാർ പിടിച്ചടക്കിയതിനെത്തുടർന്ന്, സഫവികളുടെ ആശിർവാദത്തോടെ അബ്ദാലി (ദുറാനി) പഷ്തൂണുകൾ വൻ‌തോതിൽ ഹെറാത്തിലേക്ക് മാറിത്താമസിച്ചു. ഹെറാത്തിൽ സഫവികളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായിരുന്നു ഈ നടപടി.[3]. അബ്ദാലികളെ പെരുമാറ്റദൂഷ്യം നിമിത്തം ഹെറാത്തിലേക്ക് നാടുകടത്തുകയായിരുന്നു എന്നും പറയപ്പെടുന്നു.

അബ്ദാലികളുടെ തിരോധാനം മൂലം കന്ദഹാറിൽ ഘിൽജികളുടെ ശക്തിയും സ്വാധീനവും വർദ്ധിച്ചു. നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ഇവർ, അക്കാലത്തെ കാബൂളിലെ മുഗൾ ഭരണാധികാരിയും രാജകുമാരനുമായിരുന്ന ഷാ ആലവുമായി (പിൽക്കാലത്ത് ബഹദൂർ ഷാ എന്നറിയപ്പെട്ടു) രഹസ്യസഖ്യത്തിലേർപ്പെട്ടു. 1709-ൽ ഇവർ കലാപമുയർത്തി സഫവികളിൽ നിന്നും കന്ദഹാർ പിടിച്ചെടുത്ത് സ്വയംഭരണം പ്രഖ്യാപിച്ചു. മിർ വായ്സ് ഹോതകിന്റെ നേതൃത്വത്തിലായിരുന്നു ഘൽജികളുടെ ഈ മുന്നേറ്റം. അതുകൊണ്ട് അവരുടെ സാമ്രാജ്യം ഹോതകി സാമ്രാജ്യമെന്നറിയപ്പെടുന്നു. ഹോതകി സാമ്രാജ്യത്തിന് തെക്കൻ അഫ്ഗാനിസ്താനു പുറമേ കുറച്ചുകാലത്തേക്ക് പേർഷ്യയിലും ആധിപത്യം സ്ഥാപിക്കാനായി. എങ്കിലും അധികകാലം ഈ സാമ്രാജ്യത്തിന് പിടിച്ചുനിൽക്കാനായില്ല. പേർഷ്യൻ സാമ്രാട്ടായിരുന്ന നാദിർ ഷാ, 1729-ൽ പേർഷ്യയിലേയും, 1738-ൽ കന്ദഹാറിലേയും ഘൽജി ഭരണത്തിന് അന്ത്യം വരുത്തി.

പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിൽ ദുറാനി പഷ്തൂണുകൾ‌ അഫ്ഗാനിസ്താന്റെ മുഴുവൻ അധികാരവും കൈക്കലാക്കി. അന്നുമുതൽ ഘിൽജികൾക്ക് അഫ്ഗാനിസ്താനിലെ രാഷ്ട്രീയകാര്യങ്ങളിൽ നിർണായകസ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല. എങ്കിലും ഭരണാധിപർക്ക് ഇവർ എന്നും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതുപോലെ ഇവർക്കുനേരെയുണ്ടായ എല്ല നിയന്ത്രണശ്രമങ്ങളേയും ഇവർ ചെറുത്തു.[4]

പാരമ്പര്യം

തിരുത്തുക

പല ഗ്രന്ഥങ്ങളിലും ഇവർക്ക് പഷ്തൂൺ പാരമ്പര്യം (ഇന്തോ-ഇറാനിയൻ ആര്യൻ) കൽപ്പിച്ചുകൊടുക്കുന്നുണ്ടെങ്കിലും ഇവർ തുർക്കിക് വംശക്കാരാണെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. തുർക്കികളുടെ ഖലാജ് അഥവാ ക്വാർലൂക്/ഖല്ലാക് വംശപാരമ്പര്യമുള്ളവരാണ് ഇവർ. ടിയാൻ ഷാൻ മലകൾക്ക് വടക്കുള്ള ഇസിക് കൂൻ തടാകത്തിൽ നിന്ന് ഇവർ തെക്കും പടിഞ്ഞാറൂം ദിശയിൽ നീങ്ങുകയും എട്ടാം നൂറ്റാണ്ടിൽ ഗോറിൽ അഭയം നേടുകയും, അവിടെ നിന്ന് കാലക്രമേണ, ഗസ്നിക്കും കന്ദഹാറിനുമിടക്കുള്ള പ്രദേശത്ത് വാസമാരംഭിച്ചെന്നും കരുതുന്നു.

എന്നാൽ തബാഖത് ഇ-നാസിരി[൧] എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി, ഘിൽജികൾ പഷ്തൂണുകളാണെന്ന് വാദിക്കുന്നവരുമുണ്ട്.

പത്താം നൂറ്റാണ്ടിലെ അറബി ഭൂമിശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരവും, ഘൽജികൾ, ഖലാജ് തുർക്കിക് വംശജരാണ്. ഹിന്ദിനും ഗോറിന് പുറകിലുള്ള സിജിസ്താനിലും ഇടയിൽ വസിക്കുന്ന ഖലാജ് തുർക്കികൾക്ക് കന്നുകാലിവളർത്തലായിരുന്നു പ്രധാന തൊഴിൽ എന്നാണ് 930-ൽ ഇസ്താഖ്രി എന്ന അറബ് ഭൂവൈജ്ഞാനികൻ വിവരിക്കുന്നത്. ഗസ്നി, കാബൂൾ, ഇസ്താക്, സകവന്ദ് എന്നിവിടങ്ങളിൽ വസിച്ചിരുന്ന ഇവരുടെ കൈവശം ധാരാളം ചെമ്മരിയാടുകളുണ്ടായിരുന്നെ ഹുദൂദ് അൽ ആലത്തിൽ പറയുന്നു. ബൽഖ്, തുർക്കാനിസ്താൻ, ബുസ്ത്, ഗുസ്ഗനാൻ, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഖലാജ് തുർക്കികൾ ധാരാളമായി പാർത്തിരുന്നു എന്നും അതിൽ പറയുന്നു. 1200-നോടടുപ്പിച്ച് രചിക്കപ്പെട്ട മുഹമ്മദ് ബിൻ നജീബ് ബക്രാന്റെ ജഹാൻ നാമ എന്ന ഗ്രന്ഥത്തിൽ ഖലാഖ് ഘട്ടത്തിൽ നിന്നും സബൂളിസ്താനിലേക്ക് കുടിയേറിയവരാണ് ഖലാജ് തുർക്കികൾ എന്നുപറയുന്നു.

ഖലാഖ് തുർക്കികളുടെ സംഘത്തിൽ നിന്ന് ഏഴോ എട്ടോ നൂറ്റാണ്ടിൽ വേർപെട്ടുവന്ന ഖലാജ് തുർക്കികൾ, തെക്കുഭാഗത്തേക്ക്ക് നീങ്ങുകയും അമു ദര്യ കടന്ന്, പത്താം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗോറിന് ചുറ്റുമായി ഗസ്നിയിലും കാബൂളിലും വടക്ക് ബൽഖിലും തുഖാറീസ്താനിലുമായി അഫ്ഗാനിസ്താനിൽ ഇവരുടെ സാന്നിധ്യം വ്യാപകമാക്കി. അഫ്ഗാനിസ്താന്റെ വടക്കും പടിഞ്ഞാറുമുള്ള മേച്ചിൽപ്പുറങ്ങൾക്കായും അറബ് അധിനിവേശത്തേയും തുടർന്ന് ഇക്കാലത്ത് ഇവർ തെക്കോട്ട് നീങ്ങി. ഇവരിൽ ഒരു കൂട്ടർ ഗോറിൽ അഭയം പ്രാപിച്ചു. മറ്റുചിലർ ഗസ്നിയുടെ പരിസരത്ത് വാസമുറപ്പിച്ചു. മറ്റുചിലരാകട്ടെ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് കടന്ന ഘിൽജികൾ, 1288-ൽ ദില്ലിയിൽ ഘിൽജി രാജവംശം സ്ഥാപിച്ചു.[4] അഫ്ഗാനിസ്താനിൽ വാസമുറപ്പിച്ചവരാണ് ആധുനിക ഘിൽജികളൂടെ മുൻഗാമികൾ.

ഘൽജികളുടെ ഐതിഹ്യപരമായ വിശ്വാസമനുസരിച്ച് ഇവർ ഒരു പഷ്തൂൺ സ്ത്രീക്ക് മറ്റേതോ വംശത്തിലുള്ള പുരുഷനിൽ ജനിച്ച പരമ്പരയാണ് എന്നാണ്. ഇതും ഘൽജികളും ഖലാജ് തുർക്കികളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സാധൂകരിക്കുന്നു.[5]

കുറിപ്പുകൾ

തിരുത്തുക
  1. Frye, R.N. (1999). "GHALZAY". Encyclopaedia of Islam (CD-ROM Edition v. 1.0 ed.). Leiden, The Netherlands: Koninklijke Brill NV.
  2. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 40. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. Vogelsang, Willem (2002). "14-Towards the Kingdom of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 218–227. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. 4.0 4.1 William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 52-54. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. Vogelsang, Willem (2002). "11-The advent of Islam". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 178, 186–187. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഘൽജി&oldid=3839557" എന്ന താളിൽനിന്ന് ശേഖരിച്ചത്