ടെറസ്സിലെ കൃഷി
വീടുകളുടേയും കെട്ടിടങ്ങളുടേയും മുകളിൽ ചെറിയ തോട്ടങ്ങൾ നിർമ്മിച്ച് നടത്തുന്ന കൃഷിരീതിയാണ് ടെറസ്സിലെ കൃഷി.[൧] ആവാസവ്യവസ്ഥകളും ഭൂവിനിയോഗരീതികളും മാറിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ പ്രാവർത്തികമാക്കാവുന്ന നൂതനകൃഷിരീതികളിൽ ഒന്നായി ഇതു കരുതപ്പെടുന്നു[1]. അത്യുല്പാദനത്തിനു വേണ്ടി കീടനാശിനി, ഹോർമോണുകൾ, ജനിതകവ്യതിയാനങ്ങൾ എന്നിവ ഉപയോഗിച്ച് വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെട്ട് മറ്റു പ്രദേശങ്ങളിൽ നിന്നു വന്നെത്തുന്ന ഭക്ഷ്യവിളകളോട് പ്രതിപത്തിയില്ലാത്തവർക്കു് ഇത്തരം ഘടകങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെത്തന്നെ ഒരു പരിധിവരെ തങ്ങളുടെ ഭക്ഷണശീലങ്ങൾ സുരക്ഷിതമാക്കാൻ ടെറസ്സ് കൃഷി സഹായിക്കും. ലോകവ്യാപകമായി ഉയർന്നു വരുന്ന ഹരിതസമ്പദ്ഘടന എന്ന ആശയത്തിന്റെ അർത്ഥസ്വാംശീകരണം കൂടിയാണു് ഈ ഭക്ഷ്യോൽപ്പാദനരീതി[2].
ടെറസ്സ് കൃഷി എന്ന ആശയം
തിരുത്തുകകറിവെക്കാൻ പച്ചക്കറി ആവശ്യമുള്ളപ്പോൾ, സ്വന്തം മട്ടുപ്പാവിൽ സ്വയം നട്ടുവളർത്തിയ ചെടികളിൽനിന്ന് പച്ചപ്പു മാറാതെ ഇറുത്തെടുത്ത വിളവുകൾ തന്നെ ഉപയോഗിക്കുക എന്ന ആശയത്തിൽ നിന്നാണു് ടെറസ് കൃഷി പ്രചോദനം ഉൾക്കൊള്ളുന്നതു്. ഓരോരുത്തർക്കും ആവശ്യമുള്ള ഭക്ഷണം സ്വയം അദ്ധ്വാനിച്ച് ഉത്പാദിപ്പിക്കുക, അതോടൊപ്പം പ്രകൃതിയെ കൂടുതൽ അടുത്തുകണ്ട് പഠിക്കുക എന്നീ സാമൂഹ്യലക്ഷ്യങ്ങൾ കൂടി ടെറസ്സ് കൃഷിയെ പ്രചോദിപ്പിക്കുന്നു. വിപണിയുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി, അമിതമായ കീടനാശിനി പ്രയോഗത്തിനും അനാരോഗ്യകരമായ ഉൽപാദനരീതികൾക്കും വിധേയമായ, പുതുമ നഷ്ടപ്പെട്ട ഭക്ഷ്യവിളകൾ വാങ്ങാൻ നിർബന്ധിക്കപ്പെടാത്ത സാമ്പത്തികസ്വാതന്ത്ര്യം കൂടിയാണു് ഈ നൂതനകൃഷിരീതി വഴി ലഭ്യമാകുന്നതു്.
വളരെ കുറഞ്ഞ അളവു് മണ്ണ്, ആവശ്യത്തിനു മാത്രം വെള്ളം, അന്യഥാ വെറുതെ നഷ്ടപ്പെട്ടുപോകുന്ന സൗരോർജ്ജം, നീക്കം ചെയ്യുക എന്നതു് ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന ജൈവാവശിഷ്ടങ്ങൾ എന്നിവ ഏറ്റവും യുക്തിസഹമായി പ്രയോജനപ്പെടുത്തിയാണു് ടെറസ് കൃഷി വിജയകരമായി നടത്തുന്നതു്. ഊർജ്ജം, ജലം, കൃഷിഭൂമി മുതലായി അനുദിനം ചുരുങ്ങിവരുന്ന പ്രകൃതിവിഭവങ്ങൾ കൂടുതൽ സമർത്ഥമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പുത്തൻപ്രവണത കൂടിയാണു് ടെറസ്സ് കൃഷി.[3][4]
ഗുണങ്ങൾ
തിരുത്തുകസമയമോ മറ്റു വിഭവങ്ങളോ പ്രത്യേകമായി നീക്കിവെക്കാതെ നടത്താവുന്ന ടെറസ് കൃഷി ഭക്ഷ്യസുരക്ഷ, സാമ്പത്തികലാഭം എന്നിവയ്ക്കു പുറമേ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും ഉപകരിക്കുന്നു. ഒപ്പം മികച്ച ഒരു ഗൃഹാലങ്കാരമാർഗ്ഗം കൂടിയാണു് ശ്രദ്ധയോടെയുള്ള 'മേൽക്കൂരകൃഷി'. വീടിനു ചുറ്റും നിലനിർത്താവുന്ന ഭേദപ്പെട്ട കാലാവസ്ഥ, ദൃശ്യഭംഗി എന്നിവ കുടുംബത്തിനു മൊത്തമായി ഗുണകരമാണു്. സൂര്യപ്രകാശം, ജലം, ജൈവാവശിഷ്ടങ്ങൾ എന്നിവയുടെ മികച്ച ഉപഭോഗരീതികൾക്കും നല്ലൊരു ഉദാഹരണമാണു് ടെറസ് കൃഷി. ടെറസ്സ് കൃഷിയിൽ പങ്കെടുത്തുകൊണ്ട് ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനവും വ്യാപനവും ചുരുക്കുക എന്ന ആഗോളലക്ഷ്യത്തിനെക്കൂടി ഒരാൾക്കു് സ്വാംശീകരിക്കാൻകഴിയും.
അനുയോജ്യമായ സസ്യങ്ങൾ
തിരുത്തുകവീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തിൽ കൃഷി ചെയ്യാം. ഇവകൂടാതെ പരീക്ഷണ അടിസ്ഥാനത്തിൽ എല്ലായിനം ഹ്രസ്വകാല വിളകളും കിഴങ്ങുകളും ടെറസ്സിൽ കൃഷിചെയ്യാം. പ്രത്യേക തയ്യാറെടുപ്പുകളോടെ പേര, വാഴ, നാരകം, പപ്പായ തുടങ്ങിയ ചെറുവൃക്ഷങ്ങളും ദീർഘകാലവിളകളും കൂടി ടെറസ്സിൽ കൃഷി ചെയ്യാം.
അടുക്കളത്തോട്ടം നിർമ്മിക്കുന്നത് ടെറസ്സിലാകുമ്പോൾ അതിന് ചില പരിമിതികൾ ഉണ്ട്. ധാരാളം വിത്തുകളും മണ്ണും വളവും ലഭിക്കുന്നുണ്ടെന്ന് കണ്ട്, ഒരിക്കലും ടെറസ്സിൽ അമിതമായി കൃഷി ചെയ്യേണ്ടതില്ല. കൃഷി ചെയ്യുന്ന ഇനങ്ങൾ നമ്മുടെ വീട്ടാവശ്യങ്ങൾക്കുള്ള പല ഇനങ്ങളാവാം. അതോടൊപ്പം പരീക്ഷണ അടിസ്ഥാനത്തിൽ കാബേജ്, ക്വാളീഫ്ലവർ, മരച്ചീനി, കാച്ചിൽ, ചേമ്പ്, ക്യാരറ്റ്, തുടങ്ങിയ ഏതാനും പുതിയവ ഇനങ്ങൾ കൂടി നടാം[5]
അനുയോജ്യമായ കാലം
തിരുത്തുകതുടർച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്മേൽക്കൂര അപകടങ്ങൾക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയിൽ മണ്ണിലെ ലവണാംശങ്ങൾ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാൻ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബർ മദ്ധ്യത്തിൽ)കൃഷി തുടങ്ങിയാൽ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടർന്നു വരുന്ന തുലാവർഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവർഷം ആരംഭിക്കുന്നതിന് അല്പദിവസം മുൻപ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീൻ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാൽ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
സുരക്ഷയും മുൻകരുതലുകളും
തിരുത്തുകഉയരത്തിൽ കയറി നടക്കാൻ അമിതമായ പേടിയുള്ളവർ ടെറസ്സിൽ കയറുന്നത് പരമാവധി ഒഴിവാക്കണം. ടെറസ്സ്കൃഷി സ്വന്തമായി ചെയ്യേണ്ട ഒരു ഹോബിയായി കണക്കാക്കേണ്ടതാണു്. അത്യാവശ്യസഹായങ്ങൾക്കല്ലാതെ, മറ്റാളുകളെ ആശ്രയിക്കാനോ അവരെക്കൊണ്ടു ചെയ്യിക്കാനോ ശ്രമിക്കാതിരിക്കണം. എല്ലാദിവസവും രാവിലെയും വൈകുന്നേരവും കൃഷിസ്ഥലത്ത് കയറിവന്ന് വെള്ളം നനക്കേണ്ടതും പരിചരിക്കേണ്ടതും നിർബന്ധമാണു്. തീരെ ചെറിയ കുട്ടികളെയോ പ്രായമായവരേയോ മറ്റു വിധത്തിൽ ടെറസ്സിൽ കയറാൻ പ്രയാസമുള്ളവരെയോ സ്വന്തം കൃഷിയുടെ പുരോഗതി കാണിക്കാനായി ഒരിക്കലും നിർബന്ധിച്ച് പിടിച്ച് കയറ്റരുത്. ടെറസ്സിൽ നിൽക്കുമ്പോൾ എല്ലാ സമയവും സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കണം. ഉറക്കെ സംസാരിക്കുക, മൊബൈൽ ഫോണിലെ സംഭാഷണത്തിൽ ലയിച്ച് അശ്രദ്ധമായി നടക്കുക തുടങ്ങിയതൊക്കെ പരമാവധി ഒഴിവാക്കണം. കൃഷിജോലിക്കു് ആവശ്യമുള്ള ഉപകരണങ്ങൾ (ബ്ലെയ്ഡ്, കത്രിക, കടലാസ്, പോളിത്തീൻ ബാഗ് തുടങ്ങിയവ) സ്ഥിരമായി ഒരു ചെറിയ ബാഗിൽ സൂക്ഷിച്ച് കൂടെ സ്വന്തം മൊബൈൽ ഫോണും അടക്കം തോട്ടത്തിലേക്കു കയറുന്നതു് നല്ലൊരു ശീലമാണു്. അത്യാവശ്യം വരുമ്പോൾ ആശയവിനിമയം നടത്താം. സാധാരണ മണ്ണിൽ കൃഷിചെയ്ത പരിചയം മുൻകൂറായി സ്വല്പമെങ്കിലും ഉണ്ടായിരിക്കുന്നതു് പദ്ധതിയുടെ ആകമാനം വിജയസാദ്ധ്യത അത്യധികം വർദ്ധിപ്പിക്കും.
കൃഷിരീതി
തിരുത്തുകപ്രാഥമിക തയ്യാറെടുപ്പുകൾ
തിരുത്തുകതീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോൺക്രീറ്റ് മേൽക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാൻ ടെറസ്സിന്റെ വശങ്ങളിൽ ഉയർത്തിക്കെട്ടിയ ഇഷ്ടികമതിലിന് (parapet) അരമീറ്റർ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികൾ പടരാനുള്ള കമ്പുകൾ തുടങ്ങിയവ മേൽത്തട്ടിൽ എത്തിക്കാൻ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോൾ വീട്ടിലെ ജലസംഭരണി (water tank)ടെറസ്സിന്റെ തലത്തിൽനിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റർ ഉയരത്തിൽ സ്ഥാപിക്കാൻ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.
നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതിൽ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കിൽ തുള്ളിനന (drip irrigation) തുടങ്ങിയ രീതികൾ ഏർപ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവൻ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനൽ മൂക്കുമ്പോൾ കുടിക്കാൻ പോലും വെള്ളം തികയാത്ത പ്രദേശങ്ങളിൽ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.
നിലമൊരുക്കൽ
തിരുത്തുകകോൺക്രീറ്റ് മട്ടുപ്പാവിൽ നേരിട്ട് മണ്ണ് നിരത്തി വളം ചേർത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോൾ കാഴ്ചയിൽ വൃത്തി കുറയും. മേൽക്കൂരയിൽ വളരുന്ന ചെടിയുടെ വേരുകളും മണ്ണിൽനിന്നു് ഊർന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോൺക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബിൽ ചോർച്ചവരുത്താൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയിൽ വിടവില്ലാതെ വിരിച്ച് അതിനു മുകളിൽ ഇഷ്ടിക ഉയരത്തിൽമാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണൽ, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകൾ എന്നിവയും ചേർത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാൽ മൂന്ന് വശങ്ങളിൽ ഇഷ്ടിക അതിരിട്ട്, പോളിത്തീൻ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പർക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
പോളിത്തീൻ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തിൽ മണ്ണ് നിറച്ചാൽ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങൾ ആവശ്യമാണ്. സുതാര്യമായ പോളിത്തീൻ കവറിൽ കൃഷി ചെയ്യരുത്. വേരുകൾക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളർച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളർച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേർക്കേണ്ടി വരുന്നതിനാൽ ആദ്യമേ കൂടുതൽ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സിൽ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാൽ വളർച്ചക്കനുസരിച്ച് ചെടികൾ തമ്മിലുള്ള അകലം ക്രമീകരിക്കാം.[4]
പന്തലും താങ്ങുകളും - നിർമ്മാണം
തിരുത്തുകഹ്രസ്വകാല പച്ചക്കറി വിളകളിൽ പലതും പടർന്നു വളരുന്നവയാണ്. ചിലത് കമ്പുകളിലും ചിലത് പന്തലുകളിലും വളർന്നാൽ നന്നായി വിളവ് തരും. കൃഷി ടെറസ്സിലാവുമ്പോൾ അതിന് താങ്ങായി വരുന്ന മരക്കമ്പുകളും കയറുകളും താഴെ തറയിൽനിന്ന് ആയാൽ പല പ്രശ്നങ്ങളും ഉണ്ട്. ആ കമ്പിലൂടെ മുകളിലെത്തുന്ന ഉറുമ്പുകളും മറ്റു ക്ഷുദ്രജീവികളും കൃഷിസ്ഥലത്ത് സ്ഥിരതാമസമാക്കും. കയ്പ(പാവൽ), പടവലം, തുടങ്ങിയവക്ക് വളരാനുള്ള പന്തൽ നമുക്ക് ടെറസ്സിൽതന്നെ നിർമ്മിക്കാം. അതോടനുബന്ധിച്ച് പയറുവർഗങ്ങൾ പടരാനാവശ്യമായ താങ്ങുകളും ഉണ്ടാക്കാം. ഉപയോഗം കഴിഞ്ഞ 4 ടിന്നുകളും ചെറിയ കല്ലുകളും(കരിങ്കൽ ചീളുകളും ആവാം) സംഘടിപ്പിച്ചാൽ പന്തലിന്റെ തൂണുകൾ കുത്തനെ നിർത്താൻ കഴിയും. ഉറപ്പുള്ള കമ്പ് ടിന്നിന്റെ മധ്യഭാഗത്ത് കുത്തനെ നിർത്തിയശേഷം കല്ലുകൾ നാല് വശത്തും കടത്തി ഉറപ്പിച്ചാൽ നല്ല ബലമുള്ള താങ്ങുകൾ ലഭിക്കും. ഇങ്ങനെയുള്ള തൂണുകൾ ചേർത്ത് കെട്ടി കയ്പ,പടവലം എന്നിവയുടെ പന്തലാക്കാം. ഉറപ്പുള്ളതാണെങ്കിലും ഭാരം കുറഞ്ഞ ഉണങ്ങിയ കമ്പുകൾ പന്തൽ നിർമ്മാണത്തിന് ഉപയോഗിക്കണം.
മണ്ണ് പാകപ്പെടുത്തൽ
തിരുത്തുകടെറസ്സിൽ മൂന്ന് തരത്തിൽ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,
- നിലത്ത് പോളിത്തീൻ ഷീറ്റ് വിരിച്ച് വശങ്ങളിൽ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതിൽ ഏതാണ്ട് മുക്കാൽ ഇഷ്ടിക ഉയരത്തിൽ മണ്ണും വളവും ചേർന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയിൽ ഉണങ്ങിയ ഇലകൾ നിരത്തുന്നത് നന്നായിരിക്കും.
- വലിപ്പം കൂടിയ ചെടിച്ചട്ടിയിൽ മുക്കാൽഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകൾഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈൻ ഉള്ളത് ആയാൽ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാൻ പ്രയാസമായിരിക്കും. ചിലപ്പോൾ ചട്ടി പൊട്ടിയെന്നും വരാം. അതിനാൽ ഡിസൈൻ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളിൽ കൃഷി ചെയ്യുന്നതാവും നല്ലത്.
- പോളിത്തീൻ കവറുകളിൽ നടുമ്പോൾ ഒരു സീസണിൽ മാത്രമേ ഒരു കവർ ഉപയോഗിക്കാനാവുകയുള്ളു. ചെടികൾ നടാനായി കടയിൽനിന്നും വാങ്ങുന്ന കവർ ചെറുതായതിനാൽ കൂടുതൽ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താൽ കാലിയായ സഞ്ചികൾ പലചരക്ക് കടയിൽ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാൻ. പത്ത് കിലോഗ്രാം അരിയുടെ ബാഗിൽ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകൾ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാൽ ഭാഗം ഉയരത്തിൽ മണ്ണ് നിറക്കാം.
പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോൾ അടിയിൽ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണൽ(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങൾ ആദിയായവ ലഭ്യതയനുസരിച്ച് മിക്സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതിൽ ഉണങ്ങിയ ചാണകം കൂടുതൽ ചേർക്കുന്നത് പച്ചക്കറിയുടെ വളർച്ചക്ക് നല്ലതാണ്. ടെറസ്സിൽ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകൾ നടേണ്ടത്.
വിത്തുകൾ
തിരുത്തുകനമുക്ക് നടാനുള്ള പച്ചക്കറി വിത്തുകൾ മുൻവർഷങ്ങളിലുള്ള ചെടികളിൽ നിന്ന് നമ്മൾ ശേഖരിച്ചതോ മറ്റുള്ളവരിൽ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയിൽ ചിലയിനങ്ങൾ ഈർപ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാൻ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളിൽ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയർ, കയ്പ, മത്തൻ, വെള്ളരി എന്നിവ കടയിൽ നിന്ന് കറിവെക്കാൻ വാങ്ങിയ പച്ചക്കറികളിൽ മൂപ്പെത്തിയ നല്ല ഇനങ്ങൾ ഉണ്ടെങ്കിൽ വിത്ത് ശേഖരിക്കാം.
വിത്തിടൽ
തിരുത്തുകപച്ചക്കറി വിത്തുകൾ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണിൽ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകൾ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചശേഷം മണ്ണിൽ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവൽ, പടവലം, താലോരി, മത്തൻ, കുമ്പളം.
- നേരിട്ട് മണ്ണിൽ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തിൽ വിതറിയാൽ മതിയാവും. ചീരവിത്തുകൾ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലർത്തിയിട്ട് മണ്ണിൽ വിതറിയാൽ മുളച്ചുവരുന്ന തൈകൾ തമ്മിൽ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകൾ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. വിത്തിട്ടതിനു മുകളിൽ ടാൽകം പൗഡർ വിതറുന്നത് ഉറുമ്പുകളെ അകറ്റുന്നതായി കണ്ടിട്ടുണ്ട്. ദിവസേന രാവിലെയും വൈകിട്ടും നനച്ചാൽ ഏതാനും ദിവസംകൊണ്ട് തൈകൾ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തിൽ നടാം.
- മുളപ്പിച്ച് നടേണ്ട വിത്തുകൾ ഓരോന്നും പ്രത്യേകമായി 12മണിക്കൂർ സമയം വെള്ളത്തിൽ കുതിർത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയിൽ കോട്ടൺതുണി നാലായി മടക്കിയതിനു മുകളിൽ വിത്തുകൾ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളിൽ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളിൽ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാൽ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകൾ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതിൽ പാവൽ, പടവലം, താലോരി, മത്തൻ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകൾ ദിവസേന നനച്ചാലും, മുളക്കാൻ ഒരാഴ്ചയിലധികം ദിവസങ്ങൾ വേണ്ടി വരും. അവക്ക് വേഗത്തിൽ മുള വരാൻ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂർത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടർത്തിമാറ്റിയാൽ മതിയാവും. അങ്ങനെ ചെയ്താൽ എളുപ്പത്തിൽ വേര് വരും.
ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകൾ നനഞ്ഞ മണ്ണിൽ നടണം. അധികം ആഴത്തിൽ നട്ടാൽ അവ മണ്ണിനു മുകളിൽ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണിൽ നിശ്ചിത അകലത്തിലും വിത്തുകൾ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തിൽ മാത്രം മണ്ണ് വിത്തിനു മുകളിൽ ഇട്ടാൽ മതി. രാവിലെയും വൈകുന്നേരവും നനക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പരിചരണം
തിരുത്തുകടെറസ്സ്കൃഷിയിൽ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിർത്തിയാൽ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവർ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂർ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോൾ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്‌നേരമെങ്കിലും കർഷകൻ ടെറസ്സിൽ കയറണം. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേർത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികൾ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.
ജലസേചനം
തിരുത്തുകകൃഷി ടെറസ്സിലാവുമ്പോൾ ധാരാളം വെള്ളം ഒഴിക്കണം എന്ന ധാരണ പലർക്കും ഉണ്ട്; ‘കാരണം രാവിലെ മുതൽ വൈകുന്നേരം വരെ ചെടികൾ വെയിലു കൊള്ളുകയാണല്ലൊ’. അടുക്കളത്തോട്ടത്തിൽ, മണ്ണിൽ കൃഷി ചെയ്യുമ്പോൾ നമ്മൾ ധാരാളം വെള്ളം ഓരോ ചെടിക്കും ഒഴിക്കുന്നുണ്ട്. അങ്ങനെ ഒഴിച്ച വെള്ളത്തിൽ ചെടിയുടെ വേര് ആഗിരണം ചെയ്യുന്നതിനെക്കാൾ വലിയൊരു പങ്ക് മണ്ണിനടിയിൽ താഴുകയാണ് ചെയ്യുന്നത്. ടെറസ്സിൽ, ചട്ടിയിലായാലും ചാക്കിലായായാലും തറയിലായാലും പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ വെള്ളം നനക്കുന്നത് നിർത്താം. അതിന് ഒരു ചെടിച്ചട്ടിയിൽ രണ്ട് ഗ്ലാസ്സ് വെള്ളം മതിയാവും. ചെടിയുടെ മുകളിൽ സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സസ്യവളർച്ചക്ക് സൂര്യപ്രകാശം പരമാവധി ലഭ്യമാവണം. അതേസമയം സൂര്യന്റെ ചൂട് വർദ്ധിക്കുന്നതിനനുസൃതമായി ഇലകൾക്ക് നീരാവിയാക്കി മാറ്റി പുറത്തുകളയാനുള്ള ജലം മുഴുവൻ വേര് മണ്ണിൽനിന്നും ആഗിരണം ചെയ്യും. ചെറിയ തൈകൾ പറിച്ചുമാറ്റി നടുമ്പോൾ മൂന്ന് ദിവസം അവ വെയിലേൽക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.
വളം ചേർക്കൽ
തിരുത്തുകരാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികൾ നടാനായി മണ്ണ് തയ്യാറാക്കുമ്പോൾതന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിൻപിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ ഇടയ്ക്കിടെ ചേർത്താൽ സസ്യങ്ങൾ നന്നായി വളരും. ഒടുവിൽ പറഞ്ഞവ ചെടിയുടെ ചുവട്ടിൽനിന്നും അഞ്ച് സെന്റീമീറ്റർ അകലെയായി മാത്രം ചേർക്കുകയും പൂർണ്ണമായി മണ്ണിനടിയിൽ ആയിരിക്കുകയും വേണം. വേപ്പിൻപിണ്ണാക്ക് ചെടി നടുമ്പോൾ മണ്ണിനടിയിൽ വളരെകുറച്ച് മാത്രം ചേർത്താൽ മതി. രണ്ട് ആഴ്ചയിൽ ഒരു തവണയെങ്കിലും വളം ചേർക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോൾ പുതിയ മണ്ണ് ചെടിയുടെ ചുവട്ടിൽ ഇടുന്നതാണ് നല്ലത്.
കീടനിയന്ത്രണം
തിരുത്തുകടെറസ്സിലാണെങ്കിലും എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറിസസ്യങ്ങളെ ബാധിക്കും. മറ്റൊരിടത്തും കൃഷി ഇല്ലെങ്കിൽ പരിസരത്തുള്ള പറക്കാൻ കഴിയുന്ന ഷട്പദങ്ങളെല്ലാം പറന്നുവരും. പാവൽ, പടവലം എന്നിവയെ കായീച്ചകളും, പയറുവർഗ്ഗങ്ങളെ അരക്ക് ഷട്പദങ്ങളും(ഇലപ്പേൻ) ആക്രമിക്കും. പയറിന്റെ നീരുറ്റികുടിക്കുന്ന ഷട്പദങ്ങൾ ഒന്നോ രണ്ടോ വന്നാൽ പിറ്റേദിവസം കൂട്ടത്തോടെ പറന്നുവരും. ഇവ കൂടാതെ ഇലകൾ തിന്നുന്ന ലാർവ്വകൾ പലതരം കാണപ്പെടും. ലാർവ്വകൾ ഓരോ തരവും ഒരേ ഇനത്തിൽപ്പെട്ട ചെടികളെ മാത്രമാണ് ആഹാരമാക്കുന്നത്. പിന്നെ പച്ചക്കറി സസ്യങ്ങളിൽ കാണുന്ന മിക്കവാറും ഷട്പദലാർവ്വകൾ രാത്രിയിൽ മാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയാണ്. അതുകൊണ്ട് പകൽനേരങ്ങളിൽ നോക്കിയാൽ അവരുടെ അടയാളം മാത്രമേ കാണുകയുള്ളു.
മാർഗ്ഗങ്ങൾ
തിരുത്തുകപുകയില കഷായം, കാന്താരി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയവ പ്രധാന ജൈവ കീടനാശിനികളാണ്. ഇവ കൂടാതെ നേരിട്ടല്ലാതെ കീടങ്ങളെ നശിപ്പിക്കാൻ പഴക്കെണി, തുളസിക്കെണി, ശർക്കരക്കെണി തുടങ്ങിയവയും പ്രയോഗിക്കാം.
- പുകയിലക്കഷായം: 50 ഗ്രാം പുകയില, 500 മില്ലി ലിറ്റർ വെള്ളത്തിൽ 24 മണിക്കൂർ കുതിർത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തിൽ 12ഗ്രാം അലക്കുസോപ്പ് പതയാക്കി ഇളക്കിച്ചേർത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിക്കാം.
- മണ്ണെണ്ണ കുഴമ്പ്: ഒരു ലിറ്റർ മണ്ണെണ്ണയിൽ, 50 ഗ്രാം ബാർസോപ്പ് അര ലിറ്റർ വെള്ളത്തിൽ കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേർത്ത് ചെടിയിൽ തളിക്കുക.
- പഴക്കെണി: വെള്ളരി, പാവൽ, പടവലം എന്നിവയിൽ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂർ പഴം വട്ടത്തിൽ മുറിച്ചത് ചിരട്ടയിൽ ഇട്ട് വെള്ളം ഒഴിച്ച് അതിൽ ഏതാനും തരി ഫ്യൂരഡാൻ ചേർക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികൾ പാവൽ, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാൽ അവിടെ വരുന്ന ധാരാളം കായിച്ചകൾ പഴച്ചാർ കുടിച്ച് ചിരട്ടയിൽ ചത്തതായി കാണാം. അതുപോലെ തുളസിയില അരച്ചെടുത്ത നീരിൽ ഫ്യൂരഡാൻ കലർത്തിയത് ചിരട്ടകളിൽ തൂക്കിയിട്ടാലും കായിച്ചകൾ അവ കുടിക്കാൻ വരും. ഫ്യുരഡാൻ നിരോധിച്ചതിനാൽ പകരം തരി രൂപത്തിലുള്ള ഏതെങ്കിലും കീടനാശിനി ഉദാ: റീജന്റ് ഉപയോഗിക്കാം
ചിരട്ടക്ക് പകരം മിനറൽ വാട്ടർ കുപ്പിയുടെ വശങ്ങളിൽ 3 x 3 സെ മി ദ്വാരങ്ങൾ ഉണ്ടാക്കിയും ഉപയോഗിക്കാം
- കഞ്ഞിവെള്ളം: പയറിനെ കൂട്ടമായി ആക്രമിക്കുന്ന അരക്ക് ഒഴിവാക്കാൻ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണം ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ മതിയാവും. പച്ചപപ്പായ പലതായി മുറിച്ച് ഒരു പാത്രത്തിലെ വെള്ളത്തിൽ ഇട്ട് വെച്ചത്, ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാൽ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാൽ പയറിലുള്ള അരക്ക്(ഇലപ്പേൻ) ഒഴിവാകും. അരക്കിന്റെ ആക്രമണം ആരംഭത്തിൽതന്നെ ഒഴിവാക്കണം.
- കടലാസ് പൊതിയൽ: ടെറസ്സിലാവുമ്പോൾ ഏറ്റവും നല്ല കീടനിയന്ത്രണ മാർഗ്ഗങ്ങൾ ചിലത് കൂടിയുണ്ട്. കായീച്ചയെ ഒഴിവാക്കാൻ പാവക്ക, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസംതന്നെ കടലാസുകൊണ്ട് പൊതിഞ്ഞാൽ മതിയാവും. വീട്ടിൽ കറിവെക്കാനുള്ള പച്ചക്കറികൾ ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാലും, ധാരാളം കായകൾ ഒന്നിച്ച് കായ്ക്കാത്തതിനാലും അവ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ് നല്ലത്. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്‌പിടിച്ച് നിലത്തിട്ട് അമർത്തികൊല്ലുന്നതാണ് നല്ലത്.
രോഗനിയന്ത്രണം
തിരുത്തുകസാധാരണ കാണാറുള്ള രോഗങ്ങൾ ടെറസ്സിലെ പച്ചക്കറികൃഷിയിൽ കുറവായിരിക്കും. തക്കാളി, വഴുതന, മുളക്, എന്നിവയിൽ ഫംഗസ് കാരണം ഏതെങ്കിലും ഒരു ചെടിയിൽ വാട്ടം കണ്ടെത്തിയാൽ ഉടനെ പിഴുതുമാറ്റി നശിപ്പിക്കണം. നടുന്നതിനു മുൻപ് മണ്ണിൽ വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് രോഗങ്ങളെ നിയന്ത്രിക്കും. ചീരയിൽ ഇലപ്പുള്ളിരോഗം കണ്ടെത്തിയാലും അവ നശിപ്പിക്കുന്നതാണ് നല്ലത്. ശക്തിയുള്ള രാസവസ്തുക്കൾ ചെടിയിൽ തളിക്കാതിരിക്കുന്നതാണ് ഉത്തമം. നല്ലയിനം വിത്തുകൾ നടാൻ ഉപയോഗിച്ചാൽ രോഗങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം.
വിളവെടുപ്പ്
തിരുത്തുകടെറസ്സ്കൃഷിയിൽ ഒന്നിച്ച് ഒരു വിളവെടുപ്പ് നടത്തേണ്ടതില്ല. വെണ്ട, പച്ചമുളക്, വഴുതന, പയർ, പാവൽ, താലോരി, പടവലം എന്നിവയൊക്കെ മൂക്കുന്നതിനു മുൻപ് ദിവസേനയെന്നോണം പറിച്ച് ഉപയോഗിക്കാം. തക്കാളി പഴുത്തതിനുശേഷം പറിച്ചെടുക്കണം. ഒന്നിച്ച് ധാരാളം ഉണ്ടായാൽ പാകമായവയെല്ലാം പറിച്ച് റെഫ്രിജറേറ്ററിൽ വെക്കുകയോ, വില്പന നടത്തുകയോ ചെയ്യണം. കയ്പക്ക ഉണക്കി കൊണ്ടാട്ടമാക്കി മാറ്റാം. കൂട്ടത്തിൽ വെള്ളരി, മത്തൻ, ഇളവൻ, കുമ്പളം തുടങ്ങിയവയുടെ പാകമായ കായകൾ പറിച്ചെടുത്തത് ഈർപ്പമില്ലാത്ത, കീടങ്ങളില്ലാത്ത ഇടങ്ങളിൽ സൂക്ഷിച്ചാൽ മാസങ്ങളോളം കേടുവരാതെയിരിക്കും. ടെറസ്സിൽ ചെയ്യുന്ന കൃഷി മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് അവസാനിപ്പിക്കണം. മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് മഴകൊള്ളാതെ പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടിയാൽ അതേമണ്ണ് അടുത്ത വർഷം കൃഷിക്ക് ഉപയോഗിക്കാം. മഴകൊണ്ടാൽ മണ്ണ് ഒലിച്ചിറങ്ങുകയും മണ്ണിന്റെ ഘടകങ്ങളും ഘടനയും നഷ്ടപ്പെടുകയും ചെയ്യും. ഇന്നത്തെകാലത്ത് കൃഷി ചെയ്യുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. കൃഷി ടെറസ്സിലാവുമ്പോൾ ശരീരത്തിലെ അമിതമായ കൊഴുപ്പ് കുറക്കാനായി പ്രത്യേക വ്യായാമമൊന്നും ചെയ്യേണ്ടതില്ല. കീടനാശിനികൾ തളിക്കാത്ത പച്ചക്കറികൾ ഇഷ്ടംപോലെ ഭക്ഷിക്കാനും കഴിയും.
ചിത്രശാല
തിരുത്തുക-
ടെറസ്സ് കൃഷിക്ക് യോജിച്ച ചെടിച്ചട്ടി
-
ടെറസ്സിലെ വഴുതന
-
ടെറസ്സിലെ വെള്ളരി വള്ളികൾ
-
ടെറസ്സിലെ വെണ്ടകൃഷി
-
ടെറസ്സിലെ ചീരകൃഷി
-
ഒരേ ചാക്കിൽ വളരുന്ന വെണ്ടയും ചീരയും
-
പാവൽ(കയ്പ) ടെറസ്സിൽ വളരാൻ നിർമ്മിച്ച പന്തൽ
-
വിളവെടുക്കാറായ പാവക്ക
-
വെള്ളരി ടെറസ്സിലെ ചാക്കിൽ
-
ചെടിച്ചട്ടിയിൽ വളരുന്ന മുള്ളങ്കിയും മുളകും
-
ടെറസ്സിലെ മുളക്
-
വിളവെടുക്കാറായ വെണ്ട
-
പന്തലിൽ വളരുന്ന കുമ്പളം
-
ടെറസ്പന്തലിൽ കായ്ച്ച കുമ്പളങ്ങ
-
വെണ്ടയുടെ പൂവ്
കുറിപ്പുകൾ
തിരുത്തുക൧ ^ കുന്നിൻ താഴ്വരകൾ തുടങ്ങി ചെരിവുള്ള ഭൂവിഭാഗങ്ങളിൽ തട്ടുകളായി കൃഷി ചെയ്യുന്ന രീതിയിൽ അത്തരം തട്ടുകൾക്കു് 'ടെറസ്സ്' എന്ന വാക്ക് കൃഷിശാസ്ത്രത്തിൽ പലപ്പോഴും ഉപയോഗിക്കാറുണ്ടു്. അതുപോലെ, യൂറോപ്പിലും മറ്റും പണ്ടു മുതൽക്കേ കൊട്ടാരങ്ങൾ, കോട്ടകൊത്തളങ്ങൾ തുടങ്ങിയവയുടേ മേൽപ്പുറങ്ങളിൽ തയ്യാറാക്കിയ പൂന്തോട്ടങ്ങൾക്കു് 'ടെറസ് ഗാർഡനുകൾ' എന്നു് വിളിക്കാറുണ്ടു്. ടെറസ്സിലെ കൃഷി അതിൽ നിന്നു വ്യത്യസ്തമാണ്.
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://articles.timesofindia.indiatimes.com/2012-05-15/kochi/31710746_1_farming-organic-methods-vegetable[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://noimpactman.typepad.com/blog/2008/06/urban-rooftop-f.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-01.
- ↑ 4.0 4.1 http://www3.telus.net/public/a6a47567/roofgarden_thesis.pdf Archived 2012-08-03 at the Wayback Machine. പുറം 47: (പത്മശ്രീ ഡോ. ആർ.ടി. ദോഷി: ഇന്ത്യയിലെ മേൽക്കൂരകൃഷിരീതി
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-16. Retrieved 2012-06-01.