തിരുവിതാംകൂറിൽ ജീവിച്ചിരുന്ന പ്രഗല്ഭ സംസ്കൃതപണ്ഡിതനും താളിയോല ഗ്രന്ഥാലയവിദഗ്ദ്ധനുമായിരുന്നു മഹാമഹോപാദ്ധ്യായ ഡോ. തരുവായ് ഗണപതി ശാസ്ത്രികൾ (1860 - 1926). ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച അദ്ദേഹം[1] റോയൽ ഏഷ്യാറ്റിൿ സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് അയർലന്റ് എന്ന അത്യുന്നതസ്ഥാപനത്തിലെ വിശിഷ്ടാംഗമായിരുന്നു. അനന്തശയനഗ്രന്ഥാവലിയിലൂടെ അദ്ദേഹം കണ്ടെടുത്തു പുനഃപ്രസിദ്ധീകരിച്ച അനവധി താളിയോലഗ്രന്ഥങ്ങളും സ്വന്തമായ ഗവേഷണഫലങ്ങളും സംസ്കൃതസാഹിത്യസമ്പത്തിലും അതിന്റെ ചരിത്രത്തിലും പുതുതായി വെളിച്ചം വീശി. നിശ്ശേഷമായി നഷ്ടപ്പെട്ടുപോയെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഭാസന്റെ സംസ്കൃതനാടകങ്ങൾ മിക്കവാറും സമ്പൂർണ്ണമായും കണ്ടെത്തി ക്രോഡീകരിച്ചതും കൗടില്യന്റെ അർത്ഥശാസ്ത്രം വീണ്ടെടുത്തു് സ്വന്തം സംസ്കൃതവ്യാഖ്യാനസഹിതം പുനഃപ്രകാശിപ്പിച്ചതുമാണു് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളായി വിലയിരുത്താവുന്നതു്.

ടി. ഗണപതി ശാസ്ത്രി
ടി. ഗണപതി ശാസ്ത്രി.jpg
മഹാമഹോപാദ്ധ്യായ ഡോ. തരുവായ് ഗണപതി ശാസ്ത്രികൾ
ജനനം1860
മരണം1926
ദേശീയതഇന്ത്യൻ
തൊഴിൽസംസ്കൃതപണ്ഡിതനും താളിയോല ഗ്രന്ഥാലയവിദഗ്ദ്ധനും

ജനനംതിരുത്തുക

തിരുനെൽവേലിയ്ക്കടുത്തു് തരുവായ് എന്ന ഗ്രാമത്തിൽ സംസ്കൃതഭാഷാജ്ഞാനത്തിൽ പുകൾപെറ്റ ഒരു കുടുംബത്തിലായിരുന്നു ഗണപതി ശാസ്ത്രികളുടെ ജനനം. 16-ആം നൂറ്റാണ്ടിലെ വിഖ്യാതജ്ഞാനിയായിരുന്ന അപ്പയ്യാ ദീക്ഷിതരുടെ പിൻഗാമി രാമസുബ്ബയ്യർ എന്ന സംസ്കൃതപണ്ഡിതന്റെ മകനായി 1860-ലായിരുന്നു ഗണപതി ജനിച്ചതു്. 16 വയസ്സിൽ അദ്ദേഹം ഉപരിപഠനത്തിനായി തിരുവനന്തപുരത്തേക്കു തിരിച്ചു.

ഭാസ നാടകങ്ങളുടെ വീണ്ടെടുപ്പ്തിരുത്തുക

എട്ടു നൂറ്റാണ്ടുകളോളം ലഭ്യമല്ലാതിരുന്ന ഭാസകൃതികൾ, ശാസ്ത്രികളുടെ ശ്രമ ഫലമായാണ് വീണ്ടെടുത്തത്. 1910ൽ, തെക്കൻ തിരുവിതാംകൂറിലെ പത്മനാഭപുരത്തിനടുത്തുള്ള മണലിക്കര കല്പകമംഗലത്തുമഠത്തിൽ നിന്ന് ഗണപതി ശാസ്ത്രികൾ അവ കണ്ടെടുത്തത്. ഈ കൃതികൾ ഭാസനാടകചക്രം എന്ന പേരിൽ 1912ൽ ശാസ്ത്രികൾ പ്രസിദ്ധീകരിച്ചു. സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം, പഞ്ചരാത്രം, ചാരുദത്തം, ദൂതഘടോൽക്കചം, അവിമാരകം, ബാലചരിതം, കർണഭാരം, ഊരുഭംഗം, മധ്യമവ്യായോഗം, ദൂതവാക്യം, അഭിഷേകനാടകം, പ്രതിമാനാടകം എന്നിവ ഉൾപ്പെട്ടതായിരുന്നു ‘ഭാസനാടകചക്രം. [2]

ഭാരതാനുവർണ്ണനം എന്ന പേരിൽ സംസ്കൃതത്തിൽ ഭാരതചരിത്രപരമായ ഒരു ഗ്രന്ഥവും ഗണപതിശാസ്ത്രിയുടെ വകയായി എഴുതപ്പെട്ടിട്ടുണ്ട്[3].

അവലംബംതിരുത്തുക

  1. "Oriental Research Institute and Manuscript Library". www.keralauniversity.ac.in. ശേഖരിച്ചത് 4 മെയ് 2014. Check date values in: |accessdate= (help)
  2. "മറവിയിൽ ഒരു മഠം". മലയാള മനോരമ. ശേഖരിച്ചത് 4 മെയ് 2014. Check date values in: |accessdate= (help)
  3. Sahitya Akademi (1968), Contemporary Indian literature: a symposium (2 ed.), Sahitya Akademi
"https://ml.wikipedia.org/w/index.php?title=ടി._ഗണപതി_ശാസ്ത്രി&oldid=2319756" എന്ന താളിൽനിന്ന് ശേഖരിച്ചത്