ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവിന്റെ നിർദ്ദേശപ്രകാരം തിരുവിതാംകൂർ സർക്കാർ അച്ചുകൂടത്തിൽ നിന്നും പ്രസിദ്ധീകരിച്ചിറക്കിയിരുന്ന ഗ്രന്ഥങ്ങളുടെ പരമ്പരയായിരുന്നു അനന്തശയനഗ്രന്ഥാവലി. തിരുവിതാംകൂർ സംസ്കൃതഗ്രന്ഥ സീരീസ് എന്ന പേരിൽ പിൽക്കാലത്തു് ഇവ ഭാഷാശാസ്ത്രജ്ഞർക്കും സംസ്കൃതഭാഷാപണ്ഡിതർക്കും പ്രത്യേക താൽപ്പര്യമുള്ള പഠനവസ്തുക്കളായി മാറി. രാജകൊട്ടാരം വക താളിയോല ഗ്രന്ഥശേഖരത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന ടി. ഗണപതി ശാസ്ത്രി എന്ന സംസ്കൃതപണ്ഡിതനായിരുന്നു 'അനന്തശയനഗ്രന്ഥാവലി'യുടെ മുഖ്യചുമതലക്കാരൻ.[1]

സ്വപ്നനാടകവും മറ്റു ഭാസകൃതികളുടെ കണ്ടെടുക്കലുംതിരുത്തുക

1910-ൽ താളിയോല ഗ്രന്ഥാലയം ക്യൂറേറ്റർ ഗണപതി ശാസ്ത്രിക്ക് പത്മനാഭപുരത്തിനടുത്തുള്ള മണലിക്കര മഠത്തിൽ നിന്നും കൂടിയാട്ടത്തിൽ ഉപയോഗിച്ചിരുന്ന പത്തു സംസ്കൃത രൂപകങ്ങളുടെ താളിയോലഗ്രന്ഥങ്ങൾ ഒരുമിച്ചു് കണ്ടുകിട്ടി. 20 അക്ഷരങ്ങളുടെ പതിപ്പത്തു വരികളുള്ള 105 ഓലകളിലായാണു് ഈ അപൂർവ്വശേഖരം ലഭിച്ചതു്. പഴയ മലയാളം ഗ്രന്ഥലിപിയിൽ എഴുതിയിരുന്ന സംസ്കൃതകൃതികളായിരുന്നു ഇവയിൽ അടങ്ങിയിരുന്നതു്. 300-ലധികം വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നെങ്കിലും ആദ്യത്തെ പന്ത്രണ്ടു താളുകളിലെ ഏതാനും ഭാഗങ്ങൾ ഒഴിച്ചു് മറ്റെല്ലാ ഓലകളിലേയും എഴുത്തുകൾക്കൊന്നും നാശം സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പരിശോധനയിൽ ഇവ യഥാക്രമം സ്വപ്നനാടകം, പ്രതിജ്ഞായൗഗന്ധരായണം, പഞ്ചരാത്രം, ചാരുദത്തൻ, ദൂതഘടോൽക്കചം, അവിമാരകം, ബാലചരിതം, മദ്ധ്യമവ്യായോഗം, കർണഭാരം, ഊരുഭംഗം എന്നീ സംസ്കൃതനാടകങ്ങളാണെന്നു തെളിഞ്ഞു. ഇതുകൂടാതെ, പതിനൊന്നാമതൊരെണ്ണം തുടങ്ങിവെച്ച് ആദ്യത്തെ ഓലയുടെ മറുവശത്തുതന്നെ പെട്ടെന്നു നിന്നുപോയതായും കണ്ടു. അദ്ദേഹത്തിന്റെ പുനരന്വേഷണത്തിൽ, കടുത്തുരുത്തിയ്ക്കടുത്തു് കൈലാസപുരത്തുള്ള ഒരു ജ്യോത്സനായിരുന്ന ഗോവിന്ദ പിഷാരോടിയിൽ നിന്നും അഭിഷേകനാടകം, പ്രതിമാനാടകം എന്നിങ്ങനെ, മേൽപ്പറഞ്ഞവയുടെ അതേ ശൈലിയിൽ എഴുതപ്പെട്ട രണ്ടു നാടകങ്ങൾ കൂടി കണ്ടെടുക്കപ്പെട്ടു. ഇങ്ങനെ മൊത്തം പന്ത്രണ്ടു പൂർണ്ണകൃതികളും ഒരപൂർണ്ണകൃതിയും ആ ശേഖരത്തിൽ ഉണ്ടായിരുന്നു. താമസിയാതെത്തന്നെ, സ്വപ്നവാസവദത്തം എന്നു പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ള സ്വപ്നനാടകത്തിന്റെ ഒരു പ്രതിയും പ്രതിജ്ഞായൗഗന്ധരായണത്തിന്റെ ഒരു പ്രതിയും മൈസൂർ എ. അനന്താചാര്യ എന്ന പണ്ഡിതനിൽ നിന്നും അവിമാരകത്തിന്റെ ഒരു പ്രതി ഹരിപ്പാട് സുബ്രഹ്മണ്യ മൂസ്സതിന്റെ പക്കൽ നിന്നും സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം, അഭിഷേകനാടകം എന്നിവയുടെ കൂടുതൽ കൈയെഴുത്തുകൾ ചെങ്ങന്നൂർ താഴമൺ മഠം കൃഷ്ണൻ തന്ത്രിയിൽ നിന്നും ഗണപതി ശാസ്ത്രിയ്ക്കു് ലഭ്യമായി. അദ്ദേഹം ഇവയെല്ലാം പരസ്പരം ഒത്തുനോക്കി പരിശോധിച്ച് ക്രമത്തിലാക്കി ടിപ്പണി സഹിതം തിരുവിതാംകൂർ സർക്കാർ അച്ചുകൂടത്തിൽനിന്നും 1912 ഏപ്രിൽ 11 നു് അനന്തശയനഗ്രന്ഥാവലിയുടെ പതിനഞ്ചാം ഭാഗമായി പ്രകാശനം ചെയ്തു. [2]"മഹാമഹിമശ്രീമൂലകരാമവർമ്മകുലശേഖരമഹാരാജന്റെ" കൽപ്പനപോലെ തയ്യാറാക്കി പ്രസിദ്ധീകരിച്ച ഈ 'ഭാസ'കൃതികൾ പിന്നീടു് ട്രിവാൻഡ്രം സംസ്കൃത സീരീസ് (പതിനഞ്ചാം ശേഖരം) എന്ന പേരിൽ ഭാരതത്തിലും പുറത്തുമുള്ള സംസ്കൃത, ഭാഷാ പണ്ഡിതന്മാർക്കിടയിൽ പ്രസിദ്ധമായി.

ഭാസൻ എന്ന പൂർവ്വപ്രസിദ്ധനായ നാടകകാരനെക്കുറിച്ചു് പുരാതനകാലം മുതലേ പല ഭാരതീയരും പരാമർശിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റേ കൃതികളൊന്നും ലഭ്യമായിരുന്നില്ല. എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്നു കരുതിവന്ന ഭാസസാഹിത്യസർവ്വസ്വമാണു് മിക്കവാറും പൂർണ്ണമായിത്തന്നെ ഒരിടത്തുനിന്നും ഇങ്ങനെ തികച്ചും ആകസ്മികമായി കണ്ടെടുത്തതു്.

ഈ പുസ്തകങ്ങൾക്കെല്ലാം പൊതുവായി കാണപ്പെട്ട പല പ്രത്യേകതകളുമുണ്ടായിരുന്നു. ഉപയോഗിച്ചിരിക്കുന്ന ഭാഷ, നാടകം തുടങ്ങുന്ന നാന്ദി ശ്ലോകത്തിന്റെ രൂപം, മംഗളാചരണത്തിന്റെ ക്രമം, നാടകം അവസാനിപ്പിക്കുന്ന ' ഭരതവാക്യത്തിന്റെ' ഘടന, എല്ലാ കൃതികളിലും കാണാവുന്ന രാജപ്രശംസ തുടങ്ങിയവ മറ്റു സംസ്കൃതനാടകങ്ങളുടെ പൊതുസ്വഭാവങ്ങളിൽ നിന്നു വേറിട്ടുനിന്നു. പാണിനിയുടെ ചിട്ടകൾക്കു മുമ്പുള്ള കാലത്തേതുപോലെ ഭാഷയിലെ പ്രകൃതാംശം പ്രകടമായിരുന്നു. പല ശ്ലോകങ്ങളും അപ്പാടെയോ അതേ ശൈലിയിലോ ഒന്നിലധികം ഗ്രന്ഥങ്ങളിൽ പ്രത്യക്ഷമായിരുന്നു. അതു കൂടാതെ, സംസ്കൃതത്തിലെ പുരാതനനാടകങ്ങൾ പിന്തുടരുന്ന പതിവിനു വിപരീതമായി, ഇവയിലൊന്നിലും നാടകകൃത്തിന്റെ പേരുണ്ടായിരുന്നില്ല.

എന്നാൽ 13 നാടകങ്ങളിൽ ആദ്യത്തേതു് ഭാസന്റേതെന്ന് സർവസമ്മതമായ സ്വപ്നവാസവദത്തം ആയിരുന്നു. നാടകങ്ങൾക്കു പൊതുവായുള്ള രചനാശൈലിയും സ്വപ്നവാസവദത്തം അവയിൽ ഒന്നായിരുന്നതും പരിഗണിച്ച്, 13 നാടകങ്ങളും ഭാസന്റേതാണെന്ന് ഗണപതി ശാസ്ത്രി വാദിച്ചു. ഈ നാടകങ്ങൾ, സംസ്കൃതത്തിൽ പിൽക്കാലത്തു പ്രതിഷ്ഠനേടിയ നാട്യശാസ്ത്രനിയമങ്ങളുടെ ചട്ടക്കൂടിൽ എഴുതപ്പെട്ടവയല്ല എന്നതും അവയുടെ പൗരാണികതയെ പിന്തുണച്ചു. ശാസ്ത്രിയുടെ അവകാശവാദം വിൽ ഡുറാന്റ് ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും[3] അവ ഭാസന്റേതാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ അവഗണിക്കാനാവത്തവയാണെന്നും അതിനെതിരായി ഉന്നയിക്കപ്പെടുന്ന വാദങ്ങൾ തികവില്ലാത്തവയാണെന്നും മറ്റുള്ളവർ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.[൧]

തിരുവിതാംകൂർ സംസ്കൃതഗ്രന്ഥ സീരീസിലെ ഗ്രന്ഥങ്ങളുടെ പട്ടികതിരുത്തുക

മറ്റു ഗ്രന്ഥങ്ങൾതിരുത്തുക

  1. ആര്യമഞ്ജുശ്രീമൂലകല്പം

അവലംബംതിരുത്തുക

  1. "Oriental Research Institute and Manuscript Library". www.keralauniversity.ac.in. ശേഖരിച്ചത് 3 നവംബർ 2018.
  2. http://www.sanskritebooks.org/wp-content/uploads/2013/02/TSS-Article-Indian-Historical-Quarterly.pdf
"https://ml.wikipedia.org/w/index.php?title=അനന്തശയനഗ്രന്ഥാവലി&oldid=3089331" എന്ന താളിൽനിന്ന് ശേഖരിച്ചത്