ചാണക്യൻ (Sanskrit: चाणक्य Cāṇakya), വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെടുന്ന കൗടില്യൻ (c. 350-283 BCE) പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്‌. ക്രിസ്തുവിന്‌ മൂന്നു നൂറ്റാണ്ടു മുൻപ്‌ ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു. അർത്ഥശാസ്ത്രം എന്ന ഒറ്റകൃതി മതി ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ.

ചാണക്യൻ
കൗടില്യൻ കലാകാരന്റെ ഭാവനയിൽ
ജനനംഉദേശം ബി.സി 370 [1]
പാടലീപുത്രം
മരണംഉദ്ദേശം ബി.സി. 283[1]
മറ്റ് പേരുകൾകൗടില്യൻ, വിഷ്ണുഗുപ്തൻ
കലാലയംതക്ഷശില
തൊഴിൽഅദ്ധ്യാപകനും രാജാവിന്റെ ഉപദേഷ്ടാവും
അറിയപ്പെടുന്നത്മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകൻ
അറിയപ്പെടുന്ന കൃതി
അർത്ഥശാസ്ത്രം, ചാണക്യനീതി

ജീവിതരേഖ തിരുത്തുക

ബി. സി. 350നും 283നും ഇടയിൽ‍ ജീവിച്ചിരുന്നു. മഗധയിൽ ജനനം. പിതാവിന്റെ മരണശേഷം തക്ഷശിലയിൽ ജീവിച്ചു. കുടല എന്ന വംശത്തിൽ പിറന്നതിനാൽ കൗടില്യൻ എന്ന് അറിയപ്പെട്ടു. ചണക ദേശവാസി ആയതിനാൽ ചാണക്യൻ എന്നും അറിയപ്പെട്ടു.

ഇന്ത്യൻ മക്യവെല്ലി എന്നാണ്‌ ജവഹർലാൽ നെഹ്‌റു കൗടില്യനെ വിശേഷിപ്പിക്കുന്നത്‌. എന്നാൽ രാഷ്ട്രമീമാംസാ തത്ത്വങ്ങൾ‌ മക്യവെല്ലിയ്ക്ക്‌ നൂറ്റാണ്ടുകൾക്കു മുമ്പേ രൂപം നൽകിയ കൗടില്യന്റെ സ്ഥാനം ഇതിലുമെത്രയോ ഉദാത്തമാണ്‌. അദ്ദേഹത്തിന്റെ സംഭാവനകൾ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയില്ലെന്നു മാത്രം.

തന്റെ ആശ്രമത്തിന്റെ അടുത്ത് ദർഭപ്പുല്ലു പറിച്ചുകൊണ്ടു നിൽക്കവേയാണ് കൗടില്യനെ ചന്ദ്രഗുപ്തമൗര്യൻ കണ്ടുമുട്ടുന്നത്. ഒരു തവണ കാലിൽ പുല്ലു കൊണ്ടു വേദനിച്ചതിന്, ഇനി അത് ആവർത്തിക്കാതിരിക്കാൻ എല്ലാ ദർഭപ്പുല്ലുകളും പറിച്ചു മാറ്റുകയായിരുന്നു കൗടില്യൻ. അസംഖ്യം ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ചന്ദ്രഗുപ്തമൗര്യനെ ചാണക്യന്റെ രാഷ്ട്രീയ തന്ത്രങ്ങൾ പലപ്പോഴും രക്ഷിച്ചു. രാക്ഷസൻ എന്ന ശത്രു ചന്ദ്രഗുപ്തമൗര്യനെ കൊല്ലുവാൻ സുന്ദരിയായ വിഷകന്യകയെ അയച്ച കഥ പ്രശസ്തമാണ്. കുട്ടിക്കാലം മുതൽക്കേ അല്പാല്പം വിഷം കുടിച്ചു വളർന്ന വിഷകന്യകമാർ സർപ്പവിഷം ഏൽക്കാത്തവരും ഒരു ചുംബനം കൊണ്ട് കാമുകരെ കൊല്ലുവാൻ പര്യാപ്തരുമായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധി ഗുപ്തരാജാവിനെ വിഷകന്യകയുടെ മാസ്മരവലയത്തിൽ നിന്നു രക്ഷിച്ചു എന്നു കഥ.

ചാണക്യന്റേതായി മൂന്നു ഗ്രന്ഥങ്ങളാണുള്ളത്. അർത്ഥശാസ്ത്രം, നീതിസാരം, ചാണക്യനീതി എന്നിവയാണവ. രാഷ്ട്രമീമാംസ, ഭരണരീതി എന്നിവയെ ആസ്പദമാക്കി രചിച്ചതാണ് അർത്ഥശാസ്ത്രം. 15 അധികരണങ്ങളായാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ആകെ 180 -ഓളം വിഷയങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു. പ്രായോഗിക ഭരണ പ്രശ്നങ്ങൾ, നടപടികൾ എന്നിവക്ക് ഊന്നൽ കൊടുത്തിരിക്കുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 V. K. Subramanian (1980). Maxims of Chanakya: Kautilya. Abhinav Publications. പുറങ്ങൾ. 1–. ISBN 978-0-8364-0616-0. ശേഖരിച്ചത് 2012-06-06.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ കൗടില്യൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=കൗടില്യൻ&oldid=3796664" എന്ന താളിൽനിന്ന് ശേഖരിച്ചത്