ഹേഗൽ
1770-1831 കാലയളവിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന പ്രമുഖ യൂറോപ്യൻ തത്ത്വചിന്തകനാണ് ജോർജ് വിൽഹെം ഫെഡ്രിൿ ഹെഗൽ (ഓഗസ്റ്റ് 27, 1770-നവംബർ 14, 1831). ഇമ്മാനുവേൽ കാന്റ് രൂപംകൊടുത്ത ജർമ്മൻ ശുദ്ധവാദത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ശുദ്ധ ആശയവാദചിന്തയിൽ നിന്നും വൈരുദ്ധ്യാത്മക ആശയവാദം രൂപപ്പെടുത്തിയതു് പ്രധാനമായും ഹെഗലാണു്. ഹെഗലിന്റെ വൈരുദ്ധ്യാത്മക ആശയവാദത്തെ തലതിരിച്ചിട്ടാണ് കാറൽ മാർക്സ് വൈരുദ്ധ്യാത്മക ഭൌതികവാദം രൂപപ്പെടുത്തിയെടുത്തത്.
കാലഘട്ടം | പത്തൊൻപതാം നൂറ്റാണ്ടിലെ തത്ത്വചിന്ത |
---|---|
പ്രദേശം | പാശ്ചാത്യ തത്ത്വചിന്ത |
ചിന്താധാര | ജർമ്മൻ ആശയവാദം; ഹേഗേലിയനിസത്തിന്റെ സ്ഥാപകൻ |
പ്രധാന താത്പര്യങ്ങൾ | തർക്കശാസ്ത്രം, ചരിത്രത്തിന്റെ തത്ത്വചിന്ത, സൗന്ദര്യശാസ്ത്രം, മതം, തത്ത്വമീമാംസ, ജ്ഞാനസിദ്ധാന്തം, രാഷ്ട്രമീമാംസ, |
ശ്രദ്ധേയമായ ആശയങ്ങൾ | പരമ ആശയവാദം, വൈരുദ്ധ്യാത്മകത, സബ്ലേഷൻ |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
ഇമ്മാനുവേൽ കാന്റിനെ തുടർന്നുവന്ന ദശകങ്ങളിൽ രൂപമെടുത്ത ജർമ്മൻ ആശയവാദത്തിന്റെ വികാസത്തിൽ ഹേഗൽ വലിയ പങ്കു വഹിച്ചു. ആശയവാദികളിൽ ഏറ്റവും ക്രമബദ്ധമായ ചിന്തക്ക് അദ്ദേഹം പേരെടുത്തു. യുക്ത്യധിഷ്ഠിതമായ തുടക്കത്തിൽ നിന്ന് സമഗ്രവും ക്രമബദ്ധവുമായ സത്താമീമാംസ (സത്താശാസ്ത്രം - Ontology) വികസിപ്പിച്ചെടുക്കാനാണ് തന്റെ രചനകളിലും പ്രസംഗങ്ങളിലും ഹേഗൽ ശ്രമിച്ചത്. അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ചരിത്രത്തെ ലക്ഷ്യോന്മുഖമായ ആശയവികാസമായി ചിത്രീകരിക്കുന്ന സിദ്ധാന്തത്തിന്റെ പേരിലാണ്. ഈ സിദ്ധാന്തത്തിന്റെ പരിവർത്തിത രൂപം ചരിത്രത്തിന്റെ ഭൗതികവ്യാഖ്യാനമെന്നപേരിൽ പിന്നീട് മാർക്സിസത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ ഒന്നായി മാറി.[1] ക്രമവും കെട്ടുറപ്പുമുള്ള ഒരു തത്ത്വചിന്താവ്യവസ്ഥയുടെ സമഗ്രമായ ചട്ടക്കൂടിനുള്ളിൽ പ്രകൃതിയും മനസ്സും തമ്മിലും, അറിയുന്നവനും അറിവിന്റെ വിഷയവും തമ്മിലും, രാഷ്ട്രം, ചരിത്രം, കല, മതം, ദർശനം എന്നിവകൾ തമ്മിലുമുള്ള ബന്ധം വിശദീകരിക്കാൻ ഹേഗൽ ശ്രമിച്ചു. പ്രകൃതി-സ്വാതന്ത്ര്യം, അനുഭവം-അതീന്ദ്രിയത (immanence-transcendence) തുടങ്ങിയവ പോലെ, ഒന്നൊന്നിനെ ഇല്ലാതാക്കാതെ രമ്യപ്പെടുകയും സംയോജിക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങളുടേയും വൈപരീത്യങ്ങളുടേയും കൂട്ടായ്മയായി മനസ്സിനെ ആല്ലെങ്കിൽ ആത്മാവിനെ സങ്കല്പിച്ചത് അദ്ദേഹത്തിന്റെ ഒരു പ്രധാന സംഭാവനയാണ്.
മാക്സ്, ബ്രാഡ്‌ലി, സാർത്ര്, കങ്ങ് എന്നിവരടക്കമുള്ള ആരാധകരും ഷെല്ലിങ്ങ്, കീർക്കെഗാഡ്, ഷോപ്പൻഹോവർ, നീഷേ, റസ്സൽ തുടങ്ങിയ വിമർശകരുമായി, തത്ത്വചിന്തയിൽ വ്യത്യസ്തനിലപാടുകൾ പിന്തുടർന്ന ഒട്ടേറെ ചിന്തകരെ ഹേഗൽ സ്വാധീനിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ ഹേഗേലിയൻ ചിന്തയുടെ മുഖ്യധാര മിക്കവാറും വിസ്മരിക്കപ്പെടുകയും ഹേഗലിന്റെ സാമൂഹ്യരാഷ്ട്രീയചിന്തകൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ 1970-കളായപ്പോൾ ഹേഗലിന്റെ അടിസ്ഥാനചിന്തകൾ വീണ്ടും ശ്രദ്ധയും പിന്തുണയും കണ്ടെത്താൻ തുടങ്ങി.[2]
ജീവിതരേഖ
തിരുത്തുകആദ്യകാലം
തിരുത്തുകബാല്യം, കൗമാരം(1770-1788)
തിരുത്തുകതെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ വുട്ടൻബർഗ്ഗിൽ സ്റ്ററ്റ്ഗാട്ട് എന്ന സ്ഥലത്താണ് ഹേഗൽ ജനിച്ചത്. ജോർജ് വിൽഹെം ഫ്രീഡ്രീച്ച് ഹേഗൽ എന്നായിരുന്നു മുഴുവൻ പേരെങ്കിലും, കുടുംബാംഗങ്ങൾക്കിടയിൽ വിൽഹെം എന്ന് അദ്ദേഹം അറിയപ്പെട്ടു. പിതാവ് ജോർജ് വിൽഹെം വുട്ടൻബര്ഗ്ഗിലെ ഭരണാധികാരിയായിരുന്ന കാൽ യൂജന്റെ റവന്യൂ വിഭാഗത്തിൽ സെക്രട്ടറി ആയിരുന്നു.[3] അമ്മ മരിയ മഗ്ദലേന ലൂയിസ വുട്ടൻബർഗ്ഗ് ഹൈക്കൊടതിയിലെ ഒരു വക്കീലിന്റെ മകളായിരുന്നു. ഒരു പിത്തപ്പനി വന്ന്, ഹേഗലിനു പതിമൂന്നു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഹേഗലിനും പിതാവിനും ഈ പനി പിടിപെട്ടുവെങ്കിലും അവർ കഷ്ടിച്ചു രക്ഷപെട്ടു.[4] ഹേഗലിന് ഇളയതായി ഒരു സഹോദരിയും സഹോദരനും ഉണ്ടായിരുന്നു. ഈ സഹോദരൻ, റഷ്യക്കെതിരായുള്ള നെപ്പോളിയന്റെ ആക്രമണത്തിൽ ഒരു സൈനികഓഫീസറായി പങ്കെടുത്ത് കൊല്ലപ്പെട്ടു.[5] പിൽക്കാലത്ത് ഒരു മാനസികരോഗത്തിന് ഇരയായ സഹോദരി 1832-ൽ, ഹേഗലിന്റെ മരണത്തിന് മൂന്നുമാസത്തിന് ശേഷം ആത്മഹത്യ ചെയ്തു.
മൂന്നാമത്തെ വയസ്സിൽ ഹേഗൽ "ജർമ്മൻ സ്കൂളിൽ" ചേർന്നു. അഞ്ചുവയസ്സായി "ലത്തീൻ സ്കൂളിൽ" ചേരുന്നതിനുമുൻപേ ലത്തീനിലെ ഒന്നാമത്തെ നാമരൂപം (declension) അമ്മയിൽ നിന്ന് പഠിച്ചിരുന്നു. 1784-ൽ അദ്ദേഹം സ്റ്ററ്റ്ഗാർട്ടിലെ ജിംനേഷിയം ഇല്ലസ്ത്രെ എന്ന പാഠശാലയിൽ ചേർന്നു. കൗമാരത്തിൽ ഹേഗൽ ഒട്ടേറെ വായിക്കുകയും ഒരു ഡയറിയിൽ ദീർഘമായ കുറിപ്പുകൾ സൂക്ഷിക്കുകയും ചെയ്തിരുന്നു. എട്ടുവയസ്സുള്ളപ്പോൾ ഒരദ്ധ്യാപകനിൽ നിന്ന് ഷേക്സ്പിയർ രചനകളുടെ ജർമ്മൻ പരിഭാഷയുടെ സമാഹാരം 18 വാല്യങ്ങളായുള്ളത് സമ്പാദിച്ചിരുന്നു. ചെറിയ പ്രായത്തിൽ തന്നെ പുതിയ നിയമവും ഹോമറുടെ ഇലിയഡും അദ്ദേഹം ഗ്രീക്ക് മൂലത്തിൽ തന്നെ വായിച്ചു. ഗ്രീക്ക് എഴുത്തുകാരിൽ പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരും യൂറിപ്പിഡിസ്, സോഫോക്ലിസ് തുടങ്ങിയ ദുരന്തനാടകകർത്താക്കളും അദ്ദേഹത്തിന് പ്രിയപ്പെട്ടവരായിരുന്നു. സോഫോക്കിൾസിന്റെ ആന്റിഗണി ആദ്യം ഗദ്യത്തിലും പിന്നീട് പദ്യത്തിലും അദ്ദേഹം പരിഭാഷപ്പെടുത്തി. ഇടക്ക് ആഴ്ചയിൽ രണ്ടുമണിക്കൂർ വച്ച് ഹെബ്രായ ഭാഷയും പഠിക്കാൻ തുടങ്ങി.[6] ഹേഗലിനെ അക്കാലത്ത് ആകർഷിച്ച ജർമ്മൻ എഴുത്തുകാരിൽ കവി ക്ലോപ്സ്റ്റോക്കിനുപുറമേ, ക്രിസ്റ്റ്യൻ ഗാർവേ, ഗോട്ടോൾഡ് എഫ്രായീം ലെസ്സിങ്ങ് തുടങ്ങിയ ജ്ഞാനോദയ ലേഖകരും ഉൾപ്പെട്ടിരുന്നു. ജിംനേഷിയത്തിലെ ഹേഗലിന്റെ പഠനസമാപ്തി പ്രസംഗം (graduation speech) "തുർക്കിയലെ കലയുടേയും വിജ്ഞാനത്തിന്റേയും കുത്തഴിഞ്ഞ സ്ഥിതി" എന്ന വിഷയത്തിലായിരുന്നു.[7]
ഉന്നതവിദ്യാഭ്യാസം(1788-93)
തിരുത്തുകപതിനെട്ടാമത്തെ വയസ്സിൽ, ഹേഗൽ, പിതാവിന്റെ ആഗ്രഹം പിന്തുടർന്ന്, റ്റൂബിങ്ങൻ സർവകലാശാലയോടുചേർന്നുള്ള റ്റൂബിങ്ങർ സ്റ്റിഫ്റ്റ് ദൈവശാസ്ത്രസെമിനാരിയിൽ ചേർന്നു. എന്നാൽ നിയന്ത്രണങ്ങൾ നിറഞ്ഞ അവിടത്തെ അന്തരീക്ഷം ഹേഗലിനെ ശ്വാസം മുട്ടിച്ചു. വിരസമായ ക്ലാസുകളേക്കാൾ അദ്ദേഹത്തിനിഷ്ടം ക്ലസ്സിക്കുകൾ വായിക്കുന്നതായിരുന്നു. അരിസ്റ്റോട്ടിലിനൊപ്പം സ്പിനോസയും വോൾട്ടയറും, ഹേഗൽ ഏറെ ഇഷ്ടപ്പെട്ടിരുന്ന റുസ്സോയുമെല്ലാം അക്കാലത്ത് അദ്ദേഹത്തിന്റെ വായനയുടെ ഭാഗമായി.[8] സെമിനാരിയിലെ രണ്ട് സഹവിദ്യാർത്ഥികൾ ഹേഗലിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ സമവയസ്കനായിരുന്ന കവി ഫ്രീഡ്രീച്ച് ഹോൾഡർലിനും പ്രായത്തിൽ ഇളപ്പമായിരുന്ന പ്രഗല്ഭ തത്ത്വചിന്തകൻ വിൽഹെം ജോസഫ് ഷെല്ലിങ്ങും ആയിരുന്നു അവർ. സെമിനാരിയുടെ രീതികളോടുള്ള പ്രതിഷേധം അവർക്കിടയിൽ സൗഹൃദത്തിനും ബുദ്ധിപരമായ കൂട്ടായ്മക്കും കാരണമായി. ഫ്രാൻസിൽ അപ്പോൾ അരങ്ങേറിക്കൊണ്ടിരുന്ന വിപ്ലവത്തിന്റെ പൊട്ടിത്തെറിയെ മൂവരും ഉത്സാഹത്തോടെ നിരീക്ഷിച്ചു. എന്നാൽ ഇമ്മാനുവേൽ കാന്റിന്റെ ചിന്തയുടെ സൂക്ഷ്മതലങ്ങളെക്കുറിച്ച് ഷെല്ലിങ്ങിനും ഹോൾഡർലിനും ഇടയിൽ നടന്നിരുന്ന താത്ത്വികചർച്ചകളിൽ ഹേഗൽ പങ്കെടുത്തില്ല. തത്ത്വചിന്തകന്മാരുടെ ദുർഗ്രഹമായ ആശയങ്ങൾ ജനസാമാന്യത്തിന് എത്തിച്ചുകൊടുക്കുന്ന സാധാരണക്കാരുടെ ബുദ്ധിജീവിയെന്ന നിലയിലുള്ള ഭാവിയാണ് ഹേഗൽ തനിക്കായി സങ്കല്പിച്ചത്. കാന്റിന്റെ തത്ത്വചിന്തയിലെ കേന്ദ്ര ആശയങ്ങളെ വിമർശനബുദ്ധിയോടെ നോക്കിക്കാണേണ്ടതിന്റെ ആവശ്യകത ഹേഗലിന് ബോദ്ധ്യമായത് 1800-ന് ശേഷം മാത്രമാണ്.
സർവകലാശാലയിലെ രീതികൾ ഹേഗലിന് ഇഷ്ടമായിരുന്നില്ലെങ്കിലും പഠനത്തെ ഗൗരവമായെടുത്ത വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. ഗൗരവപ്രകൃതികൊണ്ട്, സഹപാഠികൽ ഹേഗലിനെ 'വയസ്സൻ' എന്നു വിളിച്ചിരുന്നു. [ക] കേവലം രണ്ടുവർഷം കൊണ്ട് 1790-ൽ തത്ത്വചിന്തയിൽ ഡോക്ടറേറ്റും 1793-ൽ ദൈവശാസ്ത്രബിരുദവും അദ്ദേഹം കരസ്ഥമാക്കി. [ഖ]
ട്യൂഷൻ മാസ്റ്റർ
തിരുത്തുകബേൺ(1793-1797)
തിരുത്തുകസെമിനാരിയിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹേഗൽ വൈദികവൃത്തിയിൽ പ്രവേശിക്കുവാൻ തല്പരനായിരുന്നില്ല. തത്ത്വചിന്തയും ഗ്രീക്ക് സാഹിത്യവും പഠിക്കാനുള്ള ഒഴിവുസമയം അനുവദിക്കുന്ന ജോലി അന്വേഷിച്ച അദ്ദേഹം 1793-ൽ സ്വിറ്റ്സർലന്റിലെ ബേണിൽ, ക്യാപ്റ്റൻ കാൾ ഫ്രീഡച്ച്ച് വോൺ സ്റ്റീജർ എന്നയാളുടെ വീട്ടിൽ അയാളുടെ കുട്ടികളുടെ അദ്ധ്യാപകനായി ജോലി ഏറ്റെടുത്തു. 1797 വരെ അദ്ദേഹം അവിടെ തുടർന്നു. ഈ കാലഘട്ടം വിജ്ഞാനദാഹിയായ ഹേഗലിന് നിർണ്ണായകമായി. ഹേഗൽ സ്റ്റീജറുമായി രാഷ്ട്രമീമാംസയിലും തത്ത്വചിന്തയിലും ഉശിരൻ ചർച്ചകളിലേർപ്പെട്ടു. സഹിഷ്ണുവും സംസ്കൃതചിത്തനുമായ സ്റ്റീജറുടെ ശീതകാലവസതി ബേണിലെ പൊതുഗ്രന്ഥശാലക്കടുത്തായിരുന്നു. വേനൽക്കാലവസതിയിലാകട്ടെ നാലായിരത്തോളം വാല്യങ്ങളുള്ള നല്ലൊരു ഗ്രന്ഥശേഖരം ഉണ്ടായിരുന്നു. ബേണിൽ കഴിഞ്ഞ ഇക്കാലത്താണ് തത്ത്വചിന്തയിലും, സാമ്പത്തികശാസ്ത്രത്തിലും, സാമൂഹ്യശാസ്ത്രങ്ങളിലുമെല്ലാം ഹേഗലിനുണ്ടായിരുന്ന വിപുലമായ അറിവിന്റെ അടിത്തറയൊരുങ്ങിയത് എന്നു പറയാം. ഫ്രാൻസിലെ വിപ്ലവത്തിന്റെ പരിണാമഭേദങ്ങളെ അദ്ദേഹം അപ്പോഴും കൗതുകത്തോടെ നിരീക്ഷിച്ചു. ഭീകരവാഴ്ചയായുള്ള വിപ്ലവത്തിന്റെ അധഃപതനത്തിൽ നിരാശ തോന്നിയെങ്കിലും, വിപ്ലവത്തിന്റെ മൊത്തത്തിലുള്ള മൂല്യത്തെക്കുറിച്ചുള്ള ബോദ്ധ്യം ഹേഗൽ ഒരിക്കലും കൈവെടിഞ്ഞില്ല.
ഹേഗലിന്റെ ദാർശനിക വളർച്ചയുടെ മറ്റൊരു വഴി ക്രിസ്തുമതത്തെക്കുറിച്ചുള്ള പഠനമായിരുന്നു. യേശുവിനെ, യാഥാസ്ഥിതിക ക്രൈസ്തവനിലപാടിൽ നിന്ന് വ്യതിചലിച്ച്, യൗസേപ്പിന്റേയും മേരിയുടേയും മകൻ മാത്രമായി ചിത്രീകരിക്കുന്ന ഒരു ലേഖനവും "ക്രിസ്തുമതത്തിന്റെ ഗുണാത്മകത" എന്ന ഒരു ദീർഘകൃതിയും അദ്ദേഹം ഇക്കാലത്തെഴുതി. പാപ-പരിഹാരങ്ങളുടെ ദൈവശാസ്ത്രം വരച്ച യേശുവിന്റെ ചിത്രം ഹേഗലിന് സ്വീകാര്യമായില്ല. യേശുവിൽ, മൂർത്തമായ ഒരു മനുഷ്യജീവിതം, കാന്റിന്റേയും മറ്റും സന്മാർഗ്ഗശാസ്ത്രം ഊന്നൽകൊടുത്ത നന്മ-തിന്മകളുടെ വൈരുദ്ധ്യങ്ങൾക്കുമേൽ ഉയർന്ന്, നമ്മുടെ മർത്ത്യാവസ്ഥയെ എപ്പോഴും പുണർന്നുനിൽക്കുന്ന അമർത്ത്യതയുടെ (infinite always embracing our finitude) സാക്‌ഷ്യമാകുകയാണ് ചെയ്തതെന്ന് ഹേഗൽ കരുതി.
ഫ്രാങ്ക്‌ഫർട്ട്(1797-1801)
തിരുത്തുകബേണിൽ ജോലിചെയ്തിരുന്ന കുടുംബവുമായുള്ള ബന്ധം ഉലഞ്ഞപ്പോൾ, ഹേഗൽ, ഫ്രാങ്ക്‌ഫർട്ടിലെ ഒരു വീഞ്ഞുവ്യാപാരിയുടെ കുട്ടികളുടെ ട്യൂട്ടറായുള്ള ജോലി സ്വീകരിച്ചു. സുഹൃത്ത് ഹോൾഡർളീനാണ് ഈ ജോലി സംഘടിപ്പിച്ചുകൊടുത്തത്. ഫ്രാങ്ക്‌ഫർട്ടിൽ കഴിഞ്ഞ കാലത്ത്, ഹോൾഡർളീൻ ഹേഗലിന്റെ ചിന്തയിന്മേൽ ഒരു വലിയ സ്വാധീനമായിരുന്നു.[9]"ക്രിസ്തുമതത്തിന്റെ ചൈതന്യവും ഭാവിയും" എന്ന ലേഖനം ഹേഗൽ എഴുതിയത് ഫ്രാങ്ക്‌ഫർട്ടിൽ വച്ചാണ്. ഹേഗലിന്റെ ജീവിതകാലത്ത് അത് പ്രസിദ്ധീകൃതമായില്ല.
യേന, ബാംബെർഗ്, ന്യൂറംബർഗ്(1801-16)
തിരുത്തുകലെക്ചറർ
തിരുത്തുക1801-ൽ പഴയ സുഹൃത്ത് ഷെല്ലിങ്ങിന്റെ പ്രേരണയിൽ ഹേഗൽ യേന സർവകലാശാലയിൽ ശമ്പളമില്ലാത്ത ലക്‌ചററായിൽ ജോലി സ്വീകരിച്ചു. ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെക്കുറിച്ചുള്ള ഒരു പഠനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഷെല്ലിങ്ങ് അവിടെത്തന്നെ പ്രൊഫസറായിരുന്നു. അതേവർഷംതന്നെ, "ഫിച്ചേയുടേയും ഷെല്ലിങ്ങിന്റേയും തത്ത്വചിന്താവ്യവസ്ഥകൾ തമ്മിലുള്ള വ്യത്യാസം" എന്ന ഹേഗലിന്റെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. ഹേഗലിന്റെ ക്ലാസ്സുകൾ യുക്തിയും തത്ത്വമീമാംസയും എന്ന വിഷയത്തിലായിരുന്നു. അതിനുപുറമേ അദ്ദേഹം ഷെല്ലിങ്ങുമായി ചേർന്ന്, "യഥാർഥ തത്ത്വചിന്തയുടെ ഉള്ളടക്കവും അതിരുകളും" എന്ന വിഷയത്തെക്കുറിച്ച് പഠനപ്രസംഗങ്ങൾ നടത്തുകയും ഒരു തത്ത്വചിന്താസംവാദശാല സംഘടിപ്പിക്കുകയും ചെയ്തു. ഷെല്ലിങ്ങും ഹേഗലും ചേർന്ന് തത്ത്വചിന്താനിരൂപണപത്രിക എന്നൊരു പ്രസിദ്ധീകരണവും തുടങ്ങി. അവരിരുവരും അതിൽ എഴുതിയിരുന്നു. 1803-ൽ ഷെല്ലിങ്ങ് യേന വിട്ടുപോകുന്നതുവരെ ആ സംരംഭം തുടർന്നു.
1805-ൽ, തത്ത്വചിന്തയിൽ ഹേഗലിന്റെ എതിർപക്ഷത്തായിരുന്ന ഫ്രൈസിന് യേന സർവകലാശാല പ്രൊഫസറായി ഉദ്യോഗക്കയറ്റം കൊടുത്തു. തനിക്കുമുൻപേ ഫ്രൈസിന് കയറ്റം കൊടുത്തതിൽ പ്രതിക്ഷേധിച്ച് ഹേഗൽ അന്ന് പ്രഷ്യയിലെ സാംസ്കാരികമന്ത്രിയായിരുന്ന പ്രഖ്യാതകവി ഗെയ്ഥേക്ക് ഒരു പ്രതിക്ഷേധക്കുറിപ്പയച്ചു. തുടർന്ന് ഹേഗലിനും ശമ്പളമില്ലാത്ത അസാധാരണ പ്രൊഫസറായി (Extraordinary Professor) നിയമനം കിട്ടി. അക്കാലത്ത് പുനഃസംഘടിക്കപ്പെട്ട ഹീഡൽബർഗ്ഗ് സർവകലാശാലയിൽ നിയമനം നേടാൻ ഹേഗൽ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഫ്രൈസിന് അവിടെ ശമ്പളത്തോടുകൂടി സ്ഥിരമായ പ്രൊഫസർ തസ്തിക പിന്നീട് ലഭിച്ചത് ഹേഗലിന് തിരിച്ചടിയായി.[10]
കാര്യമായ വരുമാനമൊന്നുമില്ലാതെ വിഷമിച്ചിരുന്ന ഹേഗലിന് വളരെക്കാലമായി പദ്ധതിയിട്ടിരുന്ന ഒരു പുസ്തകത്തിന്റെ പ്രസിദ്ധീകരണം വൈകിക്കുക വയ്യെന്നായി. അദ്ദേഹത്തിന്റെ തത്ത്വചിന്താവ്യവസ്ഥയുടെ ഒരു സുപ്രധാന രൂപരേഖയാണ് "മനസ്സിന്റെ പ്രതിഭാസവിജ്ഞാനം" എന്ന പേരിൽ ഇന്നറിയപ്പെടുന്ന ആ പുസ്തകം. 1806 ഒക്ടോബർ 14-ന് ഹേഗൽ പുസ്തകത്തിന്റെ അവസാന മിനിക്കുപണികൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ, യേന നഗരത്തിനുവെളിയിൽ ഒരു സമതലത്തിൽ നെപ്പോളിയന്റേയും പ്രഷ്യയുടേയും സൈന്യങ്ങൾ, യേനയിലെ യുദ്ധം എന്ന ചരിത്രപ്രസിദ്ധമായ ഏറ്റുമുട്ടലിന് ഒരുങ്ങുകയായിരുന്നു. യുദ്ധത്തിന്റെ തലേന്നാണ് ആ കൃതി പൂർത്തിയായത്.[11] നെപ്പോളിയൻ അന്ന് യേന നഗരത്തിൽ പ്രവേശിച്ചു. ആ കാഴ്ച ഹേഗലിനെ ഹർഷപുളകിതനാക്കിയെന്നു കരുതണം. സുഹൃത്ത് ഫ്രീഡ്രീച്ച് നീഥാമ്മറിനുള്ള ഒരു കത്തിൽ ഹേഗൽ ഇങ്ങനെ എഴുതി:-
“ | ചക്രവർത്തി, അതേ ആ വിശ്വാത്മാവ്(world soul), പരിസരനിരീക്ഷണത്തിന് സവാരിചെയ്തുപോകുന്നത് ഞാൻ കണ്ടു. ഇവിടെ ഒരു ബിന്ദുവിൽ അശ്വാരൂഢനായിരിക്കുമ്പോഴും, ലോകം മുഴുവൻ ചെന്നെത്തി തന്റെ മേധാവിത്വം സ്ഥാപിക്കുന്ന ഇത്തരമൊരു വ്യക്തിയെ ദർശിക്കുകയെന്നത് അത്ഭുതകരമായ ഒരനുഭൂതിയാണ്.[12] | ” |
താൻ കീഴടക്കിയ മറ്റുപല നഗരങ്ങളിലെയും സർവകലാശാലകൾ അടച്ചുപൂട്ടിയ നെപ്പോളിയൻ യേനയുടെ കാര്യത്തിൽ അതു ചെയ്തില്ല. എന്നാൽ, യുദ്ധം പട്ടണത്തിന് കടുത്ത നാശനഷ്ടങ്ങൾ വരുത്തിയതുമൂലം വിദ്യാർത്ഥികൾ കൂട്ടത്തോടെ സർവകലാശാല വിട്ടുപോകാൻ തുടങ്ങി. അതോടെ ഹേഗലിന്റെ സാമ്പത്തികസ്ഥിതി ഒന്നുകൂടി വഷളായി. പോരാഞ്ഞ് അടുത്ത ഫെബ്രുവരി മാസം, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ഹേഗലിന്റെ വീട്ടുടമസ്ഥ, ക്രിസ്റ്റീനാ ബർഖാർട്ട്, അദ്ദേഹത്തിൽ ജനിച്ച മകൻ ജോർജ്ജ് ലുഡ്‌വിഗ് ഫ്രീഡ്രീച്ച് ഫിഷറെ(1807-31) പ്രസവിച്ചു.
പത്രാധിപർ
തിരുത്തുക1807-ൽ 37 വയസ്സുള്ളപ്പോൾ, ഹേഗൽ, ബാംബെർഗിലെ ഒരു ദിനപത്രത്തിന്റെ പത്രാധിപരായി സ്ഥാനമേൽക്കാൻ അവിടേക്കുപോയി. പത്രപ്രവർത്തനം ഹേഗലിന്റെ തീരെ ഇഷ്ടമില്ലായിരുന്നു. സുഹൃത്ത് നീഥാമർ നിരസിച്ച ആ ജോലി, ഹേഗൽ ഏറ്റെടുത്തത് മനസ്സില്ലാതെയും നിവൃത്തികേടുകൊണ്ടുമാണ്. ക്രിസ്റ്റീനാ ബർഖാർട്ടും മകനും ജേനയിൽ തന്നെ തുടർന്നു.
ഹെഡ്മാസ്റ്റർ
തിരുത്തുകഒരുവർഷം കഴിഞ്ഞ്, 1808-ൽ, ന്യൂറംബർഗിൽ ഒരു ജിംജേഷിയത്തിലെ ഹെഡ്മാസ്റ്ററായി നിയമനം ലഭിച്ചതും നീഥാമ്മർ വഴിയാണ്. 1816 വരെ ഹേഗൽ ആ ജോലിയിൽ തുടർന്നു. ആയിടെ പ്രസിദ്ധീകരിക്കപ്പെട്ട, "മനസ്സിന്റെ പ്രതിഭാസവിജ്ഞാനം" എന്ന തന്റെ കൃതിയുടെ സംക്ഷേപം ഹേഗൽ ക്ലാസിൽ ഉപയോഗിച്ചു. "ശാസ്ത്രങ്ങളുടെ സാർവലൗകികമായ പാരസ്പര്യത്തിലെക്ക് ഒരെത്തിനോട്ടം" എന്നതായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്ന ഒരു ക്ലാസ്സിന്റെ വിഷയം. യുക്തി, പ്രകൃതിയുടെ തത്ത്വചിന്ത, ആത്മാവിന്റെ തത്ത്വചിന്ത എന്നിവ ഉൾക്കൊള്ളിച്ച്, തത്ത്വചിന്താവിഭാഗങ്ങളുടെ ഒരു വിജ്ഞാനകോശം എന്ന ആശയം ഹേഗൽ വികസിപ്പിച്ചെടുത്തത് ഇക്കാലത്താണ്.[13]
ഒരു സെനറ്ററുടെ മകളായിരുന്ന മേരി ഹേലേന സൂസന്ന വോൺ ടക്കറെ (1791-1855) ഹേഗൽ 1811-ൽ വിവാഹം കഴിച്ചു. ഹേഗലിന്റെ പ്രധാനകൃതികളിലെ രണ്ടാമത്തേതായ 'യുക്തിയുടെ ശാസ്ത്രം' മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടത് ഇക്കാലത്താണ്. വൈവാഹികബന്ധത്തിൽ അദ്ദേഹത്തിനുണ്ടായ രണ്ട് ആൺമക്കൾ ജനിച്ചതും ആയിടെയാണ്. കാൾ ഫ്രീഡ്രീച്ച് വിൽഹെം (1813-1901), ഇമ്മാനുവേൽ തോമസ് ക്രിസ്‌റ്റ്യൻ (1814-1891) എന്നിവരായിരുന്നു ആ മക്കൾ.
പ്രൊഫസർ (1816-31)
തിരുത്തുകഹീഡൽബർഗ്
തിരുത്തുകബെർളിനും ഹീഡൽബർഗും അടക്കമുള്ള ചില സർവകലാശാലകൾ ഹേഗലിനെ പ്രൊഫസറായി നിയമിക്കാൻ താത്പര്യം കാട്ടിയതിനെ തുടർന്ന്, 1816-ൽ അദ്ദേഹം ഹീഡൽബർഗ് സർവകലാശാലയിലെ പ്രൊഫസർ സ്ഥാനം സ്വീകരിച്ചു. അമ്മയുടെ മരണത്തെ തുടർന്ന് അനാഥാലയത്തിൽ കഴിയുകയായിരുന്ന ഹേഗലിന്റെ വിവാഹേതരബന്ധത്തിലെ മകൻ ലുഡ്‌വിഗ് ഫിഷർ ആ സമയത്ത് ഹേഗൽ കുടുംബത്തിൽ താമസമാക്കി. [ഗ] 1817-ൽ ഹേഗൽ "ദർശനശാസ്ത്രങ്ങളുടെ വിജ്ഞാനകോശത്തിന് ഒരു രൂപരേഖ" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഹീഡൽബർഗിലെ കുട്ടികൾക്കുവേണ്ടി തന്റെ തത്ത്വചിന്താവ്യവസ്ഥയുടെ ഒരു സംഗ്രഹം നൽകുകയാണ് അതിൽ അദ്ദേഹം ചെയ്തത്.
ബെർളിൻ
തിരുത്തുക1814-ൽ ഫിച്ചേയുടെ മരണം മുതൽ ബെർളിൻ സർവകലാശാലയിലെ തത്ത്വചിന്താവിഭാഗത്തിന്റെ തലവന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. സർവകലാശാല ഹേഗലിനെ ആ സ്ഥാനത്തേക്ക് വീണ്ടും ക്ഷണിച്ചു. 1818-ൽ ഹേഗൽ ക്ഷണം സ്വീകരിച്ചു. "ശരിയുടെ തത്ത്വചിന്തയുടെ ആടിസ്ഥാനങ്ങൾ" (Elements of the Philosophy of Right) എന്ന പുസ്തകം 1821-ൽ ഹേഗൽ ഇവിടെവച്ച് പ്രസീദ്ധീകരിച്ചു. ബെർലിനിൽ ഹേഗൽ പ്രധാനമായും ശ്രദ്ധയൂന്നിയത് തന്റെ ക്ലാസുകളിലാണ്. സൗന്ദര്യശാസ്ത്രം, മതദർശനം (Philosophy of Religion), ചരിത്രദർശനം (Philosophy of History), തത്ത്വചിന്തയുടെ ചരിത്രം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലാസ് പ്രഭാഷണങ്ങൾ മരണശേഷം വിദ്യാർത്ഥികളുടെ കുറിപ്പുകളെ ആശ്രയിച്ച് പ്രസിദ്ധീകരിക്കപ്പെട്ടു. ക്രമേണ ഹേഗലിന്റെ പ്രശസ്തി പരക്കാൻ തുടങ്ങിയതോടെ ജർമ്മനിയുടെ വിവിധഭാഗങ്ങളിലും വിദേശങ്ങളിലും നിന്നുള്ള വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ പഠനപ്രഭാഷണങ്ങളിൽ ശ്രോതാക്കളായെത്താൻ തുടങ്ങി. അക്കാലത്ത് തത്ത്വചിന്താതല്പരരുടെ ഒരു "ഹേഗേലിയൻ സ്കൂൾ" തന്നെ രൂപപ്പെടാൻ തുടങ്ങി. ധിഷണാശാലികളായ വിദ്യാർത്ഥികൾ മുതൽ തത്ത്വചിന്തയെ ഇമ്പമുള്ള വരികളാക്കി മാറ്റിയ കാല്പനികരും തല പൊള്ളയായ അനുകരണക്കാരും വരെ അതിൽ ഉൾപ്പെട്ടിരുന്നു.[14]
ജീവിതാന്ത്യം
തിരുത്തുക1829-ൽ അറുപതാമത്തെ വയസ്സിൽ, ഹേഗൽ ബെർളിൻ സർവകലാശാലയുടെ റെക്ടർ ആയി നിയമിക്കപ്പെട്ടു. അടുത്തവർഷം ആഗ്സ്ബർഗ് വിശ്വാസപ്രഖ്യാപനത്തിന്റെ മുന്നൂറാം നൂറ്റാണ്ടാഘോഷത്തിന്റെ അവസരത്തിൽ ലത്തീനിൽ ഹേഗൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിൽ അദ്ദേഹം കത്തോലിക്കാ സഭയെ നിശിതമായി വിമർശിച്ചു. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നിവ പോലുള്ള വിനീതസുകൃതങ്ങളെ പൂർണ്ണതയുടെ കിരീടം ധരിപ്പിച്ച കത്തോലിക്കാ സഭ, പേഗൻ ലോകത്തിന്റെ നന്മകളെ തിളക്കമുള്ള തിന്മകൾ (brilliant vices) എന്നുപറഞ്ഞ് തള്ളിയെന്നാണ് ഹേഗൽ ആരോപിച്ചത്.[14] 1831-ൽ ഫ്രെഡറിക്ക് വില്യം മൂന്നാമൻ, പ്രഷ്യൻ രാഷ്ട്രത്തിന് നൽകിയ സേവനങ്ങളുടെ പേരിൽ ഹേഗലിന് ബഹുമതിപത്രം നൽകി. [ഘ] അതേവർഷം ആഗസ്റ്റിൽ ബെർളിനിൽ കോളറ രോഗം പടർന്നുപിടിച്ചപ്പോൾ ഹേഗൽ അവിടം വിട്ട് ക്രൂസ്ബെർഗ് എന്ന സ്ഥലത്തേക്കുപോയി. ആരോഗ്യം മോശമായിരുന്നതുകൊണ്ട് അദ്ദേഹം മിക്കവാറും വീട്ടിൽ തന്നെ കഴിഞ്ഞു. ഒക്ടോബറിൽ പുതിയ അദ്ധ്യയന സെമസ്റ്റർ തുടങ്ങിയപ്പോൾ, കോളറ ശമിച്ചു എന്ന് വിശ്വസിച്ച്, ഹേഗൽ ബർളിനിൽ മടങ്ങിയെത്തി. നവംബർ 14-ന് അദ്ദേഹം അന്തരിച്ചു. മരണം കോളറ മൂലമാണെന്നാണ് വൈദ്യന്മാർ പറഞ്ഞതെങ്കിലും അത് സാധാരണ ഉദരരോഗം നിമിത്തം ആയിരുന്നിരിക്കാനും മതി എന്ന് വാദമുണ്ട്.[15] അന്ത്യമൊഴിയായത് "ഒരാൾക്കേ എന്നെ മനസ്സിലാക്കാനായുള്ളു" എന്നു പറഞ്ഞിട്ട് ചെറിയൊരിടവേളക്കുശേഷം "അവനും എന്നെ മനസ്സിലായില്ല" എന്നു പറഞ്ഞതാണത്രെ.[16][17] തത്ത്വചിന്തകന്മാരായ ഫിച്ചേ, കാൾ സോൾഗർ എന്നിവരുടെ സംസ്കാരസ്ഥാനങ്ങൾക്കടുത്ത്, സോൾഗറുടെ സംസ്കാരവേളയിൽ ഹേഗൽ തന്നെ തെരഞ്ഞെടുത്ത സ്ഥലത്താണ് അദ്ദേഹത്തെ സംസ്കരിച്ചത്.
കൃതികൾ
തിരുത്തുകജീവിതകാലത്ത് ഹേഗൽ പ്രസിദ്ധീകരിച്ചത് താഴെപ്പറയുന്ന നാലു പുസ്തകങ്ങളാണ്:-
- ആത്മാവിന്റെ പ്രതിഭാസവിജ്ഞാനം: ഇന്ദ്രിയസംവേദനങ്ങളിൽ തുടങ്ങി അറിവിന്റെ പൂർണ്ണതയോളമുള്ള ബോധത്തിന്റെ വളർച്ചയുടെ വിവരണമാണ് 1807-ൽ പ്രസിദ്ധീകരിച്ച ഈ കൃതി.
- യുക്തിയുടെ ശാസ്ത്രം: ഹേഗേലിന്റെ ചിന്തയിലെ യുക്തിയുടേയും തത്ത്വമീമാസയുടേയും (Logic and Metaphysics)കാമ്പ് ഈ ഗ്രന്ഥത്തിൽ കാണാം. മൂന്ന് വാല്യങ്ങളുടെ ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് 1811, 1812, 1816 എന്നീ വർഷങ്ങളിലാണ്.
- ദർശനശാസ്ത്രങ്ങളുടെ വിജ്ഞാനകോശം: 1816-ൽ പ്രസിദ്ധീകരിച്ച് 1827-ലും 1830-ലും പരിഷ്കരിച്ച പതിപ്പുകളിറങ്ങിയ ഈ ഗ്രന്ഥം ഹേഗലിന്റെ തത്ത്വചിന്താവ്യവസ്ഥയുടെ സംഗ്രഹമാണ്.
- ശരിദർശനത്തിന്റെ ഘടകങ്ങൾ: 1822-ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിലുള്ളത് ഹേഗലിന്റെ രാഷ്ട്രമീമാംസയാണ്.
ഇവക്കുപുറമേ, ബെർളിനിൽ കഴിഞ്ഞകാലത്തും അതിനുമുൻപും ഹേഗൽ ചില ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്രദർശനം, മതം, സൗന്ദര്യശാസ്ത്രം, തത്ത്വചിന്തയുടെ ചരിത്രം എന്നീ വിഷയങ്ങളിലുള്ള ഒട്ടേറെ കൃതികൾ ഹേഗലിന്റെ വിദ്യാർത്ഥികൾ ക്ലാസിൽ എഴുതിയെടുത്ത കുറിപ്പുകളെ ആശ്രയിച്ച് അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഹേഗലിന്റെ കൃതികൾ ദുർഗ്രഹതയുടെ പേരിലും, കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വ്യാപ്തിയുടെ പേരിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തത്ത്വചിന്തയുടേയും ലോകത്തിന്റെ തന്നേയും ചരിത്രത്തെ ഒരു മുന്നേറ്റമായി (Progression) ഹേഗൽ കണ്ടു. ഈ മുന്നേറ്റത്തിലെ ഓരോ പുതിയ ഘട്ടവും അതിനുമുൻപത്തെ ഘട്ടത്തിൽ അടങ്ങിയിരുന്ന വൈരുദ്ധ്യങ്ങളുടെ പരിഹാരമാണ്. ഹേഗലിന്റെ രചനാശൈലി വായിക്കാൻ ബുദ്ധിമുട്ടുള്ളതാണ്. മനസ്സിലാക്കാൻ ഏറ്റവും പ്രയാസമുള്ള തത്ത്വചിന്തകൻ എന്ന് ബെർട്രാൻഡ് റസ്സൽ ഹേഗലിനെ വിശേഷിപ്പിച്ചിട്ടുണ്ട്.[18][ങ] ചിന്തയിലും യുക്തിവിചാരത്തിലും, അഭ്യൂഹയുക്തി (speculative reason) എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഒരു പുതിയ ശൈലി വികസിപ്പിച്ചെടുക്കാനുള്ള ഹേഗലിന്റെ ശ്രമമാണ് ഈ ദുർഗ്രഹതയുടെ കാരണങ്ങളിലൊന്ന്. തത്ത്വചിന്തയിലെ പ്രശ്നങ്ങളേയും, ചിന്തയും യാഥാർഥ്യവും തമ്മിലുള്ള ബന്ധത്തേയും വിശദീകരിക്കുന്നതിൽ സാമാന്യബുദ്ധിക്കും പരമ്പരാഗതദർശനത്തിനും ഉള്ള പരിമിതികളെ മറികടക്കാനായി സ്ങ്കല്പിക്കപ്പെട്ട വൈരുദ്ധ്യാത്മകത(Dialectics) എന്ന പ്രസിദ്ധമായ ആശയം ഈ ചിന്താശൈലിയുടെ ഭാഗമായിരുന്നു.
തത്ത്വചിന്ത
തിരുത്തുകനിയോഗം
തിരുത്തുകകാന്റ്, ഫിച്ചേ, ഷെല്ലിങ്ങ് തുടങ്ങിയ പൂർവഗാമികളുടെ അതീന്ദ്രിയ ആശയവാദവ്യവസ്ഥകളെ സമന്വയിപ്പിച്ച് ഏകീകരിക്കാനുള്ള ശ്രമമായിരുന്നു ഹേഗലിന്റെ തത്ത്വചിന്ത. വിഷയങ്ങൾക്ക് നമ്മുടെ മനസ്സ് കൊടുക്കുന്ന രൂപമേ നമ്മുടെ അറിവിന്റെ പരിധിയിൽ വരുന്നുള്ളുവെന്നും, ഈ കല്പിതരൂപങ്ങൾക്കുപിന്നിൽ വിഷയങ്ങൾ, അവയിൽതന്നെ എന്തായിരിക്കുന്നുവെന്നുള്ള അറിവ് (knowledge of things in themselves) നമുക്ക് അപ്രാപ്യമായിരിക്കുന്നുവെന്നും കാന്റ് പറഞ്ഞു. ഈ നിഗമനങ്ങളിലേക്ക് നയിച്ചത് കാന്റ് ഉപയോഗിച്ച വിമർശനത്തിന്റെ നിഷേധാത്മകശൈലി ആണെന്ന് ഹേഗൽ വാദിച്ചു. അതിനുപകരം, സൃഷ്ടിപരവും ജാഗ്രവുമായ മറ്റൊരു ശൈലി സ്വീകരിച്ചാൽ, നമ്മുടെ അനുഭവേലോകത്തിന് പിന്നിലുള്ളത്, കാന്റ് സങ്കല്പിച്ചതുപോലെ അജ്ഞേയമായ ഒരു യഥാരൂപമല്ലെന്നും (unknowable substrate), ഉയർന്നതും ധന്യവുമായ മറ്റൊരവസ്ഥയെ പ്രാപിക്കാനായി ചിന്തയിലും യാഥാർഥ്യത്തിലും (in thought and reality) അതിന്റെ തന്നെ വിപരീതാവസ്ഥയിലേക്ക് അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു നിരന്തരപ്രക്രിയയാണെന്നും ബോദ്ധ്യമാകുമെന്ന് ഹേഗൽ കരുതി. ഈ പ്രക്രിയയുടെ ഏറ്റവും താണ രൂപമാണ് ഉണ്മ (being). അതിന്റെ ധന്യവും സമ്പൂർണ്ണവുമായ രൂപങ്ങളാണ് ആത്മാവ്, പരമചിത്തം (absolute mind), രാഷ്ട്രം, മതം, ദർശനം എന്നിവ. ഈ പ്രക്രിയയെ അതിന്റെ എല്ലാ ഘട്ടങ്ങളിലും പൂർണ്ണമായി മനസ്സിലാക്കുകയെന്നതാണ് തത്ത്വചിന്തയുടെ നിയോഗം.[19]
വൈരുദ്ധ്യാത്മകത
തിരുത്തുകയുക്തിയുടേയും തത്ത്വമീമാംസയുടേയും തുടക്കം ഉണ്മ (being) എന്ന സങ്കല്പത്തിലാണ്. അരിസ്റ്റോട്ടിലിനെപ്പോലെ, ഉണ്മയെ ഒരു നിശ്ചലാവസ്ഥയായല്ല ഹേഗൽ സങ്കല്പിച്ചത്. അദ്ദേഹത്തിന്റെ ചിന്തയിലെ ഉണ്മ, ഇല്ലായ്മയെന്ന(nothingness) വിപരീതാവസ്ഥയിലേക്ക് നിരന്തരം പരിവർത്തിതമാവുകയും ആയിത്തീരലായി(becoming) അതിലേക്കുതന്നെ മടങ്ങിവരുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ചലനാത്മക (dyanamic) സങ്കല്പമാണ്.[20] പരമയാഥാർഥ്യത്തെ, വികാസത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ശുദ്ധചിന്ത, ആത്മാവ്, അല്ലെങ്കിൽ മനസ്സ് (pure thought, spirit or mind) ആയി ഹേഗൽ സങ്കല്പിച്ചു. അതിന്റെ വികസനപ്രക്രിയയെ നിയന്ത്രിക്കുന്ന യുക്തി, വൈരുദ്ധ്യാത്മകതയാണ് (dialectic). ഹേഗൽ വിവരിച്ച വൈരുദ്ധ്യാത്മകതയുടെ ത്രിപാദങ്ങളെ സൂചിപ്പിക്കാൻ സാധാരണ ഉപയോഗിക്കാറുള്ള പദങ്ങൾ, സങ്കല്പം, പ്രതിസങ്കല്പം, സമന്വയം (thesis, anti-thesis, systhesis) എന്നിവയാണ്. സങ്കല്പം എന്നത് ഒരാശയമോ ചരിത്രപരമായ ഒരു പ്രസ്ഥാനമോ ആകാം. അത്തരം ആശയത്തിനോ പ്രസ്ഥാനത്തിനോ സ്വതേയുള്ള അപൂർണ്ണത ഉണ്ടാക്കുന്ന എതിർപ്പുകൾ, പ്രതിസങ്കല്പം എന്നു വിശേഷിപ്പിക്കാവുന്ന വിപരീതാശയത്തിനോ പ്രസ്ഥാനത്തിനോ ജന്മം നൽകുന്നു. സങ്കല്പ-പ്രതിസങ്കല്പങ്ങൾക്കിടയിലെ സംഘർഷം രണ്ടിലേയും സത്യാംശം ഉൾക്കൊള്ളുന്ന സമന്വയമെന്ന മൂന്നാം പാദത്തെ ഉരുവാക്കുന്നു. ഈ സമന്വയം പുതിയ സങ്കല്പമായി അതിന്റെ തന്നെ പ്രതിസങ്കല്പത്തിലും സമന്വയത്തിലും കൂടി പുരോഗമിക്കുന്നു. ബുദ്ധിയുടേയും ചരിത്രത്തിന്റേയും വികാസപ്രക്രിയ അങ്ങനെ നിരന്തരം അരങ്ങേറുന്നു. പരമാർഥപ്പൊരുൾ (Absolute Spirit) തന്നെ ഈ വിധത്തിൽ വൈരുദ്ധ്യാത്മകമായി അന്തിമലക്ഷ്യത്തിലേക്ക് വികസിക്കുകയാണെന്ന് ഹേഗൽ കരുതി.[21]
ഹേഗലിന്റെ വൈരുദ്ധ്യാത്മകതാവാദത്തെ ബെർട്രൻഡ് റസ്സൽ വിശദീകരിക്കുന്നതിങ്ങനെയാണ്:-
“ | പരമയാഥാർഥ്യത്തെ(Absolute), ഗുണങ്ങളൊന്നുമില്ലാതെ, ആയിരിക്കുക മാത്രം ചെയ്യുന്ന ശുദ്ധമായ ഉണ്മ (pure being) ആയി കരുതുക. "പരമയാഥാർഥ്യം ശുദ്ധമായ ഉണ്മ ആണ്" എന്നു നാം സങ്കല്പിക്കുന്നു. എന്നാൽ ഗുണങ്ങളൊന്നുമില്ലാത്ത ശുദ്ധമായ ഉണ്മ ഒന്നുമല്ല (is nothing) എന്ന് പിന്നീട് നാം തിരിച്ചറിയുന്നു. "പരമയാഥാർഥ്യം ഒന്നുമല്ല" എന്ന പ്രതിസങ്കല്പത്തിൽ (anti-thesis) അങ്ങനെ നാം എത്തിച്ചേരുന്നു. ഉണ്മയും ഇല്ലായ്മയും ചേർന്നാൽ കിട്ടുന്നത് 'ആയിത്തീരൽ' (becoming) ആണ്. അതിനാൽ ആദ്യത്തെ സങ്കല്പ-പ്രതിസങ്കല്പങ്ങൾ (thesis and anti-thesis) നമ്മെ "പരമയാഥാർഥ്യം ആയിത്തീരൽ ആണ്" എന്ന സമന്വയത്തിൽ (synthesis) എത്തിക്കുന്നു. ആയിത്തീരാൻ എന്തെങ്കിലും ഉണ്ടായിരുന്നേ മതിയാകൂ എന്ന് പിന്നീട് ബോദ്ധ്യമാകുമ്പോൾ ഈ സമന്വയത്തിനും ഇളക്കം തട്ടും. ഇങ്ങനെ, യാഥാർഥ്യത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം, പഴയ തെറ്റുകളുടെ നിരന്തരമായ തിരുത്തൽ വഴി വികസിക്കുന്നു. ആ തെറ്റുകളോരൊന്നും പരിമിതവും ഭാഗികവുമായതിനെ പൂർണ്ണതയായി കണക്കാക്കിയ ലളിതവൽക്കരണത്തിന്റെ ഫലമാണ്. പ്രക്രിയയെ മനസ്സിലാക്കിയാലേ ഫലത്തെ അറിയാനൊക്കൂ എന്ന് ഹേഗൽ കരുതി. വൈരുദ്ധ്യാത്മകതയുടെ ഓരോ ഘട്ടത്തിലും അതിനുമുൻപുള്ള ഘട്ടങ്ങളെല്ലാം ഒരു ലായിനിയിലെന്നപോലെ അടങ്ങിയിരിക്കുന്നു. അവയിലൊന്നുപോലും പൂർണ്ണമായി തിരസ്കൃതമായിട്ടില്ല. പൂർണ്ണതയിലെ ഒരോ ക്ഷണമെന്ന അവയുടെ യഥാസ്ഥാനങ്ങളിൽ അവ എത്തിച്ചേരുന്നു. അതിനാൽ വൈരുദ്ധ്യാത്മകതയുടെ ഘട്ടങ്ങളിലോരോന്നിലൂടെയും കടന്നുപോയല്ലാതെ സത്യത്തിലെത്തിച്ചേരാൻ നമുക്ക് നിവൃത്തിയില്ല.[22] | ” |
മനസ്സിന്റെ തത്ത്വചിന്ത
തിരുത്തുകഅറിവിന്റേത് ത്രിപാദമായ (Triadic) പുരോഗതിയാണെന്ന് ഹേഗൽ കണ്ടു. അതിന്റെ തുടക്കം വസ്തുക്കളെ കാണിച്ചുതരുന്ന ഇന്ദ്രിയസംവേദനത്തിലാണ്. തുടർന്ന് വിമർശനബുദ്ധിയുടെ പ്രയോഗം അറിവിനെ വ്യക്തിനിഷ്ഠമാക്കുന്നു. അവസാനഘട്ടം ആത്മജ്ഞാനത്തിന്റേതാണ്. അവിടെ വ്യക്തിയും വസ്തുവും തമ്മിലെ വ്യതിരിക്തത അപ്രത്യക്ഷമാകുന്നു. അതിനാൽ ആത്മബോധമാണ് അറിവിന്റെ പരകോടി. ഏറ്റവും ഉന്നതമായ ജനുസ്സിലെ അറിവിന്റെ ഇരിപ്പിടം പരമയാഥാർഥ്യമാകണം. പരമയാഥാർഥ്യത്തിൽ എല്ലാ പൂർണ്ണതയും അടങ്ങുന്നതിനാൽ അതിന് അറിയാനായി അതിനുപുറത്ത് ഒന്നുമില്ല.[23]
മനുഷ്യചിന്തയുടെ വളർച്ചയിൽ പ്രകടമാകുന്നത് പരമയാഥാർഥ്യത്തിന്റെ (Absolute) സ്വയജ്ഞാനത്തിലേക്കുള്ള പുരോഗതിയാണ്. പരമയാഥാർഥ്യം അതിനെത്തന്നെ അറിയുന്നത് മനുഷ്യമനസ്സ് യാഥാർഥ്യത്തെ അറിയുന്നതിലൂടെയാണ്. ജ്ഞാനത്തിന്റെ പാതയിലെ മനുഷ്യമനസ്സിന്റെ ഈ മുന്നേറ്റത്തിൽ ഹേഗൽ മൂന്നു തലങ്ങൾ കണ്ടെത്തി. കലയിലും, മതബോധത്തിലും, തത്ത്വചിന്തയിലുമാണ് ആ തലങ്ങൾ. പരമയാഥാർഥ്യത്തെ ഭൗതികരൂപങ്ങളിൽ കണ്ടെത്തുന്ന കല, ഇന്ദ്രിയജ്ഞാനത്തിന് വഴങ്ങുന്ന സുന്ദരരൂപങ്ങളായി അതിനെ ചിത്രീകരിക്കുന്നു. ബിംബങ്ങളിലും പ്രതീകങ്ങളിലും പരമയാഥാര്ഥ്യത്തെ കണ്ടെത്തുന്ന മതത്തിന്റെ സ്ഥാനം കലയ്ക്കു മുകളിലാണ്. പരമയാഥാർഥ്യം നമ്മുടെ പരിമിതിയിൽ ഉരുവെടുത്തുകൊണ്ടിരിക്കുന്നുവെന്ന സത്യം, മനുഷ്യാവതാരത്തിന്റെ പ്രതീകാത്മകതയിലൂടെ പഠിപ്പിക്കുന്നതുകൊണ്ട്, ഏറ്റവും ശ്രേഷ്ഠമായ മതം ക്രിസ്തുമതമാണെന്ന് ഹേഗൽ കരുതി. തത്ത്വചിന്തക്ക്, മതത്തിനും മേലാണ് സ്ഥാനം. യുക്തി ഉപയോഗിച്ചുള്ള തത്ത്വചിന്തയുടെ അന്വേഷണം ലക്ഷ്യത്തിലെത്തുമ്പോൾ പരമയാഥാർഥ്യം സ്വയജ്ഞാനത്തിലെത്തി വിശ്വനാടകം പൂർത്തിയാവുന്നു. ഈ സന്ദർഭത്തിൽ മാത്രമാണ് ഹേഗൽ പരമയാഥാർഥ്യത്തിന് ദൈവവുമായി ഏകീഭാവം കല്പിക്കുന്നത്. "സ്വയം അറിയാതെ ദൈവം ദൈവമാകുന്നില്ല" എന്ന് ഹേഗൽ പറഞ്ഞു.[24]
രാഷ്ട്രം, ചരിത്രദർശനം
തിരുത്തുകചരിത്രത്തേയും രാഷ്ട്രത്തേയും സംബന്ധിച്ച വീക്ഷണങ്ങൾ ഹേഗലിന്റെ തത്ത്വചിന്തയുടെ ഏറ്റവും രസകരവും മനസ്സിലാക്കാൻ എളുപ്പമുള്ളതുമായ ഭാഗങ്ങളിൽ പെടുന്നു. ഹേഗലിന്റെ ചരിത്രദർശനം, അദ്ദേഹത്തിന്റെ രാഷ്ട്രമീമാംസയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.മനസ്സിന്റെ മൂർത്തരൂപമാണ് (mind objectified) രാഷ്ട്രം എന്ന് ഹേഗൽ കരുതി. ആസക്തികളുടേയും, മുൻവിധികളുടേയും, അന്ധമോഹങ്ങളുടേയും ബന്ധനം മൂലം ഭാഗികമായി മാത്രം സ്വതന്ത്രമായ വ്യക്തിമനസ്സ് പൗരത്വത്തിന്റെ സ്വാതന്ത്ര്യം നൽകുന്ന പൂർണ്ണതക്കായി നിയന്ത്രണങ്ങളുടെ നുകം പേറുന്നു. ഈ നുകത്തിന്റെ ആദ്യരൂപം മറ്റുള്ളവരുടെ അവകാശങ്ങൾ അംഗീകരിക്കേണ്ടി വരുന്നതിലാണ്. വ്യക്തിപരവും സാമൂഹ്യവുമായ സദാചാരമാണ് ഇതിന്റെ മറ്റുചിലരൂപങ്ങൾ. സാമൂഹ്യസദാചാരത്തിന്റെ അടിസ്ഥാനസ്ഥാപനം കുടുംബമാണ്. കുടുംബങ്ങളുടെ കൂട്ടായമ ജനസമൂഹമാകുന്നു. രാഷ്ട്രത്തിന്റെ അഭാവത്തിൽ ജനസമൂഹത്തിന് പൂർണ്ണതയില്ല. മനസ്സിന്റെ തികവേറിയ മൂർത്തീകരണമായ രാഷ്ട്രം ദൈവത്തിന്റെ തന്നെ സ്ഥാനം വഹിക്കുന്നു. രാഷ്ട്രത്തെ നയിക്കുന്ന നിയമം ഭരണഘടനയാണ്. മറ്റു രാഷ്ട്രങ്ങളുമായുള്ള അവയുടെ ബന്ധം രാഷ്ട്രാന്തര നിയമത്തിന്റെ വികാസത്തിന് കാരണമാകുന്നു. ഇതിഹാസസന്ധികളിലൂടെയുള്ള അതിന്റെ മുന്നേറ്റത്തിൽ രാഷ്ട്രം ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകതകളെ (dialectics of history) കടന്നുപോകുന്നു. ഭരണഘടന രാഷ്ട്രത്തിന്റെ പൊതുവായ ആത്മാവും ഭരണകൂടം ആ അത്മാവിന്റെ മൂർത്തരൂപവുമണെന്ന് ഹേഗൽ പഠിപ്പിച്ചു. ഒരോ രാഷ്ട്രത്തിനും അതിന്റെ തനതായ ആത്മാവുണ്ട്. രാഷ്ട്രത്തിന്റെ ആത്മാവിനെ ഞെക്കിക്കൊല്ലുന്ന ആക്രമണകാരിയും സ്വേഛേപതിയും ചെയ്യുന്നത് സങ്കലിപിക്കാവുന്നതിൽ വച്ച് വലിയ കുറ്റകൃത്യമാണ്. എന്നാൽ യുദ്ധം രാഷ്ട്രീയപുരോഗതിയുടെ ഒഴിവാക്കാനാവാത്ത മാർഗ്ഗമാണ്. രാഷ്ട്രങ്ങളിൽ മൂർത്തീകരിക്കപ്പെട്ടിട്ടുള്ള ആശയങ്ങളിലെ പ്രതിസന്ധിയാണത്. ഭേദപ്പെട്ട രാഷ്ട്രം പ്രതിസന്ധിയെ അതിജീവിക്കുന്നു.
രാഷ്ട്രം മനോരൂപമായ വിമർശനബുദ്ധിയുടെ മൂർത്തഭാവമാകയാൽ ചരിത്രപ്രക്രിയ അടിസ്ഥാനപരമായി യുക്തിസഹമാണ്. ആകസ്മികതകളെന്നു തോന്നിക്കുന്ന ചരിത്രസംഭവങ്ങളോരോന്നും യഥാർഥത്തിൽ, രാഷ്ട്രത്തിൽ മൂർത്തീഭവിച്ചിരിക്കുന്ന പരമയുക്തിയുടെ (soveriegn reason) സ്വാഭാവിക വികസനത്തിന്റെ ഘട്ടങ്ങളാണ്. ആസക്തികളിലും അവേഗങ്ങളിലും താത്പര്യങ്ങളിലും പ്രകൃതിഭാവങ്ങളിലും വ്യക്തിത്ത്വങ്ങളിലും എല്ലാം പ്രകടമാകുന്നത് യുക്തിയോ, സ്വന്തം ഉപയോഗത്തിനായി യുക്തി മെനഞ്ഞെടുക്കുന്ന ഉപകരണങ്ങളോ ആണ്. അതിനാൽ ചരിത്രസംഭവങ്ങളെ സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയിൽ സ്വത്വത്തിന്റെ തികവിലേക്കുള്ള യുക്തിയുടെ മന്ദമെങ്കിലും കണിശമായ നീക്കമായി നാം മനസ്സിലാക്കണം. സംഭവങ്ങളുടെ പിന്തുടർച്ചയെ ബുദ്ധിപൂർവം വർഗ്ഗീകരിച്ച് യുക്തിസഹമായി വേണം ചരിത്രത്തെ വ്യാഖ്യാനിക്കാൻ. ഏറ്റവും വിപുലമായ ചരിത്രദർശനം മൂന്നുപ്രധാന വികാസഘട്ടങ്ങൾ വെളിവാക്കിത്തരുന്നു. വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ച പൗരസ്ത്യരാജവാഴ്ച, പൗരസ്വാതന്ത്ര്യത്തെ ജനപ്രീണനമായി(demagogy) തരംതാഴ്ത്തി നഷ്ടപ്പെടുത്തിയ ഗ്രീക്ക് ജനാധിപത്യം, നിയമവാഴ്ചയായി സ്വാതന്ത്യത്തെ പുനരാവിഷ്കരിക്കുന്ന ഭരണഘടനാനുസൃതരാജവാഴ്ച [ച]എന്നിവയാണവ.[25]
വിമർശനം
തിരുത്തുകഒട്ടേറെ വിമർശിക്കപ്പെട്ടിട്ടുള്ള ചിന്തകനാണ് ഹേഗൽ. ജീവിതകാലത്ത് അദ്ദേഹത്തിന്റെ ഒരു പ്രധാന വിമർശകൻ പ്രഖ്യാതചിന്തകൻ ആർതർ ഷോപ്പൻഹോവർ ആയിരുന്നു. ഷോപ്പൻഹോവറുടെ ഹേഗൽ വിരോധം വ്യക്തിപരമായ ശത്രുതയോളമെത്തി. "ഒരു തലമുറയുടെ മുഴുവൻ മനസ്സിനെ താളം തെറ്റിച്ച് നശിപ്പിച്ച വിരൂപനും അറപ്പുണർത്തുന്നവനുമായ ആ തട്ടിപ്പുകാരൻ" എന്നാണ് ഷോപ്പൻഹോവർ ഹേഗലിനെ വിശേഷിപ്പിച്ചത്. വാക്കുകൾ കൊണ്ട് ഹേഗൽ ഉണ്ടാക്കിയ അർത്ഥരഹിതമായ വല, നേരത്തേ ഭ്രാന്താലയങ്ങളിൽ മാത്രമേ ഉപയോഗത്തിലിരുന്നുള്ളുവെന്നും ഭാവിതലമുറകൾക്കായി, "നമ്മുടെ കാലഘട്ടവുമായി" ബന്ധപ്പെടുത്തി ചിരിയുടെ അന്തമില്ലാത്ത വിഷയം സൃഷ്ടിക്കയാണ് ഹേഗൽ ചെയ്തതെന്നും ഷോപ്പൻഹോവർ പറഞ്ഞു. വലിയ ചങ്കൂറ്റത്തോടെ ഹേഗൽ മെനഞ്ഞെടുത്ത കിറുക്കുപിടിച്ച അസംബന്ധത്തിന്റെ വ്യവസ്ഥ, അദ്ദേഹത്തിന്റെ കൂലി-ശിഷ്യന്മാർ (mercenary followers) സ്വർഗ്ഗീയജ്ഞാനമായി നാടെങ്ങും പ്രചരിപ്പിച്ചു എന്ന് ഷോപ്പൻഹോവർ വിശദീകരിച്ചു.[26] [ഛ]
ജർമ്മനിയിൽ ഫ്രെഡറിക്ക് വില്യം മൂന്നാമന്റെ സ്വേഛാഭരണത്തിനും നാസി പ്രത്യയശാസ്ത്രത്തിന്റെ ക്രൂരതകൾക്കും താത്ത്വികമായ അടിത്തറ സൃഷ്ടിച്ചത് ഹേഗൽ ആയിരുന്നുവെന്ന് ഇരുപതാം നൂറ്റാണ്ടിലെ തത്ത്വചിന്തകനും രാഷ്ട്രമീമാംസകനുമായിരുന്ന കാൾ പോപ്പർ ആരോപിച്ചിട്ടുണ്ട്. പോപ്പറുടെ അഭിപ്രായത്തിൽ ഫാസിസത്തിനും നാസിസത്തിനും പ്രചോദനമായത് ഹേഗലാണ്.
“ | എല്ലാ വ്യക്തിബന്ധങ്ങളേയും യജമാനനും അടിമയും തമ്മിലും അധികാരവും അടിയറവും തമ്മിലും ഉള്ളതായി ഹേഗൽ ചിത്രീകരിച്ചു. ഓരോരുത്തനും സ്വന്തം മേൽക്കോയ്മ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കണം. സ്വാതന്ത്ര്യം നിലനിർത്താൻ പോന്ന സ്വഭാവവും, ധൈര്യവും, കഴിവും ഇല്ലാത്തവൻ അടിമയായി തരംതാഴണം. വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള ഈ സുന്ദരസിദ്ധാന്തം രാഷ്ട്രാന്തരബന്ധത്തിലും പ്രയോഗിക്കപ്പെടണം. ചരിത്രവേദിയിൽ രാഷ്ട്രങ്ങൾ അവയുടെ മേൽക്കോയ്മ തെളിയിക്കണം. ലോകാധിപത്യത്തിനുവേണ്ടി ശ്രമിക്കുകയെന്നത് അവയുടെ കടമയാണ്.[27] | ” |
ഇരുപതാം നൂറ്റാണ്ടിലെ പ്രഖ്യാതചിന്തകൻ ബെർട്രാൻഡ് റസ്സലും ഹേഗലിന്റെ വലിയ വിമർശകനായിരുന്നു. ഹേഗലിന്റെ ചരിത്രദർശനത്തെ റസ്സൽ നിശിതമായി വിമർശിക്കുന്നു. കാലം മനസ്സിന്റെ മാത്രം സൃഷ്ടിയും പരമയാഥാർഥ്യം കാലാതീതവുമാണെന്നിരിക്കെ, ചരിത്രത്തെ കാലത്തിലൂടെയുള്ള പരമയാഥാർഥ്യത്തിന്റെ വെളിപ്പെടലായി ചിത്രീകരിക്കുന്നതിന്റെ അനൗചിത്യം റസ്സൽ എടുത്തുകാട്ടി. മനുഷ്യാവസ്ഥയുടെ നിയമരാഹിത്യത്തിന് അർത്ഥവും ക്രമവും നൽകാൻ ശ്രമിച്ച രസകരമായ ഒരു സിദ്ധാന്തമാണ് ഹേഗലിന്റേതെന്ന് റസ്സൻ സമ്മതിക്കുന്നു. അതേസമയം, ചരിത്രത്തെ വിശദീകരിക്കുന്ന മാർക്സിന്റേതടക്കമുള്ള എല്ലാ സിദ്ധാന്തങ്ങളുടേയും അടിസ്ഥാനം അജ്ഞതയും വസ്തുതകളെ വളച്ചൊടിക്കാനുള്ള കഴിവുമാണെന്നും, ഹേഗലും മാർക്സും ആ രണ്ടു 'യോഗ്യതകളും' തികഞ്ഞവാരായിരുന്നെന്നുമാണ് റസ്സലിന്റെ നിലപാട്.[28]
ഒരുപക്ഷേ, ഹേഗലിന്റെ തത്ത്വചിന്തയെക്കുറിച്ചുള്ള ഏറ്റവും രസകരമായ നിരീക്ഷണം ഇരുപതാം നൂറ്റാണ്ടിലെ പ്രഖ്യാത മനൊവിജ്ഞാനി കാൾ യുങ് നടത്തിയതാണ്. ഹേഗേലിയനിസത്തിന്റെ പിന്നിലുള്ളത് മനോവിഭ്രാന്തിയാണെന്നാണ് യുങ്ങിന്റെ നിരീക്ഷണത്തിന്റെ ചുരുക്കം:-
“ | ഹേഗലിന്റേതുപൊലൊരു തത്ത്വചിന്ത, മാനസികപശ്ചാത്തലത്തിന്റെ ഏറ്റുപറച്ചിലാണ്. തത്ത്വചിന്താപരമായി നോക്കുമ്പോൾ അതൊരു അഭിനയമാണ്(presumption). മന:ശാസ്ത്രദൃഷ്ടിയിൽ അത് അബോധമനസ്സിന്റെ കടന്നുകയറ്റമാണ്. ഹേഗൽ ഉപയോഗിക്കുന്ന വലിയ വാക്കുകൾ നിറഞ്ഞ ഭാഷ ഇത് വ്യക്തമാക്കുന്നു. അതീന്ദ്രിയസത്യത്തെ വ്യക്തിനിഷ്ടമായി ചിത്രീകരിക്കാനും, നിസ്സാരമായതിന് പുതുമയുടെ സൗന്ദര്യം കൊടുക്കാനും, സാധാരണമായതിനെ ജ്ഞാനത്തിന്റെ പരിവേഷം കെട്ടിക്കാനുമായി സ്കിസോഫ്രിനിയ രോഗികൾ ഉപയോഗിക്കുന്ന മനംമയക്കി ഭയപ്പെടുത്തുന്ന ഭാഷയെ അത് അനുസ്മരിപ്പിക്കുന്നു. ഇത്ര പൊങ്ങച്ചം കാട്ടുന്ന ഒരു പദസഞ്ചയം ബലഹീനതയടേയും കഴിവുകേടിന്റേയും, കഴമ്പില്ലായ്മയുടേയും മുഖലക്ഷണമാണ്.[29] | ” |
കുറിപ്പുകൾ
തിരുത്തുകക.^ സെമിനാരിയിലെ ഹേഗലിന്റെ ആൽബത്തിൽ അദ്ദേഹത്തിന്റെ സഹപാഠി ജോർജ് ഫ്രീഡ്രീച്ച് ഫാല്ലട്ട് കൂനി, ഊന്നുവടികുത്തിപ്പിടിച്ച് നടക്കുന്ന ഒരാളുടെ ചിത്രം വരച്ചുചേർത്തിട്ട് "ദൈവം വയസ്സനെ സഹായിക്കട്ടെ" എന്ന് എഴുതി.[14]
ഖ.^ റ്റൂബിങ്ങൻ ഹേഗലിനുനൽകിയ ബിരുദ സർട്ടിഫിക്കറ്റിൽ അദ്ദേഹം തത്ത്വചിന്തയിൽ തീരെ ശ്രദ്ധകാണിച്ചില്ല എന്നെഴുതിയിരുന്നതായി പല ജീവചരിത്രകാരന്മാരും തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. സർട്ടിഫിക്കറ്റിന്റെ മൂലത്തിൽ, തത്ത്വചിന്തയിൽ ഏറെ ശ്രദ്ധകാണിച്ചിരുന്നു (Philosophiae Multum operam impendit) എന്നെഴുതിയിരുന്നതിലെ 'ഏറെ'(Multum) എന്ന വാക്ക് ഒരു പകർത്തിയെഴുത്തുകാരൻ 'ഒട്ടും'(Nullam) എന്ന് തെറ്റായി പകർത്തിയതാണത്രെ ഈ തെറ്റിദ്ധാരണക്ക് കാരണമായത്.[14]
ഗ^ പുതിയ കുടുംബവുമായി ഇണങ്ങിപ്പോകാൻ ലുഡ്‌വിഗിന് കഴിഞ്ഞില്ല. 1826-ൽ പത്തൊൻപതാമത്തെ വയസ്സിൽ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് അയാൾ ഡച്ചുകാരുടെ സൈന്യത്തിൽ കൂലിപ്പട്ടാളക്കാരനായി ചേരുകയും 1831-ൽ ഇൻഡോനേഷ്യയിൽ വച്ച്, ഹേഗലിന്റെ മരണത്തിന് ഏതാനും മാസം മാത്രം മുൻപ് പനിബാധിച്ചു മരിക്കുകയും ചെയ്തു. മകന്റെ മരണവാർത്ത ഹേഗൽ അറിഞ്ഞിട്ടേ ഉണ്ടാവില്ല എന്ന് പറയപ്പെടുന്നു.[14]
ഘ.^ ഈ ബഹുമതിപത്രത്തിന് ഏറെ പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ബഹുമതികളിൽ ഏറ്റവും ചെറുത് മറ്റു 72 പേർക്കൊപ്പമാണ് ഹേഗലിന് കൊടുത്തത്. അദ്ദേഹത്തോടൊപ്പം ബഹുമാനിക്കപ്പെട്ടവരിൽ എതിരാളിയായിരുന്ന ചിന്തകൻ ഷ്ലീയർമാക്കറും ഉണ്ടായിരുന്നു.[14]
ങ.^ ഹേഗലിന്റെ സിദ്ധാന്തങ്ങളിൽ ഒന്നിനും അടിസ്ഥാനമില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും റസ്സൽ പറയുന്നുണ്ട്.
ച.^ ഈ ഘട്ടത്തെ ഹേഗൽ വിളിച്ചത് ക്രൈസ്തവ ഭരണഘടനാനുസൃത രാജവാഴ്ച(Christian Constitutional Monarchy) എന്നാണ്.
ഛ.^ ഈ വിമർശനത്തിൽ ആരെങ്കിലും അസൂയമണത്തെങ്കിൽ അത്ഭുതമില്ല. ഹേഗലിനെ തോല്പിക്കാൻ അദ്ദേഹത്തിന്റെ പഠനപ്രഭാഷണങ്ങളുടെ സമയത്തുതന്നെ സ്വന്തം പ്രഭാഷണങ്ങൾ ബെർളിൻ സർവകലാശാലയിൽ നടത്താൻ ഷോപ്പൻഹോവർ രണ്ടുവട്ടം നടത്തിയ ശ്രമം വലിയ നാണക്കേടിലാണ് കലാശിച്ചത്. ഷോപ്പൻഹോവറുടെ പ്രഭാഷണങ്ങൾക്ക് ശ്രോതാക്കളില്ലാതെ പോയി.[30]
അവലംബം
തിരുത്തുക- ↑ Rob Sewell - What is dialectical materialism? - A study guide with questions, extracts and suggested reading - Hegel and Marx എന്ന ഭാഗം. http://www.marxist.com/Theory/study_guide1.html
- ↑ Georg Wilhelm freidrich Hegel - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/hegel/
- ↑ Terry Pinkard, Hegel: A Biography, pp. 2-3; p. 745 - ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം - http://assets.cambridge.org/052149/6799/sample/0521496799WSN01.pdf
- ↑ മുകളിൽ സൂചിപ്പിച്ച ഹേഗലിന്റെ ജീവചരിത്രം, പിൻകാർഡ് രചിച്ചത്, കാണുക. ഈ പുസ്തകത്തിന്റെ മൂന്നാം പുറത്ത് ഹേഗലിന്റെ അമ്മയുടെ മരണവർഷം 1781 എന്ന് തെറ്റായി കാണിച്ചിട്ട്, അപ്പോൾ ഹേഗലിന് പതിനൊന്നു വയസ്സയിരുന്നു എന്ന് പറയുന്നു. എന്നാൽ ഈ പുസ്തകത്തിൽ തന്നെ കൊടുത്തിരിക്കുന്ന ഹേഗലിന്റെ ജീവിതത്തിന്റെ സമയരേഖയിൽ, ശരിയായ വർഷം, 1783, കൊടുത്തിരിക്കുന്നു. (പുറങ്ങൾ 773, 745); ഇതും കാണുക:German Wikipedia.
- ↑ പിൻകാർഡ് എഴുതിയ ജീവചരിത്രം - പുറം 4.
- ↑ Illustrated Hegel Biography-hegel.net - http://www.hegel.net/en/hegelbio.htm
- ↑ പിൻകാർഡ് എഴുതിയ ജീവചരിത്രം - പുറം 16
- ↑ Illustrated Hegel Biography-hegel.net - ലിങ്ക് മുകളിൽ
- ↑ പിൻകാർഡ് എഴുതിയ ജീവചരിത്രം - പുറം 80
- ↑ പിൻകാർഡ് എഴുതിയ ജീവചരിത്രം - പുറങ്ങൾ 223-224
- ↑ ബെർട്രാൻഡ് റസ്സൽ പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം അദ്ധ്യായം 22, പുറം 730
- ↑ പിൻകാർഡ് പുറം 228
- ↑ Pinkard, "Hegel: A Biography" - പുറം 228
- ↑ 14.0 14.1 14.2 14.3 14.4 14.5 Illustrated Hegel Biography-hegel.net
- ↑ പിൻകാർഡ് - പുറം 658-59
- ↑ നോർമൻ ഡേവീസ് എഴുതിയ യൂറോപ്പിന്റെ ചരിത്രം എന്ന ഗ്രന്ഥം - പുറം 687
- ↑ Famous Last Words (1961) by Barnaby Conrad
- ↑ "Hegel's philosophy is very difficult - he is, I should say, the hardest to understand of all the great philosophers" - റസ്സൽ പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രത്തിൽ - അദ്ധ്യായം 22, പുറം 730
- ↑ Hegelianisam - Catholic Encyclopedia - http://www.newadvent.org/cathen/07192a.htm
- ↑ Hegelianisam - Catholic Encyclopedia - ലിങ്ക് മുകളിൽ
- ↑ Hegel - MSN Encarta - http://encarta.msn.com/text_761552560___0/Hegel.html Archived 2009-04-11 at the Wayback Machine.
- ↑ ബെർട്രാൻഡ് റസ്സൽ - പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം അദ്ധ്യായം 22, പുറം 733
- ↑ ബെർട്രാൻഡ് റസ്സൽ - പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം അദ്ധ്യായം 22, പുറം 734
- ↑ Hegel - MSN Encarta - ലിങ്ക് മുകളിൽ
- ↑ Hegelianisam - Catholic Encyclopedia
- ↑ Bryan Magee from Confessions of a Philosopher, 1997
- ↑ കാൾ പോപ്പർ തുറന്ന സമൂഹവും അതിന്റെ ശത്രുക്കളും (Open Society and Its Enemies) എന്ന ഗ്രന്ഥത്തിൽ
- ↑ പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - അദ്ധ്യായം 22 - പുറം 735
- ↑ Carl G. Jung, On the Nature of Psyche, 1928
- ↑ Georg Wilhelm freidrich Hegel - Stanford Encyclopedia of Philosophy - ലിങ്ക് മുകളിൽ
കൂടുതൽ അറിയാൻ
തിരുത്തുകഹേഗലിനെ പരിചപ്പെടാൻ
തിരുത്തുക- Beiser, Frederick C., 2005. Hegel. Routledge
- Findlay, J. N., 1958. Hegel: A Re-examination. Oxford University Press. ISBN 0-19-519879-4
- Gouin, Jean-Luc, 2000. Hegel ou de la Raison intégrale, suivi de : « Aimer Penser Mourir : Hegel, Nietzsche, Freud en miroirs », Montréal (Québec), Éditions Bellarmin, 225 p. ISBN 2-89007-883-3
- Houlgate, Stephen, 2005. An Introduction to Hegel. Freedom, Truth and History. Oxford: Blackwell
- Kainz, Howard P., 1996. G. W. F. Hegel. Ohio University Press. ISBN 0-8214-1231-0.
- Kaufmann, Walter, 1965. Hegel: A Reinterpretation. New York: Doubleday (reissued Notre Dame IN: University of Notre Dame Press, 1978)
- Plant, Raymond, 1983. Hegel: An Introduction. Oxford: Blackwell
- Singer, Peter, 2001. Hegel: A Very Short Introduction. Oxford University Press (previously issued in the OUP Past Masters series, 1983)
- Stirling, James Hutchison, The Secret of Hegel: Being the Hegelian System in Origin Principle, Form and Matter
- Taylor, Charles, 1975. Hegel. Cambridge: Cambridge University Press. ISBN 0-521-29199-2. A comprehensive exposition of Hegel's thought and its impact on the central intellectual and spiritual issues of his and our time.
- Scruton, Roger, "Understanding Hegel" in The Philosopher on Dover Beach, Manchester: Carcanet Press, 1990. ISBN 0-85635-857-6
ലേഖനസമാഹാരങ്ങൾ
തിരുത്തുക- Beiser, Frederick C. (ed.), 1993. The Cambridge Companion to Hegel. Cambridge: Cambridge University Press. ISBN 0-521-38711-6. A collection of articles covering the range of Hegel's thought.
- Adorno, Theodor W., 1994. Hegel: Three Studies. MIT Press. Translated by Shierry M. Nicholsen, with an introduction by Nicholsen and Jeremy J. Shapiro, ISBN 0-262-51080-4. Essays on Hegel's concept of spirit/mind, Hegel's concept of experience, and why Hegel is difficult to read.
ജീവചരിത്രങ്ങൾ
തിരുത്തുക- Althaus, Horst, 1992. Hegel und die heroischen Jahre der Philosophie. Munich: Carl Hanser Verlag. Eng. tr. Michael Tarsh as Hegel: An Intellectual Biography, Cambridge: Polity Press, 2000
- Pinkard, Terry P., 2000. Hegel: A Biography. Cambridge: Cambridge University Press. ISBN 0-521-49679-9. By a leading American Hegel scholar; aims to debunk popular misconceptions about Hegel's thought.
- Rosenkranz, Karl, 1844. Georg Wilhelm Friedrich Hegels Leben. Still an important source for Hegel's life.
- Hondt, Jacques d', 1998. Hegel: Biographie. Calmann-Lévy
ചരിത്രം
തിരുത്തുക- Rockmore, Tom, 1993. Before and After Hegel: A Historical Introduction to Hegel's Thought. Indianapolis: Hackett. ISBN 0-87220-648-3.
- Löwith, Karl, 1964. From Hegel to Nietzsche: The Revolution in Nineteenth-Century Thought. Translated by David E. Green. New York: Columbia University Press.
ഹേഗലിന്റെ വികാസം
തിരുത്തുക- Lukács, Georg, 1948. Der junge Hegel. Zurich and Vienna (2nd ed. Berlin, 1954). Eng. tr. Rodney Livingstone as The Young Hegel, London: Merlin Press, 1975. ISBN 0-262-12070-4
- Harris, H. S., 1972. Hegel's Development: Towards the Sunlight 1770-1801. Oxford: Clarendon Press
- Harris, H. S., 1983. Hegel's Development: Night Thoughts (Jena 1801-1806). Oxford: Clarendon Press
- Dilthey, Wilhelm, 1906. Die Jugendgeschichte Hegels (repr. in Gesammelte Schriften, 1959, vol. IV)
- Haering, Theodor L., 1929, 1938. Hegel: sein Wollen und sein Werk, 2 vols. Leipzig (repr. Aalen: Scientia Verlag, 1963)
ഇംഗ്ലീഷിലുള്ള പുതിയ രചനകൾ
തിരുത്തുക- Inwood, Michael, 1983. Hegel. London: Routledge & Kegan Paul (Arguments of the Philosophers)
- Rockmore, Tom, 1986. Hegel's Circular Epistemology. Indiana University Press
- Pinkard, Terry P., 1988. Hegel's Dialectic: The Explanation of Possibility. Temple University Press
- Westphal, Kenneth, 1989. Hegel's Epistemological Realism. Kluwer Academic Publishers
- Forster, Michael N., 1989. Hegel and Skepticism. Cambridge MA: Harvard University Press. ISBN 0-674-38707-4
- Pippin, Robert B., 1989. Hegel's Idealism: the Satisfactions of Self-Consciousness. Cambridge University Press. ISBN 0-521-37923-7. Advocates a stronger continuity between Hegel and Kant.
അത്മാവിന്റെ പ്രതിഭാസവിജ്ഞാനം
തിരുത്തുക(See also the article The Phenomenology of Spirit.)
- Stern, Robert, 2002. Hegel and the Phenomenology of Spirit. Routledge. ISBN 0-415-21788-1. An introduction for students.
- Cohen, Joseph, 2007. Le sacrifice de Hegel. (In French language). Paris, Galilée. An extensive study of the question of sacrifice in Hegel's Phenomenology of Spirit.
- Hyppolite, Jean, 1946. Genèse et structure de la Phénoménologie de l'esprit. Paris: Aubier. Eng. tr. Samuel Cherniak and John Heckman as Genesis and Structure of Hegel's "Phenomenology of Spirit", Evanston: Northwestern University Press, 1979. ISBN 0-8101-0594-2. A classic commentary.
- Kojève, Alexandre, 1947. Introduction à la lecture de Hegel. Paris: Gallimard. Eng. tr. James H. Nichols, Jr., as Introduction to the Reading of Hegel: Lectures on the Phenomenology of Spirit, Basic Books, 1969. ISBN 0-8014-9203-3 Influential European reading of Hegel.
- Solomon, Robert C., 1983. In the Spirit of Hegel. Oxford: Oxford University Press.
- Harris, H. S., 1995. Hegel: Phenomenology and System. Indianapolis: Hackett. A distillation of the author's monumental two-volume commentary Hegel's Ladder.
- Westphal, Kenneth R., 2003. Hegel's Epistemology: A Philosophical Introduction to the Phenomenology of Spirit. Indianapolis: Hackett. ISBN 0-87220-645-9
- Russon, John, 2004. Reading Hegel's Phenomenology. Indiana University Press. ISBN 0-253-21692-3.
- Bristow, William, 2007. Hegel and the Transformation of Philosophical Critique. Oxford University Press. ISBN 0-19-929064-4
- Kalkavage, Peter, 2007. The Logic of Desire: An Introduction to Hegel's Phenomenology of Spirit. Philadelphia: Paul Dry Books. ISBN 978-1-58988-037-5. This work provides insights on Hegel's complex work as a whole as well as serving as a sure guide for every chapter and for virtually every paragraph.
- Scruton, Roger, "Understanding Hegel" in The Philosopher on Dover Beach, Manchester: Carcanet Press, 1990. ISBN 0-85635-857-6
യുക്തി
തിരുത്തുക(See also the article Science of Logic.)
- Hartnack, Justus, 1998. An Introduction to Hegel's Logic. Indianapolis: Hackett. ISBN 0-87220-424-3
- Schäfer, Rainer, 2001.Die Dialektik und ihre besonderen Formen in Hegels Logik. Hamburg/Meiner. ISBN 3-7873-1585-3.
- Wallace, Robert M., 2005. Hegel's Philosophy of Reality, Freedom, and God. Cambridge University Press. ISBN 0-521-84484-3. Through a detailed analysis of Hegel's Science of Logic, Wallace shows how Hegel contributes to the broadly Platonic tradition of philosophy that includes Aristotle, Plotinus, and Kant. In the course of doing this, Wallace defends Hegel against major critiques, including the one presented by Charles Taylor in his Hegel.
രാഷ്ട്രമീമാംസ
തിരുത്തുക- Avineri, Shlomo, 1974. Hegel's Theory of the Modern State. Cambridge University Press. Best introduction to Hegel's political philosophy.
- Azurmendi, Joxe, "Hegel: Volksgeist historia unibertsalean" (Hegel: Volksgeist in universal history) In: Volksgeist. Herri gogoa, Donostia: Elkar, 2007. ISBN 978-84-9783-404-9.
- Ritter, Joachim, 1984. Hegel and the French Revolution. MIT Press.
- Riedel, Manfred, 1984. Between Tradition and Revolution: The Hegelian Transformation of Political Philosophy, Cambridge.
- Marcuse, Herbert, 1941. Reason and Revolution: Hegel and the Rise of Social Theory. An introduction to the philosophy of Hegel, devoted to debunking the conception that Hegel's work included in nuce the Fascist totalitarianism of National Socialism; the negation of philosophy through historical materialism.
- Rose, Gillian, 1981. Hegel Contra Sociology. Athlone Press. ISBN 0-485-12036-4.
- Scruton, Roger, "Hegel as a conservative thinker" in The Philosopher on Dover Beach, Manchester: Carcanet Press, 1990. ISBN 0-85635-857-6
മതം
തിരുത്തുക- Desmond, William, 2003. Hegel's God: A Counterfeit Double?. Ashgate. ISBN 0-7546-0565-5
- O'Regan, Cyril, 1994. The Heterodox Hegel. State University of New York Press, Albany. ISBN 0-7914-2006-X. The most authoritative work to date on Hegel's philosophy of religion.
- Cohen, Joseph, 2005. Le spectre juif de Hegel (in French language); Preface by Jean-Luc Nancy. Paris, Galilée.An extensive study of the Jewish question in Hegel's Early Theological Writings.
- Dickey, Laurence, 1987. Hegel: Religion, Economics, and the Politics of Spirit, 1770–1807. Cambridge University Press. ISBN 0-521-33035-1. A fascinating account of how "Hegel became Hegel", using the guiding hypothesis that Hegel "was basically a theologian manqué".
വിവാദം, വിമർശനം
തിരുത്തുക- Popper, Karl. The Open Society and Its Enemies, vol. 2: Hegel and Marx. An influential attack on Hegel.
- Stewart, Jon, ed., 1996. The Hegel Myths and Legends. Northwestern University Press.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- The new HegelWiki
- A superior biography of Hegel with graphics
- Hegel.net - resources available under the GNU FDL
- Hegel.net Archived 2008-05-03 at the Wayback Machine. - wiki article on Hegel
- Commented link list
- Discussion, Interpretations and Questions about Hegel
- Hegel mailing lists in the internet
- Discussion of the Hegelian tradition, including the Left and Right schism Archived 2005-04-27 at the Wayback Machine.
- The Hegel Society of America
- http://www.gwfhegel.org/
- Hegel page in 'The History Guide'
- Is Hegel a Christian?
- 'The Spirit of the Age: Hegel and the Fate of Thinking' double issue of the journal Cosmos and History Archived 2008-09-19 at the Wayback Machine.
- Philosophy of History Introduction
- Hegel's The Philosophy of Right
- Hegel's The Philosophy of History
- Hegel by HyperText