കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ കം ബ്രിഡ്ജാണ് ചമ്രവട്ടം പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ് [1],[2]. മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്പം മലപ്പുറം ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 70 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു[3]. 1984-ൽ ജലസേചനത്തിനു പ്രാമുഖ്യം നൽകി നിർമ്മാണം ആരംഭിച്ച പാലം മൂലം കൊച്ചി- കോഴിക്കോട് യാത്രയ്ക്ക് 38 കിലോമീറ്റർ കുറവുള്ള പുതിയൊരു പാത കൂടി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. ഭാരതപ്പുഴയിൽ 13 കിലോമീറ്റർ നീളത്തിലും ആറുമീറ്റർ ഉയരത്തിലും ജലം സംഭരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കുറ്റിപ്പുറം പാലം വരെ പുഴയിൽ വെള്ളം നിറയുമെന്നാണ് കരുതുന്നത്. മലപ്പുറം ജില്ലയിലെ 4344 ഹെക്ടർ ഭൂമിയിൽ ജലസേചനവും 16 പഞ്ചായത്തുകൾക്കും തിരൂർ പൊന്നാനി നഗരസഭകൾക്കും കുടിവെള്ളലഭ്യതയുമാണ് പദ്ധതിയുടെ ലക്ഷ്യം[2].

ചമ്രവട്ടം പദ്ധതി
റഗുലേറ്റർ കം ബ്രിഡ്ജ് ചമ്രവട്ടം
റഗുലേറ്റർ കം ബ്രിഡ്ജ് ചമ്രവട്ടം
നദി ഭാരതപ്പുഴ
സ്ഥിതി ചെയ്യുന്നത് ചമ്രവട്ടം,മലപ്പുറം ജില്ല,കേരളം,ഇന്ത്യ Flag of India.svg
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 978 M
ഉയരം 4 M
വീതി (at base) 10.5 M
നിർമ്മാണം തുടങ്ങിയത് 2009 AUGUST 31
തുറന്നു കൊടുത്ത തീയതി 2012 മേയ് 17
നിർമ്മാണ ചെലവ് 130 കോടി
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°49′11.8812″N 75°57′33.3468″E / 10.819967000°N 75.959263000°E / 10.819967000; 75.959263000

2012 മേയ് 17-നു കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിച്ച് പൊതുജനങ്ങൾക്കായി പദ്ധതി തുറന്നു കൊടുത്തു[4].

നിർമ്മാണംതിരുത്തുക

പൊന്നാനിക്കടുത്ത് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ചമ്രവട്ടത്താണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 978 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തീയായതോടെ കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലമായി ചമ്രവട്ടം പദ്ധതി. 7.5 മീറ്റർ വീതിയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്. 2 മീറ്റർ ഉയരവും നാലുമീറ്റർ വീതിയുമുള്ള റഗുലേറ്ററിന് 70 ഷട്ടറുകളും അവ പ്രവർത്തിപ്പിക്കുന്നതിന് 70 മോട്ടോറുകളോടുകൂടിയ പ്ലാറ്റ്‌ഫോമും തയ്യാറാക്കിയിരിക്കുന്നു[5]. മേഖലയിലെ കാർഷിക, ജലസേചന, ഗതാഗതരംഗത്തും ,കുടിവെള്ള വിതരണം, മത്സ്യബന്ധനം, ടൂറിസം എന്നീ മേഖലകളിലും ഈ പ്രൊജക്ട് പൂർത്തിയാവുന്നതോട് കൂടി വൻ മാറ്റങ്ങൾ ഉണ്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു.

കടലിൽ നിന്ന് പുഴയുടെ മേൽഭാഗത്തേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാണ്‌ റഗുലേറ്റർ നിർമ്മിക്കുന്നത്. ഏകദേശം 178 കോടി രൂപ ചെലവാകുന്ന കേരള സർക്കാറിന്റെ ജലസേചന വകുപ്പിനു കീഴിൽ വരുന്ന ഈ പദ്ധതിക്കുള്ള 95.12 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകുന്നത് നബാർഡാണ്‌[6] പദ്ധതിയുടെ നിർമ്മാണ ചുമതല ഏറ്റെടുത്തത് ഹൈദരാബാദിലുള്ള രാംകി ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയാണ്‌‌.[7].

1982 മുതൽ 1986 വരെ കരുണാകരൻ മന്ത്രിസഭയിൽ ജലസേചനമന്ത്രിയായിരുന്ന എം.പി. ഗംഗാധരന്റെ ആശയമായിരുന്നു ചമ്രവട്ടം പദ്ധതി[2]. 1984 ഫെബ്രുവരി 17-ന് മുഖ്യമന്ത്രി കെ.കരുണാകരൻ പദ്ധതിക്ക് തറക്കല്ലിട്ടു. പിന്നീട് വൈകിയ പദ്ധതി പൊന്നാനിയിൽ നിന്നുള്ള ജനപ്രതിനിധിയായ പാലോളി മുഹമ്മദ് കുട്ടിയുടെ ശ്രമത്താൽ വീണ്ടും സജീവമായി. 2009 ഓഗസ്റ്റ് 13-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. പിന്നീട് ഏകദേശം രണ്ടുവർഷം കൊണ്ട് 70 ശതമാനം നിർമ്മാണവും പൂർത്തിയാക്കി. 2011 മാർച്ച് 6 ന് ജനങ്ങൾ പാലത്തിലൂടെ നടന്ന് ജനകീയ ഉദ്ഘാടനം നടത്തി.

ചിത്രശാലതിരുത്തുക

കൂടുതൽ കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Bridge Cum Regulator at Chamravattam B01046 -". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-06.
  3. "Chamravattom Regulator cum Bridge-". www.irrigation.kerala.gov.in.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-06.
  5. മാതൃഭൂമി ഓൺലൈൻ 09/12/2009[പ്രവർത്തിക്കാത്ത കണ്ണി]
  6. മലയാളം യാഹൂ 2008 ഫെബ്രുവരി 7[പ്രവർത്തിക്കാത്ത കണ്ണി]
  7. "മാതൃഭൂമി ഓൺലൈൻ പതിപ്പ് 12/05/2010". മൂലതാളിൽ നിന്നും 2010-05-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-10.

കൂടുതൽ വായനയ്ക്ക്തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചമ്രവട്ടം_പദ്ധതി&oldid=3631050" എന്ന താളിൽനിന്ന് ശേഖരിച്ചത്