അറുകൊലക്കണ്ടം

(കെ.കെ. ഗോവിന്ദൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെ.കെ. ഗോവിന്ദൻ എഴുതി 1983-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു മലയാള പുസ്തകമാണ് അറുകൊലക്കണ്ടം. സാധാരണ പുസ്തകത്തിന്റെ പ്രസാധക ക്രമങ്ങളെയും ഉള്ളടക്ക ക്രമീകരണങ്ങളെയും വെല്ലുവിളിക്കുന്ന മലയാളത്തിലെ വിരളമായൊരു രചനയാണിത്. ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിനെ ഒരു റെഫറൻസ് ഗ്രന്ഥം എന്നാണ് വർഗ്ഗീകരണം നടത്തിയത്. ഗ്രന്ഥകാരൻ എഴുതിയ ഒരു കവിതയും, ആ കവിതയെ കുറിച്ചുള്ള പ്രസിദ്ധരായ പലരുടേയും അഭിപ്രായം ഓരോരുത്തരുടേയും ചിത്രം അടക്കം പ്രസിദ്ധം ചെയ്യുകയായിരുന്നു ഈ പുസ്തകത്തിന്റെ ഉള്ളടക്കം.[2]

അറുകൊലക്കണ്ടം
കർത്താവ്കെ.കെ. ഗോവിന്ദൻ
രാജ്യം ഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംറഫറൻസ് ഗ്രന്ഥം
പ്രസിദ്ധീകരിച്ച തിയതി
1983[1]
മാധ്യമംക്രൗൺ എട്ടിലൊന്നു വലിപ്പം, ലെറ്റർപ്രസ്സ്, ജംഗമ അച്ച്

ഉള്ളടക്കം

തിരുത്തുക

640 താളുകൾ ഉള്ള പുസ്തകത്തിലെ 14 താളുകളിലാണ് പ്രധാന ഉള്ളടക്കമായി സാധാരണയായി കണക്കാക്കുന്ന കവിത ഉള്ളത്, മറ്റു 626 താളുകളും കൃതിയുടെ അനുബന്ധ വിവര-വിവരണങ്ങൾക്കുമായി നീക്കി വെച്ചിരിക്കുന്നു. കവിതയുടെ ആസ്വാദനമോ കവിയെപ്പറ്റിയോ എഴുതിയ പ്രമുഖരിൽ ചിലർ ഇവരായിരുന്നു.

ഇങ്ങനെ തുടങ്ങി 140 വ്യക്തികളായിരുന്നു, ആകെ 14 താൾ മാത്രമുള്ള കവിതയെയും കവിയെയും പറ്റി എഴുതിയിരിക്കുന്നത്. സാധരണഗതിയിൽ വരുന്ന താളിന്റെ അനുക്രമമായ താളിന്റെ ക്രമസംഖ്യ പോലും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ചേർത്തിട്ടില്ല. ഓരോ വിഷയവും എത്ര താളുകൾ ഉണ്ടെന്നുള്ള താളുകളുടെ എണ്ണം മാത്രമായിരുന്നു ഉള്ളടക്കത്തിൽ അതതിന്റെ നേർക്ക് അടയാളപ്പെടുത്തിയിരുന്നത്.

പുസ്തകത്തിലെ 60 താളുകൾ ഗ്രന്ഥകാരന്റെ നന്ദി പ്രകാശിപ്പിക്കാൻ നീക്കി വെച്ചിരുന്നു. 6 താളുകൾ നീളുന്ന അർപ്പണവും അനുസ്മരണവും ഗ്രന്ഥത്തെപ്പറ്റിയും - ഗ്രന്ഥകാരൻ തന്നെ തയ്യാറാക്കിയിരുന്നു. മറ്റു താളുകൾ മുഴുവനും മറ്റുള്ളവരുടെ അഭിപ്രായ, നിരൂപണ, ആസ്വാദന, പ്രശംസാക്കുറിപ്പുകളാണ്.[2]

ഈ പുസ്തകം പ്രകാശിപ്പിച്ചത് തിരുവനന്തപുരത്ത് വെച്ചായിരുന്നു. മൂന്ന് മന്ത്രിമാർ അടക്കം 27 പേരെ ക്ഷണിച്ചിരുന്ന ആ ചടങ്ങിൽ 24 പേരും സന്നിഹിതരായിരുന്നില്ല. ഡി.സി. കിഴക്കേമുറി ചടങ്ങിൽ സംബന്ധിച്ച കാര്യം അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകളിൽ പ്രതിപാദിച്ചിട്ടുണ്ട്.[1]

കെ.കെ. ഗോവിന്ദൻ
 
ഗോവിന്ദനാശാൻ
മരണം(1997-03-17)മാർച്ച് 17, 1997
തൊഴിൽകവി, സാഹിത്യകാരൻ
ദേശീയതതിരുവിതാംകൂർ
ശ്രദ്ധേയമായ രചന(കൾ)അറുകൊലക്കണ്ടം,ദുരവസ്ഥയിലെ പ്രമേയം, അപ്രശസ്തർ

ഗോവിന്ദനാശാൻ എന്നറിയപ്പെട്ടിരുന്ന കെ.കെ. ഗോവിന്ദൻ, ആദ്യകാല ദളിത് എഴുത്തുകാരിൽ ഒരാളാണ്. പത്തനംതിട്ട ജില്ലക്കാരനായ അദ്ദേഹം തിരുവനന്തപുരത്ത് ഏജീസ് ഓഫീസിൽ സീനിയർ ഓഡിറ്റർ ആയിരുന്നു. അപ്രശസ്തനും അശിക്ഷിതനും ആയി കണക്കാക്കെപ്പെടുന്ന രചയിതാവിന്റെ മറ്റു കൃതികൾ "ദുരവസ്ഥയിലെ പ്രമേയം", "അപ്രശസ്തർ" എന്നിവയാണ്. 1997 മാർച്ച് 17-ന് അദ്ദേഹം അന്തരിച്ചു.

തിരുവിതാംകൂറിന്റെ ജനപ്രതിനിധിസഭയായിരുന്ന ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം പുനഃപ്രസിദ്ധീകരിക്കാൻ വളരെയധികം പ്രയത്നിച്ച ഒരു വ്യക്തിയായിരുന്നു ഗോവിന്ദൻ. തിരുവിതാംകൂർ ഹിന്ദു പുലയസമാജത്തിന്റെ പ്രസിഡന്റും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന കുഞ്ഞൻ ദൈവത്താനാണ് 1929-ൽ ചെങ്ങന്നൂരിലെ ജോൺ മെമ്മോറിയൽ പ്രസ്സിൽ നിന്ന് കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം ഒരു ചെറിയ പുസ്തകമായി ആദ്യമായി പ്രസിദ്ധീകരിച്ചത്[2]

അറുകൊല എന്ന കേരളത്തിലെ പഴയ ഒരു സാങ്കല്പിക കഥാപാത്രത്തെ ചുറ്റിപ്പറ്റി ഒരു പുലയകുടുംബത്തിലെ സംഭവങ്ങളാണ് കവിതയുടെ ഉള്ളടക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കവിത എഴുതപ്പെട്ടിരിക്കുന്നത്.

കേരളീയ വിശ്വാസമനുസരിച്ച് അപമൃത്യുവിനിരയായ അഥവാ അന്യായമായി കൊലചെയ്യപ്പെട്ട മനുഷ്യരുടെ പ്രേതാത്മാവ് അറുകൊലയായി മാറും. കൊന്നവരെയോ അവരുടെ അനന്തരാവകാശികളെയോ അറുകൊല പിടികൂടുകയും, അവരുടെ മരണത്തിനു കാരണമാകുന്നതിലൂടെ തന്റെ പ്രതികാരം വീട്ടുകയും ചെയ്യും എന്നാണ് വിശ്വാസം.

പുരാവൃത്തം

തിരുത്തുക

പത്തനംതിട്ട ജില്ലയിലെ കുമ്പഴയ്ക്കടുത്തുള്ള തുണ്ടിയത്തു കാവിനു സമീപമുള്ള ഒരു കണ്ടം (പാടം) അഥവാ വയലാണ് അറുകൊലക്കണ്ടം എന്നറിയപ്പെടുന്നത്. ഈ പേരു വരാനുള്ള പുരാവൃത്തം (ഐതിഹ്യം) ആണ് ഈ കവിതയുടെ പ്രചോദനം. ഈ കവിതയിലെ കഥാതന്തു ഇങ്ങനെയാണ്. ഊരോമ്പിൽ എന്ന നായർ തറവാട്ടിലെ അടിമകളായിരുന്ന പുലയരിലെ ഒരു പെണ്ണിനെ മലയാളപ്പുഴ(മലയാലപ്പുഴ)യിലെ കുതിരക്കുളത്തെ തോമ്പിൽ എന്ന് മറ്റൊരു നായർ തറവാട്ടിലെ അടിമയായ പുലയനു കല്യാണം കഴിച്ചയച്ചു. പെണ്ണിന്റെ സഹോദരൻ ഒരിക്കൽ സഹോദരിയെ കാണാൻ വിരുന്നായി തോമ്പിലേക്കു ചെല്ലുന്നു. അവിടെ അതേയിടക്ക് കാണാതായ പശുവിനെ; മോഷ്ടിച്ചു എന്നാരോപിച്ച് സഹോദരനായ പയ്യനെ ജന്മികൾ പിടിച്ചു വെട്ടിക്കൊന്നു. ഈ സംഭവത്തെ തുടർന്ന് തോമ്പിൽ തറവാട്ടിലെ അംഗങ്ങൾ ചോരതുപ്പി മരിക്കാൻ തുടങ്ങുകയും, കാരണം അന്വേഷിക്കുന്ന അവർക്ക് - തുണ്ടിയത്തുകാവിന്റെ ഉടമകളായ പുലയവംശത്തിൽപ്പിറന്ന ഒരാളെ കൊന്നതിന്റെ ഫലമാണിതെന്നു പ്രശ്നവശാൽ തെളിഞ്ഞു കാണുന്നു. അതിന്റെ പ്രായശ്ചിത്തമായി തോമ്പിലെ ജന്മി, മരിച്ചയാളുടെ കുടുംബത്തിന് പണവും ഭൂമിയും ദാനം നടത്തുകയും ചെയ്തു. ഇങ്ങനെ അറുകൊലയിലൂടെ കൈവന്ന കണ്ടം ആണ് അറുകൊലക്കണ്ടം.[2]

അലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 ഡി.സി. കിഴക്കേമുറി (2017-10-21). "പ്രകാശനങ്ങളും ഞാനും". dcbooks.com. Archived from the original on 2021-09-02. Retrieved 2021-09-02.
  2. 2.0 2.1 2.2 2.3 ഡോ.പി.കെ.രാജശേഖരൻ (2014 മാർച്ച് 03). കെ.കെ.ഗോവിന്ദന്റെ പുസ്തകധ്വംസനം അഥവാ അറുകൊലക്കണ്ടം. മാതൃഭൂമി ബുക്സ്. Archived from the original on 2014-03-03. Retrieved 2014 മാർച്ച് 3. {{cite book}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=അറുകൊലക്കണ്ടം&oldid=3659379#കവി" എന്ന താളിൽനിന്ന് ശേഖരിച്ചത്