അങ്കമാലിയിലെ മാർ അബ്രാഹം

ഇന്ത്യയിലെ അവിഭക്ത മാർത്തോമാ നസ്രാണി സമൂഹത്തിന്റെ അവസാന മെത്രാപ്പോലീത്ത
(മാർ അബ്രാഹം മെത്രാപ്പോലീത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഐക്യ സുറിയാനി ക്രിസ്ത്യാനിസഭയുടെ ഒടുവിലത്തെ പൗരസ്ത്യ സുറിയാനി (കൽദായ) വൈദികമേലദ്ധ്യക്ഷനായിരുന്നു മാർ അബ്രാഹം മെത്രാപ്പോലീത്ത (സുറിയാനി: ܐܒܪܗܡ ܡܛܪܢ, മരണം: 1597). കേരളത്തിലെ പോർത്തുഗീസ് ആധിപത്യകാലത്താണ് അദ്ദേഹം അധികാരത്തിലിരുന്നത്. കേരളസഭയെ പാശ്ചാത്യഭരണത്തിൻ കീഴിൽ കൊണ്ടുവരാനും ലത്തീനീകരിക്കാനുമുള്ള ശ്രമങ്ങളെ സ്വന്തം പരിമിതികൾക്കുള്ളിൽ നിന്നു ചെറുത്ത അദ്ദേഹം പോർത്തുഗീസ് അധികാരികളുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു. മാർ അബ്രാഹമിന്റെ മരണം 1599-ലെ ഉദയമ്പേരൂർ സൂനഹദോസിലേക്കു നയിച്ച് സുറിയാനിസഭയുടെ ലത്തീനീകരണത്തിനും സഭയുടെ മേലുള്ള പാശ്ചാത്യഭരണത്തിനും വഴിതുറന്നു.[4]

മാർ
 അബ്രാഹം 
മെത്രാപ്പോലീത്ത
അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലും
അങ്കമാലിയുടെ മെത്രാപ്പോലീത്ത
അങ്കമാലി ഹോർമിസ്ദ് കത്തീഡ്രലിലുള്ള മാർ അബ്രഹാമിന്റെ ഒരു ഛായാ ചിത്രം
സഭകിഴക്കിന്റെ സഭ,
കൽദായ കത്തോലിക്കാ സഭ
അതിരൂപതഅങ്കമാലി
സ്ഥാനാരോഹണം1558 (കിഴക്കിന്റെ സഭയിൽ)
1562 (കൽദായ കത്തോലിക്കാ സഭയിൽ)[1]
ഭരണം അവസാനിച്ചത്28 Feb 1597[1]
മുൻഗാമി
പിൻഗാമി
എതിർപ്പ്മാർ യൗസേപ്പ് സൂലാഖ (1562 വരെ),
മാർ ശിമയോൻ മെത്രാപ്പോലീത്ത,
ഫ്രാൻസിസ് റോസ്
വൈദിക പട്ടത്വംശിമയോൻ ഏഴാമൻ യാഹ്ബല്ലാഹ
മെത്രാഭിഷേകം1558ൽ ശിമയോൻ ഏഴാമൻ യാഹ്ബല്ലാഹ
പദവിമെത്രാപ്പോലീത്ത
വ്യക്തി വിവരങ്ങൾ
മരണം28 Feb 1597[1]
അങ്കമാലി
കബറിടംഅങ്കമാലിയിലെ മാർ ഹോർമിസ്ദ് സിറോ മലബാർ പള്ളി[2][3]

നിയുക്തി തിരുത്തുക

ബാബിലോണിയൻ സഭയിൽ 1551-ൽ സഭവിച്ച പിളർപ്പിൽ രൂപപ്പെട്ട രണ്ടു സഭാവിഭാഗങ്ങളുടെ പാത്രിയർക്കീസുമാരിൽ ഒരാൾ റോമിലെ മാർപ്പാപ്പയോടു വിധേയത്വമില്ലാത്ത നെസ്തോറിയൻ പക്ഷപാതിയും അപരൻ റോമിനോട് വിധേയത്വം പ്രഖ്യാപിച്ചവനുമായിരുന്നു. ഇവരിൽ ബഗ്ദാദിനടുത്തുള്ള സെലൂഷ്യ-ക്റ്റെസിഫൺ ആസ്ഥാനമാക്കിയ നെസ്തോറിയൻ പാത്രിയർക്കീസിന്റെ നിയുക്തിയുമായാണ് മാർ അബ്രാഹം കേരളത്തിലെത്തിയത്. അതിനാൽ റോമൻ കത്തോലിക്കരായിരുന്ന പോർത്തുഗീസുകർക്ക് അദ്ദേഹം അനഭിമതനായി. അവർ അദ്ദേഹത്തെ പിടികൂടി യൂറോപ്പിലേക്കു കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ ആഫ്രിക്കയിലെ മൊസാംബിക്കിൽ അദ്ദേഹം തടവുചാടി. പോർത്തുഗീസ് മേൽക്കോയ്മയിലിയിരുന്ന കേരളത്തിൽ മാർപ്പാപ്പയുടെ അംഗീകാരമില്ലാതെ നിലനിൽക്കാനാവില്ലെന്ന് അനുഭവത്തിൽ നിന്നറിഞ്ഞ മാർ അബ്രാഹം ഉത്തര ഇറാക്കിലെ മൊസൂലിലെത്തി, മാർപ്പാപ്പയോടു വിധേയത്വം പ്രഖ്യാപിച്ചിരുന്ന കൽദായ പാത്രിയർക്കീസ് മാർ അബ്ദീശോ നാലാമന്റെ പക്കൽ നിന്ന് അധികാരപത്രങ്ങൾ സമ്പാദിച്ചു. തുടർന്നു റോമിലെത്തിയ മാർ അബ്രാഹമിനെ 1565-ൽ പീയൂസ് നാലാമൻ മാർപ്പാപ്പ അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു. എങ്കിലും, ഗോവയിലെ അധികാരികൾക്കും കൊച്ചി രാജാവിനുമുള്ള ശുപാർശക്കത്തുകളുമായി ഇന്ത്യയിലെത്തിയ അദ്ദേഹത്തെ ഗോവയിലെ പോർത്തുഗീസ് അധികാരികൾ വീണ്ടും തടവിലിട്ടു. എന്നാൽ ബുദ്ധിമാനായ മാർ അബ്രാഹം പിന്നെയും തടവുചാടി കേരളത്തിലെത്തി. തുടർന്ന് 1597-ലെ മരണം വരെ അദ്ദേഹം, കേരളത്തിലെ സുറിയാനിക്രിസ്ത്യാനികളുടെ വൈദികമേലദ്ധ്യക്ഷനായിരുന്നു.[5]

വാഴ്ച തിരുത്തുക

സന്യസ്തേതരായ പാശ്ചാത്യപുരോഹിതന്മാരുമായി (Secular Priests) മിക്കവാറും സംഘർഷത്തിൽ കഴിഞ്ഞ മാർ അബ്രാഹം, കേരളത്തിലെ ഈശോസഭാവൈദികരുമായി താരതമ്യേന മമതയിലായിരുന്നു. 1577-ൽ ചേന്നമംഗലത്തെ വൈപ്പിക്കോട്ടയിൽ ഒരു സെമിനാരി തുടങ്ങുന്നതിൽ അദ്ദേഹം ഈശോസഭക്കാരെ സഹായിച്ചു. 1575-ൽ ഗോവയിൽ നടന്ന രണ്ടാം പ്രാദേശികസൂനഹദോസിൽ പങ്കെടുക്കാൻ വിസമ്മതിക്കുകവഴി മാർ അബ്രാഹം ഗോവ മെത്രാപ്പോലീത്തയുടെ അനിഷ്ടം സമ്പാദിച്ചു. തുടർന്ന് ഗോവ മെത്രാപ്പോലീത്ത, സുറിയാനിക്രിസ്ത്യാനിസഭയെ ഗോവയുടെ ഭരണത്തിൻ കീഴിലാക്കണമെന്നാവശ്യപ്പെട്ട് മാർപ്പാപ്പക്ക് കത്തെഴുതി. മാർ അബ്രാഹവും, ഈശോസഭാവൈദികരുടെ സഹായത്തോടെ തന്റെ നിലപാട് റോമിൽ വിശദീകരിച്ചു.[൧]

1583-ൽ ഈശോസഭകാരുടെ സഹകരണത്തോടെ മാർ അബ്രാഹം അങ്കമാലിയിൽ ഒരു പ്രാദേശികസൂനഹദോസ് നടത്തിയതായി പറയപ്പെടുന്നെങ്കിലും അതിന്റെ തീരുമാനങ്ങൾ ലഭ്യമല്ല. മാർപ്പാപ്പയുടെ ആഗ്രഹപ്രകാരം, 1585-ൽ ഗോവയിൽ നടന്ന മൂന്നാം പ്രാദേശികസൂനഹദോസിൽ പങ്കെടുക്കാൻ മാർ അബ്രാഹം തയ്യാറായി. കേരളസുറിയാനിസഭയെ പാശ്ചാത്യമേൽക്കോയ്മയിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു ഈ സൂനഹദോസിന്റെ മിക്ക തീരുമാനങ്ങളും[6] സുറിയാനിക്രിസ്ത്യാനിസഭയുടെ വഴക്കമനുസരിച്ച്, അർക്കദ്യാക്കോൻ എന്ന പാരമ്പര്യപദവിയിലുള്ള പ്രാദേശികപുരോഹിതനായിരുന്നു സഭാഭരണത്തിൽ മെത്രാപ്പോലീത്തയുടെ സഹായി. എങ്കിലും മാർ അബ്രാഹമിന്റെ സഹായിയായി ഫ്രാൻസിസ് റോസ് എന്ന ഈശോസഭാവൈദികനെ നിയമിക്കാൻ ഈ സൂനഹദോസ് തീരുമാനിച്ചു. സ്പെയിൻകാരനായ റോസിന് മലയാളഭാഷ അറിയാമായിരുന്നു. സുറിയാനിക്രിസ്ത്യാനികളുടെ ആരാധാനാമാദ്ധ്യമമായ സുറിയാനി പഠിക്കുന്നതിൽ മാർ അബ്രാഹം റോസിനെ സഹായിച്ചു. സൂനഹദോസിന്റെ തീരുമാനങ്ങളിൽ ചിലത് മാർ അബ്രാഹമിനെ അപമാനിക്കുന്നവയായിരുന്നു. അദ്ദേഹം നടത്തിയ വൈദികാഭിക്ഷേകങ്ങൾ നടപടിക്രമങ്ങൾ പിന്തുടരാത്തവയായിരുന്നെന്നും അതിനാൽ എല്ലാ വൈദികർക്കും വീണ്ടും പട്ടം കൊടുക്കണമെന്നുമുള്ള തീരുമാനം അത്തരത്തിലൊന്നായിരുന്നു.[൨] മനസ്സില്ലാമനസ്സോടെ ഇത്തരം തീരുമാനങ്ങളിൽ അദ്ദേഹത്തിനു ഒപ്പുവയ്ക്കേണ്ടി വന്നു.[4]

ഇക്കാലത്ത് കേരളത്തിലെത്തിയ മാർ ശിമയോൻ എന്ന നെസ്തോറിയൻ മെത്രാനെ തുരത്തുന്നതിൽ മാർ അബ്രാഹം ഈശോസഭക്കാരുമായി സഹകരിച്ചു. എന്നാൽ മാർ അബ്രാഹം പങ്കെടുത്ത ഗോവ സൂനഹദോസിന്റെ തീരുമാനങ്ങൾ ചിലത് നടപ്പാക്കാത്തതിന്റെ പേരിൽ ഈശോസഭക്കാർ അദ്ദേഹവുമായി പിണങ്ങി. ലത്തീൻ ആരാധനാവിധിയുടെ സുറിയാനിരൂപം കേരളത്തിൽ പ്രചരിപ്പിക്കുക, വൈദികർക്ക് ബ്രഹ്മചര്യം നിർബ്ബന്ധിതമാക്കുക തുടങ്ങിയ തീരുമാനങ്ങളോട് വൈമുഖ്യം കാട്ടിയതിനെതിരെ പരാതിപ്പെട്ട് ഈശോസഭക്കാർ മാർപ്പാപ്പയ്ക്ക് കത്തുകളെഴുതി. ഇതിനോട് മാർ അബ്രാഹം പ്രതികരിച്ചത് ഈശോസഭക്കാരുടെ വൈപ്പിക്കോട്ട സെമിനാരിയിൽ പഠിച്ചിറങ്ങിയവർക്ക് വൈദികപട്ടം കൊടുക്കാൻ വിസമ്മതിച്ചുകൊണ്ടാണ്.[5]

 
അങ്കമാലിയിൽ, മാർ അബ്രാഹം സ്ഥാപിച്ച വിശുദ്ധ ഹോർമിസിന്റെ പള്ളി (അങ്കമാലി കിഴക്കേപ്പള്ളി) അദ്ദേഹത്തിന്റെ സംസ്കാരസ്ഥാനവുമാണ്

1595 ജനുവരി 25-ന്, മാർ അബ്രാഹമിനെക്കുറിച്ചുള്ള പരാതിയിന്മേൽ അന്വേഷണത്തിന് ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ ഉത്തരവിറക്കി. ഗോവയിൽ കൊണ്ടുപോയി വിചാരണചെയ്യാനും കുറ്റം തെളിഞ്ഞാൽ തടവിൽ പാർപ്പിക്കാനുമായിരുന്നു കല്പന. എന്നാൽ അപ്പോഴേക്കും മാർ അബ്രാഹം വയോവൃദ്ധനും രോഗാതുരനുമായിരുന്നതിനാൽ ഈ തീരുമാനം നടപ്പാക്കാൻ കഴിഞ്ഞില്ല. പകരം, അദ്ദേഹത്തിന്റെ കാലശേഷം അങ്കമാലി രൂപതയിൽ താൽക്കാലിക ഭരണാധികാരിയെ (ആഡ്മിനിസ്ട്രേറ്റർ) നിയമിക്കാൻ ഗോവ മെത്രാപ്പോലീത്തയെ അധികാരപ്പെടുത്തുന്ന ഒരുത്തരവ് 1597 ജനുവരി 21-ന് മാർപ്പാപ്പ പുറപ്പെടുവിച്ചു. 1597-ൽ തന്നെ മാർ അബ്രാഹം മരിച്ചു. മാർപ്പാപ്പായുടെ ഉത്തരവനുസരിച്ച് മെത്രാപ്പോലീത്തയുടെ ഉപദേഷ്ടാവായിരുന്ന ഫ്രാൻസിസ് റോസിനെ അദ്ദേഹത്തിന്റെ സ്ഥാനത്ത് അഡ്മിനിസ്ട്രേറ്ററായി ആദ്യം നിയമിച്ചെങ്കിലും, ആ നിയമനത്തിനെതിരെയുള്ള പ്രതികരണങ്ങളുടെ തീക്ഷ്ണത കണ്ട്, അർക്കദ്യാക്കോൻ പദവിയിലുരുന്ന ഗീവർഗീസിനെ ചില വ്യവസ്ഥകളോടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.[5][4]

അങ്കമാലിയിൽ അദ്ദേഹം സ്ഥാപിച്ച വിശുദ്ധ ഹോർമിസിന്റെ പേരിലുള്ള കത്തോലിക്കാപ്പള്ളിയിലാണ്[൩] മാർ അബ്രാഹം മെത്രാപ്പോലീത്തയെ സംസ്കരിച്ചിരിക്കുന്നത്. അവിടെ പള്ളിയുടെ പുനരുദ്ധാരണനടപടികൾക്കിടെ അദ്ദേഹത്തിന്റെ ശവകുടീരം 2015 സെപ്തംബർ മാസത്തിൽ കണ്ടുകിട്ടി.[2][3][7]

വിലയിരുത്തൽ തിരുത്തുക

 
അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലുമായ മാർ അബ്രാഹം, ഒരു ചിത്രീകരണം

20-ആം നൂറ്റാണ്ടിൽ ഭാരതക്രിസ്തീയതയുടെ ചരിത്രമെഴുതിയ ആംഗ്ലിക്കൻ മെത്രാൻ സ്റ്റീഫൻ നീൽ, മാർ അബ്രാഹം മെത്രാപ്പോലീത്തയെ "നിഗൂഢതകളുടെ മാർ അബ്രാഹം" (The Mysterious Mar Abraham) എന്നു വിളിക്കുന്നു. അദ്ദേഹത്തിന്റെ നിയമനത്തിന്റേയും, നിലപാടുകളുടേയും, ഭരണത്തിന്റേയും പൂർണ്ണചിത്രം ലഭ്യമല്ല. രാഷ്ടീയമായും സഭാപരമായും ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ ഒരു ചരിത്രസന്ധിയിലായിരുന്നു അദ്ദേഹം കേരളത്തിലെ സുറിയാനിസഭയുടെ സാരഥിയായിരുന്നത്. തങ്ങളുമായുള്ള പെരുമാറ്റത്തിൽ മാർ അബ്രാഹം വളച്ചുകെട്ടും ആർജ്ജവക്കുറവും കാട്ടിയതായി പോർത്തുഗീസുകാർ പരാതിപ്പെട്ടിട്ടുണ്ട്. പ്രാർത്ഥനാമഞ്ജരികളെ നെസ്തോറിയൻ 'ശീശ്മ' മാറ്റി ശുദ്ധീകരിച്ചുകൊള്ളാമെന്ന വാഗ്ദാനം പാലിക്കാത്തതിനും, പ്രാർത്ഥനകളിൽ ബാബിലോണിലെ പാത്രിയർക്കീസിനെ ആഗോളസഭയുടെ തലവനെന്നു വിശേഷിപ്പിച്ചതിനുമൊക്കെ അവർ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. തന്റെ പ്രാഥമികവിശ്വസ്തത മൊസൂളിലെ പേർഷ്യൻ പാത്രിയർക്കീസിനോടാണു വേണ്ടതെന്നു കരുതിയ മാർ അബ്രാഹം, കേരളത്തിലെ സവിശേഷസാഹചര്യത്തിൽ റോമൻ കത്തോലിക്കാസഭാ നേതൃത്വവുമായും, ഈശോസഭക്കാരും പോർത്തുഗീസ് അധികാരികളുമായും മമതയിൽ കഴിയാൻ ശ്രമിച്ചു. പരസ്പരവിരുദ്ധമാകാവുന്ന ഈ ലക്ഷ്യങ്ങളുടെ മിശ്രണമാണ് ആർജ്ജവക്കുറവായി ചിലരെങ്കിലും വിലയിരുത്തിയത്. സുറിയാനിസഭയുടെ സ്വാതന്ത്ര്യം നിലനിർത്താനും, അതിന്റെ ലത്തീനീകരണത്തെ ചെറുക്കാനും അദ്ദേഹം ആവുന്നത്ര പരിശ്രമിച്ചു.

മാർ അബ്രാഹമിനെതിരെയുള്ള ചില വിമർശനങ്ങൾ കേരളത്തിലെ സവിശേഷസാഹചര്യങ്ങളിൽ കാണേണ്ടവയാണ്. വൈപ്പിക്കോട്ടസെമിനാരിയിലെ വൈദികാർത്ഥികൾക്കു പട്ടം കൊടുക്കാൻ വിസമ്മതിച്ചത്, പൂർണ്ണമായും ലത്തീനീകരിക്കപ്പെട്ട നവവൈദികർക്ക് കേരളത്തിലെ ഇടവകകളിൽ സ്വീകാര്യതയില്ല എന്ന ന്യായത്തിലാണ്. പോർത്തുഗീസുകാർ മാർ അബ്രാഹമിൽ വിശുദ്ധിവിപണനക്കുറ്റം (സിമൊണി/Simony) പോലും ആരോപിച്ചതായി ചൂണ്ടിക്കാട്ടുന്ന സ്റ്റീഫൻ നീൽ, കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവുകേടാണ് ആ അരോപണത്തിനു പിന്നിലെന്നു പറയുന്നു. പുരോഹിതന്മാരുടെ നിത്യവൃത്തിക്ക് യൂറോപ്യൻ സഭയിൽ വ്യവസ്ഥാപിതമായിരുന്ന ക്രമീകരണങ്ങളൊന്നും ("Manors for Bishops and Glebe land for Priests") കേരളത്തിൽ ഇല്ലായിരുന്നെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ ശുശ്രൂഷകളെ ശുശ്രൂഷകരുടെ ഉപജീവനവുമായി ബന്ധിപ്പിക്കുന്നതിൽ ന്യായമുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.[4]

കുറിപ്പുകൾ തിരുത്തുക

^ സൂനഹദോസിൽ പങ്കെടുക്കാതിരുന്ന മാർ അബ്രാഹമിനെ ന്യായീകരിച്ചുകൊണ്ട് കൊച്ചി രാജാവും മാർപ്പാപ്പാക്ക് കത്തെഴുതി. ആ കത്തിനെഴുതിയ സൗഹാർദ്ദപൂർണ്ണമായ മറുപടിയിൽ മാർപ്പാപ്പ, വൈകാതെ കൊച്ചിരാജാവും സത്യവിശ്വാസത്തിന്റെ ഉന്നതവും പരിദ്ധവുമായ സായൂജ്യം തിരിച്ചറിഞ്ഞ് ആ വിശ്വാസം സ്വീകരിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നു.[4]

^ അഭിക്ഷേകവേളയിൽ നവവൈദികർക്ക് കൊടുത്ത കാസയിൽ വീഞ്ഞ് ഇല്ലായിരുന്നു എന്ന കാരണത്തിലായിരുന്നു ഈ തീരുമാനം.[4]

^ ഏഴാം നൂറ്റാണ്ടിലെ അസീറിയൻ സന്യാസി, റബ്ബാൻ ഹോർമിസിന്റെ പേരിലാണ് ഈ ദേവാലയം സ്ഥാപിക്കപ്പെട്ടത്. എന്നാൽ 1599-ലെ ഉദയമ്പേരൂർ സൂനഹദോസ് റബ്ബാൻ ഹോർമിസിനെ നെസ്തോറിയൻ വീദവിപരീതം ആരോപിച്ച് ശപിച്ചതിനെ തുടർന്ന് അത് വിശുദ്ധ ഹോർമിസിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുകയാണുണ്ടായത്.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Archbishop Abraham [Catholic-Hierarchy]". Retrieved 2022-09-29.
  2. 2.0 2.1 "Tomb of State’s last Persian Chaldean bishop discovered", 2015 സെപ്തംബർ 20-ലെ ഹിന്ദു ദിനപത്രത്തിലെ വാർത്ത
  3. 3.0 3.1 "Discovery of Ancient Tomb Redefines History of Angamaly" Archived 2015-09-23 at the Wayback Machine. 2015 സെപ്തംബർ 21-ൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന വാർത്ത
  4. 4.0 4.1 4.2 4.3 4.4 4.5 Stephen Neill, A History of Christianity in India, the beginnings to Ad 1707(page 205-208)
  5. 5.0 5.1 5.2 സ്കറിയ സക്കറിയ, ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളുടെ ഓശാന പതിപ്പിനെഴുതിയ ഉപോദ്ഘാതം (പുറങ്ങൾ 37-40)
  6. കേരളത്തിൽ പാലാ രൂപതയിലെ പാഠപുസ്തകസമിതി അംഗീകരിച്ച്, കത്തോലിക്കാ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ വേദോപദേശത്തിന്റെ ഭാഗമാക്കിയിരുന്ന "തിരുസഭാചരിത്രസംഗ്രഹം" (1966-ൽ പാലായിലെ സെന്റ് തോമസ് പ്രസ്സിൽ അച്ചടിച്ചത്(പുറങ്ങൾ 86-87)
  7. "മാർ അബ്രാഹമിന്റെ 418 വർഷം പഴക്കമുള്ള കല്ലറ കണ്ടെത്തി" 2015 സെപ്തംബർ 20-നു മംഗളം പത്രത്തിൽ വന്ന വാർത്ത