കടുത്തുരുത്തി തളി മഹാദേവക്ഷേത്രം

കേരളത്തിൽ കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കടുത്തുരുത്തി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് കടുത്തുരുത്തി തളി മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള[1] ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവനെ കടുത്തുരുത്തി ഗ്രാമത്തിന്റെ ദേശനാഥാനായി കരുതിപോരുന്നു. ഖരമഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ട മൂന്നു ശിവലിംഗങ്ങളിൽ രണ്ടാമത്തേത് ഇവിടെയാണ്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമാണന്നു കരുതിപോരുന്നു. പുരാതനകേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. [2]. കിഴക്കോട്ട് ദർശനം നൽകി ശാന്തരൂപത്തിൽ വാഴുന്ന ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പാർവ്വതീദേവി ഭഗവാനോടൊപ്പം നിത്യസാന്നിദ്ധ്യം കൊള്ളുന്നു എന്നാണ് സങ്കല്പം. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭദ്രകാളി, വൈക്കത്തപ്പൻ, ഏറ്റുമാനൂരപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ നടക്കുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവവും, കുംഭമാസത്തിൽ വരുന്ന ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

കടുത്തുരുത്തി തളി മഹാദേവക്ഷേത്രം
കടുത്തുരുത്തി തളിക്ഷേത്രം
കടുത്തുരുത്തി തളിക്ഷേത്രം
കടുത്തുരുത്തി തളി മഹാദേവക്ഷേത്രം is located in Kerala
കടുത്തുരുത്തി തളി മഹാദേവക്ഷേത്രം
കടുത്തുരുത്തി തളി മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°30′5″N 76°35′5″E / 9.50139°N 76.58472°E / 9.50139; 76.58472
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കോട്ടയം
പ്രദേശം:കടുത്തുരുത്തി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം (ധനു), ശിവരാത്രി
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഐതിഹ്യം

തിരുത്തുക

കടുത്തുരുത്തി മതിൽക്കകം ഐതിഹ്യങ്ങളിലുമുറങ്ങുന്ന കഥകളാൽ മുഖരിതമാണ്. പലതും വർഷങ്ങളായി നാവുകളിലൂടെ പകർന്നുവന്നവയും, രേഖപ്പെടുത്താൻ വിട്ടുപോയവയുമാണ്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ മൂന്നു ശിവക്ഷേത്രങ്ങളും തമ്മിൽ ഏകദേശം ഒരേ അകലമാണുള്ളത്. അതിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ത്രേതായുഗത്തിൽ മാല്യവാൻ എന്ന രാക്ഷസതപസ്വിയിൽ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരൻ എന്ന അസുരൻ ചിദംബരത്തിൽ ചെന്ന് കഠിനതപസ്സു തുടങ്ങി. സന്തുഷ്ടനായ നാഥൻ ആവശ്യമായ വരങ്ങൾ നൽകി അനുഗ്രഹിച്ചു, അതിനൊപ്പം ശ്രേഷ്ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും നൽകി.

ഈ മൂന്നു ശിവലിംഗങ്ങളുമായി ഖരൻ യാത്രയാരംഭിച്ചു. ഇടയ്ക്ക് ശിവലിംഗങ്ങൾ ഭൂമിയിൽ വച്ച് വിശ്രമിച്ച ഖരന് പിന്നീടത് അവിടെ നിന്ന് ഇളക്കാൻ സാധിച്ചില്ല. മഹാതപസ്വിയായ വ്യാഘ്രപാദമഹർഷിയെ കണ്ടപ്പോൾ ശിവലിംഗങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ച് ഖരൻ മോക്ഷം നേടി. അന്ന് വലതു കൈകൊണ്ട് വച്ച ശിവലിംഗമാണ് ഇന്ന് വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. കഴുത്തിൽ ഇറുക്കി വച്ചിരുന്നത് കടുത്തുരുത്തിയിലും ഇടതു കയ്യിലേത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ചാരാധിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തിയാൽ കൈലാസത്തിൽ പോയി ശിവദർശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.

 
കടുത്തുരുത്തി തളി മഹാദേവക്ഷേത്രം

ചരിത്രം

തിരുത്തുക

ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം പതിനെട്ടു നാട്ടുരാജ്യങ്ങളായി ഖണ്ഡിക്കപ്പെടുകയും അതിലൊന്നായിരുന്നു വെമ്പൊലിനാട്.[3] ആദ്യം വിംബലന്മാരുടെ (പാണ്ഡ്യന്മാർ) ആധിപത്യത്തിൻ കീഴിലായിരുന്നതിനാലാണ് നാട്ടുരാജ്യത്തിന് വെമ്പൊലിനാട് എന്ന പേരു സിദ്ധിച്ചത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ കിടക്കുന്ന കായലിന് വെമ്പനാട്ടുകായൽ എന്ന പേരുണ്ടാകാനും കാരണമിതാണ് എന്നുകരുതുന്നു. [4] എ.ഡി. 1100-ൽ വെമ്പൊലിനാട് തെക്കുംകൂർ, വടക്കുംകൂർ എന്നു രണ്ടായി ഭിന്നിച്ചു. ഏറ്റുമാനൂരും, വൈക്കവും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗവും ഉൾപ്പെടുന്ന പ്രദേശമായിരുന്നു വടക്കുംകൂർ രാജ്യം. ഈ രാജ്യത്തിന്റെ തലസ്ഥാനം ആദ്യം കടുത്തുരുത്തിയും പിന്നീടു വൈക്കവുമായിരുന്നു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം ഹൈറേഞ്ച് ഇവ തെക്കുംകൂർ രാജ്യത്തിലായിരുന്നു. തെക്കുകൂറിന്റെ തലസ്ഥാനം ചങ്ങനാശ്ശേരിയും, തളിക്കോട്ടയും, മണികണ്ഠപുരവും ആയിരുന്നു. പിന്നീട് തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ വടക്കുംകൂർ ആക്രമിച്ച് കീഴടക്കുകയും ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമാക്കുകയും ഉണ്ടായി. അന്നുമുതൽ തിരുവിതാംകൂർ രാജഭരണത്തിലായിരുന്നു ഈ ക്ഷേത്രം. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുമായിമാറി.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കടുത്തുരുത്തിഗ്രാമത്തിനെക്കുറിച്ചും അവിടുത്തെ ദേശനാഥനെക്കുറിച്ചും പല പുരാണേതിഹാസങ്ങളിലും പരാമർശിച്ചുകാണുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലി ജീവിച്ചിരുന്ന വീരമാണിക്യത്ത് തറവാട് കടുത്തുരുത്തിയിലാണ് സ്ഥിതി ചെയ്തിരുന്നത്. ഉണ്ണുനീലി സന്ദേശത്തിൽ പല മഹാക്ഷേത്രങ്ങളേക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അതിൽ അവസാനഭാഗത്തു പ്രതിപാദിക്കുന്ന ക്ഷേത്രം ഇവിടുത്തെ തളി ശിവക്ഷേത്രമാണ്.[5]

ക്ഷേത്രനിർമ്മിതി

തിരുത്തുക
 
കടുത്തുരുത്തി നാലമ്പലം

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

കടുത്തുരുത്തി ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. എന്നാൽ ഭക്തർക്ക് വരാൻ കൂടുതൽ സൗകര്യം പടിഞ്ഞാറേ നടയിൽ നിന്നാണ്. കാരണം, എറണാകുളം-ഏറ്റുമാനൂർ സംസ്ഥാനപാത കടന്നുപോകുന്നത് ആ ഭാഗത്താണ്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഓഫീസുകൾ, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, അക്ഷയ സെന്റർ, വിവിധ കടകംബോളങ്ങൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ്. ക്ഷേത്രത്തിന്റെ മറ്റ് മൂന്നുഭാഗങ്ങളും ഇന്നും ഗ്രാമീണത്തനിമ പുലർത്തുന്നു. പ്രധാന വഴിയിൽ നിന്ന് വളരെ ഉയരെയായിട്ടാണ് ക്ഷേത്രം കാണപ്പെടുന്നത്. ക്ഷേത്രത്തിലേയ്ക്ക് കയറാൻ ഇവിടെ നിന്ന് ഏതാണ്ട് ഇരുപത് പടികളുണ്ട്.

അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ വിശേഷിച്ചൊന്നും കാണാനില്ല. വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം കെട്ടിപ്പൊക്കിയ സ്റ്റേജുണ്ട്. ഇത് ഇവിടെ വന്നിട്ട് അധികകാലമായിട്ടില്ല. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികളുണ്ടാകും. വടക്കുഭാഗത്ത് പ്രദക്ഷിണവഴിയ്ക്കകത്ത് വൈക്കത്തപ്പന്റെ ശ്രീകോവിൽ കാണാം. നല്ല വലിപ്പമുള്ള ചതുരശ്രീകോവിലാണിത്. ശിവഭക്തനായ ഒരു വടക്കുംകൂർ രാജാവാണ് ഇവിടെ വൈക്കത്തപ്പനെ പ്രതിഷ്ഠിച്ചത്. വൈക്കത്തേപ്പോലെ സാമാന്യത്തിലധികം വലിപ്പമുള്ള ശിവലിംഗമാണ് ഇവിടെയും. എന്നാൽ വൈക്കത്തേതിനേക്കാൾ അല്പം വലിപ്പം കുറവുമാണ്. കിഴക്കോട്ടാണ് ദർശനം. വൈക്കത്തപ്പന്റെ ശ്രീകോവിലിനടുത്ത് കിണർ കാണാം. വടക്കുകിഴക്കുഭാഗത്ത് പ്രത്യേകം തീർത്ത തറയിൽ പടിഞ്ഞാറോട്ട് ദർശനമായി നാഗദൈവങ്ങളുടെയും തൊട്ടടുത്തുതന്നെ ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകളുണ്ട്. പതിവുപോലെ മേൽക്കൂരയില്ലാത്ത തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ബ്രഹ്മരക്ഷസ്സിന് ശ്രീകോവിലുണ്ട്. ഇവ കടന്നിട്ടാണ് ദർശനവശമായ കിഴക്കുഭാഗത്തെത്തുന്നത്.

കിഴക്കേ നടയിൽ പണിതിട്ടുള്ള ആനക്കൊട്ടിൽ സാമാന്യം വലുതാണ്. ഇവിടെയാണ് വിവാഹം, ചോറൂൺ, തുലാഭാരം, അടിമ കിടത്തൽ തുടങ്ങിയവയ്ക്കുള്ള സൗകര്യമുള്ളത്. ക്ഷേത്രത്തിൽ ഭജന നടത്തുന്നതും ഇവിടെയാണ്. ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന കൊടിമരമുള്ളത്. മുമ്പ് ഇവിടെയുണ്ടായിരുന്ന ചെമ്പുകൊടിമരം 2022-ൽ മാറ്റിയ ശേഷമാണ് ഇപ്പോഴത്തെ സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചത്. കൊടിമരത്തിനപ്പുറമാണ് ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ബലിക്കല്ല് അതിന്റെ യഥാർത്ഥ രൂപത്തിൽ തന്നെ സ്ഥിതിചെയ്യുന്നതാണ് ഇവിടത്തെ ഒരു പ്രത്യേകത. അതും കഴിഞ്ഞാൽ ഒരു കെടാവിളക്കും അതിനുപുറകിൽ നന്ദിപ്രതിഷ്ഠയുമുണ്ട്.

മതിലകത്ത് തെക്കുകിഴക്കേമൂലയിൽ മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിൽ കാണാം. ഇത് ക്ഷേത്രത്തിലെ ഭഗവതിപ്രതിഷ്ഠയാണ്. പടിഞ്ഞാറോട്ടാണ് ദർശനം. വൈക്കത്തെ പനച്ചിക്കൽ ഭഗവതിയുടേതുപോലെ വനദുർഗ്ഗ, ഭദ്രകാളി, യക്ഷി എന്നീ ഭാവങ്ങളിലാണ് ഇവിടെ ആരാധന നടത്തപ്പെടുന്നത്. വളരെ ചെറിയൊരു കണ്ണാടിബിംബവും അതിനടുത്ത് ഒരു വിളക്കുമാണ് കാണപ്പെടുന്നത്. തെക്കുഭാഗത്ത്, വൈക്കത്തപ്പന്റെ ശ്രീകോവിലിന്റെ എതിർദിശയിൽ മുഖപ്പോടുകൂടി ഏറ്റുമാനൂരപ്പന്റെ ശ്രീകോവിലുണ്ട്. വൈക്കത്തപ്പനെ പ്രതിഷ്ഠിച്ച അതേ വടക്കുംകൂർ രാജാവാണ് ഏറ്റുമാനൂരപ്പനെയും പ്രതിഷ്ഠിച്ചത്. ഏകദേശം മൂന്നരയടി ഉയരം വരുന്ന ശിവലിംഗമാണ് ഇവിടെ. പടിഞ്ഞാറോട്ടാണ് ദർശനം. ഏറ്റുമാനൂരപ്പന്റെ ശ്രീകോവിലിന് അഭിമുഖമായി മറ്റൊരു ശ്രീകോവിലിൽ അയ്യപ്പന്റെ പ്രതിഷ്ഠയുമുണ്ട്. ഈ ശ്രീകോവിലിന്റെ മുന്നിലുള്ള മുഖപ്പിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഈ ശ്രീകോവിലുകൾക്കടുത്താണ് ദേവസ്വം ഓഫീസും മറ്റ് സ്ഥാപനങ്ങളുമുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു മേജർ ദേവസ്വമാണ് കടുത്തുരുത്തി ദേവസ്വം.

ശ്രീകോവിൽ

തിരുത്തുക

രണ്ടുനിലകളോടുകൂടിയ വലിയ ചതുരശ്രീകോവിലാണ് കടുത്തുരുത്തിയിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഏകദേശം നൂറടി ഉയരം വരും. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നടിയോളം ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മൂന്നമ്പലങ്ങളിലെ ഏറ്റവും ചെറിയ ശിവലിംഗമാണിത്. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിട്ടുണ്ടാകും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീ കടുത്തുരുത്തിയിലപ്പൻ, ശിവലിംഗമായി കുടികൊള്ളുന്നു.

വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളിൽ നിന്ന് വ്യത്യസ്തമായ ആകൃതി പുലർത്തുന്നു എന്നതിനൊപ്പം തന്നെ അവയുമായി നോക്കുമ്പോൾ തീർത്തും നിരാർഭാടമായ നിർമ്മിതിയാണ് കടുത്തുരുത്തിയിലെ ശ്രീകോവിൽ എന്നത് വ്യക്തമാണ്. വെള്ളപൂശിയ ഭിത്തിയാണ് ശ്രീകോവിലിന്റേത്. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലങ്കരിയ്ക്കുന്നില്ല. വടക്കുവശത്ത്, മനോഹരമായി ഓവ് പണിതിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ, ഓവിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. ഓടുമേഞ്ഞ നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ പണിതിട്ടുണ്ട്. തെക്കേ വാതിൽമാടം വിശേഷാൽ പൂജകൾക്കും ഹോമങ്ങൾക്കും ഉപയോഗിയ്ക്കുന്നു. വടക്കേ വാതിൽമാടം ഭജനകൾക്കും വാദ്യമേളങ്ങൾക്കുമുള്ള സ്ഥലമാണ്. നാലമ്പലത്തിന്റെ തെക്കുകിഴക്കുഭാഗത്ത് നിവേദ്യമുണ്ടാക്കാൻ തിടപ്പള്ളി പണിതിട്ടുണ്ട്. നിവേദ്യമുണ്ടാക്കുന്ന സമയത്ത് ഇതിനടുത്ത് നിൽക്കുമ്പോൾ നിവേദ്യവസ്തുവിന്റെ മണം പരക്കുന്നത് തിരിച്ചറിയാൻ കഴിയും. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും കാണാം. ഇതിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് ഭഗവാന് അഭിഷേകവും നിവേദ്യവും നടത്തുന്നത്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം മുറിയിൽ കിഴക്കോട്ട് ദർശനമായി ഗണപതിപ്രതിഷ്ഠയുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിലെ ഉപദേവതകളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഈ ഗണപതിയ്ക്കാണ്. ഇത് മുമ്പ് തമിഴ് ബ്രാഹ്മണരുടെ വകയായിരുന്നെന്നും പിന്നീട് ഇങ്ങോട്ട് സമർപ്പിച്ചതാണെന്നും ഐതിഹ്യമുണ്ട്. ഗണപതിയ്ക്ക് ഒറ്റയപ്പം നേദിയ്ക്കുന്നത് പ്രധാന വഴിപാടാണ്.

നമസ്കാരമണ്ഡപം

തിരുത്തുക

പ്രധാന പ്രതിഷ്ഠ

തിരുത്തുക

ശ്രീ തളിയിലപ്പൻ (ശിവൻ)

തിരുത്തുക

ഉപദേവതകൾ

തിരുത്തുക

അയ്യപ്പൻ

തിരുത്തുക

ഭദ്രകാളി/യക്ഷി

തിരുത്തുക

വൈക്കത്തപ്പൻ

തിരുത്തുക

ഏറ്റുമാനൂരപ്പൻ

തിരുത്തുക

നാഗദൈവങ്ങൾ

തിരുത്തുക

ബ്രഹ്മരക്ഷസ്സ്

തിരുത്തുക

വിശേഷങ്ങൾ

തിരുത്തുക

തിരുവുത്സവം

തിരുത്തുക

തളിയിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം ധനുമാസത്തിലെ തിരുവാതിര നക്ഷത്രം ആറാട്ട് വരത്തക്കവണ്ണം പത്തുനാൾ ആഘോഷിക്കുന്നു. തളിലപ്പന്റെ ആറാട്ട് നടക്കുന്നത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ്. ആറാട്ട് കഴിഞ്ഞ് ഭഗവാന്റെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളുമ്പോൾ ക്ഷേത്രാങ്കണത്തിൽ തിരുവാതിരകളി അരങ്ങേറാറുണ്ട്. അന്നേ ദിവസമാണ് ധനുമാസത്തിലെ പൂത്തിരുവാതിര.

  • ശിവരാത്രി

പൂജാവിധികൾ

തിരുത്തുക

വെളുപ്പിന് 4:30 ന് പള്ളിയുണർത്തൽ 5:00 മണിക്ക് നടതുറപ്പ്, നിർമ്മാല്യദർശനം, 6:00 ന് ഉഷഃപൂജ 7:00 ന് എതൃത്തപൂജ 7:30 ന് എതൃത്ത ശ്രീബലി 8:30 ന് പന്തീരടി പൂജ 10:00 ന് ഉച്ചപൂജ 11:30 ന് ഉച്ച ശ്രീബലി വൈകുന്നേരം 5:00 ന് നടതുറപ്പ് 6:30 ന് ദീപാരാധന 7:00 ന് അത്താഴ പൂജ, ശ്രീബലി

ക്ഷേത്രതന്ത്രം

തിരുത്തുക

കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലെ തന്ത്രം മനയത്താറ്റ് ഇല്ലത്തിനു നിക്ഷിപ്തമാണ്.

ഇതും കാണുക

തിരുത്തുക

ക്ഷേത്രത്തിൽ എത്തിചേരാൻ

തിരുത്തുക

റോഡ്
ഏറ്റുമാനൂർ-എറണാകുളം റോഡിൽ കടുത്തുരുത്തി ജംഗ്ഷനിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ ക്ഷേത്രഗോപുരം റോഡിൽ നിന്നുംതന്നെ കാണാൻ സാധിക്കും.

റെയിൽവേ
പ്രധാന റെയിൽവേസ്റ്റേഷൻ, കോട്ടയം ആണ്, ഏകദേശം 25 കിലോമീറ്റർ ദൂരെയാണ്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നും യാത്രചെയ്യാവുന്നതാണ്.

എയർപോർട്ട്
ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി)

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-01-07.
  4. ചേരസാമ്രാജ്യം ഒൻപതും പത്തും നൂറ്റാണ്ടിൽ: ഇളംകുളം കുഞ്ഞൻ പിള്ള
  5. ഉണ്ണുനീലി സന്ദേശം ചരിത്ര ദൃഷ്ടിയിൽകൂടി: ഇളംകുളം കുഞ്ഞൻപിള്ള