ഒന്നാം കേരളനിയമസഭ

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം അധികാരത്തിൽ വന്ന ആദ്യ നിയമസഭ
(ഒന്നാം കേരള നിയമസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന ആദ്യ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു ഒന്നാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1957 മാർച്ച് പതിനാറിനാണ് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. ഒന്നാം കേരള നിയമസഭ രൂപം കൊള്ളുന്നതിനു മുൻപ് കേരളസംസ്ഥാനം രാഷ്ട്രപതിയുടെ ഭരണത്തിൻ കീഴിലായിരുന്നു.

ആദ്യ പൊതുതിരഞ്ഞെടുപ്പ്

തിരുത്തുക

ഒന്നാം കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു. തിരഞ്ഞെടുപ്പ് 126 സീറ്റുകളിലായാണ് നടന്നത്, ഇതിൽ പതിനൊന്നെണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. 114 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഈ തിരഞ്ഞെടുപ്പിൽ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു. സി.പി.ഐ, കോൺഗ്രസ്, പി.എസ്.പി, ആർ.എസ്.പി. എന്നീകക്ഷികളായിരുന്നു പ്രധാനമായും മത്സരരംഗത്തുണ്ടായിരു।ന്നത്. ആകെ 550 പേർ നാമനിർദ്ദേശ പത്രിക നൽകിയിരുന്നു, ഇതിൽ 114എണ്ണം തിരസ്കരിച്ചു, ബാക്കി 406പേരാണ് നിയമസഭയിലേക്ക് മത്സരരംഗത്തുണ്ടായിരുന്നത്. 7,514,626 വോട്ടർമാരിൽ 5,837,577 പേർ വോട്ട് ചെയ്തിരുന്നു(65.49%). 60 സീറ്റുകളിൽ വിജയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. മഞ്ചേശ്വരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായിരുന്ന എം. ഉമേഷ് റാവു എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡബ്ല്യൂ.എച്ച്. ഡിക്രൂസാണ് ഒന്നാം കേരള നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമാജികൻ[1].

ഒരോ കക്ഷികൾക്കും ലഭിച്ച സീറ്റുകളുടെ നില ചുവടെ പട്ടികയിൽ കൊടുത്തിരിക്കുന്നു[2].

നമ്പർ പാർട്ടി മത്സരിച്ചത് വിജയിച്ചത് ലഭിച്ച വോട്ടുകൾ വോട്ട് % മത്സരിച്ച് സീറ്റുകളിലെ വോട്ട്%
1 സി.പി.ഐ 100 60 2059547 35.28% 40.57%
2 കോൺഗ്രസ് 124 43 2209251 37.85% 38.10%
3 പി.എസ്.പി 62 9 628261 10.76% 17.48%
4 ആർ.എസ്.പി. 28 0 188553 3.23% 11.12%
5 സ്വതന്ത്രർ 75 14 751965 12.88% 22.81%

ഒൻപത് വനിതകൾ മത്സരിച്ചതിൽ ആറുപേർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.I

പ്രധാന അംഗങ്ങൾ

തിരുത്തുക

അംഗങ്ങൾ

തിരുത്തുക

[3]

മന്ത്രിസഭ

തിരുത്തുക

1957 മാർച്ച് 16ന് സഭയിലെ 127 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. കമ്മ്യൂണിസ്റ്റ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച അഞ്ചുപേർ (വി.ആർ.കൃഷ്ണയ്യർ (തലശ്ശേരി), എ.ആർ.മേനോൻ (തൃശ്ശൂർ), വി.രാമകൃഷ്ണപിള്ള, ജോൺ കൊടുവാക്കോട്, പി.കെ. കോരു (ഗുരുവായൂർ))[4] കൂടി നിയമസഭയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേരുകയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്തത്തിൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്തു. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത്[5]. 28 മാസം അധികാരത്തിൽ നിന്നിരുന്ന ഒന്നാം മന്ത്രിസഭയിൽ 175 ദിവസം സഭ സമ്മേളിച്ചിരുന്നു. ആർ. ശങ്കരനാരായണൻ തമ്പിയായിരുന്നു നിയമസഭാ സ്പീക്കർ. കെ.ഒ. അയിഷാഭായി ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞചെയ്തത് റോസമ്മ പുന്നൂസ് ആയിരുന്നു[6].ഈ കാലയളവിൽ സഭ 97 ബില്ലുകൾ പാസ്സാക്കി ഇതിൽ പ്രധാനപ്പെട്ടവ ഭൂപരിഷ്കരണ നിയമവും, വിദ്യാഭ്യാസ ബില്ലുമായിരുന്നു[7]. ഭരണപക്ഷത്തെ പ്രമുഖർ ഇ.എം.എസ്, സി. അച്യുതമേനോൻ, ടി.വി. തോമസ്, കെ.ആർ. ഗൗരി, വി.ആർ. കൃഷ്ണയ്യരും, പ്രതിപക്ഷത്തെ പ്രമുഖർ പട്ടം താണുപിള്ളയും, പി.ടി. ചാക്കോയുമായിരുന്നു.

മന്ത്രിമാരും വകുപ്പുകളും

തിരുത്തുക
 
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ അംഗങ്ങൾ, ഇടത്തു നിന്ന്: ടി.എ. മജീദ്‌, വി.ആർ. കൃഷ്ണയ്യർ, കെ.പി. കുഞ്ഞിക്കണ്ണൻ , ടി.വി. തോമസ്, എ.ആർ മേനോൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ, കെ.ആർ. ഗൗരി, ജോസഫ് മുണ്ടശ്ശേരി,കെ.സി. ജോർജ്ജ്‌, പി.കെ. ചാത്തൻ

1957 ഏപ്രിൽ 5ന് ഇ.എം.എസിന്റെ നേതൃത്തത്തിൽ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ മുഖ്യമന്ത്രിയുൾപ്പടെ പതിനൊന്നംഗങ്ങളുണ്ടായിരുന്നു. ഈ മന്ത്രിസഭയുടെ കാലാവധി അവസാനിച്ചത് 1959 ജൂലൈ 31ന് രാഷ്ട്രപതി ഒന്നാം കേരള നിയമസഭ പിരിച്ചു വിട്ടതോടെയാണ്.

ക്രമം മന്ത്രിയുടെ പേര് വകുപ്പുകൾ
1 ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി
2 സി. അച്യുതമേനോൻ ധനകാര്യം
3 ടി.വി. തോമസ് ഗതാഗതം, തൊഴിൽ
4 കെ.സി. ജോർജ്ജ്‌ ഭക്ഷ്യം, വനം
5 കെ.പി. കുഞ്ഞിക്കണ്ണൻ വ്യവസായം
6 ടി.എ. മജീദ് പൊതുമരാമത്ത്‌
7 പി.കെ. ചാത്തൻ തദ്ദേശ സ്വയംഭരണം
8 ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസം, സഹകരണം
9 കെ.ആർ. ഗൗരിയമ്മ റവന്യൂ, ഏക്സൈസ്‌
10 വി.ആർ. കൃഷ്ണയ്യർ അഭ്യന്തരം, നിയമം, വിദ്യുച്ഛക്തി
11 എ.ആർ മേനോൻ ആരോഗ്യം

വിമോചന സമരം

തിരുത്തുക
പ്രധാന ലേഖനം: വിമോചന സമരം

കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും സർക്കാരിനെതിരെ ആരംഭിച്ച രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു വിമോചന സമരം. 1958ലാണ് വിമോചന സമരം ആരംഭിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്ലായിരുന്നു ഈ വിമോചന സമരത്തിനു കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിക്കുന്ന വിപ്ലവകരമായ കാര്യങ്ങൾ ഈ ബില്ലിൽ ഉണ്ടായിരുന്നു. അന്ന് കേരളത്തിലെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും കത്തോലിക്കാ സഭയുടെയും എൻ.എസ്.എസ്-ന്റെയും നിയന്ത്രണത്തിലായിരുന്നു. വിമോചന സമരത്തിന്റെ ഫലമായി ഇ.എം.എസ്. മന്ത്രിസഭയെ 1959 ജൂലൈ 31-നു പിരിച്ചുവിടുകയും സംസ്ഥാനത്ത് ഭരണഘടനയുടെ 356-ആം വകുപ്പ് അനുസരിച്ച് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുകയും ചെയ്തു.

ഇതും കാണുക

തിരുത്തുക
  1. കേരള നിയമസഭ ഔദ്യോഗിക വെബ് വിലാസം ഒന്നാം കേരള നിയമസഭ സാമാജികർ
  2. ഒന്നാം കേരളനിയമസഭ - കക്ഷിനില കേരള സർക്കാർ
  3. ഒന്നാം കേരള നിയമസഭാംഗങ്ങളുടെ വിവരങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ - 1957 നിയമസഭാ തിരഞ്ഞെടുപ്പ് - പി.ഡി.എഫ്
  4. സി.സരിത്‌. "ബ്രണ്ണന്റെ കോരു കേരള നിയമസഭയുടെ ആദ്യ അംഗം" (in ഇംഗ്ലീഷ്). Archived from the original on 2021-09-23. Retrieved 2020-12-01.
  5. 1957 ലെ കേരള മന്ത്രിസഭ
  6. ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും.മതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട് വർഷം 2009. പുറം 25.
  7. ഒന്നാം കേരള മന്ത്രിസഭ - ഭരണപരിഷ്കാരങ്ങൾ
"https://ml.wikipedia.org/w/index.php?title=ഒന്നാം_കേരളനിയമസഭ&oldid=3898761" എന്ന താളിൽനിന്ന് ശേഖരിച്ചത്