ഒരു ഇന്ത്യൻ പത്രപ്രവർത്തകയും സാമൂഹിക പ്രവർത്തകയും സ്വാതന്ത്ര്യ സമര സേനാനിയും ഇസ്ലാമിക് ഫെമിനിസ്റ്റും പത്ര എഡിറ്ററും പ്രസാധകയുമായിരുന്നു എം. ഹലീമാബീവി (1918-2000).[1] [2][3] കേരളത്തിലെ മൂന്ന് വനിതാ ആനുകാലികങ്ങളുടെയും ഒരു പൊതു മാസികയുടെയും ഉടമസ്ഥ എന്ന അതുല്യമായ സ്ഥാനം അവർക്കുണ്ട്. തിരുവല്ല മുസ്ലിം മഹിളാ അസോസിയേഷൻ പ്രസിഡന്റും മുസ്ലിം മജ്‌ലിസിന്റെ സജീവ പ്രവർത്തകയുമായിരുന്നു ഹലീമ ബീവി. [4]

ഹലീമാബീവി
ഹലീമാബീവി
ദേശീയതഇന്ത്യൻ
തൊഴിൽപത്രാധിപർ
അറിയപ്പെടുന്നത്ഭാരതചന്ദ്രിക

1938 നും 1945 നും ഇടയിൽ കേരളത്തിലെ തിരുവല്ലയിൽ മുനിസിപ്പൽ കൗൺസിലറായി പ്രവർത്തിച്ച അവർ ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മുസ്ലീം വനിതയായിരുന്നു. സാമൂഹിക-രാഷ്ട്രീയരംഗങ്ങളിലും അവർ സജീവമായി ഇടപെട്ടിരുന്നു.

ജീവിതരേഖ

തിരുത്തുക

1918ൽ അടൂരിൽ പീർ മുഹമ്മദ് സാഹിബിന്റെയും മൈതീൻബീവിയുടെയും മകളായി ജനിച്ചു. പിതാവ് വളരെ ചെറുപ്പത്തിലേ മരിച്ചു. ഏഴു മക്കളുടെ മാതാവായ മൈതീൻബീവി സമുദായത്തിന്റെ എതിർപ്പുകൾ അവഗണിച്ചു കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം നൽകി. അടൂർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 17ാം വയസ്സിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും വക്കം മൌലവിയുടെ ശിഷ്യനുമായ കെ.എം. മുഹമ്മദ് മൗലവിയെ വിവാഹം ചെയ്തു[3][5]. പെരുമ്പാവൂരിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന അൻസാരി മാസികയുടെ പത്രാധിപരായിരുന്നു അദ്ദേഹം. ഏഴാം ക്ലാസ് വിദ്യാഭ്യാസമുണ്ടായിരുന്ന ഹലീമാബീവി ഭർത്താവിന്റെ സഹായത്തോടെയാണ് പത്രപ്രവർത്തനത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്.

1938ൽ തിരുവല്ലയിൽനിന്നു ഹലീമാബീവി മാനേജിങ് എഡിറ്ററായി മുസ്ലിം വനിത (1938) എന്ന പേരിൽ ഒരു മാസിക ആരംഭിച്ചു[3]. പത്രാധിപ, ലേഖിക, പ്രിന്റർ, പബ്ലിഷർ, കമ്പോസർ തുടങ്ങിയ ഉത്തരവാദിത്തങ്ങളെല്ലാം ഒരേ സമയം നിർവഹിച്ചുകൊണ്ട് അവർ ഈ രംഗത്തു പിടിച്ചു നിൽക്കാൻ ശ്രമിച്ചത്. യാഥാസ്ഥിതിക വിഭാഗത്തിന്റെ ശക്തമായ എതിർപ്പുകളും സാമ്പത്തിക പ്രയാസങ്ങളെയും തുടർന്ന് പത്തുമാസത്തിനുശേഷം മാസിക നിർത്തേണ്ടിവന്നു[3]. ഭാരത ചന്ദ്രിക ആഴ്ചപ്പതിപ്പ് (1946), ഭാരത ചന്ദ്രിക ദിനപത്രം, ആധുനിക വനിത (1970)[5] എന്നിവ പുറത്തിറക്കുകയുണ്ടായി. 1970ൽ ആധുനിക വനിതയെന്ന പേരിൽ മാസിക വീണ്ടും ആരംഭിച്ചു. മാപ്പിള റിവ്യൂവിന്റെ പ്രസിദ്ധീകരണത്തിൽ പങ്കാളിയാവുകയും ചെയ്തു.

ഭാരതചന്ദ്രിക

തിരുത്തുക
 
വനിതാ മാസിക (സെപ്റ്റംബർ 1944) കവർ പേജ്

1938-ൽ പതിനെട്ടാം വയസ്സിൽ അവർ മുസ്ലീം വനിത ആരംഭിച്ചു. തിരുവല്ലയിൽ നിന്ന് അച്ചടിച്ച് തുടങ്ങിയ അതിൻറെ പ്രസാധനം പിന്നീട് കൊടുങ്ങല്ലൂരിലേക്ക് മാറ്റി. പ്രാദേശിക മുസ്ലീങ്ങൾക്കിടയിലെ യാഥാസ്ഥിതിക ഗ്രൂപ്പുകളുടെ എതിർപ്പും സാമ്പത്തിക കുറവും കാരണം മാസിക നിർത്തേണ്ടി വന്നു.

1946ൽ ഹലീമാബീവി മാനേജിങ് ഡയറക്ടറായി ഭാരതചന്ദ്രിക എന്ന പേരിൽ ഒരു ആഴ്ചപ്പതിപ്പിനു രൂപം നൽകി. സാഹിത്യവിഷയങ്ങൾക്കായിരുന്നു ആഴ്ചപ്പതിപ്പിൽ മുൻതൂക്കം നൽകിയിരുന്നത്. പത്രത്തിലും ആഴ്ചപ്പതിപ്പിലും വൈക്കം മുഹമ്മദ് ബഷീർ, ബാലാമണി അമ്മ, പി.കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, ജി.ശങ്കരക്കുറുപ്പ്, എം.പി. അപ്പൻ, പി.കുഞ്ഞിരാമൻ നായർ, ഒ.എൻ.വി. കുറുപ്പ്, എസ്. ഗുപ്തൻ നായർ തുടങ്ങിയപ്രമുഖർ സബ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ചങ്ങമ്പുഴ, ബാലാമണിയമ്മ, ഗുപ്തൻ നായർ, ഒ.എൻ.വി. കുറുപ്പ്, പി.എ. സെയ്തുമുഹമ്മദ് തുടങ്ങിയവരെല്ലാം ആഴ്ചപ്പതിപ്പിലെ എഴുത്തുകാരായിരുന്നു. ബഷീറിന്റെ നീലവെളിച്ചം, വിശുദ്ധരോമം, പാത്തുമ്മയുടെ ആട് എന്നിവയൊക്കെ ആദ്യം പ്രസിദ്ധീകരിച്ചുവന്നത് ഭാരതചന്ദ്രികയിലാണ്. [6]

ഒരു വർഷത്തിനു ശേഷം വാരിക ദിനപത്രമാക്കി. ഭാരതചന്ദ്രിക ദിനപത്രമാക്കി മാറ്റിയതോടെ അത് സാമ്പത്തിക പ്രതിസന്ധിയിലായി.  അതേ സമയം, അവർ വനിതാ മാസികയായ വനിത (1944) ആരംഭിച്ചിരുന്നു. 1970-ൽ ആധുനിക വനിതാ എന്ന പേരിൽ മറ്റൊരു മാസിക തുടങ്ങി. [7] ഈ മാസികയും വിജയിച്ചില്ല.

തിരുവിതാംകൂറിൽ സർ സി.പി.യുടെ ഭരണത്തെ നഖശിഖാന്തം എതിർത്തു. സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുയർത്തിയ പത്രത്തെ വരുതിയിലാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നു ഭീഷണികളും പ്രലോഭനങ്ങളുമുണ്ടായി. തുടർന്ന് അറബി മുൻഷിയായിരുന്ന ഭർത്താവ് കെ.എം. മുഹമ്മദ് മൗലവിയുടെ ടീച്ചിങ് ലൈസൻസ് സർക്കാർ റദ്ദാക്കി. സിംഗപ്പൂരിലെ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ പുതിയ പ്രസ് വാങ്ങി. അതിനുവേണ്ടി പെരുമ്പാവൂരിലെ വീടും പുരയിടവും വിറ്റു. മലയാള മനോരമ കണ്ടുകെട്ടിയപ്പോൾ കെ.സി. മാമ്മൻ മാപ്പിളയ്ക്കു വേണ്ടി ലഘുലേഖകൾ അടിച്ചുകൊടുത്തത് ഈ പ്രസ്സിൽ നിന്നായിരുന്നു.

അൽ മനാർ മാസികയിൽ ഇസ്‌ലാമുമായി ബന്ധപ്പെട്ട ലേഖനങ്ങൾ അവർ സംഭാവന ചെയ്യാറുണ്ടായിരുന്നു.

സാമൂഹിക-രാഷ്ട്രീയരംഗങ്ങളിൽ

തിരുത്തുക

ഗ്രാമത്തിൽ മതപ്രബോധനം നടക്കുമ്പോൾ ഒരു മതപണ്ഡിതൻ ഇസ്ലാം നൽകുന്നതിൽ നിന്നും വിഭിന്നമായി വിദ്യാഭ്യാസത്തിന് സ്വന്തം നിർവചനം നൽകി. ഹലീമ ബീവിയും സുഹൃത്തുക്കളും സദസ്സിൽ നിന്ന് എഴുന്നേറ്റു നിന്ന് പണ്ഡിതനെ ചോദ്യം ചെയ്യുകയും അവൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞ് കുറച്ച് സ്ത്രീകളോടൊപ്പം ഇറങ്ങുകയും ചെയ്തു. ഇസ്ലാം മതം വൃത്തിയായി പ്രസംഗിക്കാൻ കഴിയുന്നവരെക്കൊണ്ട് അടുത്ത ദിവസം അതേ സ്ഥലത്ത് പ്രസംഗിപ്പിക്കുമെന്ന് പോകുന്നതിന് മുമ്പ് ബീവി വെല്ലുവിളിച്ചു.[8] അടുത്ത ദിവസം മുതൽ കെ.എം.മുഹമ്മദ് മൗലവി, അസ്ലം മൗലവി, എം.അബ്ദുൾ സലാം ഐ.എ.എസ്., തുടങ്ങിയവർ പ്രസംഗിച്ചു. [8] ഹലീമ ബീവിയുടെ ജീവിതത്തിലെ ഈ സംഭവം കേരള മുസ്ലീം ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തി. [8]

‘അഖില തിരുവിതാംകൂർ മുസ്ലിം വനിതാ സമ്മേളനം’ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു പ്രവ്ര‍ത്തിച്ചു. കേരള നദ്വത്തുൽ മുജാഹിദീന്റെ കീഴിൽ നടത്തപ്പെട്ട കൊച്ചിൻ വനിതാ സമ്മേളന സംഘാടകയെന്ന നിലയ്ക്കും അധ്യക്ഷയെന്ന നിലയ്ക്കും പ്രവർത്തിച്ചു. വിമോചനസമരത്തിൽ സജീവമായിരുന്നു. അഞ്ചു വർഷം തിരുവല്ല മുനിസിപ്പൽ കൌൺസിലറായും പ്രവർത്തിച്ചു[3].

തിരുവിതാംകൂർ മുസ്‌ലിം മഹിളാ സമാജം

തിരുത്തുക

1938-ൽ തിരുവല്ലയിൽ സംഘടിപ്പിച്ച കേരള ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിതാ സമ്മേളനത്തിലാണ് അഖില തിരുവിതാംകൂർ മുസ്‌ലിം മഹിളാ സമാജം[9] രൂപീകരിക്കപ്പെട്ടത്. ഹലീമാബീവിയുടെയും മറ്റും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ്തുത സമ്മേളനവും സംഘടനയും അന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. തിരുവിതാംകൂറിൽ ആദ്യമായി ഹിന്ദിരാഷ്ട്ര ഭാഷാ വിശാരദ് പരീക്ഷ പാസായ മൈതീൻ ബീവിക്കും, ആദ്യമായി വൈദ്യശാസ്ത്ര ബിരുദം നേടിയ ഡോ. അബ്ഷാ മരയ്ക്കാറിനും തിരുവിതാംകൂർ സർക്കാർ സർവീസിൽ ജോലി നൽകണമെന്നും സമ്മേളനം സർക്കാറിനോട് അഭ്യർഥിക്കുകയുണ്ടായി. 200-ഓളം സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു സമ്മേളനം നടത്താൻ അക്കാലത്ത് ഹലീമാബീവിക്ക് സാധിച്ചു[10]. സമ്മേളനത്തെ തുടർന്ന് തിരുവല്ല കേന്ദ്രമാക്കി രൂപംകൊണ്ട വനിതാ സമാജത്തിന്റെ ആദ്യ പ്രസിഡന്റും ഹലീമാബീവിയായിരുന്നു. തിരുവല്ലയിൽ സമാജത്തിന്റെ ഓഫീസ് സജീവമായി പ്രവർത്തിച്ചിരുന്നതിനാൽ അവിടെ പലപ്പോഴായി വനിതാ സമ്മേളനങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. മൂന്ന് വർഷത്തോളം സമാജം നന്നായി പ്രവർത്തിക്കുകയുണ്ടായി. സമാജം, മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകി. പെൺകുട്ടികളെ സ്‌കൂളിലയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചു, താഴ്ന്ന ക്ലാസുകളിലെ നിർധന വിദ്യാർഥിനികൾക്ക് ധനസഹായം നൽകി, ഉയർന്ന ക്ലാസുകളിലെ പെൺകുട്ടികൾക്ക് മുസ്‌ലിം പ്രമുഖരിൽനിന്നും മറ്റും ധനസഹായം ലഭ്യമാക്കി, ഗവൺമെന്റ് സ്‌കോളർഷിപ്പുകൾ യഥാസമയം ലഭ്യമാക്കാൻ നടപടികൾ എടുത്തു.[11]

വ്യക്തി ജീവിതവും മരണവും

തിരുത്തുക

ഹലീമ ബീവിക്ക് പതിനാറ് വയസ്സുള്ളപ്പോഴാണ് കെ എം മുഹമ്മദ് മൗലവിയെ അവർ വിവാഹം ചെയ്തത്. അവരുടെ പൊതുപ്രവർത്തനങ്ങളിൽ ഭർത്താവ് അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം എഴുത്തുകാരനും പത്രാധിപരും മതപണ്ഡിതനുമായിരുന്നു. അൻസാർ ബീഗം, നഫീസ ബീവി, പാറങ്കണ്ണി യുപിഎസ് സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ജമീലാബീവി, തിരുവനന്തപുരം സിഡ്കോ ജനറൽ മാനേജർ മുഹമ്മദ് അഷ്റഫ് എന്നിവരാണ് മക്കൾ. 1992ൽ മുഹമ്മദ് മൗലവിയുടെ മരണശേഷം ഹലീമ ബീവി പൊതുജീവിതത്തിൽ നിന്ന് പൂർണമായും പിന്മാറി. [8] പിന്നീട് മകൾ നഫീസ ബീവിക്കൊപ്പം പെരുമ്പാവൂരിലായിരുന്നു താമസം. [8] 2000 [8] 14-ന് അവർ അന്തരിച്ചു.

ജന്മശതാബ്ദി

തിരുത്തുക

കേരള സാഹിത്യ അക്കാദമി 2019 ൽ പുസ്തകോത്സവത്തോടനുബന്ധിച്ച് ഹലിമാബീവി ജന്മശതാബ്ദി സമ്മേളനം നടത്തിയിരുന്നു.

  1. "Lost and found". Times of India Blog (in അമേരിക്കൻ ഇംഗ്ലീഷ്). 2021-03-06. Retrieved 2021-06-09.
  2. Pradeep (2021-02-23). "Why it took Kerala so long to recognise the work of a woman editor of 1930s". The Federal (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-06-09.
  3. 3.0 3.1 3.2 3.3 3.4 "Lost and found" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-03-06. Archived from the original on 2021-08-16. Retrieved 2021-08-16.
  4. "M Haleema Beevi". Swatantryavaadini (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-06-09.
  5. 5.0 5.1 "പ്രതിഭാധനയായ പത്രപ്രവർത്തക". പ്രബോധനം വാരിക (122). 17 മെയ് 2013. Archived from the original on 2019-12-21. Retrieved 9 സെപ്റ്റംബർ 2019. {{cite journal}}: Check date values in: |date= (help)
  6. https://nakshatram.wordpress.com/2013/05/16/%E0%B4%B9%E0%B4%B2%E0%B5%80%E0%B4%AE%E0%B4%BE%E0%B4%AC%E0%B5%80%E0%B4%B5%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%82/
  7. Codingest (2021-01-04). "Haleema Beevi: A formidable figure in Kerala renaissance". TheSite (in ഇംഗ്ലീഷ്). Retrieved 2021-06-09.
  8. 8.0 8.1 8.2 8.3 8.4 8.5 Noora, Noorjahan (1 September 2019). "ഹലീമ ബീവി, അണയാത്ത വിളക്ക്..." Malayalam News.
  9. മാർച്ച്‌, 31; 2021 (2021-03-31). "മുസ്‌ലിം മഹിളാ സമാജം". Retrieved 2021-09-30. {{cite web}}: |first= has numeric name (help)
  10. "പ്രതിഭാധനയായ പത്രപ്രവർത്തക". പ്രബോധനം വാരിക (123). 24 മെയ് 2013. Archived from the original on 2019-12-21. Retrieved 9 സെപ്റ്റംബർ 2019. {{cite journal}}: Check date values in: |date= (help)
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-08-03. Retrieved 2019-02-05.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എം._ഹലീമാബീവി&oldid=3985400" എന്ന താളിൽനിന്ന് ശേഖരിച്ചത്