സൗന്ദര്യം
സംവേദനത്തിൽ, ആനന്ദം, പൊരുൾബോധം, സംതൃപ്തി എന്നീ അനുഭവങ്ങൾ പകർന്നുതരുമാറ്, ഒരു വ്യക്തിയിലോ, ജന്തുവിലോ, സ്ഥലത്തിലോ, വസ്തുവിലോ, ആശയത്തിലോ കാണപ്പെടുന്ന സവിശേഷതയാണ് സൗന്ദര്യം. ലാവണ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമൂഹിക മന:ശാസ്ത്രം, സംസ്കാരം എന്നിവയ്ക്ക് സൗന്ദര്യം പഠനവിഷയമാണ്. സംസ്കാരത്തിന്റെ സൃഷ്ടിയെന്ന നിലയിൽ അത് അങ്ങേയറ്റം വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. "ആദർശസൗന്ദര്യം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഒരു പ്രത്യേക സംസ്കൃതിയിൽ സന്ദര്യത്തിന്റേതായി കരുതപ്പെടുന്ന ഗുണങ്ങളുടെ സമ്പൂർണ്ണത ചേർന്ന സത്ത എന്നാണ്.
സൗന്ദര്യാനുഭൂതിയിൽ പലപ്പോഴും അതിന് കാരണമായ സത്ത പ്രകൃതിയുമായി സന്തുലനത്തിലും ലയത്തിലും ആണെന്ന തോന്നലും ആ തോന്നൽ നൽകുന്ന ആകർഷണവും വൈകാരിക സൗഖ്യബോധവും ഉൾപ്പെടുന്നു. അത് വ്യക്തിനിഷ്ടമായ അനുഭവമാകയാൽ, സന്ദര്യം ദ്രഷ്ടാവിന്റെ കണ്ണിലാണ് എന്ന് പറയാറുണ്ട്.[1] സൗന്ദര്യാനുഭൂതിയുടെ ഏറ്റവും മൗലികമായ രൂപം സ്വന്തം ഉണ്മയുടെ പൊരുളിനെക്കുറിച്ചു തന്നെയുള്ള വെളിപാടിന്റെ അനുഭവമാകാം. തത്ത്വചിന്തയുടെ വിഷയമെന്ന നിലയിൽ, വ്യക്തിപരമായ പൊരുൾബോധത്തിന്റെ തുടിപ്പുള്ളതെന്തും സൗന്ദര്യമാണ്.
'സുന്ദരം' എന്ന വിശേഷണപദത്തിന്റെ ക്ലാസിക്കൽ ഗ്രീക്ക് രൂപം "കാലോസ്" ( καλλός) എന്നായിരുന്നു. പുതിയനിയമത്തിലും മറ്റും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് ഭാഷയുടെ കൊയ്നേ രൂപത്തിൽ അതിനു സമാനമായ പദം 'ഹോറായിയോസ്' (ὡραῖος) ആണ്. [2] മണിക്കൂർ എന്ന് അർത്ഥമുള്ള 'ഹോറാ' (ὥρα) എന്ന പദവുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്. കൊയ്നേ ഗ്രീക്കിൽ സൗന്ദര്യമെന്നത് "സമയം തികഞ്ഞത് " എന്ന ആശയവുമായി ബന്ധപ്പെട്ടിരുന്നു. സമയം തികഞ്ഞ ഒരു പക്വഫലം സുന്ദരമായി കണക്കാക്കപ്പെട്ടു. എന്നാൽ വൃദ്ധയായി കാണപ്പെടാൻ ശ്രമിക്കുന്ന യുവതിയോ, യുവത്വം അവകാശപ്പെടുന്ന വൃദ്ധയോ സൗന്ദര്യമുള്ളവരായി കരുതപ്പെട്ടില്ല. അറ്റിക്ക് ഗ്രീക്ക് ഭാഷയിൽ ഹോറായിയോസ് എന്നതിന് "യുവത്വം തികഞ്ഞത്", "പ്രായമെത്തിയത്" എന്നു തുടങ്ങി പല അർത്ഥങ്ങളുമുണ്ട്. [3]
ചരിത്രം
തിരുത്തുക
മനുഷ്യവ്യക്തികൾ വളർച്ചയുടെ ആരംഭദശയിൽ തന്നെ അംഗപ്പൊരുത്തമുള്ള സുന്ദരമുഖങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങുമെന്നും ആകർഷണീയതയുടെ മാനദണ്ഡങ്ങളിൽ ലിംഗ-സംസ്കാരഭേദമില്ലെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. [4] പരമ്പരാഗതമോ അല്ലാത്തതോ ആയ വൈകല്യങ്ങളുടെ അഭാവത്തിന്റെ സൂചകം എന്ന പ്രാധാന്യവും അംഗപ്പൊരുത്തത്തിനുണ്ട്. രീതികളും, നാട്ടുനടപ്പും വ്യത്യസ്തമാകാമെങ്കിലും, സൗന്ദര്യത്തിന്റെ സംവേദനത്തിൽ സംസ്കാരങ്ങൾക്കിടയിൽ ഏറെ സമാനതകളുണ്ടെന്നാണ് വിവിധ സംസ്കാരങ്ങളെ ചേർത്തു നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്. പാശ്ചാത്യലോകത്തെ ഏറ്റവും പഴയ സൗന്ദര്യസിദ്ധാന്തങ്ങൾ സോക്രട്ടീസിനു മുൻപുള്ള ഗ്രീക്ക് ചിന്തകന്മാരായ പൈതഗോറസിനേയും മറ്റും പോലെയുള്ളവരുടെ ചിന്തകളിൽ കണ്ടെത്താനാകും. പൈതഗോറസും അനുയായികളും സൗന്ദര്യത്തിന് ഗണിതശാസ്ത്രവുമായി ബന്ധമുണ്ടെന്നു കരുതി. രൂപത്തിൽ പ്രത്യേകമായ ഒരു സുവർണ്ണ അനുപാദം പിന്തുടരുന്ന വസ്തുക്കൾ സുന്ദരമായിരിക്കുമെന്നായിരുന്നു അവരുടെ മുഖ്യവാദങ്ങളിൽ ഒന്ന്. പുരാതന ഗ്രീസിലെ നിർമ്മാണകലയുടെ അടിസ്ഥാനം തന്നെ അംഗപ്പൊരുത്തത്തേയും അനുപാദത്തേയും കുറിച്ചുള്ള ഈ വീക്ഷണമാണ്.
ഈ ചിന്തകന്മാരുടെ സൗന്ദര്യസിദ്ധാന്തങ്ങളനുസരിച്ചുള്ള പുരാതന തത്ത്വചിന്തയും ശില്പങ്ങളും നവോത്ഥാനകാലത്ത് യൂറോപ്പിൽ കണ്ടെത്തപ്പെട്ടതിനെ തുടർന്ന് ക്ലാസിക്കൽ മാതൃകയിലുള്ള കലയ്ക്കും സാഹിത്യത്തിനും പ്രചാരം ലഭിച്ചു. സൗന്ദര്യത്തെക്കുറിച്ചുള്ള ഈ സിദ്ധാന്തങ്ങൾക്ക് ചേരുന്ന രൂപമുള്ള സ്ത്രീകൾ ഇന്നും "ക്ലാസിക്കൽ സുന്ദരിമാർ" ആയോ "ക്ലാസിക്കൽ സൗന്ദര്യം" ഉള്ളവരായോ കണക്കാക്കപ്പെടുന്നു. പുരുഷസൗന്ദര്യത്തിന്റെ കാര്യത്തിലും പാശ്ചാത്യസംസ്കാരത്തിൽ ഇന്നും മാനദണ്ഡമായിരിക്കുന്നത് ഗ്രീക്ക്-റോമൻ കലാകാരന്മാർ സൃഷ്ടിച്ച മാതൃകകളാണ്.
സൗന്ദര്യസങ്കല്പങ്ങൾ വംശീയമായ അടിച്ചമർത്തലിന് കാരണമായേക്കാം. ഉദാഹരണമായി, കറുത്ത രൂപങ്ങൾ വെളുത്തവയേക്കാൾ അനാകർഷകവും അനഭികാമ്യവുമാണെന്ന വീക്ഷണം അമേരിക്കൻ സംസ്കാരത്തിൽ നിന്ന് വിട്ടുപോയിട്ടില്ല. കറുപ്പ് വൈരൂപ്യമാണെന്ന ആശയം ആഫ്രിക്കൻ അമേരിക്കക്കാരുടെ ആത്മഗൗരവത്തെ ബാധിച്ച്, വംശവാദത്തിന്റെ ആന്തരീകൃത രൂപമായി. [5] "കറുപ്പ് സുന്ദരമാണ്" എന്ന പേരിൽ അറിയപ്പെട്ട സാംസ്കാരികമുന്നേറ്റം ഈ അപർഷതാഭാവം മാറ്റാനുള്ള ശ്രമമായിരുന്നു.[6] നേരേ മറിച്ച്, സൗന്ദര്യസങ്കല്പങ്ങൾ വംശീയമായ ഒത്തൊരുമയുടേയും അടിസ്ഥാനമാകാം. ജനിതകവൈവിദ്ധ്യം സങ്കരവർഗ്ഗ സന്താനങ്ങളെ മാതാപിതാക്കന്മാരുടെ പാരമ്പര്യവൈകല്യങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന വിശ്വാസം, അത്തരം സന്താനങ്ങൾക്ക് കൂടുതൽ ആകർഷണീയത കല്പിക്കപ്പെടുന്നതിന് കാരണമാകുന്നു.[7]
മനുഷ്യസൗന്ദര്യം
തിരുത്തുകഒരാൾക്ക് സൗന്ദര്യമുണ്ടെന്ന് മറ്റൊരാളോ സമൂഹമോ തീരുമാനിക്കുമ്പോൾ പരിഗണിക്കപ്പെടുന്നത് വ്യക്തിപ്രഭാവം, ബുദ്ധി, ശാലീനത, സ്വീകാര്യത, അകർഷണീയത, സമന്വയം, ചേർച്ച, ഉദാത്തത മുതലായ മാനസികഗുണങ്ങളും, ആരോഗ്യം, യുവത്വം, രതിഭാവം, അംഗപ്പൊരുത്തം, സാമാന്യത, നിറം തുടങ്ങിയ ശാരീരികഗുണങ്ങളുമാണ്.
സാമൂഹ്യസമ്മതി അനുസരിച്ചുള്ള ബാഹ്യസൗന്ദര്യം അളക്കാൻ സാധാരണ അവലംബിക്കാറുള്ള മാർഗ്ഗങ്ങളിലൊന്ന് വിശ്വസുന്ദരി സ്ഥാനത്തിനും മറ്റും വേണ്ടി നടത്താറുള്ളതുപോലെയുള്ള ഒരു സൗന്ദര്യമത്സരമാണ്. ആന്തരികസൗന്ദര്യത്തിന്റെ നിർണ്ണയം കൂടുതൽ ദുഷ്കരമാണ്. എന്നാൽ സൗന്ദര്യമത്സരങ്ങളിൽ ആന്തരികസൗന്ദര്യവും പരിഗണിക്കപ്പെടാറുണ്ട് എന്ന് വാദമുണ്ട്.
ശാരീകസൗന്ദര്യത്തിന്റെ ശക്തമായ സൂചകങ്ങളിലൊന്ന് 'ശരാശരിത്വം' ആണ്. മുഖഛായകളുടെ ശരാശരികൾ ആവർത്തിച്ചു സമന്വയിക്കുമ്പോൾ, ഉരുവാകുന്ന രൂപങ്ങൾ ഒന്നിനൊന്ന് ആദർശത്തിനൊത്തതും 'ആകർഷകവും' ആയിരിക്കും. ഇത് ആദ്യം ശ്രദ്ധിച്ചത് ചാൾസ് ഡാർവിന്റെ ബന്ധുവായ ഫ്രാൻസിസ് ഗാൾട്ടൺ ആണ്. 1883-ൽ സസ്യഭുക്കുകളുടേയും കുറ്റവാളികളുടേയും ഛായാസമന്വയങ്ങളെ താരതമ്യപ്പെടുത്തി ഓരോ വിഭാഗത്തിനും വ്യതിരിക്തമായ മുഖമാതൃക ഉണ്ടോ എന്നു പരിശോധിക്കുകയായിരുന്നു അദ്ദേഹം. അതിനിടയിൽ, ഛായാസമന്വയങ്ങൾ വ്യക്തിഛായകളേക്കാൾ ആകർഷകമാണെന്ന് അദ്ദേഹം കണ്ടെത്തി. കൂടുതൽ കണിശതയുള്ള പരീക്ഷണങ്ങൾ വഴി പിൽക്കാലഗവേഷകർ ഈ കണ്ടെത്തൽ ഉറപ്പിച്ചു. കമ്പ്യൂട്ടറിൽ സൃഷ്ടിച്ച മുഖഛായകളുടെ ഗണിതശാസ്ത്രശരാശരി, വ്യക്തിഛായകളേക്കാൾ ആകർഷകമായിരുന്നു.[8] ലൈംഗികതയുള്ള ജീവികൾക്ക് സാമാന്യമോ ശരാശാരിയോ ആയ രൂപങ്ങൾ ഉള്ള ഇണകൾ കൂടുതൽ ആകർഷകമായിരിക്കുമെന്നത് പരിണാമദൃഷ്ടിയിലും യുക്തിസഹമാണ്.[9]
സുന്ദരികളായ സ്ത്രീകളുടെ കാര്യത്തിൽ ഗവേഷകരുടെ ശ്രദ്ധയിൽ പെട്ട ഒരു പ്രത്യേകത 0.70-ന് അടുത്തുനിൽക്കുന്ന അര/ഇടുപ്പ് അനുപാതമാണ്. ഈ അനുപാതം സ്ത്രീയുടെ പ്രത്യുത്പാദനക്ഷമതയുടെ കൃത്യസൂചകമാണെന്ന് ശരീരശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നു. തൂക്കവും ത്വക്ക്-വർണ്ണവും ആകർഷണീയതയുടെ മാനദണ്ഡങ്ങളാകാറുണ്ടെങ്കിലും വ്യത്യസ്തസംസ്കൃതികളിൽ അവയ്ക്കുലഭിക്കുന്ന പ്രാധാന്യം വ്യത്യസ്തമാണ്.[10]
മനുഷ്യരിൽ സൗന്ദര്യം സ്ത്രീജാതിയുമായി മാത്രം ബന്ധപ്പെട്ടതല്ല. 'ബിഷോനെൻ' എന്നറിയപ്പെടുന്ന പുരുഷസൗന്ദര്യസങ്കല്പത്തിന് കിഴക്കൻ ഏഷ്യയിൽ പൊതുവേയും, പ്രത്യേകിച്ച് ജപ്പാനിലും ഏറെ പ്രാധാന്യമുണ്ട്. ഈ സങ്കല്പം വ്യക്തമായ സ്ത്രൈണഭാവവും ശരീരപ്രകൃതിയുമുള്ള പുരുഷന്മാരെ സൂചിപ്പിക്കുന്നു. വ്യാപകമായ ഈ പുരുഷസൗന്ദര്യസങ്കല്പം ജപ്പാനിലെ ജനകീയ കലയിലും സാമൂഹ്യബിംബങ്ങളിലും പ്രതിഫലിക്കുന്നു. ഇതിന്റെ അരംഭം അവ്യക്തമാണെങ്കിലും അത് ഇന്നും വ്യക്തമായി നിലനിൽക്കുന്നുണ്ട്. പരമ്പരാഗതമായ സ്ത്രൈണരീതികൾ പിന്തുടരുന്ന പുരുഷന്മാരെ പരാമർശിക്കുന്ന 'മാതൃലൈംഗികത' (metrosexual) എന്ന ആശയത്തിൽ നിന്ന് ഭിന്നമാണിത്.
ആന്തരികസൗന്ദര്യം
തിരുത്തുകപുറമേ കാണപ്പെടാതെ വ്യക്തികളിൽ ഉള്ളതായി കരുതപ്പെടുന്ന ഗുണഭാവങ്ങളെ സൂചിപ്പിക്കുന്ന സങ്കല്പമണ് ആന്തരികസൗന്ദര്യം.
മിക്കവാറും ജീവജാതികളിൽ ഇണകളുടെ ആകർഷണീയത ശാരീരികഗുണങ്ങളെ ആകർഷിച്ചാണെങ്കിലും മനുഷ്യരിൽ ചിലർ തങ്ങളുടെ തെരഞ്ഞെടുപ്പിനുപിന്നിൽ ആന്തരികസൗന്ദര്യമാണെന്ന് അവകാശപ്പെടാറുണ്ട്. ദയ, സംവേദനക്ഷമത, സ്വഭാവമൃദുത്വം, കാരുണ്യം, സർഗ്ഗവാസന തുടങ്ങിയവയൊക്കെ ഇത്തരം ആകർഷണങ്ങളിൽ പെടുന്നതായി പൗരാണികകാലം മുതൽ കരുതപ്പെട്ടിരുന്നു.
സാമൂഹ്യപ്രസക്തി
തിരുത്തുകസാമൂഹ്യതാരതമ്യത്തിന്റെ മാനദണ്ഡമായി ഉപയോഗിക്കപ്പെടാവുന്ന സൗന്ദര്യം, അതില്ലാത്തവരിൽ നീരസവും അസംതൃപ്തിയും സൃഷ്ടിച്ചേക്കാം. അംഗീകരിക്കപ്പെട്ട സൗന്ദര്യസങ്കല്പങ്ങൾക്ക് യോജിക്കാത്ത രൂപമുള്ളവരെ സ്വീകരിക്കാനുള്ള സമൂഹങ്ങളുടെ വൈമനസ്യം ഉളവാക്കുന്ന പ്രശ്നങ്ങളുടെ ചിത്രീകരണമാണ് "വൃത്തികെട്ട ബെറ്റി" എന്ന ടെലിവിഷൻ പരമ്പര. അതേസമയം സൗന്ദര്യം തന്നെയും ചിലർക്ക് സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നു വരാം. 'മലെനാ' എന്ന നാടകത്തിൽ അതിസുന്ദരിയായ ഒരു യുവതിയെ, മറ്റുള്ളവരുടെ ഭർത്താക്കന്മാരെ വശീകരിച്ചെങ്കിലോ എന്ന ഭയത്തിൽ സമൂഹം ഒറ്റപ്പെടുത്തുകയും തൊഴിലൊന്നും കിട്ടാതെ അവൾ ദാരിദ്യത്തിലേക്ക് തള്ളിയിടപ്പെടുകയും ചെയ്യുന്നു.
ഒരാൾക്ക് എത്ര പണം സമ്പാദിക്കാനാകുമെന്നതിന് സൗന്ദര്യവുമായി ബന്ധമുണ്ടെന്നും കുറഞ്ഞ ശാരീരിക ആകർഷണീയതയുള്ളവർക്ക് അല്ലാത്തവരേക്കാൾ 5-10 ശതമാനം കുറച്ച് വരുമാനമേ നേടാൻ കഴിയുന്നുള്ളുവെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.[11]
"സൗന്ദര്യം ദൈവത്തിന്റെ ദാനമാണെങ്കിലും ദുഷ്ടന്മാർക്കുപോലും ലഭിക്കുന്ന അതിനെ വലിയ ഗുണമായി നല്ല മനുഷ്യർ കരുതുകയില്ല" എന്ന്, ക്രൈസ്തവദാർശനികൻ, ആഗസ്തീനോസ് പറഞ്ഞിട്ടുണ്ട്.[12]
'വൈരൂപ്യം'
തിരുത്തുകദർശനം അസുഖകരമായ അനുഭവം ഉളവാക്കുമെന്നതിനാൽ പ്രതികൂലമായി വിലയിരുത്തപ്പെടുന്ന ഗുണമോ ഗുണസഞ്ചയമോ വൈരൂപ്യം ആയി കരുതപ്പെടുന്നു. വിരൂപത കാട്ടുകയെന്നാൽ, സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്താതിരിക്കുക, അകൽച്ചയും വെറുപ്പും ഉളവാക്കുക എന്നൊക്കെയാണർത്ഥം.[13] സൗന്ദര്യത്തെപ്പോലെ തന്നെ വൈരൂപ്യവും വ്യക്തിനിഷ്ടമാണെന്നതിനാൽ ഒരു പരിധിവരെയെങ്കിലും "ദ്രഷ്ടാവിന്റെ കണ്ണിലാണ്". ഹാൻസ് ക്രിസ്റ്റൻ ആൻഡേഴന്റെ "വൃത്തികെട്ട കുട്ടിത്താറാവ്" (Ugly Duckling) എന്ന കഥയിലെ മുഖ്യകഥാപാത്രത്തിന്റെ 'വൈരൂപ്യം' മറ്റുള്ളവരുടെ ഭാവനാരാഹിത്യത്തിന്റേയും തെറ്റായ വിലയിരുത്തലിന്റേയും സൃഷ്ടിയണ്.
സൗന്ദര്യത്തെപ്പോലെ വൈരൂപ്യവും ആന്തരികമാവാം. ഉദാഹരണമായി പുറമേ ആകർഷണീയത കാട്ടുന്ന ഒരു വ്യക്തിയുടെ സ്വഭാവം ഭാവനാരഹിതവും ക്രൂരവും ആകാം. അസുഖകരമായ മാനസികാവസ്ഥകൾ ചിലപ്പോൾ താൽക്കാലികമായ വൈരൂപ്യവും സൃഷ്ടിച്ചേക്കാം.
അവലംബം
തിരുത്തുക- ↑ Gary Martin (2007). "Beauty is in the eye of the beholder". The Phrase Finder. Retrieved December 4 2007.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|dateformat=
ignored (help) - ↑ മത്തായി 23:27, നടപടി 3:10, ഫ്ലാവിയസ് ജോസഫസ്, 12.65
- ↑ യൂറിപ്പിഡിസ്, Alcestis 515.
- ↑ Rhodes, G. (2006). മുഖസൗന്ദര്യത്തിന്റെ പരിണാമ മനശാസ്ത്രം. Annual Review of Psychology, 57, 199-226.
- ↑ Chris Weedon, Cardiff University. "Key Issues in Postcolonial Feminism: A Western Perspective". Gender Forum Electronic Journal. Archived from the original on 2007-12-06. Retrieved December 4 2007.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|dateformat=
ignored (help) - ↑ Dr. DoCarmo (2007). "Dr. DoCarmo's Notes on the Black Cultural Movement". Bucks County Community College. Archived from the original on 2007-12-20. Retrieved December 4 2007.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|dateformat=
ignored (help) - ↑ Leroi, A. (2003). Mutants: On Genetic Variety and the Human Body. Viking books
- ↑ Langlois, J. H., Roggman, L. A., & Musselman, L. (1994). സുന്ദരമുഖങ്ങളിൽ ശരാശരിയും അല്ലാത്തതും എന്ത്? Psychological Science, 5, 214-220.
- ↑ KOESLAG, J.H. (1990). Koinophilia groups sexual creatures into species, promotes stasis, and stabilizes social behaviour. J. theor. Biol. 144, 15-35
- ↑ Banerjee, S., Campo, S., & Greene, K. (2008, May). Fact or Wishful Thinking? Biased Expectations in I Think I Look Better When I'm Tanned. American Journal of Health Behavior, 32(3), 243-252. [പ്രവർത്തിക്കാത്ത കണ്ണി], additional text.
- ↑ Lorenz, K. (2005). "Do pretty people earn more?" CNN News, Time Warner.
- ↑ ദൈവനഗരം, പുസ്തകം 15, അദ്ധ്യായം 22
- ↑ വെബ്‌സ്റ്ററുടെ പുതിയ ലോക കലാലയ നിഘണ്ടു, മൂന്നാം പതിപ്പ്, 1995.