പാരഡൈസ് ലോസ്റ്റ്

(പറുദീസനഷ്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ് കവിയായ ജോൺ മിൽട്ടൺ രചിച്ച ഒരു ഇതിഹാസകാവ്യമാണ്‌ പറുദീസനഷ്ടം(Paradise Lost). മൊത്തം പതിനായിരത്തോളം വരികൾ ഉൾക്കൊണ്ടിരുന്ന പത്തു പുസ്തകങ്ങളായി 1668-ലാണ്‌ ഈ കൃതി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ചില്ലറ പരിഷ്കാരങ്ങൾ വരുത്തി പന്ത്രണ്ടു പുസ്തകങ്ങളാക്കിയ രണ്ടാം പതിപ്പ് 1674-ൽ പ്രസിദ്ധീകരിക്കപ്പെട്ടു; കാവ്യത്തിന്റെ ഏറിയ ഭാഗവും കവി രചിച്ചത്, കാഴ്ചശക്തി നശിച്ചതിനു ശേഷം കേട്ടെഴുത്തുകാരുടെ സഹായത്തോടെയാണ്‌.[1]

പാരഡൈസ് ലോസ്റ്റ്
പറുദീസനഷ്ടം, 1667-ലെ ആദ്യപതിപ്പിന്റെ പുറം ചട്ട
കർത്താവ്ജോൺ മിൽട്ടൺ
രാജ്യംഇംഗ്ലണ്ട്
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംഇതിഹാസകാവ്യം
പ്രസാധകർസാമുവേൽ സിമ്മോൻസ്
പ്രസിദ്ധീകരിച്ച തിയതി
1667
മാധ്യമംഅച്ചടി
ശേഷമുള്ള പുസ്തകംപറുദീസ വീണ്ടെടുക്കൽ


സൃഷ്ടിയിലെ സൗഭാഗ്യാവസ്ഥയിൽ നിന്നുള്ള മനുഷ്യന്റെ പതനത്തെക്കുറിച്ചുള്ള ക്രിസ്തീയ കഥയാണ്‌ കാവ്യത്തിന്റെ വിഷയം: ഈ കഥയിൽ, ആദിമാതാപിതാക്കളായ ആദം-ഹവ്വാമർ, അധഃപതിച്ച മാലാഖയായ സാത്താന്റെ പ്രലോഭനത്തിൽ വീണതിനെ തുടർന്ന് ഭൗമികപറുദീസയിൽ നിന്നു ബഹിഷ്കരിക്കപ്പെടുന്നു. "ദൈവിക വഴികളുടെ നീതി മനുഷ്യർക്കു വിവരിച്ചുകൊടുക്കുകയും [2] ദൈവത്തിന്റെ അതിരില്ലാത്ത ദീർഘദൃഷ്ടിയും മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷം ചിത്രീകരിക്കുകയും‌" ആണ്‌ തന്റെ ലക്ഷ്യമെന്ന് കൃതിയുടെ ഒന്നാം പുസ്തകത്തിൽ മിൽട്ടൺ വ്യക്തമാക്കുന്നു .


പറുദീസനഷ്ടത്തിൽ മിൽട്ടണ്‌ ക്രിസ്തീയതയ്ക്കു പുറമേ പേഗൻ ധാർമ്മികതയും, ക്ലാസിക്കൽ യവനസംസ്കാരവും, എല്ലാം ചേരുവകളായിരുന്നു. വിവാഹം, രാഷ്ട്രനീതി, രാജവാഴ്ച,[൧] തുടങ്ങിയ ലൗകിക വിഷയങ്ങൾ കൂടാതെ മനുഷ്യന്റെ ഭാഗധേയം, ദൈവത്തിന്റെ മുൻ‌വിധി(pre-destination), ദൈവിക ത്രിത്വം, പാപത്തിന്റേയും മരണത്തിന്റേയും ഉത്ഭവം, മാലാഖമാർ, പിശാചുക്കൾ, സാത്താൻ, സ്വർഗ്ഗത്തിൽ ഒരു വിഭാഗം മാലാഖമാർ ഉയർത്തിയ കലാപം തുടങ്ങിയ ദൈവശാസ്ത്രസമസ്യകളും ഈ കൃതിയിൽ ചർച്ചചെയ്യപ്പെടുന്നു. ഉല്പത്തി ഉൾപ്പെടെയുള്ള എബ്രായബൈബിൾ ഗ്രന്ഥങ്ങൾ, പുതിയനിയമം, അപ്പൊക്രിഫയുടെ ഭാഗമായ ഈനോക്കിന്റെ പുസ്തകം തുടങ്ങിയവയെ കാര്യമായി ആശ്രയിച്ച മിൽട്ടണ്‌ തന്റെ ബഹുഭാഷാജ്ഞാനം ഈ കൃതിയുടെ രചനയിൽ സഹായകമായി. ഇംഗ്ലീഷ് ഭാഷയിലെ അത്യുദാത്തമായ രചനകളിലൊന്നായി ഈ ഇതിഹാസകാവ്യം കണക്കാക്കപ്പെടുന്നു.

പറുദീസനഷ്ടത്തിന്റെ തുടർച്ചയെന്നോണം പറുദീസവീണ്ടെടുപ്പ്(Paradise Regained) എന്നൊരു കൃതിയും മിൽട്ടൺ പിന്നീട് എഴുതി.

കഥാസംഗ്രഹം

തിരുത്തുക
 
കാഴ്ചനഷ്ടപ്പെട്ട മിൽട്ടനിൽ നിന്ന് മകൾ പറുദീസനഷ്ടം കേട്ടെഴുതുന്നു

പത്തു പുസ്തകങ്ങളായുള്ള ആദ്യപ്രസാധനത്തിനു ശേഷം, റോമൻ കവി വിർജിലിന്റെ ഇതിഹാസകാവ്യമായ ഇനൈഡിന്റെ മാതൃകയിൽ പറുദീസനഷ്ടം പന്ത്രണ്ടു പുസ്തകങ്ങളായി പുനർ‌വിഭജിക്കപ്പെട്ടു. ഈ പുസ്തകങ്ങൾ വ്യത്യസ്ത വലിപ്പമുള്ളവയാണ്‌. ഏറ്റവും ദൈർഘ്യമുള്ള ഒൻപതാം പുസ്തകം 1189 വരികൾ അടങ്ങിയതും ഏറ്റവും വലിപ്പം കുറഞ്ഞ ഏഴാം പുസ്തകം 640 വരികൾ അടങ്ങിയതുമാണ്‌. രണ്ടാം പതിപ്പുമുതൽ, ഓരോ പുസ്തകത്തിന്റേയും തുടക്കത്തിൽ വാദം(argument) എന്ന പേരിൽ ഒരു കഥാസംഗ്രഹവും ഉൾപ്പെടുത്തി. കഥാമദ്ധ്യത്തിൽ(medias res) കഥനം തുടങ്ങിയശേഷം കഥയുടെ തുടക്കം പിൻ‌കാഴ്ചയായി അവതരിപ്പിക്കുന്ന ഇതിഹാസ ശൈലിയാണ്‌ മിൽട്ടൺ പിന്തുടരുന്നത്. കാഥാരംഭം ചിത്രീകരിക്കപ്പെടുന്നത് അഞ്ചും ആറും പുസ്തകങ്ങളിലാണ്‌.

മിൽട്ടന്റെ കഥയ്ക്ക് രണ്ട് അർത്ഥവൃത്തങ്ങൾ(arcs) ഉണ്ട്: ഒന്നിൽ സാത്താനെന്നു വിളിക്കപ്പെടുന്ന ലൂസിഫറും രണ്ടാമത്തേതിൽ സെമറ്റിക മതപാരമ്പര്യത്തിലെ ആദിമാതാപിതാക്കളായ ആദം-ഹവ്വാമാരുമാണ്‌. സാത്താന്റെ കഥ ഇതിഹാസസമ്പ്രദായത്തിലുള്ള മഹായുദ്ധത്തിന്റേതാണ്‌. സ്വർഗ്ഗത്തിൽ കലാപമുയർത്തിയ സാത്താനേയും അവന്റെ അനുയായികളായ വാനാരൂപികളേയും ദൈവം പരാജയപ്പെടുത്തി നരകത്തിൽ തള്ളുന്നതിനെ തുടർന്നാണ്‌ ആ കഥയുടെ തുടക്കം. നരകത്തിൽ സാത്താൻ തന്റെ കൊട്ടാരമായ പാൻഡമോണിയത്തിൽ വച്ച്, വാക്‌ചാതുരിയുടെ സഹായത്തോടെ അനുയായികളെ സംഘടിപ്പിക്കുന്നു; ഇക്കാര്യത്തിൽ, മാമ്മോൻ, ബീൽസബബ് എന്നീ സഹായികളുടെ പിന്തുണ അയാൾക്കു കിട്ടി. 'ബേലിയൽ', 'മോളേച്ച്' എന്നീ ദുഷ്ടാരൂപികളും അയാൾക്കൊപ്പം ഉണ്ടായിരുന്നു. അവിടെ നടക്കുന്ന ചർച്ചകൾക്കൊടുവിൽ, നവസൃഷ്ടമായ ഭൂമിയെ വിഷലിപ്തമാക്കുന്ന ചുമതല സാത്താൻ സ്വയം ഏറ്റെടുക്കുന്നു. ഹോമറിന്റെ ഓഡീസിയിലെ നായകന്റേയും വിർജിലിന്റെ എനിയസിന്റേയും സാഹസങ്ങളെ അനുസ്മരിപ്പിക്കും വിധം, നരകത്തിനു ചുറ്റുമുള്ള 'അബിസ്;(Abyss) എന്ന മഹാഗർത്തത്തിന്റെ അപകടങ്ങളെ അയാൾ തരണം ചെയ്യുന്നു.


ആദം-ഹവ്വാമാരുടെ പതനത്തിന്റെ കഥ പരമ്പാരാഗതശൈലിയിൽ നിന്ന് മൗലികമായ വ്യത്യസ്തതകളുള്ള ഒരു പുതിയതരം ഇതിഹാസമാണ്‌: അതൊരു കുടുംബേതിഹാസമാണ്‌. പാപത്തിൽ നിപതിക്കുന്നതിനു മുൻപേതന്നെ ശാരീരികവേഴ്ച പുലർത്തുന്നവരായി ആദം-ഹവ്വാമാരെ ക്രിസ്തീയസാഹിത്യത്തിൽ ആദ്യം അവതരിപ്പിച്ചത് മിൽട്ടനാണ്‌. അഭിനിവേശങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ്‌ അദ്ദേഹം അവരെ ചിത്രീകരിക്കുന്നത്‌. ഹവ്വായെ സാത്താൻ പ്രലോഭിപ്പിക്കുന്നത് തന്റെ നയചാതുര്യം ഉപയോഗിച്ച് അവളുടെ വൻ‌ഭാവം മുതലെടുത്താണ്‌. അവൾ പാപം ചെയ്തു എന്നു മനസ്സിലാക്കിയ ആദം അറിഞ്ഞുകൊണ്ടു തന്നെ അതേ തെറ്റു ചെയ്യുന്നു. ഒരേ മാംസത്തിൽ നിന്ന് ഉരുവാക്കപ്പെട്ടവരെന്ന നിലയിൽ തങ്ങളിരുവരും പരസ്പരബന്ധിതരാകയാൽ, അവൾ മരിക്കുമ്പോൾ താനും മരിക്കണം എന്നായിരുന്നു അയാളുടെ ന്യായവാദം. മിൽട്ടന്റെ ഈ ചിത്രീകരണത്തിൽ ആദം ഒരു നായകപാത്രവും(heroic figure) ഒപ്പം, പൂർണ്ണമായ അറിവോടെ തിന്മചെയ്യുന്ന വലിയ പാപിയും ആയിത്തീരുന്നു.


വിലക്കപ്പെട്ട കനിതിന്നതിനു ശേഷം ആദവും ഹവ്വായും ഇണചേർന്നു. അവരുടെ വിഷയലിപ്തമായ ആദ്യത്തെ വേഴ്ചയായിരുന്നു അത്. കനിയുടെ ഗുണത്തികവിനെക്കുറിച്ചുള്ള സാത്താന്റെ അവകാശവാദം സത്യമായിരുന്നെന്ന് അപ്പോൾ ആദത്തിനു തോന്നി. എന്നാൽ താമസിയാതെ നിദ്രയിലായ അവരെ ഭീകരസ്വപ്നങ്ങൾ വലച്ചു. ഉണർച്ചയിൽ അവർക്ക് ആദ്യമായി കുറ്റബോധവും ലജ്ജയും അനുഭവപ്പെട്ടു. ദൈവത്തിനെതിരെ തങ്ങൾ മഹാപാപം ചെയ്തു എന്നു തിരിച്ചറിഞ്ഞ അവർ അതോടെ പരസ്പരം കുറ്റാരോപണം നടത്താൻ തുടങ്ങി.


എന്നാൽ ഹവ്വായുടെ അനുനയശ്രമം ആ ആദിദമ്പതിമാരെ ഒരു തരം രമ്യതയിൽ എത്തിച്ചു. യാചനയിൽ മടങ്ങിയ മുട്ടുമായി ദൈവത്തെ സമീപിക്കാൻ ആദത്തെ പ്രേരിപ്പിച്ചതും ഹവ്വയായിരുന്നു. ദൈവകൃപനേടിയ ആദം, ഒരു മാലാഖയുടെ അകമ്പടിയോടെ നടത്തിയ സങ്കല്പയാത്രയിൽ തന്റെ സന്തതികളായ മനുഷ്യർ ചെയ്യാനിരിക്കുന്ന പാപങ്ങളും അതിനു ശിക്ഷയായി വരാനിരിക്കുന്ന ജലപ്രളയത്തിന്റെ ഭീകരതയും ദർശിച്ചു. ദൈവം വിലക്കിയിരുന്ന കനി തിന്ന താൻ ഭൂമിയിൽ വരുത്തിവച്ച തിന്മയുടെ വലിപ്പം അറിഞ്ഞു ആദം ദുഖിച്ചു. എന്നാൽ അതേ ദർശനത്തിൽ യേശുക്രിസ്തു വഴി വരാനിരിക്കുന്ന രക്ഷയുടെ സാധ്യത കണ്ട് അയാൾ ആശ്വസിച്ചു. തുടർന്ന് മുഖ്യദൂതനായ മിഖായേൽ അവരെ ഭൗമികപറുദീസയായ ഏദേൻ തോട്ടത്തിൽ നിന്നു ബഹിഷ്കരിക്കുന്നു. "ദൂരദേശത്ത്, തനിക്കുള്ളിൽ തന്നെ പറുദീസ കണ്ടെത്താൻ" (A paradise within thee, happier far) ആണ്‌ മിഖായേൽ ആദത്തെ ഉപദേശിച്ചത്. ഏദേൻ തോട്ടത്തിൽ അവരുടെ പിതാവായി മുന്നിൽ വ്യക്തതയോടെ പ്രത്യക്ഷപ്പെട്ടിരുന്ന ദൈവം അതോടെ അവർക്കു നഷ്ടപ്പെട്ടു. സർ‌വവ്യാപിയായ ദൈവവുമായുള്ള അവരുടെ സംസർഗ്ഗം അവ്യക്തവും ദൂരസ്ഥവുമായി പരിണമിച്ചു.

പന്ത്രണ്ടു 'പുസ്തകങ്ങൾ'

തിരുത്തുക

പുസ്തകം 1

തിരുത്തുക

യവനേതിഹാസങ്ങളെ അനുസ്മരിപ്പിക്കുന്ന ദീർഘവും വളഞ്ഞുപുളഞ്ഞതുമായൊരു ആമുഖവാക്യത്തിൽ കാവ്യദേവതയെ സ്മരിച്ചുകൊണ്ടു തുടങ്ങുന്ന കവി, തന്റെ വിഷയം മനുഷ്യന്റെ പതനവും തന്റെ ലക്ഷ്യം ദൈവത്തിന്റെ വഴികളുടെ നീതി മനുഷ്യർക്ക് വിശദീകരിച്ചുകൊടുക്കുകയും ആണെന്നു പ്രഖ്യാപിക്കുന്നു.[2] സാത്താനും ബീൽസബബും മറ്റു വിമതമാലാഖമാരും നരകത്തിലെ തീപ്പൊയ്കയിൽ കിടക്കുന്നതായി പിന്നെ കവി ചിത്രീകരിക്കുന്നു. തുടർന്ന് ഉജ്ജ്വലമായൊരു പ്രഭാഷണത്തിൽ അനുയായികളെ ആവേശം കൊള്ളിക്കുന്ന സാത്താൻ, നരകം തന്റെ സാമ്രാജ്യമാണെന്ന് പ്രഖ്യാപിക്കുന്നു. "നരകത്തിലെ വാഴ്ചയാണ്‌ സ്വർഗ്ഗത്തിലെ അടിമത്തത്തേക്കാൾ അഭികാമ്യം" [൨] എന്നു സാത്താൻ പറയുന്ന സന്ദർഭം ഇതാണ്‌.[3] പൈശാചികയുക്തിയുടെ(Satanic logic) പ്രസിദ്ധമായ ഈ വരികളും ഇവിടെ അയാൾ ഉരുവിടുന്നുണ്ട്.: "മനസ്സ് അതിന്റെ സ്വന്തം സ്ഥലമാണ്‌, അതിന്‌ സ്വയം/ സ്വർഗ്ഗത്തെ നരകവും, നരകത്തെ സ്വർഗ്ഗവും ആക്കാനാകും"[4][൩]

പുസ്തകം 2

തിരുത്തുക

സാത്താനും അനുയായികളും, സ്വർഗ്ഗത്തിനെതിരെ രണ്ടാമതൊരു യുദ്ധം അഭികാമ്യമാണോ എന്ന് ആലോചിക്കുന്നു. മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഭൂമി എന്ന പുതിയലോകത്തെക്കുറിച്ച് അപ്പോൾ ബീൽസബബ് അവരോടു പറയുന്നു. പുതിയ ലോകം സന്ദർശിക്കാൻ നിശ്ചയിച്ച സാത്താൻ പാപവും മരണവും കാവൽ നിന്നിരുന്ന നരകകവാടം കടന്നുപോകുന്നു. തുടർന്ന് അയാൾ അനവസ്ഥയുടെ സാമ്രാജ്യത്തിലൂടെ (realm of Chaos) യാത്രചെയ്യുന്നു. ദൈവവുമായുള്ള യുദ്ധം തുടങ്ങുന്നതിനു മുൻപ് തന്റെ ശിരസിൽ നിന്ന് അഗ്നിയായി ബഹിർഗമിച്ച പാപത്തിന്റെ പിറവി സാത്താൻ ഇവിടെ അനുസ്മരിക്കുന്നു. സൂസ് ദേവനിൽ നിന്നുള്ള അഥീനയുടെ പിറവിപോലെയായിരുന്നു അത്.

പുസ്തകം 3

തിരുത്തുക

സാത്താന്റെ യാത്ര സ്വർഗ്ഗസിംഹാസനത്തിലിരുന്നു നിരീക്ഷിച്ച ദൈവം സാത്താൻ മനുഷ്യനു വരുത്തിവയ്ക്കാൻ പോകുന്ന നാശം കണ്ടറിയുന്നു. എന്നാൽ മനുഷ്യന്റെ നാശം അവന്റെ സ്വതന്ത്രേച്ഛയിൽ നിന്ന് സംഭവിക്കുന്നതാകയാൽ അതിന്റെ ഉത്തരവാദിത്തം തനിക്കല്ല എന്നാണ്‌ ദൈവത്തിന്റെ നിലപാട്. മനുഷ്യന്റെ പാപത്തിനു പരിഹാരമായി സ്വയം ഏല്പിച്ചുകൊടുക്കാനുള്ള സന്നദ്ധതയുമായി അപ്പോൾ ദൈവപുത്രൻ മുന്നോട്ടുവരുന്നു. അത് ദൈവം അംഗീകരിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമനിക്കപ്പെട്ടു. ദൃശ്യപ്രപഞ്ചത്തിന്റെ വിളുമ്പിൽ മാലാഖയായി വേഷപ്രച്ഛന്നനായിരുന്ന സാത്താൻ എത്തിച്ചേരുന്നു. അവിടെ സൂര്യരമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു.

 
ആദിദമ്പതിമാരുടെ ആലിംഗനങ്ങൾ നോക്കിനിൽക്കുന്ന സാത്താൻ, പറുദീസനഷ്ടത്തിന്‌ 1808-ൽ വില്യം ബ്ലെയ്ക്ക് നടത്തിയ ചിത്രീകരണത്തിന്റെ ഭാഗം

പുസ്തകം 4

തിരുത്തുക

ഏദേൻ തോട്ടത്തിൽ എത്തിച്ചേരുന്ന സാത്താൻ വിലക്കെപ്പെട്ട "നന്മതിന്മകളുടെ അറിവിന്റെ വൃക്ഷ"-ത്തിന്റെ കാര്യം ചർച്ച ചെയ്യുന്ന ആദം-ഹവ്വാമാരെ കണ്ടെത്തുന്നു. അവരുടെ നിഷ്കളങ്കതയും സൗന്ദര്യവും കണ്ട സാത്താന്‌ തന്റെ പദ്ധതിയിൽ അല്പനേരത്തേയ്ക്ക് ചാഞ്ചല്യമുണ്ടായെങ്കിലും, വെറുക്കപ്പെടേണ്ട ഈ ദൗത്യത്തിന്റെ പൂർത്തീകരണം "അഭിമാനത്തിന്റേയും സാമ്രാജ്യത്തിന്റേയും കാര്യമാണെന്ന" തീരുമാനത്തിൽ ഒടുവിൽ അയാൾ എത്തിച്ചേരുന്നു.[5] ഉറക്കത്തിൽ ഹവ്വായെ പ്രലോഭിപ്പിക്കാൻ സാത്താൻ ശ്രമിച്ചെങ്കിലും അയാളുടെ ആ ശ്രമം മാലാഖമാർ കണ്ടെത്തി. ഗബ്രിയേൽ എന്ന മാലാഖ അയാളെ ഏദേൻ തോട്ടത്തിൽ നിന്ന് പുറത്താക്കുന്നു.

പുസ്തകം 5

തിരുത്തുക

ഉറക്കമുണർന്ന ഹവ്വാ തന്റെ സ്വപ്നം ആദത്തിനു വിവരിക്കുന്നു. ആദത്തിനു മുന്നറിയിപ്പു കൊടുക്കാനും ധൈര്യപ്പെടുത്താനും ദൈവം റഫായേൽ എന്ന മാലാഖയെ അയയ്ക്കുന്നു: ആദവും റഫായേലും, സ്വതന്ത്രേച്ഛയേയും ദൈവത്തിന്റെ മുൻ‌വിധിയും(pre-destination) ചർച്ച ചെയ്യുന്നു; ദൈവത്തിനെതിരെ കലാപമുണ്ടാക്കാൻ മാലാഖമാരെ സാത്താൻ പ്രേരിപ്പിച്ച കഥ റഫായേൽ ആദത്തോടു പറയുന്നു.

പുസ്തകം 6

തിരുത്തുക

സ്വർഗ്ഗത്തിലെ യുദ്ധത്തിന്റെ കഥയും ദൈവപുത്രൻ സാത്താനേയും അയാളുടെ കൂട്ടാളികളേയും നരകത്തിൽ തള്ളിയതെങ്ങനെയെന്നും റഫായേൽ ആദത്തിനു വിവരിക്കുന്നു.

പുസ്തകം 7

തിരുത്തുക

നരകത്തിലെ പരാജയപ്പെട്ട കലാപത്തെ തുടർന്ന് മറ്റൊരു ലോകമായ ഭൂമി സൃഷ്ടിക്കാൻ ദൈവം നിശ്ചയിച്ചതിന്റെ കഥയും റഫായേൽ പറയുന്നു; അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുതെന്ന് റഫായേൽ ആദത്തെ ഓർമ്മിപ്പിക്കുന്നു. കാരണം "അതു തിന്നുന്ന നാൾ നീ മരിക്കും;//മരണമാണ്‌ അതിനുള്ള ശിക്ഷ എന്നോർത്ത്,//നിന്റെ രുചിയെ നന്നായി ഭരിക്കാഞ്ഞാൽ,// പാപവും അവളുടെ കറുത്ത കൂട്ടുകാരൻ മരണവും നിന്നെ പിടികൂടും".

പുസ്തകം 8

തിരുത്തുക

ആറാം പുസ്തകത്തിൽ റഫായേൽ പറഞ്ഞ കഥയുടെ മറുവശമെന്നോണം ആദം സ്വന്തം സൃഷ്ടിയുടെ കഥ തന്റെ കാഴ്ചപ്പാടിലൂടെ പറയുന്നു. നക്ഷത്രങ്ങളേയും വാനാരൂപികളുടെ പ്രകൃതിയേയും കുറിച്ച് ആദം റഫായേലിനോടന്വേഷിക്കുന്നു; റഫായേലിന്റെ മറുപടി ഇതാണ്‌: "അവിടത്തെ കാര്യങ്ങൾ അറിയാൻ പറ്റാത്തവിധം‌//അത്യുന്നതത്തിലാണ്‌ നിനക്കു സ്വർഗ്ഗം;// വിനീതബുദ്ധിയാവുക". വിനയവും ക്ഷമയും പരിശീലിക്കാനുള്ള ഉപദേശമായിരുന്നു അത്.

പുസ്തകം 9

തിരുത്തുക

ഇതിനിടെ ഏദേൻ തോട്ടത്തിൽ മടങ്ങിയെത്തിയ സാത്താൻ ഉറങ്ങിക്കിടന്ന ഒരു സർപ്പത്തിന്റെ ശരീരത്തിൽ പ്രവേശിക്കുന്നു. സർപ്പം ഹവ്വായെ അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. അവൾ അതു ഭക്ഷിക്കുകയും കുറേ ആദത്തിനായി കൊണ്ടുപോവുകയും ചെയ്യുന്നു. ഹവ്വാ വഞ്ചിതയായെന്നറിഞ്ഞ ആദം, അവളില്ലാതെ ജീവിക്കുന്നതിൽ നല്ലത് അവൾക്കൊപ്പം മരിക്കുന്നതാണെന്നു കരുതി ആ ഫലം തിന്നുന്നു; ആദ്യം ആ ഫലം അവരെ ലഹരിയിലാക്കുന്നു; ആസക്തിയുണർന്ന അവർ ഇണചേരുന്നു; പിന്നീട്, നിഷ്കളങ്കതയുടെ നഷ്ടം തിരിച്ചറിഞ്ഞ അവർ നഗ്നത മറയ്ക്കുകയും നിരാശയിൽ നിപതിക്കുകയും ചെയ്യുന്നു: "കരായാനിരുന്ന അവർ കരയുക മാത്രമായിരുന്നില്ല//അവർക്കുള്ളിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങി//അടക്കാനാവാത്ത ഉദ്വേഗവും, വിദ്വേഷവും, വെറുപ്പും// അവിശ്വാസവും, സംശയവും, സ്വരഭേദവും, അവരെ ഉലച്ച്//അവരുടെ ഉള്ളിന്റെ ഭാഗമായി നിന്നു."

പുസ്തകം 10

തിരുത്തുക

ആദത്തിനും ഹവ്വായ്ക്കുമുള്ള ശിക്ഷ അറിയിക്കാൻ ദൈവം തന്റെ പുത്രനെ ഏദേനിലേയ്ക്കയക്കുന്നു. മരണത്തിൽ അവസാനിക്കുന്ന ഒരു ജീവിതം അവർക്കു വിധിച്ചുകിട്ടി. എക്കാലവും ഉദരം കൊണ്ട് ഇഴഞ്ഞുനടക്കാനും ധൂളി ഭക്ഷിക്കാനുമുള്ള ശിക്ഷയാണ്‌ സർപ്പത്തിനു വിധിക്കപ്പെട്ടത്. സാത്താൻ വിജയശ്രീലാളിതനായി നരകത്തിൽ മടങ്ങിയെത്തി. അപ്പോൾ തന്നെ പാപവും മരണവും, നരകം ഉപേക്ഷിച്ച് ഭൂമിയിലെത്തി. എന്നാൽ ഭൗമിക പറുദീസയിലെ തന്റെ വിജയകഥ നരകത്തിൽ പറഞ്ഞുകൊണ്ടിരിക്കെ സാത്താനുമേൽ ദൈവശാപം നിപതിച്ചു. അതോടെ അയാളും അനുയായികളും, വിലക്കപ്പെട്ട കനി തേടിനടക്കനും പൊടിതിന്നു ജീവിക്കാനും ശപിക്കപ്പെട്ട സർപ്പങ്ങളാക്കി മാറി.

പുസ്തകം 11

തിരുത്തുക

പാപത്താൽ കളങ്കിതരായ ആദിമനുഷ്യരെ പറുദീസയിൽ നിന്നു പുറത്താക്കാൻ തീരുമാനിച്ച ദൈവം ആ തീരുമാനം അറിയിക്കാനും നടപ്പാക്കാനുമായി മിഖായേൽ എന്ന ദൂതനെ അയക്കുന്നു. തങ്ങളുടെ ബഹിഷ്കാരത്തിന്റെ ദൈവനിശ്ചയം കേട്ട ഹവ്വാ, കണ്ണീരോടെ മാറിനിൽക്കുന്നു. മിഖായേൽ ആദത്തെ ഒരു പർ‌വതത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ, മനുഷ്യന്റെ പാപം മൂലം വരുവാനിരിക്കുന്ന ജലപ്രളയം വരെയുള്ള സംഭവങ്ങളുടെ പൂർ‌വദർശനം അയാൾക്കു സിദ്ധിക്കുന്നു.

പുസ്തകം 12

തിരുത്തുക

ആദം-ഹവ്വാമാരെ പറുദീസയ്ക്കു പുറത്താക്കുന്നതിനു മുൻപ് മിഖായേൽ ആദത്തോട്, ഭാവിയിൽ പിറക്കാനിരിക്കുന്ന രക്ഷകന്റെ കാര്യം പറയുന്നു. ഭൗമിക പറുദീസ നഷ്ടമാക്കിയ അവർക്ക് അതോടെ "വരുവാനിരിക്കുന്ന വിദൂരസ്ഥമായൊരു പറുദീസ മനസ്സിൽ കൊണ്ടുനടക്കാൻ കിട്ടി." കവിതയുടെ അന്ത്യം ഇങ്ങനെയാണ്‌: "വിശ്രമസ്ഥാനം കണ്ടെത്താൻ ലോകം മുഴുവനും//അവർക്കു മുൻപിൽ ഉണ്ടായിരുന്നു//വഴികാട്ടിയായി ദൈവകാരുണ്യവും://കൈകോർത്തു[പ്രവർത്തിക്കാത്ത കണ്ണി] പിടിച്ച് ഇടറുന്ന കാലടികളോടെ മെല്ലെ// ഏദേനിൽ നിന്ന് അവർ അവരുടെ ഒറ്റപ്പെട്ട വഴിതേടി."[6]

കഥാപാത്രങ്ങൾ

തിരുത്തുക

സാത്താൻ

തിരുത്തുക
 
പറുദീസനഷ്ടത്തിലെ പ്രതിനായകൻ സാത്താൻ ഗുസ്താഫ് ഡോറിന്റെ ഭാവനയിൽ, 1866-ലെ രചന

ഈ കാവ്യത്തിൽ ആദ്യം കടന്നുവരുന്ന കഥാപാത്രം സാത്താനാണ്‌. സുന്ദരനായൊരു യുവാവായ അയാൾ ഒരു ദുരന്തകഥാപാത്രമാണ്‌. "നരകത്തിലെ വാഴ്ചയാണ്‌ സ്വർഗ്ഗത്തിലെ അടിമത്തത്തേക്കാൾ അഭികാമ്യം" എന്ന നിലപാടിൽ അയാളുടെ സ്വഭാവം തെളിഞ്ഞുനിൽക്കുന്നു‌. ദൈവത്തിൽ നിന്ന് സ്വർഗ്ഗത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ പരാജയമാണ്‌ അയാളെ നരകത്തിൽ എത്തിച്ചത്. സമസ്തഭൂതങ്ങളും സ്വാതന്ത്ര്യം അർഹിക്കുന്നവായാണെന്ന നിലപാടെടുത്ത സാത്താൻ, മാലാഖമാർ "സ്വയം സൃഷ്ടങ്ങളും സ്വയം ഭൂക്കളും" ആണെന്നു പഖ്യാപിച്ച്[7] സ്രഷ്ടാവെന്ന നിലയിൽ ദൈവം അവകാശപ്പെട്ട അധികാരത്തെ വെല്ലുവിളിച്ചു.

മിൽട്ടന്റെ സാത്താൻ മാസ്മരികതയും നയചാതുര്യവും ഉള്ളവനാണ്‌. ദൈവത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിൽ വലിയൊരു പറ്റം മാലാഖമാരുടെ പിന്തുണ നേടിയെടുത്തപ്പോഴാണ്‌ അവന്റെ നയചാതുര്യം ആദ്യം പ്രകടമായത്. ദൈവത്തിനൊപ്പം അവകാശങ്ങൾ അവർക്കും ഉണ്ടാകേണ്ടതാണെന്നും സ്വർഗ്ഗത്തിലെ ദൈവത്തിന്റെ വാഴ്ച അസമത്വത്തിൽ അടിയുറച്ചതാണെന്നും അവൻ വാദിച്ചു. "ശക്തിയിലും മഹത്ത്വത്തിലും തനിക്കു തുല്യരല്ലെങ്കിലും ജീവിക്കാനുള്ള അവകാശത്തിൽ തുല്യരായിരിക്കുന്നവരുടെ മേലുള്ള ദൈവത്തിന്റെ വാഴ്ച; നിയമില്ലാതെ തന്നെ ശരിയായതു ചെയ്യുന്നവരുടെ മേൽ നിയമങ്ങൾ അടിച്ചേല്പിക്കുന്നത്; രാജഗുണം സൂചിപ്പിക്കുന്ന സ്ഥാനപ്പേരുകളുള്ളവരിൽ നിന്ന് ആരാധന പ്രതീക്ഷിക്കുന്നത്; ഇതൊക്കെ നീതിയാണെന്ന് ആർക്കു പറായാനാകും" എന്നാണ്‌ സാത്താൻ അനുയായികളോട് ചോദിച്ചത്. "[8]

സർപ്പത്തിന്റെ ആകാരം സ്വീകരിച്ച് ഹവ്വായെ സമീപിക്കുന്ന സാത്താൻ അറിവിന്റെ വൃക്ഷത്തിന്റെ കനിഭക്ഷിക്കാൻ അവളെ സമ്മതിപ്പിക്കുമ്പോഴും അയാളുടെ വാക്‌ചാതുരി തെളിവായി കാണുന്നു. ആദ്യം അയാൾ കണക്കറ്റ പ്രശംസ കൊണ്ട് അവളുടെ വിശ്വാസം പിടിച്ചുപറ്റുന്നു. സംസാരശേഷിയുള്ള ഒരു സർപ്പത്തെ കണ്ട് അത്ഭുതപ്പെട്ട അവളോട്, അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചാണ്‌ സർപ്പമായ താൻ സംസാരശേഷി നേടിയതെന്നും, വൃക്ഷഫലം ഭക്ഷിച്ചാൽ അവൾ ദൈവത്തെപ്പോലെയാകുമെന്നും അവൻ പറയുന്നു. ഫലം തിന്നാൽ അവൾ മരിക്കുകയില്ലെന്നും ദൈവം അതിന്‌ അവളോടു കോപിക്കയില്ലെന്നും കൂടി അയാൾ പറയുന്നു. ദൈവത്തിന്റെ സർ‌വശക്തിയെ നിഷേധിക്കുന്ന വാദങ്ങളും അയാൾ നിരത്തുന്നുണ്ട്. അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുതെന്ന ദൈവത്തിന്റെ വിലക്കിനു കാരണമെന്തെന്നു ചോദിച്ച് അയാൾ സ്വയം ഇങ്ങനെ മറുപടി പറയുന്നു:

തന്റെ മാത്രം അസ്തിത്വത്തിൽ വിശ്വസിക്കുന്നിടത്തോളം എത്തുന്ന ആത്മപ്രേമം സാത്താൻ പ്രകടിപ്പിക്കുന്നു. വലിയ കാര്യങ്ങൾ ലക്ഷ്യം വയ്ക്കാനും നേടാനും ഉപകരിച്ച സാത്താന്റെ അഹംഭാവം അയാളുടെ ഏറ്റവും വലിയ ശക്തിയും വലിയ ബലഹീനതയുമാണ്‌. അതിരുവിട്ട ആത്മവിശ്വാസം അയാൾക്ക് തുടരെ വിനയാകുന്നു. സ്വന്തം പ്രതിരൂപത്തിൽ അഭിനിവേശം തോന്നാൻ മാത്രം ആത്മപ്രേമിയാണയാൾ. തന്റെ തന്നെ സ്ത്രീരൂപമാണ്‌ പാപമെന്നു കണ്ട അയാൾ അവളിൽ അനുരക്തനാകുന്നെങ്കിലും ഒടുവിൽ അവൾ തന്റെ തന്നെ മകളാണെന്നു തിരിച്ചറിയുന്നു.

ഹവ്വായെ കബളിപ്പിക്കുന്നതിനു മുൻപ് മിൽട്ടന്റെ സാത്താന്‌, തന്റെ കൃത്യം നിഷ്കളങ്കരുടെ ശാപത്തിനു കാരണമാകുമെന്ന ചിന്തയിൽ ആശങ്കയും കുറ്റബോധവും തോന്നുന്നുണ്ട്. ദൗത്യനിർ‌വഹണത്തിനായി പറുദീസയിൽ ആദ്യം പ്രവേശിക്കുമ്പോഴും അയാൾക്ക് കുറ്റബോധം തോന്നുന്നുണ്ട്. എന്നാൽ സ്വർഗ്ഗത്തിൽ നിന്നുള്ള തന്റെ നിഷ്കാസനം അനുസ്മരിക്കുമ്പോൾ, ഈദൃശമായ ചാഞ്ചല്യം എല്ലായ്പോഴും അയാളെ വിട്ടുപോകുന്നു.

പറുദീസനഷ്ടത്തിന്റെ കഥയിലെ മുഖ്യചാലകശക്തി എന്ന നിലയിലുള്ള സാത്താന്റെ പങ്ക് പണ്ഡിതന്മാർക്കിടയിൽ വലിയ ചർച്ചകൾക്കു വിഷയമായിട്ടുണ്ട്. ഇതേക്കുറിച്ച് വില്യം ബ്ലേയ്ക്കിന്റെ അഭിപ്രായം ഇതാണ്‌: "മാലാഖമാരേയും ദൈവത്തേയും കുറിച്ചെഴുതിയപ്പോൾ ചങ്ങലയിൽ കിടന്ന മിൽട്ടൺ; ചെകുത്താന്മാരേയും നരകത്തേയും കുറിച്ചെഴുതിയപ്പോൾ സ്വതന്ത്രനായിരുന്നു; ശരിയായ കവിയായിരുന്ന അദ്ദേഹം അറിയാതെയാണെങ്കിലും ചെകുത്താന്റെ ചേരിയിലായിരുന്നു."[10] സ്വാതന്ത്ര്യപ്രേമിയായ സാത്താന്റെ ചിത്രീകരണത്തിൽ മിൽട്ടൻ അബോധപൂർ‌വമായിട്ടെങ്കിലും അവതരിപ്പിച്ചത്, പ്രതിസന്ധികളിലും പീഡനങ്ങളിലും തളരാതെ നിന്ന പ്യൂരിറ്റൻ ക്രിസ്ത്യാനിയുടെ മാതൃകയാണെന്ന് വില്യം ജെ. ലോങ്ങ് അഭിപ്രായപ്പെട്ടിട്ടുണ്ട്.[11] എന്നാൽ പറുദീസനഷ്ടത്തെ ഒരു ക്രിസ്തീയ സന്മാർഗ്ഗകഥയായി വിലയിരുത്തിയ എച്ച് മാർഷാലിനെപ്പോലുള്ള നിരൂപകരുടെ വീക്ഷണവുമായി ചേർന്നുപോകുന്നതല്ല ഈ വിലയിരുത്തൽ. [12]

 
ദൈവത്തെ പാടി സ്തുതിക്കുന്ന സ്വർഗ്ഗീയഗണങ്ങൾ, ഗുസ്താഫ് ഡോറിന്റെ 1866-ലെ രചന

സ്വർഗ്ഗ-നരകങ്ങളുടേയും കഥയിലെ മറ്റു കഥാപാത്രങ്ങളുടേയും സ്രഷ്ടാവാണ്‌ പിതാവായ ദൈവം. പ്രതാപിയും, ക്ഷിപ്രകോപിയും, സ്വാർത്ഥനും, ഭയപ്പെടുത്തുന്നവനും ആണെങ്കിലും അദ്ദേഹം സർ‌വശക്തനും സർ‌വജ്ഞാനിയുമാണ്‌. ദൈവത്തിന്റെ സൃഷ്ടികർമ്മത്തെക്കുറിച്ചുള്ള തന്റെ സങ്കല്പം മിൽട്ടൻ പറുദീസനഷ്ടത്തിൽ അവതരിപ്പിക്കുന്നുണ്ട്. അതനുസരിച്ച് ദൈവം സൃഷ്ടികളെയെല്ലാം ഉരുവാക്കിയത് തന്നിൽ നിന്നാണ്‌, ഒന്നുമില്ലായ്മയിൽ നിന്നല്ല.[13] മിൽട്ടന്റെ വീക്ഷണം അനുസരിച്ച്, സൃഷ്ടിജാലങ്ങളുടെയല്ലാം ആദിസ്രോതസ്സെന്ന നിലയിലാണ്‌ അവയ്ക്കുമേലുള്ള ദൈവത്തിന്റെ അധികാരം. തന്റെ കലാപത്തെ സാത്താൻ ന്യായീകരിക്കുന്നത്, സൃഷ്ടിയിൽ ദൈവത്തിനുള്ള പങ്ക് നിക്ഷേധിച്ചുകൊണ്ടും എല്ലാം സ്വയംഭൂതമാണെന്നു വാദിച്ചുകൊണ്ടുമാണ്‌. എന്നാൽ ഈ വാദം സത്യമല്ലെന്നും, "തന്നെ താനാക്കിയ ദൈവം ആരാധന അർഹിക്കുന്നെന്നും" സാത്താൻ തന്നോടു തന്നെ സമ്മതിക്കുന്നുണ്ട്.[14][15]

ബൈബിൾ പാഠങ്ങളെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചിരുന്ന അക്കാലത്തെ സങ്കുചിത ദൈവശാസ്ത്രത്തിന്റെ നിറം കലർന്ന് വിരൂപനായൊരു ദൈവമാണ്‌ പറുദീസനഷ്ടത്തിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പ്രപഞ്ചത്തിന്റെ സേവകനല്ല, അഹംഭാവം മൂത്ത ഏകാധിപതിയാണ്‌ മിൽട്ടന്റെ ദൈവം. ഉന്നതമായ സിംഹാസനത്തിലിരിക്കുന്ന അവന്റെ ദൈവികമായ പൊങ്ങച്ചത്തെ, സേവനനിരതരായി ചൂറ്റും നിൽക്കുന്ന വാനാരൂപികളുടെ ഗണങ്ങൾ പുകഴ്ചകൾ പാടി നിത്യം പ്രീണിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇത്തരം കഥാപാത്രങ്ങളെ കണ്ടെത്താൻ സ്വർഗ്ഗം വരെ പോകേണ്ട കാര്യമില്ലെന്നും ഭൂമിയിൽ എവിടേയും ഇവരെ കണ്ടെത്താമെന്നും വില്യം ജെ. ലോങ്ങ് പരിഹസിച്ചിട്ടുണ്ട്.[11]

ദൈവപുത്രൻ

തിരുത്തുക

പറുദീസനഷ്ടത്തിലെ ദൈവപുത്രൻ യേശുക്രിസ്തുവാണ്‌. എങ്കിലും, യേശുവിന്റെ ജനനത്തിനു മുൻപുള്ള കഥയായതു കൊണ്ട്, കൃതിയിൽ കവി യേശുവിന്റെ പേര്‌ പരാമർശിക്കുന്നില്ല. ധീരനും ശക്തനുമായ ദൈവപുത്രൻ, പിതാവിനെതിരെ അക്രമാസക്തമായ കലാപമുയർത്തിയ സാത്താനേയും അനുയായികളേയും പരാജയപ്പെടുത്തി നരകത്തിൽ തള്ളുന്നു. അതുപോലെ, ആദവും ഹവ്വായും പാപം ചെയ്യാൻ പോകുന്നെന്നും അതിന്റെ ഫലമായി മനുഷ്യരാശി ഒന്നോടെ അഭിശപ്തമാകുമെന്നും പിതാവ് അറിയിച്ചപ്പോൾ, പുത്രൻ ആ പാപത്തിന്റെ ശിക്ഷ ഏറ്റെടുക്കാനുള്ള നിസ്സ്വാർത്ഥതയും ധൈര്യവും കാട്ടുന്നു. ഈ കവിതയിൽ ആശയുടെ സ്രോതസ്സായിരിക്കുന്നത് ദൈവപുത്രനാണ്‌. ആദം-ഹവ്വാമാരുടെ പാപം വഴി സാത്താൻ നേടിയ വിജയത്തെ താത്ക്കാലികമാക്കി മാറ്റി മനുഷ്യവർഗ്ഗത്തിനു വിമോചനത്തിനു വഴി ഒരുക്കിയത് ദൈവപുത്രനാണ്‌.[16]

ദൈവം സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനായിരുന്നു ആദം. ഹവ്വായേക്കാൾ ബുദ്ധിമാനും, ശാരീരശക്തിയും ധർമ്മനിഷ്ടയിലും മുമ്പനുമായാണ്‌ മിൽട്ടൺ അയാളെ ചിത്രീകരിച്ചിരിക്കുന്നത്. തന്നെ സന്ദർശിച്ച് ദൈവദൂതൻ റഫായേലിനോട് ആദം ചോദിക്കുന്ന ചോദ്യങ്ങൾ സ്വന്തം ഉണ്മ, ദൈവം, സ്വർഗ്ഗം, പ്രപഞ്ചം എന്നീ വിഷയങ്ങളിലുള്ള അയാളുടെ ബുദ്ധിപരമായ കൗതുകം വെളിവാക്കുന്നു. ഹവ്വായിൽ പ്രകടമാകാത്ത തരം കൗതുകമാണിത്.

ബൈബിളിലെന്ന പോലെ ഹവ്വാ ആദത്തിന്റെ അധികാരത്തിൽ കീഴായിരുന്നെങ്കിലും തന്റെ മാസ്മരികതയും സൗന്ദര്യവും കൊണ്ട് അയാളെ എളുപ്പത്തിൽ സ്വാധീനിക്കാൻ അവൾക്കു കഴിഞ്ഞിരുന്നു. അവളുടെ സൗന്ദര്യത്തോട് അയാൾക്ക് ആരാധന തന്നെ ആയിരുന്നു. പലപ്പോഴും അവളുടെ ഇച്ഛകൾ അവളെ നിയന്ത്രിച്ചിരുന്നു. അതിരുവിട്ട ഈ പ്രേമവും വിധേയത്വവും ആദത്തിന്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു. അവർക്കിടയിലുള്ള ബന്ധത്തിന്റെ സ്വഭാവം ബൈബിളിലെ ചിത്രീകരണത്തിൽ തെളിയുന്നതിനേക്കാൾ സങ്കീർണ്ണമാണ്‌. തന്റെ വാരിയെല്ലിൽ നിന്നുരുവാക്കപ്പെട്ട ഹവ്വായുടെ സുരക്ഷിതത്ത്വത്തെപ്പറ്റി ആദം ആശങ്കാകുലനായിരുന്നു. പറുദീസയിൽ സാത്താൻ കടന്നുകുടിയെന്ന് റഫയേലിൽ നിന്നു കേട്ടതിൽ പിന്നെ ഈ ആശങ്ക വർദ്ധിക്കുകയും ചെയ്തു.

ഏദേനിൽ നിന്നു പുറത്താക്കപ്പെടുന്നതിനു മുൻപ്, മനുഷ്യരാശിയുടെ ഭാവിയുടെ ഒരു ചിത്രം മിൽട്ടന്റെ ആദത്തിനു ദൈവദൂതൻ മിഖായേൽ കാട്ടിക്കൊടുക്കുന്നതായി മിൽട്ടൺ ചിത്രീകരിക്കുന്നു. പഴയനിയമത്തിലേയും പുതിയനിയമത്തിലേയും കഥകളുടെ ഭാഗങ്ങൾ ഈ ദർശനത്തിൽ പെട്ടു. ബൈബിളിലെ ആദത്തിനു കിട്ടാത്ത ദർശനമാണിത്.

 
ഹവ്വായുടെ പ്രലോഭനവും പതനവും, വില്യം ബ്ലേയ്ക്കിന്റെ ചിത്രീകരണം

ആദത്തിന്റെ വാരിയെല്ലുകളിൽ ഒന്നിൽ നിന്ന് അയാളുടെ തന്നെ സ്ത്രൈണപ്രതിരൂപമായി ദൈവം ഉരുവാക്കിയ മനുഷ്യജീവിയാണ്‌ ഹവ്വാ. ആദമിനു വിധേയയായി കഴിഞ്ഞ ഒരു "മാതൃകാഭാര്യ"-യായി അവൾ പ്രത്യക്ഷപ്പെടുന്നു. സാത്താൻ വഴിതെറ്റിക്കുന്നതു വരെ, ആദമിന്റെ നിർദ്ദേശങ്ങൾക്കു വഴങ്ങി അവൾ കഴിഞ്ഞു.

അവളുടെ അസാധാരണമായ സൗന്ദര്യം ആദത്തെ മാത്രമള്ള അവളെപ്പോലും വശീകരിച്ചു. പിറന്ന ഉടനേ സ്വന്തം നിഴൽ ജലത്തിൽ കണ്ട അവൾ അതിൽ മതിമറന്നു നിന്നു പോയി. ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട്. ആദത്തിന്റെ പക്കലേയ്ക്കു പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ്‌ അവൾ തന്റെ നിഴലിനെ വിട്ടുപോയത്. സാത്താന്റെ കാര്യത്തിലെന്ന പോലെ, അഹങ്കാരം അവളുടെ പതനത്തിന്റെ ഒരു കാരണമായി. പൈശാശികശക്തി ഹവ്വായെ ആദ്യം സ്വാധീനിച്ചത് സ്വപ്നത്തിലായിരുന്നു. അതിനു ശേഷം, ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തരം സ്വാതന്ത്ര്യവാച്ഛ അവളിൽ പ്രകടമായി. ആദത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ച്, തോട്ടത്തിൽ ഒറ്റയ്ക്ക് വേലചെയ്യാൻ അവൾ താത്പര്യം കാട്ടി. അവൾ ഒറ്റയ്ക്കായപ്പോൾ, അറിവിന്റെ വൃക്ഷത്തിൽ നിന്നു ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു. സർപ്പത്തിന്റെ രൂപത്തിൽ ഹവ്വായെ സമീപിച്ച സാത്താൻ അഹങ്കാരത്തിന്റേയും വൻഭാവത്തിന്റെ വഴിയിലാണ്‌ അവളെ സ്വാധീനിച്ചത്.

തുടർന്ന്, അവളെ നഷ്ടപ്പെടുന്നത് ഇഷ്ടപ്പെടാതിരുന്ന ആദത്തിനെ അവൾ കനി തിന്നാൽ പ്രേരിപ്പിച്ചു. ബൈബിളിലെ കഥയിൽ പ്രകടമാകാത്ത ഒരു സങ്കീർണ്ണതയാണിത്. മിൽട്ടന്റെ സങ്കല്പത്തിൽ, ഹവ്വായെ നഷ്ടപ്പെട്ട് ഏകനാകുന്നതിനേക്കാൾ അവളോടൊപ്പം മരിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നതിനാലാണ്‌ ആദം വിലക്കപ്പെട്ട കനി ഭക്ഷിച്ചത്. തന്റെ പാപം മുഴുവൻ മനുഷ്യരാശിയേയും അഭിശപ്തമാക്കിയെന്ന് ബോധ്യപ്പെട്ട ആദം കുറ്റപ്പെടുത്തുകയും കടുവാക്കുകൾ പറയുകയും ചെയ്തപ്പോൾ, ഹവ്വാ മുട്ടിന്മേൽ നിന്ന് ആദത്തോടു മാപ്പു ചോദിക്കുന്നതു കാണാം. അപ്പോഴും അവളെ സ്നേഹിച്ചിരുന്ന അയാൾ അവളോട് ക്ഷമിക്കുകയും തെറ്റിൽ താനും പങ്കുകാരനാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു.

സാത്താൻ ഏദേനിൽ കടന്നുകൂടിയ വാർത്തയും മനുഷ്യനെതിരായുള്ള അവന്റെ പദ്ധതികളും ആദത്തെ അറിയിക്കാൻ ദൈവം അയച്ച മാലാഖയാണ്‌ റഫായേൽ. ആദ്യം ആദത്തേയും ഹവ്വായേയും കണ്ടുമുട്ടുന്ന റഫായേൽ ഒടുവിൽ ആദത്തോടുമാത്രമായി വിശദമായ സ്വകാര്യഭാഷണത്തിൽ ഏർപ്പെടുന്നു. ഈ ചർച്ചയിൽ റഫായേൽ, സാത്താന്റെ കലാപവും ഒടുവിൽ അയാൾ നരകത്തിൽ നിപതിച്ചതും മറ്റും ആദത്തോടു വിവരിക്കുന്നു. അതിനു ശേഷം ആദത്തിന്റെ കൗതുകം ശമിപ്പിക്കാൻ, ഭൂസ്വർഗ്ഗങ്ങളുടെ സൃഷ്ടിയുടെ വിവരണവും റഫായേൽ അയാൾക്കു നൽകുന്നു.

മിഖായേൽ

തിരുത്തുക

അറിവിന്റെ കനി തിന്ന് അഭിശപ്തരായി തീർന്ന ആദം-ഹവ്വാമാരുടെ അടുത്തേയ്ക്ക് ദൈവം മിഖായേൽ എന്ന ദൂതനെ അയക്കുന്നു. ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ്‌ അയാളുടെ ദൗത്യം. പറുദീസയിൽ നിന്നു പുറത്താക്കുന്നതിനു മുൻപ് മിഖായേൽ അവർക്ക് മനുഷ്യരാശിയുടെ ഭാവിയുടെ ചിത്രം, ബൈബിൾ ആഖ്യാനത്തെ ആശ്രയിച്ച് കാണിച്ചുകൊടുക്കുന്നു. മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ച് ആശയുള്ളവരായിരിക്കാൻ ആദിമാതാപിതാക്കളെ സഹായിക്കാനായിരുന്നു ഈ ദർശനം.

അബ്ദിയേൽ

തിരുത്തുക

ദൈവത്തിനെതിരായ കലാപത്തിന്‌ സാത്താൻ പ്രേരിപ്പിച്ച മാലാഖമാരിൽ ഒടുവിൽ സാത്താനെ ഉപേക്ഷിച്ചത് അബ്ദിയേൽ മാത്രമാണ്‌. സാത്താന്റെ കലാപത്തിന്റെ വാർത്ത ദൈവത്തെ അറിയിക്കാൻ അയാൾ എത്തുന്നു. എന്നാൽ അയാൾ എത്തിയപ്പോൾ കണ്ടത്, ദൈവികസൈന്യം മുന്നേതന്നെ യുദ്ധസജ്ജമായിരിക്കുന്നതാണ്‌.

പറുദീസവീണ്ടെടുപ്പ്

തിരുത്തുക

പറുദീസനഷ്ടത്തിൽ, സാത്താന്റെ പ്രലോഭനത്തിനു വശം‌വദരായി ഭൗമികപറുദീസ നഷ്ടപ്പെടുത്തുന്ന ആദം-ഹവ്വാമാരുടെ കഥ പറഞ്ഞ മിൽട്ടൻ, മൂന്നു വർഷം കഴിഞ്ഞ് 1671-ൽ പ്രസിദ്ധീകരിച്ച "പറുദീസവീണ്ടെടുപ്പ്" (Paradise Regained) എന്ന കൃതിയിൽ മരുഭൂമിയിൽ സാത്താന്റെ പ്രലോഭനത്തെ വിജയപൂർ‌വം തരണം ചെയ്ത് നഷ്ടപറുദീസയുടെ വീണ്ടെടുപ്പിനു വഴിയൊരുക്കിയ യേശുവിന്റെ കഥ പറയുന്നു. നാലു പുസ്തകങ്ങൾ അടങ്ങിയ ഈ കൃതി ഗുണത്തിലും പ്രചാരത്തിലും പറുദീസനഷ്ടത്തിന്‌ ഏറെ പിന്നിലാണ്‌.

കുറിപ്പുകൾ

തിരുത്തുക

^ പറുദീസനഷ്ടത്തിന്റെ പ്രസിദ്ധീകരണത്തിന്‌ പതിനാറു വർഷം മുൻപ് 1651-ൽ സമാപിച്ച ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിൽ മിൽട്ടൺ രാജവിരുദ്ധപക്ഷത്ത് സക്രിയനായിരുന്നു.

^ "Better to reign in Hell than serve in Heaven"

^ "The mind is its own place, and in itself//Can make a Heaven of Hell, a Hell of Heaven."

  1. "Paradise Lost: Introduction". Dartmouth College. Archived from the original on 2019-05-24. Retrieved 2010-08-14.
  2. 2.0 2.1 Milton 1674, 1:26.
  3. Milton 1674, 1:263.
  4. Milton 1674, 1:254-355.
  5. Milton 1674, 4:387-388.
  6. Milton 1674, 12:646-649.
  7. Milton 1674, 5:860.
  8. Milton 1674, 5:794-802.
  9. Milton 1674, 9:703-714.
  10. Black 2007, പുറം. 996.
  11. 11.0 11.1 Willian J.Long, English Literature, Its History and its significance for the Life of the English-speaking World, (പുറങ്ങൾ 202-218)
  12. Marshall 1961, പുറം. 19.
  13. Lehnhof 2008, പുറം. 15.
  14. Milton 1674, 4:42-43.
  15. Lehnhof 2008, പുറം. 24.
  16. Marshall 1961, പുറം. 17.

ഗ്രന്ഥസൂചി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാരഡൈസ്_ലോസ്റ്റ്&oldid=3798347" എന്ന താളിൽനിന്ന് ശേഖരിച്ചത്