പ്രധാന മെനു തുറക്കുക

1947-ൽ ബ്രിട്ടീഷ് ഇന്ത്യക്ക് സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചതിനെയാണ് ഇന്ത്യയുടെ വിഭജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെത്തുടർന്ന് ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ഉടലെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യനിയമം 1947 എന്ന നിയമമനുസരിച്ചാണ് ഈ വിഭജനം നടന്നത്. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.

ഈ വിഭജനത്തിന്റെ ഫലമായി പുതിയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിൽ കലഹം ഉടലെടുക്കുകയും ഏകദേശം ഒന്നേകാൽ കോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടതായി വരുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം വിവിധ കണക്കുകളനുസരിച്ച് ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെയാണ്.[1] രക്തരൂഷിതമായ ഈ വിഭജനത്തിന്റെ ഫലമായി ഇന്ത്യക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത പരസ്പരശത്രുത ഇന്നും തുടരുന്നു.

ഭൂമിശാസ്ത്രപരമായി, ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ, പഞ്ചാബ് എന്നീ പ്രവിശ്യകളിലാണ് വിഭജനം നടന്നത്. പൂർവ്വബംഗാൾ, പശ്ചിമബംഗാൾ എന്നിങ്ങനെ ബംഗാൾ വിഭജിക്കപ്പെടുകയും പൂർവ്വബംഗാൾ പാകിസ്താനോടും പശ്ചിമബംഗാൾ ഇന്ത്യയോടും ചേർത്തു. (പശ്ചിമബംഗാൾ ഇന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. 1956 മുതൽ കിഴക്കൻ പാകിസ്താൻ എന്ന പേരിലാണ് പൂർവ്വബംഗാൾ അറിയപ്പെട്ടിരുന്നത്. 1971-ൽ പാകിസ്താനിൽ നിന്നും വിഘടിച്ച് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി.) ഇത്തരത്തിൽ പഞ്ചാബ് പ്രവിശ്യയും പൂർവ്വപഞ്ചാബ്, പശ്ചിമപഞ്ചാബ് എന്നിങ്ങനെ വിഭജിക്കുകയും പൂർവ്വപഞ്ചാബ് ഇന്ത്യയുടെയും പശ്ചിമപഞ്ചാബ് പാകിസ്താന്റേയും ഭാഗമാകുകയും ചെയ്തു. (പൂർവ്വപഞ്ചാബ്, ഇന്ത്യയിൽ ഇന്ന് പഞ്ചാബ്, ഹരിയാണ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. ഇന്നത്തെ പാകിസ്താനി പഞ്ചാബ്, ഇസ്ലാമാബാദ് തലസ്ഥാനമേഖല എന്നിവ ഉൾക്കൊള്ളൂന്നതാണ് വിഭജനാനന്തരമുള്ള പശ്ചിമപഞ്ചാബ്.)

ഇന്ത്യൻ സിവിൽ സർവീസ്, ബ്രിട്ടീഷ് ഇന്ത്യൻ സേന, റോയൽ ഇന്ത്യൻ നാവികസേന, ഇന്ത്യൻ റെയിൽവേ, കേന്ദ്രഖജനാവ്, മറ്റു ഭരണവകുപ്പുകൾ എന്നിവയടങ്ങുന്ന ഇന്ത്യാസർക്കാരിന്റെ സ്വത്തുവകകളും പങ്കിടാൻ ഈ വിഭജനക്കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു.

1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യനിയമത്തിൽ ഉൾക്കൊള്ളിക്കാതിരുന്ന മറ്റു നാട്ടുരാജ്യങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം ഇന്ത്യയോടോ പാകിസ്താനോടോ ഒപ്പം ചേരാനോ, സ്വതന്ത്രമായി നിലനിൽക്കാനോ ഉള്ള സ്വാതന്ത്ര്യവും നൽകിയിരുന്നു.[2] എന്നാൽ അതതുരാജ്യങ്ങളിലെ ഭരണാധികാരിയുമായുള്ള കരാർ പ്രകാരം ഇവ കാലക്രമേണ ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ഇത്തരത്തിൽ ഒരു നാട്ടുരാജ്യമായിരുന്ന ജമ്മു കശ്മീരിന്റെ മേലുള്ള അവകാശവാദം വിഭജനത്തിനു തൊട്ടുപിന്നാലെത്തന്നെ ഇന്ത്യയും പാകിസ്താനുമായുള്ള ഒരു യുദ്ധത്തിൽ കലാശിച്ചു. അതിനുശേഷം ഇന്ത്യയും പാകിസ്താനുമായി മറ്റു യുദ്ധങ്ങളൂം സംഘർഷങ്ങളൂം തുടർന്നു.[3] ഇത്തരത്തിലുള്ള 1971-ലെ ഇന്തോ-പാകിസ്താൻ യുദ്ധത്തിന്റേയും ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റേയും ഫലമായാണ് കിഴക്കൻ പാകിസ്താൻ, ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി മാറിയത്. ഇന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾ 1947 ലെ വിഭജനത്തിന്റെ ബാക്കിപത്രമാണ് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

ഉള്ളടക്കം

രാഷ്ട്രീയപശ്ചാത്തലംതിരുത്തുക

ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ വിഭജനം ഒട്ടേറെ ചരിത്രസാഹചര്യങ്ങളുടെ സങ്കീർണ്ണമായ ഒത്തുചേരലിൽ സംഭവിച്ചതാണ്‌. 1905 ൽ കർസൻ പ്രഭുവിന്റെ ഭരണകൂടം, സാമുദായികാടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിച്ചെങ്കിലും ജനകീയപ്രക്ഷോഭത്തെ തുടർന്ന് ആ തീരുമാനം പിൻ‌വലിക്കാൻ അവർ നിർബ്ബന്ധിതരായി. 1947ൽ നടന്ന ഇന്ത്യ-പാക്ക് വിഭജനം ബ്രിട്ടീഷ് മേൽ‌കോയ്മയുടെ അന്ത്യത്തോടനുബന്ധിച്ചു നടന്ന അധികാരക്കൈമാറ്റത്തിന്റെ ഭാഗമായിരുന്നു. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ഏകീകൃതഭാരതം തങ്ങൾക്ക് ഹിതകരമായിരിക്കില്ല എന്നു കരുതിയ ഒരുവിഭാഗം മുസ്ലിങ്ങൾ എടുത്ത നിലപാട് മുഹമ്മദലിയ ജിന്നയുടെ നേതൃത്വത്തിൽ പാകിസ്താൻ എന്ന പുതിയ രാജ്യത്തിന്റെ രൂപീകരണത്തിൽ കലാശിച്ചു.മഹാത്മാഗാന്ധിയും മൗണ്ട് ബാറ്റൺ പ്രഭുവും[അവലംബം ആവശ്യമാണ്] അബുൽ അ‌അ്‌ലാ മൗദൂദിയും ഈ വിഭജനത്തെ ശക്തമായി എതിർത്തിരുന്നു.[4] ഇന്ത്യ വിഭജിക്കപ്പെടാതെ തുടരണമെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ആഗ്രഹം. ജിന്നയുടേയും നെഹ്റുവിന്റേയും സ്വാധീനം അതിനെ മറികടന്നു. അങ്ങനെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള അഭിവാഞ്ജ ഭാരതത്തെ വീണ്ടും വിഭജിക്കുന്നതിനു ഇടയാക്കി. ഗാന്ധിയുടെ ഈ സന്ദർഭത്തിലെ സമീപനമായിരുന്നു അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത് എന്നു കരുതപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംതിരുത്തുക

1935 ൽ സിന്ധ് ഭരണകൂടമാണ് ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.[5] അതുവരെ ഏകരാഷ്ട്രം എന്ന രീതിയിൽ തന്നെ മുന്നോട്ടു പോയിരുന്ന മുഹമ്മദലി ജിന്നയും പിന്നീട് മുസ്ലിമുകൾക്കായി ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്സിനെ സമീപിച്ചു. മുസ്ലിമുകൾ ന്യൂനപക്ഷമായിരുന്നു പ്രദേശങ്ങളിൽ അവർ അനുഭവിച്ചിരുന്ന അവഗണനയും പീഡനങ്ങളും ഈ ആവശ്യത്തിനു ശക്തി വർദ്ധിപ്പിച്ചു.

1932-1942തിരുത്തുക

1940 ലെ മുസ്ലിം ലീഗിന്റെ ലാഹോർ കോൺഗ്രസ്സിൽ വെച്ച് മുഹമ്മദ് അലി ജിന്ന പ്രത്യേക രാഷ്ട്രം എന്ന പ്രമേയം അവതരിപ്പിച്ചു.[6] കക്സാർ തെഹ്രിക്ക് പോലുള്ള മുസ്ലീം സംഘടനകൾ ഈ വിഭജനത്തെ ശക്തിയായി എതിർത്തിരുന്നു.[7] തെഹ്രിക്ക് പാർട്ടിയുടെ നേതാവായിരുന്ന അല്ലാമ മഷ്രിഖിയെപ്പോലുള്ള നേതാക്കളെ വിഭജനത്തെ എതിർത്തു എന്ന കാരണത്തിൽ അറസ്റ്റു ചെയ്തു ജയിലിലടച്ചു.ഹിന്ദുക്കളും, മുസ്ലിങ്ങളും ഐക്യത്തോടെ ഒരു രാജ്യമായി തന്നെ കഴിയുമെന്നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി, അല്ലാമ മഷ്രിഖി തുടങ്ങിയ നേതാക്കൾ വിശ്വസിച്ചിരുന്നത്. ഹിന്ദുക്കൾക്കും, മുസ്ലിമുകൾക്കും വേണ്ടി ഇന്ത്യയെ വിഭജിക്കുക എന്നത് ദൈവനിന്ദയാണെന്ന് മോഹൻദാസ് കരംചന്ദ് ഗാന്ധി പറയുകയുണ്ടായി.[8]

1946 ഓഗസ്റ്റ് 16 നടന്ന കൽക്കട്ട കൂട്ടക്കുരുതിക്കുശേഷം, ഇരുവിഭാഗത്തിലുമുള്ള നേതാക്കൾ ഭാവിയിലുണ്ടായേക്കാവുന്ന ഹിന്ദു-മുസ്ലിം സംഘർഷങ്ങളെ ഓർത്ത് ഭീതിതരായിരുന്നു. കൽക്കട്ട കൂട്ടക്കുരുതിയിൽ ഏതാണ്ട് 5000 ഓളം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.[9] ഇതേതുടർന്ന് വടക്കേ ഇന്ത്യയിലും, ബംഗാളിലും വ്യാപകമായ തോതിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വിഭജനതീരുമാനം വേഗത്തിലാക്കാൻ ഇത്തരം കലാപങ്ങൾ നേതാക്കൾക്കു മുന്നിൽ സമ്മർദ്ദം സൃഷ്ടിച്ചു.[10]

വിഭജനം 1947തിരുത്തുക

മൗണ്ട് ബാറ്റൺ പദ്ധതിതിരുത്തുക

ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ചത് ജൂൺ തേഡ് പ്ലാൻ അഥവാ മൗണ്ട്ബാറ്റൺ പദ്ധതി അനുസരിച്ചാണ്. 1947 ജൂൺ 3 ന് ഒരു പത്രസമ്മേളനത്തിൽ വെച്ച് മൗണ്ട്ബാറ്റൺ പ്രഭുവാണ് ഇത് പ്രഖ്യാപിച്ചത്. ഈ പദ്ധതിയനുസരിച്ച് ഭരണഘടനാ നിർമ്മാണ സമിതിയുടെ പ്രവർത്തനം തുടരും. പക്ഷേ, ഈ സമിതിയുണ്ടാക്കുന്ന ഭരണഘടന അതംഗീകരിക്കാൻ കൂട്ടാക്കാത്ത പ്രദേശങ്ങൾക്ക് ബാധകമായിരിക്കുന്നതല്ല. അതായത് സ്വയംനിർണയാവകാശം തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1947 ആഗസ്ത് 15 ഇതിനകം ഇന്ത്യയുടെ സ്വതന്ത്ര്യദിനമായി തീരുമാനിച്ചിട്ടുമുണ്ടായിരുന്നു.[11] ഇതിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്.[12]

 1. ഇന്ത്യൻ യൂണിയനിൽ നിന്ന് വിട്ടുപോകണമെന്ന് തീരുമനിക്കുന്നവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും.
 2. പഞ്ചാബിലേയും ബംഗാളിലേയും ഹിന്ദുക്കളും മുസ്ലീങ്ങളും വിഭജനത്തിനായി വോട്ട് രേഖപ്പെടുത്തണം. ഭൂരിപക്ഷം വിഭജനത്തിനായി വോട്ട് ചെയ്താൽ അതു നടപ്പാക്കും.
 3. സിന്ധിന് സ്വയം തീരുമാനമെടുക്കാം.
 4. വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ നാട്ടുരാജ്യങ്ങളും ബംഗാളിലെ സിൽഹട്ട് ജില്ലയും ഹിതപരിശോധനയിലൂടെ തീരുമാനമെടുക്കും.
 5. ഇന്ത്യ 1947 ആഗസ്ത് 15 ന് സ്വതന്ത്രമാകും.
 6. ബംഗാളിന്റെ സ്വാതന്ത്ര്യവും യാഥാർത്ഥ്യമാകണം.
 7. പഞ്ചാബ്, ബംഗാൾ, ആസ്സാം എന്നീ പ്രവിശ്യകൾ വിഭജിക്കേണ്ടി വന്നാൽ അതിർത്തി നിർണ്ണയിക്കാൻ സ്വതന്ത്ര്യവും നിഷ്‌പക്ഷവുമായ ഒരു അതിർത്തിനിർണ്ണയക്കമ്മീഷനെ രൂപീകരിക്കുന്നതാണ്.
 8. അധികാരക്കൈമാറ്റം നടന്നുകഴിഞ്ഞാൽ അന്നുമുതൽ നാട്ടുരാജ്യങ്ങളുടെമേൽ ബ്രിട്ടീഷ് ഗവണ്മെന്റിന് അധീശാധികാരം ഉണ്ടായിരിക്കുന്നതല്ല. അവയ്ക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്താനിലോ ചേരാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും.[13]

റാഡ്ക്ലിഫ് രേഖതിരുത്തുക

ഇന്ത്യയേയും പാകിസ്താനേയും വേർതിരിക്കുന്ന അതിർത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുവാൻ വേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനായിരുന്ന സർ.സിറിൾ റാഡ്ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്.[14] അമൃത്സറിലൊഴിച്ച് ബാക്കിയെല്ലാം മുസ്ലിം പ്രാതിനിധ്യമുള്ള പ്രദേശങ്ങളായിരുന്നു. അമൃത്സറിൽ മാത്രം 46.5 ശതമാനം മാത്രമേ മുസ്ലിം സമുദായക്കാരുണ്ടായിരുന്നുള്ളു. പ്രദേശങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുക എന്നത് ശ്രമപ്പെട്ട ജോലിയായിരുന്നു. ഇതിനായാണ് സർക്കാർ അതിർത്തി നിർണ്ണയ കമ്മീഷനെ നിയമിക്കുന്നത്. സർ.സിറിൾ റാഡ്ക്ലിഫ് ആയിരുന്നു കമ്മീഷൻ ചെയർമാൻ. റാഡ്ക്ലിഫ് ഇന്ത്യയിലേക്ക് ആദ്യമായി വരുന്ന ഒരാളായിരുന്നു. അതുകൊണ്ട് തന്നെ നിഷ്പക്ഷമായി കാര്യങ്ങൾ ചെയ്യാനും കഴിയുമെന്ന് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചു. രണ്ട് മുസ്ലീം പ്രതിനിധികളും, രണ്ട് മുസ്ലീമേതര പ്രതിനിധികളും അടങ്ങിയതായിരുന്നു കമ്മീഷൻ. അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട പല തീരുമാനങ്ങളും റാഡ്ക്ലിഫിനു തന്നെ സ്വയം എടുക്കേണ്ടി വന്നു.[15] ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ട രീതിയിൽ ശ്രദ്ധകൊടുക്കാൻ റാഡ്ക്ലിഫ് കമ്മീഷനും കഴിഞ്ഞിരുന്നില്ല. റാഡ്ക്ലിഫ് കമ്മീഷൻ ഇരുവിഭാഗങ്ങളുടേയും ആവശ്യങ്ങൾ ശ്രദ്ധിച്ചില്ല എന്ന പരാതി തുടക്കം മുതലേ ഉണ്ടായിരുന്നു. കമ്മീഷന്റെ തീരുമാനങ്ങൾ അന്തിമമായിരുന്നു.

അതിർത്തി നിശ്ചയിച്ചു കഴിഞ്ഞ ഉടൻ തന്നെ ഇരുവശത്തേക്കും ജനങ്ങൾ പലായനം ആരംഭിച്ചു. പുതിയതായി രൂപം കൊണ്ട സർക്കാരുകൾക്ക് ഇത്ര ഭീമമായ പലായനം കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പലയിടത്തും അക്രമങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. മരണസംഖ്യ വളരെ ഉയർന്നതായിരുന്നു. അഞ്ചുലക്ഷത്തിനും, പത്തു ലക്ഷത്തിനും ഇടക്ക് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നു കണക്കാക്കപ്പെടുന്നു.[16]

പഞ്ചാബ്തിരുത്തുക

പഞ്ചാബിന്റെ കിഴക്ക് ഭാഗം 1947 ൽ ഇന്ത്യയുടെ ഭാഗമായി മാറി. കിഴക്കൻ പഞ്ചാബിൽ ഏറെയും സിഖ് മതസ്ഥരും, ഹിന്ദുക്കളുമായിരുന്നു. മുസ്ലിങ്ങൾ കൂടുതലുള്ള പടിഞ്ഞാറൻ ഭാഗം പുതിയതായി രൂപീകരിക്കപ്പെട്ട പാകിസഥാനിലും ലയിച്ചു. വിഭജനം കഴിഞ്ഞുവെങ്കിലും, കിഴക്കൻ പഞ്ചാബിൽ മുസ്ലിമുകളും, പടിഞ്ഞാറൻ പഞ്ചാബിൽ ഹിന്ദുക്കളും പലായനം ചെയ്യാനാവാതെ ഭീതിയോടെ ജീവിച്ചിരുന്നു.

ലാഹോറും, അമൃത്സറും ആയിരുന്നു ഏറ്റവും പ്രശ്നബാധിതമായ പ്രദേശങ്ങൾ. അതിർത്തി നിർണ്ണയസമയത്ത് ഈ രണ്ടു പ്രദേശങ്ങളും എവിടേക്ക് ഉൾക്കൊള്ളിക്കണമെന്നുള്ള കാര്യത്തിൽ കമ്മീഷന് ആശയക്കുഴപ്പമായിരുന്നു. അവസാനം ലാഹോർ പാകിസ്താന്റെ ഭാഗമായും, അമൃത്സർ ഇന്ത്യയുടെ ഭാഗമായും നിശ്ചയിക്കപ്പെട്ടു. വിഭജനശേഷം, പടിഞ്ഞാറൻ പഞ്ചാബിന്റെ ഭാഗങ്ങളായിരുന്ന ലാഹോർ, റാവൽപിണ്ടി, മുൾട്ടാൻ, തുടങ്ങിയ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന സിഖ് മതസ്ഥർ കൂട്ടമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.[17] അതേപോലെ തന്നെ കിഴക്കൻ പഞ്ചാബിന്റെ പ്രദേശങ്ങളായിരുന്ന ലുധിയാന, ജലന്ധർ എന്നിവിടങ്ങളിൽ വസിച്ചിരുന്ന മുസ്ലിം വംശജരും ആക്രമണത്തിനിരയായി.[18]

ബംഗാൾതിരുത്തുക

ബംഗാൾ പ്രവിശ്യയും വിഭജിക്കപ്പെട്ടു. പശ്ചിമ ബംഗാൾ ഇന്ത്യയോടൊപ്പവും, ഈസ്റ്റ് ബംഗാൾ പാകിസ്താനോടൊപ്പവും ലയിച്ചു.[19] ബംഗാൾ വിഭജനസമയത്ത് വ്യക്തമായ തീരുമാനങ്ങൾ ഇരുഭാഗത്തു നിന്നും രൂപീകരിക്കപ്പെട്ടിരുന്നില്ല. എന്നാലും തൽക്കാലം വിഭജനം നടക്കട്ടെ എന്നും, പിന്നീടു വരുന്ന തർക്ക വിഷയങ്ങൾ ഒരു ട്രൈബ്യൂണലിനെക്കൊണ്ട് അന്വേഷിപ്പിച്ച് പരിഹരിക്കാം എന്നതുമായിരുന്നു ബ്രിട്ടന്റെ നിലപാട്. കാര്യങ്ങൾ വ്യക്തമായി നിർവഹിക്കാൻ കെല്പുള്ള ഒരു ഭരണസംവിധാനം ബംഗാൾ പ്രവിശ്യയുടെ തലപ്പത്ത് ഉണ്ടായിരുന്നുമില്ല. വിഭജനത്തിനുശേഷം ആരായിരിക്കും പുതുതായി രൂപീകരിക്കപ്പെടുന്ന സംസ്ഥാനത്തെ നയിക്കുന്നത് എന്നതിനെച്ചൊല്ലിയും ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു.[20] ഈസ്റ്റ് ബംഗാൾ പിന്നീട് ഈസ്റ്റ് പാകിസ്താൻ എന്നു പേരു മാറ്റി. എന്നാൽ ബംഗാൾ വിമോചന യുദ്ധത്തിലൂടെ ഈസ്റ്റ് പാകിസ്താൻ സ്വതന്ത്രമാവുകയും ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രമായിത്തീരുകയും ചെയ്തു.[21]

സിന്ധ്തിരുത്തുക

സിന്ധ് വംശജരായ ഹിന്ദുക്കൾ വിഭജനത്തിനുശേഷം സിന്ധ് പ്രവിശ്യയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അവിടത്തെ മുസ്ലിമുകളുമായി അവർ നല്ല ബന്ധത്തിലാണ് കഴിഞ്ഞിരുന്നത്. പതിനാല് ലക്ഷത്തോളം വരുന്ന ഹിന്ദുക്കൾ സിന്ധ് പ്രവിശ്യയിൽ വിഭജനകാലത്ത് ജീവിച്ചിരുന്നു. എന്നാൽ വിഭജനത്തെത്തുടർന്നുണ്ടാകാവുന്ന അനിശ്ചിതത്വം മുൻകൂട്ടിക്കണ്ട് പലരും ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് എട്ട് ലക്ഷത്തിനടുത്ത് വരുന്ന ഹിന്ദുക്കൾ സിന്ധ് വിട്ട് ഇന്ത്യയിലേക്ക് വന്നു.[22] സിന്ധ് പ്രവിശ്യ മുഴുവനായി പാകിസ്താന്റെ ഭാഗമായപ്പോൾ ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച സിന്ധ് വംശജരായ ഹിന്ദുക്കൾ ഭവനരഹിതരായി മാറി. സിന്ധിൽ ഇപ്പോഴും ഹിന്ദുക്കൾ ജീവിക്കുന്നുണ്ട്, പാകിസ്താന്റെ 1998 ലെ കാനേഷുമാരി അനുസരിച്ച് ഇവരുടെ എണ്ണം ഇരുപതുലക്ഷത്തോളം വരും.[23]

കാഴ്ചപ്പാടുകൾതിരുത്തുക

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്നും നിലനിൽക്കുന്ന അസ്വസ്ഥതകൾക്കു കാരണം ഈ വിഭജനമായിരുന്നു എന്ന് ചരിത്രകാരന്മാർ കരുതുന്നു. ബ്രിട്ടീഷ് വൈസ്രോയിയും, മൗണ്ട് ബാറ്റണും എല്ലാം ഇന്ത്യാ വിഭജനത്തിന്റെ പേരിൽ ധാരാളം കുറ്റപ്പെടുത്തലുകൾക്ക് ഇരകളായിട്ടുണ്ട്. റാഡ്ക്ലിഫ് രേഖ ഇന്ത്യക്കനുകൂലമായി സൃഷ്ടിച്ചു എന്നതായിരുന്നു ആരോപണങ്ങളിൽ ഒന്ന്.[24] കമ്മീഷൻ വളരെയധികം ശ്രമപ്പെട്ടാണ് അതിർത്തി നിർണ്ണയം നടത്തിയതെങ്കിലും അതിൽ പോരായ്മകളേറെയാണ്. ഭൂമിശാസ്ത്രപരമായി അതിർത്തി നിർണ്ണയിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടുവെങ്കിലും, രാഷ്ട്രീയമായി വിജയിച്ചു എന്നു പറയപ്പെടുന്നു.[25] ഇന്ത്യാ വിഭജനത്തിനായി ബ്രിട്ടൻ കാണിച്ച തിടുക്കമാണ് പ്രശ്നങ്ങൾക്കെല്ലാം ഹേതുവായിത്തീർന്നതെന്നു കരുതുന്ന വിമർശകരും ഉണ്ട്.[26] വിഭജനത്തിനു മുന്നേ തന്നെ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നിരുന്നു, അതുകൊണ്ടു തന്നെ വിഭജനം എന്നത് ഇന്ത്യയുടേയും പാകിസ്താന്റേയും പുതിയ സർക്കാരുകളുടെ ജോലിയായി തീർന്നു. വലിയ തോതിലുള്ള പലായനം മുൻകൂട്ടി കാണുവാൻ കഴിഞ്ഞിരുന്നില്ല. പുതുതായി രൂപീകരിക്കപ്പെട്ട രണ്ടു രാജ്യങ്ങളും നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു ഇത്. ഇരു രാജ്യങ്ങളുടേയും ക്രമസമാധാന സംവിധാനം ആകെ തകർന്നു. കൊള്ളയും കലാപങ്ങളും പടർന്നു പിടിച്ചു. ലക്ഷക്കണക്കിനാളുകൾ മരണമടഞ്ഞു, അത്രത്തോളം തന്നെ ആളുകൾ ആലംബഹീനരായി. കിടപ്പാടവും, അന്നുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു.[27]

ഡൽഹി പഞ്ചാബ് അഭയാർത്ഥികൾതിരുത്തുക

രണ്ടരക്കോടിയോളം ജനങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ട അതിർത്തി കടന്ന് മാതൃരാജ്യത്തേക്ക് പലായനം ചെയ്തു എന്ന് കണക്കുകൾ പറയുന്നു. 1941 ലും 1951 ലും നടന്ന കാനേഷുമാരി അനുസരിച്ചുള്ള കണക്കാണിത്. ഇന്ത്യയിലേക്കുള്ള അഭയാർത്ഥികൾ ഏറെയും വന്നു ചേർന്നത് ഡൽഹിയിലേക്കാണ്. ഡൽഹിയുടെ ജനസംഖ്യ കുതിച്ചുയർന്നു. 1947 ൽ കേവലം പത്തുലക്ഷം മാത്രമുണ്ടായിരുന്ന ഡൽഹിയിലെ ജനസംഖ്യ, 1947-1951 കാലഘട്ടത്തിൽ ഇരുപതുലക്ഷത്തിലേക്കെത്തിച്ചേർന്നു.[28] ഡൽഹിയുടെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം അഭയാർത്ഥികൾ വീടുവെച്ചു താമസിക്കാൻ തുടങ്ങി. സൈനിക താവളങ്ങളിലും, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും എന്നു വേണ്ട തലചായ്ക്കാൻ ഒരിടം എന്നതായിരുന്നു അവർക്ക് പ്രധാനം. താൽക്കാലികമായി ടെന്റുകൾ കെട്ടി താമസിച്ച ഇവർക്കായി പിന്നീട് ഭാരത സർക്കാർ സ്ഥിരമായ താമസസൗകര്യമൊരുക്കിക്കൊടുത്തു. പുതിയ ഒരു ജീവിതം സൃഷ്ടിക്കാൻ ആവശ്യമായതൊക്കെ ഭാരതസർക്കാർ അഭയാർത്ഥികൾക്കായി ചെയ്തുകൊടുത്തു. കച്ചവടം ആരംഭിക്കാൻ പുതിയ വായ്പാ പദ്ധതികൾ, തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസ സൗജന്യങ്ങൾ തുടങ്ങിയവ നൽകി അഭയാർത്ഥികളെ സർക്കാർ സംരക്ഷിച്ചു.[29][30]

അനന്തരഫലങ്ങൾതിരുത്തുക

സ്ത്രീകളുടെ പുനരധിവാസംതിരുത്തുക

ഇന്ത്യാ വിഭജനസമയത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിച്ചത് സ്ത്രീകളായിരുന്നു. 33,000 ഓളം വരുന്ന ഹൈന്ദവ, സിഖ് മതസ്ഥരായ സ്ത്രീകളെ പാകിസ്താൻ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി എന്ന ഇന്ത്യാ സർക്കാർ ആരോപിക്കുമ്പോൾ, തങ്ങളുടെ 50000 ഓളം വരുന്ന മുസ്ലിം സ്ത്രീകളെ എതിർവിഭാഗക്കാരും ഉപദ്രവിച്ചെന്ന് പാകിസ്താൻ പ്രത്യാരോപണം ഉന്നയിക്കുന്നു. 1949 ഓടെ, 12,000 ഓളം വനിതകളെ തിരികെ ഇന്ത്യയിലേക്കും, ആറായിരത്തോളം സ്ത്രീകളെ പാകിസ്താനിലേക്കും കൊണ്ടു വന്ന് പുനരധിവസിപ്പിച്ചു എന്ന് സർക്കാർ കണക്കുകൾ പറയുന്നു.[31] എന്നാൽ തിരിച്ചുചെല്ലുന്ന തങ്ങളെ കുടുംബാംഗങ്ങൾ സ്വീകരിക്കുമോ ഇല്ലയോ എന്ന ഭയത്താൽ കൂടുതലും ഹിന്ദു,സിഖ് മതസ്ഥരായ സ്ത്രീകൾ തിരികെ ഇന്ത്യയിലേക്ക് പോരാൻ തയ്യാറായില്ല. ഇതു തന്നെയായിരന്നു ഇന്ത്യയിൽ അകപ്പെട്ടുപോയ മുസ്ലിം വനിതകളുടെ കാര്യവും.[32]

ഇന്ത്യാ പാകിസ്താൻ ബന്ധംതിരുത്തുക

ഇന്ത്യാ വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒട്ടും സൗഹാർദ്ദപരമായിരുന്നില്ല. കലാപങ്ങളും, യുദ്ധങ്ങളും കൊണ്ട് കലുഷിതമായിരുന്നു അതിർത്തി പ്രദേശങ്ങൾ. ജമ്മൂ-കാശ്മീർ പ്രദേശമായിരുന്നു ഏറ്റവും കൂടുതൽ പ്രശ്നസങ്കീർണ്ണമായിരുന്നത്. മൂന്നു യുദ്ധങ്ങളാണ് ജമ്മു കാശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായത്.

ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947തിരുത്തുക

കശ്മീർ എന്ന നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിൽ 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ഒന്നാം കാശ്മീർ യുദ്ധം എന്നറിയപ്പെടുന്ന 1947-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം. പുതിയ രാജ്യങ്ങൾക്കിടയിൽ നടന്ന ഇന്ത്യാ-പാക് യുദ്ധങ്ങളിൽ ആദ്യ യുദ്ധമായിരുന്നു ഇത്. സ്വാതന്ത്ര്യത്തിനധികം നാൾ കഴിയും മുമ്പേ ഇന്ത്യയിൽ നിന്നും കാശ്മീർ പിടിച്ചടക്കാനായി വസീരിസ്താനിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരെയുപയോഗിച്ച് പാകിസ്താൻ ഇന്ത്യക്ക് നേരേ ആക്രമണം ആരംഭിച്ചതോടെയാണ് യുദ്ധത്തിന്റെ ആരംഭം.[33]. ഈ യുദ്ധത്തിന്റെ ഫലം ഇപ്പോഴും ഇരുരാജ്യങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രതിഫലിക്കുന്നു.

1947 ഒക്ടോബർ 22 ന് പാകിസ്താൻ സേന രാജ്യത്തിന്റെ തെക്ക് കിഴക്കൻഭാഗത്ത് നടന്ന കലാപം അടിച്ചമർത്താനെന്ന വ്യജേന കാശ്മീർ രാജ്യത്തിന്റെ അതിർത്തികടന്നു.[34] പ്രാദേശിക ഗോത്ര വർഗ്ഗക്കാരായ തീവ്രവാദികളും പാകിസ്താൻ സേനയും ശ്രീ നഗർ പിടിച്ചടക്കാനായി നീങ്ങി. പക്ഷേ ഉറിയിൽ എത്തിയപ്പോഴേക്കും അവർക്ക് പ്രതിരോധം നേരിടേണ്ടി വന്നു. കാശ്മീർ രാജാവായിരുന്ന ഹരി സിങ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യയുമായി ലയനരേഖയിൽ ഒപ്പുവെക്കുകയും ചെയ്തു.[34] ബ്രിട്ടീഷ് ഗവണ്മെന്റും പാകിസ്താൻ സേനയുടെ മുന്നേറ്റം തടഞ്ഞു.[34]

ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971തിരുത്തുക

1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘടനമായിരുന്നു ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971. 1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ [35][36], ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു.[37][38]

1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന ഈ യുദ്ധം ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1971 ഡിസംബർ 3-ന് ഇന്ത്യൻ എയർബേസുകളെ പാകിസ്താൻ ആക്രമിച്ചതോടെ പ്രാരംഭം കുറിച്ച ഈ യുദ്ധം വെറും 13 ദിവസം മാത്രമാണ് നീണ്ടു നിന്നത്. ഓപ്പറേഷൻ ചങ്കിസ് ഖാൻ എന്നറിയപ്പെട്ട ഈ യുദ്ധത്തിൽ ഇന്ത്യ പാക് സൈന്യങ്ങൾ പ്രധാനമായും ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ആണ് ഏറ്റുമുട്ടിയത്. 1971 ഡിസംബർ 16-ന് കിഴക്കൻ പാകിസ്താനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്താന്റെ കിഴക്കൻ സൈന്യനേതൃത്വം ഒപ്പുവച്ച "ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ" എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാകിസ്താൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി. ഈ യുദ്ധത്തിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകൾ പാകിസ്താൻ സൈനികരാൽ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു. യുദ്ധത്തിനിടെ 8 മുതൽ 10 ദശലക്ഷം വരെ അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കുടിയേറി.[11]

കാർഗിൽ യുദ്ധoതിരുത്തുക

പ്രധാന ലേഖനം: കാർഗിൽ യുദ്ധം

കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം(൧), എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്താൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താൻ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി.ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.

സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയർന്ന മലനിരകൾ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. ‌രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മർദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങൾക്കായി ഏറെ പണം ചിലവിടാൻ തുടങ്ങി, പാകിസ്താനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടർന്ന് 1999 ഒക്ടോബർ 12-നു പാകിസ്താൻ പട്ടാളമേധാവി പർവേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

അവലംബംതിരുത്തുക

 • എസ്.എം., ഇക്രാം (1992). ഇന്ത്യൻ മുസ്ലിംസ് ആന്റ് പാർട്ടീഷൻ ഓഫ് ഇന്ത്യ. അറ്റ്ലാന്റിക് പബ്ലിഷേഴ്സ്. ISBN 978-8171563746.
 • ലതീഫ് അഹമ്മദ്, ഷെർവാണി (1989). പാർട്ടീഷൻ ഓഫ് ഇന്ത്യാ ആന്റ് മൗണ്ട് ബാറ്റൺ. അറ്റ്ലാന്റിക് പബ്ലിഷേഴ്സ്.
 1. ബാർബറ, മെറ്റ്കാഫ്. എ കോൺസൈസ് ഹിസ്റ്ററി ഓഫ് മോഡേൺ ഇന്ത്യ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 222. ISBN 978-1107026490. Unknown parameter |coauthors= ignored (|author= suggested) (help)
 2. "ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്-1947". യു.കെ.സർക്കാർ(നാഷണൽ ആർക്കൈവ്).
 3. അലസ്റ്റർ ലാമ്പ് കാശ്മീർ: എ ഡിസ്പ്യൂട്ടഡ് ലെഗസി, 1846-1990, റോക്സ്ഫോർഡ് ബുക്സ് 1991, ISBN 0-907129-06-4
 4. പാർട്ടീഷൻ ഓഫ് ഇന്ത്യാ & മൗണ്ട് ബാറ്റൺ - ഷെർവാണി പുറങ്ങൾ 8-12
 5. "പാർട്ടീഷൻ ഓഫ് ഇന്ത്യ". മാർട്ടിൻ ഫ്രോസ്റ്റ്. ശേഖരിച്ചത്: 2013 ജൂലൈ 16.
 6. ഫ്രാൻസീസ്, റോബിൻസൺ (1997). "ദ മുസ്ലിംസ് ആന്റ് പാർട്ടീഷൻ". ഹിസ്റ്ററി ടുഡേ.
 7. "എ ഡിസ്റ്റോർട്ടഡ് ഹിസ്റ്ററി" (PDF). അല്ലാമ മഷ്രിഖിയുടെ ഔദ്യോഗിക വെബ് വിലാസം. ശേഖരിച്ചത്: 2013 ജൂലൈ 17.
 8. എറിക്.ഒ, ഹാൻസൺ (2006). റിലീജയൻ ആന്റ് പൊളിറ്റിക്സ് ഇൻ ദ ഇന്റർനാഷണൽ സിസ്റ്റം ടുഡേ. കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്. p. 200. ISBN 978-0521617819.
 9. ബറോസ്, ഫ്രെഡറിക് (1946). റിപ്പോർട്ട് ടു വൈസ്രോയ് ലോർഡ് വേവൽ. ദ ബ്രിട്ടീഷ് ലൈബ്രറി IOR: L/P&J/8/655 f.f. 95, 96–107.
 10. സെൻഗുപ്ത, ദെബ്ജാനി (2006). എ സിറ്റി ഫീഡിംഗ് ഓൺ ഇറ്റ്സെൽഫ്: ടെസ്റ്റിമോണീസ് ആന്റ് ഹിസ്റ്ററീസ് ഓഫ് ഡയറക്ട് ആക്ഷൻ ഡേ. സാരായി റീഡർ.
 11. 11.0 11.1 ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ. ഡി.സി. ബുക്സ്. 2009. ISBN 978-81-264-2335-4. Unknown parameter |coauthors= ignored (|author= suggested) (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 12. "ജൂൺ തേഡ് പ്ലാൻ". സ്റ്റോറിഓഫ് പാകിസ്താൻ. 2013 ജൂലൈ 16.
 13. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഡി.സി. ബുക്സ്. 1976. ISBN 81-713-0093-6. Unknown parameter |coauthors= ignored (|author= suggested) (help)
 14. ആന്റണി, റീഡ് (1999). ദ പ്രൗഡസ്റ്റ് ഡേ, ഇന്ത്യാസ് ലോങ് റോഡ് ടു ഇൻഡിപെൻഡൻസ്. നോർട്ടൺ&കമ്പനി. p. 482. Unknown parameter |coauthors= ignored (|author= suggested) (help)
 15. ലൂസി, ചെസ്റ്റർ. "ദ 1947 പാർട്ടീഷൻ". നോർത്ത് കരോളിന സർവ്വകലാശാല.
 16. "ഇന്ത്യാ-പാകിസ്താൻ വിഭജനകാലത്തെ മരണനിരക്ക്". നെക്രോമെട്രിക്സ്. ശേഖരിച്ചത്: 2013 ജൂലൈ 16.
 17. "പാർട്ടീഷൻ ഓഫ് പഞ്ചാബ്". സിഖ് ഹിസ്റ്ററി. ശേഖരിച്ചത്: 2013 ജൂലൈ 16.
 18. "ദ പാരഡോക്സ് ഓഫ് പാർട്ടീഷൻ വയലൻസ് ഇൻ പഞ്ചാബ്". അക്കാദമിയ. ശേഖരിച്ചത്: 2013 ജൂലൈ 16.
 19. ജോയ, ചാറ്റർജി (1994). ബംഗാൾ ഡിവൈഡഡ്- ഹിന്ദു കമ്മ്യൂണലിസം ആന്റ് പാർട്ടീഷൻ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. ISBN 0-521-41128-9.
 20. ജോയ, ചാറ്റർജി. സ്പോയിൽ ഓഫ് പാർട്ടീഷൻ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 23. ISBN 978-0521515276.
 21. "വാർ ഓഫ് ലിബറേഷൻ". ബംഗ്ലാപീഡിയ. ശേഖരിച്ചത്: 2013 ജൂലൈ 16.
 22. മാർക്കോവിറ്റ്സ്, ക്ലോഡ്. ദ ഗ്ലോബൽ വേൾഡ് ഓഫ് ഇന്ത്യൻ മർച്ചന്റ്സ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 278. ISBN 0-521-62285-9.
 23. "പോപ്പുലേഷൻ ഓഫ് ഹിന്ദൂസ് ഇൻ ദ വേൾഡ്". പാകിസ്താൻഹിന്ദുകൗൺസിൽ.
 24. "പാർട്ടീഷനിംഗ് ഇന്ത്യ ഓവർ ലഞ്ച്". ബി.ബി.സി. 2007 ഓഗസ്റ്റ് 10.
 25. ലൂസി, ചെസ്റ്റർ. "ദ 1947 പാർട്ടീഷൻ". നോർത്ത് കരോളിന സർവ്വകലാശാല. ശേഖരിച്ചത്: 2013 ജൂലൈ 16.
 26. സ്റ്റാൻലി, വോൾപെർട്ട് (2006). ഷെയിംഫുൾ ഫ്ലൈറ്റ്- ലാസ്റ്റ് ഇയേഴ്സ് ഓഫ് ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ. ഓക്സ്ഫോഡ് സർവ്വകലാശാല പ്രസ്സ്. ISBN 0-19-515198-4.
 27. റിച്ചാർഡ്, സിമൺസ്. ദ മേക്കിംഗ് ഓഫ് പാകിസ്താൻ. പാകിസ്താൻ സർക്കാർ. p. 74.
 28. "കാനേഷുമാരി (1941-1951)". ആഭ്യന്തര മന്ത്രാലയം (ഭാരത സർക്കാർ).
 29. സിൻസ് 1947 പാർട്ടീഷൻ നരേറ്റീവ്സ് എമംങ് ദ പഞ്ചാബി മൈഗ്രേന്റ്സ് ഓഫ് ഡൽഹി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. ISBN 978-0-19-568377-6.
 30. ഗ്യാനേന്ദ്ര, പാണ്ഡേ (2002). റിമംബറിംഗ് പാർട്ടീഷൻ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 120-125. ISBN 978-0521002509.
 31. കമല, വിശ്വേശരൻ. പെർസ്പെക്ടീവ് ഓൺ മോഡേൺ സൗത്ത് ഏഷ്യ. വില്ലി&ബ്ലാക്ക്വെൽ. p. 123. ISBN 978-1-4051-0063-2.
 32. വിശാഖ കുമാരി, ജയവർധനെ (1996). എംബോഡീഡി വയലൻസ്. കാലിഫോർവിമെൻ. ISBN 1-85649-447-0.
 33. "അണ്ടർസ്റ്റാന്റിംഗ് സപ്പോർട്ട് ഫോർ ഇസ്ലാമിസ്റ്റ് മിലിട്ടൻസി ഇൻ പാകിസ്താൻ" (PDF). പ്രിൻസസ്ടൺ സർവ്വകലാശാല.
 34. 34.0 34.1 34.2 മരിൻ, സ്റ്റീവ് (2011). അലക്സാണ്ടർ മിഖാബെരി, ed. കോൺഫ്ലിക്ട് ആന്റ് കോൺക്വസ്റ്റ് ഇൻ ഇസ്ലാമിക് വേൾഡ്: എ ഹിസ്റ്റോറിക്കൽ എൻസൈക്ലോപീഡിയ, വോള്യം 1. എ.ബി.സി. p. 394. ISBN 978-1598843361.
 35. "ജനറൽ ടിക്കാ ഖാൻ, 87; 'ബുച്ചർ ഓഫ് ബംഗാൾ' ലെഡ് പാകിസ്താനി ആർമി". ലോസ്ഏഞ്ചൽസ് ടൈംസ്. 2002 മാർച്ച് 30. ശേഖരിച്ചത്: 2010 ഏപ്രിൽ 11.
 36. കോഹെൻ, സ്റ്റീഫൻ (2004). ദ ഐഡിയ ഓഫ് പാകിസ്താൻ. ബ്രൂക്കിംഗ് ഇൻസ്റ്റിറ്റ്യൂഷൻ പ്രസ്സ്. p. 382. ISBN 978-0-8157-1502-3.
 37. "ദ വേൾഡ് ഇന്ത്യ- ഈസി വിക്ടറി, അൺഈസി പീസ്". ടൈം(മാസിക). 1971-‍ഡിസംബർ-27. Check date values in: |date= (help)
 38. "വേൾ‍ഡ്സ് ഷോർട്ടസ്റ്റ് വാർ ലാസ്റ്റസ് ഒൺലി 45 മിനുട്ട്സ്". പ്രവ്ദ. 2007-മാർച്ച്-10. Check date values in: |date= (help)


"https://ml.wikipedia.org/w/index.php?title=ഇന്ത്യയുടെ_വിഭജനം&oldid=3095384" എന്ന താളിൽനിന്ന് ശേഖരിച്ചത്